അയ്യങ്കാളിയുടെ പെൺപക്ഷപോരാട്ടത്തിന്റെ ഓർമയ്ക്കായി
‘പഞ്ചമി പെണ്ണിടം’

അവർണ്ണരാക്കി ഒരു വിഭാഗം ജനതയെ അടിച്ചമർത്തുമ്പോൾ അതിനെതിരെ സന്ധിയില്ലാതെ പോരാടിയ അയ്യങ്കാളി, ആ വിഭാഗത്തിലെ സ്ത്രീകളോടും പെൺകുട്ടികളോടും കാണിച്ച കരുതൽ ശ്രദ്ധേയമാണ്. ആ പോരാട്ടത്തിന്റെ ഓർമയ്ക്കായി തിരുവനന്തപുരം മാനവീയം വീഥിയിൽ ‘പഞ്ചമി പെണ്ണിടം’ എന്ന പേരിൽ കേരളത്തിലെ ആദ്യ സ്ത്രീപൊതുഇടം സജ്ജമായിരിക്കുന്നു- ഗീത നസീർ എഴുതുന്നു.

സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയുടെ 84-ാം ചരമവാർഷികത്തിൽ, അദ്ദേഹം സ്ത്രീകൾക്ക് വേണ്ടി നടത്തിയ ധീരമായ പോരാട്ടങ്ങൾ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. അധഃസ്ഥിതരെന്നു കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ട ജനത അക്കാലത്ത് നേരിട്ട സാമൂഹ്യ വിലക്കുകളും അവകാശ നിഷേധങ്ങളും വാക്കുകൾക്കതീതമാണ്. അതിൽ തന്നെ സ്ത്രീകൾ നേരിട്ട ക്രൂരതകൾ മനസ്സാക്ഷിയുള്ള ഒരാൾക്കും സഹിക്കാവുന്നതായിരുന്നില്ല.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, വഴി നടക്കാൻ, വിദ്യാഭ്യാസം നേടാൻ, ചെയ്ത ജോലിക്ക് വേതനം ചോദിക്കാൻ തുടങ്ങി സ്വന്തമായി നിലനിൽക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന സ്ത്രീകൾ എല്ലാ അർത്ഥത്തിലും സവർണ്ണജാതിക്കാരുടെ അടിമകൾ മാത്രമായിരുന്നു. അവർ നേരിട്ട ലൈംഗിക ചൂഷണം അത്രമേൽ ഹിംസാത്മകമായിരുന്നു. മേൽവസ്ത്രം ധരിക്കാൻ അവർണ്ണ സ്ത്രീകൾക്ക് അനുമതി നിഷേധിച്ചു എന്ന് മാത്രമല്ല താഴ്ന്ന ജാതി എന്ന് പ്രഖ്യാപിക്കുന്നതിന്റെ അടയാളമായി കല്ലും കുപ്പിച്ചില്ലും കൊണ്ടുള്ള മാല കഴുത്തിൽ അണിയണമെന്നും സവർണ്ണ രാജഭരണകൂടം നിഷ്കർഷിച്ചപ്പോൾ അയ്യങ്കാളി നടത്തിയ കല്ലുമാല സമരം കൊടുങ്കാറ്റായി മാറി. അതുവരെ കല്ലും കുപ്പിച്ചില്ലും കൊണ്ടുള്ള മാല ധരിച്ച സ്ത്രീകൾ കൊല്ലം പീരങ്കി മൈതാനത്ത് ഒത്തുകൂടി മാല പൊട്ടിച്ചെറിഞ്ഞു. അയ്യങ്കാളി നൽകിയ മേൽമുണ്ടും ധരിച്ചു.

പൊതുവഴികൾ അവർണ്ണർക്ക് നിഷേധിച്ചപ്പോൾ വില്ലുവണ്ടിയിൽ ആ വഴിയിലൂടെ അയ്യങ്കാളി യാത്ര ചെയ്തു. മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചു. തലയിൽ തലപ്പാവ് സവർണ്ണർക്ക് മാത്രമുള്ളതല്ല എന്ന് പ്രഖ്യാപിച്ച് തലപ്പാവുമായി നടത്തിയ വില്ലുവണ്ടി യാത്ര അധസ്ഥിതരെന്നു മുദ്ര കുത്തപ്പെട്ട ജനതക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. റാപ്പ് ഗായകൻ വേടൻ ആ തലപ്പാവിന്റെ തിളക്കം അവതരിപ്പിച്ചപ്പോൾ നവോഥാനബോധം പേറുന്ന ജനത ആ വരികൾ ഏറ്റെടുത്തത് അതുകൊണ്ടാണ്.

സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടമാണ് നവോഥാന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്. ദലിത് വിഭാഗത്തിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ അനുവാദമില്ലാതിരുന്നപ്പോൾ 1904-ൽ ദലിത് കുട്ടികൾക്കായി അയ്യങ്കാളിയും സുഹൃത്തുക്കളും ചേർന്ന് വെങ്ങാനൂരിൽ ഒരു പള്ളിക്കൂടം നിർമിച്ചു. എന്നാൽ സവർണ്ണർ അന്ന് രാത്രി തന്നെ അത് തീവെച്ചു നശിപ്പിച്ചു. അതോടെ അയ്യങ്കാളിയുടെ ആഹ്വാനത്തിൽ, കർഷകർ തങ്ങളുടെ മക്കളെ പഠിക്കാൻ അനുവദിക്കില്ലെങ്കിൽ ജന്മികളുടെ പാടത്ത് കൃഷി ചെയ്യാനും കൊയ്യാനും കർഷകരും വരില്ല എന്ന നിലപാട് എടുത്തു. ‘പാഠമില്ലെങ്കിൽ പാടത്തേക്കില്ല’ എന്ന പ്രഖ്യാപനം രാജഭരണകൂടത്തെ വെട്ടിലാക്കി. പാടങ്ങൾ ദീർഘകാലം തരിശിട്ടതോടെ സവർണ്ണർ മുട്ടുമടക്കി.അങ്ങനെ ഒരു ഒത്തുതീർപ്പ് എന്ന നിലയിൽ 1907- ൽ ദലിത് വിദ്യാർത്ഥികൾക്ക് പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചു ഉത്തരവായി. പക്ഷേ അത് അംഗീകരിക്കാൻ പിന്നെയും സവർണ്ണർ തയ്യാറാകാതിരുന്നപ്പോൾ പ്രജാസഭാ അംഗമെന്ന നിലയിൽ അയ്യങ്കാളി 1914- ൽ ഇടപെട്ട് അയിത്തം കൽപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവേശനം കർശനമായി നടപ്പിലാക്കണമെന്ന സർക്കാർ ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 1914- ൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ മകൾ പഞ്ചമിയെയും കൂട്ടി അയ്യങ്കാളി നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തിയത്. പഞ്ചമി ഇരുന്ന ബെഞ്ചും ക്ലാസ് മുറിയും മാത്രമല്ല പള്ളിക്കൂടം തന്നെ അന്ന് രാത്രി സവർണ്ണർ കത്തിച്ചു ചാമ്പലാക്കി.

ഇതൊക്കെ നടന്നത് 1914 കാലത്താണെന്നത് നമുക്ക് ഓർമയിലുണ്ടാകണം, ഏതാണ്ട് നൂറ് കൊല്ലത്തിനു മുൻപ്. സവർണ്ണാധിപത്യത്തിന്റെ ഹൂങ്കും ധാർഷ്ട്യവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നത് രാജ്യം നേരിടുന്ന സാമൂഹ്യ യാഥാർഥ്യം. ഇങ്ങനെയൊരു പോരാട്ടത്തിന് എന്തുകൊണ്ട് പെൺ പള്ളിക്കൂടവും പഞ്ചമിയും അയ്യങ്കാളി തെരഞ്ഞെടുത്തു എന്നുള്ളിടത്താണ് അദ്ദേഹത്തിന്റെ ലിംഗനീതി ബോധം ചർച്ചയാകുന്നത്. അവർണ്ണരാക്കി ഒരു വിഭാഗം ജനതയെ അടിച്ചമർത്തുമ്പോൾ അതിനെതിരെ സന്ധിയില്ലാതെ പോരാടിയ അയ്യങ്കാളി, ആ വിഭാഗത്തിലെ സ്ത്രീകളോടും പെൺകുട്ടികളോടും കാണിച്ച കരുതൽ ശ്രദ്ധേയമാണ്.

ഇത്രയൊക്കെ പോരാട്ടങ്ങൾ നടന്നിട്ടും ഇന്നും പൊതു ഇടങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന തിരിച്ചറിവിൽ നിന്നും തിരുവനന്തപുരം നഗരത്തിലെ എഴുത്തുകാരികളും സ്ത്രീക്കൂട്ടായ്മ്മ വനിതാകലാസാഹിതി എന്നീ സംഘടനകളും ചേർന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്കായ് നട്ട ഓർമമരം നീർമാതള ചോട്ടിൽ സ്ത്രീകൾക്കായി ഒരു പൊതു ഇടം 2013- മുതൽ ഒരുക്കുകയുണ്ടായി. ഇന്ന് കോർപ്പറേഷൻ കേരളത്തിലെ ആദ്യ സ്ത്രീപൊതുഇടമായി ആ ഇടത്തെ മാറ്റുകയും അതിന് പഞ്ചമി പെണ്ണിടം എന്ന് നാമകരണം ചെയ്യുകയുമുണ്ടായി.


Summary: 'Panchami Pennidam' in memory of Ayyankali's struggle for women's rights Geetha Nazeer writes


ഗീത നസീർ

സി.പി.ഐയുടെ വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിൽ സജീവമായി. പരിസ്ഥിതി- സാംസ്‌കാരിക മേഖലകളിലും മാധ്യമരംഗത്തും പ്രവർത്തിച്ചു. ജനയുഗം പത്രത്തിന്റെ ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ബാലറാം എന്ന മനുഷ്യൻ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

Comments