സ്ത്രീകളേ, നിങ്ങൾക്ക് ആവശ്യമില്ലാത്ത ഗർഭം നിങ്ങൾ പേറേണ്ടതില്ല

കൊച്ചിയില്‍ യുവതി നവജാതശിശുവിനെ ഫ്ലാറ്റില്‍നിന്ന് റോഡിലേക്കെറിഞ്ഞുകൊന്ന വാര്‍ത്ത മാതൃത്വത്തെ വിശുദ്ധസങ്കൽപ്പമാക്കുന്ന പാട്രിയാർക്കിയുടെ ഭാഷയിലാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. എന്നാൽ, വിവാഹിതയോ അവിവാഹിതയോ ആയ എല്ലാ സ്ത്രീകൾക്കും ലൈംഗികബന്ധത്തിലേർപ്പെട്ടാലും, ഗർഭധാരണം സംഭവിച്ചാലും നൊന്തു പെറാതെയും ശിശുഹത്യ നടത്താതെയും സ്വതന്ത്രരായി തൊഴിൽ ചെയ്ത് ജീവിക്കാൻ ഇന്ത്യയിൽ ഭരണഘടനാപ്രകാരമുള്ള നിയമങ്ങൾ വാതിൽ തുറന്നിട്ട് അനുമതി നൽകിയിട്ടുണ്ട്- ഡോ. ജയകൃഷ്ണൻ ടി. എഴുതുന്നു.

‘നൊന്ത് പെറ്റിട്ട് കൊന്നു…’, ഇങ്ങനെ യൊക്കെയാണ് പാട്രിയാക്കിയുടെ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട്, മാതൃത്വത്തിൻ്റെ കുറ്റിയിൽ ജെൻഡർ സ്റ്റീരിയോടൈപ്പ് ചെയ്ത്, നവജാത ശിശുവിനെ കൊന്ന അവിവാഹിതയായ യുവതിയുടെ ശിക്ഷ മുൻപേജിൽ തന്നെ മുതിർന്ന മാധ്യമങ്ങൾ വിധിച്ചത്.

വിവാഹിതയോ അവിവാഹിതയോ ആയ എല്ലാ സ്ത്രീകൾക്കും ലൈംഗികബന്ധത്തിലേർപ്പെട്ടാലും, ഗർഭധാരണം സംഭവിച്ചാലും നൊന്തു പെറാതെയും ശിശുഹത്യ നടത്താതെയും സ്വതന്ത്രരായി തൊഴിൽ ചെയ്ത് ജീവിക്കാൻ ഇന്ത്യയിൽ ഭരണഘടനാപ്രകാരമുള്ള നിയമങ്ങൾ വാതിൽ തുറന്നിട്ട് അനുമതി നൽകിയിട്ടുണ്ട്. ഈ അനുമതികളുടെ തുറന്ന മൈതാനത്തിലെ പുല്ലുകൾ മേയാൻ അവർക്ക് അറിവുകളും വേണ്ടതുണ്ടെന്നു തോന്നുന്നു. കരയിലുള്ള കുതിരക്ക് വെള്ളം കുടിക്കാൻ ദാഹം വേണ്ടതുപോലെ, ഇതിന് തിരിച്ചറിവുകളും വേണ്ടതുണ്ടെന്നുതോന്നുന്നു.

ആർത്തവചക്രത്തിലെ സുരക്ഷിതമല്ലാത്ത വേളകളിലോ, ഗർഭനിരോധന മാർഗ്ഗമുപയോഗിക്കാതേയോ, നിരോധന മാർഗ്ഗങ്ങൾ പരാജയപ്പെടുകയോ, സ്വയം സമ്മതമില്ലായെയോ ലൈംഗികതയിൽ ഏർപ്പെട്ടാൽ അവർക്ക് ഗർഭധാരണം സംഭവിക്കാതിരിക്കാൻ ഗുളിക ഉപയോഗിക്കാനും വിൽക്കാനും ഇന്ത്യയിൽ ഡ്രഗ് കൺട്രോളർ ജനറൽ 2003- ൽ തന്നെ അനുമതി ന ൽകിയിട്ടുണ്ട്. ലിവോ നോർജെസ്ട്രൽ അടങ്ങിയ ഹോർമോൺ ഗുളിക 12 മണിക്കൂറിനുള്ളിൽ വിഴുങ്ങിയാൽ മതി. ഇത് വൈകുകയാണെങ്കിൽ മാക്സിമം 72 മണിക്കൂറിനുള്ളിൽ (3 ദിവസം) ചവക്കാതെ കഴിച്ചിരിക്കണം.

തങ്ങൾക്ക് ആവശ്യമുള്ള പക്ഷം ഈ സ്വാതന്ത്ര്യം ഒരോ സ്ത്രീക്കും ഉപയോഗിക്കാം.

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി 34 വർഷം വരെ ഇന്ത്യയിൽ ഏതു വിധേയേനയുള്ള ഗർഭഛിദ്രവും പഴയ ബ്രിട്ടീഷ് നിയമമനുസരിച്ച് മൂന്നു കൊല്ലം തടവും പിഴയും ഇടാക്കുന്ന കുറ്റമായിരുന്നു. അതിനാൽ തന്നെ പ്രാകൃതമായതും അശാസ്ത്രീയതുമായ ഗർഭമലസിപ്പിക്കൽ രീതി വഴി അനേകായിരം സ്ത്രീകൾ ഇവിടെ മരിച്ചുകൊണ്ടിരുന്നു. അക്കാലത്തെ മാതൃമരണ ങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാരണങ്ങൾ കൊണ്ടായിരുന്നു. മറ്റ് പരിഷ്കൃത സമൂഹങ്ങൾക്കൊപ്പം 1971- ലാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. (Medical Termination Act, 1971).

ഇതനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ 20 ആഴ്ച വരെയുള്ള ഗർഭം ടെർമിനേറ്റ് ചെയ്യാം. നാല് മാസമോ / പന്ത്രണ്ട് ആഴ്ചയോ വരെയുള്ള ഗർഭം ടെർമിനേറ്റ് ചെയ്യാൻ ലൈസൻസുള്ള ഒരു ഡോക്ടറുള്ള സ്ഥാപനങ്ങൾക്കും അതിനുശേഷം 20 ആഴ്ച വരെയുള്ളത് രണ്ട് വിദഗ്ധ ഡോക്ടർമാരുള്ള ആശുപത്രികളിലും നടത്താം. സുരക്ഷ ഉറപ്പു വരുത്താൻ 2002- ലെ നിയമപ്രകാരം ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ജില്ലാ ഹെൽത്ത് അതോറിറ്റകളുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നും ചട്ടവും ഉണ്ടാക്കി.

ആദ്യമായി കണ്ടുപിടിക്കപ്പെട്ട മരുന്നുകൾ ഇവിടേയും ലഭ്യമായപ്പോൾ തന്നെ, 2003- ൽ, ഏഴ് ആഴ്ച വരെയുള്ള ഗർഭം ശസ്ത്രക്രിയ ഒഴിവാക്കി ഗർഭഛിദ്ര മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്ത് അലസിപ്പിക്കാനുള്ള ലൈസൻസും ഡോക്ടർമാർക്ക് ഇന്ത്യയിൽ നൽകിയിട്ടുണ്ട്. എന്നാൽ, സ്ത്രീകളുടെ ശരീരത്തിനുമേലുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ 2021- ൽ ഭേദഗതിയിലൂടെ നിയമപ്രകാരമുളള ഗർഭഛിദ്രത്തിൻ്റെ നിയമപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയാക്കി (ആറു മാസം) വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ ആനുകുല്യം പ്രായപൂർത്തിയാകാത്ത ഗർഭിണികൾക്കും, ലൈംഗികാക്രമണത്തിന് വിധേയരായവർക്കും ഭിന്നശേഷിയുള്ളവർക്കുമാണ്. സാമൂഹ്യമായോ സഹതാപം കൊണ്ടോ ചികിത്സാ പരമായ കാരണങ്ങളുടെ പശ്ചാത്തലം പരിഗണിച്ചോ പരിശീലനം കിട്ടിയ മെഡിക്കൽ ഓഫീസർമാർക്ക് വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനമില്ലാതെ ഇപ്പോൾ ഗർഭഛിദ്രം നടത്തിക്കൊടുക്കാം. വിധവകൾക്കും, വിവാഹമോചിതകൾക്കും അതിജീവിതകൾക്കും ബലാൽസംഗ ഇരകൾക്കും ഇതിൽ പ്രത്യേക പരിഗണന നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘പിഴച്ച്’ പോയെന്ന സാമൂഹ്യ വിചാരണയെ പേടിച്ച് സ്ത്രീകൾ തങ്ങളുടെ അടിവയറ്റിൽ ഗർഭം ഒളിപ്പിച്ചുവെയ്ക്കുന്ന രീതി ഉപേക്ഷിക്കാൻ പ്രേരണ നൽകുന്നതാണ് ഈ വ്യവസ്ഥ. ഇതിലൊക്കെ ഗർഭിണികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും വ്യക്തികളുടെ ഐഡൻറിറ്റി പുറത്താക്കരുതെന്നും ആശുപത്രി ജോലിക്കാർക്ക് കർശന നിഷ്ക്കർഷകളും നിയമത്തിൽ നൽകിയിട്ടുണ്ട്.
പോരാതെ ഗർഭസ്ഥശിശുവിന് എന്തെങ്കിലും ശാരീരിക വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ അത് ശിശു - സ്ത്രീ- റേഡിയോളജി വിദഗ്ധർ സാക്ഷ്യപ്പെടുത്തിയാൽ 24 ആഴ്ചകൾക്കുശേഷവും സംസ്ഥാന ക്ലിനിക്കൽ ബോർഡിൻ്റെ സമ്മതത്തോടെ ഗർഭഛിദ്രം നടത്താവുന്നതാണ്.

ഗർഭിണിയായെന്ന് തിരിച്ചറിഞ്ഞശേഷം സ്വയം ഒളിപ്പിച്ചുവെച്ചിട്ടും വീട്ടുകാരുടേയും നാട്ടുകാരുടേയം സദാചാരത്തിൻ്റെ തടവിൽ മാസങ്ങളോളം കഴിഞ്ഞ ഈ യുവതിക്ക് ഈ വിവേചനബുദ്ധി നൽകാൻ കപട ലൈംഗിക സദാചാരികളായ നമ്മൾ ഇനി എന്നാണ് തയ്യാറാകുക?
അതുവരെ ഈ യുവതികൾ വഴിമുട്ടിയ ജീവിതവുമായി നൊന്തു പെറ്റ്, ശിശുഹത്യ ചെയ്ത് കൊലയാളിയായി ഏതെങ്കിലും തടവറകളുടെ അഴിയെണ്ണാനായിരിക്കും വിധിക്കപ്പെടുക. അതു കൊണ്ട് സ്ത്രീകളേ (പെങ്ങൾ വിളികളെ ചവറ്റു കൊട്ടയിലെറിഞ്ഞുകൊണ്ടുതന്നെ), നിങ്ങൾക്ക് ആവശ്യമില്ലാത്ത ഗർഭം നിങ്ങൾ പേറേണ്ടതില്ല. വേണ്ടാത്തത് പത്തു മാസം ഒളിച്ചുവെച്ച് നൊന്തു പെറുകയോ പെറ്റതിനെ കൊല്ലുകയോ കൊന്നിട്ട് ജയിലിലോ പോകേണ്ടതില്ല. പുറമേ പ്രാകൃതമായ ആദിപാപത്തിൻ്റെ കുറ്റബോധവും പേറി ‘പിഴച്ച് പെറ്റു’ എന്ന തടവറയിൽ കഴിയേണ്ടതുമില്ല.

തൻ്റേതായ ഗർഭപാത്രത്തിലെ ഭ്രൂണത്തിൻ്റെ അവകാശം സ്വന്തം കൈയ്യിലെടുക്കുക. രാജ്യത്ത് ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കാൻ ശ്രമം നടത്തുക. ഗർഭനിരോധനത്തിൻ്റെ അറിവും പ്രയോഗങ്ങളും ആയുധമാക്കുക.

Comments