വംശീയവാദികളുടെ കമ്പിക്കഥകൾ

പുതിയ കാലത്ത് സത്രീകൾ സാമൂഹികമായും രാഷ്ട്രീയമായും ലിംഗപരമായും ബൗദ്ധികമായും നേടിയെടുക്കുന്ന ഇടപെടൽ ശേഷിയെ രേഖപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്‌സീൻ.

Truecopy Webzine

വിവരസാങ്കേതിക വിദ്യ തുറന്നിടുന്ന നവലോകവും സാമൂഹ്യമാധ്യമങ്ങളും സ്ത്രീകളെ കുറച്ചൊന്നുമല്ല ഐക്യപ്പെടുത്തുന്നത്. ഓരോ കൈകളിലേയും മൊബൈലുകൾ വഴി നൽകുന്ന ലൈക്കുകളും, കമന്റുകളും, ഷെയറുകളും വൻ വിപ്ലവമാണ് സ്ത്രീമനസ്സുകളിൽ സൃഷ്ടിക്കുന്നത്. അത് കുടുംബങ്ങളിലും സംഘടനകളിലും ഒരേപോലെ പൊട്ടിത്തെറികളുണ്ടാക്കുന്നു. തത്ത സ്വന്തം ചിറകിനെ ബലപ്പെടുത്തി കൂട് തല്ലിപ്പൊളിച്ച് പുറത്തു വരുന്ന മനോഹരമായ കവി സ്വപ്നം ഇന്ന് ദൃശ്യമായി കഴിഞ്ഞിരിക്കുന്നു- പുതിയ കാലത്ത് സ്ത്രീ​കൾ സാമൂഹികമായും രാഷ്ട്രീയമായും ലിംഗപരമായും ബൗദ്ധികമായും നേടിയെടുക്കുന്ന ഇടപെടൽ ശേഷിയെ രേഖപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്‌സീൻ.

പ്രണയ, ലഹരി ജിഹാദ് കഥകൾ അഥവാ
വംശീയവാദികളുടെ കമ്പിക്കഥകൾ
അഞ്ജലി മോഹൻ എം. ആർ.
പുരുഷ ലൈംഗിക ഭാവനകളേയും ഭയങ്ങളെയും ഫാസിസം ഉപയോഗിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് സമകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയാണ് അഞ്‌ലി മോഹൻ.

രതിയോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്, അറിവില്ലായ്മ, തെറ്റായ ധാരണകൾ എന്നിവയെല്ലാം ഫാസിസ്റ്റുകളുടെ ലവ്ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ ആരോപണങ്ങൾ വിശ്വസിക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും രതിയും ലഹരിയും പലപ്പോഴും ഒരുമിച്ചു ചേർക്കുന്ന പതിവ് മലയാളികൾക്കുണ്ട്. അതേ ഭാവനയിൽ നിന്നാണ് ‘നാർക്കോട്ടിക്ക് ജിഹാദും' രൂപപ്പെടുന്നത്.

ഹിറ്റ്​ലറുടെ സ്വേച്ഛാധിപത്യ രീതി പിന്തുടരുന്ന ഇന്ത്യൻ ഫാസിസവും ന്യൂനപക്ഷങ്ങൾക്കെതിരെ ഇത്തരം പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ചു വരുന്നു. മുസ്ലിം സമുദായത്തിലെ ആൺകോയ്മാ പ്രശ്നങ്ങൾ വരെ വലിയ വർഗീയ പ്രശ്നങ്ങളെന്ന പോലെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം പ്രചാരണങ്ങൾക്ക് കിട്ടുന്ന വലിയ സ്വീകാര്യത തൃപ്പൂണിത്തുറ ഘർവാപ്പസി കേന്ദ്രങ്ങളിൽ നിരവധി സ്ത്രീകൾ പീഢനമേൽക്കേണ്ടി വന്ന സംഭവത്തിന് ലഭിക്കാതെ പോയത് ഇവിടുത്തെ പൊതുബോധം അത്രത്തോളം ഹിന്ദുത്വവത്കരിക്കപ്പെട്ടതു കൊണ്ട് കൂടിയാണ്.

ജീവിതനിലവാരം കൊണ്ട് അസംതൃപ്തരായ ജനതയുടെ മനസ്സിലേക്ക് ഒരു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ടാണ് ഫാസിസം അവരുടെ പ്രവർത്തനമാരംഭിക്കുന്നത്. ആ ജനതക്കുമുകളിൽ ഒരു വാൾ പോലെ തൂങ്ങിക്കിടക്കുന്ന ശത്രു ഏതു നിമിഷവും പൊട്ടിവീണ് അവരുടെ ജീവിതം നശിപ്പിക്കുമെന്ന് ഫാസിസ്റ്റുകൾ ആദ്യം പ്രചരിപ്പിക്കുന്നു. അധികാരം, കച്ചവടം, പണം, ആഡംബര ജീവിതം എന്നിവയെല്ലാം ശത്രുക്കളുടെ കയ്യിലാണ് എന്ന് പ്രചരിപ്പിക്കലാണ് അടുത്ത ഘട്ടം. അതിനോടൊപ്പം തങ്ങളുടെ സ്ത്രീകളെ ആ ശത്രുക്കൾ വശീകരിച്ചു കൊണ്ടു പോകുകയാണെന്നും അവർ പറയും. അത് അവരുടെ വംശവർധനക്കാണെന്നും കൂട്ടിച്ചേർക്കും. അങ്ങനെയൊരു വംശവർദ്ധനയുണ്ടായാൽ ലോകം അവരുടെ ആധിപത്യത്തിലാകുമെന്ന ഭീതി പരത്തും.

സംസ്‌കാരമില്ലാത്തവർ, അറിവില്ലാത്തവർ, എന്നീ മുദ്രകൾ ചാർത്തി വരേണ്യ പൊതുബോധം അകറ്റി നിർത്തുന്ന മുസ്ലിം സമുദായത്തിൽ നിന്ന് "ഹരിത' നേതാക്കൾ വ്യക്തതയോടെയും സ്പഷ്ടമായും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുമ്പോൾ അദ്ഭുതം കൂറുന്നതിനു പിന്നിലുള്ളതും ഇതേ സവർണ പുരുഷബോധമാണ്. മുസ്ലിം സ്ത്രീകൾ അടുത്ത കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വലിയ സാന്നിധ്യമായി വളർന്നത് സംഘപരിവാറിന്റെയും മറ്റു ഹിന്ദുത്വ പാർട്ടികളുടെയും പ്രചാരണത്തെ തകർക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള സുള്ളി ഡീൽ ആക്രമണങ്ങൾ പോലും വിലയിരുത്തപ്പെടേണ്ടത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിനെ തുടർന്നുണ്ടായ സംഭവങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും പങ്കെടുത്ത മുസ്ലിം സ്ത്രീകളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്നും അവർ താലിബാൻ അനുകൂലികളാൽ നിരന്തരം റേപ് ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്ന മലയാളി പുരുഷന്മാരുടെ പ്രതികരണങ്ങൾക്കും സോഷ്യൽ മീഡിയയിൽ കുറവൊന്നുമുണ്ടായിരുന്നില്ല. മുസ്ലിം സ്ത്രീകൾ ലൈംഗിക തൃഷ്ണ കൂടുതലുള്ളവരാണെന്നും അതുകൊണ്ടാണ് അവർക്ക് താലിബാനികളെ അനുകൂലിക്കാൻ സാധിക്കുന്നതെന്നുമുള്ള കമന്റുകൾ വരെ ഇക്കൂട്ടത്തിൽ കാണാം.

മുസ്​ലിം പുരുഷന്മാരുടെ പാട്രിയാർക്കൽ പരാമർശങ്ങളിൽ പോലും വലിയ പ്രതിഷേധങ്ങളുയർത്തുന്നവരാണ് മലയാളി സമൂഹം. എന്നാൽ സംഘപരിവാർ മുസ്ലിം സ്ത്രീകൾക്കു നേരെ നടത്തുന്ന സ്ത്രീ വിരുദ്ധവും വംശീയവുമായ ആക്രമണങ്ങൾക്കെതിരെ തികഞ്ഞ മൗനവലംബിക്കുകയാണ് ഇവർ ചെയ്യാറുള്ളത്.
ഈ സാഹചര്യത്തിൽ ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി, പ്രണയം, ഫെമിനിസം തുടങ്ങിയവയെ സംബന്ധിച്ച ആശയ വ്യക്തതകൾ ഓരോരുത്തരും രൂപപ്പെടുത്തിയെടുക്കുക എന്നത് അനിവാര്യമായ കാര്യമാണ്. അതുവരെ പുരുഷന്റെ സ്ത്രീ വിരുദ്ധ ഭാവനകൾ പ്രണയ ലഹരി ജിഹാദ് കഥകളായി പടർന്നുകൊണ്ടിരിക്കും.

നെറ്റിസൺസ് ആയ സ്ത്രീകൾ
പൊട്ടിത്തെറിച്ച് പുറത്തുവരികയാണ്
ആശ ഉണ്ണിത്താൻ

ർട്ടിഫിഷൽ ഇന്റലിജൻസ് കമ്പോളത്തെ സഹായിക്കാൻ തുടങ്ങിയ ഈ വിവരസാങ്കേതികതാ യുഗത്തിൽ നമ്മൾ ഇനിയും ചർച്ച ചെയ്യുന്നത് തുടങ്ങിയിടത്തു നിന്ന് തന്നെയാണ്. വിവിധ ആപ്പുകൾ, സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളെ അതിവേഗം റിപ്പോർട്ട് ചെയ്യുന്നതിനും സ്ത്രീകളുടെ ചലനാത്മകതയും സർഗാത്മകതയും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആധുനികത സ്ത്രീ ജീവിതത്തിൽ നടത്തിയ വലിയ മാറ്റങ്ങൾ പക്ഷെ ഫ്യൂഡൽ -മതമൂല്യത്തിന്റെ ബോധ്യത്തിൽ രൂഢമൂലമായിക്കിടക്കുന്ന ആണധികാര പൊതുബോധം തിരിച്ചറിയുന്നില്ല.

Gender sensitization എന്ന പദം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാതായിരിക്കുന്നു. എന്നാൽ തന്നെയും പിന്നേയും ഇതു പറയുന്നത് സ്ത്രീകളോട് മാത്രമാകുന്നു. സ്ത്രീ മനസ്സുകളിൽ നടക്കുന്ന ഐക്യപ്പെടലുകളോ തിരിച്ചറിവുകളോ പുരുഷപങ്കാളികൾ തിരിച്ചറിയുന്നില്ല. അവർ സ്ഥിരമായി നടത്തി വന്നിരുന്ന മുഴുവൻ കലാപരിപാടികളും തുടരുന്നു. എന്നാൽ ചെറുത്തു നിൽപ്പിന്റെയും പൊരുതി വിജയിക്കുന്നതിന്റെയും പുത്തൻ ഗാഥകൾ എല്ലായിടത്തും കേൾക്കുന്നു. സിനിമകളിൽ, പാട്ടുകളിൽ, കഥകളിൽ, ചിത്രങ്ങളിൽ, സ്ത്രീയുടെ സർഗ്ഗാത്മക ഇടങ്ങളിലെല്ലാം ഇതു കാണുന്നു. തീർച്ചയായും പൊതുവിടങ്ങളിൽ സ്ത്രീദൃശ്യതയേറുന്നു. അവഗണിക്കാനാകാത്ത തുല്യശക്തിയായി അവർ വരുന്നു. പലകാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട ഇതരമനുഷ്യരുമായും അവർ കൈകോർക്കുന്നു. പുതിയ പ്രത്യയശാസ്ത്രങ്ങൾ രൂപപ്പെടുന്നു. കേവല സ്ത്രീവാദത്തിൽ നിന്ന്? കുറേ മുന്നോട്ട് പോയിരിക്കുന്നു.

സ്ത്രീ-പുരുഷ ദ്വന്ദത്തിൽ നിന്ന് മാറി non-binaryയെക്കൂടി ഉൾക്കൊള്ളിക്കുന്ന തരത്തിൽ വളർന്നുവന്നു കഴിഞ്ഞ പ്രസ്ഥാനങ്ങൾ ലോകമെമ്പാടും രൂപപ്പെട്ടുവരുന്നത് global citizen എന്നതിൽ നിന്ന് netizens ആയ യുവാക്കൾ, വിദ്യാർത്ഥികൾ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇടം-വലം നിൽക്കുന്ന ബാനർ തൊഴിലാളികളിൽ നിന്നും തീരുമാനമെടുക്കുന്ന സഭകളിലേക്ക്, അധികാര കസേരകളിലേക്കാണ് സ്ത്രീകൾ കടന്നുവരുന്നത് എന്ന് സംഘടനാ നേതാക്കന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിയാനിരിക്കുകയാണ്. ആ വഴിയൊരുക്കുക എന്നതാണ് തുല്യപങ്കാളികളായ രാഷ്ട്രീയ മനുഷ്യന്മാർ ചരിത്രപരമായി ഏറ്റെടുക്കേണ്ട ദൗത്യം.

ട്രൂ കോപ്പി വെബ്‌സീൻ
പാക്കറ്റ് 44ൽ വായിക്കാം, കേൾക്കാം


Summary: പുതിയ കാലത്ത് സത്രീകൾ സാമൂഹികമായും രാഷ്ട്രീയമായും ലിംഗപരമായും ബൗദ്ധികമായും നേടിയെടുക്കുന്ന ഇടപെടൽ ശേഷിയെ രേഖപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്‌സീൻ.


Comments