‘പ്രസവാനന്തരം മനസ്സാക്ഷിയില്ലാതെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന അമ്മമാർ’ വാർത്താതലക്കെട്ടുകളിൽ ഇടം പിടിക്കുമ്പോൾ, ഗർഭകാലത്തും പ്രസവശേഷവും ആവശ്യമായ വൈകാരിക പരിചരണം ലഭിക്കാതെ പോകുന്ന സ്ത്രീകളുടെ മാനസികവ്യാപാരങ്ങൾ അന്തിചർച്ചകളിൽ ഇടം നേടുന്നില്ല. നവജാതശിശുക്കളുടെ കൊലപാതകങ്ങളും ഉപേക്ഷിക്കപ്പെടലും പ്രതിക്കൂട്ടിൽ നിർത്തുന്ന പെണ്ണിന്റെ ‘ഹൃദയശൂന്യത’യിൽ രോഷം കൊള്ളാനും നവയുഗത്തെ അപലപിക്കാനും വംശനാശം വന്നു പോയ മുൻതലമുറ ‘നിഷ്കളങ്ക’ മാതാക്കളെ ചൊല്ലി വിലപിക്കാനുമുള്ള പുത്തൻ അവസരങ്ങൾ മാത്രമായൊതുങ്ങുന്നു. കുറ്റകൃത്യത്തിന് ശേഷം സ്ത്രീയെ മാത്രം പ്രതിചേർക്കുന്നതിനപ്പുറം, അവളുടെ മനോനിലയെ കുറിച്ചുള്ള വ്യക്തമായ പഠനങ്ങളിലേക്കോ, അർഹമായ മാനസിക-വൈകാരിക പരിചരണം ലഭ്യമായിരുന്നതിനെ കുറിച്ചോ, അതിലെ വീഴ്ചകളിലേക്കോ ഉത്തരവാദികളിലേക്കോ അന്വേഷണങ്ങൾ നീളുന്നില്ല. കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തിയതായോ ഉപേക്ഷിച്ചതായോ ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി മാത്രം പരിഗണിക്കുന്നതിന് പകരം, അവയ്ക്ക് പിന്നിലെ സാമൂഹികവും മാനസികവുമായ സാഹചര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകൾക്ക് ലഭിക്കുന്ന മാനസിക പിന്തുണ, ആരോഗ്യപരിചരണം, കുടുംബാന്തരീക്ഷം, സാമൂഹിക സമ്മർദ്ദങ്ങൾ, എന്നിവയെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങൾ ആവശ്യമാണ്.
ലോകത്താകമാനം ഏഴ് സ്ത്രീകളിൽ ഒരാൾ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നാണ് American Medical Accociation ന്റെ JAMA Psychiatry Journalലും Natioanl Library of Madicine-ഉും പുറത്തു വിടുന്ന മാനസികാരോഗ്യപഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും പ്രസവാനന്തര വിഷാദം വ്യാപകമായി രോഗനിർണയം നടത്തപ്പെടാതെയും ആവശ്യമായ തുടർപരിചരണം ലഭിക്കാതെയും പോകുന്ന മാനസികാരോഗ്യ പ്രശ്നമാണ്. ഇന്ത്യയിൽ നടത്തിയ പഠനങ്ങളുടെ സംയോജിത അവലോകനപ്രകാരം, പ്രസവാനന്തര വിഷാദത്തിന്റെ വ്യാപനം ഏകദേശം 22 ശതമാനമാണ്. ദക്ഷിണേന്ത്യയിലാണ് ഇതിന്റെ വ്യാപനം ഏറ്റവും കൂടുതലായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങളുടെ രോഗനിർണ്ണയത്തിന് അടിസ്‌ഥാനമായ Diagnostic and Statistical Manual of Mental Disorders (DSM-5-TR) പ്രകാരം, പ്രസവാനന്തര വിഷാദം (Postpartum Depression - PPD) എന്നത് Major Depressive Disorder ന്റെ പരിധിയിൽ വരുന്ന പ്രസവകാലാരംഭത്തിൽ ഉണ്ടാകാനാടിയുള്ള വിഷാദാവസ്ഥയാണ്. പ്രസ്തുത വിഷാദാവസ്‌ഥ ഗർഭകാലത്തോ പ്രസവശേഷമുള്ള ആദ്യ നാല് ആഴ്ചയ്ക്കുള്ളിലോ ആരംഭിക്കുന്നു. പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ കൃത്യം നാല് ആഴ്ചയ്ക്കുള്ളിൽ തന്നെ ആരംഭിക്കണമെന്നില്ല, തുടർന്നുള്ള കാലയളവിലും അവ പ്രത്യക്ഷപ്പെടുകയോ ദീർഘകാലം, ഏകദേശം ഒരു വർഷത്തോളം തുടരുകയോ ചെയ്യാം.

അകാരണമായ ദുഃഖം, അമിതമായ ക്ഷീണം, ഉറക്കത്തിലും വിശപ്പിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ, ഉത്കണ്ഠ, താൽപര്യക്കുറവ്, ആത്മവിശ്വാസക്കുറവ്, ഏകാഗ്രതയിലെ ബുദ്ധിമുട്ടുകൾ, ആത്മഹത്യാ ചിന്തകൾ തുടങ്ങിയവ പ്രസവാനന്തര വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിഷാദാവസ്ഥയുടെ ഭാഗമായി അമ്മമാർക്ക് കുഞ്ഞിനോട് വൈകാരികബന്ധം അനുഭവപ്പെടാതിരിക്കുകയും കുട്ടിയെ പരിചരിക്കുന്നതിലും മുലയൂട്ടുന്നതിലും മാനസിക ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഗുരുതരമായ സാഹചര്യങ്ങളിൽ സ്വയം ഉപദ്രവിക്കണമെന്നോ കുഞ്ഞിനെ ഉപദ്രവിക്കണമെന്നോ ഉള്ള ചിന്തകളും ഉടലെടുക്കുന്നു. ഈ മാനസികാവസ്ഥ കുഞ്ഞിനെ കൊല്ലുന്ന സാഹചര്യത്തിലേക്കോ ആത്മഹുതിയിലേക്കോ നയിക്കുകയാണ് സംഭവിക്കുന്നത്.
ഗർഭാവസ്ഥ സ്ത്രീകളിൽ ശാരീരിക മാറ്റങ്ങൾക്കപ്പുറം വൈകാരികവും മാനസികവുമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ഗ്രാമ-നഗര മേഖലകളിൽ 2024-ൽ പ്രസവാനന്തര സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ഒരു cross-sectional പഠനത്തിൽ, ഏകദേശം അഞ്ചിൽ ഒരു സ്ത്രീക്ക് പ്രസവാനന്തര വിഷാദത്തിന്റെ സാധ്യത കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്, പ്രസവാനന്തര കാലത്തെ മാനസികാരോഗ്യപ്രശ്നങ്ങൾ അപൂർവമായ അനുഭവങ്ങളല്ലെന്നും, നിരവധി സ്ത്രീകൾ മതിയായ അവബോധവും മാനസിക പിന്തുണയുമില്ലാതെ നിശബ്ദമായി നേരിടുന്ന അവസ്ഥയാണെന്നുമാണ് ഇത്തരം പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രസവാനന്തര വിഷാദത്തിന്റെ രൂപീകരണത്തിൽ ജൈവിക, മാനസിക, സാമൂഹിക ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങൾ, പ്രസവത്തിന്റെ ആഘാതം, അപ്രതീക്ഷിതമായ ഗർഭധാരണം തുടങ്ങിയവയ്ക്കൊപ്പം തന്നെ ദാരിദ്ര്യം, സാമൂഹിക അസമത്വങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിലില്ലായ്മ, ഗർഭകാലത്തും പ്രസവശേഷവും പങ്കാളിയുടെയും കുടുംബത്തിന്റെയും വൈകാരികവും മാനസികവുമായ പിന്തുണയുടെ അഭാവം എന്നിവയും നിർണ്ണായക ഘടകങ്ങളാണ്. ഗർഭധാരണത്തിന് മുൻപോ ഗർഭാവസ്‌ഥയിലോ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന സാഹചര്യം പ്രസവാനന്തര വിഷാദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.
ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്‌മയും സൃഷ്ടിക്കുന്ന ദീർഘകാല ജീവിത സമ്മർദ്ദങ്ങൾ അവ അനുഭവിക്കുന്ന സ്ത്രീകളിൽ പ്രസവാനന്തര വിഷാദത്തിന്റെ സാധ്യത അവ അനുഭവിക്കാത്തവരെക്കാൾ 11 മടങ്ങോളം വർധിപ്പിക്കുമെന്നാണ് National Library of Madicine പുറത്തുവിട്ട പഠനങ്ങൾ വ്യക്തമാക്കുന്നത്. ജാതിവിവേചനം ഉൾപ്പെടെയുള്ള സാമൂഹിക അസമത്വങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയും സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഗർഭാവസ്‌ഥയുമായി ബന്ധപ്പെട്ട വിഷാദത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. ദലിത്, ആദിവാസി സ്ത്രീകളിൽ പ്രസ്തുത മാനസികാവസ്ഥ രൂപപ്പെടാനുള്ള സാധ്യത വർധിക്കുന്നതായി മേൽപ്പറഞ്ഞ cross-sectional study സൂചിപ്പിക്കുന്നു. പ്രസവാനന്തരം പെൺകുഞ്ഞാണെന്ന കാരണത്താൽ നേരിടേണ്ടിവരുന്ന ലിംഗവിവേചനവും കുറ്റപ്പെടുത്തലുകളും അമ്മയുടെ മാനസിക സമ്മർദ്ദത്തിന്റെ ആഴം വർധിപ്പിക്കുന്നു.

പ്രസവാനന്തര വിഷാദത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി ഗർഭകാലത്തും പ്രസവശേഷവും കൃത്യമായ മാനസികാരോഗ്യ പരിശോധകൾ നടത്തേണ്ടതുണ്ട്. തുടർന്നുള്ള കൗൺസലിങ്ങും തെറാപ്പിയും സമ്മർദ്ദകാരണങ്ങൾ തിരിച്ചറിഞ്ഞുള്ള ഇടപെടലുകളും മതിയായ വിശ്രമവും ഉറക്കവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും പ്രധാനമാണ്. മുൻപ് വിഷാദരോഗമോ PPD-യോ ഉണ്ടായിട്ടുള്ളവരെയും മറ്റ് അപകടസാധ്യതയുള്ള അമ്മമാരെയും പ്രത്യേകമായി നിരീക്ഷിക്കുകയും ലക്ഷണങ്ങൾ പ്രകടമായാൽ സമയബന്ധിതമായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ലഭ്യമാക്കുകയും വേണം. രോഗലക്ഷണങ്ങളുടെ തീവ്രതയും വ്യക്തിയുടെ സാഹചര്യവും പരിഗണിച്ച് CBT (Cognitive Behavioural Therapy), IPT (Interpersonal Therapy) തുടങ്ങിയ മനഃശാസ്ത്ര ചികിത്സകളും ആവശ്യമാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മരുന്നുകളും സ്വീകരിക്കാവുന്നതാണ്.
ഗർഭകാലത്തും പ്രസവാനന്തര കാലത്തും സ്ത്രീകളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദരോഗം, നേരത്തെ കണ്ടെത്താനും ആവശ്യമായ പ്രാഥമിക മാനസികാരോഗ്യ ഇടപെടലുകളും ചികിത്സയും ഉറപ്പാക്കാനും ലക്ഷ്യമിടുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് 'അമ്മ മനസ്സ്'. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ഗർഭിണികളുടെയും അമ്മമാരുടെയും മാനസികാരോഗ്യം വിലയിരുത്തി പ്രാഥമികതല ഇടപെടലിന് ശേഷം കൂടുതൽ പരിചരണം ആവശ്യമായവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കും റഫർ ചെയ്ത് ഘട്ടംഘട്ടമായ തുടർപരിചരണം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രവർത്തന രീതി. കേരളത്തിലെ ഈ മാതൃമാനസികാരോഗ്യ പദ്ധതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനുള്ള മാതൃകയായി പരിഗണിക്കപ്പെടുന്നുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിച്ച ഇത്തരം പദ്ധതികൾ നിലനിൽക്കുമ്പോൾ തന്നെ പ്രസവാന്തര വിഷാദത്തെ വ്യക്തിപരമായ മാനസിക പ്രശ്‌നമായി കാണാതെ അതിന് പിന്നിലെ സാമൂഹിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. ദാരിദ്ര്യം, ഗാർഹിക പീഡനം, സാമൂഹിക അസമത്വങ്ങൾ, സാമ്പത്തിക സമ്മർദ്ദം, ഒറ്റപ്പെടൽ തുടങ്ങിയ സാഹചര്യങ്ങൾ പ്രസവാനന്ത വിഷാദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന സാമൂഹിക ഘടകങ്ങളാണെന്ന് ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണങ്ങളും നിയമാവലികളും സ്ത്രീകളുടെ മേൽ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെടുന്ന ജീവിത ഘട്ടങ്ങളാണ് ഗർഭകാലവും പ്രസവാനന്തര കാലവും. പ്രസവ ശേഷമുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനുപകരം സമൂഹ മാതൃകകളിലേക്ക് ചുരുങ്ങാത്ത സ്ത്രീകളെ കുറ്റപ്പെടുത്തുകയും വൈകാരികമായി തളർത്തുകയും ചെയ്യുന്ന കീഴ്വഴക്കം സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ശാരീരിക ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങളെ ചൊല്ലിയുള്ള അപമാനവും 'മോശം അമ്മ' എന്ന തോന്നലിലുണർത്തി mother guilt വളർത്തുന്നതിലും സാമൂഹിക സാഹചര്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല. തിരുവനന്തപുരത്ത് അടുത്തിടെ സംഭവിച്ച നവജാത ശിശുവിന്റെ കൊലപാതകത്തിലെ പ്രതിയായ സ്ത്രീയും ഭർതൃഗൃഹത്തിൽ നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെയും മാനസിക പിന്തുണയുടെ അഭാവത്തെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ പ്രതിചേർക്കപ്പെടുന്നവരുടെ മാനസിക സംഘർഷങ്ങലിലേക്കും പ്രസവാനന്തര മാനസികാരോഗ്യത്തിലേക്കുമുള്ള അന്വേഷണങ്ങൾ നാമമാത്രമായി അവസാനിക്കുന്നതൊരു തുടർകഥയാണ്. പ്രസവാനന്തര വിഷാദത്തെ വ്യക്തിപരമായ ‘ബലഹീനത’യായി കാണുന്നതിന് പകരം സാമൂഹിക ഉത്തരവാദിത്തമായി വിലയിരുത്തേണ്ടതുണ്ട്.

മാനസികാരോഗ്യത്തെക്കുറിച്ചും Postpartum Depression-നെക്കുറിച്ചുമുള്ള സമൂഹമാധ്യമ ചർച്ചകൾ ട്രെൻഡ് സെറ്റർ ആകുമ്പോഴും അടിസ്ഥാനവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ വിഷാദവും വൈകാരിക സംഘർഷങ്ങളും ചർച്ചകളുടെ പരിധിക്കപ്പുറം നിലകൊള്ളുന്ന സാഹചര്യം മാനസികാരോഗ്യാവബോധം വരേണ്യ വിഷയമായി നിലനിൽക്കുന്നതിന്റെ തെളിവുകൂടിയാണ്. കുറ്റകൃത്യങ്ങൾക്ക് ശേഷം സ്ത്രീയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നതിനുപകരം, അവൾ നേരിട്ട മാനസിക സംഘർഷങ്ങളും സാമൂഹിക സമ്മർദ്ദങ്ങളും പിന്തുണയുടെ അഭാവവും ആരോഗ്യസംവിധാനത്തിലെ വീഴ്ചകളും കൂടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പ്രഥമദൃഷ്ട്യാ വിധിയെഴുത്തുകൾക്ക് അപ്പുറം ആ വ്യക്തിയുടെ മാനസികാരോഗ്യം തകരാതിരിക്കാൻ ഒരു സമൂഹമെന്ന നിലയിൽ നാം എന്ത് ചെയ്തു എന്ന ചോദ്യം ഉയരേണ്ടതുണ്ട്.
ഗർഭകാലവും പ്രസവാനന്തര കാലവും ഒരു സ്ത്രീയുടെ മാത്രം വ്യക്തിപരമായ ഉത്തരവാദിത്തമല്ല, അവളുടെ മാനസികാരോഗ്യവും വൈകാരിക സുരക്ഷയും സാമൂഹിക പിന്തുണയും ഉറപ്പാക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിലെ വീഴ്ചകളുടെ വില ഒരു സ്ത്രീ ഒറ്റയ്ക്ക് ചുമക്കേണ്ടതുമില്ല.
▮
References:
Upadhyay, R. P., Chowdhury, R., Salehi, A., Sarkar, K., Singh, S. K., Sinha, B., Pawar, A., Rajalakshmi, A. K., & Kumar, A. (2017). Postpartum depression in India: A systematic review and meta-analysis. Bulletin of the World Health Organization, 95(10), 706–717. https://doi.org/10.2471/BLT.17.192237
Abraham, A. S., Thomas, S. C., Olickal, J. J., & Thankappan, K. R. (2024). Prevalence and determinants of postnatal depression in Ernakulam District, India: A cross-sectional study. Cureus, 16(11), e74449. https://doi.org/10.7759/cureus.74449
Prevalence and correlates of perinatal depression | Social Psychiatry and Psychiatric Epidemiology | Springer Nature Link https://share.google/vqfLKOlMWAu3zKdLs
Panolan, S., & Thomas, B. M. (2024). Prevalence and associated risk factors of postpartum depression in India: A comprehensive review. Journal of Neurosciences in Rural Practice, 15(1), 1–7. https://doi.org/10.25259/JNRP_584_2023
Adlington, K., Vasquez, C., Pearce, E. et al. ‘Just snap out of it’ – the experience of loneliness in women with perinatal depression: a Meta-synthesis of qualitative studies. BMC Psychiatry 23, 110 (2023). https://doi.org/10.1186/s12888-023-04532-2
Goyal, D., Gay, C., & Lee, K. A. (2010). How much does low socioeconomic status increase the risk of prenatal and postpartum depressive symptoms in first-time mothers? Women’s Health Issues, 20(2), 96–104. https://doi.org/10.1016/j.whi.2009.11.003
