ഒരു സ്ത്രീ സ്വന്തം കാലിൽ നിവർന്നുനിന്നപ്പോൾ, അവൾ ബോധപൂർവമോ അബോധപൂർവമോ, എല്ലാ സ്ത്രീകൾക്കും വേണ്ടി നിവർന്നുനിൽക്കുകയായിരുന്നു. അതിജീവിതയുടെ പോരാട്ടവീര്യത്തിന് നന്ദി. ഒപ്പം, ആ പോരാട്ടം ഏറ്റെടുത്ത ഡബ്ല്യു.സി.സിക്കും (Women in Cinema Collective- WCC) നന്ദി.
അവളോടുള്ള സാഹോദര്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു അത്. അതാണ് സ്ത്രീക്കെതിരെ സിസ്റ്റം നടത്തുന്ന അക്രമങ്ങൾ തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കുവരെ (Justice Hema Committee report) കൊണ്ടെത്തിച്ചത്. അത് ഇതുവരെയുള്ള ആഖ്യാനങ്ങളെയാകെ മാറ്റിമറിക്കുകയും അതിജീവിതകളെ കരുത്തരായി മാറ്റുകയും ചെയ്തിരിക്കുന്നു. സ്ത്രീകളുടെ സേന അവരുടെ സത്യങ്ങളുമായി ഇതാ പുറത്തുവന്നുകൊണ്ടിരിക്കുന്നു, പവർ ബ്രോക്കർമാർമൂടിവച്ചതെല്ലാം പുറത്തുവരുന്നു. സ്വന്തം കൈകൾ കളങ്കിതമല്ലെങ്കിൽ എന്തിനാണ് കമ്മിറ്റി ഒന്നടങ്കം രാജിവച്ച് A.M.M.A അവരുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടിയത്?
കല എന്നത് തൊഴിലാണ്. കലാകാരർ തൊഴിലാളികളാണ്. ലൈംഗികാതിക്രമം ഒരു തൊഴിൽവിഷയം കൂടിയാണ്. മലയാളത്തിൽ മാത്രമല്ല, മറ്റെല്ലാ സിനിമാവ്യവസായത്തിലുമുള്ള A.M.M.A- യെപ്പോലുള്ള ബോയ്‌സ് ക്ലബുകൾ പിരിച്ചുവിട്ട് സ്ത്രീസുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്ന തൊഴിലാളി യൂണിയനുകളുണ്ടാക്കണം.
ഇപ്പോൾ നടന്ന കളപറിക്കൽ ഒരു തുടക്കമാണ്. എന്നാൽ, 20 സ്ത്രീകൾ പരാതിപ്പെട്ട ഒരു വേട്ടക്കാരന് 'ലൈസൻസ്' നൽകിയ മുഖ്യമന്ത്രിയുള്ള തമിഴ്‌നാട്ടിൽ ഇത്തരം കളപറിക്കൽ സാധ്യമാകുമോ എന്നുറപ്പില്ല. വേട്ടക്കാർക്കൊപ്പം വേദി പങ്കിടുകയും പ്രതിരോധത്തിന്റെ എല്ലുറപ്പ് പ്രകടിപ്പിക്കുക കൂടി ചെയ്യാത്തവരുമായ സഹകവികളായ കനിമൊഴിയെയും (Kanimozhi Karunanidhi) തമിഴച്ചിയെയും (Thamizhachi Thangapandian)- അവർ ഇപ്പോൾ പാർലമെന്റംഗങ്ങൾ കൂടിയാണ്- എങ്ങനെ ഞാൻ എന്റെ സഹോദരിമാർ എന്നു വിളിക്കും?
എന്നെ ആക്രമിച്ചയാൾ അയാളുടെ മറ്റ് ഇരകളുടെ വായടപ്പിക്കാൻ, അപകീർത്തിക്കെതിരായ കൊളോണിയൽ നിയമങ്ങൾ ദുരുപയോഗിക്കുകയും എന്നെ ആഘോഷപൂർവം വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാ ജാതിവിരുദ്ധ യോദ്ധാക്കളും സ്വയം പ്രഖ്യാപിത ചെ ഗുവേരമാരും തമിഴ് സിനിമാ വ്യവസായത്തിലെ സാമൂഹികനീതിയുടെ ചാമ്പ്യൻ സംവിധായകരുമെല്ലാം, ഈയൊരു ലൈംഗികാധിക്ഷേപത്തിനുമുന്നിൽ അവരുടെ വായടച്ചിരിക്കുന്നത് കൗതുകത്തോടെയാണ് ഞാൻ കാണുന്നത്. അവർ ഈ പ്രശ്‌നങ്ങളുടെയല്ലാം ഭാഗമല്ലേ? 'ബ്രോ കോഡ്' (Bro code) എന്നത് പുരുഷാധിപത്യവുമായി ബന്ധപ്പെട്ടതുമാത്രമല്ല, അത് ജാത്യാഭിമാനം കൂടിയാണ്. ഓരോ സ്ഥാപനവും അതിനെ നിയന്ത്രിക്കുന്ന കളിക്കാരും വേട്ടക്കാർക്കാർക്കായി സ്വയം നിയോഗിക്കട്ടെ വക്കീലന്മാരായി നടിക്കുന്നു.
ഹേമ കമ്മിറ്റിക്ക് സമാനമായ ഒരു കമ്മിറ്റിയെ തമിഴ്‌നാട്ടിലെ സിനിമാവ്യവസായത്തിലും കൊണ്ടുവരുമെന്ന് നടൻ വിശാൽ നടത്തിയ പ്രഖ്യാപനം ഞാൻ വായിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വേഷങ്ങൾ അഭിനയിക്കുന്നത് എന്നാണ് അദ്ദേഹം അവസാനിപ്പിക്കുക? തമിഴ് സിനിമയുടെ ചരിത്രം പൂർണമായി, സ്ത്രീകളെ ചരക്കുവൽക്കരിക്കുന്നതിന്റേതാണ്. ഇതല്ലേ എല്ലാ വിരോധാഭാസങ്ങളുടെയും വിരോധാഭാസം?
ഇത് വളരെ വലിയൊരു നവീകരണത്തിനുള്ള സമയമാണ്. ആദ്യം സുരക്ഷ, പിന്നെ തൊഴിൽസേനയിൽ ലിംഗസമത്വം, പ്രാതിനിധ്യം, തുല്യ വേതനം, മികച്ച തൊഴിലന്തരീക്ഷം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണം. അതിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.