അരക്ഷിതരാകുകയാണ്
കേരളത്തിലെ പെൺകുട്ടികൾ,
ആരാണ് പ്രതികൾ?

അടിച്ചമർത്തപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളായ ദരിദ്രരെയും അതിദരിദ്രരെയും ഇല്ലായ്മയുടെയും അവഗണനയുടേതുമായ സമാന്തര നരകലോകത്ത് അകപ്പെടുത്തുന്ന തരത്തിലുള്ള സാമൂഹിക അസമത്വം കേരളത്തിൽ രൂക്ഷമായിരിക്കുകയാണെന്ന്, സമീപകാല വസ്തുതകളെ മുൻനിർത്തി വിശദീകരിക്കുന്നു. അതിൽ നിയമവ്യവസ്ഥയും സർക്കാർ സംവിധാനവും സിവിൽ സമൂഹവും എങ്ങനെ പ്രതിസ്ഥാനത്ത് നിൽക്കുന്നുവെന്നും. ആൽത്തിയ എന്ന സ്ത്രീസാഹോദര്യസംഘം എഴുതുന്നു. ആൽത്തിയ സഹോദരീസംഘത്തിന്റെ- മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന- കൂട്ടായ പരിശ്രമമാണ് ഈ എഴുത്ത്.

21ാം നൂറ്റാണ്ടിൻറെ 25 വർഷം പിന്നിടുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ പൂർവ്വാധികം അരക്ഷിതരായിരിക്കുന്നത് മലയാളിസമൂഹത്തിന്റെ പുരോഗമന അവകാശവാദങ്ങളെ പല്ലിളിച്ചു കാണിക്കുന്നു. ഭരണകൂടത്തിന്റെ ദണ്ഡനീതി ഫെമിനിസം രാഷ്ട്രീയമൂല്യമുള്ള ദൃശ്യത നേടിയ സ്ത്രീകളെ, അല്ലെങ്കിൽ ഭരണകൂടവും ഭരണകക്ഷിയും വിലവയ്ക്കുന്ന സ്ത്രീകളെ, ഒരളവുവരെയെങ്കിലും സംരക്ഷിക്കുന്നുണ്ടാവാം. പക്ഷേ കേരളത്തിലിന്ന് സാമൂഹ്യ അസമത്വം സൃഷ്ടിച്ചിരിക്കുന്ന വൻവിടവ് സാമൂഹ്യശ്രേണിയിൽ ഏറ്റവും അടിച്ചമർത്തപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളിൽ ഉൾപ്പെട്ട ദരിദ്രരെയും അതിദരിദ്രരെയും ഇല്ലായ്മയുടെയും അവഗണനയുടേതുമായ ഒരു സമാന്തര നരകലോകത്ത് അകപ്പെടുത്തിയിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന തെളിവുകൾ കൂടുതൽക്കൂടുതൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. സുരക്ഷിത കുടുംബജീവിതം തീരെ എളുപ്പമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഈ വിഭാഗങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഗുരുതരമാണെന്ന സൂചനകളാണ് സമീപസംഭവങ്ങളിൽ വ്യക്തമാവുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിലും ബാല്യകാല ആരോഗ്യത്തിലും കാര്യമായ നേട്ടമുണ്ടാക്കിയ കേരളം, ബാലസംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കാര്യമായി വിജയിച്ചിട്ടില്ല.

ഇത് നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് ഇന്ന് നാം വ്യാപകമായി തിരിച്ചറിയുന്നുണ്ട്. തീർച്ചയായും നിയമവ്യവസ്ഥയുടെ പരാജയം നിസ്സാരപ്രശ്നമല്ല, അതിന്റെ പ്രത്യാഘാതങ്ങൾ ചെറുതുമല്ല. കുട്ടികളെ സംരക്ഷിക്കുക എന്നത് ഇന്ന് ഇന്ത്യൻ ഭരണകൂടങ്ങളുടെ നിഷേധിക്കാനാവാത്ത ഉത്തരവാദിത്വം തന്നെയാണ്. ലോകരാഷ്ട്രങ്ങൾ തീരുമാനിച്ച ശിശുസംരക്ഷണ നിയമങ്ങളുടെയും സംവിധാനങ്ങളുടെയും മാർഗ്ഗനിർദ്ദേശ രേഖ United Nations Child Rights Convention (UNCRC) ആണ് . 1992-ൽ 196 രാജ്യങ്ങൾക്കൊപ്പം UNCRC- യിൽ ഇന്ത്യയും ഒപ്പുവച്ച രേഖപ്രകാരം, അതിന്റെ 19-ാം വകുപ്പു പ്രകാരം, അക്രമത്തിൽ നിന്ന് സംരക്ഷിക്കപ്പെടുക എന്നത് കുട്ടികളുടെ അടിസ്ഥാന അവകാശമാണ്. ഇതു പ്രകാരം മുതിർന്നവരിൽ നിന്നുള്ള അക്രമം, ലൈംഗികാക്രമണം, ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർക്കാറുകൾ നിയമങ്ങൾ ഉണ്ടാക്കാൻ ബാധ്യസ്ഥരാണ്.

UNCRC പ്രകാരം കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് 2000 മുതൽ 2016 വരെ നീണ്ടുനിന്ന നിയമരൂപീകരണ- ഭേദഗതി പ്രക്രിയയിലൂടെ ഇന്ത്യയിൽ നാല് പ്രധാന നിയമങ്ങളാണ് ഉണ്ടായിവന്നത്:
Juvenile Justice Care and Protection Act (2000).
The Prohibition of Child Marriage Act (2006).
The Protection of Children from Sexual Offences Act (2012).
The Child Labour Prohibition and Regulation Act (1986, amended in 2016).

 പരിശീലനവും വൈദഗ്ധ്യവും ലഭിച്ച ശിശുക്ഷേമ പ്രൊഫഷണലുകളുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്.
പരിശീലനവും വൈദഗ്ധ്യവും ലഭിച്ച ശിശുക്ഷേമ പ്രൊഫഷണലുകളുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്.

ഇന്ത്യയിൽ ഈ നിയമങ്ങളുടെ നടത്തിപ്പ് തീരെ ആശാവഹമല്ല. എന്നാൽ, സ്കൂൾ വിദ്യാഭ്യാസത്തിലും ബാല്യകാല ആരോഗ്യത്തിലും കാര്യമായ നേട്ടമുണ്ടാക്കിയ കേരളവും ബാലസംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കാര്യമായി വിജയിച്ചിട്ടില്ല. പോലീസിലും നീതിന്യായ വ്യവസ്ഥയിലും നിറഞ്ഞുനിൽക്കുന്ന പുരുഷാധിപത്യ മനോഭാവം, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവർക്കിടയിൽ നിലവിലുള്ള അറിവില്ലായ്മയും ആ അറിവില്ലായ്മയെ പരിഹരിക്കാനാവാത്തവിധം രൂക്ഷമാക്കുന്ന അവഗണനാ മനോഭാവവും, അഭിഭാഷകരെയോ പോലീസിനെയോ ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ വീട്ടിൽ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ -- ഇതെല്ലാം പരാതിപ്പെടുന്നതിനും നീതി തേടുന്നതിനും കുട്ടികൾക്ക് തടസ്സമാകുന്നു.
കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്ന പോലീസ്, പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവർ പലപ്പോഴും കുട്ടികളെ മനസ്സിലാക്കുന്നതിനോ അവരോടു സംസാരിക്കുന്നതിനോ ഉള്ള പ്രത്യേക പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്തവരാണ്. കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടിവരുന്ന പല കേസുകളിലും അവരുടെ നിരീക്ഷണങ്ങളെയും അഭിപ്രായങ്ങളെയും ശ്രദ്ധയോടെ കേൾക്കാനുള്ള മനസ്സു പോലും ഇക്കൂട്ടർ കാണിക്കാറില്ലെന്നതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. പരിശീലനവും വൈദഗ്ധ്യവും ലഭിച്ച ശിശുക്ഷേമ പ്രൊഫഷണലുകളുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്.
ഉദാഹരണത്തിന്, ദീർഘകാലം ലൈംഗികപീഡനത്തിനിരയായ പെൺകുട്ടികൾ പലപ്പോഴും കാര്യമായ മാനസിക(വി)രൂപപ്പെടുത്തലിനു വിധേയമായവരാണ് – അവരെ മലയാളി മദ്ധ്യവർഗത്തിന്റെ ലൈംഗികസദാചാര അളവുകോലുകൾ ഉപയോഗിച്ചുള്ള ഉപരിപ്ലവ വിലയിരുത്തലുകളിലൂടെ മറ്റുവിധത്തിൽ പീഡിപ്പിക്കാനാണ് പല ‘പ്രൊഫഷണലു’കളും മുതിരുന്നത്.

എന്നാൽ ഇതു പ്രധാനമായും ഭരണകൂടത്തിന്റെയും സർക്കാരിന്റെയും പരാജയഫലമാണോ? കുട്ടികളുടെ സുരക്ഷയെയും സാമൂഹ്യവത്ക്കരണവും ഭരണകൂടത്തിന്റെ, നിയമവ്യവസ്ഥയുടെ, പ്രവർത്തനങ്ങളിലേക്കു ചുരുക്കുമ്പോൾ കാണാതെ പോകുന്നത് എന്താണ്?

ധനിക- ദരിദ്രഭേദം രൂക്ഷമായ ഒരു സമൂഹത്തിൽ ദരിദ്ര കുടുംബങ്ങൾക്ക് കുടുംബധർമങ്ങൾ നിർവ്വഹിക്കാനുള്ള ശേഷി തന്നെ കുറഞ്ഞുവരുന്നു. സർക്കാരിന്റെ ബാലപരിചരണ സംവിധാനങ്ങളും, വിദ്യാലയങ്ങൾ തന്നെയും, കൂടുതൽ ഉപയോഗിക്കുന്നത് ദരിദ്രവിഭാഗങ്ങളിലെ കുട്ടികളാകുന്നതിന്റെ പശ്ചാത്തലം ഇതുതന്നെ.

പൊതുവെ പറഞ്ഞാൽ 1990-കൾ മുതലുള്ള ആഗോളതലത്തിലുള്ള ബാലസംരക്ഷണ നയങ്ങൾ കുട്ടികളെ കണക്കിലധികം സുരക്ഷാപരമായ ഭരണകൂട ചുഴിഞ്ഞുനോട്ടത്തിന് വിധേയമാക്കുന്നുവെന്നും വരേണ്യലോക ബാലപരിചരണസങ്കല്പങ്ങൾ ദരിദ്രരുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്നുമുള്ള വിമർശനം കേട്ടുതുടങ്ങിയിട്ട് നിരവധി ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ ഉത്തരവാദിത്വത്തെ മാതാപിതാക്കളും ഭരണകൂടവും തമ്മിൽ മാത്രം ഒതുങ്ങുന്ന ഏർപ്പാടാക്കുന്ന വരേണ്യലോകരീതിക്കാണ് ഇതിൽ അംഗീകാരം. എന്നാൽ മുതലാളിത്ത- അണുകുടുംബ സാമ്പത്തിക-സാമൂഹ്യവ്യവസ്ഥയിലേക്ക് മുഴുവനായി മാറാത്ത സമൂഹങ്ങളിൽ കുട്ടികളുടെ സാമൂഹികവത്ക്കരണം കൂട്ടുത്തരവാദിത്വമായിരുന്നു. ഇപ്പറഞ്ഞ ബാലപരിചരണവ്യവസ്ഥകൾ കുറ്റമറ്റവയായിരുന്നില്ല – എങ്കിലും വരേണ്യ-പാശ്ചാത്യമാനദണ്ഡങ്ങളുടെ പ്രയോഗത്തിലൂടെ അവയുടെ പോരായ്മകളെ പെരുപ്പിക്കാനും, പകരം വരേണ്യമാതൃകകളെ ഇറക്കുമതി ചെയ്യാനുമുള്ള ശ്രമത്തെ ശക്തിപ്പെടുത്താനാണ് പുതിയ ബാലസംരക്ഷണ നയങ്ങൾ പലപ്പോഴും ഉതകിയത്. ബാലപരിചരണത്തെ കൂട്ടുത്തരവാദിത്വമാക്കിയ വ്യവസ്ഥകൾ പലപ്പോഴും സാമ്പത്തിക ചൂഷണത്തിനും സാമൂഹ്യ അടിച്ചമർത്തലിനും വിധേയമാണ്. അവയിലുൾപ്പെട്ടവർ പലപ്പോഴും ദുർബലരും ദരിദ്രരുമാണ്. അവയിലെ സാമ്പത്തിക ശേഷിയില്ലാത്ത, സാമൂഹ്യമൂലധനം തീരെയില്ലാത്ത കുടുംബങ്ങൾക്ക് ബാലപരിചരണ ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്കു നിർവ്വഹിക്കാൻ കഴിയാതെ വരുന്നു – പലപ്പോഴും അവയെ ആന്തരികപ്രക്രിയകൾ അതിവേഗം മാറ്റിത്തീർക്കുന്ന കാലങ്ങളിൽ.

കേരളത്തിലും സ്ഥിതി മറിച്ചല്ല. കുട്ടികളെ കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം മാത്രമായി കണക്കാക്കാതെ കൂട്ടായി സാമൂഹ്യവത്ക്കരിച്ചിരുന്ന സാമൂഹികതകളെ തകർക്കുംവിധം മുതലാളിത്ത ആധുനികത ഇവിടുത്തെ ഗ്രാമപ്രദേശങ്ങളെയും ഇന്ന് ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ധനിക- ദരിദ്രഭേദം രൂക്ഷമായ ഒരു സമൂഹത്തിൽ ദരിദ്രകുടുംബങ്ങൾക്ക് കുടുംബധർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ശേഷി തന്നെ കുറഞ്ഞുവരുന്നു. സർക്കാരിന്റെ ബാലപരിചരണ സംവിധാനങ്ങളും, വിദ്യാലയങ്ങൾ തന്നെയും, കൂടുതൽ ഉപയോഗിക്കുന്നത് ദരിദ്രവിഭാഗങ്ങളിലെ കുട്ടികളാകുന്നതിന്റെ പശ്ചാത്തലം ഇതുതന്നെ.

പറഞ്ഞുവരുന്നത് ഇതാണ്; ഇന്ന് കേരളത്തിലെ കുട്ടികളുടെ, വിശേഷിച്ചും ദരിദ്രവിഭാഗങ്ങളിലെ കുട്ടികളുടെ, വർദ്ധിച്ച ക്ഷതസാധ്യത അടിസ്ഥാനപരമായി ഒരു നിയമപരിപാലനപ്രശ്നമല്ല – അത് സാമ്പത്തിക- സാമൂഹ്യഘടനകളുടെ തന്നെ പ്രശ്നമാണ്. ഘടനാപരമായ പ്രശ്നങ്ങളെ സർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്നു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ സർക്കാർസംവിധാനങ്ങൾ അവയെ കൂടുതൽ രൂക്ഷമാക്കുന്നുമുണ്ട്.

ബാലപരിചരണത്തെ കൂട്ടുത്തരവാദിത്വമാക്കിയ വ്യവസ്ഥകൾ പലപ്പോഴും സാമ്പത്തികചൂഷണത്തിനും സാമൂഹ്യ അടിച്ചമർത്തലിനും വിധേയമാണ്, അവയിലുൾപ്പെട്ടവർ പലപ്പോഴും ദുർബലരും ദരിദ്രരുമാണ്.
ബാലപരിചരണത്തെ കൂട്ടുത്തരവാദിത്വമാക്കിയ വ്യവസ്ഥകൾ പലപ്പോഴും സാമ്പത്തികചൂഷണത്തിനും സാമൂഹ്യ അടിച്ചമർത്തലിനും വിധേയമാണ്, അവയിലുൾപ്പെട്ടവർ പലപ്പോഴും ദുർബലരും ദരിദ്രരുമാണ്.

അതായത്, ഇത് കേവലം ഒരു നിയമ- നയപരാജയപ്രശ്നം മാത്രമല്ല. ഘടനാപരമായ പ്രക്രിയകൾ സൃഷ്ടിക്കുന്ന സാമൂഹ്യചേതങ്ങൾ മാത്രവുമല്ല. സർക്കാർ ക്ഷേമസംവിധാനങ്ങൾ അതിദരിദ്രർക്ക് കൂടുതൽക്കൂടുതൽ ആവശ്യമാകുന്ന ഇന്ന് അവയെ അവരിൽ നിന്ന് പരാമധി അകറ്റാൻ ഭരണകൂടം ശ്രമിക്കുന്നോ എന്നു സംശയം തോന്നിപ്പോകുന്ന സാഹചര്യങ്ങളാണുള്ളതെന്ന വാസ്തവം നമ്മുടെ കണ്ണിൽ നിന്ന് മറഞ്ഞുപോയിരിക്കുന്നുവെന്നതാണ് പ്രശ്നം. കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള വിവിധ ഭരണകൂടസ്ഥാപനങ്ങളുടെ തകർച്ചയുടെയും, ശിശുക്ഷേമം, പൊതുവിദ്യാഭ്യാസം എന്നീ പ്രധാന മേഖലകളിൽ നവലിബറൽ നയങ്ങൾ സ്വീകരിക്കുന്നതിൻറെയും മാത്രമല്ല, കുട്ടികളുടെ ക്ഷേമത്തിൽ നിന്നും ഭരണകൂടം പിന്മാറുന്നതിൻറെ ചില ലക്ഷണങ്ങൾ പോലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

ദരിദ്രവിഭാഗങ്ങളിലെ കുട്ടികൾ ആക്രമിക്കപ്പെടുന്ന, ഹിംസിക്കപ്പെടുന്ന, കേസുകളിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയശക്തികളുടെ താത്പര്യമനുസരിച്ചാണ് മലയാളി സാമൂഹ്യമാദ്ധ്യമ പൊതുവിടങ്ങളുടെ പ്രതികരണം

കുട്ടികളുടെ വിദ്യാഭ്യാസത്തിലും ക്ഷേമത്തിലും മാതൃകകൾ സൃഷ്ടിക്കാനും തെരഞ്ഞെടുക്കാനും കമ്പോള ശക്തികളെയും, കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ സ്ഥാപനങ്ങൾ, ദാനധർമ്മസ്ഥാപനങ്ങൾ, മറ്റു സ്വകാര്യ ശക്തികൾ എന്നിവയേയും ചുമതലപ്പെടുത്തുന്നത് ഇന്നത്ര പുതുമയല്ല.

ഈ അടുത്തിടെയാണ് സവിശേഷ ആവശ്യങ്ങളുള്ള കുട്ടികൾക്കായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ പ്രവർത്തനശൈലിയെയും സാമ്പത്തിക സ്രോതസ്സിനെയും രക്ഷിതാക്കൾ ചോദ്യം ചെയ്തതും, അവരിൽ നിന്ന് നിരവധി വിമർശനങ്ങളും പ്രതിഷേധവും ഉയർന്നതും. ഈ സ്ഥാപനം കുട്ടികളുടെ കഴിവുകളെ സ്വന്തം ബ്രാന്റ് നിർമാണ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതിനെ സാധാരണവത്ക്കരിക്കാൻ പോലും മടിയില്ലാത്ത പ്രതികരണങ്ങൾ അധികാരികളിൽ നിന്നുപോലും ഉയർന്നു.

അതുപോലെ നവലിബറൽ നയങ്ങൾ Para teachers, short term ജീവനക്കാർ എന്നിവർ സ്കൂൾ-ഇടത്തിൽ പ്രവേശിക്കാൻ ഇടയാക്കി. അവിടെ കുട്ടികൾ സുരക്ഷിതരാണോ എന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങളോ സംവിധാനങ്ങളോ ഇല്ല. കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട നിരവധി കേസുകളിലെ കുറ്റവാളികൾ പലരും ട്യൂഷൻ അധ്യാപകരായി മാത്രമല്ല, കലാ-കായിക അധ്യാപകരായും അവരോട് അടുക്കുന്നു. സർക്കാർ സംവിധാനങ്ങളെയും എയ്ഡഡ് സ്കൂളുകളെയും ആശ്രയിക്കുന്ന ദരിദ്രരോ സാമൂഹ്യമായി പാർശ്വവത്ക്കരിക്കപ്പെട്ടവരോ ആയ കുട്ടികളെ ഈ അപകടം കൂടുതൽ ബാധിക്കുന്നു. പലപ്പോഴും ഈ പാർശ്വവത്കൃതവിഭാഗങ്ങളിൽ നിന്നുള്ള കഴിവുറ്റ കുട്ടികളാണ് പ്രത്യേകപരിശീലനവും മറ്റും തേടിച്ചെല്ലുമ്പോൾ ഇത്തരക്കാരുടെ ഇരകളായിത്തീരുന്നത്. അവർക്കു സഹിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ തകർച്ച ആ വിഭാഗത്തിൻറെയും തകർച്ചയാണെന്ന് തിരിച്ചറിയാൻ മലയാളിവരേണ്യമുഖ്യധാരയ്ക്ക് കഴിയുന്നതേയില്ല.

ദരിദ്രവിഭാഗങ്ങളിലെ കുട്ടികൾ ആക്രമിക്കപ്പെടുന്ന, ഹിംസിക്കപ്പെടുന്ന, കേസുകളിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയശക്തികളുടെ താത്പര്യമനുസരിച്ചാണ് മലയാളി സാമൂഹ്യമാദ്ധ്യമ പൊതുവിടങ്ങളുടെ പ്രതികരണം. ഈ അവസ്ഥകളെ സാമൂഹിക അവസ്ഥകളായി തിരിച്ചറിയാനോ അവയിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ പഠിക്കാനോ പുരോഗമന സിവിൽ സമൂഹമോ ശ്രമിക്കുന്നുമില്ല. പകരം വ്യക്തികളെയോ കുടുംബങ്ങളെയോ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണധികം.

2008- 2018 വരെയുള്ള കാലയളവിൽ കേരളത്തിൽ മാത്രം കുട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ റിപ്പോർട്ട് ചെയ്ത കണക്ക്, ക്രൈം റക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക്.
2008- 2018 വരെയുള്ള കാലയളവിൽ കേരളത്തിൽ മാത്രം കുട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ റിപ്പോർട്ട് ചെയ്ത കണക്ക്, ക്രൈം റക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക്.

ഉദാഹരണത്തിന്, വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തത് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗം ആഘോഷിക്കുന്നത്, മരണപ്പെട്ട കുട്ടികളുടെ അമ്മയോടുള്ള പകപോക്കൽ മാത്രമാണ് – കേരളത്തിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും, സാമൂഹ്യമായും സാമ്പത്തികമായും പാർശ്വവത്ക്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് യാതൊരുതരം സുരക്ഷയും തങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടെന്ന വാസ്തവത്തെ അവഗണിക്കാൻ മാത്രമാണ് ഇത് ഉതകുന്നത്. പ്രശ്നമെന്താണെന്ന് തിരിച്ചറിയാനും അവയുടെ ദീർഘകാലപരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങ്ല്ല അത്യാവശ്യം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

തദ്ദേശതല ഭരണവും ജനക്ഷേമ ശൃംഖലയും വ്യാപകമായ കേരളത്തിൽ ഇങ്ങനെ സംഭവിക്കില്ല എന്ന മൂഢവിശ്വാസവും കേരളത്തിൽ സുദൃഢമാണ്. അതുകൊണ്ടുതന്നെ പാർശ്വവത്ക്കരിക്കപ്പെട്ടവരും ദരിദ്രരുമായവരുടെ കുട്ടികൾ അരക്ഷിതാവസ്ഥകളിൽ അകപ്പെട്ടാൽ കുറ്റം മാതാപിതാക്കളുടേതാകാനാണ് ഇട എന്ന വിശ്വാസത്തിനും ആഴത്തിലുള്ള വേരോട്ടമുണ്ട്. ഇതു രണ്ടും ഭരണകൂടത്തിന്റെയും സാമൂഹ്യസ്ഥാപനങ്ങളുടെയും തദ്ദേശഭരണത്തിന്റെയും ഉത്തരവാദിത്വത്തെ കുറച്ചുകാണാൻ പ്രേരിപ്പിക്കുന്നവയുമാണ്. പാതകങ്ങൾ നടന്നുകഴിഞ്ഞ് ആദ്യ ഘട്ടങ്ങളിലെങ്കിലും നീതിപ്രക്രിയ തുടങ്ങിവയ്ക്കാൻ അധികാരികൾ കാട്ടുന്ന ഉത്സാഹത്തെ എടുത്തുകാട്ടി, എന്നാൽ അവയുടെ സാമൂഹ്യ- സാമ്പത്തിക വേരുകളെ നശിപ്പിക്കുന്നതിൽ അധികാരികളുടെ അനിഷേധ്യമായ പരാജയത്തെ മറച്ചുപിടിച്ച്, ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന കൗശലപ്രയോഗത്തെ പ്രശ്നരഹിതമായി കാണാൻ നാം പ്രേരിപ്പിക്കപ്പെടുന്നു. ഇതിൽ രണ്ടാമത്തേത് ആദ്യത്തേതിന്റെ മറുവശം തന്നെയായി മാറിയിരിക്കുന്നു.

വാളയാർ കേസിലെ പുതിയ വികാസങ്ങളിൽ ആഹ്ലാദം കൊള്ളുന്നവർ അത് ഒറ്റപ്പെട്ട സംഭവമായി (മാതാപിതാക്കളുടെ കുറ്റമായി) കണ്ട് സമാധാനിച്ചേക്കാം. പക്ഷേ കേരളത്തിലെ അതിദരിദ്രവിഭാഗങ്ങളിൽനിന്ന് അരക്ഷിതാവസ്ഥകളുടെ തെളിവുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.

വാളയാർ കേസിലെ പുതിയ വികാസങ്ങളിൽ ആഹ്ളാദം കൊള്ളുന്നവർ അത് ഒറ്റപ്പെട്ട സംഭവമായി (മാതാപിതാക്കളുടെ കുറ്റമായി) കണ്ട് സമാധാനിച്ചേക്കാം. പക്ഷേ കേരളത്തിലെ അതിദരിദ്രവിഭാഗങ്ങളിൽ നിന്ന് അരക്ഷിതാവസ്ഥകളുടെ തെളിവുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. കുട്ടികൾ പൊതുവെ അരക്ഷിതരായിക്കൊണ്ടിരിക്കുന്നുവെന്ന സൂചനകൾ വരുന്നു. എത്തിപ്പെടാൻ പ്രയാസമുള്ളതെന്ന് മലയാളിമുഖ്യധാര കരുതുന്ന വനപ്രദേശങ്ങളിൽ കഴിയുന്ന കേരളത്തിലെ പ്രത്യേക ദുർബല ആദിവാസിവിഭാഗങ്ങളിൽ (Particularly Vulnerable Tribal Groups) കാണപ്പെടുന്ന ആരോഗ്യക്ഷയവും ജനസംഖ്യാക്ഷയവും അവർ സഹിക്കേണ്ടിവരുന്ന നിരന്തരമായ അവഗണനയും സാമൂഹ്യമുഖ്യധാര അവരോടു പലപ്പോഴും കാട്ടുന്ന നഗ്നമായ ഹിംസയും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന സമീപസംഭവങ്ങൾ അനവധിയാണ്. അവരുടെ കുട്ടികൾ സംരക്ഷണത്തെക്കാളധികം സർക്കാരിൻറ ചുഴിഞ്ഞുനോട്ടവും സാംസ്കാരിക രൂപീകരണവുമാണ് അനുഭവിക്കുന്നത്. സൂര്യനെല്ലിയെക്കാളധികം പ്രതികൾ ഉണ്ടാകാനിടയുള്ള കേസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ലൈംഗികപീഡന കേസിലെ അതിജീവിതയും ഒരു ദലിത് വിഭാഗത്തിലെ കൗമാരക്കാരിയായത് ആകസ്മികം മാത്രമെന്ന് പറയാൻ പറ്റുമോ? വിദ്യാലയങ്ങളിൽ കായികപരിശീലനത്തിന് നിയോഗിക്കപ്പെടുന്ന പുരുഷന്മാർ കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത് തീരെ പുതുമയല്ല – കൊലപാതകം വരെ നടത്തിയിട്ടും നാം അതൊന്നും ശ്രദ്ധിച്ചിട്ടില്ല. കുട്ടികൾ കേരളത്തിലെ ഏറ്റവും പാർശ്വവത്കൃതവിഭാഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് സമ്മതിക്കാൻ നാം തയ്യാറല്ല. കേരളത്തിലെ പുതുവരേണ്യരുടെ മക്കൾ പഠിക്കുന്ന ഏതെങ്കിലും മുന്തിയ വിദ്യാലയത്തിൽ ഇത്തരം പാതകം നടന്നാലും അതിനെ രഹസ്യമായി കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കാനാണിട.

അതിനു രണ്ടു കാരണങ്ങളാണുള്ളത്.
ഒന്നാമതായി; ഈ സംഭവങ്ങളിൽ നിന്ന് പ്രത്യേക രാഷ്ട്രീയലാഭമൊന്നും ആർക്കും കൊയ്യാനില്ല. ഏതെങ്കിലും ആരാധകവൃന്ദത്തെ തങ്ങൾക്കു ചുറ്റും കൂട്ടാൻ അവർക്കായിട്ടില്ല. വോട്ടുകളുടെ കാര്യത്തിൽ യാതൊരു സ്വാധീനവും അവർക്കുണ്ടാകാനിടയില്ല.

ഇരകൾ കുട്ടികളാകുമ്പോൾ കേരളത്തിലെ കുടുംബ-സമുദായ-ജനക്ഷേമസംവിധാനങ്ങളുടെ മുഴുവൻ വീഴ്ചയെയും തകർച്ചയെയും കുറിച്ചാണ് അതു വിളിച്ചുപറയുന്നത്.
ഇരകൾ കുട്ടികളാകുമ്പോൾ കേരളത്തിലെ കുടുംബ-സമുദായ-ജനക്ഷേമസംവിധാനങ്ങളുടെ മുഴുവൻ വീഴ്ചയെയും തകർച്ചയെയും കുറിച്ചാണ് അതു വിളിച്ചുപറയുന്നത്.

രണ്ടാമത്; ഇരകൾ സാമൂഹ്യദൃശ്യത കുറഞ്ഞവരാണ് – സ്വന്തം സമുദായങ്ങളിൽ പോലും അരികുകളിൽ മാത്രം ഇടമുള്ളവരാണ്. ഇരകൾ കുട്ടികളാകുമ്പോൾ കേരളത്തിലെ കുടുംബ-സമുദായ-ജനക്ഷേമസംവിധാനങ്ങളുടെ മുഴുവൻ വീഴ്ചയെയും തകർച്ചയെയും കുറിച്ചാണ് അതു വിളിച്ചുപറയുന്നത്.

ഇരയാകുന്നവർക്ക് -- ദുർബലരായ ആദിവാസി വിഭാഗങ്ങളായാലും ശരി, കുട്ടികളായാലും ശരി – സർക്കാർ ഒരുക്കുന്ന ക്ഷേമസംവിധാനങ്ങളുടെ ബലഹീനതകളെപ്പറ്റി, അവിടെ നടക്കുന്ന ഉദ്യോഗസ്ഥ- അവഗണനകളെപ്പറ്റി, ആഴത്തിൽ അന്വേഷിക്കുന്ന പത്രപ്രവർത്തനമോ സ്ത്രീപക്ഷ രാഷ്ട്രീയപ്രവർത്തനമോ കേരളത്തിന് അന്യമായിരിക്കുന്നു. അവ അന്വേഷിക്കാനുള്ള വഴികളെത്തന്നെ അടയ്ക്കാനുള്ള ശ്രമം അധികാരികളിൽ നിന്ന് അടുത്തിടെ ഉണ്ടാകുന്നുമുണ്ട്. അതിനിടയിൽ ജനക്ഷേമ സംവിധാനങ്ങളുടെ ദൈനംദിന വീഴ്ചകളും സ്ഥാപനപരമായ തകർച്ചയും കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ലൈംഗിക പീഡനത്തിന്റെ അതിജീവിതകളായ കുട്ടികളെ പാർപ്പിക്കാനുള്ള സർക്കാർ സംവിധാനത്തിന്റെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആരായാൻ സിവിൽ സമൂഹശക്തികൾ പോലും ശ്രമിക്കുന്നില്ല.

കേരളത്തിലെ നഗരങ്ങളിൽ പുസ്തകോത്സവങ്ങളും സാംസ്കാരികോത്സവങ്ങളും സംഘടിപ്പിക്കുന്ന തിരക്കിലാണ് അധികൃതർ. അതുകൊണ്ട് ലാഭമേറെയുണ്ട്. കേരളം ലോകത്തെ ഏറ്റവും പുരോഗമനപരമായ ഇടമാണെന്നു സ്ഥാപിച്ച്, അങ്ങനെ ആഗോളതലത്തിലും ഇന്ത്യയിലും ചുരുങ്ങിവരുന്ന ലിബറലുകളുടെയും സാമൂഹ്യനീതി-രാഷ്ട്രീയവക്താക്കളുടെയും മറ്റു പുരോഗമനകക്ഷികളുടെയും കൈയ്യടി നേടാൻ അവർ ശ്രമിക്കുന്നു. കേരളത്തിനു പുറത്തുള്ള ഈ ഇടതു- പുരോഗമന വിശാലലോകത്തെ തങ്ങളുടെ (ജനങ്ങളുടെ ചെലവിൽ) ആതിഥ്യത്തിലൂടെ വശത്താക്കാനും അധികാരികൾക്കു കഴിയും.

ലൈംഗിക പീഡനത്തെ അതിജീവിതകൾക്കായി ശരിക്കും പ്രഫഷണൽ സ്വഭാവമുള്ളതും മലയാളി സദാചാര്യമൂല്യങ്ങൾക്ക് ദാസ്യപ്പെടാത്തതുമായ കൌൺസലിങ് അടക്കമുള്ള മുറികൂടൽ സംവിധാനം സൃഷ്ടിക്കണം.

സ്ക്കൂളുകൾ നിയമിക്കുന്ന പരിശീലകരിൽ നിന്ന് ദുരനുഭവങ്ങളുണ്ടാകാതെ കുട്ടികളെ സംരക്ഷിക്കുന്ന നിയമനിർമ്മാണം അത്യാവശ്യമാണെന്ന് കേരള കായികരംഗത്തു നിന്ന് സമീപകാലത്ത് ഉയർന്നുവന്നിരിക്കുന്ന പരാതികൾ വിളിച്ചുപറയുന്നു. അതിനായി സത്വരനടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം. അതിദരിദ്രഭവനങ്ങളിലെ കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും ആവശ്യമുണ്ടെങ്കിൽ സവിശേഷ താമസസൗകര്യങ്ങളും ഒരുക്കാനും സർക്കാർ തയ്യാറാകണം. അത്തരം കുടുബങ്ങളെ നിർണയിക്കാൻ കുടുബശ്രീ സംവിധാനത്തെ ഉപയോഗിക്കുന്നതിനെ പരിമിതപ്പെടുത്തണം – പ്രത്യേകിച്ച് ആ സംവിധാനത്തിന്റെ തദ്ദേശഭരണത്തെ രാഷ്ട്രീയകക്ഷികൾ പൂർണമായും പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ. ലൈംഗിക പീഡനത്തെ അതിജീവിതകൾക്കായി ശരിക്കും പ്രഫഷണൽ സ്വഭാവമുള്ളതും മലയാളി സദാചാര്യമൂല്യങ്ങൾക്ക് ദാസ്യപ്പെടാത്തതുമായ കൗൺസലിങ് അടക്കമുള്ള മുറികൂടൽ സംവിധാനം സൃഷ്ടിക്കണം.

ലിറ്റ്- ഫെസ്റ്റുകളിലൂടെ പേരും പെരുമയും വളർത്താനല്ല, മലയാളികളിലെ ഏറ്റവും ദുർബലരെ സംരക്ഷിക്കാനാണ് പൊതുവിഭവങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ഞങ്ങൾ സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.

ഇന്നത്തെ കേരളത്തിലെ കൗമാരക്കാരികൾ, പക്ഷേ, വെറും ഇരകളാകാൻ തയ്യാറല്ലെന്ന സൂചന കൂടി  ഇപ്പോൾ വിവാദമായിരിക്കുന്ന ലൈംഗികപീഡനക്കേസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏറെ ആശ്വാസകരം തന്നെയാണ്.
ഇന്നത്തെ കേരളത്തിലെ കൗമാരക്കാരികൾ, പക്ഷേ, വെറും ഇരകളാകാൻ തയ്യാറല്ലെന്ന സൂചന കൂടി ഇപ്പോൾ വിവാദമായിരിക്കുന്ന ലൈംഗികപീഡനക്കേസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏറെ ആശ്വാസകരം തന്നെയാണ്.

എന്നാൽ ഇന്നത്തെ കേരളത്തിലെ കൗമാരക്കാരികൾ, പക്ഷേ, വെറും ഇരകളാകാൻ തയ്യാറല്ലെന്ന സൂചന കൂടി ഇപ്പോൾ വിവാദമായിരിക്കുന്ന ലൈംഗികപീഡനക്കേസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏറെ ആശ്വാസകരം തന്നെയാണ്. മലയാളി സ്ത്രീകൾ ഈ നൂറ്റാണ്ടിൽ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നുവെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അവർക്കൊപ്പമെത്താൻ കേരള സർക്കാരും ഇവിടുത്തെ പുരുഷന്മാരും ഇനിയുമേറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.


Summary: Why women in Kerala insecure, Althea Womens Collective critically analyses the issue in detail.


‘ആൽത്തിയ’

സ്ത്രീസാഹോദര്യസംഘം (മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന).

Comments