അലീന

എന്റെ ശരീരം ശരിക്കും എന്റേതാണോ?

എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു.

അലീന

2021 ജൂലൈ 19 രാത്രി ഉറങ്ങാൻ കിടന്ന ഞാൻ അസഹനീയമായ വയറുവേദന കൊണ്ട് പുളയുകയാണ്. എത്രയും വേഗം ആശുപത്രിയിൽ എത്തി പലതരം പരിശോധനകൾ നടത്തി.
ഓവറിയിൽ ഒരു വലിയ മുഴയുണ്ട്. Torsion ആയി. എത്രയും പെട്ടെന്ന് സർജറി ചെയ്തു നീക്കണം. അങ്ങനെ എന്താണ് സംഭവിക്കുന്നത് എന്ന് ശരിക്കും മനസ്സിലാക്കാനാവും മുമ്പേ ഞാൻ ഓപ്പറേഷൻ ടേബിളിലെത്തി. ഒരു മേജർ സർജറിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതാണല്ലോ. അതിനു പുറമേയായിരുന്നു ഗൈനക്കോളജി വാർഡിലെ അവിവാഹിതകളെ ചുറ്റിപ്പറ്റിയുള്ള ദൂഷണങ്ങളുടെ ഭീകരത വളരെ അപ്രതീക്ഷിതമായി, ഒരു തയ്യാറെടുപ്പുകളുമില്ലാതെ നേരിടേണ്ടി വന്നത്. സഹതാപത്തോടെ അല്ലാതെ അഡ്മിറ്റായിരുന്ന ആ ഏഴു ദിവസം എന്നെ ആരും നോക്കിയിട്ടില്ല. സർജറി ചെയ്യണ്ടായിരുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം.

എനിക്ക് ഇനി കല്യാണം നടക്കില്ല എന്നും കുട്ടികൾ ഉണ്ടാകില്ല എന്നും ആയിരുന്നു അവരുടെ ആശങ്കകൾ. ഭാവിയിൽ നടക്കാൻ പോകുന്ന കല്യാണത്തിനെ എങ്ങാനും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ട്, എന്റെ ആരോഗ്യത്തെ അപകടത്തിലാക്കി എന്നെ വേദനിപ്പിച്ചു വളർന്നുകൊണ്ടിരിക്കുന്ന, എന്റെ വയറ്റിലെ മുഴ എടുത്തു കളയാൻ ഉള്ള അവകാശം പോലും എനിക്കില്ല എന്ന പലരുടെയും മനോഭാവം എന്നെ അത്ഭുതപ്പെടുത്തി. എങ്ങാനും ചത്തുപോകുന്ന രോഗാവസ്ഥയാണെങ്കിൽ, ചികിത്സ തേടി കല്യാണം മുടങ്ങുന്നതിനെക്കാൾ ഒരു ചികിത്സയുമില്ലാതെ ഞാൻ ചാകുന്നതുതന്നെ ആയിരിക്കും ഈ സമൂഹം തിരഞ്ഞെടുക്കുന്നത്. കാരണം അതിന്റെ നിലനിൽപ്പു തന്നെ എന്റേതുപോലെയുള്ള അനേകം ശരീരങ്ങളെ നിയന്ത്രിച്ച് വരുതിയിലാക്കിക്കൊണ്ടാണല്ലോ. സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം, അതായത് ഒരു തരത്തിലുമുള്ള ബലപ്രയോഗങ്ങൾക്കോ അതിക്രമങ്ങൾക്കോ വഴങ്ങാതെ സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അധികാരം അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നാണെങ്കിൽ പോലും ആ ആശയം ഇവിടുള്ളവർക്ക് ഇത്രത്തോളം അപരിചിതമാകാനുള്ള കാരണവും അതുതന്നെ.

പല അടുക്കുകളിലായി അടിച്ചമർത്തൽ നേരിടുന്ന എന്റേതുപോലെയുള്ള ഒരു ശരീരത്തിന് ഈ വ്യവസ്ഥകളുടെ നടുവിൽ സ്വയം പരമാധികാരം പ്രയോഗിക്കാൻ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾ സ്വാഭാവികമായും കഠിനമായിരിക്കും.

എന്ത് വസ്ത്രം ധരിക്കണം എന്നതിൽ തുടങ്ങി ജീവൻ നിലനിർത്താൻ എന്ത് ചികിത്സ തേടണം എന്നതിൽ വരെ ഒരു വ്യക്തിയെക്കാൾ അയാളുടെ ശരീരത്തിൽ അധികാരം കയ്യാളുന്നത് സമൂഹമാണ്. ഈ സമൂഹത്തിന് ചാലകശക്തിയാകുന്നത് പിതൃമേധാവിത്വ - മുതലാളിത്ത-ചാതുർവർണ്യ വ്യവസ്ഥ പ്രകാരമുള്ള അടിച്ചമർത്തൽ പ്രക്രിയകളാണ്. വിവാഹബന്ധങ്ങൾ, കുടുംബം, മതം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ വഴിയാണ് ഈ ശക്തികൾ നേരിട്ടും അല്ലാതെയും അവരുടെ അധികാരം നിലനിർത്തുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത്. സമൂഹത്തിലെ ഓരോ അംഗവും അറിഞ്ഞോ അറിയാതെയോ ഈ പ്രക്രിയയിൽ ദിനംപ്രതി ഭാഗഭാക്കാകുന്നു. ഒരു കുടുംബത്തിലെ രക്തബന്ധമുള്ള അംഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന അധികാര അസന്തുലിതാവസ്ഥയുടെ പ്രകടനങ്ങളായ നിയന്ത്രണങ്ങൾ മുതൽ സോഷ്യൽ മീഡിയയിലെ അവഹേളനപരമായ അഭിപ്രായ പ്രദർശനങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഈ പ്രക്രിയ. ഈ അധികാരവ്യവസ്ഥകളുടെ മർദ്ദകശക്തി വ്യക്തികളുടെ ലിംഗപദവി, ജാതി, നിറം, വർഗ്ഗം, ലൈംഗികത്വം എന്നിവയനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്തുതന്നെയായാലും ആത്യന്തികമായി ഇവയെല്ലാം ലക്ഷ്യം വെക്കുന്നത് ശരീരങ്ങളുടെ നിയന്ത്രണത്തെയും തത്ഫലമായി സമൂഹത്തിന്റെ നിലനിൽപ്പിനെയുമാണ്. പല തലങ്ങളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശരീരങ്ങൾ അവയിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നതുപോലെ പെരുമാറിയാൽ മാത്രമേ സമൂഹത്തിന് നമ്മളിന്ന് കാണുന്നതുപോലെ സ്ഥിതി ചെയ്യാൻ കഴിയൂ. പല അടുക്കുകളിലായി അടിച്ചമർത്തൽ നേരിടുന്ന എന്റേതുപോലെയുള്ള ഒരു ശരീരത്തിന് ഈ വ്യവസ്ഥകളുടെ നടുവിൽ സ്വയം പരമാധികാരം പ്രയോഗിക്കാൻ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾ സ്വാഭാവികമായും കഠിനമായിരിക്കും. അതിനെ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയും ഉൾക്കൊണ്ടുമാണ് സ്വന്തം ശരീരത്തെയും അതിന്റെ അസ്തിത്വത്തെയും ഒരു സമരമായി ഞാൻ കാണുന്നത്.

എന്ത് വസ്ത്രം ധരിക്കണം എന്നതിൽ തുടങ്ങി ജീവൻ നിലനിർത്താൻ എന്ത് ചികിത്സ തേടണം എന്നതിൽ വരെ ഒരു വ്യക്തിയെക്കാൾ അയാളുടെ ശരീരത്തിൽ അധികാരം കയ്യാളുന്നത് സമൂഹമാണ്. / Illustrations: 1. Mokshini, 2. mybodymychoiceindia
എന്ത് വസ്ത്രം ധരിക്കണം എന്നതിൽ തുടങ്ങി ജീവൻ നിലനിർത്താൻ എന്ത് ചികിത്സ തേടണം എന്നതിൽ വരെ ഒരു വ്യക്തിയെക്കാൾ അയാളുടെ ശരീരത്തിൽ അധികാരം കയ്യാളുന്നത് സമൂഹമാണ്. / Illustrations: 1. Mokshini, 2. mybodymychoiceindia

ചെറുപ്പം മുതൽ ടീനേജിന്റെ അവസാനം വരെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ക്രിസ്ത്യൻ തത്വചിന്തയും ദൈവശാസ്ത്രവും അനുസരിച്ചുള്ളതായിരുന്നു. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണെങ്കിലും മണ്ണുകൊണ്ട് നിർമ്മിച്ചതാണ് മനുഷ്യന്റെ ശരീരം. അതുകൊണ്ടുതന്നെ ഭൗമികമായ സുഖലോലുപതകളിൽ മുഴുകി കളങ്കപ്പെടാനാണ് അതിന്റെ സ്വാഭാവിക ചോദന. മനുഷ്യന്റെ എല്ലാത്തരം തിന്മകളുടെയും ഉറവിടവും ഇരിപ്പിടവും അവന്റെ ശരീരമാണ്. എന്നാൽ ദൈവത്തിന്റെ ജീവശ്വാസമായ മനുഷ്യന്റെ ആത്മാവ് കാംക്ഷിക്കുന്നത് വിശുദ്ധിയും ദൈവീക സാമീപ്യവുമാണ്. ശരീരം താല്ക്കാലികവും ദ്രവത്വമുള്ളതും ക്ഷയിച്ചു പോകുന്നതുമാണ്. ആത്മാവ് നിത്യവും അനശ്വരവുമാണ്. ശരീരത്തിന്റെ ഇച്ഛകളെ കീഴടക്കി ആത്മാവിന്റെ ഇഷ്ടം ചെയ്തു ജയം പ്രാപിക്കുന്നവരാണ് മരണാനന്തര ജീവിതത്തിൽ സ്വർഗ്ഗത്തിൽ കടക്കുന്നത്. അതിനു വേണ്ടിയുള്ള സഹായക ഗ്രന്ഥമാണ് ബൈബിൾ. മനുഷ്യരുടെ ശരീരം ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ക്ഷേത്രം ആണെന്നും അതിനെ മലിനമാക്കാതെ സൂക്ഷിക്കണം എന്നുമുള്ള നിർദ്ദേശങ്ങൾ ബൈബിളിൽ ഉടനീളം കാണാൻ സാധിക്കും. ശരീര വിശുദ്ധിക്കുള്ള നിഷ്‌ക്കർഷതകളെ അസാമാന്യമാം വിധം അങ്ങേയറ്റമെത്തിച്ചത് പുതിയ നിയമത്തിൽ വി. പൗലോസ് ആയിരുന്നു. സ്ത്രീകൾ മുടി പിന്നുന്നതും പൊന്നണിയുന്നതും മുതൽ വിവാഹം കഴിക്കുന്നതു വരെ അവരെ ദൈവത്തിന്റെ ഹിതം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കും എന്ന പേരിൽ പൗലോസിന് സ്വീകാര്യമായി തോന്നിയിരുന്നില്ല. എന്നാൽ ബൈബിളിലെ ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ സാന്മാർഗിക മൂല്യബോധങ്ങൾ വി. പൗലോസ് മുതലുള്ള അപ്പോസ്തലന്മാരെക്കാളും ആധുനിക സഭാപിതാക്കളായ വേദപണ്ഡിതരെക്കാളും അയഞ്ഞതായിരുന്നു എന്നത് രസകരമാണ്. ചുങ്കം പിരിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന്റെ സദാചാര ബോധം ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തിയിരുന്നവരോട് സൗഹൃദം സൂക്ഷിച്ചിരുന്ന യേശുവിന്റെ സന്ദേശങ്ങൾ പലതും ഭൗതികാതീതമായ സ്വഭാവമുള്ളവയായിരുന്നു. സ്വന്തം ശരീരം ഭക്ഷിക്കാനും രക്തം പാനം ചെയ്യാനും ഏൽപ്പിച്ചു കൊടുത്ത യേശുവിന്റെ കാഴ്ചപ്പാടുകൾ ആധുനിക ക്രൈസ്തവരുടേതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു എന്ന തിരിച്ചറിവ് വന്നതോടെയാണ് സാധാരണം എന്ന് കരുതപ്പെടുന്ന ജീവിതരീതിയിൽ എപ്പോഴോ കയറിപ്പറ്റിയ വിക്ടോറിയൻ മൂല്യബോധത്തിന്റെ ഭാരത്തെ കുടഞ്ഞു കളയാൻ എനിക്കായത്.

കീഴ്ജാതിക്കാരായ സ്ത്രീകളെ ഖാപ് പഞ്ചായത്തുകൾ നഗ്‌നരാക്കി നടത്തുന്നതും അവരുടെ ശരീരത്തിനുമേൽ കർതൃത്വം നടത്തുന്നതുമായ ആധുനിക ഇന്ത്യയിലാണ് കീഴ്ജാതിക്കാരിയായ ഞാൻ എന്റെ ശരീരത്തിന്റെ അസ്തിത്വത്തെ സാധൂകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നത്.

ഭാരതീയ കിടപ്പറകളെ നിയന്ത്രിക്കുന്നത് കുടുംബത്തിന്റെ കടുത്ത സ്വാധീനമാണ് എന്നതിൽ സംശയമില്ലല്ലോ. ഇങ്ങനെ വിവാഹത്തിനുള്ളിൽ മാത്രം ക്ലിപ്തപ്പെടുത്തിയ ലൈംഗിക ബന്ധം കൊണ്ട് സംരക്ഷിക്കപ്പെടുന്നത് വംശീയ രക്തശുദ്ധിയും ജാതി വ്യവസ്ഥയുമാണ്. അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വം കുടുംബത്തിനുമാണ്. പ്രണയം പൊതുവേ നിഷിദ്ധമാണ്. പ്രണയിക്കപ്പെടാനോ ഇച്ഛിക്കപ്പെടാനോ സാധ്യതയുള്ള സ്ഥലത്ത് സ്വയം അവരോധിക്കുന്നത് തെറ്റാണ്. എതിർലിംഗത്തിൽ പെട്ടവർക്ക് ആകർഷണം തോന്നുന്ന തരത്തിൽ സ്വന്തം ശരീരത്തെ അണിയിച്ചൊരുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് പാപമാണ്. ഈ ബാധ്യതകളൊക്കെ പുരുഷന്മാരെക്കാൾ സ്ത്രീകളുടെ ചുമലിലാണ് ഭാരമാകുന്നത്. പുരുഷന്മാർ നിയന്ത്രണാതീതമായ ലൈംഗിക ചോദനയുള്ളവരായാണ് പൊതുവേ ചിത്രീകരിക്കപ്പെടുന്നത് (അതിൽ പുരുഷന്മാർക്ക് ലേശം പോലും അപമാനം തോന്നാത്തതിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്). സ്ത്രീ ശരീരങ്ങളാൽ വളരെ എളുപ്പത്തിൽ അവർ സ്വാധീനിക്കപ്പെടുന്നു. അതുകൊണ്ടാണ് ലൈംഗിക അതിക്രമങ്ങളിൽ ഇരയായ സ്ത്രീയെ കുറ്റം ചുമത്താൻ സമൂഹം ഉത്സാഹിക്കുന്നത്. സമൂഹത്തിന്റെ ഭാഷ്യമനുസരിച്ച് ലൈംഗിക അതിക്രമങ്ങൾ ആരും നേരിടാവുന്ന ഒരു അപകടം അല്ല, വസ്ത്രം കൊണ്ടോ, ജോലി കൊണ്ടോ, പുറത്തിറങ്ങേണ്ടത് എന്നു കല്പിക്കപ്പെടുന്ന സമയക്രമം പാലിക്കാത്തതുകൊണ്ടോ "അസാന്മാർഗി' ആയി തീരുന്ന ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ശിക്ഷ ആണത്. സമൂഹത്തിന്റെ ചിട്ടവട്ടങ്ങൾ പാലിച്ചാൽ എളുപ്പം ഒഴിവാക്കാമായിരുന്ന ഒന്നായി ലൈംഗിക അതിക്രമങ്ങളെ ചിത്രീകരിക്കാറുണ്ട് (ടാറ്റൂ ആർട്ടിസ്റ്റിൽ നിന്നും അതിക്രമം നേരിട്ട സ്ത്രീകളെ മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പടെ പൊതുജനം വിചാരണ ചെയ്തത് ഈയടുത്ത കാലത്താണല്ലോ).

സ്ത്രീകളെ അച്ചടക്കം പരിശീലിപ്പിക്കാനുള്ള ഒരു ഉപകരണമായും മാധ്യമ ശ്രദ്ധ നേടിയ ലൈംഗിക അതിക്രമങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. ഇങ്ങനെ റേപ്പ് കൾച്ചറിനെ അഭിമാനത്തോടെ പുൽകുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഇന്ത്യയിലേത്. ഇവിടെ അനുവദനീയമായ ലൈംഗികത സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആശിർവാദത്തോടെ വിവാഹാനന്തരമുള്ള എതിർലിംഗ സംഭോഗതത്പരമായ (heterosexual) ലൈംഗികതയാണ്. അതിന്റെ ഉദ്ദേശ്യം പ്രത്യുൽപാദനവും. അതിനാലാണ് ലെസ്ബിയൻ-ഗേ മനുഷ്യരും ട്രാൻസ് വ്യക്തികളുമൊക്കെ സമൂഹത്തിന്റെ ചട്ടക്കൂട്ടിൽ ഉൾപ്പെടാതെ പുറന്തള്ളപ്പെടുന്നത്. അവരുടെ ശരീരങ്ങൾ സമൂഹം ആവശ്യപ്പെടുന്നത് ചെയ്യാത്തതിനാൽ "പ്രകൃതി വിരുദ്ധ'മാകുന്നു.

കൊച്ചിയിലെ ഇൻക്ഫെക്റ്റട് എന്ന സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാൻ എത്തിയവർ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച്  മാതൃഭൂമിയും മലയാള മനോരമയും നൽകിയ വാർത്തകൾ.
കൊച്ചിയിലെ ഇൻക്ഫെക്റ്റട് എന്ന സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാൻ എത്തിയവർ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മാതൃഭൂമിയും മലയാള മനോരമയും നൽകിയ വാർത്തകൾ.

മേൽജാതിക്കാരായ സ്ത്രീകളുടെ ശരീരങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഒരേയൊരു ധർമ്മം പ്രത്യുല്പാദനമാണ്. കീഴ്ജാതിക്കാരിയായ സ്ത്രീയിൽ ഇതോടൊപ്പം അദ്ധ്വാനവും കൂടി വരും. ജന്മിത്ത കാലഘട്ടത്തിനു ശേഷം മുതലാളിത്തം ശക്തി പ്രാപിച്ചപ്പോൾ അദ്ധ്വാനം ജീവിക്കാനുള്ള അടിസ്ഥാന ആവശ്യമായി മാറി എന്നതൊഴിച്ചാൽ സമൂഹം ഇപ്പോഴും മേൽജാതിക്കാരായ സ്ത്രീകളെ ഉദ്യോഗത്തിൽ നിന്നും അതുവഴി ശാരീരിക അദ്ധ്വാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. കീഴ്ജാതിക്കാരായ സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ മാത്രമല്ല ലൈംഗികതയുടെയും മേൽ ആധിപത്യം ഉറപ്പിക്കാൻ സവർണ പുരുഷൻ തുനിയാറുണ്ട്. ഹത്രാസ്സ്, ഖൈർലാഞ്ചി മുതലായ സ്ഥലങ്ങളിൽ നടന്ന കൂട്ടബലാത്സംഗങ്ങൾ ജാതി ബലാത്സംഗങ്ങളാകുന്നത് ഇങ്ങനെയാണ്.

കീഴാള സ്ത്രീയെ ഏറ്റവും സമീപ കാലത്തുള്ള നോവലുകളിലും സിനിമകളിലും പോലും അമിത ലൈംഗികാവേശമുള്ള ശരീരങ്ങളാക്കി പ്രതിഷ്ഠിക്കുന്നു. അങ്ങനെ അവളുടെ ശരീരത്തിനു നേരേ ഉണ്ടാവുന്ന അതിക്രമങ്ങൾ നീതീകരിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാൻ ദലിത് സ്ത്രീകൾ "കുലസ്ത്രീകൾ' ആയി അഭിനയിക്കണം എന്ന അഭിപ്രായമുള്ളവരുണ്ട്.

കീഴ്ജാതിക്കാരായ സ്ത്രീകളെ ഖാപ് പഞ്ചായത്തുകൾ നഗ്‌നരാക്കി നടത്തുന്നതും അവരുടെ ശരീരത്തിനുമേൽ കർതൃത്വം നടത്തുന്നതുമായ ആധുനിക ഇന്ത്യയിലാണ് കീഴ്ജാതിക്കാരിയായ ഞാൻ എന്റെ ശരീരത്തിന്റെ അസ്തിത്വത്തെ സാധൂകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നത്. കീഴാള സ്ത്രീയെ ഏറ്റവും സമീപ കാലത്തുള്ള നോവലുകളിലും സിനിമകളിലും പോലും അമിത ലൈംഗികാവേശമുള്ള ശരീരങ്ങളാക്കി പ്രതിഷ്ഠിക്കുന്നു. അങ്ങനെ അവളുടെ ശരീരത്തിനു നേരേ ഉണ്ടാവുന്ന അതിക്രമങ്ങൾ നീതീകരിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാൻ ദലിത് സ്ത്രീകൾ "കുലസ്ത്രീകൾ' ആയി അഭിനയിക്കണം എന്ന അഭിപ്രായമുള്ളവരുണ്ട്. എന്നാൽ അത് ശരിയായ ഒരു നടപടി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം എത്ര കുലസ്ത്രീ ആയി അഭിനയിച്ചാലും നമ്മളുടെ കുലം ഇന്നതാണ് എന്ന് സമൂഹം അറിയുന്നിടത്തോളം കാലം അവരുടെ മാനദണ്ഡം അനുസരിച്ചുള്ള ഒരു കുലസ്ത്രീ ആകാൻ നമുക്ക് കഴിയുകയില്ല. നമ്മുടെ നേരെയുള്ള അതിക്രമങ്ങൾ നിർലോഭം തുടരുകയും ചെയ്യും. ജീവിതത്തിലെ ആനന്ദങ്ങൾ നമുക്കു മാത്രം നഷ്ടവുമാകും.

സ്ത്രീകളെ ശരീരം മാത്രമായി ചുരുക്കുന്ന അവസ്ഥ റേപ്പ് കൾച്ചറിന്റെയും ഇതൊക്കെ ഉൾപ്പെടുന്ന പിതൃമേധാവിത്വത്തിന്റെയും സവിശേഷതയാണ്. ശരീരം മാത്രമാക്കി ആ ശരീരത്തെ നിയന്ത്രിച്ച് അടിച്ചമർത്തുക. ആ ശരീരം പൊതു സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നതിന് കർശനമായ നിയമസംഹിതകളും നിലവിലുണ്ട്. നിയമലംഘനം നടത്തുന്നവരെ ക്രൂരമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യും. സാമൂഹിക ശ്രേണിയിൽ ആ വ്യക്തി എവിടെ ഉൾപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി. സിനിമ നടിമാർ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ ദിനം പ്രതി നേരിടുന്നു. ഏതൊരു സ്ത്രീയെ സംബന്ധിച്ചും ഇതാണ് അവസ്ഥ എങ്കിൽ പോലും ദൃശ്യത കൂടുതലുള്ളവർ സ്വാഭാവികമായും കൂടുതൽ ആക്രമണങ്ങളും നേരിടേണ്ടി വരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, ഇഷ്ടമുള്ള രീതിയിൽ മുടി മുറിക്കുകയും പിന്നുകയും അലങ്കരിക്കുകയും ചെയ്യുക എന്നിങ്ങനെ വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ആസ്വദിക്കാൻ ഒരു കൂട്ടർ അനുവദിക്കാതിരിക്കുക, അതിന് കാരണം ബോധിപ്പിക്കുക എന്നീ അവസ്ഥയൊക്കെ എന്ത് ഭീകരമാണ്!

അലീന
അലീന

ശരീരത്തെ അലങ്കരിക്കുന്നതിനെപ്പറ്റി ഫെമിനിസ്റ്റുകളുടെ ഇടയിൽ പോലും ഭിന്നാഭിപ്രായങ്ങളുണ്ട്. അറുപതുകളിലും എഴുപതുകളിലും ശക്തി ആർജ്ജിച്ച സെക്കന്റ് വേവ് ഫെമിനിസത്തിന്റെ മുഖ്യ വാദങ്ങളിലൊന്ന് ഹൈ ഹീൽസ്, മേക്കപ്പ് പോലെ സ്‌ത്രൈണതയെ നിർവ്വചിക്കാനും വസ്തുവൽക്കരിക്കാനും പുരുഷൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വർജ്ജനം ആയിരുന്നു. പുരുഷമേധാവിത്വത്തിന്റെ മസ്തകക്ഷാളനം മൂലമാണ് സ്ത്രീകൾ ഇവ ഉപയോഗിക്കുന്നത് എന്നതായിരുന്നു അവരുടെ അഭിപ്രായം.
സമീപ കാലത്തും ഇതേ അഭിപ്രായമുള്ള ഫെമിനിസ്റ്റുകളെ നിർഭാഗ്യവശാൽ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ ആധുനിക കാലത്ത് മേക്കപ്പിനെയും സ്‌റ്റൈലിങിനെയും പൊതുവേ കല എന്ന രീതിയിലാണ് മനസിലാക്കുന്നത്. മേക്കപ്പ്, ഹൈഹീൽ എന്നിവ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി പല സ്ത്രീകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. എനിക്കും ഏതാണ്ട് സമാനമായ അനുഭവമാണ്. ഇത്തരം വിരുദ്ധാഭിപ്രായങ്ങളുടെയും വിഭിന്ന രാഷ്ട്രീയങ്ങളുടെയും ഇടയിലാണ് എന്റെ ശരീരത്തിന്റെ തനതായ ആവശ്യങ്ങളെയും സന്തോഷങ്ങളെയും കണ്ടെടുക്കാൻ ഞാൻ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത്.

ഇന്ത്യൻ നിറമായി എന്റെ നിറത്തെ കോർപ്പറേറ്റുകൾ പൊതുവെ പരിഗണിക്കാറില്ല. കളറിസത്തെ എതിർത്തു നില കൊള്ളുന്നതിനെക്കാൾ അതിന് വളം വെച്ചു കൊടുക്കുന്നതാണ് ഇന്ത്യൻ സാഹചര്യത്തിൽ ലാഭകരം എന്ന് അവർ മനസിലാക്കുന്നു.

നല്ല ശരീരം എന്ന സമൂഹത്തിന്റെ സൗന്ദര്യശാസ്ത്ര കള്ളികളിൽ പെടാത്തതിനാൽ ചെറുപ്പത്തിൽ, മാനസികവും ശാരീരികവുമായ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടത്തിൽ ദിവസേന അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ ദുരനുഭവങ്ങൾ സ്വന്തം ശരീരത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായ രൂപീകരണത്തെ വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്. എന്നെപ്പോലെ കറുത്ത നിറമുള്ള ഒരാളെയും സൗന്ദര്യത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ പ്രതീകമായി ദൃശ്യമാധ്യമങ്ങളിൽ ഒരിടത്തും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പകരം കറുപ്പുമായി ദുഷ്ടതയെയും പൈശാചികതയെയും ബന്ധിപ്പിക്കുന്ന പ്രതീകങ്ങളായിരുന്നു എല്ലായിടത്തും. എന്നെപ്പോലത്തെ സ്ത്രീകൾ മോഷ്ടിക്കുന്നവരോ, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നവരോ, കുടുംബ നാഥന്മാരായ സല്പുരുഷന്മാരെ വശീകരിക്കാൻ വൃഥാ ശ്രമിക്കുന്ന അമിത ലൈംഗികാവേശമുള്ള ശൂർപ്പണഖമാരായോ മാത്രം സ്ഥിരമായി കണ്ട് ഞാൻ ലജ്ജിച്ചു. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ ആത്മവിശ്വാസക്കുറവ് വളരെ വൈകിയാണ് പരിഹരിക്കപ്പെട്ടതും. ഈ നിറം കൊണ്ടും ശരീരപ്രകൃതി കൊണ്ടും പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യൻ കോസ്‌മെറ്റിക് മാർക്കറ്റിൽ എന്റെ നിറത്തിനു ചേരുന്ന പ്രോഡക്റ്റുകൾ വളരെ കുറവാണ്. ഇന്ത്യൻ നിറമായി എന്റെ നിറത്തെ കോർപ്പറേറ്റുകൾ പൊതുവെ പരിഗണിക്കാറില്ല. കളറിസത്തെ എതിർത്തു നില കൊള്ളുന്നതിനെക്കാൾ അതിന് വളം വെച്ചു കൊടുക്കുന്നതാണ് ഇന്ത്യൻ സാഹചര്യത്തിൽ ലാഭകരം എന്ന് അവർ മനസിലാക്കുന്നു.

ഇത്തരം ദുഷിച്ച യാഥാർത്ഥ്യങ്ങളുടെ നടുവിലും എന്റെ ശരീരം എനിക്ക് വിലപ്പെട്ടതാണ്. എന്റെ പൂർവ്വികരുടെ സവിശേഷതകളാണ് തലമുറകളായി ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് എനിക്ക് കിട്ടിയിരിക്കുന്നത്. ഇന്ത്യയെ ജീവൻ പോലും വെടിഞ്ഞ് ഈ രീതിയിൽ പണിതുയർത്തിയവരുടെ കണ്ണ്, മൂക്ക്, പല്ല്, മുടി, നിറം. എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു. ▮


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments