തുണിയില്ലാക്കാലം, തുണിയുടുക്കും സമരം, തുണികുറയും മാറ്റം

കേരളത്തിലെ സ്ത്രീവസ്ത്രധാരണവുമായി ബന്ധപ്പെട്ട മൂന്നു കാലങ്ങളെ ചേർത്തുവെച്ചു പരിശോധിച്ചാൽ സ്ത്രീയുടെ നാണം/ന​ഗ്നത, ആണുങ്ങളുടെ നോട്ടം ഇവ സംബന്ധിച്ച സാമൂഹ്യസംഘർഷങ്ങളും അതിൽ ഇടംപിടിക്കുന്ന പ്രത്യയശാസ്ത്രവൈചിത്ര്യങ്ങളും സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്.

പെണ്ണുങ്ങൾ പണ്ട് മാറു മറച്ചപ്പോൾ ലഹളയുണ്ടായ നാടാണ് കേരളം. ഇപ്പോഴിതാ അവർ വസ്ത്രം ധരിച്ചത്​ കുറഞ്ഞുപോയതിനാലാണ് ലഹള. കേരളത്തിലെ സ്ത്രീവസ്ത്രധാരണവുമായി ബന്ധപ്പെട്ട മൂന്നു കാലങ്ങളെ ചേർത്തുവെച്ചു പരിശോധിച്ചാൽ സ്ത്രീയുടെ നാണം/ന​ഗ്നത, ആണുങ്ങളുടെ നോട്ടം ഇവ സംബന്ധിച്ച സാമൂഹ്യസംഘർഷങ്ങളും അതിൽ ഇടംപിടിക്കുന്ന പ്രത്യയശാസ്ത്രവൈചിത്ര്യങ്ങളും സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്.

പണ്ട് കേരളത്തിൽ ക്രിസ്തുമതത്തിലേക്കു മാർഗം കൂടിയ തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളാണ് മേൽമുണ്ട്​ പുതയ്ക്കുന്നതിനായി സമരം (1813-1859) നടത്തിയത്. അവർക്കാണ് മാറുമറയ്ക്കാതിരിക്കുന്നതിൽ ആദ്യം നാണം തോന്നിയത്. അത്രയും കാലം കേരളീയ വനിതകൾ ജാതിവ്യവസ്ഥയുടെ തിട്ടൂരങ്ങൾ കാരണം അന്നേവരെ നാണം സഹിച്ചു, തുണിയുടുക്കാൻ പറ്റാത്ത ദുരവസ്ഥയിൽ പരിതപിച്ചിരുന്നോ? അഥവാ, അന്നത്തെ ആണുങ്ങൾ ഇന്നത്തെ ആണുങ്ങളെ പോലെ തന്നെയാണോ അർധന​ഗ്നമായ മലയാളീസ്ത്രീശരീരം കണ്ടിരുന്നത്?

"നാണമെന്നീയേ മുദാ നാവിന്മേൽ നടനം ചെയ്യു-
കേണാങ്കാനനേ യഥാ കാനനേ ദി​ഗംബരൻ.'

90 കളിൽ കേരളത്തിലെ കയർ നിർമ്മാണ യൂണിറ്റുകളിൽ ജോലി ചെയിതിരുന്ന മാറുമറക്കാത്ത അവർണ സ്ത്രീകൾ. / Photo : Wikimedia Commons

എന്ന്​ എഴുത്തച്ഛന്റെ രണ്ടുവരികളുണ്ട്. (കാട്ടിൽ നടക്കുന്ന ന​ഗ്നനെന്നപോലെ, സരസ്വതീദേവി തന്റെ നാവിൽ നാണംകൂടാതെ നടനം ചെയ്യണേയെന്നാണ് കവിയുടെ പ്രാർത്ഥന). ആരെങ്കിലും നോക്കുന്നെങ്കിലേ നാണമുണ്ടാകൂ. നോട്ടമാണ് നാണത്തെ നിശ്ചയിക്കുന്നത്. കാട്ടിൽ ആരും കാണാനില്ലാത്തതിനാൽ നാണവുമില്ല. രണ്ടാമതായി, പെൺശരീരത്തിനുമേൽ ആണുങ്ങളുടെ നോട്ടം എന്തുകൊണ്ടുണ്ടായി എന്ന ചോദ്യമാണ്. ഇക്കാര്യത്തിൽ മതവാദികളും യുക്തിവാദികളും നല്ല യോജിപ്പിലാണ്. ആദ്യകൂട്ടർ പറയുന്നു, അവൾ പ്രലോഭനമാണ്. എന്നാൽ അന്യന്റേതായതിനാൽ വിലക്കപ്പെട്ട കനിയാണ്. അതുകൊണ്ട് കാക്കയും മറ്റും കൊത്തിക്കൊണ്ടു പോകാതെ, ആ പഴം പഴുത്തു വരുമ്പോൾ തോട്ടക്കാരൻ നന്നായി പൊതിഞ്ഞു വെയ്ക്കണം. യുക്തിവാദികളാകട്ടെ ദൈവത്തെ ഒഴിവാക്കിയവരായതിനാൽ, തൽസ്ഥാനത്തു അരിയിട്ടു വാഴിച്ചിരിക്കുന്നത് ആധുനിക ശാസ്ത്രത്തെയാണ്. അതിനാൽ അവർക്കും അവൾ കനി തന്നെ. പക്ഷേ, അതിനുള്ള കാരണം അവർ ശാസ്ത്രീയമായി കണ്ടെത്തും. മുലയും അരക്കെട്ടും പരിണാമപ്രകാരം രൂപപ്പെട്ടുവന്നത് ഇണയെ ആകർഷിക്കുന്നതിനായിട്ടാണ്. അതുകൊണ്ട് കായ് പഴുക്കുമ്പോൾ കിളികൾ എത്തുന്നതു പോലെ, വയസ്സറിയിച്ച പെണ്ണുങ്ങളെ ആണുങ്ങൾ വട്ടമിട്ടു പറക്കും. ഈ ജന്മവാസനക്കുള്ള പരിഹാരമായി, മൃ​ഗതൃഷ്ണകളുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഒരു ഭാ​ഗത്തുനിന്നും മാനുഷികത്തിന്റെ-വിവേകത്തിന്റെ മറ്റേ ഭാ​ഗത്തേക്കു നാം ബോധപൂർവ്വം കൂടുമാറണമത്രേ. പരിഷ്കാരം കൊണ്ട്​ കൺട്രോൾ ചെയ്യണമെന്നു സാരം.

വിശ്വാസിക്കും അവിശ്വാസിക്കും പെണ്ണ് അനാദി മുതൽ ആണിന്​നോട്ടവസ്തുവാണെന്നതിൽ തർക്കമേതുമില്ല. ഒന്നാമത്തേതു, പഴം ആരും കാണാതിരിക്കാൻ മുൻകരുതലെടുക്കുന്നു. രണ്ടാമത്തേതാകട്ടെ, അന്യന്റെ മുതൽ കക്കാതിരിക്കാനുള്ള സംസ്കാരം പഠിപ്പിക്കുന്നുവെന്നു മാത്രം. ഇരുവരും ആൺനോട്ടത്തെ ചരിത്രത്തിനും സമൂഹത്തിനും പുറത്തുനിർത്തുന്നു. ദൈവം എന്നുണ്ടാക്കിയോ അതേപോലെയാണ് എന്നും എവിടെയും മനുഷ്യരെല്ലാം എന്നു മതവാദിയും, മനുഷ്യനായപ്പോൾ തന്നെ, പരിഷ്കാരത്തിന്റെ തലച്ചോർഭാ​ഗം കൂടി വികസിച്ചു പരിണമിച്ചതിനാൽ മൃ​ഗവാസനക്കുള്ള പ്രതിവിധി കൂടി തയ്യാറാക്കിയാണ് മനുഷ്യനിർമിതിയെന്നു മതവിരുദ്ധവാദിയും പറയുന്നു. അവർക്കും, ആദിയിലെ ആൺനോട്ടം എന്നുമുണ്ട്, എവിടെയുമുണ്ട്.

ഇങ്ങനെ ബദ്ധശത്രുക്കളെങ്കിലും, ഇരുപക്ഷവും ആൺനോട്ടത്തെ സാർവ്വകാലികവും സാർവ്വദേശീയവുമായ ജന്തുവാസനയായി പരികല്പനചെയ്തു, "എന്തൊക്കെ പറഞ്ഞാലും അടിസ്ഥാനപരമായി മനുഷ്യൻ ബയോളജി കൊണ്ടു തീർത്ത ഒരു ജന്തുവാ"ണെന്നു സ്ഥാപിക്കുന്നു. ഇക്കൂട്ടർക്കു മനുഷ്യചരിത്രമോ സമൂഹമോ ഇല്ല. ഉള്ളത് അചഞ്ചലമായ ആൺനോട്ടത്തിന്റെ ജന്തുവാസനകൾ മാത്രം. അതായത് സ്ഥലത്തിൽ നിന്നും കാലത്തിൽനിന്നും പാടേ വിട്ടുനിൽക്കുന്ന കേവലനായ ആണിനെ അവർ നിർമ്മിച്ചെടുത്തിരിക്കുന്നു. ഒരാൾക്കു അതിനുള്ള ഉപകരണം ദൈവശാസ്ത്രമാണെങ്കിൽ, മറ്റേയാൾക്കു അതിനുള്ള ആയുധം ആധുനികശാസ്ത്രം- ന്യുറോസയൻസാകുന്നു. ഒരുവൻ വേദപുസ്തകം ഉദ്ധരിക്കുമ്പോൾ, അപരൻ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റി ശാസ്ത്രസാങ്കേതിക പദങ്ങൾ കൊണ്ടു മാജിക് കാട്ടി, നമ്മെ അടിയറവു പറയിക്കും.

യഥാർത്ഥത്തിൽ സാർവ്വജനീനവും സാർവ്വകാലികവുമായ ആൺനോട്ടവും പെൺനാണവും ഇല്ല. സംസ്കാരമാണ് നോട്ടത്തെയും നാണത്തെയും നിർണയിക്കുന്നത്. അതാകട്ടെ ചരിത്രത്തിലുടനീളം ഓരോ കാലത്തും ഓരോ സ്ഥലത്തും പ്രതിജനഭിന്ന വിചിത്രമാർ​ഗ്​ഗമാണ്. ആമസോൺ മഴക്കാടുകളിൽ ബാഹ്യ​ലോകബന്ധമില്ലാത്ത സമൂഹത്തിന്റെ പെൺശരീരത്തിലേക്കുള്ള ആൺകാഴ്ചയല്ല അവിടെനിന്നും ഏതാനും കിലോമീറ്ററുകളുടെ അപ്പുറത്തുള്ള ന​ഗരത്തിൽ, സിനിമയും പരസ്യങ്ങളും പോണോ​ഗ്രാഫിയും കാണുന്നവരുടെ ആൺനോട്ടം. 1970 കളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രത്തിൽ മുണ്ടും ബ്ലൗസും മാത്രം അണിഞ്ഞ പെൺഫോട്ടോകൾ വന്നിരുന്നത് അന്നത്തെ ആണുങ്ങൾക്കു കൊതിവിഭവമായിരുന്നോ? എന്നാൽ അതേതരം ചിത്രം ഇന്നു കൊടുത്താൽ അത് ആൺനയനത്തിന് നല്ല വിരുന്നാണ്. ഇന്ത്യയിൽ ആദിവാസി ​ഗോത്രങ്ങൾക്ക്​ റേപ്പ്​ അപരിചിതമായിരുന്നു. പുറത്തുനിന്ന്​ ചെന്ന കച്ചവടക്കാർ, സർക്കാർ ഉദ്യോ​ഗസ്ഥർ, കോൺട്രാക്ടർമാർ ഇവരാണ് അവരെ റേപ്പ്​എന്തെന്നറിയിച്ചത്. വസ്ത്രധാരണത്തിലും ആൺപെൺബന്ധങ്ങളിലും കാപട്യമില്ലാത്ത ആദിവാസികൾ സദാചാരമില്ലാത്തവരാണെന്നു വിധിയെഴുതി, ആ പെണ്ണുങ്ങളെ ലൈെം​ഗികമായി ഉപയോ​ഗിച്ച്​, അവരെ ആര്യാവർത്തത്തിന്റെ സദാചാരം പഠിപ്പിച്ചതും, അവരെ പണത്താൽ വശീകരിക്കപ്പെടുന്നവരാക്കിയതും, മാനസികമായിക്കൂടി കളങ്കിതരാക്കിയതും ട്രൈബൽപ്രദേശങ്ങളിലെ ഖനികളിലെത്തിയ കോൺട്രാക്ടർമാരാണ്, അല്ലാതെ അവരുടെ തന്നെ ആദിവാസി ആണുങ്ങളായിരുന്നില്ലെന്നോർക്കണം ( Hands off tribal culture.https://www.indiatoday.in/magazine/guest-column/story/1980).

1970കളിലെ ഇന്ത്യൻ സിനിമകളിൽ കാബറേ നൃത്തത്തിൽ, മുലകുലുക്കവും ചന്തിയിളക്കവും തുടയുടെ സമീപദൃശ്യവും കണ്ട് വിദ്യാസമ്പന്നർ വെള്ളമിറക്കിയെങ്കിൽ, ഇതിന്റെ അർത്ഥമെന്തെന്നറിയാനുള്ള "സെൻസും സെൻസിബിലിറ്റിയും" നിരക്ഷര ആദിവാസി ആണുങ്ങൾക്ക്​ അതേ സിനിമ കാണുമ്പോൾ ഉണ്ടായിരുന്നില്ല. യുക്തിവാദിശാസ്ത്രം പറയുമ്പോലെ, അവർക്കു അപ്പോൾ പരിണാമത്തിലെ ആൺസഹജവാസനകളെ പരിഷ്കാരസമ്പന്നതകൊണ്ട് കൺട്രോൾ ചെയ്യാനുള്ള പെടാപ്പാട് ഉണ്ടായിരുന്നില്ല. ഇന്ത്യൻ സിനിമ നിർമിച്ചെടുത്ത സ്ത്രീശരീരത്തിന്റെ കച്ചവടമൂല്യം എത്രയെന്നു കണക്കുകൂട്ടാനുള്ള ‘കഴിവ്' അവർ അപരിഷ്കൃതരായതിനാൽ നേടിയെടുക്കാൻ വൈകിപ്പോയി!

ഇന്നലെവരെ, സാരിയുടുക്കുമ്പോൾ വശത്തുകൂടി വയറിന്റെ‍ ദൃശ്യം കാണുന്നതിൽ യാതൊരപാകതയും തോന്നാതിരുന്ന ജോലിക്കാരികളായ മധ്യ വർഗപ്പെണ്ണുങ്ങൾ ഇപ്പോൾ, ആ പ്രദേശങ്ങളെ മറയ്ക്കുന്നവിധം പിന്നുകുത്തി, ആൺ‍നോട്ടത്തെ മറികടക്കുന്നവരായിട്ടുണ്ട്. 1980കളിലെ ഒരു സിനിമയിൽ, ടീച്ചർ ക്ലാസെടുക്കുമ്പോൾ, സാരിക്കിടയിലൂടെ വയറും പൊക്കിളും കുട്ടികൾ നോക്കുന്നതിന്റെ ക്ലോസപ്പുണ്ട്. യഥാർത്ഥത്തിൽ കുട്ടികളല്ല, പ്രേക്ഷകരാണ് ഇവിടെ ക്ലാസ്സിൽ ബഞ്ചിലിരിക്കുന്നത്. കാട്ടിത്തരുന്നതാകട്ടെ ക്യാമറയും. പുതിയ പവ്വറുള്ള ടെലസ്ക്കോപ്പു കൊണ്ടു ​ഗലീലിയോ ആകാശം നോക്കി, ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നു വെളിപ്പെടുത്തിയ പോലെ, മൂവിക്യാമറയുടെ സാങ്കേതിക കണ്ണുകൾ (ന​ഗ്നനേത്രങ്ങളുടെ പരിമിതികളെ അതിലംഘിക്കുന്ന പല ആങ്കിൾ ദൃശ്യങ്ങൾക്കുള്ള ക്യാമറയുടെ കഴിവ്) സ്ത്രീശരീരത്തിന്റെ ഇനിയും പുരുഷക്കോയ്മക്കു പര്യവേഷണം സാധ്യമാകാതിരുന്ന അജ്ഞാതഭൂഖണ്ഡങ്ങളിലേക്കു എത്തിച്ചേരാനുള്ള യാനപാത്രമായി മാറി.

പണ്ട് ആണുങ്ങളും പെണ്ണുങ്ങളും അത്രയകലെയല്ലാതെ കുളിക്കുന്ന പൊതുകുളത്തിലെയും ആറ്റിലെയും സാധാരണ കാഴ്ചകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കേരളത്തിൽ എവിടെയെങ്കിലും കാണും. അങ്ങനെ പെണ്ണ് കുളിക്കുന്നതിന്റെ ലൈം​ഗികമൂല്യം പണത്തിൽ എത്രയെന്നു മലയാളികളെ പഠിപ്പിച്ചതു 1970കളിലെ കുളിസീൻ സിനിമകളാണ്. അതോടെയാകണം പൊതുകുളികൾ നിർത്തലാക്കപ്പെട്ടത്. പഴയ ആണുങ്ങൾ വീടുകളിൽ ഇന്നും ഷർട്ടിടാതെ നടക്കുമെങ്കിൽ, പുതിയ ആൺകുട്ടികൾ കുപ്പായമില്ലാതെ ഉമ്മറത്തു നിൽക്കുക അപൂർവ്വമാണ്. നോട്ടവും നാണവും സാമൂഹ്യനിർമ്മിതികളാണെന്നാണിതെല്ലാം കാണിച്ചുതരുന്നത്.

സംസ്കാരമാണ് നമ്മെ നോക്കാൻ പഠിപ്പിക്കുന്നത്. സംസ്കാരമാകട്ടെ സങ്കീർണമായ സാമൂഹ്യചരിത്രനിർമ്മിതിയുമാണ്. സ്ത്രീയുടെ മുലയും അരയും മാത്രമല്ല, കാലും പാദങ്ങളുമെല്ലാം ലൈം​ഗികോത്തേജനങ്ങളാക്കുന്നതിൽ ക്യാമറ മുന്തിയ പങ്കാണ്​ വഹിക്കുന്നത്. അത്​ ആണിന് പെൺശരീരത്തെ നോക്കാൻ പരിശീലനം നൽകുന്നുണ്ട്. ഈ പരിശീലനക്കളരിയിൽ നിന്നും പുറത്തു വന്നാലും അതുണ്ടാക്കുന്ന ലഹരിയുടെ ഹാങ് ഓവർ എപ്പോഴും ആണിൽ തങ്ങി നിൽക്കും.

കുളിക്കുന്നതിന്റെ ലൈം​ഗികമൂല്യം പണത്തിൽ എത്രയെന്നു മലയാളികളെ പഠിപ്പിച്ചതു 1970കളിലെ കുളിസീൻ സിനിമകളാണ്.

ചോറ്റാനിക്കര ഭ​ഗവതിയുടെയും മറ്റും ചുവർചിത്രശൈലിയിലുള്ള പഴയചിത്രങ്ങൾ നോക്കുക, അവയെല്ലാം മാറുമറയ്ക്കാത്ത അർദ്ധന​ഗ്നരൂപങ്ങളാണല്ലോ. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ രാജാരവിവർമ്മ എഴുതിയ ദേവീചിത്രങ്ങളിലാകട്ടെ, കാളിയൊഴികെ ഏറെയും സാരിയുടുപ്പിച്ചവരാണ്. ചാന്നാർ സമരത്തിനു ശേഷം ദശകങ്ങൾ കഴിഞ്ഞാണ് ഇവയെല്ലാം രവിവർമ്മ വരച്ചതെന്നോർക്കണം. "ബ്ലൗസും കസവുമാർക്കച്ചയും നെറ്റിയിൽ കെട്ടിവെച്ചതും മുല്ലപ്പൂകൊണ്ടലങ്കരിച്ചതുമായ മുടിയുള്ള മലയാളീവനിതയുടെ മാതൃക 19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ റീജന്റുമാരായിരുന്ന രണ്ടുമൂന്നു റണിമാരുടെ ഛായാചിത്രങ്ങളാവണ"മെന്ന് പി.കെ.ബാലകൃഷ്ണൻ എഴുതുന്നു. യൂറോപ്യൻ ചിത്രകാരന്മാരുടെ മുന്നിൽ ഛായാപടം വരയ്ക്കാൻ ഇരുന്നുകൊടുത്ത റാണിമാരാകണം കേരളത്തിൽ ആദ്യമായി മാറുമറച്ചവർ. അതിനുമുമ്പ് ആണായാലും പെണ്ണായാലും "കുപ്പായമിടുക" എന്നാൽ മതം മാറുക എന്നാണർത്ഥം.

കഥകളിയിൽ പെൺവേഷത്തിനുള്ള കുപ്പായവും തലയിൽ തുണിയും മുസ്​ലിം കേരളീയവനിതയിൽ നിന്ന്​ കടമെടുത്തതാണ്. കേരളത്തിൽ ബ്രാഹ്മണസ്ത്രീകൾ മാത്രമായിരുന്നു പുറത്തിറങ്ങുമ്പോൾ ഘോഷാസമ്പ്രദായ പ്രകാരം മേലാകെ പൊതിയുന്ന മേൽമുണ്ടു ധരിച്ചിരുന്നത്. അതായത് ബ്രാഹ്മണമതം, ഇസ്​ലാം മതം, ക്രിസ്തുമതം എന്നിവയുടെ സ്ത്രീശരീരനിർമാണം സമാനതകളുള്ളതാണ്. ‘അന്തർജ്ജനങ്ങളെപ്പോലെ പണ്ട് മുസ്​ലിം സ്ത്രീകളും പുറത്തിറങ്ങൽ അപൂർവ്വമത്രേ. ഇറങ്ങിയാൽ തന്നെ മറ്റുള്ളവരുടെ നോട്ടത്തിൽ പെടരുത്. നമ്പൂതിരി നസ്രാണി പെണ്ണുങ്ങളുടെ വേഷത്തിനുമുണ്ട് സാമ്യം. രണ്ടുപേരും ഉപയോ​ഗിക്കുന്ന പുടവയുടെ നീളം പത്തുമുഴമാണ്. രണ്ടുകൂട്ടരും ഞെറിഞ്ഞിട്ട വെള്ള ഉടുക്കുന്നു. നമ്പൂതിരിസ്ത്രീക്ക്​ ഞൊറി മുമ്പിലും നസ്രാണിക്ക് ഞൊറി പിന്നിലുമാണെന്ന വ്യത്യാസമേയുള്ളൂ.

അന്തർജ്ജനങ്ങളെപ്പോലെ, ഈ അടുത്തകാലം വരെ നസ്രാണികളും പുറമേ സഞ്ചരിക്കുമ്പാൾ മറക്കുട ഉപയോ​ഗിച്ചിരുന്നു.' (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം,ഭാസ്കരനുണ്ണി)

ചേലാകലാപ കാലത്ത്​ മിഷണറിമാർ ആഭിമുഖ്യം കാട്ടിയത്​, മതം മാറിയ ചാന്നാർ സ്ത്രീകൾക്ക്​ ബ്രാഹ്മണവനിതകൾ പുതയ്ക്കുന്നതുപോലെയുള്ള മേൽമുണ്ട്, കുപ്പായത്തെ ആകെ മൂടിക്കൊണ്ടു ധരിക്കുന്നതിനോടാണ്. അക്കാലത്തെ വിക്ടോറിയൻ സദാചാരത്തിന്​ ഏറ്റവും യോജിച്ചതായിരുന്നു ആ വേഷം. അന്ന് ഇം​ഗ്ലണ്ടിൽ കുലീനകൾ കൈകാൽവിരലുകൾവരെ മൂടുന്ന ഉറകൾ അണിഞ്ഞിരുന്നു. യൂറോപ്യൻ വിദ്യാഭ്യാസവും രീതികളും കേരളത്തിൽ ആദ്യം പകർത്തിയത് ഇവിടുത്തെ രാജകുടുംബങ്ങളും നായർജന്മികളുമായിരുന്നു. അവരുടെ വനിതകൾക്കുവേണ്ടി ഇം​ഗ്ലീഷ് സ്ക്കൂൾ മാത്രമല്ല മേൽവസ്ത്രവും ഇവിടെയെത്തിയതുകൊണ്ടാണ് രവിവർമച്ചിത്രങ്ങളിൽ ദേവ/കുലസ്ത്രീകൾ പൂർണ്ണവസ്ത്രധാരികളായത്. അതായത് കേരളത്തിൽ ബ്രാഹ്മണമതത്തിലൊഴികെ, ഇന്നു ​ഹിന്ദുവെന്നു വിളിക്കുന്നവരിൽ ആൺപെൺ ശരീരങ്ങളുടെ അർധന​ഗ്നത ഇന്നത്തെ പോലെ ‘രണ്ടുകണ്ണു'കൊണ്ടല്ല കണ്ടിരുന്നത്. അർധന​ഗ്നതയുടെ നാട്ടാചാരങ്ങൾ ആദ്യം ലംഘിക്കുന്നത് സവർണരാണ്. അവർ ഇം​ഗരീസു പഠിച്ചു, കടൽ കടന്നു, ചാതുർവർണ്യം തിരുത്തി വക്കീലും ജഡ്ജിയും ദിവാനുമെല്ലാമായി. എന്നാൽ ജാത്യാചാരത്തിന്റെ ഈ ലം​ഘനം നടത്താൻ സവർണർ അസവർണരെ അനുവദിച്ചുമില്ല.

ചാന്നാർസ്ത്രീകൾ മാറുമറയ്ക്കുന്നതും, ഡോ.പൽപ്പു നാട്ടിൽ ജോലിയെടുക്കുന്നതും, പുലയക്കുട്ടികൾ സ്ക്കൂളിൽ ചേരുന്നതും അവർ തടഞ്ഞു. അങ്ങനെ വസ്ത്രധാരണമെന്നതു കേരളചരിത്രത്തിൽ അധികാരത്തിന്റെയും പദവിയുടെയും കൂടി ബാഹ്യചിഹ്നമായി വന്നതിൽ നിന്നുമാണ് മാറുമറക്കൽ കലാപമുണ്ടാകുന്നത്. രണ്ടുതരം സാംസ്ക്കാരികമാറ്റങ്ങൾ ഇവിടെ സംഭവിക്കുന്നതു കാണാം. ഒന്നാമത്തേത് മിഷണറി വിദ്യാഭ്യാസത്തോടൊപ്പം ശരീരത്തെ- ന​​ഗ്നതയെ-പാപമായി കാണുന്ന സെമിറ്റിക് രീതിയാണത്. ആൺപള്ളിക്കൂടങ്ങളും ​ഗേൾസ് ഹൈസ്ക്കൂളുകളും കോൺവെൻറ്​ മൊറാലിറ്റിയും അതിന്റെ അടയാളങ്ങളത്രേ. ആൺശരീരത്തിൽ നിന്ന്​ വിഭിന്നമായി, സ്ത്രീശരീരത്തിന്റെ ചരക്കുവൽക്കരണമാണിത്. അങ്ങനെയാകണം ആൺപെൺകുളക്കടവുകളും ഇവിടെ ഉണ്ടായത്. മുമ്പ് കേരളീയ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ആണും പെണ്ണും മാറുമറച്ചിരുന്നില്ല. സ്ത്രീകൾ റൗക്ക ഇട്ട നാളുകളിൽ, ഇന്നു പുരുഷന്മാർ അമ്പലത്തിൽ കയറുമ്പോൾ ഷർട്ട് ഊരുന്നതുപോലെ പെണ്ണുങ്ങളും റൗക്ക അഴിക്കണമായിരുന്നു. ന​ഗ്നതയും ദൈവീകാനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധം നമ്മെ സെമിറ്റിക് -ബ്രാഹ്മണമതങ്ങളിൽ നിന്നും വിഭിന്നമായ ശരീരത്തെപ്പറ്റിയുള്ള ദർശനത്തിലേക്കുള്ള അന്വേഷണത്തിനു പ്രേരിപ്പിക്കുന്നതാണ്.

യൂറോപ്യൻ അധിനിവേശം ഒരുവശത്ത് ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാധവനും ഇന്ദുലേഖയ്ക്കും സൂരിനമ്പൂതിരിപ്പാടിൽ നിന്നും മോചനം കൊടുത്തെങ്കിൽ, ആൺപെൺശരീരങ്ങളെ ഇനിമേൽ രണ്ടായി കാണാനുള്ള കുലസ്ത്രീയുടെ സെമിറ്റിക് മതബേോധവും, കേരളത്തിന് അന്നേവരെ അന്യമായ കർക്കശ സദാചാരനിഷ്ഠയും സമൂഹത്തിൽ നിക്ഷേപിച്ചു. അതുകൊണ്ടാണ് ഇന്നു മതങ്ങൾ വീര്യം വർധിപ്പിക്കുന്ന ഇക്കാലത്ത്​, പർദ്ദയിട്ടുകൊണ്ടു പിഞ്ചുപെൺകുട്ടികൾപോലും രാവിലെ മദ്രസയിൽ പോകേണ്ടിവരുന്നതും, സാരിയുടുക്കുമ്പോൾ കാണുന്ന ഭാ​ഗങ്ങൾ മറയ്ക്കാൻ ടീച്ചർമാർ ബദ്ധപ്പെടുന്നതും. ആൺപെൺ ശരീരക്കാഴ്ചകൾ രണ്ടായി ആണുങ്ങളിൽ ആവിർഭവിക്കുകയും സദാചാരം മലയാളിയെ ശ്വാസംമുട്ടിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, ഈ സമൂഹത്തിലെ ലൈം​ഗിക കച്ചവടസാധ്യതകൾ ഉപയോ​ഗപ്പെടുത്തുകയാണ് മലയാള സിനിമ ചെയ്തത്. നിത്യജീവിതത്തിൽ ഒളിപ്പിച്ചതെല്ലാം വെള്ളിത്തിരയിൽ അതിലും വ്യക്തമായും കണ്ണിനു കിട്ടാത്ത ആങ്കിളുകളിലും ക്യാമറ മലയാളീപുരുഷനെ കാട്ടിക്കൊടുത്തുകൊണ്ട് പെണ്ണിനെപ്പറ്റിയുള്ള സെമിറ്റിക് -ബ്രാഹ്മണ കാഴ്ചയെ ബലപ്പെടുത്തിവരുന്നു. കുളിസീനുകൾ, റേപ്പിനിരയാകുന്നവൾ ആദ്യം എതിർക്കുന്നതും പിന്നീട് രസിക്കുന്നതിന്റെ- മുഖഭാവത്തിന്റെ അതിസമീപദൃശ്യങ്ങൾ, അവളുടെ രാവുകളിലെ നായികയുടെ പോസ്റ്റർ, വൈശാലിയുടെ പൊക്കിൾ ഇതെല്ലാം ആധുനിക കേരളാ ആൺനോട്ടത്തിന്റെ ബിംബപ്രതിബിംബങ്ങളാണ്. സിനിമ ആൺനോട്ടത്തെയും ആൺനോട്ടം തിരികെ സിനിമയെയും നിർണ്ണയിക്കുന്നു എന്നു പറയാം.

ആൺകോയ്മയുടെ അണ്ടർവേൾഡായ സിനിമ പൊതുവേ മൂലധനത്തിന്റെ ആത്യാർത്തിയുടെ കലാപ്രകടനമാണ്. വളരെ അപൂർവ്വമായി മാത്രമാണ് സിനിമക്കു ലാഭത്തിന്റെ ആത്യാസക്തിയെ അതിജീവിക്കാനാകുന്നത്. മൂലധനം കയ്യാളുന്നതാകട്ടെ പുരുഷന്മാരാണ്. അതുകൊണ്ട് സിനിമ പുരുഷന് പുരുഷൻ കൊടുക്കുന്ന കാഴ്ചയാണ്. പുരുഷന്റെ ക്യാമറാനോട്ടമാണത്. ഓരോ സമൂഹത്തിലെയും പുരുഷസമൂഹത്തിന്റെ വ്യത്യസ്തമായ സമകാലിക താൽപ്പര്യങ്ങളെ കണ്ടെത്തി തൃപ്തിപ്പെടുത്താതെ അതിനു മുന്നോട്ടുപോക്കു പ്രയാസമായിരിക്കും. ക്യാമറയുടെ വരവോടെയാണ് സ്ത്രീശരീരം മൂലധനസമാഹരണത്തിനു അനന്തസാധ്യതകൾ തുറന്നിടുന്ന ആൺനോട്ടത്തിന്റെ അക്ഷയഖനിയാണെന്നു തിരിച്ചറിയപ്പെടുന്നത്. ലൈം​ഗികാതിക്രമങ്ങളും സ്ത്രീധനമരണങ്ങളും അപരിചിതമായതും ആൺപെൺബന്ധങ്ങൾ കപടമായ സദാചാരങ്ങൾകൊണ്ടു വീർപ്പുമുട്ടിക്കാത്തതും ഇരുന​ഗ്നതകളും വേർതിരിവില്ലാതെ സ്വാഭാവികതയായി കരുതുന്നതുമായ ​ഗോത്രസമൂഹങ്ങളിലല്ല ക്യാമറയുടെ പെൺശരീരക്കൊയ്ത്തു നൂറുമേനി നേടുന്നത്. സ്ത്രീലൈം​ഗികതയെ പണം കൊടുത്തു വാങ്ങാവുന്ന വിപണിവസ്തുവായി ആൺമൂലധനം വികസിപ്പിച്ചെടുത്ത ആധുനികലോകത്താണ് ക്യാമറ ഈ സംസ്കാരത്തെ അചഞ്ചലമാക്കുന്നതിനായി സദാ കർമനിരതമായി സായൂജ്യം അനുഭവിക്കുന്നത്.

അതായത് സിനിമ അരയ്ക്കിട്ടുറപ്പിച്ച ആൺനോട്ടത്തിനകത്താണ് റിമ കല്ലിങ്ങൽ ഇരിക്കുന്നത്. ഭിന്ദ്രൻവാലയെ പ്രോത്സാഹിച്ചിച്ച ഇന്ദിരാ​ഗാന്ധിക്ക്​ സിക്കു തീവ്രവാദികളിൽ നിന്നും വെടിയേൽക്കേണ്ടിവന്നതും ബിൻലാദനെ വളർത്തിയ അമേരിക്കക്കു തിരികെ ബിൻലാദൻ വെല്ലുവിളിയായതും ഓർക്കുക. ആരാണ് ഞങ്ങളെ പെൺശരീരം ഒരു ചരക്കു മാത്രമാണെന്നു പഠിപ്പിച്ചത്? ആരാണ് ഞങ്ങളുടെ നിഷ്ക്കളങ്ക സ്വാഭാവിക ശരീരക്കാഴ്ചകളിൽ ലൈം​ഗികതയുടെ മായം കലർത്തി വഷളാക്കിയത്? ഏതു കോൺട്രാക്ടറാണ്​ ഞങ്ങളുടെ പെണ്ണുങ്ങൾക്കുമേൽ ചാടിവീണ്​ പെൺശരീരത്തിന്റെ വിപണിമൂല്യം അവരെ അറിയിച്ചത്? ഈ ചോദ്യങ്ങൾ റിമയുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്ന സമൂഹത്തിന്റെ അബോധതലങ്ങളിൽ നിന്നും അവരറിയാതെ പുറത്തുവന്നു അന്തരീക്ഷത്തിൽ ചേരുന്നുണ്ട്.

റിമ കല്ലിങ്കൽ

അതുകൊണ്ട്​, മൂലധനത്തിന്റെ ആൺവാഴ്ച അടക്കി ഭരിക്കുന്ന സിനിമയെ വിചാരണ ചെയ്തുകൊണ്ടു വേണം സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖാപനം തുടങ്ങേണ്ടത്. സിനിമയെ വിചാരണ ചെയ്യുക എന്നാൽ മനുഷ്യസമൂഹത്തെ വെറും ജന്തുചോദനകൾ മാത്രമുള്ള വികാരജീവി ("ഞാനൊരു വികാരജീവിയാണ്" എന്ന്​ ‘ബലാൽസം​ഗ’ക്കാരനായ ഉമ്മറിന്റെ കഥാപാത്രം പെണ്ണിനോടു പറയുന്നതോർക്കുക) ളുടെ പറ്റമായി കണക്കാക്കുന്ന മാധ്യമലോകത്തെ ഒന്നാകെ വിമർശനവിധേയമാക്കുക എന്നുകൂടി അതിനു അർത്ഥമുണ്ട്. കാരണം മൂലധനതാൽപ്പര്യങ്ങൾ
മേൽക്കോയ്മ നേടുന്ന മാധ്യമങ്ങൾ ആണധികാരത്തിന്റെ നടത്തിപ്പും ഏറ്റെടുക്കുന്നു. അവർ സമൂഹത്തെ അവരുടെ അധികാരപ്രയോ​ഗം അടിച്ചേൽപ്പിക്കാൻ പറ്റുന്ന, ചിന്താശേഷിയറ്റ പെൺവർഗ്ഗമായി വിലയിരുത്തുന്നു. സമൂഹത്തിന്റെ ഇച്ഛകൾ മാധ്യമങ്ങൾ നിശ്ചയിക്കുകയും അതിലേക്കു സമൂഹത്തെ പരുവപ്പെടുത്തുകയും "നിനക്കെന്തിന്റെ കുറവാണീ വീട്ടിൽ, വേണ്ടതെല്ലാം ഞാൻ തരുന്നില്ലേ" എന്നു പെണ്ണിനോട് ആണധികാരി ചോദിക്കുന്നതു പോലെ ആസ്വാദനവിഭവങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. മൂലധനവും ഭരണകൂടവും പോലെ മാധ്യമവും സമൂഹത്തിനുമേൽ അധികാരശക്തിയാണ്. മാധ്യമവും സമൂഹവും തമ്മിലുള്ള ഈ അസന്തുലിതത്വം അത് മൂലധനത്തോടും ഭരണകൂടത്തോടും എത്രത്തോളം ഒട്ടിനിൽക്കുന്നോ അത്രത്തോളം അപകടകരമായിരിക്കുകയും ചെയ്യും.

സിനിമയടക്കമുള്ള സാങ്കേതിക മാധ്യമങ്ങളുടെ വിചാരണ സാധ്യമാകണമെങ്കിൽ ആണും പെണ്ണും അടങ്ങുന്ന സമൂഹത്തിന്റെ മേൽ നടക്കുന്ന ഈ അബലവൽക്കരണത്തെ തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ ആണിനെയും പെണ്ണിനെയും അങ്കക്കളരിയിൽ പരസ്പരം പടവെട്ടി വീഴാൻ വിട്ടിരിക്കുന്ന മൂലധന-ഭരണകൂട-മാധ്യമ ബന്ധങ്ങളാകും വെളിച്ചത്തു വരിക. ഈ കൂട്ടുകെട്ടു വഴി ആൺപെൺ സംഘർഷങ്ങളെ ആളിക്കത്തിച്ചു, അതിരറ്റ ഉപഭോ​ഗസ്വാതന്ത്ര്യത്തിന്റെ ആത്മരതിയിലേക്കു സമൂഹത്തെ ചിതറിച്ചു കൂപ്പുകുത്തിക്കുന്ന കുരുക്കിൽ നിന്നും പുറത്തുവന്നാലേ സാംസ്ക്കാരിക വിചാരണ തുടങ്ങാനും കഴിയൂ.

Comments