സ്ത്രീ പുരുഷന്റെ 'സംരക്ഷണ'യിൽ ചുരുണ്ടുകഴിയുന്ന കാലം കഴിഞ്ഞു

സംരക്ഷണം എന്നത് നിയന്ത്രണം കൂടിയാണെന്നത് തിരിച്ചറിയാൻ വൈകിയാണെങ്കിലും സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എന്നതിനേക്കാൾ കുടുംബത്തിനും സമുദായത്തിനും വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒരു ബാദ്ധ്യതയായി സ്ത്രീകളെ കാണുന്ന സംസ്‌കാരം തുടർന്നുപോന്നതായി കാണാം.

സ്വന്തം ഭാവനയിലൂടെയും ചിന്തയിലൂടെയും സ്ത്രീകൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലത്തിലേക്ക് നമ്മൾ കടന്നുതുടങ്ങി. ഒരു പുരുഷന്റെ സംരക്ഷണയിൽ ചുരുണ്ടുകഴിയുന്നതിൽ നിന്ന മാറി പരസ്പരം ചുമലുകൾ ചേർത്തുനിൽക്കാൻ സ്ത്രീകൾ ശീലിച്ചുവരുന്നു. സ്ത്രീകൾ കരുത്ത് നേടുമ്പോൾ മുൻധാരണകൾ വച്ച് മെനയുന്ന ആണധികാരതന്ത്രങ്ങൾ അൽപ്പാൽപ്പം പതറിപ്പോകുന്നുണ്ട്. എന്തോ നഷ്ടപ്പെടാനുണ്ടെന്ന ഭീതിയിൽ സ്ത്രീകളെ കാലങ്ങളോളം പെടുത്താൻ പാട്രിയാർക്കിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, എന്ത് നഷ്ടപ്പെടാനാണെന്ന പെണ്ണിന്റെ മറു ചിന്തയിൽ ഇക്കാലമത്രയും കെട്ടിപ്പൊക്കിയ കപട മാനബോധം ഉടഞ്ഞു പോവുകയേ ഉള്ളൂ.

സംരക്ഷണം എന്നത് നിയന്ത്രണം കൂടിയാണെന്നത് തിരിച്ചറിയാൻ വൈകിയാണെങ്കിലും സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എന്നതിനേക്കാൾ കുടുംബത്തിനും സമുദായത്തിനും വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒരു ബാദ്ധ്യതയായി സ്ത്രീകളെ കാണുന്ന സംസ്‌കാരം തുടർന്നുപോന്നതായി കാണാം. കുട്ടിക്കാലത്ത് സ്‌നേഹപരിലാളനകളോടൊപ്പമാണ് ഈ നിയന്ത്രണങ്ങൾ വരുന്നത് എന്നതുകൊണ്ട് പെൺകുട്ടികൾക്ക് ഇത് തിരിച്ചറിയുക എളുപ്പമല്ല. വളരുമ്പോൾ സ്വതന്ത്ര വ്യക്തികളായി മാറാനാണ് എല്ലാവർക്കും സഹജമായുണ്ടാകുന്ന താൽപര്യം. എന്നാൽ, പെൺകുട്ടികൾ വളർന്നുകഴിഞ്ഞാലും ഈ അവസ്ഥ തുടരുകയാണ്.

വളർന്നുവരുന്ന പെൺകുട്ടികൾക്ക് അവരുടെ ദേഹത്തേക്ക് ക്ഷണിക്കാതെ വരുന്ന നോട്ടങ്ങൾ അരോചകമായിരിക്കും. സ്വന്തം ശരീരത്തെ തന്നെ ആ സമയത്ത് വെറുത്തിരുന്നതായി ധാരാളം സ്ത്രീകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നോട്ടത്തിലൂടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും കമന്റ് ചെയ്യാനുമുള്ള സാമൂഹ്യാനുമതി പുരുഷന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് നല്കപ്പെട്ടിരുന്നു. മാനത്തിനും അപമാനത്തിനും ഇടയിൽ ഒരു നൂൽപ്പാലത്തിലെന്ന പോലെ ശ്രദ്ധിച്ചു നടക്കുക എന്നത് സ്ത്രീകളുടെ ബാധ്യതയായി മാറുന്നു.

അപമാനത്തിന്റെ ഭാരം ഇരകളുടെ മേൽ വന്നുവീഴുന്നു എന്നതാണ് ലൈംഗികാതിക്രമത്തിന്റെ സവിശേഷത. അങ്ങനെയാണ് അത് മൗനത്തിന്റെ സംസ്‌കാരമായി (Culture of silence) മാറിയത്. അതിക്രമത്തിന് വിധേയയായവൾ ഒന്നുകിൽ മിണ്ടാതിരിക്കണം. അഥവാ പുറത്തായാൽ ആത്മഹത്യ ചെയ്യണം. ഇതിനിടയിൽ വിഷാദമോ ഭ്രാന്തോ ആകാം. കുടുംബത്തിന്റെ മാനം കാക്കേണ്ടത്, അതിലെ മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്വമാണ്. വിധേയപ്പെട്ടവളുടെ മേൽ കുറ്റം ചാർത്തേണ്ട ഗതികേടിലേക്ക് അവർ എത്തിപ്പെടുന്നു.

തുല്യാവകാശങ്ങളെ കുറിച്ച് ബോധമുണ്ടായ സ്ത്രീകൾ, പൊതുരംഗത്തേക്ക് കടന്നുവരേണ്ടത് അവരുടെ ജീവിതത്തിന്റെ അനിവാര്യതയായി മനസ്സിലാക്കി. വോട്ടവകാശം, വിദ്യാഭ്യാസം, കല, സാഹിത്യം, സിനിമ തുടങ്ങി എല്ലാ മേഖലയിലേക്കും സ്ത്രീകൾ കടന്നുവരാൻ തുടങ്ങി. ഒരു വശത്ത് പുറത്തേക്ക് വരുകയും അതുകൊണ്ടുതന്നെ ലൈംഗികാതിക്രമങ്ങൾക്കുള്ള ഇടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. മറുവശത്ത്, റേപ്പിന്റെയും തുടർമൗനത്തിന്റേയും സംസ്‌കാരം അവരെ വീണ്ടും വീടുകളിലേക്ക് തളച്ചിടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ മൗനം ഭേദിക്കുക തന്നെയാണ് മാർഗമെന്ന് സ്ത്രീകൾ കണ്ടെത്തി.

സ്ത്രീകളുടെ തുറന്നുപറച്ചിലിൽ നിന്ന് വെളിപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. സ്ത്രീകൾ കൂടുതലും ലൈംഗികാതിക്രമങ്ങൾക്ക് വിധേയപ്പെടുന്നത് വീടിനുള്ളിലും അടുത്ത ബന്ധുക്കളിൽ നിന്നും അടുത്ത് ഇടപഴകുന്നവരിൽ നിന്നും ആണെന്നതാണത്. അപ്പോൾ പിന്നെ വീട്ടിൽ തന്നെ ഇരുന്നിട്ട് കാര്യമുണ്ടോ തുറന്ന് സംസാരിക്കുക, പരസ്പരം പങ്കുവക്കുക, തോളോടുതോൾ ചേരുക, ആശയസംവാദങ്ങളിൽ ഏർപ്പെടുക, വീടകവും പുറവും തമ്മിലുള്ള മതിൽ പൊളിക്കുക, ദൈനംദിന ജീവിതത്തിലും, നിയമത്തിലും പുതിയ വ്യവഹാരങ്ങൾ ചമയ്ക്കുക എന്നതൊക്കെയാണ് സ്ത്രീകൾക്ക് ചെയ്യാവുന്നത്. 'അപമാനം സ്ത്രീകളെ നിശ്ശബ്ദരാക്കരുത്, അപമാനിക്കപ്പെടാത്ത ജീവിതത്തിലേക്ക് ഉയരുക, അപമാനിക്കൽ ഒരു അക്രമമാണെന്ന് തിരിച്ചറിയുന്നത് വിപ്ലവമാണ്' എന്ന് കേറ്റ് മില്ലെറ്റ് (ഗമലേ ങശഹഹല)േ എന്ന ഫെമിനിസ്റ്റ് ചിന്തക പറഞ്ഞിരിക്കുന്നു.

കേരളത്തിലെ മനുഷ്യരുടെ സ്വാത്മബോധത്തിൽ വന്ന മാറ്റം, രക്ഷിതാക്കളുടെയോ സംഘടനകളുടെയോ നേരിട്ടുള്ള ഇടപെടൽ കൂടാതെ തന്നെ സ്ത്രീകൾക്ക്, തങ്ങളുടെ നേർക്കുള്ള അനീതികളെ അവിടവിടെ ആയെങ്കിലും തുറന്നുകാണിക്കാൻ പ്രേരകമാവുന്നുണ്ട്. പണ്ട് അപമാനം ഭയന്ന് മറച്ചുവച്ചേക്കാമായിരുന്ന അക്രമങ്ങൾ സ്ത്രീകൾ വിളിച്ചുപറയുകയും പരാതിപ്പെടുകയും ചെയ്യുന്നു. ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ പല സംഭവങ്ങളിലും, പലതരം സാമൂഹ്യ പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 'എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല' എന്ന പ്രതികരണങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്.

സ്ത്രീകളുടെ തുറന്നുപറച്ചിലുകൾക്ക് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോളം തന്നെ പഴക്കമുണ്ട്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തിയ ആശയങ്ങൾ വ്യാപകമാക്കി പൊതുബോധത്തെ മാറ്റിമറിക്കാൻ കഴിഞ്ഞത് സമൂഹമാധ്യമങ്ങൾക്കാണ്. മീ ടൂ, ഹാഷ് ടാഗ് ക്യാംപയിൻ ലോകത്തിൽ എല്ലായിടത്തും മാറ്റങ്ങളുണ്ടാക്കി. തങ്ങൾക്ക് നേരിടുന്ന അപമാനത്തെ, അപമാനിക്കൽ കൊണ്ടു തന്നെ നേരിടുന്ന രീതിയാണിത്. ദീർഘകാലം നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗം ഇതിലൂടെ നീതിന്യായ വ്യവസ്ഥയേയും സാമൂഹ്യ നീതിയെയും ചോദ്യം ചെയ്യുകയും സ്വാധീനിക്കുകയും ചെയ്തു.

ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം
പെൺഭാവനകൾ പൂക്കുന്നിടം |ഡോ. എ.കെ. ജയശ്രീ

Comments