truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Opposition

Opinion

മതേതര കക്ഷികളേ,
എവിടെയാണ്​?

മതേതര കക്ഷികളേ, നിങ്ങൾ എവിടെയാണ്​?

നമ്മുടെ ഭരണഘടനാ തത്വങ്ങൾ ഓരോന്നായി ചാമ്പലാക്കപ്പെടുമ്പോൾ, നീതിപീഠത്തിന്റെ വേരുകൾ പോലും കരളുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണവ്യവസ്ഥയുടെ അടിത്തറ പരിപാലിക്കുമെന്നു നാം പ്രതീക്ഷിക്കുന്ന മതേതരപ്പാർട്ടികൾ ഇപ്പോഴെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു വരാത്തത്?

12 Mar 2022, 10:17 AM

അശോകകുമാർ വി.

ജനായത്തവും മതേതരത്വവും അനുദിനം ചോർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ, ഈ രണ്ടു മൂല്യങ്ങളും ഇവിടെ നിലനിൽക്കണമെന്നും, പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും ഏറെയാണെങ്കിലും, രാജ്യത്ത് സമാധാനമാണ് ഇതിലെല്ലാം വലുത് എന്നറിയുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന അടിത്തട്ടു ജനസമൂഹം ആ​ഗ്രഹിക്കുന്നത്, എല്ലാ ജനായത്ത-മതേതരപ്പാർട്ടികളും ഐക്യപ്പെട്ട് മതാധിഷ്ഠിത രാഷ്ട്രീയത്തെയും മതവിദ്വേഷത്തെയും ചെറുക്കണമെന്നാണ്. എന്നാൽ, അതിനായി കേന്ദ്രഭരണത്തിനു പുറത്തുള്ള ഒരൊറ്റ പാർട്ടിയും ആത്മാർത്ഥമായി ശ്രമിക്കുന്നില്ല എന്നതാണ് മതാത്മക രാഷ്ട്രീയത്തിന്റെ ക്ഷിപ്ര വ്യാപനത്തേക്കാൾ നമ്മെ ആകുലരാക്കുന്നത്.

1976 വരെ വിദൂരതയിലുണ്ടായിരുന്ന ഹിന്ദുത്വവാദമെന്ന പുകയുന്ന കനൽത്തരി, അടുത്തേക്കു വന്നുവന്നു നിഷ്കളങ്ക ഹൃദയങ്ങളിലെല്ലാം തീക്കാറ്റു വിതച്ചു, നമ്മുടെ കാഴ്ചകളെയാകെ വെറുപ്പിന്റെ പുകപടലങ്ങളാൽ വികൃതമാക്കി, ജനായത്തമൂല്യങ്ങളെ അമ്പേ നിഷേധിക്കുന്ന മത- ഏകാധിപത്യവാദികളാക്കി അതിദ്രുതം മാറ്റിക്കൊണ്ടിരിക്കുമ്പോൾ, എന്തുകൊണ്ടാണ് മതേതര കക്ഷികൾ അഖിലേന്ത്യാതലത്തിൽ ഇനിയും ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാത്തത്? നമ്മുടെ ഭരണഘടനാ തത്വങ്ങൾ ഓരോന്നായി ചാമ്പലാക്കപ്പെടുമ്പോൾ, നീതിപീഠത്തിന്റെ വേരുകൾ പോലും കരളുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണവ്യവസ്ഥയുടെ അടിത്തറ പരിപാലിക്കുമെന്നു നാം പ്രതീക്ഷിക്കുന്ന മതേതരപ്പാർട്ടികൾ ഇപ്പോഴെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു വരാത്തത്?

Hindutva
Photo : Screenshot, TRT World.

അതുകൊണ്ട് സമൂഹത്തെ പലതട്ടായി ചിതറിത്തെറിപ്പിക്കുന്ന മതരാഷ്ട്രവാദത്തിന്റെ ​ഹീനതന്ത്രങ്ങൾക്കൊപ്പം വിമർശിക്കപ്പെടേണ്ടതാണ് അതിനെ എതിർക്കുന്നവരുടെ പ്രതിനിധികളാണ് തങ്ങളെന്നു പറയുന്ന മതേതരപ്പാർട്ടികളുടെ നിരുത്തരവാദപരവും ജനഹിതം മാനിക്കാത്തതുമായ അനൈക്യം. ജനായത്ത- മതേതര ഇന്ത്യയുടെ സംരക്ഷണത്തേക്കാൾ വലുതായി എന്തുതരം താല്പര്യങ്ങളാണ് പ്രതിപക്ഷപ്പാർട്ടികളെ ചിന്നിച്ചിതറിച്ചു നിർത്തുന്നത്? ഇത്രയൊക്കെയായിട്ടും അവരവരുടെ അധികാരക്കോട്ടകൾ സംരക്ഷിക്കുക, കോട്ട പിടിച്ചെടുത്തവരിൽ നിന്നും ആയതു തിരിച്ചുപിടിക്കുക എന്ന ഏക ലക്ഷ്യമല്ലാതെ മറ്റെന്താണ്, കേന്ദ്രവിരുദ്ധരെന്നു ആണയിടുന്നവരെ ഒന്നിപ്പിക്കുന്ന ഒരേയൊരു ഘടകം? യഥാർത്ഥത്തിൽ ജനതയെ അമ്പേ നിരാശരും പരാജിതരുമാക്കുന്നതു ഭരണഘടനാ സത്യപ്രതി‍ജ്ഞചെയ്തിട്ട്, അതു തരിമ്പും മാനിക്കാതെ സമുദായസൗഹാർദ്ദത്തിന്റെ കഴുത്തു ഞെരിക്കുന്നവരല്ല, പ്രതിപക്ഷപ്പാർട്ടികളേ, നിങ്ങളാണ്; . കാരണം ഇപ്പോഴും നിങ്ങളലിലല്ലാതെ മറ്റെന്തിലാണ് ഇന്ത്യയുടെ ജനായത്ത പ്രതീക്ഷ?

ലോകത്തിൽ അത്രയേറെ ജനങ്ങൾ വസിക്കുന്നതും ഏറ്റവും വൈവിധ്യസമ്പൂർണവുമായ ഒരു രാഷ്ട്രത്തെ, ജനായത്തത്തിന്റെ എക്കാലത്തെയും ലോകോത്തര മാതൃകകളായ ​ഗാന്ധിജി, അംബേദ്ക്കർ, നെഹ്രു എന്നീ നേതൃമതികളുടെ ഭൂമിയെ അരക്ഷിതത്വത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യ ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും അത്യപകടകരമായ കാപട്യത്തിന്റെയും പൊള്ളയായ വാ​ഗ്ധോരണിയുടെയും അപമാനകരമായ മരുപ്പറമ്പാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മതേതരത്വത്തെ പ്രതി പുളകം കൊള്ളുന്നുവെന്നവകാശപ്പെടുന്ന പ്രതിപക്ഷകക്ഷികൾക്കു ഒഴിഞ്ഞു മാറാനാകില്ല. കാരണം ഭരണഘടനാ മൂല്യങ്ങൾ കൈയൊഴിഞ്ഞുകൊണ്ടു അധികാരത്തിനു മുൻതൂക്കം നൽകുന്ന നിങ്ങളുടെ രാഷ്ട്രീയനയമാണ് മതകേന്ദ്രിത രാഷ്ട്രീയത്തിന്റെ കൈവെള്ളയിലേക്കു ഇന്ത്യയെ എത്തിച്ചു കൊടുത്തത്. അതിനു നാന്ദി കുറിച്ചത് അടിയന്തരാവസ്ഥയായിരുന്നു. ജനായത്തത്തെ തൽക്കാലം മാറ്റിവെച്ചു അധികാരകേന്ദ്രീകരണത്തിലൂടെ രാഷ്ട്രത്തെ സമൃദ്ധമാക്കാമെന്ന അപകടകരമായ വിഡ്ഢിത്തം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പിലാക്കിയ ആ വർഷങ്ങളിലാണ്, ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയ ശക്തികൾ പ്രതിനായക സ്ഥാനത്തുനിന്നും, പയ്യെപ്പയ്യെ നായകപദവിയിലേക്കു വളർത്തപ്പെടുന്നത്. അടിയന്തിരാവസ്ഥയിൽ മതേതര കക്ഷികൾക്കൊപ്പം അവരും ഭരണകൂടത്താൽ ജയിലിലാക്കപ്പെട്ടപ്പോൾ, അതവർക്ക് പാർലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങാൻ മാന്യതയുടെയും രാഷ്ട്രസ്നേഹത്തിന്റെയും മുഖുംമൂടി തുന്നിക്കൊടുത്തു. അടിയന്തിരാവസ്ഥക്കു ശേഷമുള്ള ജനതാതരം​ഗത്തിൽ, അങ്ങനെ സ്വതന്ത്രയിന്ത്യയിൽ അവർ ഭരണത്തിലേക്കു ആദ്യമായി ചുവടുവെയ്ക്കുകയും, അവരിൽ ചിലരെ മികച്ച പാർലമെന്റേറിയന്മാരെന്നു നമ്മെക്കൊണ്ട് പുകഴ്ത്തിപ്പിക്കുകയും ചെയ്തു. 

Congress
Photo : Fb Page, Inidian National Congress.

അടിയന്തരാവസ്ഥക്കു ശേഷം വന്ന കോൺ​ഗ്രസ് ഇതര ഭരണത്തിലെല്ലാം നാം കണ്ടത്, കോൺ​ഗ്രസിനെ പോലെ തന്നെ അധികാരത്തിൽ ആസക്തമായി മുന്നണി ഐക്യത്തെ തകർക്കുന്ന മതേതര പാർട്ടികളെയും അതിൽതന്നെ ഞാൻ മുന്നേ, ഞാൻ മുന്നേ എന്നു മത്സരിക്കുന്ന നേതാക്കളെയുമാണ്. അധികാരത്തിന്റെ അനിയന്ത്രിതമായ ആസക്തി ജനായത്തത്തിന്റെ ചുവരുകൾക്കേൽപ്പിച്ച ഈ കനത്ത വിള്ളലുകളിലൂടെ മതരാഷ്ട്രവാദികൾ മതേതര​ഭാവനയിലേക്കു സസുഖം കയറിപ്പറ്റി, അവിടെ അശാന്തിയുടെ അണുക്കളായി പെരുകുകയായിരുന്നു. അധികാര കേന്ദ്രീകരണത്തിന്റെ അടിയന്തിരാവസ്ഥാ ഭീതിയെ മറികടക്കാൻ വേണ്ടി സമാഹരിച്ച മതേതരക്കൂട്ടായ്മകളുടെയെല്ലാം തോളിൽക്കയറി, 1992 ആയപ്പോൾ മസ്ജിദ്-മന്ദിർ പ്രശ്നമുയർത്തി മതരാഷ്ട്രവാദികൾക്കു സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാന സാമൂഹ്യലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കാനായി. പിന്നീടിങ്ങോട്ടു ഇപ്പോൾ വരെ, നമ്മുടെ മൗലികമായ വെല്ലുവിളി പട്ടിണിയോ, ശിശുമരണമോ, ചേരികളിലേക്കുള്ള തൊഴിൽ രഹിത ​ഗ്രാമങ്ങളുടെ ​ഗത്യന്തരമില്ലാത്ത പലായനമോ കുടിവെള്ളത്തിനു മൈലുകൾ താണ്ടുന്ന അമ്മമാരോ കൃഷിക്കാരുടെ സ്വയംഹത്യകളോ ഒന്നുമല്ലാതായി. പകരം, ഇന്ത്യക്കു  രാഷ്ട്രീയമെന്നാൽ ദൈവങ്ങളും ക്ഷേത്രങ്ങളും പള്ളികളും വിവാഹവിലക്കുകളും കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും കൊലയും ചുട്ടെരിക്കലുമായി, ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇതിലൊക്കെ കെട്ടിമറയാൻ എല്ലാവരും അറിയാതെ തന്നെ നിർബന്ധിതരായി.

ALSO READ

അഞ്ച്​ തെരഞ്ഞെടുപ്പു ഫലങ്ങൾ, ചില വിപൽ സൂചനകൾ

മതേതര ഭാരതത്തിലെ പൗരസമൂഹത്തിനു ഒന്നാമത്തെ അജണ്ട, വ്യാജമായി എവിടെ നിന്നൊക്കയോ ആരൊക്കെയോ ചേർന്നു സമൂഹത്തിലേക്കു കെട്ടിയിറക്കിയ മതബിംബങ്ങളായിത്തീർന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു, എന്റെ മതം നേരിടുന്ന ഭീഷണിയായി എന്റെ രാഷ്ട്രീയം. അതോടെ അധികാരമാണ് ജനായത്തത്തിലെ പരമമായ ലക്ഷ്യമെന്നു അറുപതാണ്ടുകൾ കൊണ്ടു അനുശീലിച്ചുപോയ എല്ലാ മതേതര പ്രസ്ഥാനങ്ങളെയും കടത്തിവെട്ടി, അങ്ങനെയെങ്കിൽ അധികാരാർജ്ജനത്തിനു മതത്തേക്കാൾ ഉതകുന്നതായി ഇഹത്തിലും പരത്തിലും മറ്റൊന്നുമില്ലെന്നു മതവാദരാഷ്ട്രീയം ജനാധിപത്യത്തിനകത്തു നിന്നുകൊണ്ട് പരിഹാസപൂർവ്വം നമ്മെ ബോധ്യപ്പെടുത്തുകയാണിന്ന്.

Masjid
ബാബറി മസ്ജിദ്. / Photo : Wikimedia Commons

എന്നിട്ടും മതേതരപ്പാർട്ടികൾ ഇന്ത്യ ഒരു മതേതരരാഷ്ട്രമായി നിലകൊള്ളുന്നതിനു വേണ്ടി രാജ്യമാസകലം സുശക്തമായ ഐക്യനിര മതരാഷ്ട്രീയത്തിനെതിരെ കെട്ടിപ്പടുക്കുന്നില്ല. കാരണം അധികാരം എന്ന ഹ്രസ്വമായ ലക്ഷ്യം അവരെ വിഴുങ്ങിയിരിക്കുന്നു. അതുകൊണ്ട് കേരളത്തിൽ ഇടതുപാർട്ടികളും കോൺ​ഗ്രസും ഒന്നിക്കുന്നില്ല. ബം​ഗാളിലാകട്ടെ ഇടതുപാർട്ടികളും കോൺ​ഗ്രസും തൃണമൂലിനെ ഒന്നാംശത്രുവായി പോരാടുന്നു. യു.പി.യിൽ കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദിയും മൂന്നുതട്ടിലാണ്. പ‍ഞ്ചാബിൽ എ.എ.പി, കോൺ​ഗ്രസ് എന്നിവർ വേറിട്ടുനിൽക്കുന്നു. സംസ്ഥാനതലത്തിൽ ഒറ്റയ്ക്കൊറ്റക്കു സീറ്റു നേടുക എന്നതിനപ്പുറം മതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ മതേതര വോട്ടുകളെ സമാഹരിക്കണമെന്ന ദേശീയ താല്പര്യം ഇവർക്കാർക്കും തന്നെ മുൻ​ഗണനയിലില്ല. എന്നിട്ടും ഇവർ പറയുന്നത് തങ്ങൾ ഇന്ത്യയുടെ മതേതരത്വം കാത്തുരക്ഷിക്കാൻ കച്ചകെട്ടിയിരിക്കുന്നു എന്നാണ്. ഭൂരിപക്ഷവും ഹിന്ദുക്കളുള്ള രാജ്യത്ത് മതേതരവോട്ടുകളെ ഏകോപിപ്പിക്കാതെ എങ്ങനെയാണ് മതരാഷ്ട്രീയത്തെ ചെറുക്കാനാവുക? അപ്പോൾ രാഷ്ട്രത്തിന്റെ മതേതര ജനായത്ത ഭാവിയേക്കാൾ ഈ കക്ഷികളെല്ലാം തന്നെ വിലമതിക്കുന്നത് അവരവരുടെ അധികാരം കരസ്ഥമാക്കൽ മാത്രമാണ്. ഇതാണ് കഴിഞ്ഞ മൂന്നുദശാബ്ദമായി ഭൂരിപക്ഷ വർ​ഗ്​ഗീയത രാജ്യമാസകലം വളരുന്നതിനുള്ള ഒന്നാമത്തെ കാരണം. മതേതരകക്ഷികൾക്കു അവരുടെ വോട്ടുകൾ ഏകോപിപ്പിക്കാൻ അധികാരഭ്രാന്ത് അനുവദിക്കുന്നില്ലെങ്കിൽ, പിന്നെ വർ​ഗ്​ഗീയത ആളിക്കത്തിച്ചു മതഭൂരിപക്ഷത്തെ വോട്ടുബാങ്കാക്കുക എത്രയോ എളുപ്പമാണ്. അധികാരത്തിനപ്പുറമല്ല തങ്ങൾക്കു മതേതരത്വവും ജനായത്തവുമെന്നു മതേതര പാർട്ടികൾ പരോക്ഷമായി അറിയിച്ചുകൊണ്ടിരിക്കുന്നതിനാൽ, അങ്ങനെയെങ്കിൽ അധികാരത്തിലേക്കുള്ള ഏറ്റവും സു​ഗമമായ വഴി ഹിന്ദുവോട്ട് കളിക്കുകയാണെന്നു  മതരാഷ്ട്രീയം എന്നേ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരമെന്ന തൽക്ഷണ ലക്ഷ്യത്തെ കളയാത്തിടത്തോളം ലോകത്തിലെ ഏറ്റവും വലിയ ജനായത്തരാഷ്ട്രം ഭരണഘടനയിൽ മാത്രം മതേതരത്വവും ജനായത്തവുമുള്ളയായി ഫലത്തിൽ പരിണമിക്കും. 

ALSO READ

കോടതിക്കുപുറത്തെ 'വിചാരണ'യൊച്ചകള്‍

എന്തുകൊണ്ട് അധികാരാസക്തി?

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കാൻ ആവാത്തവിധം അധികാരലഹരിയ്ക്കു മതേതരപ്പാർട്ടികൾ അടിമപ്പെട്ടുപോകുന്നതിന് അവരെ തന്നെ പഴിചാരുന്നത് എളുപ്പമാണെങ്കിലും അവരെയെല്ലാം ഒന്നടങ്കം പ്രതിരോധമില്ലാതെ അധികാരരോ​ഗികളാക്കുന്നതിൽ ആധുനിക ജനായത്ത ഘടനയുടെ പങ്കും പരിശോധിക്കപ്പെടേണ്ടതുണ്ട്. ലിബറൽ ഡെമോക്രസിയുടെ ആത്മാവ് തന്നെ മതാധിപത്യത്തിനു എതിരായിട്ടും, എന്തുകൊണ്ട് അത്തരം പാർട്ടികൾ പരസ്പരം ചേർന്നുനിൽക്കാതെ അധികാരശരീരികൾ മാത്രമായി തമ്മിലകലുന്നുവെന്നത് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു.

"അധികാരം കൊയ്യണമാദ്യം നാം 
അതിനുമേലാകട്ടെ പൊന്നാര്യൻ."

എന്ന് ഇടശ്ശേരി എഴുതിയതു പോലെ ഭരണാധികാരം കൈക്കലാക്കലാണ് മറ്റെന്തിലും വലുതെന്ന ശീലം ലിബറൽ ജനാധിപത്യയുദ്ധത്തിന്റെ അവിഭാജ്യതയാണ്. അധികാരം ഒന്നാമത്, അതുകിട്ടിയാൽ പിന്നീട് സ്വർണ്ണം പോലും കൊയ്തെടുക്കാം. അധാകാരമുണ്ടെങ്കിലേ സുവർണ്ണസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനാവൂ എന്നത് ജനാധിപത്യത്തിന്റെ ആദ്യത്തെ പ്രലോഭനമത്രേ. അധികാരക്കൊയ്ത്തിനുള്ള പോരാട്ടമാണ് ആധുനിക ജനാധിപത്യം. അത് ആന,തേര്,കാലാൾ,കുതിര ഇത്യാദികളോടെയുള്ള യുദ്ധത്തിന്റെ പുതിയ പതിപ്പെന്നവിധം നമ്മെ ഒരേസമയം അതിന്റെ പങ്കാളികളും കാഴ്ചക്കാരും ഇരകളുമാക്കി മാറ്റുന്നു. യുദ്ധത്തിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലും ഒരു നല്ല വെടിക്കെട്ടു കാണുന്ന പോലെ യുദ്ധം ആസ്വദിക്കുന്നതിലെ രസവും ചേർന്നു ഇരയുടെ എല്ലാവിധ പീഡനങ്ങളെയും അതു മായ്ചുകളയുന്നു. ഇപ്രകാരം  ആധുനിക ജനാധിപത്യം സദാ യുദ്ധ സാഹസികതയിലെ യൗവ്വനത്തിളപ്പും പ്രായത്തെ അതിജീവിച്ചു ആഹ്ലാദം നിറയ്ക്കുന്ന ഉത്സവക്കാഴ്ചയുമാണ്. കസേരകളി പോലെ, അധികാരത്തിൽ ഇരിക്കാനായി മണിയടിയ്ക്കൊത്തുള്ള സരസമായ വട്ടംചുറ്റൽ അതിൽ തന്നെ ഒരാനന്ദമാകുകയും, കാണികളെയും കൂടി അധികാരത്തിന്റെ ആജീവനാന്ത ഫാൻസുകളാക്കിത്തീർക്കുകയും ചെയ്യുന്നു. അതായത് പാശ്ചാത്യ ജനായത്ത വ്യവസ്ഥയുടെ മർമ്മം അധികാരലബ്ധിയാണ്. അതിൽ പങ്കാളികളാകുന്ന ഓരോ വ്യക്തിയും സമൂഹവും പാർട്ടിയും അധികാരത്തിന്റെ കാന്തവലയത്തിൽപ്പെട്ട് കേന്ദ്രത്തിലേക്ക് ഒട്ടിച്ചേരുന്നു. അധികാരശ്രേണിയുടെ ആരാധകരായിത്തീരുന്നു. അധികാര​ദേവതയെ തൃപ്തിപ്പെടുത്താൻ ഏതുമൂല്യങ്ങളെയും ഹോമിക്കാൻ തയ്യാറാകുന്നവരാണ് ആധുനിക ജനായത്ത സമൂഹം. 

Budha
Photo : Unsplash

എന്നാൽ പാശ്ചാത്യ കോളനിവിരുദ്ധവും അടിത്തട്ടിൽ നിന്നും പിറവിയെടുക്കുന്നതുമായ ജനായത്തമാകട്ടെ അധികാരത്തേക്കാൾ മാനവികമൂല്യങ്ങൾക്കു മുൻതൂക്കം നൽകുന്നതാണ്.  ‘ഫ്രഞ്ചുവിപ്ലവത്തിൽ നിന്നല്ല പകരം തന്റെ ​ഗുരുനാഥനായ ബു​ദ്ധനിൽ നിന്നാണ് ജനായത്ത മൂല്യങ്ങൾ താൻ ഇന്ത്യൻ ഭരണഘടനയിലേക്കു സ്വീകരിച്ച'തെന്നു അംബേദ്ക്കർ പറഞ്ഞതിന്റെ അർത്ഥമിതാണ്. അധികാര വിരുദ്ധമായ അടിത്തട്ടു ജനായത്തമാണ് ബുദ്ധമാർ​ഗ്​ഗം. അത് മൂല്യങ്ങൾകൊണ്ട് അധികാരവ്യവസ്ഥയെ തന്നെ പരിവർത്തിപ്പിക്കുന്ന അടിത്തട്ടു ജീവിതശൈലിയാണ്. അതുകൊണ്ടാണ് മാതം​ഗിയെന്ന ചണ്ഡാലയുവതിയെ സന്ന്യാസ സമൂ​ഹത്തിൽ ചേർത്തതിനെ രാജാവ് ചോദ്യം ചെയ്തപ്പോൾ, "അജ്ജാതി രക്തത്തിലുണ്ടോ, അസ്ഥിമജ്ജയിതുകളിലുണ്ടോ" എന്നു ചോദിച്ചുകൊണ്ട്  ബുദ്ധൻ രാജാവിനെ തിരുത്തുന്നത്. പാശ്ചാത്യ ജനാധിപത്യത്തിന്റെ അധികാരോന്മുഖത വരുത്തി വെയ്ക്കുന്ന  അപകടങ്ങളെ, അടിത്തട്ടു ജനായത്തത്തിന്റെ എക്കാലത്തെയും വക്താവായ ​ഗാന്ധിജിയും അക്കാലത്തെ കോൺ​ഗ്രസ് നേതാക്കളും  മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് അധികാരം നേടലിൽ ഊന്നിയ കോൺ​ഗ്രസിന്റെ പ്രവർത്തനരീതിയും ഘടനയും അഴിച്ചു പണിക്കു വിധേയമാക്കണം എന്ന ചർച്ച 1940 കളിൽ കോൺ​ഗ്രസിൽ തന്നെ സജീവമായി വന്നത്. എന്നാൽ കോൺ​ഗ്രസിനു മാത്രമല്ല, അതിൽ നിന്നും പൊട്ടിമുളച്ച ഇന്ത്യൻ സോഷ്യലിസ്റ്റു പാർട്ടികൾക്കും പാശ്ചാത്യ ജനായത്തത്തിന്റെ  അടിത്തറ തന്നെയായ അധികാരോന്മുഖ രാഷ്ട്രീയ പ്രവർത്തനത്തെ വേണ്ടവിധം വിമർശിക്കുവാനോ അതിനെ മറികടക്കുവാനോ സാധിച്ചില്ല. പാശ്ചാത്യ ഫാസിസ്റ്റു പ്രത്യയശാസ്ത്രങ്ങളിൽ നിന്ന്​ രക്തവും മാംസവും സ്വീകരിച്ചു രൂപീകൃതമായ ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിനാകട്ടെ അധികാരമല്ലാതെ മറ്റൊരു ദൈവത്തെ സങ്കല്പിക്കേണ്ട ആവശ്യവുമില്ല. ഫ്ര‍ഞ്ചുവിപ്ലവത്തിന്റെ തുടർച്ചയായി വന്ന ഇടതു പ്രസ്ഥാനങ്ങളും "അധികാരം കൊയ്യണമാദ്യം നാം" എന്നതിൽ രണ്ടഭിപ്രായമില്ലാത്തവരാണ്.  ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകുന്ന പ്രാദേശികപ്പാർട്ടികൾക്കും അധികാരം തന്നെയാണ് ജീവവായു. അങ്ങനെ അധികാരത്തിന്റെ ശ്രീകോവിൽ കീഴടക്കാനുള്ള ഏകോന്മുഖമായ വ്യ​ഗ്രതയുടെ ഇരകളായി, സ്വയം രക്ഷപ്പെടാൻ പറ്റാത്തവരായി നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ മാറിയിരിക്കുന്നു. എന്നിട്ടും അധികാരത്തിന്റെ ഈ നീർച്ചുഴിയെ  ജനാധിപത്യത്തിന്റെ സർവ്വസാധാരണത്വമായി അവരും നമ്മളും മാനിക്കുകയും ചെയ്യുന്നു. 

Emergency
അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് ഇന്ത്യന്‍ ഹെറാള്‍ഡില്‍ വന്ന വാര്‍ത്ത. 

അധികാരാസക്തിയെ അതേ നാണയത്തിൽ അധികാരാസക്തികൊണ്ട് തറപറ്റിക്കാനാവില്ല എന്നാണ് ആധുനിക ഇന്ത്യാചരിത്രം നമ്മോടു പറയുന്നത്. അധികാരം ഭദ്രമാക്കുന്നതിനുവേണ്ടി അടിയന്തിരാവസ്ഥ മുതൽ കോൺ​ഗ്രസ് നടത്തിയ പലവിധ മൂല്യവ്യതിയാനങ്ങളിൽ പറ്റിപ്പിടിച്ചാണ്  ഹിന്ദുത്വാധികാരം ഇവിടെ പ്രബലമായതെങ്കിൽ, ഇപ്പോൾ അതേ ഹിന്ദുത്വാധികാരത്തോട് അധികാരലബ്ധിക്കുവേണ്ടി മല്ലിടുന്നതിനായി, ഇത്രകാലം ഉയർത്തിപ്പിടിച്ച ജനായത്ത മൂല്യങ്ങളേറെയും ഒന്നൊന്നായി വിട്ടുകളയേണ്ട ​ഗതികേടിലേക്കു മതേതരകക്ഷികൾ എത്തപ്പെട്ടിരിക്കുകയാണ്. ശബരിമല വിഷയത്തിൽ യു.ഡി.എഫ്. നേരിട്ടും എൽ.ഡി.എഫ് മറഞ്ഞും എത്തിച്ചേർന്നത് ഹിന്ദുത്വ അജണ്ടയുടെ വടക്കുപുറത്തു തന്നെയാണല്ലോ.  എന്നാൽ മതേതരപ്പാർട്ടികളുടെ ജനകീയാടിത്തറയാകട്ടെ അധികാരകൊയ്ത്തിലൂടെയെന്നതിനേക്കാൾ, അതിനെ ധിക്കരിച്ചുകൊണ്ട് അടിത്തട്ടു സമൂഹത്തിന്റെ ഭാ​ഗമായി ജനായത്തമൂല്യങ്ങളെ പ്രാവർത്തികമാക്കിയതിൽ നിന്നും പടുത്തതാണ്.

സ്വാതന്ത്ര്യസമരവും ജാതിവിരുദ്ധപ്പോരാട്ടവും ഭൂപരിഷ്കരണവുമെല്ലാം അധികാരത്തെ ആദർശമാക്കാത്ത അടിത്തട്ടുജനായത്ത മാർ​ഗ്​ഗങ്ങളത്രേ. അതുകൊണ്ടു അധികാരം എന്ന സങ്കുചിത ലക്ഷ്യത്തെ മാത്രം ആരാധിക്കുന്നിടത്തോളം ജനായത്ത മൂല്യങ്ങളെ മുറുകെ പിടിക്കാൻ നമുക്കു സാധ്യമല്ല. എന്നാൽ ഹിന്ദുത്വരാഷ്ട്രീയത്തിനാകട്ടെ അധികാരത്തിനപ്പുറം മറ്റൊരു ആകാശവും ഭൂമിയുമില്ലാത്തതിനാൽ, ഏതു ടിക്കറ്റിൽ ജയിച്ചു വരുന്നവരെയും ഏതു കോടതിയെയും തങ്ങളുടെ ഭാ​ഗമാക്കുന്നതിൽ വിജയിക്കാൻ സാധിക്കുന്നു; ഏതുവിധ തന്ത്രങ്ങളും പയറ്റിത്തെളിയാനും കഴിയുന്നു. അതുകൊണ്ട് മതരാഷ്ട്രീയത്തിന്റെ ഇന്ത്യൻ വാഴ്ച അധികാരത്തെ പരമോന്നതലക്ഷ്യമായി കുടിയിരുത്തുന്ന പാശ്ചാത്യ മേൽത്തട്ടു ജനാധിപത്യത്തിന്റെ പരാജയത്തെയാണ് വിളംബരം ചെയ്യുന്നത്. 

ഇന്ത്യയിൽ മാത്രമല്ല മുൻ കോളനി രാഷ്ട്രങ്ങളിലെല്ലാം, മുകൾത്തട്ടിൽ നിന്നും താഴേക്കിറക്കിയ അധികാരോന്മുഖമായ ലിബറൽ ജനാധിപത്യം, കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകൊണ്ട് പുറംമിനുക്കങ്ങളെല്ലാം നഷ്ടപ്പെട്ട്, അതിന്റെ സ്വാഭാവിക പരിണതിയെന്ന നിലയിൽ മതം,വംശം, എന്നിങ്ങനെയുള്ള വ്യാജസ്വത്വങ്ങളെ സ്വയംവരിച്ചു ഏകാധിപത്യപരമായി നിലംപതിച്ചിരിക്കുകയാണിന്ന്. അധികാരാസക്ത മുകൾത്തട്ടു ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പാശ്ചാത്യലോകത്താകട്ടെ, അതുപിടിച്ചു നില്ക്കുന്നത് മുൻകോളനികളെ ഇന്നും വ്യാപാരവാണിജ്യാദികളിലൂടെയും മറ്റും സാമ്പത്തികമായും  സാംസ്കാരികമായും അടിമയാക്കി നിർത്തുന്നതിലൂടെ സമാഹരിക്കുന്ന ക്ഷേമപ്രവർത്തനങ്ങളിലൂടെ മാത്രമാണ്. പാശ്ചാത്യ ജനാധിപത്യം അധികാരോന്മുഖമാകാൻ കാരണം അതിന്റെ ഉത്ഭവം അവിടെ മൂലധനത്തിന്റെ വളർച്ചയുമായി കെട്ടുപിണഞ്ഞിരിക്കുന്നു എന്നതിനാലാത്രേ. മൂലധനത്തിന്റെ സ്വൈര്യവിഹാരം ഉറപ്പുവരുത്തണമെങ്കിൽ ജനായത്ത മൂല്യങ്ങളേക്കാൾ പ്രധാനം അധികാരലബ്ധിയാണ്. അമേരിക്ക ഒരേ സമയം ജനായത്തത്തെയും മൂലധനത്തെയും സേവിക്കുന്നുണ്ടെങ്കിലും മൂലധനത്തിന്റെ നിർവിഘ്നമായ സമാഹരണത്തിനായി ആ രാജ്യം ജനായത്തത്തെ അപ്പപ്പോൾ ഉപേക്ഷിച്ച് അധികാരത്തിനു മുൻതൂക്കമുള്ള ഏകാധിപതികളെ ഇതര രാജ്യങ്ങളിൽ  വാഴിക്കുന്നതു കാണാം. ഇപ്രകാരം മൂലധനം എല്ലാ വിലക്കുകളെയും ലംഘിച്ചു കേന്ദ്രീകരിക്കുന്ന ഇക്കാലത്ത്  അതിനുതകുന്ന വിധം ആ​ഗോളതലത്തിൽ അധികാരോന്മാദികളായ ഭരണവർ​ഗ്​ഗങ്ങളെ സൃഷ്ടിക്കുന്നതിൽ പാശ്ചാത്യ ജനാധിപത്യം അനവരതം പ്രയത്നിക്കുന്നുണ്ട്. ഇന്ത്യയിലും 1992 മുതൽ വന്ന സ്വകാര്യവൽക്കരണ സാമ്പത്തികനയങ്ങളും ഹിന്ദുത്വാധികാരത്തിന്റെ വളർച്ചയും ജനായത്തത്തിന്റെ പിന്മടക്കവും ഒരേ വേ​ഗത്തിൽ സംഭവിക്കുന്നവയാണ്. അധികാരമെന്നത് മൂലധനമോഹികളായ മേൽത്തട്ടു സമൂഹത്തിന്റെ ആജന്മാസക്തിയാണ്. അതിന്റെ മേലാണ് കോളനിവാഴ്ചയോടെ ഉരുത്തിരിഞ്ഞ പാശ്ചാത്യ ലിബറൽ ജനാധിപത്യം പടുത്തുയർത്തിയിരിക്കുന്നത്. 

Nehru
മഹാത്​മാഗാന്ധി, ഡോ. ബി.ആർ. അംബേദ്​കർ, ജവഹർലാൽ നെഹ്​റു

ഇന്ത്യയിൽ അധികാരവിരുദ്ധമായ അടിത്തട്ടു ജനായത്ത മൂല്യങ്ങൾ പുനരാവിഷ്കൃതമായ കോളനി വിരുദ്ധസമരത്തിൽ ഇന്ത്യൻ മേൽത്തട്ടുസമൂ​ഹങ്ങൾക്കു അവർ അനുഭവിച്ചുവന്നിരുന്ന മതാധിഷ്ഠിത അധികാരങ്ങളെ വിട്ടുകൊടുക്കേണ്ടിവന്നു. അതിന്റെ പ്രതികാരമെന്ന വിധത്തിൽ ജനായത്തത്തെ തച്ചുതകർക്കുന്നതും മതത്തെയും രാഷ്ട്രത്തെയും ഒന്നാക്കി തീർക്കുന്നതുമായ ഫാസിസ്റ്റ് ആശയങ്ങളുടെ‍ മൂശയെ അവർ കോളനിയജമാനരാജ്യങ്ങളിൽ നിന്നും കടം വാങ്ങുകയും അതിലേക്കു മേൽത്തട്ടു ഹിന്ദുത്വത്തിന്റെ ആധുനിക അധികാര രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കുകയും ചെയ്തു. അതിനാൽ അംബേദ്ക്കറും ​ഗാന്ധിജിയും നെ​ഹ്രുവുമെല്ലാം ആഴത്തിൽ ഉൾക്കൊണ്ട അടിത്തട്ടു ജനായത്ത മൂല്യങ്ങളെ പുനരാനയിക്കാതെ ഇന്ത്യയെ മതേതര ജനായത്തരാഷ്ട്രമാക്കി നിലനിർത്തുക സാധ്യമല്ല. അടിത്തട്ടു ജനായത്തമെന്നത് ലോകത്താകമാനമുള്ള, പ്രത്യേകിച്ചും മുൻകോളനി നാടുകളിലെ, വീട്ടമ്മമാരും ദലിതരും സ്ത്രീകളും ആദിവാസികളും കൈവേലക്കാരും അടിമകളും കുട്ടികളുമെല്ലാം ഉൾപ്പെടുന്ന കൂലിയതീതവേല ചെയ്യുന്നവരുടെ മൂല്യബോധത്തിന്റെ രാഷ്ട്രീയപ്രകാശനമാണ്. അഹിംസയും സത്യാ​ഗ്രഹവും താൻ പഠിച്ചത് തന്റെ അമ്മയിൽ നിന്നും വീട്ടിലെ പെണ്ണുങ്ങളിൽ നിന്നുമാണെന്നു ​ഗാന്ധിജി പറഞ്ഞതോർക്കുക. അധികാരാസക്തി തീണ്ടാത്ത കൂലിയതീതവേല ചെയ്യുന്ന അടിത്തട്ടു സമൂഹങ്ങൾക്കു മാത്രമേ സമത്വം,സ്വാതന്ത്ര്യം, സാ​ഹോദര്യം എന്നീ ജനായത്ത മൂല്യങ്ങളെ ഉൽപാദിപ്പിക്കുവാനും പുലർത്തുവാനും സാധിക്കൂ.

"ബസവപ്പൻ എന്ന സ്വർണ നാണയം" എന്ന അനുഭവകഥയിൽ ​ഗുരു നിത്യചൈതന്യയതി, അദ്ദേഹത്തിനു വിശന്നുവലഞ്ഞ വേളയിൽ റെയിൽവേ സ്റ്റേഷനിൽ കണ്ട, അദ്ദേഹത്തിന്റെ പെട്ടിചുമന്ന പറ്റെ ദരിദ്രനായ ഒരു പയ്യൻ, നിറഞ്ഞ സ്നേഹത്തെടെ ഭക്ഷണം വാങ്ങിക്കൊടുത്തത് ഓർക്കുന്നുണ്ട്. മാനുഷികമൂല്യങ്ങളുടെ എക്കാലത്തെയും ഉൽപാദകർ അധികാരത്തിനും മൂലധനത്തിനും കീഴ്പ്പെട്ട മേൽത്തട്ടുകാരല്ല. ആനന്ദഭിക്ഷുവിന്റെ കാലടികളെ പിൻപറ്റി ബുദ്ധശ്രമത്തിലെത്തിച്ചേർന്ന, ചാമർജാതിക്കാരിയായ കൂലിയതീതവേലചെയ്തു സമൂഹത്തെ പോറ്റുന്നവളായ മാതം​ഗിയാണ് സ്ത്രീ,സന്ന്യാസം എന്നിവയെപ്പറ്റി പര്യാലോചന ചെയ്യാൻ ബുദ്ധനു പ്രേരണയാകുന്നത്. ഇന്ത്യയിൽ രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ സാമൂഹിക സമത്വം സ്ഥാപിക്കപ്പെടണമെന്നു പറഞ്ഞ അംബേദ്ക്കറും അടിത്തട്ടുജനതയുടെ ജനായത്തമൂല്യത്തിന്റെ ആധുനിക പ്രതീകമത്രേ. അതിനാൽ മേൽത്തട്ടു ജനാധിപത്യത്തിന്റെ സഹജഭാവമായ ആധികാരാസക്തിയിൽ നിന്നും കർക്കശമായി മതേതരകക്ഷികൾ വിടചൊല്ലിയാലേ അവർക്കു മതരാഷ്ട്രത്തിന്റെ ജനായത്ത വിരുദ്ധതയെ ഇന്ത്യൻ സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻകഴിയൂ.

മതേതര ജനായത്തമൂല്യങ്ങൾക്കു അധികാരത്തേക്കാൾ സ്ഥാനം കൊടുക്കുന്ന അടിത്തട്ടു ജനായത്തത്തോട് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ താദാത്മ്യപ്പെടുമ്പോൾ മാത്രമേ അവർക്കിടയിൽ സുദൃഢമായ ഐക്യം മതരാഷ്ട്രീയത്തിനെതിരെ സാധ്യമാകൂ. അതിനവർക്കു കഴിയണമെങ്കിൽ രാഷ്ട്രക്ഷേമത്തെ പാടേ അവ​ഗണിച്ചു ദേശീവിദേശീ മൂലധനത്തെ പരിപോഷിപ്പിക്കുന്ന സാമ്പത്തികനയങ്ങളോടും വിമർശനാത്മകമായി നിലകൊള്ളുകയും വേണം. എന്നാൽ അധികാരത്തെ ഹൃദയകേന്ദ്രത്തിൽ നിന്നും പറിച്ചെറിയാൻ പറ്റാത്തതിനാൽ ഹിന്ദുത്വരാഷ്ട്രീയത്തോടു കിടപിടിക്കുന്നവിധം തങ്ങളും ആ​ഗോള മൂലധനത്തിന്റെ ദാസരാണെന്നു വിനയപൂർവ്വം അറിയിക്കുന്നതിന്റെ തിരക്കിലാണ് നമ്മുടെ മതേതരപ്പാർട്ടികളും. അതുകൊണ്ട് അടിത്തട്ടു ജനായത്തത്തെ വീണ്ടെടുക്കണമെങ്കിൽ മൂലധന കേന്ദ്രീകരണത്തെ തടയുന്ന അടിത്തട്ടിൽ നിന്നുള്ള സാമ്പത്തികശാസ്ത്ര പൊളിച്ചെഴുത്തുകളും അനിവാര്യമാണ്.

  • Tags
  • #Opinion
  • #National Politics
  • #Priyanka Gandhi
  • #Rahul Gandhi
  • #Akhilesh Yadav
  • #Asokakumar V.
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Vijoo-Krishnan.jpg

National Politics

Truecopy Webzine

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും- വിജൂ കൃഷ്ണന്‍

Aug 01, 2022

3 Minutes Read

TN Prathapan

National Politics

Truecopy Webzine

‘ദിവസം കിട്ടുന്ന 2000 രൂപ അലവന്‍സ് വാങ്ങാനല്ല ഞങ്ങള്‍ പാര്‍ലമെന്റില്‍ പോകുന്നത്'

Aug 01, 2022

2 minutes Read

 Banner_5.jpg

Education

പി.കെ. തിലക്

അക്കാദമിക പിന്‍ബലം നഷ്ടപ്പെടുന്ന സ്കൂള്‍ വിദ്യാഭ്യാസം

Jul 28, 2022

10 Minutes Read

 Droupati-Murmu-KR-Narayanan.jpg

National Politics

പി.ബി. ജിജീഷ്

ദ്രൗപദി മുര്‍മു രാഷ്ട്രപതിപദവിയേറുമ്പോള്‍ കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

Jul 28, 2022

13 minutes Read

 1x1_10.jpg

Politics

Truecopy Webzine

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരു നെഗറ്റീവ് രാഷ്ട്രീയമാണ്

Jul 16, 2022

3 Minutes Read

Unparlimentary words

Opinion

ഡോ. എ. സമ്പത്ത്​

പാര്‍ലമെന്‍റും അണ്‍പാര്‍ലമെന്‍ററിയാകുമോ?

Jul 15, 2022

5 Minutes Read

Cartoonist Gopikrishnan

Opinion

പി.എന്‍.ഗോപീകൃഷ്ണന്‍

മാ ഗോപീകൃഷ്ണാ

Jul 15, 2022

10 Minutes Read

Prithviraj in Kaduva

Opinion

ഡോ.എ.കെ. അബ്​ദുൽ ഹക്കീം

പൃഥ്വീരാജിന്റെ മാപ്പുകൊണ്ട്​ തീരുമോ ‘കടുവ’ ഉയർത്തിയ വിഷയം?

Jul 12, 2022

5 Minutes Read

Next Article

പട: കാല്‍ നൂറ്റാണ്ടിനിപ്പുറം ഒരു തുടര്‍ ആക്ഷന്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster