അസ്​മരി: ആക്രമിക്കപ്പെടുന്ന പെണ്ണ്​ സിനിമയിലെ നായികയാകുമ്പോൾ

ഞങ്ങൾക്ക് സ്വാതന്ത്ര്യമെന്ന വാക്കുപോലും അപരിചിതമാണ്. ഹിജാബ് ധരിച്ച് ഒരു നടി ഒരു വേഷം ചെയ്താൽ ആ ഹിജാബിനുള്ളിൽ അവൾ വിനീതയും അധികം സംസാരിക്കാത്തവളും ആയിരിക്കണം. എന്നാൽ ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഞങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യ ജീവികൾ തന്നെയാണ്. എന്നാൽ ഹിജാബ് ധരിച്ചാലും ഷോട്ട്സ് ധരിച്ചാലും ഞങ്ങൾ ഒരേ പ്രശ്നങ്ങളാണ് നേരിടുന്നത്. 26ാമത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓപണിംഗ് സിനിമയായി പ്രദർശിപ്പിച്ച രെഹാന മരിയം നൂർ എന്ന ബംഗ്ലാദേശ് ചലച്ചിത്രത്തിലെ നായിക അസ്​മരി ഹഖ് ബാധോൻ ‘തിങ്കു’മായി സംസാരിക്കുന്നു

26ാമത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓപണിംഗ് സിനിമയായി പ്രദർശിപ്പിച്ചത് രെഹാന മരിയം നൂർ എന്ന ബംഗ്ലാദേശ് ചലച്ചിത്രമാണ്. അതിൽ ടൈറ്റിൽ കഥാപാത്രമായ രെഹാനയെ അവതരിപ്പിച്ചത് അസ്​മരി ഹഖ് ബധോൻ എന്ന നടിയാണ്. പത്തുവർഷത്തെ ഇടവേളയിൽ തന്റെ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുന്ന അസ്​മരി ബംഗ്ലാദേശിലെ അറിയപ്പെടുന്ന ടെലിവിഷൻ താരമാണ്. രെഹാന മരിയം നൂർ കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘Un Certain Regard’ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബംഗ്ലാദേശ് ചിത്രമായി ഇതോടെ രെഹാന മരിയം നൂർ മാറി. ഇത്തവണ ഓസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക എൻട്രിയുമാണ്​ ഈ ചിത്രം.

ഈ ചിത്രത്തിലെ വേഷത്തിന് ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിലെ മികച്ച നടിയായും ഹോ​ങ്കോംഗ്​ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ന്യൂ ടാലൻറ്​ പുരസ്‌കാരവും അസ്​മരിയെ തേടിയെത്തി. തൊഴിലിടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ചും അതിനെതിരായ ഒറ്റയാൾ പോരാട്ടങ്ങൾ പരാജയപ്പെടുന്നതുമാണ് ഈ ചിത്രം പറയുന്നത്. കേരളത്തിലും ഒരു നടിക്കുനേരെയുണ്ടായ ലൈംഗികാക്രമണവും അതുമായി ബന്ധപ്പെട്ട കേസും ചർച്ചയായി നിൽമ്പോൾ ഈ സിനിമക്ക്​ കൂടുതൽ പ്രസക്തി കൈവരികയാണ്​.
തന്റെ രാജ്യത്തെ കലാ- സാംസ്​കാരിക പ്രവർത്തനങ്ങളെക്കുറിച്ചും സ്ത്രീജീവിതത്തെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അസ്​മരി ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.

അരുൺ ടി. വിജയൻ : 2010വരെ താങ്കൾ ഒരു ദന്ത ഡോക്ടറും മോഡലുമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് പത്തുവർഷത്തിനുശേഷമാണ് രണ്ടാമത് ഒരു സിനിമയിൽ അഭിനയിച്ചത്. സിനിമാ ജീവിതത്തിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

അസ്​മരി ഹഖ് ബധോൻ : യഥാർത്ഥ ജീവിതത്തിൽ ഞാനൊരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്​. 19 വയസ്സുള്ളപ്പോൾ യാതൊരു പരിചയവുമില്ലാത്ത ഒരാളുമായി എന്റെ മാതാപിതാക്കൾ എന്നെ വിവാഹം കഴിപ്പിച്ചു. അക്കാലത്ത് ഞാൻ മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത ഒരാളുമായി പ്രണയത്തിലായിരുന്നു. അവർ ചൂണ്ടിക്കാട്ടിയ ആളെ വിവാഹം കഴിക്കാൻ നിർബന്ധിതയായതോടെ ആത്മഹത്യ പ്രവണതയുള്ള വിഷാദരോഗത്തിന് ഞാൻ അടിമപ്പെട്ടു. ഞാനന്ന് രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. അവരെന്റെ വിദ്യാഭ്യാസം നിർത്തുകയും സുഹൃത്തുക്കളെ കാണുന്നതിൽ നിന്ന്​വിലക്കുകയും ചെയ്തു. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജീവിതം. എനിക്ക് അയാൾക്കൊപ്പം ജീവിക്കാനാകില്ലായിരുന്നു. ആത്മഹത്യ ചെയ്താൽ സമൂഹത്തിനുമുന്നിൽ മാതാപിതാക്കൾക്ക് നാണം കെട്ട് നിൽക്കേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചു. ഹൈപ്പർ ടെൻഷനുള്ള മരുന്ന് അമിതമായി കഴിച്ച് മരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഞാൻ മരിച്ചില്ല.

രെഹാന മരിയം നൂർ എന്ന സിനിമയിൽ നിന്ന്

ആ സമയത്താണ് എന്റെ രാജ്യമായ ബംഗ്ലാദേശിൽ ലക്സ് ചാനൽ ‘ഐ സൂപ്പർസ്റ്റാർ 2006’ എന്ന പേരിൽ ഒരു സൗന്ദര്യ മത്സരം നടത്തിയത്. നോബൽ സമ്മാന ജേതാവായ എഴുത്തുകാരൻ ഹുമയൂൺ അഹമ്മദ് എഴുതിയ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ തേടിയാണ് മത്സരം സംഘടിപ്പിച്ചത്. അദ്ദേഹത്തെ കാണാമെന്നും എന്റെ കഥ അദ്ദേഹത്തോട് പറയാമെന്നുമാണ് ഞാൻ കരുതിയത്. അതിനുശേഷം മരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ആ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തപ്പോഴുള്ള എന്റെ ആഗ്രഹം അതായിരുന്നു. എന്നാൽ അവരെല്ലാം എന്നെ വളരെയധികം പിന്തുണച്ചു. അവിടെ മൂന്നാം സ്ഥാനത്തെത്താനായി. അങ്ങനെയാണ് ഞാൻ സിനിമയിൽ എത്തിയത്. ഹുമയൂൺ അഹമ്മദിനുവേണ്ടിയും ഞാൻ ജോലി ചെയ്തു. പിന്നീടുള്ള രണ്ടര വർഷം കൊണ്ട് ഞാനെന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.

എന്നാൽ ‘നല്ല കുടുംബത്തിൽ’ ജനിച്ച സ്ത്രീകൾ നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതും അഭിനയിക്കുന്നതും അംഗീകരിക്കപ്പെടുന്ന ഒരു രാജ്യത്തല്ല ഞാൻ ജനിച്ചത്. ഗ്രാമീണ സംസ്‌കാരമുള്ള ഞങ്ങളുടെ രാജ്യത്ത് അത് പരിഹസിക്കപ്പെടുന്ന കാര്യമാണ്. അതിനാൽ, സിനിമയിൽ അഭിനയിക്കണോ വേണ്ടയോ എന്ന സംശയം ഏറെക്കാലം എനിക്കുണ്ടായിരുന്നു. 2010ൽ ഞാൻ വീണ്ടും വിവാഹിതയായി. എനിക്കിപ്പോൾ പത്ത് വയസ്സുള്ള ഒരു മകളുണ്ട്. ആ വിവാഹവും എനിക്ക് നല്ലതായിരുന്നില്ല. എന്നാൽ, അത് പരാജയപ്പെട്ടുവെന്ന് എനിക്ക് ആരോടും പറയാൻ ഇഷ്ടമില്ല. കാരണം, ഞാൻ ഒരു തവണ വിവാഹമോചനം നേടിയതാണ്. വിവാഹ മോചനം നേടിയാൽ എന്റെയും മകളുടെയും ഭാവി എന്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. മൂന്നുവർഷം മുമ്പാണ് ഞാൻ വിവാഹമോചിതയാണെന്ന് പുറംലോകത്ത് പറയാൻ ആരംഭിച്ചത്. ഞാനിപ്പോൾ ഒരു സിംഗിൾ മദർ ആണ്. പക്ഷെ, എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാനാകുന്നുണ്ട്.

എങ്ങനെയാണ് രെഹാന മരിയം നൂർ എന്ന കഥാപാത്രം ആയത്?

മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോൾ അവിടുത്തെ നിയമവും സമൂഹവും എന്നെ ശരിക്കും ഞെട്ടിച്ചു. അവൾ അച്ഛന്റെ സ്വത്താണെന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഈ സമൂഹത്തിൽ എന്റെ സ്ഥാനമെന്താണെന്ന് ആലോചിച്ചാണ് ഞാൻ ഞെട്ടിയത്. ഇവിടെ ഞാനൊരു മനുഷ്യനാണോ അതോ ഗർഭപാത്രമുള്ള ഒരു സ്ത്രീയാണോ എന്ന് ഞാൻ ആലോചിച്ചു. ആ ചിന്തയാണ് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയത്. അപ്പോഴെല്ലാം എല്ലാ ഇന്റർവ്യൂകളിലും എനിക്ക് എന്റെ ജീവിതവും രാജ്യത്തെ അവസ്ഥകളും വ്യക്തമാക്കുന്ന ഒരു വർക്ക് ചെയ്യണമെന്ന ആഗ്രഹം പറയുമായിരുന്നു. ഈ ഇന്റർവ്യൂകൾ കണ്ട അബ്ദുല്ല മുഹമ്മദ് സാദ് തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. എന്റെ അഭിനയ ശേഷി വിലയിരുത്താനുള്ള സിനിമകളോ ടെലിവിഷൻ പരിപാടികളോ അദ്ദേഹം കണ്ടിരുന്നില്ല. അഅതുവരെയും അത്തരം വേഷങ്ങളൊന്നും എനിക്ക് കിട്ടിയിട്ടുമില്ല. ആ ഇന്റർവ്യൂകളിൽ ഞാൻ പറഞ്ഞതിനെ മാത്രം അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ വേഷത്തിലേക്ക് എന്നെ പരിഗണിച്ചത്. ഓഡിഷന് ഒമ്പത് മാസത്തോളം ഈ കഥാപാത്രമാകാനുള്ള പരിശീലനത്തിലായിരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ഏറ്റവും അവസാനത്തെ അവസരമായി എനിക്ക് ഇത് തോന്നിയിരുന്നു.

ഐ.എഫ്.കെ.കെ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു വരുന്ന അസ്മരി ഹഖ് ബാധോൻ / Photo: IFFK, Fb

ബംഗ്ലാദേശിൽ നടികളോടുള്ള സമീപനം എങ്ങനെയാണ്?

ഞങ്ങൾക്ക് സ്വാതന്ത്ര്യമെന്ന വാക്കുപോലും അപരിചിതമാണ്. ഹിജാബ് ധരിച്ച് ഒരു നടി ഒരു വേഷം ചെയ്താൽ ആ ഹിജാബിനുള്ളിൽ അവൾ വിനീതയും അധികം സംസാരിക്കാത്തവളും ആയിരിക്കണം. എന്നാൽ ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഞങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യ ജീവികൾ തന്നെയാണ്. എന്നാൽ ഹിജാബ് ധരിച്ചാലും ഷോട്ട്സ് ധരിച്ചാലും ഞങ്ങൾ ഒരേ പ്രശ്നങ്ങളാണ് നേരിടുന്നത്.

നടിമാർക്കുനേരെ എന്തുതരം ആക്രമണങ്ങളാണ്​ താങ്കളുടെ രാജ്യത്തുണ്ടാകുന്നത്​?

ലൈംഗികാക്രമണത്തിനിരയായ കാര്യം പുറം ലോകത്തോട് പറഞ്ഞാൽ ‘നീയൊരു മോശം പെൺകുട്ടിയാണ്’ എന്ന പ്രതികരണമാണ് എന്റെ സമൂഹത്തിൽ നിന്നുണ്ടാകുക. ‘നിന്റെ വസ്ത്രം നല്ലതല്ലാത്തതിനാലാണ് ആക്രമിക്കപ്പെട്ടത്​’ എന്നായിരിക്കും അവരുടെ പ്രതികരണം. ഞാനിവിടെ വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇവിടെ നല്ലതായാണ് എനിക്ക് തോന്നുന്നത്. ഇവിടുത്തെ ആളുകൾ എന്റെ രാജ്യത്തെ ആളുകളേക്കാൾ നല്ലവരാണ്. സംസ്‌കാരിക നിലവാരമുള്ള സമൂഹമാണ് ഇവിടുത്തേത്. ഇവിടെ എവിടെയും എനിക്ക് സുരക്ഷിത്വമില്ലായ്മ അനുഭവപ്പെട്ടില്ല. ഞങ്ങളുടെ രാജ്യത്ത് അങ്ങനെയല്ല. ഇത്തരത്തിലുള്ള ഒരു ടോപ്പ് ഞാൻ അവിടെ ധരിച്ചാൽ ആളുകൾ മാറിടത്തിലേക്കാകും നോക്കുക. അത് വളരെ അപമര്യാദയോടെയുള്ളതും സുരക്ഷിതത്വ ബോധം നഷ്ടപ്പെടുത്തുന്നതുമായ നോട്ടമാണ്.

രെഹാന മൂന്ന് സ്ത്രീകൾക്കുവേണ്ടിയാണ് ചിന്തിക്കുന്നത്. അവൾക്കുവേണ്ടിയും മകൾക്കുവേണ്ടിയും വിദ്യാർത്ഥിക്കുവേണ്ടിയും. താങ്കളുടെ ജീവിതത്തിലും അതൊക്കെ തന്നെ സംഭവിച്ചിട്ടുമുണ്ട്. എന്ത് തയ്യാറെടുപ്പാണ് ഈ വേഷത്തിനുവേണ്ടി നടത്തിയത്?

എന്റെ മകളായി അഭിനയിച്ച കുട്ടി അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. എന്റെ മകളുമായി ജീവിക്കുന്ന ഞാൻ വിദ്യാർത്ഥിനിയുടെ ജീവിതത്തിലും ഇടപെടേണ്ടി വരുന്നു. മകളും ഞാനും ആ വിദ്യാർത്ഥിയുമായൊക്കെയുള്ള ബന്ധം യഥാർത്ഥമാണ്. ഇവരെല്ലാം എന്റെയുള്ളിൽ തന്നെയുള്ളതിനാൽ ഈ കഥാപാത്രങ്ങളെയെല്ലാം എനിക്ക് വ്യക്തിപരമായി അറിയാം.

ബോളിവുഡിലേക്കുള്ള വരവ് എങ്ങനെയാണ്? ഏതെങ്കിലും മലയാള സിനിമ കണ്ടിട്ടുണ്ടോ?

വിശാൽ ഭരദ്വാജിന്റെ കുഫിയ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തിയത്. നല്ല അനുഭവമായിരുന്നു. എപ്പോഴും ആദരിക്കപ്പെടുന്നതായി തോന്നി. മലയാള സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് പറയുന്നതിൽ വിഷമമുണ്ട്. പക്ഷെ, ഞാനെന്തായാലും മലയാള സിനിമകൾ കാണും.

ബംഗ്ലാദേശ് സിനിമയും ഇന്ത്യൻ സിനിമയും താരതമ്യം ചെയ്യുമ്പോൾ എന്ത് തോന്നുന്നു?

ഇന്ത്യൻ സിനിമകൾ വളരെ റിയലിസ്റ്റിക് ആണ്. ബംഗ്ലാദേശ് മുഖ്യധാരാ സിനിമകൾ ഒരിക്കലും സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അവർ കുറെ ഫാന്റസികൾ നിറച്ചാണ് സിനിമ ചെയ്യുന്നത്. ഇക്കാലത്ത് ആരും അത്തരം ഫാന്റസി സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. കരൺ ജോഹറിന്റെയും യഷ് ചോപ്രയുടെയുമൊക്കെ സിനിമകൾ കണ്ടിട്ട് ആ സിനിമകൾ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. സിനിമകളിൽ യാഥാർത്ഥ്യങ്ങളുണ്ടാകണം, എന്നാലേ സമൂഹത്തെ തിരുത്തുകയെന്ന കലാപ്രവർത്തനം സിനിമയിലൂടെ സാധ്യമാകൂ. നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചുതരുന്ന ഒരു ജനാലയാണ് സിനിമ. അതിൽ വിനോദ താൽപര്യത്തിന് ചെറിയ പങ്ക് മാത്രമാണ് വഹിക്കാനുള്ളത്. നമ്മുടെ സമൂഹത്തെ തിരുത്താൻ ശേഷിയുള്ള ഇത്തരം സിനിമകളും ഇവിടെ വേണം. ഇതെല്ലാം ഇവിടെ നടക്കുന്നുവെന്നും അതിനൊക്കെ മാറ്റം വരണമെന്നും ഈ സമൂഹം ചിന്തിക്കണം. അതാണ് കലയുടെ കരുത്ത്.

ചെറുപ്പക്കാരായ ധാരാളം സംവിധായകർ ഇപ്പോൾ ഞങ്ങളുടെ സിനിമയിലുണ്ട്. അവർ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ളവരാണ്. മനുഷ്യരുടെ യഥാർത്ഥ ജീവിതമാണ് സിനിമയിൽ വിവരിക്കേണ്ടതെന്ന് അവർ ചിന്തിക്കുന്നു. കോവിഡ് കാലഘട്ടം ഞങ്ങളുടെ സിനിമാമേഖലയിൽ വലിയ സ്വാധീനമുണ്ടാക്കി. ബംഗ്ലാദേശ് സമൂഹത്തിൽ മാറ്റമുണ്ടാകാൻ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണം. ജനങ്ങൾക്ക് സംസ്‌കാരത്തെക്കുറിച്ചും കലയെക്കുറിച്ചുമൊന്നും അറിയില്ലെന്നതാണ് പ്രധാന പ്രശ്നം. എന്താണ് ചെയ്യേണ്ടതെന്നുപോലും ആ സമൂഹത്തിൽ പലർക്കും അറിയില്ല. അതിനാൽ അവർക്ക് വിദ്യാഭ്യാസം നൽകുകയാണ് ആദ്യം വേണ്ടത്. ഈയടുത്ത കാലത്ത് ബംഗ്ലാദേശിൽ ഇറങ്ങിയ സിനിമകളെല്ലാം അത്തരമൊരു മാറ്റം ആവശ്യപ്പെടുന്നവയാണ്.

മതമൗലികവാദം ബംഗ്ലാദേശ് സിനിമയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട്?

അതിനെതിരെ സംസാരിക്കാൻ നിന്നാൽ പരിണിത ഫലം നേരിടാനും തയ്യാറെടുത്തിരിക്കണം. സത്യം എന്താണെന്ന് തുറന്നുപറയുക അത്ര എളുപ്പമല്ലെന്നുമാത്രമാണ് എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളത്. നിങ്ങൾ സത്യം പറയാൻ ശ്രമിച്ചാൽ അത് എല്ലാവർക്കും അസ്വസ്ഥതയുണ്ടാക്കും. അവിടെ അവഗണിക്കപ്പെട്ട് ജീവിക്കേണ്ടി വരും. ഡിപ്ലോമാറ്റിക്കായി നിൽക്കാൻ ഞങ്ങൾക്ക് നല്ല സമ്മർദ്ദമുണ്ട്. അപ്പോൾ പിന്നെ സത്യം പറഞ്ഞില്ല എന്നതുപോലെ തന്നെയാണ്​ നുണ പറഞ്ഞില്ല എന്നതും. അതാണ് ഞങ്ങളുടെ സുരക്ഷിത ഇടം. പക്ഷെ സത്യം പറയേണ്ടതാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അതത്ര എളുപ്പമല്ല. ഞങ്ങളുടെ രാജ്യത്ത് മാത്രമല്ല, ലോകത്തിലെല്ലായിടത്തും അങ്ങനെയാണെന്നാണ് തോന്നുന്നത്.

Photo: IFFK, Fb

മതത്തെക്കുറിച്ച് പറയാനെളുപ്പമല്ല. പക്ഷെ അവിടെ തുല്യ അവകാശമില്ലെന്ന് മാത്രം ഞാൻ പറയാം. എന്റെ സഹോദരന്റെ സ്ഥാനം എനിക്ക് നൽകാത്തതിനെക്കുറിച്ച് മാതാപിതാക്കളോട് ചോദിക്കുമ്പോൾ നിനക്ക് ആവശ്യത്തിനുള്ളതെല്ലാം കിട്ടുന്നില്ലേ, പിന്നെന്തിന് അതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന ഉത്തരമാണ് കിട്ടുക. എന്റെ സഹോദരിയ്ക്ക് എന്റെ മേൽ അധികാരമില്ല, എന്നാൽ എന്റെ സഹോദരന് അതുണ്ട്. സ്ത്രീ അച്ഛനും സഹോദരനും ഭർത്താവും മകനുമായ പുരുഷന്മാരുടെ പ്രോപ്പർട്ടിയാണെന്നാണ് അവർ ചിന്തിക്കുന്നത്. അവിടെ വ്യക്തിയെന്ന നിലയിൽ സ്ത്രീക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. അതാണ് യഥാർത്ഥ പ്രശ്നമെന്ന് എനിക്കുതോന്നുന്നു. എനിക്കും സഹോദരനും കുടുംബത്തിൽ തുല്യ അവകാശമില്ല.

പുരുഷാധിപത്യ സമൂഹമാണ് അതിനെല്ലാം കാരണം. എല്ലാ മതങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും മേൽ അധികാരം സ്ഥാപിക്കണമെന്നാണ് പറയുന്നത്. അവരെ മാത്രമല്ല, ദുർബല വിഭാഗങ്ങളെയെല്ലാം. ഒരു പുരുഷൻ ചെയ്യുന്നതെല്ലാം ചെയ്യാൻ ഞങ്ങൾക്ക് അധികാരമില്ല. എന്നാൽ ഞങ്ങളും മനുഷ്യരാണെന്ന് ആരും ഓർക്കുന്നില്ല. എല്ലാ നിയമങ്ങളും മതങ്ങളും ഉണ്ടാക്കിയത് പുരുഷന്മാരായതിനാലാകും എല്ലാ മതങ്ങളും സ്ത്രീകളെയും കുട്ടികളെയും വേറിട്ട് കാണുന്നത്. ഇത് ശരിയല്ല. സ്ത്രീകൾക്ക് ഇവിടെ യാതൊരു അധികാരവുമില്ലെന്നാണ് അവർ പഠിച്ചുവച്ചിരിക്കുന്നത്. അതിനാൽ അവരെപ്പോഴും സ്ത്രീകളെയും കുട്ടികളെയും അടിച്ചമർത്താൻ ശ്രമിക്കുന്നു. എന്നാൽ മറ്റൊരാളെ അടിച്ചമർത്താൻ എന്ത് അധികാരമെന്ന് അവർ ചിന്തിക്കുന്നില്ല.

കേരളത്തിലെ സിനിമാ കാഴ്ചക്കാർ എങ്ങനെയുണ്ട്?

സത്യസന്ധമായി പറഞ്ഞാൽ എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. എനിക്ക് പറയാനുള്ളത് കേൾക്കാൻ നിങ്ങൾ തയ്യാറായതിൽ അതിയായ സന്തോഷമുണ്ട്. എനിക്ക് ആൾക്കൂട്ടം വളരെ ഇഷ്ടമാണ്. ഇത്രയും ബഹുമാനവും ആദരവും ഇവിടെയൊരു ഇടവും തന്നതിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് നന്ദി പറയുന്നു.

Comments