‘നിങ്ങൾക്കെന്താണ് കുടുംബശ്രീ’ എന്ന
​ചോദ്യത്തിനുമുന്നിൽ നിറഞ്ഞുപോകുന്ന കണ്ണുകൾ

കുടുംബശ്രീയെക്കുറിച്ചു പഠിക്കാൻ കിട്ടിയ ഏതാനും മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മനുഷ്യൻ കരയുന്നതുകണ്ടത്. സങ്കടം സഹിക്കാതെയുള്ള കരച്ചിലുകൾ, ഓർമകളുടെ കുത്തൊഴുക്കിൽ വാക്കുനഷ്ടപ്പെട്ട വിതുമ്പലുകൾ, ജീവിതത്തെ കശക്കിയെറിയാമായിരുന്ന വെല്ലുവിളികളെ തോൽപ്പിച്ചുമുന്നേറിയതിന്റെ അഭിമാനക്കണ്ണീര്...

രുപത്തഞ്ചാം വയസ്സിലേക്കു കടക്കുന്ന കുടുംബശ്രീ എന്ന വനിതാ സംഘടനയെപ്പറ്റി പലർക്കും പറയാനുള്ള കഥകൾ ശുഭപര്യവസായിയായ ഒരു സത്യൻ അന്തിക്കാട് സിനിമപോലെ മനോഹരമാണ്. ലളിതം, ഹൃദ്യം, ചേതോഹരം; ഓർക്കുന്തോറും സന്തോഷം തരുന്ന ഒരു കഥ. ആർക്കും ദോഷമൊന്നും പറയാനില്ല. എല്ലാവർക്കും ഇഷ്ടം. അങ്ങനെ എല്ലാവർക്കും ഇഷ്ടം തോന്നുന്ന നിരുപദ്രവമായ ഒരു കുടുംബകഥയാണോ കുടുംബശ്രീ?

ഈ പറഞ്ഞ നരേറ്റീവിലുമുണ്ട് രസകരമായ ചില ട്വിസ്റ്റുകൾ. തുടക്കകാലത്തൊക്കെ, പരദൂഷണം പറയാനുള്ള പെൺകൂട്ടമെന്നും മാലിന്യം വാരാൻ നടക്കുന്ന പെണ്ണുങ്ങളെന്നുമൊക്കെ പരിഹസിച്ചവരും ഇന്ന് സന്തുഷ്ടരാണ്. അവർക്കും പറയാനുണ്ട് രോമാഞ്ചജനകമായ കുടുംബശ്രീ കഥകൾ. വാളെടുത്തവരെക്കൊണ്ട് വാതോരാതെ വാഴ്​ത്തിക്കാനും മാത്രം സത്യത്തിൽ എന്തു മാജിക്കാണ് ഈ കുടുംബശ്രീ ചെയ്തത്?

കേരളസമൂഹത്തിനുമുന്നിൽ കുടുംബശ്രീ എന്ന വനിതാപ്രസ്ഥാനം ഉയർത്തിപ്പിടിച്ച സാമൂഹ്യപ്രതിബദ്ധതയുടെയും സന്നദ്ധപ്രവർത്തനത്തിന്റെയും സംസ്‌കാരമാണ് കുടുബശ്രീക്ക് വലിയൊരു വിഭാഗം വിമർശകരുടെ പോലും നല്ല വാക്കുകൾ നേടിക്കൊടുത്തത്. കേരളത്തിന്റെ സാമൂഹ്യരംഗമാകെ രണ്ടുദശാബ്ദത്തിലധികമായി നിറഞ്ഞുനിൽക്കുന്ന പെൺകൂട്ടായ്മയുടെ ‘ഒപ്റ്റിക്‌സ്' തന്നെയാണത്. പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരികളുടെയും കാലത്ത് അപകടത്തിൽ രക്ഷിക്കുന്നവരെന്ന ഖ്യാതി കൂടി നേടിയെടുത്തല്ലോ കുടുംബശ്രീ.

കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾക്കും കുടുംബശ്രീയോട് ചേർന്നു നടക്കുന്നവർക്കും പക്ഷേ പറയാനുള്ള കഥകൾ ഏറെ വ്യത്യസ്തമാണ്. ഒരിക്കൽ കുടുംബശ്രീയിലെ ഒരു മുതിർന്ന പ്രവർത്തക പറഞ്ഞു, ആത്മഹത്യയുടെ വക്കിൽ നിന്ന് പിടിച്ചുകയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പായിരുന്നു കുടുംബശ്രീയെന്ന്. ഒരു പിടിവള്ളി. നിങ്ങൾക്കെന്താണ് കുടുംബശ്രീ എന്ന ചോദ്യത്തിനുമുന്നിൽ നിറഞ്ഞുപോകുന്ന കണ്ണുകൾ സാധാരണമാണ്. അത് ജീവിതം തന്നെ എന്നുപറയാതെ പറയുന്ന പെൺകാഴ്ചകൾ.

2022 മേയ് 17-ന്​ നടന്ന രജതജൂബിലി സമ്മേളനത്തിന്റെ വേദിയിൽ വച്ച് കുടുംബശ്രീ മിഷന്റെ ഒരു മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിടെ തിങ്ങിനിറഞ്ഞ സ്ത്രീകളോടു ചോദിച്ചു, നമ്മൾ എന്തുകൊണ്ടാണ് നമ്മളെ സ്വയംസഹായ സംഘങ്ങളെന്നു വിളിക്കാത്തത്​ എന്ന്​. നമ്മൾ എന്തിനാണ് നമ്മളെ അയൽക്കൂട്ടമെന്നു വിളിക്കുന്നത്​ എന്ന്​. നിറഞ്ഞ സദസ്സിൽ നിന്നുയർന്നുകേട്ട നിരവധി ഉത്തരങ്ങളിൽ കുടുംബശ്രീയെന്ന വനിതാ പ്രസ്ഥാനത്തിന്റെ സത്തയും അനന്യതയുമുണ്ടായിരുന്നു.

അയൽക്കൂട്ടമാണ് എന്നതുതന്നെയാണ് ഏറ്റവും പ്രസക്തമായ കാര്യം. എൺപതുകളുടെ മധ്യത്തിൽ തമിഴ്നാടിന്റെ ചില കോണുകളിൽ തുടങ്ങി തൊണ്ണൂറുകളിൽ രാജ്യമാകെ വ്യാപിച്ച സ്വയംസഹായ സംഘ പ്രസ്ഥാനത്തിന്റെ ചരിത്രം പിൻപറ്റുന്നില്ല കേരളത്തിലെ കുടുംബശ്രീ. മിതവ്യയ സമ്പാദ്യവും വായ്പയും ലക്ഷ്യമിട്ട സ്വയംസഹായ സംഘങ്ങളോട് സാമ്യങ്ങളേക്കാളേറെ വ്യത്യാസങ്ങളാണ് കുടുംബശ്രീക്കുള്ളത്. സ്വയംസഹായസംഘ സങ്കൽപത്തിൽ നിന്ന് മിതവ്യയ സമ്പാദ്യവും വായ്പയും കുടുംബശ്രീ സ്വീകരിച്ചു. അതിലേക്കുപക്ഷേ, പുതിയൊരു രാഷ്ട്രീയവീക്ഷണവും വികസന കാഴ്ചപ്പാടും ചേർത്തുവച്ചു. ആ വികസനകാഴ്ചപ്പാടിലാകട്ടെ, പെണ്ണായി കാണലും പെണ്ണെന്നു കാണലും പ്രധാനവുമായിരുന്നു. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവുമായി ഇഴചേർന്നു കിടക്കുന്നതാണ് കുടുംബശ്രീയുടെ ചരിത്രം.

സാക്ഷരതാപ്രസ്ഥാനം സംസ്ഥാനത്ത് കെട്ടഴിച്ചുവിട്ട അനിതരസാധാരണമായ സന്നദ്ധ പ്രവർത്തനത്തിന്റെ മുൻവർഷങ്ങളിൽ കേരളത്തിൽ പ്രാദേശിക വികസനരംഗത്ത് നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രാദേശികാസൂത്രണ ശ്രമങ്ങളിൽ ഒട്ടേറെ മാതൃകകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഓരോ പ്രദേശത്തെയും വിഭവങ്ങളെ ആസ്പദമാക്കിയുള്ള പങ്കാളിത്ത ആസൂത്രണ ശ്രമങ്ങളിൽ അയൽക്കൂട്ടമെന്ന ആശയം വ്യാപകമായി പരീക്ഷിക്കപ്പെട്ടിരുന്നു.

1996-ൽ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കുമ്പോൾ ഗ്രാമസഭകൾക്കുമപ്പുറം വികസനപ്രശ്‌നങ്ങളും സാധ്യതകളും വിശദമായി ചർച്ചചെയ്ത് ഗ്രാമസഭകളിലേക്കെത്തിക്കുന്ന പൊതുഅയൽക്കൂട്ടങ്ങൾ കേരളത്തിലെ ഇരുന്നൂറിലേറെ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, സ്ത്രീകളുടെ അയൽക്കൂട്ട മാതൃക പരീക്ഷിക്കപ്പെട്ടിരുന്നത് ആലപ്പുഴയിലും പിന്നീട് മലപ്പുറത്തും സർക്കാർ പദ്ധതികളിലായിരുന്നു. അവിടങ്ങളിൽ മിതവ്യയ സമ്പാദ്യവും വായ്പയും സംഘടനയിലുണ്ടായിരുന്നു. അയൽക്കൂട്ടങ്ങളെ യോജിപ്പിച്ച് ഫെഡറേഷനുകളുമാക്കിയിരുന്നു. ആ മാതൃക, ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലേക്ക് സംസ്ഥാന സർക്കാർ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ സംഘടന അയൽക്കൂട്ടങ്ങളായി ജനകീയാസൂത്രണം ഏറ്റെടുക്കട്ടെ എന്ന രാഷ്ട്രീയ വീക്ഷണമായിരുന്നു പുതിയ കുടുംബശ്രീയുടെ ശക്തി. തൊണ്ണൂറുകളിൽ രാജ്യമാകെ വ്യാപിപ്പിച്ചിരുന്ന സ്വയംസഹായസംഘ പ്രസ്ഥാനത്തിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ ഒരാശയമായാണ് കുടുംബശ്രീയുടെ പിറവി.

ആ പശ്ചാത്തലത്തിൽ 1998-ൽ കുടുംബശ്രീ ഒരു സംസ്ഥാനതല പരിപാടിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മേൽപറഞ്ഞ രണ്ടു ധാരകളിൽ നിന്നുള്ള ആശയങ്ങളുടെ ഒരു സമന്വയമായാണ് പുതിയ സംഘടന രൂപപ്പെട്ടത്. ജനകീയാസൂത്രണപൂർവ പരീക്ഷണങ്ങൾ മുന്നോട്ടുവച്ച പ്രാദേശികാസൂത്രണത്തിനുള്ള അയൽക്കൂട്ടമെന്ന ആശയം മലപ്പുറത്തെ സ്ത്രീ സംഘങ്ങളുടെ സംഘടനാരീതിയുമായി ചേർന്നുവെന്നർഥം. അയൽക്കൂട്ടമെന്ന സങ്കല്പനത്തിനാകട്ടെ, സംസ്ഥാനത്ത് പല ദിക്കിലുമുണ്ടായിരുന്ന അയൽസംഘങ്ങളുടെയും കൂട്ടങ്ങളുടെയും പാരമ്പര്യമുണ്ടായിരുന്നു. സ്ത്രീകളുടെ സംഘടന അയൽക്കൂട്ടങ്ങളായി ജനകീയാസൂത്രണം ഏറ്റെടുക്കട്ടെ എന്ന രാഷ്ട്രീയ വീക്ഷണമായിരുന്നു പുതിയ കുടുംബശ്രീയുടെ ശക്തി. ചുരുക്കത്തിൽ, തൊണ്ണൂറുകളിൽ രാജ്യമാകെ വ്യാപിപ്പിച്ചിരുന്ന സ്വയംസഹായസംഘ പ്രസ്ഥാനത്തിൽ നിന്ന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായ ഒരാശയമായാണ് കുടുംബശ്രീയുടെ പിറവി.

അയൽക്കൂട്ടമാണെന്ന യാഥാർഥ്യം കുടുംബശ്രീക്കു നൽകുന്ന ഉൾക്കാഴ്ച സവിശേഷമാണ്. അയലിനെ അറിയുന്നതിന്റെ ബലമാണത്. ജാതിമതാതീതമായ സംഘടനയാകുന്നുവെന്നത് മറ്റൊരു പ്രധാന കാര്യം. പ്രാദേശികമായ പ്രശ്‌നങ്ങളെയും സാധ്യതകളെയും അിറയാൻ കഴിയുന്നുവെന്നത് അതുപോലെ തന്നെ പ്രധാനമാണ്. അയലറിയലിൽ നിന്നാണ്, ദാരിദ്ര്യ നിർമാർജനം ഏറ്റെടുത്ത അയൽക്കൂട്ടങ്ങിലേക്കും എത്തിച്ചേരാൻ കഴിയാത്ത സ്ത്രീകളുണ്ടെന്ന് കുടുംബശ്രീ മനസ്സിലാക്കിയതും.

സംസ്ഥാനതല വ്യാപനം പൂർത്തിയാക്കിയ 2003-04 കാലഘട്ടത്തിൽത്തന്നെ അതിദരിദ്രമായ ഒരു വിഭാഗത്തെ തിരിച്ചറിയുന്നുണ്ട് കുടുംബശ്രീ. അതിൽ നിന്നാണ് അഗതികൾക്കായുള്ള ആശ്രയ പദ്ധതിയും മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ബഡ്‌സ് സ്ഥാപനങ്ങളും പിറവിയെടുത്തത്. രണ്ടിലും അയൽക്കൂട്ടത്തിലേക്കു വരാൻപോലും ശേഷിയില്ലാത്ത സ്ത്രീകളെത്തന്നെയായിരുന്നു കുടുബശ്രീ ലക്ഷ്യമിട്ടത്.

അടിസ്ഥാനപരമായി അയൽക്കൂട്ടം തന്നെയാണ് കുടുംബശ്രീ എന്ന് ആവർത്തിക്കുന്നുണ്ട് കുടുംബശ്രീക്ക് രൂപംകൊടുത്തവരിൽ പ്രമുഖ സ്ഥാനമുള്ള ഡോ. ടി.എം. തോമസ് ഐസക്. ഉദ്യോഗസ്ഥതലത്തിലെ ചർച്ചകളിൽ പക്ഷേ, അയൽക്കൂട്ട സങ്കല്പം അത്രയങ്ങ് കേൾക്കാറില്ല. അവിടെ സർക്കാർ പദ്ധതികൾ നടപ്പാക്കാനുള്ള ഏജൻസി റോളിനാണ് പ്രാധാന്യം. ഏതു സർക്കാർ പദ്ധതിയും ഏറ്റെടുത്ത് ഫലപ്രദമായി വിജയിപ്പിക്കാൻ ശേഷിയുള്ള സംഘടനയാണ് മുഖ്യം. ആ ഏജൻസി റോൾ കുടുംബശ്രീക്കു നൽകുന്ന സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണ് ആദ്യം പറഞ്ഞ ഹൃദ്യമായ കുടുംബശ്രീക്കഥ. പക്ഷേ, പദ്ധതി നിർവഹണ നിയോഗത്തെ മുറിച്ചുകടക്കുന്നിടത്താണ് കുടുംബശ്രീ ശരിയായ അർഥത്തിൽ ഒരു സ്ത്രീസംഘടനയാവുന്നത്. കുടുംബശ്രീയെക്കുറിച്ചു പഠിക്കാൻ കിട്ടിയ ഏതാനും മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മനുഷ്യൻ കരയുന്നതുകണ്ടത്. സങ്കടം സഹിക്കാതെയുള്ള കരച്ചിലുകൾ, ഓർമകളുടെ കുത്തൊഴുക്കിൽ വാക്കുനഷ്ടപ്പെട്ട വിതുമ്പലുകൾ, ജീവിതത്തെ കശക്കിയെറിയാമായിരുന്ന വെല്ലുവിളികളെ തോൽപ്പിച്ചുമുന്നേറിയതിന്റെ അഭിമാനക്കണ്ണീര്, അയൽക്കൂട്ടമില്ലായിരുന്നെങ്കിൽ വീണുടഞ്ഞുപോകുമായിരുന്ന ജീവിതത്തെക്കുറിച്ചുള്ള നെടുവീർപ്പുകൾ; പിന്നെ, പൊള്ളലുകളെ അതിജീവിച്ച ചില നിറകൺചിരികളും ഒക്കെ കണ്ടു ആ മാസങ്ങളിൽ.

കരച്ചിലുകളുടെ കാര്യം പറഞ്ഞപ്പോൾ വർഷങ്ങളോളം കുടുംബശ്രീയെ നയിച്ച ഒരാൾ പറഞ്ഞു, ഒരുപാട് സങ്കടങ്ങളുടെ കടലാണ് കുടുംബശ്രീ; ഒപ്പം ആ സങ്കടക്കടലിനെ നീന്തിത്തോൽപ്പിച്ച മിടുമിടുക്കികളായ സ്ത്രീകളുടെ കഥയുമാണ് കുടുംബശ്രീ. അതു പറഞ്ഞിട്ട് അദ്ദേഹം ചോദിച്ചു, സ്വയമെന്നവണ്ണം: ആ കഥ പക്ഷേ, നിങ്ങൾ എങ്ങനെ പറയും?

കഥയറിഞ്ഞെഴുതാൻ തുനിഞ്ഞിറങ്ങിയവരെ വല്ലാതെ പിടിച്ചുകുലുക്കിയ ഒരു ചോദ്യമായിരുന്നു അത്. ഏതൊരു ചർച്ചയിലും, സംഘടന തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം കുടുംബശ്രീ അംഗങ്ങളുടെ വാക്കുകളിൽ പൊതുവേ തെളിഞ്ഞുകാണാം. ആ വാക്കുകളിൽ, ആത്മഹത്യയുടെ വക്കിൽ നിന്നു കരകയറാൻ ഉതകിയ പിടിവള്ളി മാത്രമല്ല കുടുംബശ്രീ. ആത്മഹത്യാ ചിന്തയിലേക്ക് തങ്ങളെ തള്ളിവിട്ട സാമൂഹ്യയാഥാർഥ്യങ്ങളും അവയിലെ അധികാര സമവാക്യങ്ങളും തിരിച്ചറിയാൻ വഴിതുറന്ന കൂട്ടായ്മ കൂടിയാണ് കുടുംബശ്രീ. ജീവിതശ്രമങ്ങളിൽ തങ്ങളെ നിരന്തരം തോൽപ്പിക്കാൻ ശ്രമിച്ച അധികാരബന്ധങ്ങളോട് കലഹിക്കാൻ അവരെ പഠിപ്പിച്ച ഒരു സംസ്‌കാരത്തിന്റെ പേര് കൂടിയാണ് കുടുംബശ്രീ.

ആ കഥ പക്ഷേ, അവർ അത്ര എളുപ്പത്തിലൊന്നും പറയില്ല. ആ കഥയിൽ കുടുംബശ്രീ സ്ത്രീകൾ കടന്നുപോന്ന പിടച്ചിലുകളും കടമ്പകളും അവരുടെ വാക്കുകൾക്കിടയിലാണു കിടക്കുന്നത്. കേരളമൊട്ടാകെ മൂന്നുലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ നിറഞ്ഞുകവിഞ്ഞ ജീവിതങ്ങളുടെ ആ കഥ ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ. കൂട്ടായ്മയുടെ ശക്തിയിലൂടെ ജീവിതം തിരിച്ചുപിടിച്ച ലക്ഷക്കണക്കായ പെണ്ണുങ്ങളുടെ കഥ. അഭിമാനികളും അഹങ്കാരികളുമായി കേരള സമൂഹത്തോട് സംസാരിച്ചുകൊണ്ടേയിരിക്കുന്ന പെണ്ണുങ്ങളുടെ കഥ. അത് ലളിതവത്കരിക്കപ്പെട്ട കുടുംബശ്രീ നരേറ്റീവുകളെ പൊളിച്ചെഴുതാൻ പോകുന്ന ഒരു പുതിയ കഥയായിരിക്കും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments