ഭൂരിപക്ഷം മലയാളി സ്ത്രീകളും തൊഴിലന്വേഷകർ പോലും ​​​​​​​ആകാത്തത് എന്തുകൊണ്ട്? പഠന റിപ്പോർട്ട്​

ഉല്പാദനക്ഷമരായ സ്ത്രീകളിൽ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂ. അതായത് കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ജോലി അന്വേഷിക്കുന്നവർ പോലും അല്ലെന്നർഥം- കൊച്ചിയിലെ സെൻറർ ഫോർ സോഷ്യോ-എക്കണോമിക്ക് ആൻറ്​ എൻവയൺമെൻറൽ സ്റ്റഡീസ് 2018-19ൽ നടത്തിയ ഗ്രാമതല പഠനം.

കേരളത്തിന്റെ വികസനാനുഭവങ്ങളും ലിംഗപദവിയും തമ്മിൽ ഇപ്പോഴും നിലനിൽക്കുന്ന ചില വിടവുകളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ ഉയർന്നുവരുന്ന ഒരു കാലഘട്ടമാണിത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹ്യസൂചകങ്ങളിൽ സ്ത്രീ- പുരുഷ അന്തരം വളരെ കുറവാണെന്നത് (പല സൂചകങ്ങളിലും സ്ത്രീകൾ പുരുഷന്മാരെക്കാൾ മുന്നിലുമാണ്) കേരള വികസന പാതയുടെ ഒരു പ്രത്യേകതയായി പലപ്പോഴും ഉയർത്തിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഈ സൂചകങ്ങൾ അടയാളപ്പെടുത്തുന്ന ലിംഗനീതി കേരളത്തിന്റെ തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് വസ്തുത. പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം സ്ത്രീകൾ മാത്രമാണ് കേരളത്തിൽ തൊഴിലിലേർപ്പെടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഉയർന്ന വിദ്യാഭ്യാസം, കുറഞ്ഞ തൊഴിൽ പങ്കാളിത്തം

എൻ.എസ്.എസ്.ഒ (നാഷനൽ സാമ്പിൾ സർവേ ഓർഗനൈഷേസൻ​) യുടെ ഏറ്റവും പുതിയ തൊഴിൽ സർവേ (2018-19) പ്രകാരം കേരളത്തിൽ 15 വയസിനും 59 വയസിനുമിടയിലുള്ള പുരുഷന്മാരിൽ 74 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കിൽ, ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 29 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ പൊതുവെ ഒരു വലിയ പ്രശ്‌നമായ കേരളത്തിൽ സ്ത്രീകൾക്കിടയിലാണ് തൊഴിലില്ലായ്മ കൂടുതൽ രൂക്ഷം (പുരുഷന്മാർക്കിടയിൽ 23 ശതമാനവും സ്ത്രീകൾക്കിടയിൽ 55 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്). ദേശീയതലത്തിലുള്ള കണക്കു കൂടി പരിഗണിക്കുമ്പോഴാണ് മലയാളി സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മയുടെ തീവ്രത കൂടുതൽ വ്യക്തമാകുന്നത് - 17 ശതമാനം വീതം മാത്രമാണ് ദേശീയതലത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലെ തൊഴിലില്ലായ്മ. ഉല്പാദനക്ഷമരായ സ്ത്രീകളിൽ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂവെന്നതും ശ്രദ്ധപതിയേണ്ട വിഷയമാണ് (പുരുഷന്മാരിൽ 78 ശതമാനവും). അതായത് കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ജോലി അന്വേഷിക്കുന്നവർ പോലും അല്ലെന്നർഥം.

കേരളത്തിലെ സ്ത്രീകൾ കൈവരിച്ച ഉയർന്ന വിദ്യാഭ്യാസനേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകളുടെ ഈ കുറഞ്ഞ തൊഴിൽ പങ്കാളിത്തം പ്രശ്‌നവൽക്കരിക്കപ്പെടേണ്ടത് തന്നെയാണ്. കുടുംബതലത്തിലും, വ്യക്തിതലത്തിലുമുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ജീവിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക അന്തരീക്ഷത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ പറയുന്നുണ്ട്. മലയാളി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും, ജോലിയുമായി ബന്ധപ്പെട്ട അവരുടെ തെരഞ്ഞെടുപ്പുകളിലും ഈ ഘടകങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നിസംശയം പറയാം.

Photo: pxhere

കുട്ടികളെ വളർത്തലും, വീട്ടിലെ ഉത്തരവാദിത്തങ്ങളുമാണ് കേരളത്തിൽ സ്ത്രീകളുടെ, പ്രത്യേകിച്ച് യുവതികളുടെ, കുറഞ്ഞ തൊഴിൽ പങ്കാളിത്തത്തിനു കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്തുകൊണ്ട് തൊഴിൽരംഗത്ത് നിന്നുള്ള മലയാളി സ്ത്രീകളുടെ മാറിനിൽക്കൽ അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണോ എന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ദേശീയ തലത്തിൽ നടത്തപ്പെടുന്ന സർവേകളിൽ നിന്ന് ലഭ്യമാകുന്ന സെക്കന്ററി ഡേറ്റ ഉപയോഗിച്ച് ഇത്തരത്തിലൊരു പരിശോധന നടത്തി നിഗമനത്തിലെത്താൻ പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ കൂടുതൽ സൂക്ഷ്മവും ആഴത്തിലുള്ളതുമായ ഒരു പഠനം ഇതിനാവശ്യമാണ്. കേരളത്തിലെ യുവാക്കളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെക്കുറിച്ച് അടുത്തിടെ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ ഒരു ഗ്രാമതലപഠനം ഇത്തരം ഒരു അന്വേഷണമാണ് ലക്ഷ്യം വെച്ചത്. ലേഖിക നേതൃത്വം നൽകിയ ഈ പഠനത്തെ അടിസ്ഥാനമാക്കി മലയാളി യുവതികളുടെ തൊഴിൽ പങ്കാളിത്തത്തെ കുറിച്ചും അവയെ നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുമുള്ള ഒരു പ്രാഥമികാന്വേഷണമാണ് ഈ കുറിപ്പ്.

എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനും 40 വയസ്സിനുമിടയിലുള്ള യുവാക്കൾക്കിടയിൽ നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്:

വിവാഹവും കുടുംബവും വില്ലന്മാർ

എൻ.എസ്.എസ്.ഒ. നൽകുന്ന ഡേറ്റയോട് താരതമ്യപ്പെടുത്താവുന്ന വിവരങ്ങളാണ് പഠനത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്. വളരെ വേഗത്തിൽ വളരുന്ന എറണാകുളം നഗരത്തോട് ചേർന്നുകിടക്കുന്ന ഒരു പ്രദേശമായിട്ടു പോലും മണീട് പഞ്ചായത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളരെ കുറവാണ്. 18 മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകളിൽ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയിൽ താഴെ മാത്രമാണ് - സ്ത്രീകളിൽ 33 ശതമാനവും, പുരുഷന്മാരിൽ 70 ശതമാനവും. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള പുരുഷന്മാരിൽ ഏതാണ്ട് എല്ലാവരും ജോലിയുള്ളവരാണെങ്കിൽ സ്ത്രീകളിൽ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്.

യുവാക്കൾക്കിടയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് (%)

തൊഴിലില്ലായ്മ നിരക്കിലും ഇതേ സ്ത്രീ-പുരുഷ അന്തരം സുവ്യക്തമാണ്. പുരുഷന്മാർക്കിടയിൽ 13 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെങ്കിൽ സ്ത്രീകൾക്കിടയിൽ 43 ശതമാനമാണ് - 30 ശതമാനം അധികം (പട്ടിക ഒന്ന്​). ഇതിനു പുറമെ ഒരു വലിയ വിഭാഗം യുവതികൾ തൊഴിൽ മേഖലയിൽ നിന്നു തന്നെ പുറത്താകുന്നുണ്ട് - അതായത് ഇവർ നിലവിൽ ജോലി ചെയ്യുന്നില്ല എന്നു മാത്രമല്ല, ജോലി അന്വേഷിക്കുന്നുപോലുമില്ല.

യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് (%)

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സാമൂഹ്യസാഹചര്യങ്ങളും

പ്രതീക്ഷിച്ചതു പോലെ തന്നെ വിവാഹവും, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങളുമാണ് തങ്ങൾ ജോലിക്ക് പോകാത്തതിന് പ്രധാന കാരണമായി സ്ത്രീകൾ ചൂണ്ടിക്കാട്ടിയത്. നിലവിൽ ജോലിയുള്ളവരോ തൊഴിൽ അന്വേഷിക്കുന്നവരോ ആയ സ്ത്രീകളിൽ 58 ശതമാനവും വിവാഹശേഷം ജീവിതപങ്കാളിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും തീരുമാനങ്ങളും, പ്രസവവും, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും തങ്ങളുടെ തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. അതേസമയം പുരുഷന്മാരിൽ കേവലം 4 ശതമാനം മാത്രമേ ഇത്തരം കാരണങ്ങൾ തങ്ങളുടെ തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിച്ചതായി കരുതുന്നുള്ളൂ. വിവാഹശേഷം ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് സ്ത്രീകൾ സ്ഥലം മാറുകയെന്നതാണല്ലോ ഇപ്പോഴും തുടർന്നുവരുന്ന നാട്ടുനടപ്പ്. ഈ പ്രക്രിയയിൽ പലപ്പോഴും അവളുടെ ജോലിക്കോ, തൊഴിൽ സാധ്യതകൾക്കോ, ഇഷ്ടങ്ങൾക്കോ പരിഗണനകൾ ലഭിക്കാറില്ല എന്നതു തന്നെയാണ് ഈ പഠനവും വ്യക്തമാക്കുന്നത്.

നിലവിൽ ജോലിയില്ലാത്ത യുവതികളിൽ പലരും മുമ്പ് ജോലി ചെയ്തിരുന്നവരാണ്. ഇവരോട് ജോലിയുപേക്ഷിക്കാനുണ്ടായ കാരണം അന്വേഷിച്ചപ്പോൾ, 61 ശതമാനവും വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളും തന്നെയാണ് കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്; എന്നാൽ കേവലം ആറു ശതമാനം പുരുഷന്മാർക്കാണ് ഈ കാരണങ്ങൾ കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്നത്.

""വിവാഹത്തിനു മുമ്പ് ഞാൻ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. വിവാഹശേഷം ജോലിയിൽ നിന്ന് ആറു മാസത്തെ ലീവ് എടുക്കണമെന്ന് എന്റെ ഭർത്താവ് നിർബന്ധം പിടിച്ചു. ഞാൻ ഒരുക്കമായിരുന്നില്ല. എന്നാൽ എന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവസാനം എനിക്ക് പുള്ളിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.'' ;26 വയസ്സുള്ള ഒരു ബി.ടെക്ക്. ബിരുദധാരി പറയുന്നു.

വീട്ടിലെ ഉത്തരവാദിത്തങ്ങൾ കാരണം ജോലി വിടേണ്ടി വന്ന തന്റെ കഥ രമ്യ ഞങ്ങളുമായി പങ്കുവെച്ചു. കുടുംബകാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ് ഈ മുപ്പത്തേഴുകാരി ഇപ്പോൾ: ""ഭർത്താവിന്റെ അമ്മ തളർന്നുകിടക്കുകയാണ്. വിവാഹശേഷം അമ്മയെ നോക്കേണ്ട ചുമതല എന്റേതു മാത്രമായി. ഞാൻ ബി.കോം. വരെ പഠിച്ചതാണ്. വിവാഹത്തിനു മുമ്പുവരെ ഒരു ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. എന്നാൽ ഇനി ഇപ്പോൾ ജോലിക്കു പോകാൻ ഒരു നിവൃത്തിയുമില്ല. അപ്പോൾ പിന്നെ ജോലി അന്വേഷിക്കുന്നതിലും അർഥമില്ലല്ലോ.''

മുൻഗണന സർക്കാർ ജോലിക്ക്

സർക്കാർ ജോലിയോടുള്ള അമിതമായ താല്പര്യം കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണമാകുന്നതായി മുൻപ് നടന്നിട്ടുള്ള പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായ നിരീക്ഷണമാണ് സി.എസ്.ഇ.എസ്. സർവേയിലൂടെ ഞങ്ങൾക്ക് ലഭിച്ചത്. പഠനത്തിനിടയിൽ കണ്ടുമുട്ടിയ തൊഴിൽരഹിതരായ സ്ത്രീകളിൽ 12 ശതമാനവും, പുരുഷന്മാരിൽ 8 ശതമാനവും മാത്രമേ തങ്ങൾ സർക്കാർ ജോലിക്ക് മുൻഗണന നൽകുന്നതായി അഭിപ്രായപ്പെട്ടുള്ളൂ. സ്വയം തൊഴിൽ കണ്ടെത്താനോ, സ്വന്തമായി സംരംഭം തുടങ്ങാനോ ഭൂരിഭാഗം പേർക്കും താല്പര്യമില്ല എന്നതും വ്യക്തമായി.

ജോലിസ്ഥലം, ജോലിസമയം, തൊഴിലിന്റെ രീതി എന്നിവയൊക്കെയായി ബന്ധപ്പെട്ട് ജീവിതപങ്കാളിയും, കുടുംബവുമൊക്കെ നിഷ്‌ക്കർഷിക്കുന്ന നിയന്ത്രണങ്ങൾ സ്ത്രീകളുടെ തൊഴിൽ സംബന്ധമായ തെരഞ്ഞെടുപ്പുകളെ പലപ്പോഴും പരിമിതപ്പെടുത്താറുണ്ട്. വീടിനടുത്തു തന്നെ ജോലി കിട്ടണമെന്നുള്ള അതിയായ താല്പര്യം സ്ത്രീകൾക്കിടയിൽ കൂടുതലാണെന്ന് പഠനം നിരീക്ഷിക്കുന്നു.

തൊഴിലന്വേഷകരായ പുരുഷന്മാരിൽ നാലിൽ മൂന്നു പേരും എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്നു പറഞ്ഞപ്പോൾ സ്ത്രീകളിൽ നാലിൽ മൂന്നു പേരും വീടിനടുത്തു തന്നെ ജോലി ചെയ്യാനാണ് താൽപര്യം എന്ന് അഭിപ്രായപ്പെട്ടു. ജീവിക്കുന്ന സാമൂഹ്യ- സാംസ്‌ക്കാരിക- കുടുംബ സാഹചര്യങ്ങളുടെ സ്വാധീനവും സമ്മർദവുമായിരിക്കാം ഈ വ്യത്യാസത്തിനു കാരണം. സ്ത്രീകളുടെ തൊഴിൽ തെരഞ്ഞെടുപ്പുകളിൽ കടന്നുവരുന്ന ഇത്തരം പരിമിതികൾ അതാത് തൊഴിൽ മേഖലയിലെ അവരുടെ മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നതിൽ സംശയമില്ല.

ഇതേ കാരണങ്ങളൊക്കെ കൊണ്ടുതന്നെ ജോലി മാറേണ്ടി വന്ന സ്ത്രീകളെയും പഠനത്തിനിടയിൽ കണ്ടുമുട്ടിയിരുന്നു. വിവാഹം തന്റെ തൊഴിൽ ജീവിതത്തെ ബാധിച്ചതിനെക്കുറിച്ച് നീനു, 28 വയസ്സുകാരിയായ ഒരു മുൻ നഴ്‌സ് ഞങ്ങളോട് പറയുകയുണ്ടായി. ജനറൽ നഴ്‌സിംഗ് കഴിഞ്ഞ നീനു ഇപ്പോൾ ഭർത്താവിന്റെ വീടിനടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ ഒരു സെയിൽസ് വുമൺ ആയി ജോലി ചെയ്യുകയാണ്. വിവാഹത്തിനു ശേഷം നീനു നഴ്‌സിംഗ് മേഖലയിൽ ജോലി അന്വേഷിച്ചതു പോലുമില്ല: ""എനിക്ക് രണ്ടു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. നൈറ്റ് ഡ്യൂട്ടിക്കൊന്നും പോകാൻ സാധിക്കില്ല. അതുകൊണ്ട് ഞാൻ പകൽ സമയത്തുള്ള ജോലി അന്വേഷിക്കാനാരംഭിച്ചു. രണ്ടര വർഷമായി ഞാൻ നഴ്‌സിംഗ് മേഖല വിട്ടിട്ട്. ഇനി തിരിച്ചുപോകാൻ പറ്റുമോയെന്ന് സംശയവുമാണ്.''

ഏത് ജോലി ചെയ്യണമെന്നുള്ള വ്യക്തിപരമായ തീരുമാനങ്ങളെ നിർണയിക്കുന്നതിൽ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപദവീപരമായ ബോധ്യങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് ഞങ്ങൾ മനസിലാക്കിയത്. നിലവിൽ ജോലിയുള്ള എല്ലാവരോടും ഈ സർവേയുടെ ഭാഗമായി തങ്ങളുടെ ജോലിയിൽ അവർ കാണുന്ന ഗുണമെന്താണ് എന്ന് ചോദിച്ചിരുന്നു. സാമ്പത്തികനേട്ടം, അത്ര കണിശമല്ലാത്ത ജോലി സമയം, ജോലി നൽകുന്ന സംതൃപ്തി എന്നിവയൊക്കെയാണ് പ്രധാനമായും ഉയർന്നുവന്ന അഭിപ്രായങ്ങൾ. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സ്ത്രീകൾ വീട്ടിലെ ഉത്തരവാദിത്തങ്ങൾ കൂടി കൈകാര്യം ചെയ്യാൻ പറ്റുന്ന സാഹചര്യം, വീടിനടുത്തുള്ള ജോലിസ്ഥലം എന്നിവയൊക്കെ തങ്ങളുടെ ജോലിയുടെ ഗുണങ്ങളായി എടുത്തു പറഞ്ഞു.

ഇത്തരത്തിൽ തങ്ങൾക്കനുയോജ്യമായ ജോലിസ്ഥലത്തെയും, ജോലി സമയത്തെയും, ജോലിയുടെ രീതികളെയും കുറിച്ച് സ്ത്രീകൾ പുലർത്തുന്ന മുൻഗണനകളാണ് കേരളത്തിലെ സ്ത്രീകളുടെ ഉയർന്ന തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നതെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും (ആ തരത്തിൽ ജോലിക്കു പോകാതിരിക്കുന്നത് സ്ത്രീകളുടെ സ്വന്തമായ തെരഞ്ഞെടുപ്പുകളാണ് എന്നു വേണമെങ്കിലും വാദിക്കാം), ഇത്തരത്തിലുള്ള മുൻഗണനകളിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങളെ കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കേണ്ട ഒരു ഘട്ടത്തിലാണ് കേരളം ഇപ്പോൾ.

തൊഴിലന്വേഷണത്തിന്റെ രീതി

തൊഴിലന്വേഷണത്തിന്റെ തീവ്രത പരിശോധിച്ചാലും വ്യക്തമായ സ്ത്രീ-പുരുഷ അന്തരം കാണാം. തൊഴിലന്വേഷകരായ പുരുഷന്മാരാണ് തൊഴിലന്വേഷകരായ സ്ത്രീകളെക്കാൾ തീവ്രമായി ജോലി അന്വേഷിക്കുന്നത്. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ അപേക്ഷിച്ച ജോലികളുടെ എണ്ണത്തിൽ നിന്നാണ് തൊഴിലന്വേഷണത്തിന്റെ തീവ്രത പഠനം കണക്കാക്കിയത്. തൊഴിലന്വേഷകരായ സ്ത്രീകളിൽ 57 ശതമാനവും കഴിഞ്ഞ ആറു മാസത്തിനിടയിൽ ഒരു ജോലി അപേക്ഷ പോലും നൽകാത്തവരാണ്. എന്നാൽ പുരുഷന്മാർക്കിടയിൽ ഈ അനുപാതം 24 ശതമാനം മാത്രമാണ്. പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം ജോലികൾക്ക് മാത്രം സ്ത്രീകൾ അപേക്ഷിക്കാനുള്ള ഒരു പ്രധാന കാരണം നമ്മൾ മുമ്പേ കണ്ടതു തന്നെയാകാം. ജീവിതപങ്കാളിയും, കുടുംബാംഗങ്ങളും നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കും, വീട്ടിൽ അവർ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾക്കും അനുയോജ്യമാണോ എന്ന് പരിശോധിച്ചു മാത്രമേ സ്ത്രീകൾക്ക് ഓരോ ജോലിയും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ജോലികളുടെ എണ്ണം സ്വാഭാവികമായും കുറവുമായിരിക്കും.

തൊഴിൽ മേഖലയിലെ ലിംഗ അസമത്വങ്ങൾ കുറയ്ക്കാനായി..

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപദവീപരമായ വ്യവസ്ഥകൾ തൊഴിൽമേഖലയിലും പ്രതിഫലിക്കുന്നുണ്ടെന്ന് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും സ്ത്രീകളുടെ ജോലിസംബന്ധമായ സ്വതന്ത്ര തെരഞ്ഞെടുപ്പുകളെ ഈ സാമൂഹ്യസാഹചര്യങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിലൂടെ ഞങ്ങൾ മനസിലാക്കിയത്. പരസ്യമായും അല്ലാതെയും സമൂഹം സ്ത്രീകൾക്ക് മേൽ അടിച്ചേല്പിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾക്കനുസൃതമായ ഒരു തൊഴിൽ കണ്ടെത്താൻ സാധിക്കാത്തത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ കാര്യമായി കുറയ്ക്കുന്നുണ്ട്. കേരളസമൂഹത്തിൽ അന്തർലീനമായിരിക്കുന്ന ഈ പെരുമാറ്റചട്ടങ്ങളെ പൊളിച്ചെഴുതുക എന്നത് അതുകൊണ്ടുതന്നെ വളരെ പ്രധാനമാണ്. കുടുംബത്തിന്റെ വരുമാനസ്രോതസ്സ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകൾക്കും പുരുഷന്മാർക്കും വീട്ടിലും സമൂഹത്തിലും തുല്യ പങ്കാണെന്ന ചിന്തയിലേക്ക് സമൂഹം വികസിച്ചെങ്കിൽ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരമുണ്ടാകൂ. ഇതിനാവശ്യമായ ബോധപൂർവമായ ഇടപെടലുകൾ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

വിവാഹം, പ്രസവം, കുട്ടികളുടെ പരിപാലനം, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങൾ എന്നിവയാണ് വരുമാനദായകമായ ജോലികളിൽ ഏർപ്പെടുന്നതിൽ നിന്ന് സ്ത്രീകളെ പ്രധാനമായും തടയുന്നതെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. കുട്ടികളെയും പ്രായമായവരെയും പരിപാലിക്കാനായി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കാൻ എത്രമാത്രം പര്യാപ്തമാണെന്നതിനെക്കുറിച്ച് ഒരവലോകനം നടത്തേണ്ടതുണ്ട്.

‘ഇനിവേണ്ട വിട്ടുവീഴ്ച’ കാമ്പെയ്‌നിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകളിലൊന്ന്‌

ലിംഗസമത്വ- സ്ത്രീശാക്തീകരണ നയം (2017), കേരള സംസ്ഥാന കരട് തൊഴിൽ നയം (2017) എന്നിവയിലൂടെ തൊഴിൽരംഗത്തെ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സർക്കാർ തന്നെ ഊന്നുന്ന ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള അവലോകനങ്ങൾ വളരെ വളരെ പ്രധാനമാണ്. വീട്ടുജോലികളിലും കുടുംബപരമായ മറ്റുത്തരവാദിത്തങ്ങളിലും പങ്കാളികളാകാനായി പുരുഷന്മാരെ ബോധവൽക്കരിക്കുന്ന തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകണം. കോവിഡ് ലോക്ക്ഡൗൺ കാലത്തെ പത്രസമ്മേളനങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രി വീട്ടുത്തരവാദിത്തങ്ങളിൽ പുരുഷന്മാർ കൂടി പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും ഓർമിപ്പിച്ചുവെന്നത് സ്വാഗതാർഹമാണ്. ഈ അടുത്ത കാലത്ത് സംസ്ഥാന സർക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പ് "ഇനി വേണ്ട വിട്ടുവീഴ്ച' എന്ന തലക്കെട്ടിൽ നടത്തിയ ക്യാമ്പയിനുകളും സമൂഹത്തിൽ ലിംഗനീതിയെക്കുറിച്ചുള്ള അവബോധമുയർത്താനുതകുന്ന തരത്തിൽ മാതൃകാപരമായ ഒരിടപെടലായിരുന്നു.

ഇതിനു പുറമെ സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നൈപുണ്യവികസന പരിശീലനങ്ങൾ, ജോബ് ഫെയറുകൾ, സ്വയം തൊഴിൽ പദ്ധതികൾ എന്നിവ സംഘടിപ്പിക്കുന്നതും തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ സഹായകമാകും. പല കാരണങ്ങൾ കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്ന സ്ത്രീകൾക്ക് തിരിച്ച് തൊഴിൽമേഖലയിൽ പ്രവേശിക്കാനായി പ്രത്യേക സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതും സർക്കാർ തലത്തിൽ ആലോചിക്കാവുന്നതാണ്. കരിയർ ബ്രേക്ക് ചെയ്ത് വീട്ടിലിരിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളെ തൊഴിൽസേനയിലേക്ക് മടക്കിക്കൊണ്ടുവരാനായുള്ള കർമപരിപാടികൾ കഴിഞ്ഞ ബജറ്റിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാകുന്നത് കേരളത്തിന്റെ തൊഴിൽമേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ട്രൂകോപ്പി വെബ്​സീൻ പാക്കറ്റ്​ 25ൽ പ്രസിദ്ധീകരിച്ച ലേഖനം)

Comments