അസമിൽ പൗരത്വ നിർണയം വൈകുന്നതിനുപുറകിൽ ഒരു രാഷ്ട്രീയമുണ്ട്

കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എൻ.ആർ. സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആർക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാത്തത്? കോവിഡ് കാലം കഴിഞ്ഞാലുടൻ 2019 ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് ആവർത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണം എന്താണ്?

ന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാന രേഖകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകൃതമായിട്ട് ഒരു വർഷത്തിലേറെയായി. 2019 ആഗസ്ത് 31നാണ് പട്ടിക പുറത്തുവന്നത്. സ്വാഭാവികമായും അടുത്ത നടപടി പൗരത്വ കാർഡ് വിതരണം ചെയ്യലാണ്. എന്നാൽ നാളിതുവരെ ഒരു വ്യക്തിയെപ്പോലും ഇന്ത്യൻ പൗരനായി പ്രഖ്യാപിച്ചതായോ പൗരത്വ തിരിച്ചറിയൽ കാർഡ് നൽകിയതായോ അറിയില്ല.

പട്ടികക്കുപുറത്തായ ആർക്കും ‘നിങ്ങൾ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ല' എന്നു വ്യക്തമാക്കുന്ന നോട്ടീസ് നൽകിയിട്ടില്ല. അങ്ങനെ കാര്യകാരണ സഹിതമുള്ള ഉത്തരവ് കിട്ടിയാലേ, അവർക്ക് അതിനെതിരെ ഫോറിനേഴ്സ് ട്രിബ്യൂണലിനേയോ, ഹൈക്കോടതിയേയോ സമീപിക്കാൻ കഴിയൂ. അവിടെയെല്ലാം അപ്പീൽ നിരസിക്കപ്പെട്ടാൽ മാത്രമേ ആത്യന്തികമായി അയാൾ ഇന്ത്യൻ പൗരനല്ലാതാകൂ.

ഈ പരാതികൾ പരിഗണിക്കുന്നതിന് 221 ഫോറിനേഴ്സ് ട്രിബ്യൂണലുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതിലേക്ക് 1600 ജീവനക്കാരെ നിയമിക്കാൻ നടപടി പൂർത്തിയാക്കി. പക്ഷേ, ഇതുവരെ നിയമനം നടത്തിയിട്ടില്ല. റിക്രൂട്ട്മെന്റ് നടത്തിയശേഷം നിയമനം നൽകാത്തതിനെതിരെ അവർ സമരത്തിലാണ്. ഒരു വർഷം കൊണ്ട് ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ല എന്നാണ് അതിനർത്ഥം. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എൻ.ആർ.സിക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആർക്കും ഇതുവരെ പൗരത്വം സ്ഥിരീകരിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാത്തത്?

സിവിക്ക് ദേശീയതയിൽ നിന്ന് എത്നിക് ദേശീയതയിലേക്ക്

ഗവണ്മെന്റുകളും കോടതിയും, നമ്മുടെ സംവിധാനങ്ങളാകെയും നിഷ്‌ക്രിയരാണ് ഇക്കാര്യത്തിൽ. അസം നിയമസഭയിൽ വച്ച കണക്കനുസരിച്ച് കഴിഞ്ഞ ഏഴുവർഷത്തിനിടെ 1,37,149 വിദേശികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചവരുടെ എണ്ണം 219 മാത്രമാണ്. സ്വാഭാവികമായും ‘കോടിക്കണക്കിന്' ‘വിദേശികൾ' അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് പറയപ്പെടുന്ന അസമിൽ ഇത് നിരാശാജനകമായ കണക്കാണ്.

എന്നിട്ടും എന്തുകൊണ്ടാണ് എൻ.ആർ.സിയിൽ തുടർനടപടി ഉണ്ടാകാതെ പോകുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതിയിലാകെ ആഴത്തിൽ വേരോടിയ വംശീയ-വർഗീയ-വിദ്വേഷ-പ്രത്യയശാസ്ത്രം മറനീക്കി പുറത്തുവരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ ആശയതലത്തിൽ തന്നെ സിവിക്ക് ദേശീയതയിൽ നിന്ന് എത്​നിക്​ ദേശീയതയിലേക്കുള്ള ചുവടുവെപ്പിന്റെ ആധാരശിലയാണ്. അതായത് മാനവികനാഗരികതയുടെ അടിസ്ഥാനത്തിൽ, ജാതി-മത-ഭാഷ-വംശീയ-വർഗഭേദങ്ങൾക്കപ്പുറം രാഷ്ട്രത്തെ നിർവചിക്കുന്ന അതിരുകൾക്കകത്ത് തുല്യ പൗരത്വം എന്ന സങ്കൽപ്പത്തിൽ നിന്നുള്ള മാറ്റം. ഒരു ദേശത്ത് ജനിച്ചവർ അവിടുത്തെ പൗരരാണ് എന്ന കാഴ്ചപ്പാടിൽ നിന്നുള്ള മാറ്റം. പകരം വംശീയതയുടെയും പിന്തുടർച്ചയുടെയും അടിസ്ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന പ്രതിലോമദർശനത്തിലേക്കുള്ള മാറ്റം.

ഇന്ത്യ സ്വതന്ത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രശിൽപികൾ ഉയർത്തിപ്പിടിച്ചത് സിവിക് ദേശീയതയാണ്. ഇന്ത്യയുടെ മണ്ണിൽ ജനിച്ചവരെ ഇന്ത്യൻ പൗരരായിട്ടാണ് കണക്കാക്കിയത്. അതാണ് എല്ലാ ആധുനിക ജനാധിപത്യ സമൂഹങ്ങളും സ്വീകരിച്ചുപോരുന്ന മാനദണ്ഡവും. കാരണം പൗരത്വം എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങൾക്കുള്ള അവകാശമാണ്. രാഷ്ട്രം ഉറപ്പുനൽകുന്ന മൗലികമായ അവകാശങ്ങൾ ഒരാൾക്ക് ലഭിക്കുക, അയാൾ അവിടുത്തെ പൗരനാകുമ്പോഴാണ്. അത്തരം അവകാശമുള്ളപ്പോൾ മാത്രമാണ് മനുഷ്യരായി അന്തസ്സോടെ ജീവിക്കാൻ കഴിയൂ. ജന്മം കൊണ്ട് പൗരത്വം ലഭിക്കുക എന്നത് അതുകൊണ്ടുതന്നെ അടിസ്ഥാന മനുഷ്യാവകാശമാണ്. തങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം ജനനം എന്ന ആകസ്മികത മൂലം അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം അനീതിയാണെന്ന കാര്യത്തിൽ തർക്കമില്ലല്ലോ.

ഉന്നതമായ ഈ ചിന്താധാര പിൻപറ്റിയതുകൊണ്ട്, പൗരത്വത്തെ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. നിർവചിക്കേണ്ടതുണ്ട് എന്നു നമ്മുടെ പാർലമെന്റിനു തോന്നുന്നതുതന്നെ 1956-ൽ മാത്രമാണ്. അന്നാണ് ഒരു പൗരത്വനിയമം വരുന്നത്. അത് സിവിക്ക് ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടാണ് അപരവത്കരണത്തിന്റെ, വിദ്വേഷത്തിന്റെ, വംശീയതയുടെ ഒക്കെ ബോധ്യങ്ങൾ നമ്മുടെ പൗരത്വ സങ്കൽപ്പങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയത്. അതിന്റെ മനഃസാക്ഷിയെ നടുക്കുന്ന രൂപഭാവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരിടം അസം ആയിരുന്നു.

അതിർത്തികടന്നെത്തുന്നവർ, വിദേശികൾ, അനധികൃത കുടിയേറ്റക്കാർ, ഇവരൊക്കെ പെരുകി തദ്ദേശീയരുടെ അവസരങ്ങളും അവകാശങ്ങളും സമ്പത്തും തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. തൊഴിലില്ലായ്മയിൽ, ഭരണകൂടങ്ങളുടെ കാര്യക്ഷമതയില്ലായ്മയിൽ, ദാരിദ്ര്യത്തിൽ, നാടിന്റെ ദുരവസ്ഥയിൽ, അക്ഷമരായി കഴിഞ്ഞ ജനങ്ങളുടെ അതൃപ്തിയത്രയും അനധികൃത കുടിയേറ്റക്കാർ എന്ന അപരരിലേക്ക് വഴി തിരിച്ചുവിടുന്നതിൽ രാഷ്ട്രീയ നേതൃത്വവും മത്സരിച്ചു. അത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. വികാരങ്ങളെ ഇളക്കിവിടുക മാത്രമേ ചെയ്യേണ്ടു. വംശവിശുദ്ധിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രത്തെ നിർവചിക്കുന്ന വെറുപ്പിന്റെ ദർശനം പ്രമാണമായി സ്വീകരിച്ചവർക്ക് അതൊരു അവസരം കൂടിയായി. അങ്ങനെയാണ് രണ്ടാം ലോക മഹായുദ്ധതിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആസൂത്രിത മനുഷ്യക്കുരുതിക്ക് 1983-ൽ അസം സാക്ഷ്യം വഹിക്കുന്നത്.

പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്ക്

അസമിലെ ബംഗാളി മുസ്‌ലിംകൾക്കെതിരെ അരങ്ങേറിയ ആസൂത്രിത വംശഹത്യയാണ് നെല്ലി കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. മൂവായിരത്തോളം പേരാണ് ഔദ്യോഗിക കണക്കുപ്രകാരം വധിക്കപ്പെട്ടത്. അനൗദ്യോഗിക കണക്കുകൾ പറയുന്നത് പതിനായിരത്തിലേറെ ജീവനുകൾ അന്ന് പൊലിഞ്ഞു എന്നാണ്. ഈ കലാപത്തിന് തൊട്ടുമുന്നേയുള്ള ദിവസങ്ങളിൽ സംഘപരിവാരത്തിന്റെ ‘മൃദുമുഖ'മായ അടൽ ബിഹാരി വാജ്‌പേയി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നടത്തിയ വിദ്വേഷ പ്രചാരണംഞെട്ടിപ്പിക്കുന്നതാണ്. ആസു എന്നറിയപ്പെടുന്ന ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ (AASU) ആയിരുന്നു അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയത്.

1985-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇതിനൊരു പരിഹാരം എന്ന നിലയിൽ അസം ഉടമ്പടി വരുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യ ഒരു രാഷ്ട്രേതര ശക്തിയുമായി ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടിയാവും ഇത്. അങ്ങനെ ഇന്ത്യയുടെ പൗരത്വ നിയമം പൊളിച്ചെഴുതുവാനും പിറന്ന മണ്ണിന്റെ അടിസ്ഥാനത്തിൽ പൗരത്വം എന്ന സങ്കൽപ്പത്തിൽ നിന്നും മാറി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർണയിക്കാനും തീരുമാനിച്ചു.

പൗരത്വ നിയമഭേദഗതി നിലവിൽ വന്ന 1987 ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കളിലൊരാൾ ഇന്ത്യൻ പൗരനായിരിക്കണം എന്നു വന്നു. അസമിൽ ഇത് 1971 മാർച്ച് 25 മുതലായിരുന്നു. സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ച ദിനം മുതൽ. ഇതുപ്രകാരം ഇന്ത്യൻ പൗരന്മാരെ കണ്ടെത്തി ദേശീയ പൗരത്വ രജിസ്റ്റർ രൂപീകരിച്ച് ‘വിദേശികളെ' പുറത്താക്കുക എന്നതായിരുന്നു ആസുവിന്റെ ആവശ്യം.

ഏകദേശം മൂന്നരക്കോടി ജനസംഖ്യയുള്ള അസമിൽ ഒന്നരക്കോടിയോളം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നായിരുന്നു വാദം. വളരേ ദുർഘടമായ ഭൂപ്രകൃതിയും തുടർച്ചയായ പ്രളയവും ഒരുപാട് ദരിദ്രരും ഭവനരഹിതരും ഒക്കെയുള്ള അസമിൽ രേഖകളുടെ അടിസ്ഥാനത്തിൽ സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് തന്നെ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ പൗരത്വ രജിസ്റ്റർ നീണ്ടു നീണ്ടുപോയി.

അങ്ങനെയിരിക്കെയാണ് പഴയ ആസു നേതാവ് കൂടിയായ ഇന്നത്തെ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
Illegal Migrants (Determination by Tribunal) (IMDT) Act, 1983 റദ്ദുചെയ്യണം എന്ന് അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. അസം ഉടമ്പടി അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കൊണ്ടുവന്ന നിയമമാണ് ഇത്. നിയമപ്രകാരം ഒരു വ്യക്തി ഇന്ത്യൻ പൗരനല്ല എന്നു കണ്ടാൽ അതു തെളിയിക്കാനുള്ള ബാധ്യത ഗവണ്മെന്റിനാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിന് ഈ നിയമം തടസ്സമാണ് എന്നായിരുന്നു ആരോപണം. പകരം, പൗരരെന്നു തെളിയിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമേൽ വരുന്ന കൊളോണിയൽ കാലത്തെ ഫോറിനേഴ്സ് ആക്റ്റ് 1946 പ്രകാരമാണ് നടപടികൾ എടുക്കേണ്ടത് എന്നായിരുന്നു സോനോവാലിന്റെ വാദം. ഈ കേസ് 2012-ൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ മുന്നിൽ എത്തുന്നതോടുകൂടിയാണ് വംശീയ വിദ്വേഷപ്രചാരകർ തെളിച്ച വഴിയേ നീതിപീഠവും നടന്നുതുടങ്ങുന്നതായി നമുക്ക് തോന്നുക. ജസ്റ്റിസ് ഗോഗോയി അസംകാരനാണെന്നുമോർക്കാം.

ആനുമാനിക നിരപരാധിത്വം (presumtpion of innocence) അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശമായി കണക്കാക്കുന്ന ഒരു നിയമ തത്വമാണ്. ഒരാൾ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുംവരെ അയാളെ നിരപരാധിയായി കണക്കാക്കണം എന്നതാണത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശപ്രഖ്യാപന രേഖയുടെ അനുച്ഛേദം 14-ന്റെ ഭാഗമാണത്. ഏതൊരു കേസിലും കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അതിനുള്ള സംവിധാനവും അധികാരവും ഗവണ്മെന്റിനുണ്ട്.

നേരെ മറിച്ച് ഇതൊന്നുമില്ലാത്ത സാധാരണ പൗരരെ സ്വതവേ കുറ്റവാളികളായി കാണുകയും, സ്വയം തെറ്റുകാരല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരിലേക്ക് ചാർത്തുകയും ചെയ്യുന്നത് അനീതിയാണ്. ഭരണകൂടങ്ങൾ അധികാരപരിധി ലംഘിക്കുകയോ, പൗരവകാശങ്ങളെ ഹനിക്കുകയോ ചെയ്താൽ അതിനെ തടയുക എന്നതാണ് ജനാധിപത്യത്തിൽ ഭരണഘടനാകോടതിയുടെ ധർമം. എന്നാൽ നമ്മുടെ സുപ്രീംകോടതി സോനോവാൾ കേസിൽ തികച്ചും അസാധാരണമായ സമീപനമാണ് സ്വീകരിച്ചത്.

സ്വാഭാവിക നീതി അനുസരിച്ചു വിഭാവനം ചെയ്യപ്പെട്ടിരുന്ന നിയമമാണ് ഐ.എം.ഡി. ടി. ആക്ട്. അതു മാനിക്കാതെ മനുഷ്യരെയെല്ലാം സ്വതവേ കുറ്റക്കാരായി കാണുകയും നിരപരാധിത്വം തെളിയിക്കൽ അവരുടെ ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്ന ഫോറിനേഴ്‌സ് ആക്ട് എന്ന കൊളോണിയൽ നിയമത്തിനൊപ്പം നിൽക്കുകയുമാണ് കോടതി ചെയ്തത്. ഇരുനിയമങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ആസാമിലെ കുടിയേറ്റക്കാർക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ നിയമ പരിരക്ഷ ലഭിക്കുന്നുവെന്നു പറഞ്ഞു പ്രസ്തുത ആക്ട്, നിയമത്തിനു മുന്നിലെ തുല്യതയുടെ, ആർട്ടിക്കിൾ 14-ന്റെ, ലംഘനമാണെന്ന് കണ്ടെത്തി റദ്ദു ചെയ്യുകയായിരുന്നു കോടതി.

ഫോറിനേഴ്സ് ആക്ട് രാജ്യത്ത് എത്തിച്ചേർന്ന വിദേശികളെ ഉദ്ദേശിച്ചുള്ള നിയമമാണെന്നും എന്നാൽ ഐ.എം.ഡി.ടി. ആക്ട് ആസാമിലെ നിലവിൽ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വം നിര്ണയിക്കുന്നതിനുള്ള നിയമം ആണെന്നുമുള്ള പ്രാഥമിക വ്യത്യാസം കോടതി കണ്ടില്ലെന്നു നടിച്ചു.
അതിനു പുറമേ, പൗരത്വ പട്ടിക തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കുക എന്ന ഗവണ്മെന്റിന്റെ ജോലികൂടി കോടതിയിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബഞ്ച് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്.

അതിന് കോടതി പ്രമാണമായി സ്വീകരിച്ചത് വെറുപ്പിന്റെ രാഷ്ട്രീയക്കാർ മുന്നേ തെളിച്ചിട്ട സത്യാനന്തര വർത്തമാനങ്ങളാണ്. ആസാമിൽ 1.4 കോടിയെങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ചവരുടെ വാദം മുഖവിലക്കെടുക്കുകയായിരുന്നു കോടതി ചെയ്തത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുമിത്.

1931-ലെ സെൻസസ് ഓഫീസർ സി.എസ്. മൂളറുടെയും 1998-ലെ ആസ്സാം ഗവർണരുടെയും റിപ്പോർട്ടുകൾ പരിഗണിച്ചുകൊണ്ട് അനധികൃത കുടിയേറ്റം ‘വൈദേശിക അധിനിവേശമാണ്' എന്ന അതിതീവ്രമായ ഒരു നിലപാടിലേക്കാണ് കോടതി എത്തിച്ചേർന്നത്. വസ്തുതകളുടെയോ തെളിവിന്റെയോ പിന്ബലമില്ലാതെ ആസാമിലെ ഭീകരവാദം തുടങ്ങി ഏതാണ്ടെല്ലാ പ്രശ്‌നങ്ങൾക്കും കാരണം കുടിയേറ്റ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു വയ്ക്കുന്നതായിരുന്നു ഗവർണറുടെ റിപ്പോർട്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഭരണഘടനയിലെ അടിയന്തരാവസ്ഥാ അധികാരമായ അനുച്ഛേദം 355 കോടതി ഉപയോഗിച്ചത്.

വൈദേശിക ആക്രമണങ്ങളിൽ നിന്നും ആഭ്യന്തര കാലഹങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകൾക്ക് ഉണ്ട് എന്നതാണ് പ്രസ്തുത അനുച്ഛേദം പറയുന്നത്. കുടിയേറ്റത്തെ വൈദേശിക ആക്രമണമായി പരിഗണിച്ചുകൊണ്ട് ഐ.എം.ഡി. ടി. നിയമം അനുച്ഛേദം 355-ന്റെ ലംഘനമാണ് എന്നു വിലയിരുത്തി കോടതി. ഒപ്പം അധിനിവേശത്തിൽ നിന്നു ജനതയെ രക്ഷിക്കാൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്ന നിർദ്ദേശവും.

ഇല്ലാത്ത കുടിയേറ്റ ഭീഷണി

ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി 1971 മാർച്ച് 25 അസമിലെ പൗരത്വനിർണയത്തിന്റെ അടിസ്ഥാന തീയതിയായി കണക്കാക്കുന്നത് നിയമവിരുദ്ധമാണ് എന്ന ആക്ഷേപത്തിന്മേൽ സുപ്രീംകോടതി തീരുമാനം എടുക്കാതിരിക്കെ, അക്കാര്യത്തിൽ ഒരു വിധി വരാൻ പോലും കാത്തു നിൽക്കാതെയായിരുന്നു കോടതി ഇടപെടൽ.

പിന്നീടങ്ങോട്ട് കോടതിയാണ് അസമിലെ എൻ.ആർ.സി പൂർണമായും നിയന്ത്രിച്ചത്. എക്‌സിക്യൂട്ടീവ് അധികാരപ്രയോഗങ്ങളെ നിയന്ത്രിക്കുക എന്ന സ്വന്തം കടമ മറന്ന് കോടതി എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എക്‌സിക്യൂട്ടീവിന്റെ ജോലി കോടതി ഏറ്റെടുത്താൽ പൗരൻ നീതി തേടി പോവുക ഏത് വാതിൽക്കലേക്ക് എന്ന ചോദ്യം അവശേഷിക്കുകയാണ്.

പൗരത്വ രജിസ്റ്റർ എങ്ങനെ തയ്യാറാക്കണം, ഏതു തീയതിയിൽ പ്രസിദ്ധീകരിക്കണം, ഏതൊക്കെ രേഖകൾ ആണ് അതിനായി പരിഗണിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് കോടതിയാണ്. സുതാര്യമായ നീതി നിർവഹണം സംബന്ധിച്ച പൊതു തത്വങ്ങൾക്കെല്ലാം വിരുദ്ധമായി എൻ.ആർ.സി. കോഓർഡിനേറ്റർ പ്രതീക് ഹജേലയും കോടതിയും തമ്മിൽ നടന്ന മുദ്രവച്ച കവറിലെ ഇടപാടുകളിൽ കൂടിയാണ് കാര്യങ്ങൾ തീരുമാനിക്കപ്പെട്ടത്. പലപ്പോഴും ഗവണ്മെന്റുപോലും ഇത് അറിഞ്ഞിരുന്നില്ല. അങ്ങനെ 2019 ആഗസ്റ്റ് 31-ന് ഹജീലാ തന്റെ ദൗത്യം പൂർത്തീകരിച്ചു; പൗരത്വ രജിസ്റ്ററിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചു.

19,06,657 മനുഷ്യരാണ് പൗരത്വ പട്ടികയിൽ ഇടം പിടിക്കാതെ പോയവർ. 19 ലക്ഷം എന്ന സംഖ്യ പ്രധാനമാണ്. ഗവർണറുടെ റിപ്പോർട്ടും, വിദ്വേഷ രാഷ്ട്രീയപ്രചാരണക്കാരും അവകാശപ്പെട്ടതുപോലെ ഒന്നരക്കോടിയോ, അരക്കോടിയോ അനധികൃത കുടിയേറ്റക്കാർ അസമിൽ ഉണ്ടായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഈ 19 ലക്ഷത്തിൽ തന്നെ നല്ലൊരു ശതമാനം പേർ അപ്പീലുകളിൽ പൗരത്വപട്ടികയിൽ ഇടംനേടാൻ ഇടയുള്ളവരാണ്.

അതിനർത്ഥം 2013-ലെ സോനോവാൾ കേസിലെ വിധിക്ക് അടിസ്ഥാനവസ്തുതയായി സുപ്രീംകോടതി കരുതിയ കാര്യങ്ങൾ തെറ്റായിരുന്നു എന്നാണ്. വൈദേശിക അധിനിവേശത്തിനു സമാനമായ ഒരു കുടിയേറ്റഭീഷണി ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധിയുടെ യുക്തി തെറ്റായിരുന്നു. വിധിയുടെ കേന്ദ്ര ബിന്ദുവായ ആർട്ടിക്കിൾ 355 സംബന്ധിച്ച വാദഗതികൾ അടിസ്ഥാനരഹിതാണെന്നും വരുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാർ തെളിച്ച വിദ്വേഷരാഷ്ട്രീയത്തിന്റെയും വംശവെറിയുടെയും വഴിയിലൂടെ തെല്ലിട ന്യായാധിപരും നടന്നുവെന്ന് സാരം.

സുപ്രീംകോടതിയും നിശ്ശബ്ദമാണ്

എൻ.ആർ.സിക്കുവേണ്ടി വാദിച്ച ആസുവും ബിജെപിയും ഉൾപ്പടെയുള്ള സംഘടനകൾ അതിന് എതിരെ നിൽക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകൃതമായപ്പോൾ ഇവർ ഉയർത്തികൊണ്ടുവന്ന അപരവിദ്വേഷത്തിന്റെ വഴിയെയല്ല കാര്യങ്ങൾ പോകുന്നത് എന്നു വ്യക്തമായി.

പുറത്തായ 19 ലക്ഷത്തിൽ ഏറിയ പങ്കും ഹിന്ദുക്കളായിരുന്നു. പലകാരണങ്ങൾ കൊണ്ടാകാം അതു സംഭവിച്ചത്. ഒന്നാമത്തെ കാരണം കിഴക്കൻ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോൾ ഇങ്ങോട്ട് ബംഗ്ലാദേശികളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അത് ബംഗാളി ഹിന്ദുക്കളുടേതായിരിക്കും എന്ന സമാന്യബോധമാണ്. മറ്റൊന്ന് പുറത്താക്കപ്പെടുമെന്ന ഭീതി ഉള്ളതുകൊണ്ട് മുസലിംകൾ ആവശ്യമായ രേഖകൾ പരമാവധി തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നിരിക്കാം. അതിനുവേണ്ടി മുസ്​ലിം സംഘടനകൾ ബോധവത്കരണങ്ങളും മറ്റും നടത്തുകയും സഹായങ്ങൾ ഒരുക്കുകയും ചെയ്തു.

അങ്ങനെ അപരരെ സൃഷ്ടിച്ച് ആട്ടിയോടിക്കാൻ ശ്രമിച്ചവർക്ക് അന്തിമ പട്ടിക വന്നപ്പോൾ അത് സ്വന്തം വോട്ടുബാങ്കിലേക്കാണ് കയറുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിക്കാണണം. അതുകൊണ്ടാകണം എൻ.ആർ.സി. പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിൻബലത്തോടെ എൻ.ആർ.സിയുടെ 20 ശതമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിച്ചു.

അത് അനാവശ്യമാണ് എന്നും പട്ടികയിലെ 27 ശതമാനം ഇതിനകം പുനഃപരിശോധനയ്ക്ക് വിധേയമായതാണെന്നും ഹജേല കോടതിയെ ബോധിപ്പിച്ചു. അങ്ങനെ പുനഃപരിശിധനാ ആവശ്യം കോടതി തള്ളുകയായിരുന്നു. തുടർന്ന് ഇക്കൂട്ടരുടെ രോഷം എൻ.ആർ.സി. കോഓർഡിനേറ്റർ പ്രതീക് ഹജീലയ്‌ക്കെതിരെ തിരിഞ്ഞു. വിദേശികൾക്ക് പൗരത്വം നൽകാൻ അദ്ദേഹം കൂട്ടു നിന്നു എന്നായിരുന്നു ആരോപണം.

പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രതീക് ഹജെലയെ സുപ്രീംകോടതി മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. അസം കേഡറിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2019 ഒക്ടോബർ 18-ന് ഇറങ്ങിയ പ്രസ്തുത ഉത്തരവിൽ സ്ഥലം മാറ്റത്തിന് കാരണമൊന്നും കാണിച്ചിട്ടില്ല. 'കാരണമില്ലാതെ ഒരുത്തരവും ഇറങ്ങുകയില്ല' എന്ന നിഗൂഢമായ ഒരു വരി മാത്രമാണ് ഉത്തരവിൽ ഉണ്ടായിരുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് 2013 മുതൽ സുപ്രീംകോടതിയിൽ നടന്ന വ്യവഹാരങ്ങളുടെ പൊതു സ്വഭാവമായിരുന്ന സുതാര്യതയില്ലായ്മ അവസാനം കോഓർഡിനേറ്ററുടെ സ്ഥലം മാറ്റത്തിലും തുടർന്നു.

സോനോവോൾ ഉൾപ്പടെയുള്ള കക്ഷികളും രാഷ്ട്രീയ നേതൃത്വവും പിന്നീട് പൗരത്വ പട്ടിക സംബന്ധിച്ച തുടർ നടപടികളുടെ കാര്യത്തിൽ ഒരു തിടുക്കവും കാണിച്ചിട്ടില്ല. പൗരത്വ കാർഡുകൾ നല്കുന്നതിനെപ്പറ്റി, വിദേശികളെ അതിർത്തി കടത്തുന്നതിനെപ്പറ്റി ഒന്നും ആരും പറഞ്ഞു കേൾക്കുന്നില്ല. ഒരു ഘട്ടത്തിൽ, എന്തുകൊണ്ട് ആളുകളെ പുറത്താക്കുന്നില്ല എന്നു സംസ്ഥാന ഗവണ്മെന്റിനെ ശകാരിക്കുകയും ആവേശത്തോടെ പൗരത്വ പട്ടിക ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്ത സുപ്രീംകോടതിയും നിശ്ശബ്ദമാണ്.

തീവ്ര ദേശീയതാ വാദികളുടെയും, വിദ്വേഷ പ്രചാരകരുടെയും, സംവിധാനങ്ങളുടെയാകെയും അത്ഭുതപ്പെടുത്തുന്ന നിശ്ശബ്ദതതയും താത്പര്യമില്ലായ്മയും കാണുമ്പോഴാണ് രാജ്യമാകെ വേരോടിയിട്ടുള്ള അപരവിദ്വേഷത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രം എത്രമേൽ മാരകവും സർവവ്യാപിയും ആണെന്ന് മനസിലാകുക. പൗരത്വ പട്ടികയിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ ഭൂരിപക്ഷവും ഇവർ കരുതിയതുപോലെ മുസ്​ലിംകളായിരുന്നെങ്കിൽ ഇതാകുമായിരുന്നോ അവസ്ഥ?

പട്ടിക പുറത്തുവന്ന് ദിവസങ്ങൾക്കകം പൗരത്വ കാർഡ് നൽകുവാനും, ‘കുടിയേറ്റക്കാരെ' പുറത്താക്കുവാനുമുള്ള നടപടികൾ ആരംഭിക്കുമായിരുന്നു എന്നു മാത്രമല്ല ഇന്ന് നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ/ഭരണ നേതൃത്വങ്ങൾ ഇടപെടുമായിരുന്നു. സോനോവാൾ കേസിലെ വിധിയുടെ യുക്തി പിൻപറ്റിയാൽ പരമോന്നത നീതിപീഠവും ഇടപെടാതിരിക്കുമെന്നു കരുതുക വയ്യ.

കോവിഡ് കാലം കഴിഞ്ഞാലുടൻ 2019-ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും എന്ന് കഴിഞ്ഞ ദിവസംകൂടി ആവർത്തിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments