ഷൈനി, ആശ വർക്കർ…
വേണം, കേരളത്തിന്റെ ചെറുത്തുനിൽപ്പ്

ഗാർഹികപീഡന നിയമം നിലവിലുണ്ടെങ്കിലും അത് കോട്ടയത്തെ ഷൈനിയെ തുണച്ചില്ല. കുടുംബശ്രീ അടക്കമുള്ള സ്ത്രീശാക്തീകരണ സംവിധാനം അവർക്കു ചുറ്റുമുണ്ടായിരുന്നെങ്കിലും അവർ അനുഭവിച്ച ഭയാനകമായ ഹിംസ തിരിച്ചറിയപ്പെടാതെ, ചെറുക്കപ്പെടാതെ, തന്നെ തുടർന്നു. ആശാ തൊഴിലാളികളുടെ സമരത്തിലാകട്ടെ, അവരെ വൃത്തികെട്ട രീതിയിൽ അപമാനിക്കാനും, കള്ളികളായി ചിത്രീകരിക്കാനും, അവരോടു കരുണ ലേശമില്ലാത്തവിധം പെരുമാറാനുമാണ് ഭരണയന്ത്രവും അതു തിരിക്കുന്ന മുഖ്യകക്ഷിയും ഉത്സാഹിക്കുന്നത്. തൊഴിൽസേനയിലേക്കു കടക്കാൻ പോലും അനുവാദമില്ലാതെ, നിർബന്ധിത ഗാർഹിക അടിമത്തത്തിൽ വലയുന്ന അനേകം സഹോദരിമാർ കേരളത്തിലുണ്ടെന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണണം- ആൽത്തിയ സഹോദരീസംഘം എഴുതുന്നു.

2025-ലെ അന്താരാഷ്ട്ര വനിതാദിനം, ലോകം മുഴുവൻ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന വലതുപക്ഷ സ്ത്രീവിരുദ്ധതയുടെ നിഴലിലാണ് പുലരുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾക്കിടയിൽ ആഗോളതലത്തിൽ സ്ത്രീകൾ നേടിയ അവകാശങ്ങളും മുന്നേറ്റങ്ങളും മുഴുവൻ അപകടത്തിലാണെന്ന് നിസ്സംശയം പറയാം. സ്ത്രീശരീരങ്ങളെ കേവലം പ്രജനനയന്ത്രങ്ങളാക്കി, സ്ത്രീശബ്ദങ്ങളെ അടിച്ചമർത്തി, ലിംഗവത്കൃതമായ ഗാർഹിക അടിമത്തത്തെ സാധാരണവത്ക്കരിക്കാനും നിയമപരമാക്കാനും മറ്റും നടക്കുന്ന തീവ്രശ്രമങ്ങളെ ലോകമെമ്പാടുമുള്ള ലിംഗാധികാരവിരുദ്ധ പ്രസ്ഥാനങ്ങളോടും വ്യക്തികളോടും ചേർന്നുനിന്നുകൊണ്ട് ചെറുക്കാൻ നാം കടപ്പെട്ടിരിക്കുന്നു.

കേരളത്തിലും സ്ഥിതി ഭേദമല്ല. ഇരുപതാം നൂറ്റാണ്ടിന്റേതായ വരേണ്യ സാമൂഹ്യസ്ഥാപനങ്ങൾ ചത്തളിഞ്ഞ് ചീഞ്ഞ് ഭൂമിക്കും മനുഷ്യർക്കും ഭാരമായിക്കൊണ്ടിരിക്കുന്നതിന്റെ നിരവധി ലക്ഷണങ്ങൾ എങ്ങും കാണുന്നു. കോട്ടയത്ത് ഷൈനി എന്ന യുവതി തന്റെ രണ്ടു പെൺകുട്ടികളോടൊപ്പം ആത്മഹത്യ ചെയ്ത സംഭവം വെളിവാക്കുന്നത് അതാണ്. സ്ത്രീയെ വിലകെട്ട നിലകളിൽ മാത്രം നിർത്തുന്ന പിതൃമേധാവിത്ത സമുദായത്തിന്റെയും അതോടു ചേർന്നുനിൽക്കുന്ന ഭർതൃകുടുംബത്തിന്റെയും സ്വകുടുംബത്തിന്റെയും ഹിംസയുടെയും ഉപേക്ഷയുടെയും ഇരകളാണ് ഷൈനിയും അവരുടെ പെൺമക്കളും. ജോലി എളുപ്പം കിട്ടാവുന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അവർക്ക് രക്ഷപ്പെടാനായില്ല. കേരളത്തിൽ സമുദായവലയത്തിനുള്ളിലാണ് വിപണിയുടെ വലിയൊരു ഭാഗം പോലും. പലയിടത്തും തൊഴിൽ തേടിയെങ്കിലും ഭർതൃവീട്ടുകാരുടെ സ്വാധീനം അവരുടെ വാതിലുകൾ അടച്ചു. മാത്രമല്ല, വീട്ടടിമത്തത്തെ മഹത്വവത്ക്കരിക്കുന്ന കുടുംബ സംവിധാനത്തിനുള്ളിൽ ഷൈനിയുടെ വിദ്യാഭ്യാസത്തിനുപോലും വിലയില്ലാതായി – പ്രവൃത്തിപരിചയക്കുറവും അവരുടെ ജോലിയന്വേഷണത്തിന് തടസമായി.

പിതൃമേധാവിത്ത സമുദായത്തിന്റെയും അതോടു ചേർന്നുനിൽക്കുന്ന ഭർതൃകുടുംബത്തിന്റെയും സ്വകുടുംബത്തിന്റെയും ഹിംസയുടെയും ഉപേക്ഷയുടെയും ഇരകളാണ് ഷൈനിയും അവരുടെ പെൺമക്കളും.
പിതൃമേധാവിത്ത സമുദായത്തിന്റെയും അതോടു ചേർന്നുനിൽക്കുന്ന ഭർതൃകുടുംബത്തിന്റെയും സ്വകുടുംബത്തിന്റെയും ഹിംസയുടെയും ഉപേക്ഷയുടെയും ഇരകളാണ് ഷൈനിയും അവരുടെ പെൺമക്കളും.

സ്ത്രീശരീരത്തെ സമുദായവർദ്ധനയ്ക്കാവശ്യമായ പരിശുദ്ധ പ്രജനനത്തിനു വിനിയോഗിക്കുന്ന ക്രൂരതയെ സാധാരണവത്ക്കരിച്ച പ്രക്രിയയ്ക്ക് മലയാളി നവോത്ഥാനമെന്ന് കൊണ്ടാടപ്പെടുന്ന കാലത്തെ വരേണ്യ സമുദായരൂപീകരണ പ്രക്രിയകളോളം പഴക്കമുണ്ട്. ആധുനിക കുടുംബസങ്കല്പത്തിനു കല്പിക്കപ്പെട്ടിരുന്ന മൂല്യപരമായ ചട്ടക്കൂട് മലയാളിയുടെ വിപണിബന്ധങ്ങൾ ശക്തിപ്രാപിച്ചതോടെ ആവിയായി മാറി. കുടുംബവും സമുദായവും അതിലെ പുരുഷന്മാർക്ക് അധികാരവും മറ്റു ഭൗതീക താല്‍പര്യങ്ങളും കൈയടക്കാനുള്ള ഉപകരണങ്ങളും ഇടങ്ങളും മാത്രമായിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഈ ചിഞ്ഞുനാറലിൽ നിന്നുണ്ടാകുന്ന തിന്മകളും അതിനോടുള്ള എതിർപ്പുകളും ഇന്ന് കുമിഞ്ഞുകൂടുന്നു. കുടുംബവും സമുദായവും പ്രതിസന്ധിയിലാണെന്ന് അധികാരികൾ നിലവിളിക്കുന്നു. മരിച്ചുപോയ ഷൈനിയെയും അവരുടെ പെൺമക്കളെയും ചൂണ്ടിക്കാണിച്ച് ഞങ്ങൾ അവരോടു പറയുന്നു – അല്ല, കുടുംബമോ സമുദായമോ പ്രതിസന്ധിയിലല്ല, നേരെ മറിച്ച് ഈ സ്ഥാപനങ്ങൾ തന്നെയാണ് ഇന്ന് യഥാർത്ഥ പ്രതിസന്ധി. സ്ത്രീകളും കുട്ടികളും ആണ് അതിന്റെ ഇരകൾ.

മരിച്ചുപോയ ഷൈനിയെയും അവരുടെ പെൺമക്കളെയും ചൂണ്ടിക്കാണിച്ച് ഞങ്ങൾ അവരോടു പറയുന്നു – അല്ല, കുടുംബമോ സമുദായമോ പ്രതിസന്ധിയിലല്ല, നേരെ മറിച്ച് ഈ സ്ഥാപനങ്ങൾ തന്നെയാണ് ഇന്ന് യഥാർത്ഥ പ്രതിസന്ധി. സ്ത്രീകളും കുട്ടികളും ആണ് അതിന്റെ ഇരകൾ.

കുടുംബജീവിതത്തെ അഹിംസാപരമാക്കാനും അതിനുള്ളിലെ അധികാരബന്ധങ്ങളെ മറികടക്കാനും ലഘൂകരിക്കാനും മറ്റുമുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നല്ല. എങ്കിലും മുഖ്യധാരാ കേരളീയ കുടുംബസങ്കല്പത്തിന്റെ മൂല്യശോഷണത്തെ തടയാൻ ഇന്നും പ്രയാസം തന്നെ.

ഈ നാറ്റത്തെ മൂടിവയ്ക്കാൻ നമ്മെ സഹായിക്കുന്നത് കേരളത്തിന്റെ സാമൂഹ്യവികസന നേട്ടങ്ങളുടെ വ്യവഹാരമാണ്. എന്നാൽ ആ നേട്ടങ്ങളുടെ അടിത്തറയായി നിൽക്കുന്നത് സ്ത്രീകളുടെ വിലയിടിക്കപ്പെട്ട അദ്ധ്വാനമാണെന്ന തിരിച്ചറിവ് കേരളത്തിലെങ്ങും പുതിയ നൂറ്റാണ്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നുമുണ്ട്. അതിന് ഏറ്റവും പുതിയ തെളിവാണ് തിരുവനന്തപുരത്ത് നടന്നുവരുന്ന ആശാ വർക്കർമാരുടെ സമരം. തുച്ഛമായ ഓണറേറിയം കൈപ്പറ്റി ഈ സ്ത്രീകൾ നടത്തുന്ന ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന അദ്ധ്വാനത്തെ പറ്റിയുള്ള അവബോധം കേരളത്തിലെങ്ങും പടർത്താൻ ഈ സമരം ഉതകിയിരിക്കുന്നുവെന്ന് സമ്മതിക്കാതെവയ്യ. അന്താരാഷ്ട്ര വനിതാദിനം തൊഴിലാളിസ്ത്രീകളുടെ ആത്മാഭിമാനത്തെയും സമരശേഷിയെയും കുറിച്ചുള്ള ഓർമ്മപുതുക്കലിന്റെ ദിനം കൂടിയാണ്. തിരുവനന്തപുരത്ത് മാന്യമായ ജീവിതത്തിന് ആവശ്യമായ വേതനത്തിനും മറ്റവകാശങ്ങൾക്കും വേണ്ടി സമരത്തിലേർപ്പെട്ടിരിക്കുന്ന ധീരകളായ ആരോഗ്യത്തൊഴിലാളിസ്ത്രീകളെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ തിരിച്ചറിവാണ് 21-ാം നൂറ്റാണ്ടിലെ പിതൃമേധാവിത്വവിരുദ്ധ സമരങ്ങളുടെ കാതലാകാൻ പോകുന്നത്.

തുച്ഛമായ ഓണറേറിയം കൈപ്പറ്റി ആശാ വർക്കർമാർ നടത്തുന്ന ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന അദ്ധ്വാനത്തെ പറ്റിയുള്ള അവബോധം കേരളത്തിലെങ്ങും പടർത്താൻ അവരുടെ സമരം ഉതകിയിരിക്കുന്നുവെന്ന് സമ്മതിക്കാതെവയ്യ.
തുച്ഛമായ ഓണറേറിയം കൈപ്പറ്റി ആശാ വർക്കർമാർ നടത്തുന്ന ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന അദ്ധ്വാനത്തെ പറ്റിയുള്ള അവബോധം കേരളത്തിലെങ്ങും പടർത്താൻ അവരുടെ സമരം ഉതകിയിരിക്കുന്നുവെന്ന് സമ്മതിക്കാതെവയ്യ.

എന്നാൽ സ്ത്രീശാക്തീകരണ അവകാശവാദങ്ങളുടെ പൊയ്ക്കാലുകളിന്മേൽ പൊങ്ങിനടക്കുന്ന ഭരണകൂടത്തിന്റെ കാപട്യമാണ് മേൽപ്പറഞ്ഞ രണ്ടവസ്ഥകളിലും തെളിഞ്ഞുകാണുന്ന ഖേദകരമായ സത്യം. സ്ത്രീകളെ സംരക്ഷിക്കുന്ന നിരവധി നിയമങ്ങളുണ്ടെങ്കിലും അവയൊന്നും വീട്ടുകാരുടെയും സമുദായാധികാരികളുടെയും പ്രതികാരത്തിന് ഇരയാകുന്ന സ്ത്രീകളെ ധൈര്യപ്പെടുത്താൻ ഉതകുന്നില്ലെന്ന ദാരുണസത്യം ഷൈനിയുടെ ആത്മഹത്യയുടെ രൂപത്തിൽ നമ്മെ തുറിച്ചുനോക്കുന്നു. ഗാർഹികപീഡന നിയമം നിലവിലുണ്ടെങ്കിലും അത് ഷൈനിയെ തുണച്ചില്ല. കുടുംബശ്രീ അടക്കമുള്ള സ്ത്രീശാക്തീകരണ സംവിധാനം അവർക്കു ചുറ്റുമുണ്ടായിരുന്നെങ്കിലും അവർ അനുഭവിച്ച ഭയാനകമായ ഹിംസ തിരിച്ചറിയപ്പെടാതെ, ചെറുക്കപ്പെടാതെ, തന്നെ തുടർന്നു. ആശാതൊഴിലാളികളുടെ സമരത്തിലാകട്ടെ, അവരെ വൃത്തികെട്ട രീതിയിൽ അപമാനിക്കാനും, കള്ളികളായി ചിത്രീകരിക്കാനും, അവരോടു കരുണ ലേശമില്ലാത്തവിധം പെരുമാറാനുമാണ് ഭരണയന്ത്രവും അതു തിരിക്കുന്ന മുഖ്യകക്ഷിയും ഉത്സാഹിക്കുന്നത്. സി പി എമ്മിന്റെ തെരെഞ്ഞെടുപ്പു മാനിഫെസ്റ്റോ സ്കീം തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത 700 രൂപ ദിവസക്കൂലി ചോദിച്ചതിനോടുള്ള പ്രതികാരമെന്നോണം സർക്കാർ അവരെ മഴയത്തും വെയിലത്തും നിർത്തിവലയ്ക്കുന്നു.

ആരോഗ്യ മേഖലയും തൊഴിൽ മേഖലയും കൺകറന്റ് ലിസ്റ്റിലാണ് എന്നിരിക്കെ ഇവർക്ക് സംസ്ഥാന ഗവൺമെന്റിന്റെ അധികാരമുപയോഗിച്ച് ഇവരുടെ തൊഴിൽ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലവകാശത്തിനുവേണ്ടിയും ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. സിക്കിം ആശാ തൊഴിലാളികളെ റഗുലറൈസ് ചെയ്തത് ഉദാഹരണം. കൂലി- ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള സമരങ്ങളോട് കുറേയൊക്കെ പ്രതികരിച്ചിട്ടുണ്ടെങ്കിലും, പദ്ധതിപ്രകാരം നിശ്ചയിക്കുന്ന സേവനങ്ങളെ തുച്ഛമായി എണ്ണുന്ന ചൂഷണതാൽപര്യത്തെ തുറന്നു കാണിക്കുവാനും, തൊഴിലാളികൾ എന്ന നിലയിലുള്ള ആശാ തൊഴിലാളികളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തുവാനും അതിനായി തങ്ങളുടെ രാഷ്ട്രീയ അധികാരം പ്രയോജനപ്പെടുത്തുവാനും കേന്ദ്രത്തിലോ സംസ്ഥാനതലത്തിലോ അധികാരത്തിലേറിയ ഒരു രാഷ്ട്രീയധാരയും തയ്യാറായിട്ടില്ല എന്നതാണ് സങ്കടകരമായ സത്യം. തൊഴിലാളിസ്ത്രീകളെ സന്നദ്ധസേവകരാക്കി, അവരുടെ അതിദാരിദ്ര്യത്തെ മുതലെടുത്ത് വിധേയരാക്കി, തങ്ങളും കക്ഷിതാത്പര്യങ്ങളോട് ഇണങ്ങി മാത്രം നിൽക്കുന്നവരായി നിലനിർത്താനാണ് മിക്ക വൻകിട രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത്.

ആശാ വർക്കർ സമരത്തെ ബി ജെ പി അനുകൂലിക്കുന്നുണ്ടെന്നും അത് ഏറ്റെടുക്കുമെന്നും മറ്റും പറയുന്നതിലെ കാപട്യമടക്കം തിരിച്ചറിയേണ്ടതുതന്നെ. വനിതാദിനം അടുത്തപ്പോൾ തൊഴിലാളിസ്ത്രീകളുടെ സമരത്തെ വെറും സ്ത്രീസമരമാക്കിക്കളയാമെന്ന് ആ പാർട്ടി മോഹിക്കുന്നു.

ഇപ്പോൾ നടക്കുന്ന ആശാ വർക്കർ സമരത്തെ ബി ജെ പി അനുകൂലിക്കുന്നുണ്ടെന്നും അത് ഏറ്റെടുക്കുമെന്നും മറ്റും പറയുന്നതിലെ കാപട്യമടക്കം തിരിച്ചറിയേണ്ടതുതന്നെ. വനിതാദിനം അടുത്തപ്പോൾ തൊഴിലാളിസ്ത്രീകളുടെ സമരത്തെ വെറും സ്ത്രീസമരമാക്കിക്കളയാമെന്ന് ആ പാർട്ടി മോഹിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികളുടെ ബ്രാഹ്മണിക മൂല്യങ്ങളും ലിംഗഭേദത്തിന്റെ മനുസ്മൃതിവായനയും ആരും മറന്നിട്ടില്ല. അവരുടെ രാഷ്ട്രീയഭാവനയിൽ തൊഴിലാളിസ്ത്രീയ്ക്ക് അധമനില മാത്രമേ കല്പിച്ചിട്ടുള്ളൂ. സ്ത്രീകൾ എന്നാൽ അധികവും വരേണ്യജാതിക്കാരോ സവർണസ്ത്രീമൂല്യങ്ങളെ മുറുകെ പുണർന്നവരോ മാത്രമാണ്. തൊഴിലാളിസമരത്തെ സ്ത്രീസമരമാക്കി ചുരുക്കി ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുന്ന ബി ജെ പി തന്ത്രത്തെ ഞങ്ങൾ നിരുപാധികം തള്ളിക്കളയുന്നു.

വനിതാദിനം അടുത്തപ്പോൾ തൊഴിലാളിസ്ത്രീകളുടെ സമരത്തെ വെറും സ്ത്രീസമരമാക്കിക്കളയാമെന്ന് ആ പാർട്ടി മോഹിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികളുടെ ബ്രാഹ്മണിക മൂല്യങ്ങളും ലിംഗഭേദത്തിന്റെ മനുസ്മൃതിവായനയും ആരും മറന്നിട്ടില്ല. അവരുടെ രാഷ്ട്രീയഭാവനയിൽ തൊഴിലാളിസ്ത്രീയ്ക്ക് അധമനില മാത്രമേ കല്പിച്ചിട്ടുള്ളൂ.
വനിതാദിനം അടുത്തപ്പോൾ തൊഴിലാളിസ്ത്രീകളുടെ സമരത്തെ വെറും സ്ത്രീസമരമാക്കിക്കളയാമെന്ന് ആ പാർട്ടി മോഹിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികളുടെ ബ്രാഹ്മണിക മൂല്യങ്ങളും ലിംഗഭേദത്തിന്റെ മനുസ്മൃതിവായനയും ആരും മറന്നിട്ടില്ല. അവരുടെ രാഷ്ട്രീയഭാവനയിൽ തൊഴിലാളിസ്ത്രീയ്ക്ക് അധമനില മാത്രമേ കല്പിച്ചിട്ടുള്ളൂ.

ഇതിനൊക്കെപ്പുറമേ, ഇന്ന് കേരളത്തിൽ പത്തിയുയർത്തി ആടിത്തുടങ്ങിയ രൂക്ഷമായ പ്രകൃതിവിഭവ ചൂഷണ മുതലാളിത്തം പ്രകൃതിവിഭവങ്ങളെ നൂറ്റാണ്ടുകളായി ആശ്രയിക്കുന്ന, അവയെ പരിപാലിക്കുന്ന, ജനസമൂഹങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പുറപ്പാടിലാണ്. ഈ സമുദായങ്ങളിലെ സ്ത്രീകളുടെ അദ്ധ്വാനഭാരം പതിന്മടങ്ങു വർദ്ധിക്കുകയും, എന്നാൽ വരുമാനം വല്ലാതെ ചുരുങ്ങിപ്പോവുകയും ചെയ്യുന്ന പ്രവണതയുടെ ശക്തി ഏറിക്കൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച്, ഒറ്റയ്ക്കു കുടുംബം പോറ്റുന്നവരായ സ്ത്രീകൾ നടുവൊടിക്കുന്ന ജോലിഭാരവും ഉത്തരവാദിത്വ- ആധിക്യവുമാണ് ഇന്ന് വഹിക്കുന്നത്. സർക്കാരിനെയും സി പി എമ്മിനെയും പാടെ മോഹിപ്പിച്ചു കഴിഞ്ഞിരിക്കുന്ന പശ്ചാത്തല സൗകര്യവികസനസ്വപ്നം ഈ മനുഷ്യരുടെ ശബ്ദങ്ങളെ കേൾക്കാതെയാക്കുന്നു. സ്ത്രീസൗഹൃദ സംസ്ഥാനമായി കേരളത്തെ വളർത്തുമെന്ന വാഗ്ദാനം മുഴുക്കാൻ സി പി എം വീണ്ടും തയ്യാറായിരിക്കുന്നു. ആരെയൊക്കെയായിരിക്കും സി പി എം സ്ത്രീ ആയി എണ്ണുക? തീരദേശങ്ങളിലും വനമേഖലകളിലും കാടരികുസ്ഥലങ്ങളിലും മറ്റും ജീവിക്കുന്ന സ്ത്രീകളിന്ന് നേരിടുന്ന ജീവിതപ്രയാസങ്ങളെ കാണാത്ത പശ്ചാത്തലവികസനം സംശയാസ്പദമാണ്. മാത്രമല്ല, പ്രകൃതിദുരന്തങ്ങൾക്കു ശേഷം നടക്കേണ്ട പുനരധിവാസം ഇഴഞ്ഞുനീങ്ങുമ്പോൾ ഏറ്റവുമധികം കഷ്ടപ്പെടുന്നവർ അവയ്ക്കിരകളായ സ്ത്രീകളും കുട്ടികളുമാണ്. വയനാട് ദുരന്തത്തിന്റെ ഇരകളുടെ അവസ്ഥ തന്നെയാണ് ഏറ്റവും തെളിഞ്ഞ ഉദാഹരണം.

സ്ത്രീകളുടെ പരിചരണ അദ്ധ്വാനം അദ്ധ്വാനമേ അല്ല എന്ന പറയുന്ന അനീതിയ്ക്കെതിരെ മാതൃകയാകാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുളളത്.

അന്താരാഷ്ട്ര വനിതാദിനം കടിഞ്ഞാണിടാത്ത പിതൃമേധാവിത്വത്തിനു മുമ്പിലും തലകുനിക്കാത്ത സംഘടിത സ്ത്രീശക്തിയുടെ ആഘോഷമാണ്. കേരള സംസ്ഥാന സർക്കാർ ഈ ദിനത്തിൽ തങ്ങളുടെ പുരോഗമനവേരുകളോട് നീതി കാണിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കേരളത്തിൽ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളെ ഇനിയെങ്കിലും വെറും നോക്കുകുത്തികളോ പ്രഹസനങ്ങളോ ആക്കാത്തവിധം പ്രയോഗിക്കാൻ നിങ്ങൾ മുന്നിട്ടിറങ്ങണം. വീടുകളിൽ അടിമകളായി തടവിൽ കഴിഞ്ഞ് ഒടുവിൽ സ്ത്രീ കൊലചെയ്യപ്പെടുന്ന, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിന്റെ സകല വീമ്പു പറച്ചിലിനെയും മുക്കി കളയുന്ന ചോരപ്രളയമാണെന്ന് നിങ്ങൾ കണ്ടേതീരൂ. ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിന പ്രമേയം ‘Accelerate Action’ എന്നാണല്ലോ. കേരളത്തിലെ അവസ്ഥയ്ക്ക് ഏറ്റവും ഇണങ്ങുന്ന പ്രമേയമാണതെന്ന് കണ്ട് ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. കാരണം നിയമങ്ങളുടെയോ സംവിധാനങ്ങളുടെയോ അഭാവമല്ല, ഇവിടുത്തെ പ്രശ്നം. അവയുടെ പ്രവർത്തനത്തിൽ കാണപ്പെടുന്ന ഉത്സാഹക്കുറവ്, മാന്ദ്യം, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം, ഇവയാണ് പ്രശ്നം.

സ്ത്രീകളുടെ പരിചരണ അദ്ധ്വാനം അദ്ധ്വാനമേ അല്ല എന്ന പറയുന്ന അനീതിയ്ക്കെതിരെ മാതൃകയാകാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുളളത്. അത് പാഴാക്കരുതെന്ന് ഞങ്ങൾ തെരെഞ്ഞെടുത്ത ഭരണാധികാരികളോട് പൗരജനങ്ങളുടെ പേരിൽ പറയുന്നു.

കേരളത്തിലെ തദ്ദേശതല ആരോഗ്യപ്രവർത്തകരും മാലിന്യനിർമാജന പ്രവർത്തകരുമായ സ്ത്രീകളെക്കൂടാതെ മഹാരോഗങ്ങളുടെയും കാലാവാസ്ഥാ വ്യതിയാനദുരിതത്തിന്റെയും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളുടെയും നിഴൽ പടർന്നുകിടക്കുന്ന നമ്മുടെ ഭാവിയെ നേരിടാൻ മലയാളികൾക്ക് തീരെ കഴിയില്ലെന്ന് ഞങ്ങൾ മലയാളിജനതയെ ഓർമ്മപ്പെടുത്തുന്നു.

മാത്രമല്ല, തൊഴിൽസേനയിലേക്കു കടക്കാൻ പോലും അനുവാദമില്ലാതെ, സാമൂഹ്യസമ്മർദ്ദം മൂലം നിർബന്ധിത ഗാർഹിക അടിമത്തത്തിൽ വലയുന്ന അനേകം സഹോദരിമാർ കേരളത്തിലുണ്ടെന്ന കാര്യത്തെയും സർക്കാർ ഗൗരവത്തോടെ കാണണം. ഷൈനിയുടെ മരണത്തിനുത്തരവാദികളായവരെ മുഴുവൻ നിയമപരമായി ശിക്ഷിക്കണമെന്നതിനു പുറമെ, സ്ത്രീകളുടെ തൊഴിൽപ്രവേശത്തിനുമുന്നിൽ യാഥാസ്ഥിതിക ശക്തികൾ നിരത്തുന്ന എല്ലാ വിഘാതങ്ങളെയും നീക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.

 കേരളത്തിലെ തദ്ദേശതല ആരോഗ്യപ്രവർത്തകരും മാലിന്യനിർമാജനപ്രവർത്തകരുമായ സ്ത്രീകളെക്കൂടാതെ മഹാരോഗങ്ങളുടെയും കാലാവാസ്ഥാവ്യതിയാനദുരിതത്തിന്റെയും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളുടെയും നിഴൽ പടർന്നു കിടക്കുന്ന നമ്മുടെ ഭാവിയെ നേരിടാൻ മലയാളികൾക്ക് തീരെ കഴിയില്ലെന്ന് ഞങ്ങൾ മലയാളിജനതയെ ഓർമ്മപ്പെടുത്തുന്നു.
കേരളത്തിലെ തദ്ദേശതല ആരോഗ്യപ്രവർത്തകരും മാലിന്യനിർമാജനപ്രവർത്തകരുമായ സ്ത്രീകളെക്കൂടാതെ മഹാരോഗങ്ങളുടെയും കാലാവാസ്ഥാവ്യതിയാനദുരിതത്തിന്റെയും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളുടെയും നിഴൽ പടർന്നു കിടക്കുന്ന നമ്മുടെ ഭാവിയെ നേരിടാൻ മലയാളികൾക്ക് തീരെ കഴിയില്ലെന്ന് ഞങ്ങൾ മലയാളിജനതയെ ഓർമ്മപ്പെടുത്തുന്നു.

ഫെമിനിസ്റ്റുകൾ ആയാലും ഇല്ലെങ്കിലും ഇന്ന് മലയാളിസ്ത്രീകളിൽ ബഹുഭൂരിപക്ഷം പേരും ഏതെങ്കിലും അളവിൽ പിതൃമേധാവിത്വത്തെ ചെറുക്കാൻ ശ്രമിക്കുന്നുവെന്ന സത്യത്തെ പുരോഗമനകക്ഷികൾ നയിക്കുന്ന കേരള സർക്കാർ അഭിമാനത്തോടെയാണ് സ്വീകരിക്കേണ്ടത്. അന്താരാഷ്ട്ര വനിതാദിനത്തിൽ അതിനെ മലയാളികളുടെ അഭിമാനഹേതുവായി അവതരിപ്പിക്കേണ്ടതാണ്. ആ നിലയിലേക്കു വളരാനുള്ള പക്വത നമ്മുടെ ഭരണാധികാരികൾക്ക് ഉണ്ടാകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു.


Summary: International Women's Day 2025 dawns in the shadow of right-wing misogyny sweeping the world.- Althea Womens Collective writes


‘ആൽത്തിയ’

സ്ത്രീസാഹോദര്യസംഘം (മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന).

Comments