സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കിട്ടാതായിട്ട് മാസങ്ങളായി. 2022-23 കാലയയളവില്‍ പിരിഞ്ഞവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. അങ്കണവാടി ജോലി എന്ന പേരില്‍ 62 വയസ് വരെ കുട്ടികളെ നോക്കിയും സാമൂഹികനീതി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിപാടികളുടെ ഭാഗമായി രാപ്പകല്‍ പണിയെടുത്തും ജീവിച്ചിരുന്ന ഈ സ്ത്രീകളുടെ ദുഃഖം സര്‍ക്കാര്‍ കാണുന്നതേയില്ല. സര്‍വീസ് കാലത്ത് തന്നെ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യേണ്ടി വന്നിരുന്ന ഇവര്‍ക്ക് സര്‍വീസ് കഴിഞ്ഞ് പടിയിറങ്ങിയിട്ടും അനുവദിച്ച് കിട്ടേണ്ട പണത്തിനായി സമരം ചെയ്യേണ്ടി വരികയാണ്. ഫണ്ട് ഇല്ലെന്നും സോഫ്റ്റ് വെയര്‍ തകരാര്‍ ആണെന്നുമൊക്കെയാണ് പെന്‍ഷന്‍ തടഞ്ഞുവെക്കുന്നതിനുള്ള സര്‍ക്കാരിന്റെ ന്യായങ്ങള്‍.