ഒരാൾ സ്വന്തം ഇഷ്ടത്തോടെ ആടകളണിയുന്നതും അഴിച്ചുമാറ്റുന്നതും സൗന്ദര്യാത്മകമാണ്. ഉടലാകെ വസ്ത്രം കൊണ്ട് മൂടുന്നതാണോ, അത് ആവും വിധം തുറന്നിടലാണോ ശരി? ഇതെങ്ങനെ വിവാദ വിഷയമാവുന്നു? സ്ത്രീയുടെ നഗ്നത എന്തുകൊണ്ട് സവിശേഷമായി?- പെൺശരീരങ്ങളുടെ മേൽ ആണധികാരം പ്രവർത്തിക്കുന്നതിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുകയാണ് ഡോ. എ.കെ. ജയശ്രീ, ട്രൂ കോപ്പി വെബ്സീനിലൂടെ.
സ്വന്തം ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്നിടത്ത്, ശരീരം നഗ്നമോ അലംകൃതമോ ആകട്ടെ അത് സ്ത്രീക്ക് ബാദ്ധ്യതയല്ല. സ്ത്രീകൾ അവരുടെ കർതൃത്വങ്ങൾ രചിച്ചു തുടങ്ങിയിരിക്കുന്നു.
സ്ത്രീകളുടെ മേൽ ആണധികാരം പ്രവർത്തിക്കുന്നതിന്റെ ഏറ്റവും പ്രകടമായ രീതിയായാണ് വസ്ത്രത്തിന്മേലുള്ള നിയന്ത്രണം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യുവതലമുറയിലെ പെൺകുട്ടികൾ അത് തലങ്ങും വിലങ്ങും തകർത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പഴയ തലമുറയിൽ നിന്ന് ഉൾക്കൊണ്ട ഫെമിനിസ്റ്റ് അവബോധം മാത്രമല്ല, നിയന്ത്രിതമെങ്കിലും സ്ത്രീകൾക്ക് ഏറെക്കുറെ ലഭ്യമായിക്കൊണ്ടിരിക്കുന്ന സൈബറിടങ്ങൾ, വ്യാപാര താല്പര്യങ്ങൾ കൊണ്ടുവരുന്ന ഫാഷനുകൾ, നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വികസിച്ചു കൊണ്ടിരിക്കുന്ന സ്ത്രീസ്വത്വ ബോധം, ലൈംഗികതയിലെ ഉണർവ്, ക്വിയർ പ്രസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഇതിൽ പ്രവർത്തിക്കുന്നുണ്ടാവും. സ്ത്രീയുടെ ശരീരത്തേയും വസ്ത്രധാരണത്തേയും, പുരുഷാധിപത്യമൂല്യങ്ങൾ വച്ചു കൊണ്ട് എത്രമേൽ ഇനിയും നിയന്ത്രിക്കാനാവുമെന്നത് വരും കാലങ്ങളിൽ നിരീക്ഷിച്ചറിയേണ്ട കാര്യമാണ്.
സ്ത്രീകൾക്കുമേലുള്ള അധികാര പ്രയോഗങ്ങൾ സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റു വടംവലികളുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. സിനിമകളിലും മറ്റു കച്ചവട മേഖലകളിലും സ്ത്രീശരീരം പരമാവധി ഉപയോഗപ്പെടുത്തുന്നത് കാണാമെങ്കിലും, സ്ത്രീകൾ അവരുടെ ആത്മപ്രകാശനത്തിന്റെ ഭാഗമായി, സ്വതന്ത്രമായി അത് തുറന്നുകാട്ടുന്നതിനെതിരെ ഇപ്പോഴും സമൂഹത്തിൽ അസഹിഷ്ണുത കാണുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റ്, തന്റെ മാറിടം സ്വന്തം കുട്ടിക്ക് ചിത്രമെഴുതാനായി തുറന്നു കൊടുക്കുകയും അവരത് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സ്ത്രീശരീരത്തിന്റെ ഉടമസ്ഥത ആർക്കാണ് എന്നത് അതിനാൽ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കേണ്ടി വരുന്നു.
നാടകത്തിൽ മാത്രമല്ല, സിനിമയിലും അഭിനയിക്കാൻ വരുന്ന സ്ത്രീകൾ ഇന്നത്തെ പോലെ ആത്മാഭിമാനത്തോടെ പ്രൊഫഷണലുകളായി കടന്നു വരുന്നത് തുടക്കത്തിൽ വിരളമായിരുന്നു. നൃത്തത്തിൽ നൈപുണ്യമുള്ളതു കൊണ്ടോ, ദാരിദ്ര്യം കൊണ്ടോ ഒക്കെയാണ് ആദ്യകാലത്ത് സ്ത്രീകൾ സിനിമയിലേക്ക് വന്നിരുന്നത്. താരമൂല്യം എല്ലാവർക്കും ഒരേ പോലെ ലഭിക്കുകയില്ല. കുടുംബ മഹിമയോ ബന്ധുബലമോ പ്രശസ്തിയോ ഒക്കെ ചിലർക്ക് ലഭ്യമാകും. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട നർത്തകിമാരായിരുന്ന ലളിത, പത്മിനി, രാഗിണിമാർക്ക് സിനിമയിലും സമൂഹത്തിലും നല്ല പദവി ലഭിച്ചിട്ടുണ്ട്. അതേപോലെ, അത് ലഭിച്ചിട്ടുള്ളവരും ജീവിതം തന്നെ ദുരന്തമായി തീർന്നവരും സിനിമാ ലോകത്തുണ്ടായി. സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാൻ ക്യാമറകൾ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാർ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങൾ മുഴുവൻ മറച്ചു വരുമ്പോൾ, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദർശിപ്പിക്കപ്പെടുന്നതായി കാണാം. എന്നാൽ, ജീവിതത്തിൽ അങ്ങനെയായിരുന്നില്ല താനും. കോളേജുകളിൽ സാരിയൊക്കെ നിർബ്ബന്ധമായിരുന്ന അക്കാലത്ത് വെള്ളിത്തിരയിലെ ‘കോളേജ് കുമാരിമാർ' പ്രത്യക്ഷപ്പെട്ടിരുന്നത് തുട പ്രദർശിപ്പിക്കുന്ന ഷോർട്‌സോ മിനി സ്‌കർട്ടോ ധരിച്ചാണ്. എന്നാൽ, നിത്യജീവിതത്തിൽ പുരുഷന്മാർ വീട്ടിലൊക്കെ അർദ്ധനഗ്നരായിരിക്കും. സ്ത്രീകൾ, ഉറങ്ങുമ്പോൾ പോലും സാരിയും മറ്റും ധരിച്ചു പോന്നു. വീട്ടിലും നാട്ടിലും മൂടി കെട്ടിയ സ്ത്രീകളെ കണ്ട് മനം മടുക്കുന്ന പുരുഷന്മാർക്ക് വെള്ളിത്തിരയിലെ സ്ത്രീശരീരം കുളിർമ പകരുന്നുണ്ടാകണം. എന്നാൽ, ഇതിനുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളുടെ അവസ്ഥയോ? കുടുംബിനിക്ക് കിട്ടുന്ന പദവിയിലേക്കെത്താൻ അവർക്കും വിവാഹം ചെയ്യണം. അതിലെത്തിയാൽ പിന്നെ അഭിനയം വേണ്ടെന്ന് വക്കുന്നത് അതിലെ മൂല്യവ്യത്യാസം കൊണ്ടായിരിക്കുമല്ലോ.
നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകൾ, ഐറ്റം ഡാൻസുകാർ, ചാൻസ് ചോദിച്ചെത്തുന്ന സ്ത്രീകൾ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നിൽ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
സിനിമാരംഗത്ത് താരമൂല്യമുള്ളവർ പോലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നതിനാലും, മാനസിക സമ്മർദ്ദം കൊണ്ടും, ചൂഷണവും സാമൂഹ്യാപവാദവും നേരിടാനാകാതെയും തകർന്നുപോയതായി കാണാം. എൺപതുകളിലേക്ക് കടന്നപ്പോൾ ശോഭ നായികയായ സിനിമകളിലൊക്കെ പുതിയ വേഷങ്ങൾ അവതരിപ്പിക്കപ്പെട്ടു. യഥാർത്ഥത്തിൽ കാമ്പസുകളിൽ കാണുന്നതുപോലെ കോട്ടൺ സാരിയുടുത്ത്, മുടി ഒതുക്കി കെട്ടി വച്ച ശാലീന രൂപം. യാഥാർഥ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഇത് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യതയുണ്ടാക്കി. എന്നാൽ, ഈ ഇമേജിനപ്പുറം ശോഭയുടെ ജീവിതവും ദുരന്തമായി തീർന്നു.
ഇന്നിപ്പോൾ അവസ്ഥ കുറെയൊക്കെ മാറി മറിഞ്ഞതായി കാണാം. പെൺ കുട്ടികളും യുവതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം മറികടന്ന് അവർക്ക് പറ്റുന്ന സ്ഥലങ്ങളിൽ, സൈബറിടങ്ങളിൽ എങ്കിലും ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നു. കുറച്ചു നാൾ മുമ്പ് മഞ്ജു വാര്യർ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് വിവാദമായതിനെ തുടർന്ന് ധാരാളം സ്ത്രീകൾ അവരുടെ അനുഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയുണ്ടായി. ഇറക്കം കുറഞ്ഞ പാവാട ധരിക്കുക എന്നത് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നു എന്നും അതിന് വീട്ടിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു എന്നും പലരും എഴുതിയതിൽ നിന്ന് മനസ്സിലായി. ഇപ്പോൾ ധാരാളം പേരും വിലക്കുകൾ മറികടന്ന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. സിനിമയിൽ അഭിനയിക്കാനെത്തുന്ന സ്ത്രീകളും, മുന്നേ പോലെയല്ല. അത് ഒരു പ്രൊഫഷനായി കണ്ടുതുടങ്ങിയിരിക്കുന്നു. സിനിമയിൽ താരങ്ങളായ സ്ത്രീകളെ മറ്റു സ്ത്രീകൾ റോൾ മോഡലുകളാക്കുന്നു എന്നതും ശ്രദ്ധേയമാണ്. നല്ല സ്ത്രീ, ചീത്ത സ്ത്രീ വരമ്പ് സ്ത്രീകൾ സ്വാഭാവികമെന്നോണം മായ്ച്ചു തുടങ്ങിയിരിക്കുന്നു. സെലിബ്രിറ്റികൾ വിവാഹമോചിതരാകുമ്പോഴും അവർക്ക് മുമ്പത്തെ പോലെ ചീത്തപ്പേരുണ്ടാകുന്നില്ല. അത്തരം നിയന്ത്രണങ്ങൾ പണ്ടേ പോലെ ഫലിക്കുന്നില്ല. മറ്റു സ്ത്രീകളും അവരിൽ നിന്ന് ഊർജ്ജവും ധൈര്യവും ഉൾക്കൊള്ളുന്നു. ബ്ലോഗുകളും ലഘു വീഡിയോ ടോക്കുകളും ചമയ്ക്കാൻ, മറ്റുള്ളവരുടെ അനുവാദമോ സഹായമോ ഇല്ലാതെ ചില സ്ത്രീകൾക്കെങ്കിലും കഴിയുന്നുണ്ട്.
സിനിമകളിലും ഇപ്പോൾ നായികയായും ‘അഴിഞ്ഞാട്ടക്കാരി'യായും അവതരിപ്പിക്കപ്പെടുന്നവർക്കിടയിലെ അന്തരം കുറഞ്ഞു വരുന്നു. മേനി പ്രദർശിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. സ്മിത (സിൽക്ക്) യിൽ നിന്ന് ഡേർട്ടി പിക്ച്ചറിലെ വിദ്യാ ബാലനിലെത്തുമ്പോഴേക്ക് ഈ അന്തരം കുറഞ്ഞു വരുന്നതായി കാണാം. നല്ല സ്ത്രീ, ചീത്ത സ്ത്രീ പിളർപ്പ് പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയായിരിക്കുമ്പോഴും, രണ്ടു കൂട്ടരുമില്ലാതെ പുരുഷന്മാർക്ക് മതിവരില്ല. ലൈംഗികമായ ഉണർവ്വിന് ഉത്തേജിതയായതോ, അങ്ങനെ അഭിനയിക്കുന്നതോ ആയ സ്ത്രീയെയാണ് പുരുഷന് ആവശ്യം. കുടുംബത്തിലെ സ്ത്രീയെ അങ്ങനെ കാണാൻ അവർ ഇഷ്ടപ്പെടുന്നുമില്ല. അപൂർവ്വം ചിലർ കിടപ്പറയിൽ മാത്രം അതിഷ്ടപ്പെടുന്നു. ഭാര്യ, ഭരിക്കപ്പെടേണ്ടവളും, കൂടെ ജീവിക്കേണ്ടവളുമായതു കൊണ്ട്, താൻ നാഥനായ കുടുംബത്തിലെ ഭരണനിർവ്വഹണത്തിന് അച്ചടക്കം ആവശ്യമായി വരും. പുരുഷന് ലൈംഗികോർജ്ജം നൽകാൻ കാഴ്ചയിലെങ്കിലും പബ്ലിക് സ്ത്രീകൾ തന്നെ വേണം. ഈ സ്ത്രീകളെ പുറമേ തള്ളിപ്പറയുകയും, ഉള്ളിൽ ആരാധിക്കുകയുമാണ് പുരുഷന്മാർ ചെയ്യുന്നത്. അകലെ നിന്നുള്ള ആരാധന, ഈ സ്ത്രീകളുടെ ജീവിതത്തിന് അധികം ഗുണം ചെയ്യുന്നുമില്ല. സ്മിതയുടെ ആരാധകരായി ലക്ഷക്കണക്കിന് പുരുഷന്മാരുണ്ടായിട്ടും അവർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സണ്ണി ലിയോണിനെ പോലെ, സ്വന്തം സ്ഥാനവും കർത്തൃത്വവും ഉറപ്പിച്ചെടുക്കുന്ന തരത്തിലേക്ക് മാറുമ്പോൾ ഒരു പക്ഷെ, ആരാധകരുടെ വേലിയേറ്റം, സ്ത്രീകൾക്ക് കരിയർ വളർച്ചക്കെങ്കിലും ഉപകരിച്ചേക്കും.
വളരെ വലിയ മൂലധനത്തിന്റെ ഒഴുക്കുള്ളതുകൊണ്ടാവണം വലിയ വ്യവസായമായിട്ടും സിനിമയിലെ സ്ത്രീകൾക്ക്, തങ്ങൾ അനുഭവിക്കുന്ന അനീതിക്കെതിരെ സംഘടിക്കാൻ കഴിയാതിരുന്നത്. പൊതുവേ, സ്ത്രീകളുടേതല്ലെന്ന് പൊതു സമൂഹം കരുതുന്ന മേഖലയായതു കൊണ്ടു കൂടിയാണത്. കേരളത്തിൽ ഡബ്ല്യു.സി.സി രൂപപ്പെട്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ സമാനമായവ കാണുന്നില്ല.
വസ്തുവൽക്കരണത്തിന് വിധേയരാകുന്നവർ എപ്പോഴും ആ നിലയിൽ തുടരുന്നില്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പുരുഷന്മാരും ക്വിയർ മനുഷ്യരും ഒന്നും തന്നെ ഇതിൽ നിന്ന് മോചിതരല്ല. എല്ലാ ജോലികളിലും ഇതിന്റെ അംശങ്ങളുണ്ട്. എന്നാൽ, മനുഷ്യർക്ക് അസ്തിത്വപരമായി തന്നെ വസ്തുവൽക്കരിക്കപ്പെട്ടുകൊണ്ട് സദാ തുടരാനാവില്ല. ശാരീരിക വിനോദത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ മാത്രമായി ഇത് കാണുന്നതിൽ സദാചാരത്തിന്റെ ഒരു കാണാവള്ളിക്കുരുക്കുണ്ടോ എന്ന് നോക്കേണ്ടതുണ്ട്.
ഉണരുന്ന ഉടലുകൾ
ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 72