‘‘അഞ്ചു വർഷത്തെ യൂറോപ്പ് -അമേരിക്കൻ ജീവിതത്തിനുശേഷം ബറോഡയിൽ തിരിച്ചെത്തിയ ഡോ. അംബേദ്കർ ഒരു വീട് കിട്ടാനായി ദിവസങ്ങളോളം അലയുകയുണ്ടായി. ഒരു അയിത്ത ജാതിക്കാരന് വീട് നൽകാൻ ആരും തയ്യാറായില്ല. ശേഷം അദ്ദേഹം ഒരു പാർസി പേര് സ്വീകരിച്ചു, ഒരു Parsi- Inn ൽ വാടകക്ക് താമസിച്ചു. പതിനൊന്നു ദിവസങ്ങൾക്കുശേഷം നാട്ടുകാർ അംബേദ്കർ ഒരു അയിത്ത ജാതിക്കാരനാണെന്ന് തിരിച്ചറിഞ്ഞു അവിടെനിന്ന് ആട്ടിപ്പുറത്താക്കി. യൂണിവേഴ്സിറ്റി ഓഫ് കൊളമ്പിയയിലെ അടക്കം ഡിഗ്രികൾ അടങ്ങിയ പെട്ടിയുമായി അംബേദ്കർ അന്ന് രാത്രി വെളിപ്പിച്ചത് ഒരു പബ്ലിക് പാർക്കിലെ മരത്തിനടിയിലിരുന്നിട്ടാണ്.."
('Ambedkar: A Life' , Shashi Tharoor).
▮
അംബേദ്കർ എന്ന ആശയം
ഇന്ത്യൻ ദേശീയസമരം കലുഷിതവും സചേതനവുമായി നിലകൊണ്ടത് ആന്തരികമായി അത് ഉൾക്കൊള്ളുകയും വിതരണം ചെയ്യുകയും ചെയ്ത ഡിബേറ്റുകളുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു. ഗാന്ധി- ജിന്ന, നെഹ്‌റു- പട്ടേൽ, ഗാന്ധി- അംബേദ്കർ; കൂടാതെ സുഭാഷ്ചന്ദ്ര ബോസ്, എം എൻ റോയ്, രാജഗോപാലാചാരി, പെരിയോർ, ഭഗത് സിംഗ് തുടങ്ങിയവർ മുന്നോട്ടുവെച്ച ആശയങ്ങൾ അങ്ങനെ പലതായി നമുക്ക് അതിനെ തരംതിരിക്കാം. അതിൽ ഏറ്റവും പ്രാധാന്യമേറിയതും ഏറ്റവും സജീവമായിരുന്നതുമായ ഡിബേറ്റാണ് ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായത്. സങ്കീർണവും വൻ സാമൂഹ്യചലനങ്ങൾ സൃഷ്ടിച്ചവയുമായിരുന്നു അത്. ഇന്ത്യൻ രാഷ്ട്രശരീരത്തിന്റെ ആന്തരിക സത്തയായ ജാതിയെ സംബന്ധിക്കുന്ന തർക്കങ്ങളായിരുന്നു അതിലെ കാതൽ.
സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട അംബേദ്കറുടെ ബോധ്യങ്ങൾ കാലക്രമേണ വലിയ ചർച്ചകൾക്കും ധാരകൾക്കും രൂപം നൽകുകയും ഇന്ത്യൻ വൈജ്ഞാനിക പരിസരത്തെ അത് റീഡിഫൈൻ ചെയ്യുകയും ചെയ്തു. കോൺസ്റ്റിറ്റ്യൂഷണലിസം, ഗവൺമെന്റാലിറ്റി, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സ്റ്റേറ്റിന്റെ സാമ്പ്രദായിക ജീവിതത്തിലേക്ക് ഇന്ത്യൻ ഭരണകൂടം പ്രവേശിച്ചപ്പോൾ ജനതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ / സമരങ്ങൾ ഗാന്ധി-അംബേദ്കർ ലഗസികളെ പൊതുജീവിതത്തിന്റെ ഭാഗമാക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്തു.

സ്ത്രീവിമോചനവുമായി ബന്ധപ്പെട്ട് അംബേദ്കർ നടത്തിയ വിപുലമായ ഇടപെടലുകളുണ്ട്. അവ ആധുനിക ഇന്ത്യൻ സമൂഹത്തിന്റെ രൂപീകരണത്തിലെക്കുവരെ നയിച്ച സമാനതകളില്ലാത്ത പോരാട്ടമായിരുന്നു.
ആത്മനിഷ്ഠപരമായി നാം സ്വായത്തമാക്കുന്ന ഒന്നല്ല അംബേദ്കർ ആശയങ്ങൾ എന്നിടത്താണ് അംബേദ്കർ വേറിട്ടുനിൽക്കുന്നത്. അംബേദ്കാറെ സ്വീകരിക്കുകയെന്നാൽ അതുവരെ നമ്മളെ രൂപപ്പെടുത്തിയ അഥവാ സോഷ്യലി കൺസ്ട്രക്ടഡായിട്ടുള്ള നമ്മുടെ സ്വയത്തെ തന്നെ ഉടച്ചുവാർക്കേണ്ടതുണ്ട്. അതിന് പാട്രിയാർക്കി, ജാതി, വംശം തുടങ്ങിയ എല്ലാത്തരം അധികാര / അധീശത്വ ബോധ്യങ്ങളെയും പൊട്ടിച്ച് പുറത്തു വരേണ്ടതുണ്ട്. അത് നിരന്തര ഉടച്ചുവാർക്കലിലൂടെയും പൊളിച്ചെഴുതുകളിലൂടെയുമേ സാധിക്കൂ.
ഉദാഹരണമായി, അംബേദ്കറണ് സംവരണത്തെ രാഷ്ട്രീയമായി ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ചത്. സാമൂഹ്യനീതിയുടെ ചാലകശക്തിയാണ് സംവരണം. എന്നാൽ അതിന്റെ യുക്തി ഇനിയും മനസിലാകാത്തവർക്ക് അത് മനസിലാക്കിക്കൊടുക്കുന്നതിനോളം ശ്രമകരമായ മറ്റൊന്നുമില്ല. എന്നാൽ ആ യുക്തി ലളിതമായി മനസിലാക്കിത്തരാൻ അംബേദ്കറേക്കാൾ തികഞ്ഞ മറ്റാരുമില്ലതാനും.
അംബേദ്കർ മുന്നോട്ടുവെച്ച ആശയങ്ങളുടെ കാതൽ, സാമൂഹ്യനീതിയെ സംബന്ധിക്കുന്ന ഭരണഘടനാപരമായതും അല്ലാത്തതുമായ പരിഹാര മാർഗങ്ങളായിരുന്നു. പതിറ്റാണ്ടുകളായി സാമൂഹത്തിൽ വിതരണം ചെയ്ത അനീതിയുടെ തത്വശാസ്ത്രത്തെ ഘടനാപരമായി നിർവചിച്ച അദ്ദേഹം, അതിനെ പൊളിക്കുന്നതിനുള്ള കർമ പദ്ധതിയും വിഭാവനം ചെയ്തിരുന്നു. ഉപരിപ്ലവമായ പരിഷ്ക്കരണങ്ങൾക്കുപരി ആന്തരിക സത്തയെ അദ്ദേഹം പ്രശ്നവൽക്കരിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം വിഭാവനം ചെയ്ത ആധുനിക സ്റ്റേറ്റിലെ മനുഷ്യസങ്കൽപ്പം തന്നെ സമഗ്രമായി വ്യക്തിയെ അപനിർമ്മിക്കുന്നതായിരുന്നു.
അതായത്, ‘ബാപ്പൂ, ഞങ്ങൾക്കൊരു മാതൃരാജ്യമില്ല’ എന്ന് അംബേദ്കർ ഗാന്ധിയോട് പറഞ്ഞതിന്റെ അർഥം മനസിലാക്കാൻ അന്ന് പലർക്കും കഴിയാതിരുന്നത്, പൗരത്വം എന്ന ആശയത്തിൽനിന്ന് പുറംതള്ളപ്പെടുന്ന മനുഷ്യർക്ക് ഇടം നൽകേണ്ടതുണ്ട് എന്ന ആധുനിക സ്റ്റേറ്റിന്റെ പ്രാഥമിക ജനാധിപത്യ ബോധ്യത്തെപ്പറ്റിയുള്ള സങ്കല്പനം നമുക്ക് അന്യമായിരുന്നതുകൊണ്ടാണ്. അതുകൊണ്ട് അംബേദ്കറുടെ ചിന്താപദ്ധതിയിലേക്ക് തിരിയുകയെന്നത് എളുപ്പമായ കാര്യമല്ല എന്നുവേണം മനസിലാക്കാൻ. മാത്രമല്ല സംഘപരിവാറിനോ മറ്റാർക്കുമോ എളുപ്പം തട്ടിയെടുക്കാൻ പറ്റുന്ന ഇടത്തിലുമല്ല അദ്ദേഹം.
ഫെമിനിസ്റ്റ് അംബേദ്കർ വായനയുടെ സാധ്യതകൾ
സ്ത്രീവിമോചനവും തുല്യപദവിയും അംബേദ്കറുടെ ചിന്താപദ്ധതിയുടെ വിവിധ തലങ്ങളിൽ നമുക്ക് കാണാനാകും. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ടൊരു കാര്യം, ഒരു സമൂഹം പുരോഗമനപരമാണോ എന്ന് പരിശോധിക്കുന്നത് അവിടത്തെ സ്ത്രീകളുടെ പദവിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്നതാണ്. രാജ്യത്തെ എല്ലാവർക്കും തുല്യമായ നീതി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെണ്ടെന്നും അതിനായി കോൺസ്റ്റിറ്റ്യൂഷനൽ മൊറാലിറ്റി എന്ന മാർഗം സ്ഥാപിക്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അംബേദ്‌കറുടെ സാമൂഹ്യ ജനാധിപത്യ സങ്കല്പത്തിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് ജാതിയും പാട്രിയാർക്കിയും തമ്മിലുള്ള ബന്ധമാണ്. അഥവാ ജാതിയും പാട്രിയാർക്കിയും തമ്മിലുള്ള ബന്ധത്തെ സാധൂകരിക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്രത്തെ നിർമിച്ചുകൊണ്ടാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ അധികാരശ്രേണീവ്യവസ്ഥ നിലനിൽക്കുന്നത് എന്ന തിരിച്ചറിവാണ് അംബേദ്കർ പങ്കുവയ്ക്കുന്നത്. അതുകൊണ്ട് പുരുഷാധിപത്യവിരുദ്ധ നിലപാട് സ്വീകരിക്കണമെങ്കിൽ ആദ്യമേ എതിർക്കേണ്ടത് ജാതിയെയാണ്, അഥവാ ജാതിവിരുദ്ധ നിലപാട് എടുക്കണമെങ്കിൽ നാം പാട്രിയാർക്കിക്കെതിരയായി നിലപാടെടുക്കേണ്ടതുണ്ട്.

നിലനിൽക്കുന്ന കീഴ് വഴക്കങ്ങളെയും അനീതികളെയും സാമാന്യവൽക്കരിക്കുന്ന ഒരു തത്വശാസ്ത്രം ഇന്ത്യൻ സമൂഹത്തിൽ നിലവിലുണ്ട് അതിനെ ഒരു സാമൂഹ്യ ധാർമ്മികതയയാണ് അംബേദ്കർ വിവക്ഷിക്കുന്നത്. അഥവാ നമ്മൾ നൂറ്റാണ്ടുകളായി പിന്തുടരുന്ന ലിംഗഭേദങ്ങളുടെയും ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും ജാതി- ശുദ്ധി വരേണ്യതയുടെയും അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനരൂപങ്ങളെ ഒരു വ്യവസ്ഥാക്രമവും ഒരു സംസ്കാരവുമായി നിലനിർത്തുന്ന സാമൂഹ്യമൂല്യങ്ങളുടെ ധാർമ്മികതയെ ഇല്ലായ്മ ചെയ്തെങ്കിൽ മാത്രമേ സാമൂഹ്യ ജനാധിപത്യം സ്ഥാപിക്കാനാകൂ എന്ന് അംബേദ്കർ അടിവരയിട്ടു പറയുന്നുണ്ട്.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, സ്ത്രീ- പുരുഷ വിവേചനത്തിന്റെ ആണിക്കല്ലായ സാമൂഹ്യ ധാർമികതക്കു മുകളിൽ ഭരണഘടനാ ധാർമ്മികത സ്ഥാപിച്ചുകൊണ്ടുമാത്രമേ തുല്യത ഉറപ്പുവരുത്താനാകു. ആണും പെണ്ണും തുല്യരല്ല എന്ന സാമാന്യ ബോധ്യത്തിൽ നിന്ന് എല്ലാവരും സമന്മാരാണെന്ന ആധുനിക പൗരത്വത്തിന്റെ തത്വത്തിലേക്ക് ജനങ്ങളെ സന്നിവേശിപ്പിച്ചെങ്കിൽ മാത്രമേ ആരാധനലയങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം എല്ലാവരും തുല്യരാണെന്ന ഭരണഘടനാപരമായ ധാർമികതയിലേക്ക് നമുക്ക് സഞ്ചരിക്കാനാകൂ. ആയതിനാൽ തന്നെ സ്ത്രീ പ്രവേശനം, തുല്യത തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കർ ഭരണഘടനയുടെ പക്ഷത്തായിരിക്കും എന്ന് സംശയലേശമന്യേ നമുക്ക് ഉറപ്പിക്കാം.
തുല്യത എന്നത് സാധാരണയായി വിതരണം ചെയ്യാത്തിടത്ത് വിവേചനമാണ് സാധാരണമായുണ്ടാകുക. അത്തരമൊരു നോർമാലിറ്റിയെ പൊളിക്കുക എന്നത് ചെറിയ കാര്യമല്ല. ആചാരവും ലിംഗവിഭജനവും എല്ലാം രൂപം കൊണ്ടൊരു സാമൂഹിക പശ്ചാത്തലമുണ്ട്. അത് ഇന്നും തീവ്രമായി നിലനിൽക്കുന്നുമുണ്ട്. തൊഴിലിടത്തിലും വീട്ടിലും മാത്രമല്ല തീൻമേശയിൽ പോലും വിവേചനമുണ്ട് എന്ന് ആർജവത്തോടെ പെൺകുട്ടികൾ പറയുമ്പോൾ ഇവിടുത്തെ പൊതുബോധ്യം പുച്ഛിക്കുന്നതും കളിയാക്കുന്നതും; അവരനുഭവിക്കുന്നത് വിവേചനമാണെന്നും അത് തിരുത്തപ്പെടേണ്ടതാണ് എന്നുമുള്ള ബോധ്യം പലപ്പോഴും പൊതുബോധത്തിന് അന്യമായിരിക്കുന്നത് കൊണ്ടാണ്. അവിടെയാണ് കോൺസ്റ്റിറ്റ്യൂഷനൽ മൊറാലിറ്റിയുടെ സാധ്യത തിരയേണ്ടത്.
തന്റെ രാഷ്ട്രീയ- സാമൂഹ്യ ഇടപെടലുകളിൽ അംബേദ്കർ സവിശേഷമായി പരിഗണിക്കുന്ന ഒന്നാണ് സ്ത്രീവിമോചനം. 'ഹിന്ദു സ്ത്രീയുടെ ഉയർച്ചയും താഴ്ചയും' എന്ന ലേഖനം ഹിന്ദു മതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവഗണനയെ കുറിക്കുന്നതായിരുന്നു. സ്ത്രീതൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിമൻ ലേബർ പ്രൊട്ടക്ഷൻ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോർ വിമൻ ലേബർ, കൽക്കരി ഖനികളിൽ തൊഴിൽ ചെയ്യാനായി സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവയെല്ലാം തയ്യാറാക്കി നടപ്പിലാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ച ഹിന്ദു കോഡ് ബില്ല് അക്ഷരാർഥത്തിൽ സ്ത്രീകളുടെ സമ്പൂർണ വിമോചനം ലക്ഷ്യമാക്കിയുള്ളതായിരുന്നു. അതിൽ ഒരു ഭാര്യ മാത്രമെന്ന് വ്യവസ്ഥ ചെയ്യുന്ന വിവാഹത്തിന് മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളൂ. സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്ന ഈ ബില്ല് സ്ത്രീകൾക്ക് കൂട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകുന്നതായിരുന്നു. മാത്രമല്ല, നിയമ വ്യവഹാരത്തിൽ സ്ത്രീ- പുരുഷ സമത്വം ഉറപ്പാക്കുന്നതുകൂടിയായിരുന്നു ഹിന്ദു കോഡ് ബില്ല്.

അംബേദ്കർ ഉയർത്തിയ സംവാദം ജാതിയെ മുൻനിർത്തിയുള്ളതായതിനാൽ ജാതി സൂക്ഷ്മമായി കടന്നുപോകുന്ന എല്ലാത്തരം വ്യവഹാരങ്ങളിലേക്കും ആ സംവാദസാധ്യതയെ നമുക്ക് പുതിയ രീതിയിൽ സന്നിവേശിപ്പിക്കാനാകും. അത്തരത്തിൽ നോക്കുമ്പോൾ മുപ്പതുകളിൽ അംബേദ്കർ നടത്തിയ ബൗദ്ധിക ഇടപെടലുകൾക്ക് ഇന്നും പല രീതിയിൽ പ്രസക്തിയുണ്ടെന്ന് പറയാനാകും.
