സതി അങ്കമാലിയും ജെ.ദേവികയും; സുന്ദരമായ ഒരു ഫെമിനിസ്​റ്റ്​ സംവാദം

ബുദ്ധിജീവികളായ രണ്ട് ഫെമിനിസ്റ്റുകൾ - സതി അങ്കമാലിയും ജെ. ദേവികയും- ഫെമിനിസ്റ്റ് ആശയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ നടത്തിയ സംവാദത്തെ ക്രോഡീകരിക്കുകയാണ് ട്രൂ കോപ്പി തിങ്ക്. ദളിത് / സവർണ ഫെമിനിസം, ദളിത് / സവർണ വിഭാഗങ്ങളിലെ പിതൃമേധാവിത്വത്തിന്റെ ഏറ്റക്കുറച്ചിലുകൾ, ദളിതത്വത്തിനും സവർണതയ്ക്കും പുറത്തെ ഫെമിനിസ്റ്റ് നില തുടങ്ങിയ ആശയങ്ങൾ അഭിപ്രായ വ്യത്യാസത്തോടെയും അഭിപ്രായ ഐക്യത്തോടെയും പരസ്പര ബഹുമാനത്തോടെ ഇതിൽ സംവദിക്കപ്പെടുന്നു. കഠിനമായ ആശയ അഭിപ്രായങ്ങളുള്ളപ്പോഴും ആരോഗ്യകരമായി ഒരു പൊതുവേദിയിൽ, പ്രത്യേകിച്ച് ഓൺലൈൻ പ്ലാറ്റ്​ഫോമിൽ സംവദിക്കാൻ കഴിയുന്നു എന്നതാണ് ഈ ചർച്ചയുടെ പ്രസക്​തി.

സതി അങ്കമാലി

Fb ചർച്ചകളിൽ വിജയൻ നായരെ ‘സൈക്കോ', ‘ഞരമ്പൻ ' എന്നൊക്കെ സംബോധിച്ച് കാര്യങ്ങൾ വളരെ ലളിതമാക്കുമ്പോ ഓർമ വരുന്നത് പത്രപ്രവർത്തകനും സംവിധായകനുമായിരുന്ന രൂപേഷിനെയും, നടൻ വിനായകനെയും കുറിച്ചാണ്. ഇവർക്കൊരിക്കലും സൈക്കോ ഞരമ്പൻ സൗജന്യമൊന്നും ആരും ചാർത്തി കൊടുത്തില്ല. മാത്രമല്ല ഇവർ ആവശ്യത്തിലധികം സാമൂഹ്യപ്രതിബദ്ധത വേണ്ടവരാണെന്നും ഇവർ ദളിത് രാഷട്രീയത്തിന്റെയും ദളിത് പുരുഷൻമാരുടെയും മൊത്തം പ്രതിനിധാനമാണെന്നും ഉയർത്തിക്കാണിച്ച് ദളിത് രാഷ്ട്രീയം എന്നുപറയുന്നത് എന്തോ വശപെശകാണെന്നും, ‘ദളിത് ആണുങ്ങൾ മൊത്തത്തിൽ ദുരന്തോഎക്‌സ്​പ്രസുകളാണെന്നും’ വരുത്തി തീർക്കുന്നതിൽ ഇവിടുത്തെ സവർണ ഫെമിനിസ്റ്റുകൾ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.

മാത്രമല്ല, ഇവർക്കെതിരെ പ്രതികരിച്ച ദളിത് പെണ്ണുങ്ങളൊന്നും മലയാളത്തിന്റെ പുണ്യമായിട്ടോ, വരദാനമായിട്ടോ postകളിൽ നിറഞ്ഞില്ല. പറഞ്ഞുവരുന്നത്, വിജയൻ നായരുടെ പേരിനൊപ്പം നായരെന്ന ജാതിവാലുണ്ടായിട്ടും വിജയൻ നായർ ഒരു വ്യക്തിയായി തന്നെ നിലനിൽക്കുകയും നടൻ വിനായകനും രൂപേഷും ഒരു പ്രസ്ഥാനമായി (കൊള്ളരുതായ്മയുടെ ജാതി ഐക്കണായി) മാറുകയും ചെയ്തു എന്നുള്ളതാണ്. ഇതുതന്നെയാണ് സവർണ ഫെമിനിസം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

നടൻ വിനായകൻ
നടൻ വിനായകൻ

Jay D മാം, ഇവിടെയാണ് നിങ്ങളുടെ post ൽ പറയുന്ന ഫെമിനിച്ചികൾ ജാതി- മത കണ്ണുകാണായ്കകളിൽ നിന്ന് വിമുക്തരല്ല എന്ന ഭാഗം പ്രസക്തമാവുന്നത്.
കേരളമെന്നത് ശൂദ്രളമായിരിക്കെ വിജയൻനായരും, സരിതാനായരും സ്വപ്ന സുരേഷും ഒക്കെ നിങ്ങൾക്ക് വ്യക്തികൾ മാത്രമായിരിക്കും. എന്നാൽ കെ.ആർ. നാരായണനും, ദാക്ഷായണി വേലായുധനും, കല്ലേൻ പൊക്കുടനും പി.കെ. റോസിയും ആർ. എൽ. വി രാമകൃഷണനും, ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നും കേരളത്തിൽ ജാതികൾ മാത്രമാണ് എന്ന ശരിയായ തിരിച്ചറിവുള്ള ഒരുപാട് ദളിതർ ഇവിടുണ്ട്. അതുകൊണ്ടാണ് മനോജ്. എം. പെരുമാൾ എന്ന ദളിത് സാമൂഹ്യ പ്രവർത്തകന്റെ post ൽ ‘സെലക്ടീവ് പ്രതിരോധങ്ങളെ' കുറിച്ച് ചോദിച്ച ചോദ്യം പ്രസക്തമാണെന്ന് ഞാൻ കരുതുന്നത്. സത്യം അതായിരിക്കെ അതൊരു പൊളിറ്റിക്കൽ ക്വസ്റ്റ്യൻ ആയി എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകൾ മനസിലാക്കാത്തത്? ഇത്തരം ചോദ്യമുന്നയിച്ച ചിത്രലേഖയുൾപ്പെടെ ദളിതരായ മറ്റു പലരെയും കണ്ടു. ഇവരാരും തന്നെ അശ്ലീലച്ചുവയോടെയോ ബഹുമാനമില്ലാതെയോ സംസാരിച്ചതായി കണ്ടില്ല. അതൊരു രാഷട്രീയ വിമർശനമായി അഭിസംബോധന ചെയ്യാൻ ഫെമിനിസ്റ്റുകളൊന്നും മുന്നോട്ടു വന്നില്ല. പകരം പി.സി. ജോർജ്ജ് പറഞ്ഞ ഊളത്തരത്തിന് പലരും പ്രതികരിക്കുകയും ചെയ്തു.

ഇത് ജാതി മാത്രമല്ല ജാതിയ്ക്കാതോട്ടം തന്നെയാണെന്ന് വ്യക്തമല്ലേ?
അല്ലെങ്കിൽ നിങ്ങൾ പറയൂ, എത്ര ദളിതർ നിങ്ങളുടെ ഫ്രന്റ്‌സ് സർക്കിളിലുണ്ട്? എത്ര ദളിതരെ നിങ്ങൾ പ്രേമിച്ചിട്ടുണ്ട്? ഏതെങ്കിലും ദളിതർ നിങ്ങളുടെ മോർഫിയതോ/ അല്ലാത്തതോ ആയ നഗ്‌നവീഡിയോകൾ പ്രചരിപ്പിച്ചിട്ടുണ്ട്? ഏതെങ്കിലും ദളിത് കാമുകൻമാൻ സ്വന്തം കവിതയാണെന്ന് പറഞ്ഞ് എസ്. കലേഷിന്റെ കവിത നിങ്ങൾക്ക് തന്നിട്ടുണ്ട്? ആരുടെയൊക്കെ പ്രസംഗങ്ങൾ മോഷ്ടിച്ചിട്ടുണ്ട്? നിങ്ങളുടെ എത്ര വാക്ക് മോഷ്ടിച്ചിട്ടുണ്ട്? എത്ര ഏക്കർ ഭൂമി തട്ടിയെടുത്തിട്ടുണ്ട്? ഏതെങ്കിലും ദളിത് ഉദ്യോഗസ്ഥൻ ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയിട്ടുണ്ട്? ഞങ്ങൾ പണിത എത്ര പാലങ്ങൾ തകർന്നുവീണിട്ടുണ്ട്? ഏതെങ്കിലും സ്ഥാപനത്തിൽ ഒരു ദളിതൻ കാരണം നിങ്ങൾക്ക് വിവേചനമനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? എത്ര ദളിതർ അനാസ്ഥ മൂലം കോവിഡ് പകർത്തിയിട്ടുണ്ട്? നിങ്ങൾ കാറ്റഗറി തിരിച്ചുതന്നെ പറയു ....
നമുക്ക് ചർച്ച ചെയ്യാം.

ഇത് പറയുന്നത്, ദളിതർ മുഴോനും നിഷ്‌കളങ്കരും നിരാലംബരും ആണെന്ന് വരുത്തി തീർക്കാനല്ല, പകരം ‘നന്മ സമം സവർണരും, തിന്മയെന്നാൽ മുഴോൻ കറുത്ത മനുഷ്യരും’ എന്ന അനുഭൂതിഭാവുകത്വം ഇനിയും ഇവിടെ നടപ്പിലാവില്ല എന്ന് പറയാൻ തന്നെയാണ്.

ജെ. ദേവിക

ളിത് ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ സതി അങ്കമാലി, വിജയൻ നായർ വിരുദ്ധസമരത്തെപ്പറ്റി ചില നിരീക്ഷണങ്ങളും വിമർശനങ്ങളും ഉന്നയിച്ചത് മറ്റൊരു സുഹൃത്ത് അയച്ചുതന്ന് കാണാൻ ഇടയായി. അവയോട് ഗൗരവത്തോടെ പ്രതികരിക്കണമെന്നു തോന്നുന്നു.

അവരുടെ കുറിപ്പിൽ പറയുന്ന കാതലായ കാര്യങ്ങളോട് യോജിക്കുന്നു. എന്നാൽ സവർണ ഫെമിനിസ്റ്റുകൾ എന്ന അവരുടെ പ്രയോഗം ആരെയൊക്കെ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമല്ല. അതുപറയാതെ രാഷ്ട്രീയത്തിലേർപ്പെടാനുള്ള സാഹചര്യം നാട്ടിലില്ലതന്നെ - കാരണം ഹിന്ദുത്വവാദികളടക്കം യഥാർത്ഥ ഫെമിനിസത്തിന്റെ സൂത്രം തങ്ങളുടെ കൈയിലാണെന്നു വാദിക്കുന്ന ഹിന്ദുത്വ അധിനിവേശ കാലമാണിത്. കേരളത്തിൽ കുറേക്കാലമായി ഏകീകൃതമായ ഒരുനില സവർണസമുദായങ്ങളിൽ ജനിച്ചവരായ ഫെമിനിസ്റ്റുകൾ തമ്മിൽ തന്നെയും ഇല്ല. കുറിപ്പിൽ ആദ്യം വിജയൻ നായരെ സൈക്കോ എന്നൊക്കെ വിളിച്ച് രോഗിയായി ചിത്രീകരിക്കുന്നതിനെ പറ്റി പറയുന്നു. ആ സൗജന്യം രൂപേഷിനോ വിനായകനോ കൊടുത്തില്ലെന്നും, അവരെയുപയോഗിച്ച് ദളിത് രാഷ്ട്രീയത്തെയും ദളിത് ആണത്തത്തെയും ഇകഴ്​ത്തുന്ന വേലയാണ് സവർണ ഫെമിനിസ്റ്റുകൾ നടത്തിയിട്ടുള്ളതെന്ന് തുടർന്ന് വാദിക്കുന്നു. രൂപേഷിനെയും വിനായകനെയും ചൂണ്ടിക്കാട്ടിയ സ്ത്രീകളെ മലയാളത്തിന്റെ പുണ്യമായി ആരും ആദരിച്ചില്ലെന്നും നിരീക്ഷിക്കുന്നു.

ജാതിവാൽ കാട്ടിയാണ് നടപ്പെങ്കിലും വിജയൻ നായർ ഒരു കേവലവ്യക്തിയായി തിരിച്ചറിയപ്പെടുന്നുവെന്നും പക്ഷേ വിനായകനും രൂപേഷും കൊള്ളരുതായ്മയുടെ ജാതി ഐക്കണുകളാവുകയും ചെയ്‌തെന്ന നിരീക്ഷണവും ഈ കുറിപ്പിലെ ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഉൾക്കാഴ്ചയാണ്. ശേഷം ചില ചോദ്യങ്ങൾ സതി സവർണഫെമിനിസ്റ്റുകളോടും സവർണവായനക്കാരോടും ഉന്നയിക്കുന്നു. ഇതിൽ കുറേ ശരിയുണ്ടെന്ന് സംശയമില്ല. സൈക്കോ എന്നൊക്കെ വിളിക്കുന്നതിലെ തെറ്റ് ഇയാളെ രക്ഷപ്പെടുത്തുന്നു എന്നു മാത്രമല്ല, മാനസിക വിഷമതകളോ രോഗങ്ങളോ അനുഭവിക്കുന്നവരുടെ അനുഭവത്തെ കുറച്ചുകാട്ടുന്നു എന്നതും കൂടിയാണ്.

പക്ഷേ, സൈക്കോ എന്നു വിളിക്കുന്നവർ അയാളെ ബോധപൂർവ്വം രക്ഷപ്പെടുത്തിക്കളയാം എന്ന ഉദ്ദേശ്യത്തോടെ ആണെന്നും എനിക്കു തോന്നുന്നില്ല. പൊതുവെ, ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടുന്നവരെ സൈക്കോ എന്നും പെർവേട്ട് എന്നുമൊക്കെ വിളിക്കാറുണ്ട് - ആ പ്രയോഗം തെറ്റാണെന്നും കുറ്റവാളികളെ ഒരുപക്ഷേ രക്ഷപ്പെടുത്തുന്നതാണെന്നുമുള്ള അവബോധം വളരുന്നുണ്ടെങ്കിലും. ആ അവബോധത്തെ മുറുക്കപ്പിടിക്കുന്നത് ഇവിടുത്തെ സവർണ ഫെമിനിസ്റ്റുകൾ (അവർ ആരുതന്നെ ആണെങ്കിലും) ആണെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ ആരുതന്നെ ചെയ്താലും അത് തിരുത്തേണ്ടതാണെന്ന് സമ്മതിക്കുന്നു. വിനായകനെയും രൂപേഷിനെയും ഉപയോഗിച്ച് മൊത്തത്തിൽ ദളിത് രാഷ്ട്രീയത്തെയും പുരുഷത്വത്തെയും അപമാനിക്കാനും തള്ളിക്കളയാനും ഗുഢാലോചന സവർണ ഫെമിനിസ്റ്റുകളോ മറ്റാരെങ്കിലുമോ നടത്തിയാൽ അത് അപലപനീയം തന്നെ. പക്ഷേ ആ സംഭവങ്ങൾക്കു ശേഷം ദളിത് ശബ്ദങ്ങളായി നാം തിരിച്ചറിയുന്ന പ്രമുഖ പുരുഷശബ്ദങ്ങൾ മുഴുവൻ ആക്രമിക്കപ്പെട്ടതായി എനിക്കറിവില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ അത് വേറെത്തന്നെ ചർച്ചയും പ്രതിഷേധവും അർഹിക്കുന്നു - വിജയൻ നായർസന്ദർഭം അതിനാവശ്യമില്ല.

വിജയൻ നായരെ അതു വിളിക്കുന്നു, രൂപേഷിനേയും വിനായകനെയും അതു വിളിച്ചില്ല (രക്ഷപ്പെടുത്തിയില്ല) എന്നതിലും ആ വിഷയങ്ങൾ തമ്മിലുള്ള വ്യത്യാസം അൽപമെങ്കിലും പ്രവർത്തിച്ചിരിക്കാം. രൂപേഷും വിനായകനും സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് പഴികേട്ടത്. അതും ദളിത് സ്ത്രീകൾ തന്നെയാണ് അരോപണം ഉന്നയിച്ചത്. സവർണ ഫെമിനിസ്റ്റുകളുടെ പ്രേരണയാലാണ് ഇതു നടന്നതെന്ന് തെളിവൊന്നുമില്ലെന്നു മാത്രമല്ല, എനിക്കറിയാവുന്നിടത്തോളം ഇന്ന് കേരളത്തിലെ ദളിത് സ്ത്രീകൾക്ക് അത്തരത്തിലുള്ള പ്രേരണയൊന്നും ആവശ്യമില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ ചർച്ച നയിച്ചത് ദളിത് സ്ത്രീകൾ തന്നെയാണ്.
വിജയൻ നായർ അയാൾക്കു വിരോധം തോന്നിയ കുറേ സ്ത്രീകളെപ്പറ്റി ആഭാസം പറയുക മാത്രമല്ല, അതു വിറ്റു കാശാക്കൻ ശ്രമിച്ച ആളും കൂടിയാണ്. തീർച്ചയായും രൂപേഷോ വിനായകനോ അത്തരം ദുഷ്ടത പ്രവർത്തിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. ഈ ചർച്ചയിൽ വിജയൻ നായരെ മാത്രമല്ല, വിനായകൻ, രൂപേഷ് മുതലായവരുടെ ചെയ്തിയേയും ഈയവസരത്തിൽ വിലയിരുത്തണമെന്ന് ഏതെങ്കിലും ഫെമിനിസ്റ്റ് പറഞ്ഞതായി അറിവില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിമർശനം തീർച്ചയായും അർഹിക്കുന്നു- ഈ രണ്ടു പേർ കുറ്റം ചെയ്തില്ല എന്നല്ല, അവരുടെ കുറ്റവും വിജയൻ നായരുടെ കുറ്റവും ഒന്നല്ല.

രൂപേഷിനും വിനായകനും എതിരെ പരാതിപ്പെട്ട സ്ത്രീകളെ എന്തുകൊണ്ട് ഫെമിനിസത്തിന്റെ പുണ്യമായി ആഘോഷിച്ചില്ല എന്ന ചോദ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വിജയൻ നായർക്കെതിരെ പരാതി കൊടുത്തതുകൊണ്ടല്ല ഈ മൂന്നു സ്ത്രീകളും ആഘോഷിക്കപ്പെട്ടത്- നീതി നിഷേധിക്കപ്പെടുന്നു എന്നു വ്യക്തമായ സാഹചര്യത്തിൽ അയാളെ നേരിടാൻ തയ്യാറായതുകൊണ്ടാണ്. പരസ്യമായി അതു ചെയ്ത് (ക്വട്ടേഷൻകാരെ ഏർപ്പാടുചെയ്തില്ല, ആങ്ങളമാരെ പറഞ്ഞുവിട്ടില്ല) ഭരണകൂടമെന്ന മഹാപിതൃമേധാവിത്വത്തെ തന്നെ വെല്ലുവിളിക്കാൻ ശ്രമിച്ചതുകൊണ്ടാണ് (ജാമ്യമില്ലാ വകുപ്പുചേർത്ത്​ കേസുണ്ടായത് അതുകൊണ്ടാണല്ലോ). കേരളത്തിലെ ദയനീയ പുരുഷമേധാവിത്വവും ഭരണകൂടമെന്ന മഹാപിതൃമേധാവിയും തമ്മിലുള്ള അദൃശ്യബന്ധങ്ങളെ നമ്മുടെ മുന്നിൽ അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം തുറന്നിട്ടതുകൊണ്ടാണ്.

എന്നാൽ ഈ കൃത്യം ചെയ്തത് ദളിത് സ്ത്രീകൾ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു, ഈ വിജയൻ നായർ ഒരു ദളിത് പുരുഷൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഫെമിനിസ്റ്റ് ചർച്ചയും ഗുണപ്രദമാകാനിടയില്ല.
അങ്ങനെയെങ്കിൽ ഭരണകൂടപിതൃമേധാവിയുടെ കൈ സ്ത്രീകൾക്കെതിരെ ഇതിലേറെ ക്രൂരമായേനെ എന്ന് നിസ്സംശയം പറയാം. ഇന്ന് കുറ്റവാളിക്ക് കിട്ടുന്ന സൗജന്യമൊന്നും കുറ്റവാളി സവർണനല്ലായിരുന്നെങ്കിൽ നാട്ടിലെ ആൺ-ആഭാസന്മാരോ ഹിന്ദുത്വവാദികളോ പൊലീസുകാരോ കൊടുക്കില്ലായിരുന്നു. അതുപോലെ ആ വിഷയത്തിൽ വിജയൻ നായരെ നേരിട്ട സ്ത്രീകൾക്ക് പുരോഗമനവാദികളുടെ മാത്രമല്ല, പല യാഥാസ്ഥിതികരുടെയും പിന്തുണയുണ്ടെന്ന് സംശയമില്ല.

കാരണം ഇവരുടെ പ്രതിരോധത്തെ ആത്മാഭിമാനപ്പോരാട്ടമായല്ല, ലൈംഗിക വിശുദ്ധിക്കു വേണ്ടിയുള്ള നിലവിളിയായി വ്യാഖ്യാനിക്കാൻ എളുപ്പമായ സാംസ്‌കാരിക സാഹചര്യമാണ് നിലവിൽ ഉള്ളത്. രഹനാ ഫാത്തിമക്ക്​ഒരിക്കലും കിട്ടാത്ത പിന്തുണ അവർക്ക്​ കിട്ടുമെന്ന് സംശയമില്ല. എന്നെപ്പോലുള്ള (സവർണ-ജനനക്കാരികളോ അല്ലാത്തവരോ ആയ) പല ഫെമിനിസ്റ്റുകൾക്കും അത് പ്രശ്‌നമാണ്.

രഹനാ ഫാത്തിമ
രഹനാ ഫാത്തിമ

മാത്രമല്ല, ഇത്തരമൊരു നേരിടലിന് ഈ സ്ത്രീകളെ പ്രാപ്തമാക്കിയത് അവരുടെ സാംസ്‌കാരിക മൂലധനം നിശബ്ദം നൽകിയ ആത്മവിശ്വാസം കൂടിയാണ്. അതിൽ സ്വാർത്ഥമുണ്ടെന്നും സംശയമില്ല. പക്ഷേ ആ മൂന്നുപേരും ഒരുപോലെ സാംസ്‌കാരിക മൂലധനമുള്ളവരല്ല, അവർ തൊഴിലെടുക്കുന്ന രംഗങ്ങൾ കാര്യമായ സാംസ്‌കാരിക മൂലധനം നൽകുന്നവയും അല്ല - അവരതു നേടിയെടുത്തതാണ്, എഴുത്തിലൂടെ, പൊതുമണ്ഡല സാന്നിദ്ധ്യത്തിലൂടെ, ആക്ടിവിസത്തിലൂടെ. അതുകൊണ്ടുതന്നെയാണ് ആത്മാഭിമാനത്തിനു വേണ്ടിയുള്ള സമരത്തിൽ അതിനെ വിനിയോഗിക്കാൻ അവർ തയ്യാറായത്.
നായർ ജാതിവാൽ വച്ചു നടന്നെങ്കിലും അയാൾ കേവലവ്യക്തിയാണെന്നും എന്നാൽ വിനായകനും രൂപേഷും കൊള്ളരുതായ്മയുടെ ജാതിപ്രതീകങ്ങളാകുന്നുവെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. വിജയൻ നായരെ കേവലവ്യക്തിത്വമായാണ് ഫെമിനിസ്റ്റുകൾ കാണുന്നതെന്ന വാദം ശരിയാണോ എന്നു സംശയമുണ്ട്. ആരെയെങ്കിലും അങ്ങനെ കാണാനുള്ള സാഹചര്യം ഹിന്ദുത്വ അധിനിവേശത്തിന്റെ ഈ കാലത്ത് ഉണ്ടോ എന്നു പോലും ഞാൻ സംശയിക്കുന്നു. വിജയൻ നായരെ ഹിന്ദുത്വവാദിയോ അനുകൂലിയോ ആയിത്തന്നെയാണ് അധികംപേരും കാണുന്നത്. കേരളത്തിലാണെങ്കിൽ വന്നുവന്ന് അത് ശൂദ്രജാതിയുടെ വിപുലീകരണം തന്നെ.

ശേഷം സതി മറ്റു ചില പൊതുചോദ്യങ്ങൾ ഉന്നയിക്കുന്നു - എത്ര ദളിതർ നിങ്ങളുടെ സുഹൃത് വലയങ്ങളിലുണ്ട്, എത്ര ദളിതരെ നിങ്ങൾ പ്രേമിച്ചിട്ടുണ്ട്, എത്ര ദളിതർ അശ്‌ളീലപ്രചാരണം നടത്തിയിട്ടുണ്ട്, എത്ര ദളിതർ കവിതാമോഷണം നടത്തിയിട്ടുണ്ട്, എന്നും മറ്റും.
അവയിൽ ചിലതിനെങ്കിലും മറുപടി പറയേണ്ടതുണ്ട്.
ജീവിതത്തിൽ സവർണ സമുദായവേരുകളിൽ നിന്ന് കുറേയെങ്കിലും വേർപെടാൻ സാഹചര്യമൊരുങ്ങിയ 1990കൾക്കു ശേഷം ദളിത് അദ്ധ്യാപകർ, ഗുരുക്കന്മാർ, സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, സഹപ്രവർത്തകർ മുതലായവർ ധാരാളം ഉണ്ടായിട്ടുണ്ട്. അവരിൽ നിന്നെല്ലാം വിലപ്പെട്ട പാഠങ്ങൾ പഠിച്ചിട്ടുണ്ട്. അവരോടുള്ള പ്രതികരണം പലവിധത്തിലായിരുന്നു- ചിലർ എന്റെ കണ്ണുതെളിയിച്ചവരായിരുന്നു, ചിലരെ എനിക്കു തീരെ ഇഷ്ടമായില്ല. കവികളായ രേണുകുമാറിനോടും ജോസഫിനോടും കടുത്ത പ്രേമമായിരുന്നു- അവരുടെ ഭാര്യമാർ അടിച്ചോടിക്കും എന്നുറപ്പുള്ളതുകൊണ്ടും അവസാനവിശകലനത്തിൽ ഞാൻ ഭാര്യയുടെ ഒപ്പമായിരിക്കും എന്നതുകൊണ്ടും മാത്രം മിണ്ടിയിട്ടില്ലെന്നേയുള്ളൂ. കുഞ്ഞാമൻ സാറും യേശുദാസൻ സാറും എന്നെ കലാലയത്തിൽ പഠിപ്പിച്ചിട്ടില്ലാത്ത, എന്നാൽ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഗുരുക്കന്മാർ ആണ്. എന്നാൽ പല ദളിത് ചിന്തകരോടും കടുത്ത വിയോജിപ്പ് തോന്നിയിട്ടുണ്ട്, പറഞ്ഞിട്ടുമുണ്ട്. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കൂട്ടുകൂടിയും മാറിമാറി അകന്നും അടുത്തും ജീവിതത്തിന്റെ ഭാഗമായ നിരവധി ദളിത് സ്ത്രീസുഹൃത്തുക്കളുണ്ട്. ഇതെല്ലാം 1990കളുടെ സമ്മാനമാണ്. ഹിന്ദുത്വ അധിനിവേശം ഉറപ്പായ ഈ കാലത്ത് മുറുക്കെപ്പിടിക്കുന്ന വെളിച്ചമാണ്.
ആ വെളിച്ചം ജാതി ഉന്മൂലനത്തിലേക്കുയരുംവണ്ണം വളരുകതന്നെ വേണം. ഏകശിലാസ്വഭാവമുള്ള സംവർഗങ്ങൾ ഉപയോഗിച്ചുള്ള വേർതിരിവുകളെ പ്രയോഗിക്കുന്ന വാദങ്ങൾ അതിനു സഹായകമാണെന്ന് അഭിപ്രായമില്ല.

സതി അങ്കമാലി

നിങ്ങളുടെ പോസ്റ്റിൽ സാമൂഹ്യമായും രാഷട്രീയമായും ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. ഇതൊക്കെ ബോധ്യമായിരിക്കെ എന്തുകൊണ്ടായിരിക്കാം സവർണ ഫെമിനിസ്റ്റുകൾ പിതൃമേധാവിത്വം തന്ന പ്രിവിലേജുകൾ വേണ്ടെന്ന് വയ്ക്കാത്തത്?
ബ്രാഹ്മണിക്കൽ പാട്രിയാർക്കിയോട് സ്ത്രീവാദികൾ മുഴുവൻ പ്രത്യക്ഷത്തിൽ എതിരാണ്, എന്നാൽ അത് നൽകിയ social/ political /economical/cultural capital വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് പലരും ജീവിക്കുന്നത്.

സ്ത്രീവാദം പുരോഗമനപരമായ അലങ്കാരമായി കൊണ്ടുനടക്കുകയും അവരനുഭവിക്കുന്ന മറ്റു സാമൂഹ്യ, രാഷ്​ട്രീയ അധികാരഘടകങ്ങളെ ഒഴിവാക്കി കൊണ്ട് ആൺകോയ്മക്കെതിരെ മാത്രം സംസാരിക്കുകയും ചെയ്യും.

ബിന്ദു അമ്മിണി
ബിന്ദു അമ്മിണി

യഥാർത്ഥത്തിൽ ഇതൊരു വ്യാജ സ്ത്രീവാദമാണെന്നാണ് എനിക്ക് പറയാനുള്ളത്. (LGBTIQ കമ്യൂണിറ്റിക്കും ഇത് ബാധകമാവുന്നുണ്ട്, അതിൽ പിന്നീട് ചർച്ചയാവാം) ഇത്തരം വ്യാജസ്ത്രീവാദമാണ് ഭാഗ്യലക്ഷ്മിയെയും ലക്ഷ്മി രാജീവിനെയും പിന്തുണയ്ക്കുന്നത്, ബിന്ദു അമ്മിണിയെയും ബിന്ദു തങ്കത്തിനെയും പിന്തുണക്കാതിരിക്കുന്നതും. അതുകൊണ്ടാണ് ശാരദക്കുട്ടി നായർ സ്ത്രീവാദം പറയുമ്പോൾ അത് പ്യുവർ ഡമോക്രാറ്റിക്ക്
ഡയലോഗും, പൊതുസ്ത്രീവാദവുമായി മാറുന്നത്. എന്നിട്ടും ആൺകോയ്മയാണ് സകല പ്രശ്‌നങ്ങൾക്കും കാരണം എന്ന് വാദിക്കുന്നു. എന്തുകൊണ്ട് സ്ത്രീവാദികൾ സാമ്പത്തിക അധികാരത്തെ കുറിച്ച് പറയുന്നില്ല? കോടികളുടെ ആസ്തിയുള്ള സിനിമ നടിയുടെയും മൂന്നു സെന്റിൽ ജീവിക്കുന്ന ദളിത് സ്ത്രീയുടെയും സാമ്പത്തിക അന്തരം കൊണ്ട് അവർ നേരിടേണ്ടി വരുന്ന ആൺകോയ്മ അധികാരങ്ങളും വ്യത്യസ്തമാണ്.

ആൺക്കോയ്മക്കുളളിലെ ആൺഅവസ്ഥകൾ എല്ലാം ഒരു പോലെയല്ല എന്നിരിക്കെ മൂലധനപരമായ അധികാരഘടകങ്ങളെ വിശകലനം ചെയ്യാതെ ദളിത് ആണത്തത്തിന്റെ സാമൂഹ്യനിർമിതിയെയും അതിന്റെ അധികാര നിലയെയും മനസ്സിലാക്കാൻ കഴിയില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്.

കേരളത്തിലെ പ്രമുഖ എഴുത്തുകാരി പൊതുലോകത്തേക്ക് വിഭാവനം ചെയ്ത നൂറ്റാണ്ടു കണ്ട ഫെമിനിസ്റ്റാണ് സരിതാനായർ. ഇതിനെ സാംസ്‌ക്കാരിക തലേലെഴുത്ത് എന്നൊക്കെ കരുതി വെറുതെ വിടുമ്പോൾ ദളിത് സ്ത്രീകൾ നിരന്തരമായി നടത്തുന്ന സാമൂഹ്യ / രാഷ്ടീയ പോരാട്ടങ്ങളെ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തും?

ബിന്ദു തങ്കം
ബിന്ദു തങ്കം

ബിന്ദു അമ്മിണി, ബിന്ദു തങ്കം എന്നിവർ നേരിട്ടതും ലക്ഷ്മി രാജീവിന് നേരിടേണ്ടതാത്തുമായ സാമൂഹ്യ അക്രമങ്ങളിലെ അന്തരത്തെ കുറിച്ചു കൂടി ചിന്തിക്കുന്നു. ‘ബാലവേശ്യ' എന്ന് പറഞ്ഞ ജസ്റ്റിസ് സമാധാനപരമായി വീട്ടിലിരിക്കുന്നു. ഹാദിയ കേസിൽ വൈകാരികമായി പ്രതികരിച്ച ദളിത് ബുജി ഹൈക്കോർട്ട് ജംഗ്ഷനിൽ വന്ന് മാപ്പു പറയുന്നു, മാം, ദലിത് ബുജിയുടെ പുസ്തകം ചവറ്റുകുട്ടയിൽ ഇടേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു.
Political correctness കണ്ട് അന്തംവിട്ടു പോയ സന്ദർഭങ്ങളിൽ ഒന്നുമാത്രമാണിത്. scavenging is a spiritual experience എന്ന് പറയുന്ന പ്രധാനമന്ത്രിയുള്ളപ്പോൾ എല്ലാതരം അറ്റാക്കുകളെയും വി.വി. സ്വാമി പറഞ്ഞ പോലെ ഒരനുഭൂതിയായിട്ടെടുക്കുന്നു.

ജെ. ദേവിക

പ്രിയ സുഹൃത്ത് സതി,
ആദ്യമേ എന്നെ മാം എന്നു വിളിക്കല്ലേ എന്നൊരപേക്ഷയുണ്ട്! ഞാൻ ഡോ. എന്നൊന്നും പേരിനു മുന്നിൽ വച്ചിട്ടില്ലല്ലോ! നമ്മൾ രണ്ടു സ്ത്രീകളായി, ഒരേനാട്ടിൽ വളരെ വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ളവരായിയല്ലേ ഇങ്ങനെ മിണ്ടിക്കൊണ്ടിരിക്കുന്നത്? എന്നെ പേരു വിളിക്കണേ, ഇനി.
പ്രിവിലേജ് മാറ്റിവയ്ക്കാൻ ഫെമിനിസ്റ്റുകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന കാതലായ ചോദ്യം സതി ഉന്നയിക്കുന്നു. രണ്ടു കാര്യങ്ങളാണ് എനിക്ക് തോന്നുന്നത്. ഒന്ന്, പ്രവിലേജ് എന്നത് നമുക്കെത്ര ബോദ്ധ്യം വന്നാലും പെട്ടെന്നങ്ങു എടുത്തുകളയാവുന്ന ഒന്നല്ല. അതേപ്പറ്റി വിമർശനപരമായ ബോധ്യം ഉണ്ടാകാൻ തന്നെ ഒരുപാടു സമയവും പര്യാപ്തമായ സാഹചര്യങ്ങളും വേണം.

പര്യാപ്തമായ സാഹചര്യം എന്നത് പ്രധാനമാണ്. എന്റെ ഭാഗ്യത്തിന് 1980കളിലും 90കളിലും ഞാൻ പരിചയപ്പെട്ട ദളിത് ബുദ്ധിജീവികൾ- കുഞ്ഞാമൻ സാറും യേശുദാസൻ സാറും മറ്റു പലരും- എന്റെ സവർണലോകബോധം കണ്ട് അറപ്പുണ്ടായി എന്നെ ആട്ടിപ്പായിച്ചില്ല. മറിച്ച് അത് എത്ര വലിയ പാതകം തന്നെയാണെന്ന് എന്നെ അവർ ബോദ്ധ്യപ്പെടുത്തി- ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളിലൂടെയും, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലിലൂടെയും.
എന്നിട്ടും വളരെക്കാലം, ഇന്നും, സവർണ സാമാന്യബോധത്തിന് കീഴ്‌പ്പെടാതിരിക്കാൻ നിരന്തരം ശ്രമിക്കേണ്ടിവരുന്നു. ആത്മീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ട ആന്തരികമായ ആഴം കൈവരാതെ ജാതിമേധാവിത്വ പടുകുഴിയിൽ നിന്ന് കരകയറാനാകുമെന്ന് തോന്നുന്നില്ല.
സവർണ പശ്ചാത്തലത്തിൽ പിറക്കുന്നവരിൽ പലർക്കും സാഹചര്യം പലവിധത്തിലാണ്. എങ്കിലും അവരൊരിക്കലും അറിയാത്ത ജീവിതാനുഭവങ്ങളെ മൈത്രീപൂർണമായ (ബാബാസാഹേബ് ഉയർത്തിക്കാട്ടിയ ബുദ്ധമതമൂല്യം തന്നെ) അന്തരീക്ഷത്തിൽ അഭിമുഖീകരിക്കുന്ന വേളകളിലാണ് ജാതീയ കണ്ണുകാണായ്കകൾ അകന്നുതുടങ്ങുന്നതെന്ന അനുഭവം എനിക്കു മാത്രമല്ല, അതിൽ നിന്നകലാൻ ശ്രമിക്കുന്ന മറ്റു പലർക്കും ഉണ്ട്. എന്നാൽ ആ അനുഭവം സവർണ ഫെമിനിസ്റ്റുകൾ എന്ന് സതി വിശേഷിപ്പിക്കുന്ന പലർക്കും ഇല്ല. അതിനുള്ള ശ്രമം- ഹിന്ദുത്വ അധിനിവേശം നൂറു ശതമാനം ഉറപ്പായിക്കഴിഞ്ഞ ഈ കാലത്ത്- ഇരുപക്ഷത്തു നിന്നും ഉണ്ടായില്ലെങ്കിൽ ജാതിരഹിത ജനാധിപത്യം ഉണ്ടാകാനുള്ള സാദ്ധ്യത വീണ്ടും അകലും എന്നാണ് എനിക്കു തോന്നുന്നത്.

രണ്ടാമതായി, മേൽപ്പറഞ്ഞതുപോലെ മൈത്രീപൂർണമായ ഒരു ദൗത്യം ആവശ്യമാണെങ്കിലും, സതി സൂചിപ്പിക്കുന്ന വിമർശനദൗത്യം അത്രതന്നെ അത്യാവശ്യമാണെന്ന് ഞാൻ യോജിക്കുന്നു. കാരണം ഫെമിനിസ്റ്റ് ഇന്ന് എല്ലാത്തരം രാഷ്ട്രീയമുള്ളവരും അവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചു വിഴുങ്ങിക്കൊണ്ടിരിക്കുന്ന വാക്കാണ്. ഈ അവകാശവാദങ്ങളെ പക്ഷേ ഫെമിനിസ്റ്റ് ആഖ്യാനത്തിനു പുറത്താക്കുകയല്ല, ആഖ്യാനത്തിനുള്ളിൽത്തന്നെ പരസ്യവും സൂക്ഷ്മവുമായി വിലയിരുത്തി ഉത്തരവാദപ്പെടുത്തണമെന്നാണ് എന്റെ ആഭിപ്രായം.

ശാരദക്കുട്ടി
ശാരദക്കുട്ടി

സതി ശാരദക്കുട്ടിയുടെ കാര്യം സൂചിപ്പിക്കുന്നു. ശാരദക്കുട്ടിയുടെ ഫെമിനിസ്റ്റ് (സ്ത്രീവാദവും ഫെമിനിസവും രണ്ടും രണ്ടായതിനാൽ അവയെ പര്യായപദങ്ങളായി ഉപയോഗിക്കുന്നില്ല) അവകാശവാദങ്ങളെ അവരുടെ എഴുത്തിനെ, നിലപാടുകളെ സസൂക്ഷ്മം വായിച്ചുകൊണ്ടാണ് വിമർശിക്കേണ്ടത്. അതിലെ ബോധപൂർവമോ അല്ലാത്തതോ ആയ പൊരുത്തക്കേടുകളും മറച്ചുപിടിക്കലും വെളിവാക്കിക്കൊണ്ടാവണം അത്. ഓ, അതിനവർ അർഹയല്ല എന്നു പറയാൻ തോന്നിയേക്കാം, പക്ഷേ മുഖ്യധാരാ അസഹിഷ്ണുതയ്ക്കപ്പുറം നമ്മൾ പോവുക തന്നെ വേണമെന്ന് എനിക്കു തോന്നുന്നു. സംവാദം ഉണ്ടാകുന്നത് പൊതുവേ ജനാധിപത്യത്തിനു നല്ലതാണ്. അങ്ങനെയല്ലെങ്കിൽ കേരളത്തിൽ മുൻകാലങ്ങളിൽ ലിംഗാധികാരത്തെപ്പറ്റി സംസാരിച്ച എല്ലാവരേയും തള്ളിക്കളയേണ്ടി വരും. അത് ഗുണകരമായ രാഷ്ട്രീയമോ തന്ത്രമോ ആണെന്നു ഞാൻ കരുതുന്നില്ല. ഇപ്പറഞ്ഞവരെ അവരുടെ കാലത്തിനുള്ളിൽ വായിക്കുക, അവരുടെ പരിമിതികൾ മനസ്സിലാക്കുക, ആ പരിമിതികൾ നമ്മുടെ കാലത്തും നിലനിൽക്കുന്നത് തിരിച്ചറിയുക, അവയെ മറികടക്കാൻ ശ്രമിക്കുക - ഇതൊക്കെയാണ് എനിക്ക് ഗുണകരമായി തോന്നുന്നത്.

ഫെമിനിസം വലിയ കൂടാരമാണ്, അതിൽ എല്ലാവർക്കും ഇരിക്കാമെന്ന ലിബറൽ വാദക്കാരാണ് മേൽപ്പറഞ്ഞ വിമർശന-പരിശോധന ആവശ്യമില്ലെന്ന് കരുതുന്നവർ. വലിയ കൂടാരമായിരിക്കാം. പക്ഷേ അതിനുള്ളിൽ വരുന്നവർ പാലിക്കേണ്ടതായ മിനിമം ധാർമികത ഉണ്ട്. ആൺ-പെൺഭേദത്താൽ പീഡിതരായ എല്ലാവരുടേയും (അതിൽ പല ആണുങ്ങളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ഉൾപ്പെടും) ശബ്ദങ്ങളെ ശ്രദ്ധയോടെ, ബഹുമാനത്തോടെ കേൾക്കുക, അവരുടെ അനുഭവങ്ങളെ അംഗീകരിക്കുക എന്നതാണ് അത്. ഇതു പാലിക്കാത്തവരെ ചൂണ്ടിക്കാട്ടുക തന്നെ വേണം.

എന്നാൽ ഈ ധാർമികത സവർണ-അവർണ, ധനിക-ദരിദ്ര-ഭേദമന്യേ പാലിക്കേണ്ടതുണ്ട്. പ്രിവിലേജ് അനുഭവിക്കുന്നവർ അത് കൂടുതലായിത്തന്നെ പാലിക്കണം. പക്ഷേ പ്രിവിലേജ് ഇല്ലാത്തവരും അതിനെ മാനിക്കുക തന്നെ വേണം. ആഢ്യത്തത്തിന്റെ ഉച്ചിയിൽ കഴിഞ്ഞിട്ട് ഒരു ഗ്ലാസ് പാലുപോലും എടുത്തുകുടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളെ എനിക്കു പരിചയമുണ്ട്. വിദ്യാഭ്യാസവും സൗകര്യവും എല്ലാം തികഞ്ഞിട്ടും അടിച്ചേൽപ്പിക്കപ്പെട്ട വിവാഹവും അതിനുള്ളിലെ പീഡനവും സഹിച്ചുകഴിഞ്ഞില്ലെങ്കിൽ കൊല ചെയ്യപ്പെടുമെന്നു ഭയന്നുജീവിക്കുന്ന സ്ത്രീകളെ എനിക്കറിയാം. ഈ അനുഭവങ്ങൾ ഫേക്ക് അല്ല. എല്ലാ ദരിദ്രരും ജാതിമർദ്ദനത്തിന്റെ ഇരകളും അതിനെതിരെ പ്രതികരിക്കാത്തതുപോലെ മേൽജാതികളിലെ പുരുഷാധികാര ഇരകളായ സ്ത്രീകളും പലപ്പോഴും ശബ്ദിക്കാറില്ല.

ചുരുക്കിപ്പറഞ്ഞാൽ, ഓരോരുത്തരുടേയും പിതൃമേധാവിത്വത്തിന്റെ സങ്കീർണതയെ അംഗീകരിക്കുക, ഓരോരുത്തരും നടത്തുന്ന സമരങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാനാവുന്നതും ആവാത്തതുമായ പരിമിതികൾ ഉണ്ടെന്ന് കാണുക, ആ പരിമിതികളെ എങ്ങനെ മറികടക്കാമെന്നതിനെപ്പറ്റി മൈത്രീപൂർണമായ ചർച്ചകൾ നടത്തുക, എന്നാൽ ഫെമിനിസ്റ്റു കൂടാരത്തിൽ കൂടാൻ അതിൽ എല്ലാവർക്കും ബാധകമായ ഒരു മിനിമം ഇന്റർസെക്ഷണൽ അവബോധത്തിലൂന്നിയ ധാർമ്മികത ഉണ്ടായിരിക്കണമെന്ന് തറപ്പിച്ചു തന്നെ പറയുക - ഇതുവേണമെന്നാണ് എനിക്കു തോന്നുന്നത്.
അല്ലെങ്കിൽ എല്ലാത്തിനേയും കറുപ്പും വെളുപ്പുമായി പകുക്കുന്ന, ദേശീയവാദമടക്കമുള്ള ഹിംസാപ്രത്യയശാസ്ത്രങ്ങളുടെ ഒരു വകഭേദത്തിലേക്ക് നമ്മളും കൂപ്പുകുത്തും. അത് എളുപ്പും സൗകര്യവുമായി അനുഭവപ്പെട്ടേക്കാം, പക്ഷേ ചതിക്കുഴി തന്നെയാണ് അത്.

സവർണ പ്രിവിലേജ് ഉപയോഗിച്ച് ജീവിക്കുന്ന ഫെമിനിസ്റ്റുകളെപ്പറ്റി സതി പറയുന്നു. സവർണ പ്രവിലേജുകളുടെ അടിത്തറയിൽ സ്വയം കെട്ടിയുയർത്തിയ വ്യക്തിപരമായ സാമൂഹ്യ-സാംസ്‌കാരിക മൂലധനത്തെ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവരോടും ബഹിഷ്‌കൃതരോടും (ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ ബഹിഷ്‌കൃതരാണ് -വിഭവങ്ങളുടെ അപ്രാപ്യത മാത്രമല്ല അവരുടെ പ്രശ്‌നം) നീതി കാണിക്കാൻ, അവരുടെ ശബ്ദങ്ങൾക്ക് ഇടമുണ്ടാക്കാൻ, അവർക്ക് ന്യായമായും, ഭരണഘടനാപരമായി അവകാശപ്പെട്ട വിഭവങ്ങൾ നേടിയെടുക്കാനുള്ള സമരത്തെ ശക്തിപ്പെടുത്താൻ, എല്ലാം പ്രയോഗിക്കുകയാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു. ആ ശ്രമം പ്രിവിലേജുള്ള എല്ലാ ഫെമിനിസ്റ്റുകളും അത് എത്രതന്നെ പ്രയാസകരമായാലും നടത്തുകതന്നെ വേണം. ആ പ്രയോഗം കുറ്റമറ്റതോ പര്യാപ്തം തന്നെയോ ആകാൻ പക്ഷേ കൂട്ടായ പരിശ്രമം വേണം.

പക്ഷേ പൊതുവേ പറഞ്ഞാൽ (അതായത് സതി പരാമർശിച്ച വ്യക്തികൾക്കപ്പുറം പോയാൽ) പ്രിവിലേജുകളെ മുഴുവൻ അഴിച്ചുവയ്ക്കാൻ പ്രേരിപ്പിക്കുന്ന വിപ്‌ളവകരമായ ഒരു പൊതു രാഷ്ട്രീയസാഹചര്യം കൂടിയുണ്ടായാലേ ഇത് വ്യാപകമായ രീതിയിൽ ഉണ്ടാവൂ. Hegemonic ആയ ജാതിവിരുദ്ധ അവബോധം സൃഷ്ടിച്ചാലേ അതുണ്ടാവൂ. അതില്ലാത്തപ്പോൾ പിതൃമേധാവിത്വത്തിന്റെ കുരുക്ക് അൽപമൊന്ന് അയഞ്ഞാലും മറ്റ് അധികാര അച്ചുതണ്ടുകളനുസരിച്ച് ചലിക്കുന്നവരാവും സവർണസ്ത്രീകൾ.

വിജയൻ നായർ
വിജയൻ നായർ

അവസാനമായി സതി എന്റെ ചില പ്രതികരണങ്ങളെപ്പറ്റി പരാമർശതിനെക്കുറിച്ചും ചിലതു പറയാം. മൈത്രീബോധമില്ലാതെ വളരുന്ന രാഷ്ട്രീയബന്ധങ്ങൾ എത്രത്തോളം ദുർബലങ്ങളാണെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ സൂചന. സണ്ണി കപിക്കാടാണ് പരാമർശിതനായ ദളിത് ബുദ്ധിജീവി. അദ്ദേഹത്തോടും കെ. കെ. ബാബുരാജ്, അജിത് കുമാർ എ.എസ്, രേഖ രാജ് മുതലായവരോടും പലപ്പോഴും എനിക്കുണ്ടായ വിയോജിപ്പുകൾ പരസ്യമാണ് (സവർണജന്മ ബുദ്ധിജീവികളോടെന്ന പോലെതന്നെ). ഹാദിയുടെ സമരത്തെ ഏതാണ്ടു തിരസ്‌കരിച്ചുകൊണ്ട് സണ്ണി നടത്തിയ പരാമർശം വികാരപരമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ അത് ആ സ്ത്രീയെയും അവരോടൊപ്പം നിന്ന സ്ത്രീകളെയും മുസ്‌ലിംവിരുദ്ധഭരണകൂടത്തിന് എറിഞ്ഞുകൊടുക്കുന്നവരുടെ കൈ ശക്തിപ്പെടുത്തിയെന്നതിനെപ്പറ്റി എനിക്കിന്നും സംശയമില്ല. തെറ്റുപറ്റിയാൽ തുറന്നുപറയുന്നത് തീർത്തും നല്ലകാര്യമാണെന്നും ജാതിവിരുദ്ധസംസ്‌കാരത്തിൽ ഉണ്ടായിരിക്കേണ്ട മൂല്യമാണെന്നും ഞാൻ വിശ്വസിക്കുന്നു, അതിന് സണ്ണിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

പുസ്തകം വലിച്ചെറിഞ്ഞ കഥ മെനഞ്ഞവർക്കെതിരെ തെളിവില്ല എന്റെ കൈയിൽ. പുസ്തകത്തിലെ ആശയങ്ങളെയല്ല, ആ പുസ്തകത്തെ അങ്ങേയറ്റം അലക്ഷ്യമായി, മര്യാദക്ക് പ്രൂഫ് റീഡിങ് പോലും നടത്താതെ, ലേഖനങ്ങളുടെ ക്രമീകരണത്തെപ്പോലും കാര്യമായി ശ്രദ്ധിക്കാതെ, ഇറക്കിയതിനെയാണ് വലിച്ചെറിഞ്ഞത്. അതാണ് പുസ്‌കത്തിന്റെ വില വാങ്ങാൻ വന്ന വ്യക്തിയോടു പറഞ്ഞതും. ഇയാളോട് സണ്ണി ഹാദിയയെ അപായപ്പെടുത്തുന്ന പരസ്യപ്രസ്താവന ഇറക്കിയതിൽ ഞാനും വികാരപരമായ സംസാരിച്ചുവെന്നു തന്നെ കൂട്ടിക്കൊള്ളൂ. പക്ഷേ അതിനെപ്പറ്റി എന്നെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചർച്ചക്കു തയ്യാറായ ഒരു ആൺപട അദ്ദേഹത്തിനൊപ്പം (അദ്ദേഹമല്ല അവരെ നയിക്കുന്നതെങ്കിലും) ഉണ്ട്.

കേരളത്തിലെ സാംസ്‌കാരിക പൊതുമണ്ഡലത്തിലെ ചരിത്രപരമായ പതിവാണത്- സ്ത്രീകളായ ബുദ്ധിജീവികൾക്ക് ആരാധകപ്പട ഇല്ലാതിരിക്കുക എന്നത് (ദീപ നിശാന്ത് ബുദ്ധിജീവിയാണെന്ന് ഞാൻ വിചാരിക്കുന്നില്ല).

എന്തായാലും തെളിവില്ലാത്ത സ്ഥിതിക്ക് ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇതു പറഞ്ഞുപരത്താൻ ഉത്സാഹിച്ചയാൾ തിരുവനന്തപുരത്ത് ദളിത് വിഷയങ്ങളിൽ ഇടപെടാൻ എന്നെ പലപ്പോഴും ക്ഷണിച്ചിരുന്ന വ്യക്തിയാണ്. ഇക്കാര്യത്തിൽ ഫോണെടുത്ത് നേരിട്ട് ചോദ്യംചെയ്യാൻ അയാൾക്കു തോന്നിയില്ല. നേരത്തെ പറഞ്ഞതുപോലെ, ജൈവികമായ, തുറന്ന, ഇരുവശത്തുമുള്ളത് ചത്തുപോകുന്ന ദേഹങ്ങൾ മാത്രമാണെന്ന തിരിച്ചറിവോടുകൂടിയ പാരസ്പര്യങ്ങൾ വളർത്തിയാലല്ലാതെ നമ്മെ ഇന്നു പൊതിയുന്ന വിശ്വാസക്കുറവുകളും അസഹിഷ്ണുതയും ഒഴിഞ്ഞുപോവില്ല.

ബ്രാഹ്മണപിതൃമേധാവിത്വത്തിനു കീഴിൽ കഴിവതും സമരം ചെയ്ത് മനുഷ്യത്വപൂർണമായ ആത്മീയതയുടെ ജീവിതം ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. ആ സമരത്തെ സഹായിക്കുന്നവരോടു സഹകരിക്കുന്നു, അവരിൽ നിന്ന് പഠിക്കുന്നു, അതിനെ പുച്ഛിച്ചുതള്ളുന്നവരിൽ നിന്ന് അകന്നു നിൽക്കുന്നു. മൈത്രിയെന്ന മൂല്യത്തിന്റെ വില - ബാബാസാഹേബ് അതിനു നൽകിയ വ്യാഖ്യാനത്തിനു പിന്നിലെ ഉദ്ദേശ്യം -മനസ്സിലാക്കിയതുകൊണ്ട് മേൽപ്പറഞ്ഞ കൂട്ടരോട് മത്സരിക്കാനോ ക്രോധത്തോടെ ഇടപെടാനോ ഉള്ള വാസനയെ അടക്കാൻ ശ്രമിക്കുന്നു. അതുതന്നെയാണ് ഉൾക്കൊള്ളാൻ ഇടവും മനസ്സുമുള്ള ഫെമിനിസത്തിന്റെ മാർഗം.


Summary: ബുദ്ധിജീവികളായ രണ്ട് ഫെമിനിസ്റ്റുകൾ - സതി അങ്കമാലിയും ജെ. ദേവികയും- ഫെമിനിസ്റ്റ് ആശയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ നടത്തിയ സംവാദത്തെ ക്രോഡീകരിക്കുകയാണ് ട്രൂ കോപ്പി തിങ്ക്. ദളിത് / സവർണ ഫെമിനിസം, ദളിത് / സവർണ വിഭാഗങ്ങളിലെ പിതൃമേധാവിത്വത്തിന്റെ ഏറ്റക്കുറച്ചിലുകൾ, ദളിതത്വത്തിനും സവർണതയ്ക്കും പുറത്തെ ഫെമിനിസ്റ്റ് നില തുടങ്ങിയ ആശയങ്ങൾ അഭിപ്രായ വ്യത്യാസത്തോടെയും അഭിപ്രായ ഐക്യത്തോടെയും പരസ്പര ബഹുമാനത്തോടെ ഇതിൽ സംവദിക്കപ്പെടുന്നു. കഠിനമായ ആശയ അഭിപ്രായങ്ങളുള്ളപ്പോഴും ആരോഗ്യകരമായി ഒരു പൊതുവേദിയിൽ, പ്രത്യേകിച്ച് ഓൺലൈൻ പ്ലാറ്റ്​ഫോമിൽ സംവദിക്കാൻ കഴിയുന്നു എന്നതാണ് ഈ ചർച്ചയുടെ പ്രസക്​തി.


Comments