1990 മുതൽ 2014 വരെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ ലോകത്തു ശരാശരി 213 മില്യൺ ഗർഭങ്ങൾ പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇതിൽ 44% അപ്രതീക്ഷിതമോ അനഭിലഷണീയമോ ആണ്. ഇതിൽ തന്നെ 50% ഗർഭച്ഛിദ്രങ്ങൾക്കു വിധേയമാവുകയും 13% ശതമാനം സ്വയം അലസിപ്പോകുകയും ചെയ്യുന്നു. 9% സ്ത്രീ മരണങ്ങളുടെ ഉത്തരവാദിത്തം ഗർഭച്ഛിദ്രങ്ങൾക്കാണ്; അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ആജീവനാന്തവും. ഗർഭച്ഛിദ്രങ്ങൾ നിയന്ത്രണവിധേയവും ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടതുമാണ്. ഗർഭച്ഛിദ്രങ്ങളുടെ വേദനയാർന്ന മറുവശം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകളിൽ വിഷയീഭവിച്ചിട്ടുമുണ്ടല്ലോ.
ഗർഭഛിദ്രങ്ങളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയാണ് സിംഗിൾ ഡോസ് ഗർഭനിരോധന ഗുളികകൾ ആവിർഭവിച്ചത്. ഐ-പിൽ , പ്ലാൻ-ബി, ദി മോർണിംഗ് ആഫ്റ്റർ എന്നിങ്ങനെ പലപേരുകളിൽ ലഭ്യമാണെങ്കിലും മുഖ്യമായും എമർജൻസി കോൺട്രാസെപ്റ്റീവ്‌സ് pills രണ്ടു തരമുണ്ട്. ലെവോനോർജെസ്റ്ററൽ(LNG), പിന്നെ ulipristal acetate.
LNG കൃത്രിമമായ പ്രൊജസ്റ്റിൻ ആണ്, ശാരീരിക ബന്ധത്തിന് ശേഷം ഗർഭ ധാരണം വേണ്ടെന്നു തോന്നുന്ന പക്ഷം 1.5 മില്ലിഗ്രാം ഗുളിക ഒറ്റത്തവണയാണ് കഴിക്കേണ്ടത്. 12 മണിക്കൂർ ഇടവേളയിൽ രണ്ടായി 0.75 മില്ലിഗ്രാം കഴിക്കുന്നതും തെറ്റല്ല. ulipristal acetate 30 മില്ലിഗ്രാം വരുന്ന selected progesterone receptor modulator ആണ്. അതായത് ഈ രണ്ടിന്റെയും പ്രധാനപ്രവർത്തനം അണ്ഡോല്പാദനം താൽക്കാലികമായി തടയുക എന്നതും ബീജത്തിന് അണ്ഡത്തിനു സമീപം എത്താനുതകുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതും ആണ്. അതിനാൽ തന്നെ ഗർഭച്ഛിദ്രങ്ങളാൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാം. ഇത് മൂലം വന്ധ്യത സംഭവിക്കുകയുമില്ല. ഗർഭത്തെ തടയുന്നതിൽ ഇവ 98.2 % മുതൽ 99.1% വരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറിയ തലവേദനയും ഉദര അസ്വസ്ഥതകളുമൊഴിച്ചാൽ ഇതിനു മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നു തന്നെ പറയാം. പക്ഷെ ECP കൾ നിരന്തരമായ ഉപയോഗത്തിന് അനുയോജ്യമല്ല. ഇത്രയും കാര്യങ്ങൾ ഇവിടെ പറയാനായത് ഇതൊരു OTC മരുന്നായതു കൊണ്ടും അതിന്റെ ഗുണദോഷ വശങ്ങൾ അറിയേണ്ടത് ഉപയോക്താവിന്റെ കടമയായതു കൊണ്ടുമാണ്. അത് ലഭിക്കാൻ നിങ്ങൾക്ക് ഒരു മെഡിക്കൽ ഷോപ്പിൽ പോകേണ്ടതുള്ളതു കൊണ്ടും അവരുടെ അർത്ഥഗർഭമായ നോട്ടങ്ങളെ മറികടന്നു നിങ്ങൾക്കൊന്നും അവിടെ ചോദിച്ചു മനസ്സിലാക്കുവാൻ കഴിഞ്ഞേക്കില്ല എന്നത് കൊണ്ടുമാണ്.
1970 കളിൽ പ്രയോഗത്തിൽ വന്ന എമർജൻസി ഗർഭനിരോധന മാർഗങ്ങൾ സ്ത്രീസ്വത്വശരീരസ്വാതന്ത്ര്യ വാദത്തിന്റെ പ്രതിയോഗിയായ പ്രജനനത്തെ വളരെയെളുപ്പത്തിൽ കടിഞ്ഞാണിട്ടു. എന്നിട്ടും അത് നാലു ദശാബ്ദക്കാലം സ്ത്രീകൾക്ക് അപ്രാപ്യമായിത്തന്നെ നിലകൊണ്ടു.
ECP കളുടെ പെറുവിയൻ ചരിത്രം ലോകത്തിനു വലിയ പാഠമാണ് നൽകിയത്. കൗമാര ഗർഭങ്ങൾ, ലൈംഗികാതിക്രമങ്ങൾ, നിർബന്ധിത മാതൃത്വം എന്നിവ പെറുവിയൻ സ്ത്രീകൾക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും ഗൗരവപൂർണമായ ശ്രദ്ധയർഹിക്കുന്നുവെന്ന് അവിടുത്തെ ആരോഗ്യമേഖല നടത്തിയ പഠനം മൂലം വിലയിരുത്തുകയും 2001ൽ നിയമപരമായി ECP കൾ പ്രായഭേദമന്യേ ഏവർക്കും ലഭ്യമാകുന്ന തരത്തിൽ രാജ്യത്ത് വിതരണം ചെയ്യുകയും ചെയ്തു. സൂസന്ന ഷാവേസ് നയിച്ച ഫെമിനിസ്റ്റു കൂട്ടായ്മ ഇതിനു പിന്നിൽ അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ട്. എന്നാൽ 2004ൽ കത്തോലിക്ക സഭ ഇതിനെതിരെ പരാതി നൽകുകയും ഗർഭധാരണം മുതൽ ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ അത് ഹനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 2009 ൽ ECP വിതരണം നിർത്തി വെപ്പിക്കുകയും ചെയ്തു. പിന്നീട് ലൈംഗികാക്രമണശേഷമുള്ള പ്രസവങ്ങൾ കൗമാരക്കാരിൽ ഗണ്യമായി ഉയരുകയും സ്ത്രീകളുടെ പ്രത്യുല്പാദനാരോഗ്യത്തിൽ പ്രകടമായ പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ 2016 ൽ സ്ത്രീകൾ മുന്നിട്ടിറങ്ങി സമരം ചെയ്തു പുനർവിതരണം സാധ്യമാക്കി.
സമാനമായ പ്രക്ഷോഭം 2006ൽ ചിലിയിൽ സോഷ്യലിസ്റ്റ് സാമൂഹിക പ്രവർത്തക മിഷേൽ ബാഷലറ്റ് പ്രസിഡന്റായതോടെ വിജയം കണ്ടു. "Now things are going to change, now we are in charge' എന്നാർപ്പു വിളിച്ചുകൊണ്ടാണ് സ്ത്രീകൾ അന്ന് തെരുവുകൾ കീഴടക്കിയത്.
ഇന്ത്യയിൽ ECP വിതരണം കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്. എന്നാലിവ ലൈംഗികരോഗങ്ങളെ തടയുന്നില്ല എന്ന കാരണത്താൽ അധികം പ്രചാരം നല്കപ്പെട്ടില്ല. ഫെമിനിസം ഇൻ ഇന്ത്യ എന്ന പേരിൽ ഒരു കൂട്ടായ്മ #mybodymymethod ക്യാമ്പയിൻ സ്ത്രീകൾക്കിടയിൽ നടത്തുന്നുണ്ട്. 2018 ൽ ചെന്നൈയിലെ അർച്ചന ശേഖർ എന്ന സാമൂഹ്യപ്രവർത്തക ഇന്ത്യലിപ്പോഴും ECP കൾക്കുമേൽ "shadow ban' നില നിൽക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.
ഇവിടെ മതാധികാരികളും സദാചാര പരിപാലകരും രക്ഷക വേഷമണിഞ്ഞു വാദിക്കുന്നത് ഭ്രൂണാവകാശങ്ങളെക്കുറിച്ചാണ്. എന്നാൽ ECP കളുടെ പ്രവർത്തനം ഭ്രൂണാവസ്ഥയ്ക്കും മുൻപേ അണ്ഡവും ബീജവും ആയി നിൽക്കുന്നിടത്താണ്. ജീവാവിർഭാവത്തിനും മുൻപേ നടക്കുന്നത് എങ്ങനെയാണ് കൊലപാതകതുല്യമാവുക?
ECP കളുടെ ഉടൽ രാഷ്ട്രീയം
ആണധികാര സമൂഹത്തിന്റെ കടന്നുകയറ്റങ്ങളിൽ തീർത്തും ഒറ്റപ്പെടുന്ന പെണ്ണ്, വൈദ്യസഹായം തേടാനോ തനിക്കു സംഭവിച്ചത് ഒരു ഡോക്ടറോട് പോലും തുറന്നു പറയാനോ ആവാതെ മാനസികത്തകർച്ചയനുഭവിക്കുന്നു. അത്തരം അനുഭവങ്ങൾ തീർത്തും നിഷ്‌കളങ്കരെന്നു കരുതിയവരിൽ നിന്നോ സമൂഹത്തിൽ ഉന്നതസ്ഥാനം വഹിച്ചവരിൽ നിന്നോ ആകുമ്പോൾ വളരെക്കാലം കൊണ്ട് നേടിയെടുക്കുന്ന വേദികളിൽ നിന്ന് ആത്മഹത്യയെന്നോണം അപ്രത്യക്ഷയാവുന്നു. അവർക്ക് സംവേദനക്ഷമത നഷ്ടപ്പെടുകയോ, നഷ്ടപ്പെട്ടത് തനിക്കു മാത്രമാണെന്ന നീറ്റലിൽ, കുറ്റബോധത്തിൽ മാനസികസന്തുലനം നഷ്ടമാകുകയോ ചെയ്യുന്നു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ അതിജീവിച്ചവരെ കൊന്നും കെട്ടിത്തൂക്കിയും കത്തിച്ചും വ്യക്തിഹത്യ നടത്തി ബാക്കിയുള്ളവർക്ക് സ്വയമൊടുങ്ങാൻ വഴി കാണിച്ചും ഗുണപാഠ കഥകൾ ചമച്ച് നാം സമൂഹത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
"നാണക്കേട്' എന്ന വാക്കിനേക്കാൾ, വികാരത്തെക്കാൾ മനുഷ്യനെ കൊല്ലാൻ മറ്റൊന്നിനുമാവില്ല. അതുണ്ടെങ്കിൽ മറ്റൊന്നിനും നമ്മെ ജീവിപ്പിച്ചു നിർത്താനാവില്ല. മി ടൂ ഹാഷ്ടാഗുകൾ പൊട്ടിച്ചെറിഞ്ഞത് ഈ നാണക്കേടിന്റെ വടത്തെയാണ്. സ്ത്രീ അവളുടെ സത്വത്തെ സ്വതന്ത്രമാക്കുമ്പോൾ അതിനു തടസ്സമാവുന്ന അവളുടെ തന്നെ ശാരീരികപ്രശ്‌നങ്ങളെ അവൾക്കു മറികടക്കേണ്ടതുണ്ട്.
2005 ലാണ് അമേരിക്കയിൽ പോലും ECPകൾ OTC (over the counter) മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ പെണ്ണിനെത്തന്നെ പെണ്ണിനെതിരെ തിരിക്കാൻ പ്രാഗൽഭ്യമുള്ള ആണധികാരസമൂഹം അതിനെയും ചൂഷണത്തിന് ഉപയോഗിച്ചു. Manipulative consent-കളുടെ അസ്തിത്വം ആ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാകുന്നത് അവിടെയാണ്.
ഇതിനു മുൻപ് ട്രൂകോപ്പിയിൽ തന്നെ എഴുതിയ ലേഖനത്തിൽ പരാമർശിച്ച കാര്യമുണ്ട്, ഗർഭനിരോധന മാർഗങ്ങളിൽ ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ കോണ്ടം ഉപയോഗിക്കുന്നതിൽ പോലും വൈമുഖ്യമുള്ളവരാണ് പുരുഷന്മാർ. മിക്കവാറും സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ അത്തരം ശസ്ത്രക്രിയകൾ ചെയ്യാൻ പുരുഷന്മാർ തയ്യാറാകുന്നേയില്ല.
ലൈംഗികത mutual consent ആണെന്ന് എത്ര തന്നെ വാദിച്ചാലും അതിനെ പൊതിഞ്ഞ പുരോഗമന നാട്യത്തിന്റെ ആടയെടുത്തു മാറ്റിയാൽ പുളയ്ക്കുന്ന വിഷപ്പുഴുക്കളെ സമൂഹത്തിന്റെ ഏതടരിലും കാണാം. പെണ്ണ് ഗുളിക തിന്നുകയോ കോപ്പർ ടി വെക്കുകയോ ശസ്ത്രക്രിയ ചെയ്യുകയോ ചെയ്തോട്ടെ; എനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല എന്ന ചിന്ത തന്നെ എത്ര സ്ത്രീവിരുദ്ധമാണ്.
ദൃഷ്ടിഗോചരമായ ഗർഭം നാണക്കേടുണ്ടാക്കുന്നതാണെന്നും അഗോചരമായ മാനസികതകർച്ചകൾ മരണത്തിൽ കലാശിച്ചാലും താരതമ്യേന രണ്ടാമത്തേത് ഭേദമാണെന്നും ഈ സമൂഹം അലിഖിത നിയമമായി കൊണ്ട് നടക്കുന്നു.
സ്ത്രീകളെ പുരോഗമനത്തിന്റെ പുകമറയ്ക്കുള്ളിലും ചൂഷണം ചെയ്യുന്നു പുരുഷസമൂഹം. ഒരു സ്ത്രീയെ മുദ്ര കുത്തി പടിയിറക്കിയാൽ ബാക്കിയുള്ളവർ സ്വയം നിശ്ശബ്ദരായിക്കോളും എന്ന ധ്വനി ഇപ്പോൾ നടക്കുന്ന ചർച്ചകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. അവിടെയാണ് കേരളപ്പെൺകവികൾ, women in cinema collective പോലെയുള്ള കൂട്ടായ്മകളുടെ പ്രാധാന്യം. എത്രയെത്ര സമരങ്ങൾ നടത്തിയാണ് ഇന്ന് കിട്ടുന്ന ഇത്തിരി വെട്ടത്തിൽ എത്തിപ്പെട്ടതെന്ന്, അതിങ്ങനെ വ്യക്തിഹത്യക്കു തുനിഞ്ഞിറങ്ങിയവർക്കു മുന്നിൽ അറുത്തു കളയാനുള്ളതല്ലെന്ന് സ്ത്രീകൾക്കും ബോധ്യം വേണം.
ഈ മി ടൂ ശബ്ദങ്ങളിൽ കള്ളനാണയങ്ങൾ ഉണ്ടെന്നാണെങ്കിൽ തെളിയട്ടെ. എങ്കിലും ഈ ഒച്ചകൾ അമർച്ച ചെയ്യപ്പെടരുത്. മഹാനദികളിൽ വെറുതെ ഒരോളമുണ്ടാക്കി ഒടുങ്ങുകയുമരുത്. ഇനിയും നിശ്ശബ്ദരായിരിക്കുന്നവരെ അത് പിടിച്ചു കുലുക്കിയേക്കും. പെൺകുട്ടികൾ കയ്‌പ്പേറിയ അനുഭവങ്ങളുടെ പേരിൽ വിദ്യാ-കലാലയങ്ങളിൽ നിന്ന്, തുറന്നു കിട്ടുന്ന വാതിലുകളിൽ നിന്ന്, കയറി നില്ക്കുന്ന വേദികളിൽ നിന്ന്, തിരിച്ചു പോകരുത്. പെണ്ണുടലിനെ പെണ്ണുങ്ങൾക്ക് തന്നെ തിരിച്ചു കിട്ടുവോളം ഈ ഓളം ഒടുങ്ങിപ്പോകാതെ കല്ലെറിഞ്ഞു കൊണ്ടേയിരിക്കേണ്ടതുണ്ട്.