ധീരമായ നാണമില്ലായ്മയിലേക്ക് മലയാളി സ്ത്രീ എത്തിയതിന്റെ ചരിത്രം

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ അതിശക്തമായി വേരുപടർത്തിയിരിക്കുന്ന അസാധാരണ സാംസ്‌കാരിക മണ്ഡലമാണ് കേരളം. ഈ മൂന്ന് മതങ്ങൾക്കൊപ്പം നാലാമതായി മിഷണറി വിദ്യാഭ്യാസവും ചേർന്നാണ് ആധുനിക കേരളീയ സ്ത്രീത്വത്തെപറ്റിയുള്ള സാമൂഹ്യബോധം നിർമ്മിച്ചിരിക്കുന്നത്. പൊതുജീവിതത്തിലെ സ്ത്രീ സാന്നിധ്യത്തിൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാൾ കേരളം വളരെയേറെ മുന്നിലാണെങ്കിലും അതനുസരിച്ചുള്ള സമത്വവും സ്വാതന്ത്ര്യവും കുടുംബത്തിലും സമൂഹത്തിലും കേരളീയ വനിതകൾക്ക് സാധ്യമാകാത്തത് ഈ നാല് സാംസ്‌കാരിക നിർമ്മിതികൾ ഒറ്റയ്ക്കും കൂടിച്ചേർന്നും കേരളീയസമൂഹത്തെ രൂപപ്പെടുത്തിയതിന്റെ ഫലമായിട്ടാണ്. ആധുനിക ഭരണകൂട അധികാരവുമായി ഈ നാല് പ്രത്യയശാസ്ത്രങ്ങളും എങ്ങനെയാണ് കെട്ടുപിണഞ്ഞുകിടക്കുന്നതെന്നും അധികാരത്തിന്റെ അധീശത്വത്തിനുള്ള സാമൂഹികമായ സമ്മതം(Hegemony) നേടിക്കൊടുക്കുന്നതിൽ പ്രത്യേകിച്ച്, സ്ത്രീസമൂഹത്തോട് ജനാധിപത്യ വിരുദ്ധമായസമീപനം സൃഷ്ടിക്കുന്നതിൽ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ.

അധിനിവേശ ഭരണകൂടവും മതവും

19-ാoനൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബ്രിട്ടീഷ് ഭരണകൂടം ആരംഭിച്ച സെൻസസ് വഴിയാണ് ഇന്ത്യയിൽ ഇന്നുകാണുന്ന തരത്തിലുള്ള ഹിന്ദുമതരൂപീകരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. (R.B. Bhagat. Census enumeration, religious identity and communal polarization in India) സെമിറ്റിക്മതങ്ങളായ ഇസ്ലാമതം, ക്രിസ്തുമതം എന്നിവയിൽ ഉൾപ്പെടാത്ത അനേകം ഗോത്രങ്ങളെ ബ്രാഹ്മണമതത്തിലേക്ക് ഉൾപ്പെടുത്തിക്കൊണ്ട് സെമിറ്റിക് മതശൈലിയിലുള്ള ഹിന്ദുമതനിർമ്മിതിക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ ജാതിമത സെൻസസ് അടിത്തറയിട്ടു. അതിനുമുൻപ് യൂറോപ്യൻ കൊളോണിയൽ ബുദ്ധിജീവികളും ഇന്ത്യയിലെ സംസ്‌കൃത സാക്ഷര ബ്രാഹ്മണരും തമ്മിൽ ദശകങ്ങളായി നടന്ന കൊടുക്കൽ വാങ്ങൽ വഴി ഏകരൂപത്തിലുള്ള ക്രിസ്തുമത ശൈലിയിൽ ഹിന്ദുമതനിർമിതിക്കുവേണ്ട ചേരുവകൾ (ഭഗവത്ഗീത, വേദങ്ങൾ എന്നിവ)കണ്ടെത്തിയിരുന്നു (Pankaj Mishra.How the British invented Hinduism).

പങ്കജ് മിശ്ര

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യൻജനതയുടെ ബ്രിട്ടീഷ് ഭരണവിരുദ്ധ ഐക്യത്തെ ശിഥിലമാക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ഇന്ത്യൻ സെൻസസ് ആരംഭിച്ചത്. 1865ൽ ബംഗാൾ പ്രവിശ്യയിൽ ഭാഗികമായി ആരംഭിക്കുകയും 1872, 1882കളിലായി രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്ത ഇന്ത്യൻ സെൻസസ് മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ജനതയെ പലതട്ടുകളിലായി തിരിച്ച് ഗ്രേഡിങ് നടത്തുകയും അതുവഴി പരസ്പരം കലരാത്തവരും, ഭരണകൂടത്തെ പ്രീണിപ്പിക്കുന്നതിൽ മത്സരിക്കുന്നവരും, തമ്മിൽ ശത്രുതയുള്ളവരുമായ ജാതിമതവിഭാഗങ്ങളെ രൂപപ്പെടുത്തിയെടുത്തു. അങ്ങനെ തങ്ങളെ ഭരിക്കുന്നതിനുള്ള അകമഴിഞ്ഞ സമ്മതവും കോളനിവാഴ്ചയുടെ ഇംഗിതങ്ങളോട് താദാത്മ്യപ്പെടാനുള്ള മനോഘടനയും ഇന്ത്യൻ സമൂഹത്തിൽ രൂഢമൂലമാക്കുന്ന അതിശക്തമായ ഒരു സോഫ്റ്റ്പവർ ആയി ഇന്ത്യയിലെ ജാതി മതസെൻസസുകൾ.

ജാതി മതങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരെ കാറ്റഗറി തിരിക്കുന്നതു വഴി സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വേർപെടലുകളെയും ഒരിക്കലും പൂരിപ്പിക്കാനാകാത്ത അഗാധഗർത്തങ്ങളാക്കിമാറ്റാമെന്ന്, അമേരിക്കൻ കോളനികളിൽ നടത്തിയ വംശീയവാദ (Racism) രൂപീകരണത്തിൽ നിന്ന് ബ്രിട്ടീഷ് അധിനിവേശം നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു. ആഫ്രിക്കയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന കറുത്തവരും യൂറോപ്പിൽനിന്നും കരാർവ്യവസ്ഥയിൽ (Indentured servitude) അമേരിക്കയിലെ തോട്ടങ്ങളിലേക്ക് പണിക്ക് കൊണ്ടുവന്ന ദരിദ്രരായ വെളുത്ത ജോലിക്കാരും അടിസ്ഥാനപരമായി ഒരൊറ്റവർഗ്ഗമായതിനാൽ തമ്മിൽ ഇടകലരുകയും വിവാഹത്തിൽ ഏർപ്പെടുകയും സാഹോദര്യത്തോടെ വർത്തിക്കുകയും ചെയ്തിരുന്നു.

Photo credit: Unsplash

മാത്രമല്ല കോളനിത്തോട്ടങ്ങളിലെ യജമാനന്മാരുടെ അനീതിയും അക്രമവും അവർ ഒറ്റക്കെട്ടായി ചെറുക്കുകയും ചെയ്തു. കോളനി ഭരണവ്യവസ്ഥയോടുള്ള ഈ വെല്ലുവിളിയെ അമർച്ചചെയ്യുന്നതിനു പറ്റിയ പ്രത്യയശാസ്ത്രം എന്നനിലയിലാണ് വംശീയവാദം രൂപപ്പെടുത്തുന്നത്. ജന്മം കൊണ്ടുതന്നെ വെളുത്തവർ ശ്രേഷ്ഠരും കറുത്തവർ അധമരും ആണെന്നും അതിനാൽ വെളുത്തവരുടെ ഉടമത്തവും കറുത്തവരുടെ അടിമത്തവും തികച്ചും പ്രകൃതിപരമാണെന്നും സ്ഥാപിച്ചെടുക്കാൻ വംശീയവാദത്തിനു കഴിഞ്ഞു. അതോടെ പീഡനം അനുഭവിക്കുന്ന എല്ലാ വെളുത്ത പണിക്കാരും അവരുടെ ദൈന്യതകളും അതിന്റെ കാരണങ്ങളും മറന്നു, ഒരു സവിശേഷവർഗ്ഗമെന്ന നിലയിൽ വെളുത്ത യജമാനരോട് താദാത്മ്യം പ്രാപിച്ച് സ്വയം ഉന്നതരെന്ന് ധരിക്കുകയും കറുത്തവരെയെല്ലാം തങ്ങളുടെ അടിമകളായി പുതിയ കണ്ണുകൊണ്ട് നോക്കുകയും ചെയ്തു.

വംശീയവാദത്തിനു സമാനമായ കരുത്തുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ ഇന്ത്യയിലാകട്ടെ മതത്തെയും ജാതിയെയുമാണ് ബ്രിട്ടീഷ് ഭരണകൂടം ഉപയോഗിച്ചത്. മാത്രമല്ല സെൻസസ് നടപടിക്രമങ്ങളിൽ വംശീയവാദത്തിന്റെ ആധാരശിലയായ ശാരീരിക വൈജാത്യങ്ങളെ ഇന്ത്യൻ സെൻസസിന് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വലിയ തലയും നീണ്ടമൂക്കും ഉന്നതകുലത്തിന്റെയും ബുദ്ധിപരമായ ജന്മസിദ്ധ മേൽക്കോയ്മയുടെയും ശാസ്ത്രീയചിഹ്നങ്ങൾ എന്ന നിലയ്ക്കാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്. നരവംശശാസ്ത്രത്തിന്റെ ഉത്ഭവം പോലും വംശീയ സിദ്ധാന്ത താൽപര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അതായത് ബ്രാഹ്മണമതത്തിലെ ജന്മാധിഷ്ഠിത വിവേചനങ്ങൾക്കകത്തേക്ക് യൂറോപ്യൻ വംശീയവാദസിദ്ധാന്തങ്ങളും തരം പോലെ കൂട്ടിക്കലർത്തിയതാണ് ആധുനികഇന്ത്യയിലെ ജാതിമതസങ്കല്പങ്ങൾ."പട്ടരിൽ പൊട്ടനില്ല, ഉണ്ടെങ്കിൽ അവൻ ദിവാൻപേഷ്‌കാർ'എന്നൊക്കെയുള്ള പുതുചൊല്ലുകൾ വംശീയവാദത്തിന്റെ കൂടി സംഭാവനയാണ്. അതായത് ഇന്ത്യൻ സമൂഹത്തിൽ നിലനിന്നു പോന്ന വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും എല്ലാം കടുത്ത ആജന്മ വൈരുധ്യങ്ങളായി മൂർച്ഛിപ്പിക്കുന്നതിന് ഇന്ത്യൻ സെൻസസ് ഭരണപരമായും രേഖാപരമായും ഉറച്ച പിൻബലം നൽകി.

ബ്രിട്ടീഷ്ഭരണകൂടം ഇന്ത്യയിലെ അതിന്റെ പ്രജകളുടെ അസ്തിത്വം നിർണയിച്ചത് ആധുനിക വ്യക്തി എന്ന നിലയ്ക്കല്ല, പകരം മതം, ജാതി എന്ന സാമൂഹ്യ ഗണത്തിലെ അംഗം എന്ന നിലയിലാണ്. അതോടെ വ്യക്തിക്കുമേൽ ജാതിമതമേൽക്കോയ്മ ഭരണകൂടപരമായിതന്നെ സ്ഥാപിക്കപ്പെടുന്നു. ഇന്ത്യക്കാരൻ ആദ്യം മതവും ജാതിയുമായിരിക്കുകയും പിന്നീട് മാത്രം വ്യക്തിയായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആരെക്കണ്ടാലും ആദ്യംതന്നെ അയാളുടെ മതം, ജാതി അറിയുന്നതിലൂടെ മാത്രമേ അയാളുടെ വ്യക്തിത്വം നിർണ്ണയിക്കാനും അയാളുമായി ഏതുതരം ബന്ധമാണ് വേണ്ടതെന്ന് തീരുമാനിക്കാനും നമുക്കു പറ്റൂ.

ബോംബൈയിൽ സെൻസസ് നടത്തുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ / Photo: Indpaedia

ആധുനിക സമൂഹത്തിൽ ഭരണകൂടം എങ്ങനെയാണോ നമ്മുടെ അസ്തിത്വത്തെ നിയമപരമായി നിർണ്ണയിക്കുന്നത് അതനുസരിച്ചായിരിക്കും നമ്മൾ നമ്മളെതന്നെ നോക്കിക്കാണുന്നത്. മാത്രമല്ല നമ്മുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണകൂടം നമുക്ക് നൽകുന്ന ഈ പുതിയ അസ്തിത്വം നിരന്തരം ഇടപെടുന്നുണ്ട്.
1801 മുതൽ ബ്രിട്ടൻ അവരുടെ രാജ്യത്ത് തുടങ്ങിയ സെൻസസുകളിൽ മതത്തെ ആധാരമാക്കിയുള്ള പൗരത്വനിർണയം ആ സമൂഹത്തിൽ നടത്തിയിരുന്നില്ല. അതുകൊണ്ട് മതത്തിന്റെ പ്രഥമഭാരമില്ലാതെ തന്നെ ഓരോപൗരനും ഭരണകൂടവുമായി സംവദിക്കാൻ സാഹചര്യമുണ്ടായി; തന്നെയും പുറംലോകത്തെയും മതാധിഷ്ഠിതമല്ലാതെ നോക്കിക്കാണാനും അവസരമുണ്ടായി. ഇതിനു കടകവിരുദ്ധമായ പൗരത്വനിർമ്മിതിയാണ് ഇന്ത്യാമഹാരാജ്യം എന്ന ബ്രിട്ടീഷ്കോളനിയിൽ നിർവ്വഹിക്കപ്പെട്ടത്. ജാതിമത പാരമ്പര്യത്തിന്റെ പൂർവ്വഭാരങ്ങളെ മുഴുവൻ ചുമലിൽ ഏറ്റുന്നതിനും അത് ഭരണപരമായി തന്നെ ലിഖിതരൂപത്തിൽ നിർവ്വചിച്ച് വർത്തമാനത്തിലും അത്യന്തം ദൃഢപ്പെടുത്തി അഴിച്ചു മാറ്റാനാവാത്ത ജന്മഭാരമായി മാറുന്നതിനും പൗരസമൂഹത്തിനു മേൽ ഇന്ത്യൻ സെൻസസ് വഴിയൊരുക്കി.

ആധുനിക ഭരണകൂടം എന്ന സ്ഥാപനവും സംഘടിതമതം എന്ന പരമ്പരാഗത സ്ഥാപനവും തമ്മിലുള്ള ഇടപാടിലെ വിനിമയവസ്തു എന്ന നിലയിൽ മാത്രമാണ് സെൻസസ് വഴി രൂപപ്പെട്ട ആധുനിക ഇന്ത്യൻ സമൂഹത്തിൽ വ്യക്തിയുടെ സ്ഥാനം. അതായത് മതത്തോട് ഒട്ടിനിൽക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ഭരണകൂടവുമായി ബന്ധംസ്ഥാപിക്കാൻ കഴിയുന്നത്. ഭരണകൂടം അയാളെ "നീഒരുമതജീവിമാത്ര'മാണെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ മതം അഴിച്ചുമാറ്റാനാവാത്ത ഒരു അവയവമാണ് ഇന്ത്യക്കാരന്. ഒപ്പം, ജാതിമതാധിഷ്ഠിതമായ ഒരു കുടുംബഘടന ഭരണകൂടവുമായി സംഘടിതമതം വഴി അധികാരബന്ധത്തിൽ ഏർപ്പെടുകയും ഭരണകൂടവും സംഘടിതമതവും തമ്മിലുള്ള രാഷ്ട്രീയവേഴ്ച മതാധിഷ്ഠിത കുടുംബഘടനയെ നിത്യേനയെന്നോണം അരക്കിട്ടുറപ്പിക്കുകയുംചെയ്യുന്നു. അതായത് ഭരണകൂടതാൽപര്യങ്ങളെ ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രാകൃതമായ ഒരു വേദിയായി ഇന്ത്യൻ സമൂഹത്തിൽ കുടുംബം സ്ഥാപിക്കപ്പെടുന്നു. ജാതിമതാധിഷ്ഠിത ലോകവീക്ഷണമുള്ള പൗരസമൂഹത്തെ വാർത്തെടുക്കുന്നതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ സമൂഹത്തിൽ കുടുംബം അതുകൊണ്ടുതന്നെ അതിവിദഗ്ധമായി നിർവഹിച്ചു പോരുന്നുണ്ട്.

വ്യക്തിതാല്പര്യങ്ങളുടെ പ്രതിനിധി എന്നനിലയിൽ മതത്തിന് സവിശേഷമായ ഒരു പൊതുവ്യക്തിത്വം ഭരണകൂടം കൽപ്പിച്ചുകൊടുത്ത് ഇരുസ്ഥാപനങ്ങളും പരസ്പരം ബലപ്പെടുത്തുന്നതുപോലെ, ഇന്ത്യയിൽ ആധുനിക ഭരണകൂടത്താൽ പ്രബലമാക്കപ്പെട്ട സംഘടിതമതം കുടുംബമെന്ന സ്ഥാപനം വഴിയാണ് വ്യക്തിയെ കൈകാര്യം ചെയ്യുന്നത്. കുടുംബവും മതവും തമ്മിലുള്ള ഇടപാടുകൾക്കകത്തെ നാണയങ്ങളാണ് വ്യക്തികൾ. അങ്ങനെ ഭരണകൂടത്താൽ മതം മാധ്യമമായി കുടുംബഘടനയും പ്രബലമാക്കപ്പെടുന്നു. ഇപ്രകാരം കുടുംബം, മതം, ഭരണകൂടം ഈ മൂന്ന് സ്ഥാപനങ്ങളുടെ അധികാര വലയത്തിനകത്താണ് ഇന്ത്യൻ വ്യക്തിയുടെ ദുർബലസ്ഥാനം. അതായത് കുടുംബത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് മതത്തെ ഉപാധിയാക്കി അദൃശ്യരൂപിയായി ഭരണകൂടം പൗരസമൂഹത്തിൽ സർവ്വത്രവിരാജിക്കുന്നു.

ഹിന്ദുമത നിർമ്മാണം

ഇസ്ലാം ക്രിസ്ത്യൻ മതങ്ങളുടെ സമാനഘടനയിൽ ബ്രാഹ്മണമതത്തെ പുന:ക്രമീകരിച്ചുകൊണ്ടാണ് ഇന്ത്യൻ സെൻസസ് സംഘടിത ഹിന്ദുമതത്തിന് ജന്മംനൽകിയത്. ബ്രാഹ്മണമതത്തിന് പുറത്ത് നിന്നിരുന്നതും ബ്രാഹ്മണമതം തങ്ങളുടെ ഭാഗം എന്ന് ഒരിക്കലും അംഗീകരിക്കാത്തതുമായ ഇന്നത്തെ ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ട ചാതുർവർണ്യേതരമായ അനേകം ബഹുസംസ്‌കാര സ്വതന്ത്ര ഗോത്രങ്ങളെ ഹിന്ദുമതം എന്ന പുതിയ ഭൂമികയിലേക്ക് ഇന്ത്യൻ സെൻസസ് കൊണ്ടുവന്ന് അവരെയെല്ലാം ഭരണകൂടത്തിന് കൈകാര്യം ചെയ്യാൻ എളുപ്പമുള്ള വിഭവങ്ങളാക്കിമാറ്റി.

ഒറീസയിലെ ബിലാപുട്ടിലെ ഒരു ഗോത്രം / Photo: Rita Willaert

അപ്പോൾ ബ്രാഹ്മണമതത്തിലെ ചാരിത്ര്യ പാതിവ്രത്യ പുരാണകഥകൾ ഇന്നത്തെ ഹിന്ദുമതത്തിലെ 65ശതമാനത്തോളം വരുന്ന ഒബിസി ആദിയായ വിഭാഗങ്ങളിലേക്കും കടന്നുവന്നു. ഈ വിഭാഗങ്ങൾക്ക് ആധുനിക വിദ്യാഭ്യാസത്തോടെ സിദ്ധിച്ച സാക്ഷരത ബ്രാഹ്മണ പുരാണാശയങ്ങൾ കൂടുതലായി സ്വാംശീകരിക്കാൻ അവസരമൊരുക്കി. ക്ഷേത്രപ്രവേശനം പോലുള്ള സാമൂഹ്യമാറ്റങ്ങൾ വഴി ഹിന്ദുവൽക്കരണത്തിലൂടെ പുരുഷ കേന്ദ്രീകൃതമായ ബ്രാഹ്മണമത സ്ത്രീസങ്കല്പം, സെമിറ്റിക്മതങ്ങളുടെ അതേശൈലിയിൽ ഇന്ത്യയിലെ എല്ലാ സമൂഹങ്ങളിലേക്കും എത്തി. അവരിലും, ""രാമരാമേതി'' ജപിച്ച ഭർത്താവിന്റെ കാൽപാദങ്ങൾ പിന്തുടരുന്ന സ്ത്രീരത്‌നം ഉത്തമകുടുംബിനിയായി അവരോധിക്കപ്പെട്ടു. ഒരു സുപ്രഭാതത്തിൽ ബ്രാഹ്മണമതത്തിലേക്ക് പ്രവേശനം കിട്ടിയ ഒ.ബി.സി. ആദിയായ സ്വതന്ത്ര ജാതി ഗോത്രങ്ങൾ ബ്രാഹ്മണമത യജമാന ആശയസംഹിതകളുമായി താദാത്മ്യംപ്രാപിക്കുകയും തങ്ങൾ ലോകത്തെ ഏറ്റവും മുന്തിയ മതം എന്ന അഭിമാനത്തിലേക്ക് ചേക്കേറി സ്വന്തം അധമത്വത്തെ തൊലിപ്പുറമേ ചികിത്സിച്ച് ഭേദപ്പെടുത്തുകയും ചെയ്തു. വംശീയവാദം ദരിദ്രരായ വെളുത്ത വർഗ്ഗക്കാർക്ക് എങ്ങനെയാണോ കപടമായ ഒരു സാക്ഷാത്കാരം അവരുടെ വെളുത്ത യജമാനന്മാരുമായി സാത്മ്യപ്പെട്ടുകൊണ്ട് സാധ്യമാക്കിയത്, തത്തുല്യമായ ഒരു വികാരമാണ് ബ്രാഹ്മണമതത്തിന്റെ ഭാഗമായപ്പോൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചാതുർവർണ്യേതര സമൂഹങ്ങൾക്കും കൈവന്നത്.

ഇപ്രകാരം ഇന്ത്യൻ സെൻസസ്ഓടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈന്ദവ നിർമ്മാണം ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരു തുടർപ്രക്രിയയാണ്. അതിന്റെ ആശയസംഹിതകളിലേക്ക് ഉൾപ്പെടാതെപോയ എല്ലാ വിദൂരഗോത്രങ്ങളെയും അതിപ്പോഴും അതിന്റെ പ്രത്യയശാസ്ത്രമണ്ഡലത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം, മുന്നേ തന്നെ ഇതിന്റെ ഭാഗമായി ചേർന്ന കുടുംബങ്ങളിൽ ബ്രാഹ്മണ പുരുഷാധിപത്യമൂല്യങ്ങൾ വിക്ഷേപിച്ച് ശക്തിപ്പെടുത്തുന്നു.

ഇന്ത്യയിലെ കോളനി ഭരണകൂടം വ്യക്തികളേക്കാൾ മതത്തിന് സവിശേഷാധികാരം നൽകി, മതത്തെ ഭരണകൂടത്തിനു വേണ്ടി വ്യക്തികളെ മെരുക്കുന്ന ഉപകരണമാക്കി പരുവപ്പെടുത്തുന്നതു പോലെ, മതം കുടുംബത്തിൽ പുരുഷന് സവിശേഷമായ അധികാരബലം നൽകി സ്ത്രീസമൂഹത്തെഭരണകൂട-മത ഇച്ഛകൾക്ക് വിധേയയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സമൂഹത്തിൽ ബഹുവിധ സ്ത്രീപുരുഷ ബന്ധങ്ങളിൽപ്പെട്ട വിവിധങ്ങളായ ഗോത്രങ്ങളെ ബ്രാഹ്മണമത പുരുഷാധികാര ഘടനയിലേക്ക് തെളിച്ചുകൊണ്ടുവരുന്നത് വഴി പുരുഷമേൽക്കോയ്മയുടെ സംഹിംതകൾ എല്ലാജനവിഭാഗങ്ങളിലും എത്തിക്കാൻസാധിച്ചു.

ബ്രാഹ്മണമതവും ഇസ്ലാം ക്രിസ്ത്യൻ മതങ്ങളെപ്പോലെ രാഷ്ട്രീയാധികാരവുമായി നേരിട്ട് ബന്ധപ്പെട്ട് പാരമ്പര്യമുള്ള സംഘടിതമതം ആയതിനാൽ അതനുസരിച്ച് ഈ മതങ്ങളിലെല്ലാം കുടുംബത്തിൽ പുരുഷാധിപത്യം അതിശക്തമായിട്ടാണ് നിലകൊള്ളുന്നത്. എന്നാൽ ഇന്ത്യയിലെ വിവിധ ജാതികളായി തിരിഞ്ഞ ഗോത്രസമൂഹങ്ങളിലാകട്ടെ പുരുഷാധിപത്യപ്രവണതകൾ ഇതേമാതിരിശക്തമല്ല. ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ പോലും അവയുടെ പ്രഭവശക്തി കേന്ദ്രങ്ങളിൽനിന്ന് വിട്ട്, അധികാരവുമായി അകന്ന അന്യദേശങ്ങളിൽ എത്തുമ്പോൾ, അവയിൽ പുരുഷാധിപത്യ പ്രവണതകൾ വളരെ ദുർബലമായിട്ടാണ് കാണുന്നത്. പ്രാദേശികമായ നാട്ടുമതങ്ങളുടെ അയഞ്ഞ ഘടനയെ ഈ സെമിറ്റിക് മതങ്ങളും ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. കേരളത്തിൽ ബ്രാഹ്മണേതരമായ മിക്ക ജാതികളിലും സ്ത്രീകൾ കുറേക്കൂടി സ്വയംനിർണയാവകാശവും സ്വാതന്ത്ര്യവും തന്റേടവും അനുഭവിച്ചുപോന്നിട്ടുണ്ട്.

1901-ലെ ഒരു മുസ്ലിം കുടുംബം

മധ്യകാലഘട്ടത്തിലെ മലയാളകാവ്യങ്ങളിൽ അക്കാലത്തെ ചന്തകള വർണിക്കുമ്പോൾ അവിടെ മറ്റുള്ളവർക്കൊപ്പം സാധനങ്ങൾ വിൽക്കുന്ന പുലയ സ്ത്രീകളെ കാണിച്ചുതരുന്നുണ്ട്. പുരുഷന്മാർക്കൊപ്പം പാടത്തും പറമ്പിലും പണിയെടുക്കുന്ന സ്ത്രീവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ജാതിഗോത്രങ്ങളിൽ സ്ത്രീകൾ കുറേക്കൂടി സ്വാതന്ത്ര്യവും തൻപോരിമയും പുലർത്തുന്നവരായിരുന്നു. ഇതേപോലെതന്നെ ഇതരമതങ്ങളിലും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളതും പുരുഷാധികാര കാർക്കശ്യങ്ങൾ ദുർബലമായതുമായ സാമൂഹ്യഘടനയിൽ നിന്നാണ് ഉമ്മാച്ചുപോലുള്ള നോവലുകൾ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മതാധിഷ്ഠിതമായ വ്യക്തിത്വം ഭരണകൂടത്താൽ നിർണയിക്കപ്പെടുന്ന ആധുനിക ബ്രിട്ടീഷ്ഇന്ത്യൻ ഭരണവ്യവസ്ഥ വന്നതു മുതൽ ചിതറിക്കിടന്നിരുന്ന എല്ലാ വിഭാഗങ്ങളിലേക്കും ഏകതാനമായ പുരുഷാധിപത്യ കുടുംബ ഘടന കടന്നെത്തുകയും അധികാര പ്രയോഗം നടത്തുകയും ചെയ്തു.

മിഷനറി(സദാചാര)വിദ്യാഭ്യാസം

കേരളത്തിൽ ഭരണകൂടാധികാരവുമായി ചേർന്ന് ശക്തിപ്രാപിച്ച മൂന്ന് സംഘടിത മതങ്ങളുടെ ആണധികാര പ്രത്യയശാസ്ത്രങ്ങൾക്കൊപ്പം മിഷണറി വിദ്യാഭ്യാസത്തിന്റെ സദാചാരസങ്കൽപങ്ങളും മതേതരമായി പ്രവർത്തിക്കുന്നുണ്ട്. മിഷണറി സദാചാരം വിദ്യാലയങ്ങളിലൂടെ മതനിരപേക്ഷമായി പ്രവേശിച്ചതിനാൽ അതിലെ സ്ത്രീവിരുദ്ധതയുടെ തനിനിറം തിരിച്ചറിയുക അത്ര എളുപ്പമല്ല. നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ആൺപെൺ ബന്ധങ്ങളിലെ സ്വച്ഛന്ദതയോട് കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നതാണ് മിഷനറി സാഹിത്യവും രചനകളും. കോളനികളിലെ മനുഷ്യരുടെ ശരീരകാമനകളിൽ പാപബോധം കുത്തിനിറച്ച് ലൈംഗികചോദനകളെ നിഷ്‌കരുണം അടിച്ചമർത്തുന്നതിനും അതുവഴി സമ്പൂർണ്ണമായ ലൈംഗിക അതിക്രമങ്ങൾ സ്ത്രീ ശരീരത്തിനുമേൽ പ്രയോഗിക്കുന്നതിനും മിഷണറി സദാചാരം നല്ല പങ്കുവഹിച്ചുപോരുന്നു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ പ്രൊട്ടസ്റ്റന്റ് സദാചാരത്തിൽ നിന്ന് വിശ്വാസിക്കും അവിശ്വാസിക്കും രക്ഷപ്പെടാനാവില്ല. കേരളത്തിൽ മതമൂല്യങ്ങളെ പ്രത്യക്ഷത്തിൽ തള്ളിപ്പറയുന്നവർ പോലും സ്ത്രീശരീരത്തോട് വെച്ചുപുലർത്തുന്നത് മുതലാളിത്തത്തിന്റെ സാംസ്‌കാരിക പ്രത്യയശാസ്ത്രമായ മിഷനറിസദാചാരബോധമാണ് (മുതലാളിത്തം തന്നെ പ്രൊട്ടസ്റ്റന്റ് സാംസ്‌കാരിക മുന്നേറ്റമാണെന്ന മാക്‌സ് വെബറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്). അത് വ്യക്തിലൈംഗികതയുടെ സ്വകാര്യതലത്തെ പാടേ നിരസിക്കുകയും കപടസദാചാരം അനുസരിക്കാൻ എല്ലാവരെയും നിർബന്ധിക്കുകയും ചെയ്യുന്നു. അതോടെ ശരീരത്തിൽ നിന്ന് ഒരിക്കലും മോചനം ലഭിക്കാത്ത സംഘർഷ പൂരിതമായ മനോഘടനയുള്ള മനുഷ്യരെകൊണ്ട് സമൂഹത്തെ കുത്തിനിറയ്ക്കുന്നു.

കുരുന്നിലേ തന്നെ പള്ളിക്കൂടത്തിലെ ബെഞ്ചുകളിൽ ആൺപെൺ തരം തിരിവ് വരുത്തിയും, പിന്നീട് മുതിരുമ്പോൾ ഗേൾസ്, ബോയ്‌സ് കലാലയങ്ങളിൽ അവരെ കുരുക്കിയിട്ടും പരസ്പരം നിഗൂഢത വളർത്തി സ്ത്രീപുരുഷ ശരീരങ്ങളെ വിരുദ്ധ ചേരിയിൽ അണിനിരത്തി ശരീരവേട്ട ജീവിതവ്രതമാക്കുന്ന ആൺകുട്ടികളെയും ശരീരം മാത്രമായിപോകുന്ന പെൺകുട്ടികളെയും മിഷണറിസദാചാരം പ്രച്ഛന്നമായി വാർത്തെടുക്കുന്നുണ്ട്. അധികാരാസക്തമായ മതം കുടുംബത്തിൽ ആൺകോയ്മ സ്ഥാപിക്കുന്നതിനെ എതിർക്കുന്ന മതേതരജീവികൾ പോലും മിഷനറി സദാചാരത്തിന്റെ സൈ്വര്യവിഹാര കേന്ദ്രമായ ആധുനിക വിദ്യാലയങ്ങൾ പാകുന്ന ലിംഗവിവേചനത്തിന്റെ വിഷവിത്തുകളെ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് നമ്മുടെ മതേതര പാർട്ടികൾ പോലും ലിംഗം, ലൈംഗികത എന്നീ വിഷയങ്ങളിലെല്ലാം മതപാരമ്പര്യത്തിൽ നിന്ന് വേറിട്ടുനിൽക്കാത്തത്.

മിഷണറിസദാചാരം, പുരുഷശരീരത്തിൽ നിന്ന് വിരുദ്ധമായി സ്ത്രീശരീരത്തെ അത്യപകടകരവും സദാ പൊതിഞ്ഞു സൂക്ഷിക്കേണ്ടതുമാണെന്ന് നമ്മെ പഠിപ്പിച്ചതിന്റെ ദൃഷ്ടാന്തം കൂടിയാണ് ''മാറുമറയ്ക്കൽസമരം.'' ആൺപെൺ ശരീരങ്ങളെ വേറിട്ടുകാണാത്ത ഒരു നാട്ടുസംസ്‌കാരത്തിലേക്കാണ് സ്ത്രീകൾക്ക് മേൽവസ്ത്രങ്ങളുമായി പുതിയ സദാചാരം പിടിമുറുക്കുന്നത്. കോളനിനാടുകളിലെ ജനങ്ങളുടെ പ്രാദേശിക വസ്ത്രവൈവിധ്യത്തിനുമേൽ നടത്തിയ മിഷണറി പ്രവർത്തനങ്ങൾ ഒരുവശത്ത് പുരുഷമേൽക്കോയ്മയുടെ വിക്ടോറിയൻ സദാചാരം പഠിപ്പിച്ചെങ്കിൽ അതോടൊപ്പം വസ്ത്രവ്യാപാരത്തിന് പുതിയ മേച്ചിൽപുറങ്ങൾ തേടിയ യൂറോപ്യൻ തുണിമിൽ ഉടമകൾക്ക് വിപണി ഒരുക്കിക്കൊടുക്കുകയും ചെയ്തു. വിവാഹം, ലൈംഗികത, സ്ത്രീവസ്ത്രധാരണം എന്നിവയിലെല്ലാം പുരോഗമനപരമെന്നു പുറമേ തോന്നുന്നതെങ്കിലും കോളനിവൽകൃതസമൂഹത്തിൽ മുതലാളിത്ത ഇച്ഛകളുടെ പ്രവർത്തനം സുഗമമാക്കുക എന്നതാണ് മിഷണറി സദാചാരത്തിന്റെ സാംസ്‌ക്കാരിക ദൗത്യം.

കേരളത്തിലെ ഒരു ക്ലാസ് റൂം / Phto: Wikimedia Commons

അതായത് പെൺ അധ്വാനത്തെ വീട്ടിൽ മാത്രമല്ല, ആധുനിക തൊഴിലിടങ്ങളിലേക്കും (മിക്കവാറും പുരുഷനേക്കാൾ തീരെ കുറഞ്ഞ കൂലിക്ക്), ലഭ്യമാക്കുന്നതിന് അനുഗുണമായ പരിഷ്‌ക്കാരങ്ങളാണ് മിഷണറി സദാചാരത്തിലൂടെ സ്റ്റേറ്റ്തല നിയമമായി രൂപപ്പെടുന്നത്.

സ്ത്രീശരീരത്തിനുമേൽ മിഷണറി സദാചാരത്തിന്റെ കൈയേറ്റം നമ്മുടെ അർധനഗ്‌നരായ അമ്മദൈവങ്ങൾക്ക് പോലും മാറുമറയ്ക്കുന്ന ചേലകൾ നൽകി അവരെ ആൺദൈവ ശരീരങ്ങളിൽ നിന്ന് വേറിട്ട് നല്ല നാണക്കാരികളും അടക്കവും ഒതുക്കവും ഉള്ളവരാക്കി മാറ്റിക്കളഞ്ഞു. ആധുനികത്വത്തിന്റെ ഈ മിഷണറി ശരീരബോധത്തെ ബ്രാഹ്മണ്യ ഹിന്ദുത്വവും ഒരേപോലെ പങ്കിടുന്നതു കൊണ്ടാണ് നാട്ടുമത ശരീരവിശുദ്ധിയിലേക്ക് തിരികെപോയ എം.എഫ്.ഹുസൈന്റെ നഗ്‌നദേവീചിത്രത്തെ ബ്രാഹ്മണ്യ സദാചാരം അതിക്രൂരമായി പിച്ചിച്ചീന്തിയത്.

എം.എഫ്. ഹുസൈൻ

ഇങ്ങനെ ഭരണകൂടത്തിന്റെ മുൻകൈയിൽ വ്യക്തിക്കും കുടുംബത്തിനും മേൽ അധീശത്വം പുലർത്തുന്ന മൂന്ന് സംഘടിതമതങ്ങളും മതേതര മുഖം വെച്ച മിഷണറിവിദ്യാഭ്യാസവും അതിസമ്മർദ്ദമേഖലകളായി, വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നിത്യസാന്നിധ്യമായി നിലകൊള്ളുന്നതിനാൽ സ്ത്രീയുടെ വ്യക്തിത്വത്തിന് കേരളീയ ജീവിതം ഒരിക്കലും സാക്ഷാത്കാരം അനുവദിക്കുന്നില്ല. ഭരണകൂട താൽപര്യങ്ങളുടെ സജീവ പങ്കാളിയാകാൻ ഇവർ പരസ്പരം മത്സരിക്കുന്നതിനൊത്ത് അവരുടെ ശക്തി വർദ്ധിപ്പിക്കുന്നതുകൊണ്ട് ഓരോമതവും കുടുംബത്തിൽ കർക്കശമായ പുരുഷാധികാര പ്രയോഗത്തിലൂടെ മതഘടനയ്ക്ക് വിള്ളൽ ഉണ്ടാക്കാതെ നോക്കുന്നു. അതിനാൽ ആണുംപെണ്ണും എവിടെ ഒരുമിച്ചു നിൽക്കുന്നോ അപ്പോഴെല്ലാം നമ്മുടെ സമൂഹമനസ്സ് അവർക്കുമേൽ വട്ടമിട്ടുപറക്കുകയും പലതവണ സംശയത്തോടെ നോക്കുകയും ചെയ്യും.

പെണ്ണൊഴുക്കിന്റെ അണക്കെട്ടുകൾ

കേരളീയ സമൂഹത്തിൽ ഇന്ത്യയിലെ മറ്റ് സംഘടിത മതങ്ങളേക്കാൾ അധിക ജോലി ചെയ്യേണ്ട ഉത്തരവാദിത്വം കൂടി മതങ്ങൾക്കുണ്ട്. കാരണം കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ ബഹുദൂരം മുന്നേറി റോഡിലും വാഹനത്തിലും വ്യാപാരത്തിലും ഓഫീസിലും എല്ലാം നിത്യസാന്നിധ്യമായി അരങ്ങുനിറഞ്ഞു നിൽക്കുകയാണ്. പഠിപ്പും ജോലിയുമുള്ള പെണ്ണുങ്ങൾക്കാണ് വിവാഹമാർക്കറ്റിൽ നല്ലഡിമാന്റ്. പകൽ മുഴുവനും പുറംലോകത്ത് കഴിയുന്ന സ്ത്രീകളെ പുരുഷാധികാര ഘടനയിൽ വീണ്ടും പിടിച്ചുനിർത്തുക എന്നുള്ളത് ചില്ലറക്കാര്യമല്ല. ഓരോ മതത്തിനകത്തും അനേകം ഉപവിഭാഗങ്ങളായി പിരിഞ്ഞുകൊണ്ടുള്ള സ്ത്രീകേന്ദ്രീകൃത മതപ്രവർത്തനങ്ങളാണ് ഇതിൽ ഒന്നാമത്തേത്. ഓരോ ഉപവിഭാഗങ്ങളും അവരവരുടെ സാമ്പത്തികശേഷി അനുസരിച്ച് സ്ത്രീമാസികകൾ, വനിതാ സംഘടനകൾ എന്നിവ ഉണ്ടാക്കിയെടുക്കുന്നത്, തൊഴിൽ കമ്പോളത്തിൽ സജീവ സാന്നിധ്യമായി സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കുന്ന മലയാളിവനിതയെ പുരുഷാധികാരത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുവേണ്ടിയാണ്.

ആരാധനാലയങ്ങളിലെ മിക്ക പരിപാടികളുടെയും സംഘാടകരും ഉപഭോക്താക്കളും കേരളത്തിൽ സ്ത്രീകൾ ആണിന്ന്.

അണുകുടുംബവൽക്കരണം, മധ്യവർഗവൽക്കരണം എന്നിവവരുത്തുന്ന ഏകാന്തത, സംഘർഷം, ആത്മപരിശോധന ഇവകളെ മറികടക്കാൻ സ്ത്രീകൾ തേടുന്ന വിനോദ വിശ്രമങ്ങളെ മതാധിഷ്ഠിത പരിപാടികളിൽ പിടിച്ചുവെച്ചുകൊണ്ട് വിദ്യ, ജോലി എന്നിവയിലൂടെ അവൾക്ക് ലഭ്യമാകേണ്ട സ്വാശ്രയത്വവും സ്വാതന്ത്ര്യവും അടിച്ചമർത്തി അവളെ പുരുഷാധികാരത്തിന്റെ ഉത്തമ കുടുംബിനിയായി കേരളം വാർത്തെടുക്കുന്നുണ്ട്. അകംജോലിക്കൊപ്പം പുറംജോലിയെന്നത്, അറുപിന്തിരിപ്പൻ സ്ത്രീമർദ്ദക മതവിഭാഗങ്ങൾക്കുപോലും മാതൃകാനാരിക്കുള്ള പൊൻതൂവലാണ് ഇപ്പോൾ. പുറംലോകത്ത് അവൾ സ്വേച്ഛാചാരിയാകാതിരിക്കണമെങ്കിൽ മറ്റുസമയങ്ങളിലെല്ലാം, മതാധികാരം നിഷ്‌ക്കർഷിക്കുന്ന സ്ത്രീവ്യവഹാരങ്ങൾ അവൾക്കു നല്കി അവളുടെ ഉള്ളിൽ സദാപുരുഷാധികാര പ്രയോഗത്തിനുള്ള സമ്മതിപത്രം അവൾ സ്വയം പതിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയാണ്, വികസിത രാഷ്ട്രങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിലും പുറംതൊഴിലിലും സ്ത്രീമുന്നേറ്റമുണ്ടായിട്ടും വിവാഹം, വസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെയുള്ള തലങ്ങളിലൊക്കെ കേരളീയനാരി പുരുഷാധികാരത്തിന്റെ ഭയഭക്തിക്കനുസരിച്ച് ചുവടുവെയ്ക്കുന്നത്.

ഈവിധം ഒരുനൂറ്റാണ്ടിലേറെയായി മതപരവും കോളനിഅധീശത്വ ഭരണകൂടപരവുമായ പുരുഷാധിപത്യപ്രവണതകൾ ശക്തമായി നിലനിൽക്കുന്ന ഒരു സാംസ്‌കാരിക ഭൂപ്രദേശമാണ് കേരളം. അതിനാൽ ഇതിൽ വസിക്കുന്ന എല്ലാ ആൺസമൂഹവും ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധത്തിന് കെല്പുകെട്ടവരാണ്. സ്ത്രീ അവനെ സംബന്ധിച്ച് ആത്മാവില്ലാത്തവളാണ്.

സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുക നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെ 2019-ൽ നടന്ന വനിതാ മതിൽ.

സ്വതന്ത്രവ്യക്തിത്വത്തിനും ആത്മസാക്ഷാത്കാരത്തിനുമായുള്ള അവളുടെ കുതറലുകൾ എല്ലാംതന്നെ കാമഭ്രാന്ത് ആയിട്ടേ അയാൾക്ക് മനസ്സിലാക്കാൻ കഴിയൂ. കാരണം അവനെ സംബന്ധിച്ച് അവൾ വെറും ശരീരം മാത്രമാണ്. അതുകൊണ്ട് മറ്റെല്ലാരംഗങ്ങളിലും പുരോഗമനപരമായ മനോഭാവം വെച്ച്പുലർത്തുന്നവർ പോലും സ്ത്രീയുടെ സമത്വവും സ്വാതന്ത്ര്യവും വരുമ്പോൾ ഒന്നാന്തരം പാരമ്പര്യവാദിയായി ആക്രോശിക്കുന്നതു കാണാം. സ്ത്രീക്ക് ആത്മാവും വ്യക്തിത്വവും ഉണ്ടെന്ന് കുടുംബത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും സമൂഹത്തിൽ നിന്നും തിരിച്ചറിയാൻ കഴിയാത്തതിനാൽ ഏറ്റവും നിന്ദ്യമായി ലൈംഗികവാക്കുകൾ ഉപയോഗിച്ച് അവളെ പൊതുസ്ഥലങ്ങളിൽ പരസ്യമായി ആക്ഷേപിച്ച് അടിച്ചൊതുക്കുക എന്നത് ഉത്തമപുരുഷന്റെ കർത്തവ്യമായി അയാൾ കരുതുന്നു.

അശ്ലീല യൂട്യൂബർ വിജയൻ നായരുടെ അതിക്ഷേപത്തിനെതിരെ നടന്ന പ്രതിഷേധം

എന്നാൽ ഇന്ന് പുരുഷനിൽനിന്ന് സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയതുകൊണ്ടും പുരുഷാധിപത്യത്തിന്റെ ചരിത്രപരമായ അനീതിയെപറ്റി തിരിച്ചറിവ് നേടിയത് കൊണ്ടും മെച്ചപ്പെട്ട സ്ത്രീ-പുരുഷ ബന്ധങ്ങളെ അറിയാനും അനുഭവിക്കാനും അവസരം കൈവന്നതുകൊണ്ടും, കേരളത്തിൽ എല്ലാ അടിച്ചമർത്തലുകളെയും അതിലംഘിക്കുന്ന ഒരു ഉയർത്തെഴുന്നേൽപ്പിന് സ്ത്രീസമൂഹം തയ്യാറായികഴിഞ്ഞിട്ടുണ്ട്.

അതിന്റെ ഒന്നാമത്തെ തെളിവാണ് മൂന്ന് സംഘടിതമതങ്ങളും മിഷനറിവിദ്യാഭ്യാസവും ചേർന്ന് പൂർവ്വാധികം ശക്തിയോടെ കാത്തുസൂക്ഷിച്ചു പോരുന്ന ആണധികാരത്തിന്റെ ഏറ്റവും വികലമാതൃകക്ക് അയാളുടെ ലാവണത്തിൽ ചെന്ന് ആ മുഖത്ത് കരിഓയിലും കരണത്തടിയും ചാർത്താൻ ഇടയാക്കിയ സംഭവം.

മാത്രമല്ല സ്ത്രീകളുടെ എഴുത്തിനും പറച്ചിലിനും ഇന്നു കാണുന്ന ധീരമായ നാണമില്ലായ്മ മലയാളി പുരുഷന്റെ അവസാനത്തെ അഹന്തയുടെ തലയും തെറിപ്പിക്കുന്നതാണ്. ഉദാഹരണമായി ഈ കവിത കാണുക:

ഒറ്റ ഉറയാൽ പൊതിഞ്ഞവൾ

പ്രവീണകെ

മഞ്ഞക്കുപ്പായക്കാരിയായ

ഞാനായിരുന്നു

അവനെന്നും പരിചയം

കുപ്പായത്തിനുള്ളിൽ

തെളിഞ്ഞ ബോഡീസാണ്

അവനും കൂട്ടർക്കും

മുഖത്തേക്കാൾ കൂടുതൽ

തെളിഞ്ഞതെന്ന്

ഞാനന്ന് അത്ര ഊഹിച്ചില്ല.

പക്ഷേ

എളേമടെ മക്കൾ

ചിഞ്ചുവും മഷിയും

അതിനപ്പുറം ഊഹിച്ചിരുന്നു.

അവർക്ക് എന്നേക്കാൾ

മൂന്ന് വയസ്സ് മൂപ്പുണ്ട്.

അവരെപ്പോഴും പെറ്റിക്കോട്ടും

ഡ്രസ്സും മാച്ചാക്കി.

പെറ്റിക്കോട്ടെനിക്ക്

ചൊറിച്ചിലാണ്, ശല്യമാണത്.

പവർ കട്ടായനേരം

മച്ചിൽ നിന്ന്

താഴോട്ടോടുമ്പഴാണ്

കോണിക്കൂട്ടിൽ വെച്ച്

അവനെന്റെ സൈസ്

ആദ്യമായി

അളന്നറിഞ്ഞത്.

ഒളിച്ചു കളികളിക്കാൻ

മഷിയും ചിഞ്ചുവും

കൂടാഞ്ഞതു മുതൽ

എന്റെ പെറ്റിക്കോട്ടില്ലായ്മക്കഥ

ആജീവനാന്തം

എന്റെപിന്നാലെ വന്നിട്ടുണ്ട്

ശേഷം

ഞാൻബോഡീസ്

വിരോധിയായി

എനിക്കേ അറിയൂ,

ഷേപ് അസ്സലാവുന്നത്

തൂങ്ങിയാടുമ്പോഴാണ്.

പിടിക്കണ്ടോർ ക്കെളുപ്പവും

പിടികിട്ടുമ്പോൾ സുഖവും

അത് തന്നെ.

ശേഷം അവനും കൂട്ടരും

എന്നെ വിട്ടു.

ഞാന്ന മുലകൾക്ക്

ആളില്ലാതായി

പിന്നീട്

ഞാനെന്റേത് മാത്രമാക്കി

അവയെ നന്നായി

പോറ്റിയെടുത്തു.

അല്ലെങ്കിലും പുറത്ത്

സ്വാതന്ത്ര്യങ്ങളെക്കുറിച്ച്

വായിട്ടലക്കുന്ന എനിക്ക്

ഉള്ളിലെന്തിനാണ് ഈ

കെട്ടിപ്പൂട്ട്.

ഉറുമ്പരിക്കാതിരിക്കാൻ

കടന്നെൽകുത്തേൽക്കാതിരിക്കാൻ

വെയില് കൊണ്ട് മഴകൊണ്ട്

പനിക്കാതിരിക്കാൻ

ഒറ്റ ഉറ തന്നെ ധാരാളം.

Comments