അലീന

പിതൃമേധാവിത്വത്തിന് പതിവ്രതകളെ മാത്രമല്ല,
​‘പിഴച്ചവരെയും’ ആവശ്യമുണ്ട്

ടീനേജിന്റെ ആരംഭത്തിലുള്ള ഒരു കുട്ടിയുടെ അപകടകരമാം വിധമുള്ള ആൺബോധം രൂപപ്പെടുന്നത്, തനിക്ക് കീഴിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ശരീരങ്ങളുടെ മേലുള്ള കർതൃത്വം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് ധരിച്ചുകൊണ്ടാണ്

അലീന

ഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗീകാതിക്രമം നേരിടുന്നത്. അന്ന് പതിമൂന്ന് വയസ്സുണ്ടായിരുന്ന ഒരു കസിനാണ് ആ കൃത്യം ചെയ്തത്. കുഞ്ഞനിയത്തിയെ ഗ്രൂം ചെയ്യാനും നടന്നത് ആരോടും പറയാതെ മറച്ചു വെക്കാൻ പഠിപ്പിക്കാനും അന്ന് ആ കുറ്റവാളിക്ക് കഴിഞ്ഞു.

പത്തു വർഷമെങ്കിലും മുൻപാണ്. അയൽവാസിയായ, മധ്യവയസ്‌കയായ ഒരു സ്ത്രീ എന്റെ അമ്മയോട് കരഞ്ഞു പറയുന്നത് കേട്ടതാണ്. മറ്റൊരു അയൽവാസിയുടെ ഏകദേശം പതിമൂന്ന് വയസ് പ്രായമുള്ള മകൻ അവരുടെ മുന്നിൽ ലിംഗം പ്രദർശിപ്പിക്കുന്നു, അശ്ലീല ആംഗ്യങ്ങളും മറ്റും കാണിക്കുന്നു. എനിക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പുറമേ മാന്യനായൊരു കുട്ടിയായിരുന്നു. പക്ഷേ, അയൽപക്കത്തെ ഏറ്റവും വൾനറബിൾ ആയ (രണ്ടു കാലിലും നീരുള്ളതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുള്ള, പ്രായമുള്ള, മക്കളില്ലാത്ത) സ്ത്രീയെ തന്നെ തന്റെ ""ഇര''യായി അവൻ തിരഞ്ഞെടുത്തു. പതിമൂന്ന് വയസ്സിന്റെ ഇളം പ്രായത്തിൽ തന്നെ അവനറിയാം തന്റെ ലിംഗത്തിന് സമൂഹത്തിലുള്ള പ്രാധാന്യം. അത് അവഗണിക്കാനാവാത്തതാണെന്നും. അതുകൊണ്ടുതന്നെ ഈയിടെ നടന്ന സംഭവത്തിലൊന്നും തെല്ലും ആശ്ചര്യമില്ല. മാറ്റം പതുക്കെയാണല്ലോ എന്ന ഭീതി മാത്രമേയുള്ളൂ.

പുരുഷന്റെ ലോകമാണിതെന്ന് വിശ്വസിച്ചുകൊണ്ടാണ് കുട്ടികൾ വളർന്നു വരുന്നത്. ഉദാഹരണമായി അവരവരുടെ കുടുംബങ്ങളിലെ അവസ്ഥ മാത്രം ആലോചിച്ചാൽ മതി. വീട്ടിലെ ജോലികളുടെ തുല്യമല്ലാത്ത വിഭജനം, പാചകവും തുന്നൽപ്പണികളും "അന്തസില്ലാത്തതാകുന്നത്', പെൺകുട്ടികൾക്കു മാത്രം കുടുംബം നോക്കാനുള്ള പരിശീലനം എന്നിവ ചിലതു മാത്രമാണ്. ആൺകുട്ടികൾ ഫുട്‌ബോൾ ഗ്രൗണ്ടിൽ നിന്ന് വിയർത്തൊലിച്ച് കയറി വരുമ്പോൾ ഇത്തിരി ഇരുട്ടിയാലും സാരമില്ല. പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് വരാൻ താമസിച്ചാൽ, ചോദ്യം ചെയ്യൽ, പേടിപ്പിക്കൽ, ഭീഷണി തുടങ്ങിയ കലാപരിപാടികളും. ഗ്രൗണ്ടുകൾ പോലുള്ള പൊതുവിടങ്ങളിൽ ശരീരമിളകിയുള്ള കളികൾക്ക് ആർത്തവസമയത്ത് പെൺകുട്ടികളെ അനുവദിക്കാത്ത മാതാപിതാക്കളെ അറിയാം.

സ്തനവളർച്ചക്കും ബ്രാ ഇടീലിനും ഇടയിലുള്ള ചെറിയ കാലഘട്ടത്തിൽ ഓടാനോ ചാടാനോ അനുവാദം ഇല്ലാതിരുന്ന കുട്ടികളെയും പരിചയമുണ്ട്. ശിശുപീഡനനിരക്കുകളിൽ പെൺകുട്ടികളോടൊപ്പം ആൺകുട്ടികളും എത്തുമെങ്കിലും പെൺകുട്ടികളുടെ ശരീരത്തെ ചുറ്റിപ്പറ്റിയുള്ള വിശുദ്ധി, കന്യകാത്വത്തിന്റെ പവിത്രത എന്നീ മിത്തുകൾ അവരുടെ ശരീരങ്ങളെ സമൂഹത്തിൽ നിന്നും പൊതിഞ്ഞു വെക്കുന്ന അവസ്ഥയുണ്ടാക്കുന്നു. പെൺകുട്ടികളുടെ കാര്യത്തിൽ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസമില്ലാത്ത മുതിർന്നവർ ഇരയെ കുറ്റവാളിയാക്കുന്നു.

സ്തനവളർച്ചക്കും ബ്രാ ഇടീലിനും ഇടയിലുള്ള ചെറിയ കാലഘട്ടത്തിൽ ഓടാനോ ചാടാനോ അനുവാദം ഇല്ലാതിരുന്ന കുട്ടികളെയും പരിചയമുണ്ട്

സ്‌കൂൾ കാലഘട്ടങ്ങളിൽ പൂവാലശല്യം പോലുള്ള, പുറമേ നിസ്സാരവും എന്നാൽ കൊലപാതകം പോലെ വലിയ വലിയ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടാവുന്നതുമായ അനുഭവങ്ങളെപ്പറ്റി പരാതിയുമായി എത്തുന്ന പെൺകുട്ടികളോട്, ""രണ്ടു കയ്യും കൂട്ടി മുട്ടിയല്ലാതെ ശബ്ദം ഉണ്ടാകില്ല'' എന്ന തരത്തിലുള്ള വൃത്തികെട്ട പഴഞ്ചൊൽന്യായങ്ങൾ മുതിർന്നവരിൽ നിന്നും കേൾക്കാറുണ്ട്. സ്ത്രീവിരുദ്ധതയുടെ പ്രത്യക്ഷ പ്രകടനങ്ങളെ, ലൈംഗിക അതിക്രമങ്ങളെ കേവലം കയ്യടിയുമായി താരതമ്യം ചെയ്യുന്നതുപോലും ക്രൂരമാണ്.

ആൺകുട്ടികളുടെ കാര്യത്തിലും ഈ അതിക്രമങ്ങളെക്കുറിച്ചുള്ള അജ്ഞത വില്ലനാവാറുണ്ട്. ചോക്ലേറ്റ് എന്ന സിനിമയിൽ, ഹോസ്റ്റൽ മുറിയിൽ പീഡനത്തിനിരയായ ‘പതിനേഴു തികയാത്ത പാൽക്കാരൻ പയ്യൻ’ തമാശയാകുന്നത് അവൻ ‘പരാജയപ്പെട്ട’ പുരുഷനായതുകൊണ്ടാണ്. ‘യഥാർത്ഥ പുരുഷൻ’ പീഡനമേൽക്കുന്നവനല്ല, ചൊൽപ്പടിക്ക് നിൽക്കാത്തവരെ പീഡിപ്പിക്കുന്നവനാണ്. കുടുംബങ്ങളിലും ക്ലാസ് മുറികളിലും സ്വാഭാവികമായി ദിവസവും കാണുന്ന സ്ത്രീ- പുരുഷ വിവേചനം, സ്ത്രീശരീരങ്ങളെ ചുറ്റിപ്പറ്റി പൊതുവേയുള്ള ദുരൂഹത എന്നിവ, ടീനേജ് പ്രായത്തിൽ ആൺകുട്ടികൾ ശ്രദ്ധിക്കുകയും അവരുടെ ജീവിതരീതിയെയും മൂല്യങ്ങളെയും അത് വല്ലാതെ സ്വാധീനിക്കുകയും ചെയ്യുന്നു.

രണ്ട് വർഷം ഇംഗ്ലീഷ് ടീച്ചറായിരുന്നപ്പോൾ ലിംഗവിവേചനത്തെപ്പറ്റിയും, പെൺകുട്ടികളോട് മാന്യമായി പെരുമാറുന്നതിനെപ്പറ്റിയും ആക്റ്റീവായും, സിനിമയിലൂടെയും സാഹിത്യത്തിലൂടെയും വളരെ പാസ്സീവായും ടീനേജ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വല്ലാതെ സാമാന്യവത്കരിക്കപ്പെട്ട ഈ സാമൂഹ്യവിപത്തിനെപ്പറ്റി അവർ ബോധവാന്മാരാണെങ്കിലും, അത് ഉറപ്പു വരുത്തുന്ന സൗജന്യങ്ങൾ ആസ്വദിക്കാൻ അവർ ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. പെങ്ങന്മാരെയും പെൺസുഹൃത്തുക്കളെയും ഭരിക്കുന്നത്, അവരോട് ആവശ്യമില്ലാതെ കയർത്തു സംസാരിക്കുന്നത്, മിഠായി പോലുള്ള ഭക്ഷണസാധനങ്ങൾ വിവേചനപൂർവ്വം പങ്കുവെക്കുന്നത്, തുടങ്ങിയവയൊക്കെ തെറ്റാണെന്ന് അറിയാമെങ്കിലും അത് ചെയ്യുമ്പോഴുള്ള അധികാരവും അതിന്റെ പ്രകടനവും അവരിഷ്ടപ്പെടുന്നു.

പതിമൂന്നോ പതിനാലോ വയസ്സുള്ള ആൺകുട്ടി, അവന്റെ ചെറുപ്പത്തിലെപ്പോലെ ഒരു "ഡെക്കോർ പീസ"ല്ല. എന്നാൽ മുതിർന്നവരെപ്പോലെ പെരുമാറാറായിട്ടുമില്ല. സ്വന്തം ഐഡന്റിറ്റിയും അധികാരവും ഒക്കെ തേടുന്ന ഹോർമോണുകൾ വന്യമാകുന്ന ആ കാലഘട്ടത്തിലെ നിരാശകൾ അവർ തീർക്കാൻ ശ്രമിക്കുന്നത് പലപ്പോഴും തങ്ങളെക്കാൾ അധികാരം കുറഞ്ഞവരെന്ന് സമൂഹം പഠിപ്പിച്ചിട്ടുള്ള സ്ത്രീകളുടെ നേരെയാണ്. അവർ അമ്മയോ അനിയത്തിയോ ആവാം. ചേച്ചിയോ ക്ലാസിലെ കൂട്ടുകാരിയോ ടീച്ചറോ പോലുമാകാം. അതുകൊണ്ടാണ് അയൽവാസിയോട്, വഴിയിൽ കണ്ട അപരിചിതയായ സ്ത്രീയോട് അശ്ളീലം പറയാൻ അവൻ ധൈര്യപ്പെടുന്നത്.

ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന കുട്ടി പിതൃമേധാവിത്വത്തിന്റെ ഇരയാണ്. സ്ത്രീകൾ ലൈംഗിക വസ്തുക്കളാണെന്നും ഭരിക്കപ്പെടേണ്ടവരാണെന്നും അവനെ കാണിച്ചു കൊടുത്തത് പിതൃമേധാവിത്വ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഈ സമൂഹമാണ്. ആദ്യം സൗജന്യങ്ങളും സുഖങ്ങളും കാണിച്ചു കുട്ടികളെ പിതൃമേധാവിത്വത്തിന്റെ ഉപഭോക്താക്കളാക്കും. പിന്നീട് അവർ ഈ വിശേഷാധികാരങ്ങൾ കൈവിട്ടു പോകാതിരിക്കാൻ പിതൃമേധാവിത്വത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുന്ന ഉത്തമ പുരുഷന്മാരാകും. സ്വയം കുഴിച്ച കുഴിയിൽ വീഴുന്നതിനു തുല്യമാണിത്.

മലയാളം "കമ്പി സൈറ്റുകളിലെ' ട്യൂഷൻ ചേച്ചിയും "പുലിമുരുകൻ' സിനിമയിലെ ജൂലിച്ചേച്ചിയും ഒരുപോലെ, മാന്യമായി ജീവിക്കുന്ന പുരുഷന്മാരെ ദേഹം കാണിച്ചു വശീകരിക്കാൻ ശ്രമിക്കുന്നവരാണ്

ലൈംഗിക ബന്ധത്തിന് ദാഹിക്കുന്ന ‘ചേച്ചി'മാരെക്കൊണ്ട് സമ്പന്നമാണ് പോൺ സാഹിത്യം മുതൽ പോപ്പുലർ സിനിമ വരെ. മലയാളം "കമ്പി സൈറ്റുകളിലെ' ട്യൂഷൻ ചേച്ചിയും "പുലിമുരുകൻ' സിനിമയിലെ ജൂലിച്ചേച്ചിയും ഒരുപോലെ, മാന്യമായി ജീവിക്കുന്ന പുരുഷന്മാരെ ദേഹം കാണിച്ചു വശീകരിക്കാൻ ശ്രമിക്കുന്നവരാണ്. "സവിത ഭാഭി' എന്ന പോണോഗ്രഫിക് കാർട്ടൂണിന്റെ വിജയം തന്നെ ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്. സവിത ഭാഭി വിവാഹിതയായ, മേൽജാതിക്കാരിയായ ഒരു സ്ത്രീയാണ്. പക്ഷേ വ്യക്തികളുടെ ജാതിയോ വർഗമോ ലിംഗമോ പരിഗണിക്കാതെ അവരുമായി ബന്ധപ്പെടുന്നു. പുരുഷഫാന്റസികളുടെ എല്ലാ ചേരുവകളും ചേർന്ന ഒരു കഥാപാത്രമാണത്. ""ഉല്ലു'' എന്ന അഡൽറ്റ് ആപ്പ് നിർമ്മിക്കുന്ന സീരീസിലെ കവിത ഭാഭിയും വ്യത്യസ്തയല്ല. വിവാഹിതരായ ചേച്ചിമാർ സ്വന്തം ഭർത്താക്കന്മാരുമായുള്ള ലൈംഗിക ബന്ധത്തിൽ തികച്ചും അസന്തുഷ്ടരായിരിക്കും. അവരുടെ ശരീരത്തിന്റെയും ലൈംഗികതയുടെയും മേൽ അധികാരം സ്ഥാപിച്ച്, അവരുമായി ബന്ധപ്പെടുന്ന ജാരൻ, ദുർബ്ബലനായ ഭർത്താവെന്ന പുരുഷനെ പരാജയപ്പെടുത്തി രക്ഷിച്ചെടുക്കുന്നത് പിതൃമേധാവിത്വ സങ്കല്പങ്ങളെയാണ്.

ലൈംഗിക ശേഷി കുറഞ്ഞ, മാസ്‌കുലീൻ സവിശേഷതകളില്ലാത്ത പുരുഷൻ "യഥാർത്ഥ പുരുഷ സങ്കൽപങ്ങൾ'ക്ക് അപഹാസ്യമാണ്. അവന്റെ ഭാര്യ ലൈംഗിക ശാന്തിയോ ശമനമോ കിട്ടാതെ അലയുന്ന സ്‌ത്രൈണാത്മാവാണ്. ഗൾഫുകാരന്റെ ഭാര്യ, പട്ടാളക്കാരന്റെ ഭാര്യ തുടങ്ങിയ രൂപകങ്ങളുടെ കഥയും വിഭിന്നമല്ല. അവരെ തരളിതരാക്കാൻ, ലൈംഗിക ബന്ധത്തിന് ക്ഷണിക്കാൻ ഒരു സ്പർശമോ, ഒരു നോട്ടമോ മതി. ഇത്തരം വികലമായ ചിത്രീകരണങ്ങളാണ് അവയിലെ കൺസെന്റ് ചോദിക്കൽ. ഏർളി ടീനേജിന്റെ ഇളം പ്രായത്തിൽ ഇത്തരം മെറ്റീരിയലുകൾ എത്ര വേണമെങ്കിലും ലഭ്യമാണ്. അവ അപകടകരമാണെന്ന് മാത്രമല്ല, അവയിൽ ശിക്ഷയേറ്റു വാങ്ങുന്നത് "തെറ്റുകാരിയായ' സ്ത്രീ മാത്രമായിരിക്കും. അങ്ങനെ യഥാർത്ഥ സ്ത്രീ എങ്ങനെയായിരിക്കണം എന്നതിനും അവർക്ക് ഉത്തരം കിട്ടും. വ്യവസ്ഥകൾ അതുപോലെ നിലനിൽക്കാൻ പിതൃമേധാവിത്വത്തിന് പതിവ്രതകളെ മാത്രമല്ല, "പിഴച്ചവരെയും' ആവശ്യമുണ്ട്.

ലൈംഗികത, ലിംഗത്വം, റേപ്പ്, കൺസെന്റ് എന്നിവയെക്കുറിച്ച് തെറ്റായ ധാരണകൾ പരത്തുന്ന മാധ്യമങ്ങളാണ് ചുറ്റുമുള്ളത്. പലപ്പോഴും കുട്ടികളുടെ കാഴ്ചയിൽ റേപ്പിസ്റ്റ് എന്നാൽ കുഞ്ഞിക്കൂനൻ സിനിമയിലെ വാസു എന്ന അതിശയോക്തി കലർന്ന, കഥാപാത്രത്തെപ്പോലുള്ള ഒരു അപരനാണ്. അവരതല്ല, അവർക്കത് ആവാനും കഴിയില്ല. തങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണെന്നുപോലും തിരിച്ചറിയാത്തതിനാൽ പരിഹരിക്കാനുമാവുന്നില്ല. പുരുഷനാൽ ഭരിക്കപ്പെടാനും നിയന്ത്രിക്കപ്പെടാനും ഇഷ്ടപ്പെടുന്ന അബലകളായ സ്ത്രീകൾ, സമൂഹം വരച്ച സന്മാർഗിക വരക്കപ്പുറത്തേക്ക് സഞ്ചരിച്ചതിനാൽ (സീതയെപ്പോലെ) ബലാത്സംഗം കൊണ്ട് ""ശിക്ഷിക്കപ്പെട്ട'' സ്ത്രീകൾ, തുടങ്ങിയ തെറ്റായ കഥാപാത്ര നിർമ്മിതികൾപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പുരുഷകുറ്റവാളികൾ, ബലാത്സംഗികൾ എന്നിവരുടെ തികച്ചും വൺ ഡയമെൻഷണലായ ചിത്രീകരണം. പുരുഷന്റെ ഈഗോയും സ്വയം നീതീകരണവും സംരക്ഷിക്കപ്പെടുന്നതും വെന്റ് ചെയ്യപ്പെടുന്നതും ഇത്തരം അപര കഥാപാത്രങ്ങളിലൂടെയാണ്.

ചെറുപ്രായത്തിലേ "ആൺബോധം' രൂപപ്പെടുന്നത് ഇത്തരം കഥാപാത്രങ്ങളിൽ നിന്നും അബോധമായി അകലം പാലിച്ചുകൊണ്ടാണ്. ഇവരെ അപഗ്രഥിക്കുകയും അപനിർമ്മിക്കുകയും ചെയ്യുന്നതിലൂടെ വിരൽ ചൂണ്ടപ്പെടുന്നത് മറ്റു ചില അനീതികളിലേക്കും കൂടിയാണ്. സാമൂഹ്യവിരുദ്ധവും ഗുരുതരവുമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നത് പലപ്പോഴും പുരുഷൻ എന്ന പിരമിഡിന്റെ ഏറ്റവും കീഴ്ത്തട്ടിലുള്ളവരുടെ മേലായിരിക്കും. അതുകൊണ്ടാണ് ഫ്രാങ്കോ മുളക്കൽ എന്ന ചോരയും നീരുമുള്ള കുറ്റവാളിയെക്കാൾ വാസു എന്ന സിനിമ കഥാപാത്രം കൂടുതൽ ഭീകരനായി തോന്നുന്നത്. ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിലും ഈ പിരമിഡിന്റെ താഴെത്തട്ടിൽ എത്തുമ്പോൾ പീഡാനുഭവങ്ങളുടെ തീവ്രതയും കൂടും.

കീഴാള സ്ത്രീകൾ അസന്മാർഗികരും അടങ്ങാത്ത ലൈംഗിക ചോദനയുള്ളവരുമായാണ് പലപ്പോഴും പ്രതിഷ്ഠിക്കപ്പെടുക. ട്രാൻസ് സ്ത്രീകളുടെയും ട്രാൻസ് പുരുഷന്മാരുടെയും ലിംഗത്വത്തിന്റെ സ്വയം നിർണ്ണയം പോലും പലരും നിഷേധിക്കുന്നു

"പൊതു' എന്ന് അവതരിപ്പിക്കപ്പെടുന്ന സ്ത്രീയനുഭവങ്ങളെക്കാൾ പല രീതിയിലും വ്യത്യസ്തമായിരിക്കും, സവർണ സ്ത്രീശരീരങ്ങളുടെ മേൽ ആരോപിക്കപ്പെടുന്ന "ശുദ്ധി' ഇല്ലാത്ത ദളിത്- ആദിവാസി- ട്രാൻസ് സ്ത്രീയനുഭവങ്ങൾ. ഇന്ത്യയിൽ ഓരോ ദിവസവും നാല് ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയാവുന്നത്. പലപ്പോഴും അത് കൂട്ടബലാത്സംഗവുമായിരിക്കും. ഒരു സമുദായത്തെ മുഴുവൻ ഭീതിപ്പെടുത്താൻ മേൽജാതിക്കാരായ പുരുഷന്മാർ ദളിത് സ്ത്രീകളുടെ ശരീരങ്ങളെ രാഷ്ട്രീയ ആയുധങ്ങളായി ആക്രമിക്കുന്നതാണ് അവയിൽ പലതും. ദളിത് സ്ത്രീ ശരീരങ്ങൾ ഒരു സമുദായത്തിന്റെ മുഴുവൻ "ബലഹീനത'യാകുന്നു.

ബലാത്സംഗത്തിനിരയാകുന്ന ട്രാൻസ് സ്ത്രീകളുടെയും പുരുഷന്മാരുടെയും കണക്ക് ഇതിലും ഉയർന്നതാണ്. പൊതുവേ desexualize ചെയ്യപ്പെട്ടവരെങ്കിലും ഡിസേബിൾഡ് ശരീരങ്ങൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ കണക്കുകൾ പേടിപ്പെടുത്തുന്നവയാണ്. എന്നാൽ ഇവയൊക്കെ ആൺനോട്ടത്തിനു വിധേയരായി സിനിമയും നോവലുകളും പോലെയുള്ള സാങ്കൽപിക ഇടങ്ങളിൽ എത്തുന്നത് വളരെ വ്യത്യസ്തരായാണ്. കീഴാള സ്ത്രീകൾ അസന്മാർഗികരും അടങ്ങാത്ത ലൈംഗിക ചോദനയുള്ളവരുമായാണ് പലപ്പോഴും പ്രതിഷ്ഠിക്കപ്പെടുക. ട്രാൻസ് സ്ത്രീകളുടെയും ട്രാൻസ് പുരുഷന്മാരുടെയും ലിംഗത്വത്തിന്റെ സ്വയം നിർണ്ണയം പോലും പലരും നിഷേധിക്കുന്നു. ഇത്തരം വികലമായ കഥാപാത്രസൃഷ്ടികൾ ആത്യന്തികമായി അതാത് സമൂഹങ്ങൾക്ക് ദോഷം ചെയ്യുന്നതാണ്. തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ പരോക്ഷമായി ന്യായീകരിക്കപ്പെടുന്നതുവഴി നിലനിൽപിനായി യാഥാർത്ഥ്യങ്ങളോട് നിരന്തരം പോരാടുന്നവർക്ക് ഈ അധികഭാരം കൂടി ചുമക്കേണ്ടി വരുന്നു.

ഈ യാഥാർത്ഥ്യങ്ങളുടെ മധ്യത്തിൽ ജീവിക്കുന്ന ഉയർന്നജാതിക്കാരനായ, ടീനേജിന്റെ ആരംഭത്തിലുള്ള ഒരു കുട്ടിയുടെ അപകടകരമാം വിധമുള്ള ആൺബോധം രൂപപ്പെടുന്നത്, തനിക്ക് കീഴിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ശരീരങ്ങളുടെ മേലുള്ള കർതൃത്വം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് ധരിച്ചുകൊണ്ടാണ്. ഇത് തീർത്തും മനസിലാക്കാവുന്നതാണെങ്കിൽ പോലും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ലൈംഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സമൂഹത്തിന്റെ ഘടന ഉൾപ്പെടുന്ന സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസവും ആരോഗ്യകരമായ മറ്റൊരു തലമുറയെ നിർമ്മിക്കുന്നതിന് അനിവാര്യമാണ്. ""Into the Woods'' എന്ന സിനിമയിലെ മന്ത്രവാദിനിയുടെ പാട്ടുപോലെ,

Careful before you say ""Listen to me'' Children will listen Careful the wish you make Wishes are children Careful the path they take Wishes come true​▮


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments