റിമ കല്ലിങ്കൽ

ഉണരുന്ന ഉടലുകൾ

സ്ത്രീയുടെ രതികർതൃത്വത്തിലൂടെ മാത്രമേ ആൺകോയ്മയുടെ അയഥാർത്ഥമായ സ്ത്രീലൈംഗിക ബിംബങ്ങളെ ഉടച്ചു വാർക്കാൻ കഴിയൂ. സ്ത്രീകൾ എന്തിന് സ്വന്തം ശരീരത്തെ ലജ്ജയോടെ നോക്കാതിരിക്കണം? അനന്തമായ സാദ്ധ്യതകളിലേക്ക് തുറക്കാൻ പാകത്തിൽ ഉയിര് കൊണ്ട് അതിരിട്ട ഉടലുകളാണ് നമ്മളെല്ലാം.

എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഞാനാദ്യമായി അഴിച്ചു വെക്കും. അതിനു ശേഷം ഇളം തവിട്ടു നിറമുള്ള ഈ തൊലി ഊരുകയും എല്ലുകൾ തകർക്കുകയും ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. ഒടുവിൽ എല്ലിനുമകത്ത്, മജ്ജക്കും കീഴിൽ, ആഴത്തിൽ നാലാമതൊരു ഡൈമൻഷനിൽ പ്രത്യേകം ഇരിപ്പിടമില്ലാത്തതും അനാഥവും അതിസുന്ദരവുമായ ആത്മാവിനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുമെന്ന് ഞാനാശിക്കുന്നു. - ‘എന്റെ കഥ’; മാധവിക്കുട്ടി.

രാൾ സ്വന്തം ഇഷ്ടത്തോടെ ആടകളണിയുന്നതും അഴിച്ചുമാറ്റുന്നതും സൗന്ദര്യാത്മകമാണ്. അപ്പോൾ ഉടൽ തളിർക്കുകയും പൂക്കുകയുമാണ്. അത് സ്വയം ആയിത്തീരലാണ്. ഇഷ്ടപ്പെടാതെ ഇതുരണ്ടും ചെയ്യേണ്ടിവരുന്നത് ശ്വാസം മുട്ടലും മനം പുരട്ടലും ഉണ്ടാക്കുന്നു. ഉടലാകെ വസ്ത്രം കൊണ്ട് മൂടുന്നതാണോ, അത് ആവും വിധം തുറന്നിടലാണോ ശരി? ഇതെങ്ങനെ വിവാദ വിഷയമാവുന്നു? സ്ത്രീയുടെ നഗ്‌നത എന്തുകൊണ്ട് സവിശേഷമായി?

സ്ത്രീകളുടെ മേൽ ആണധികാരം പ്രവർത്തിക്കുന്നതിന്റെ ഏറ്റവും പ്രകടമായ രീതിയായാണ് വസ്ത്രത്തിന്മേലുള്ള നിയന്ത്രണം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യുവതലമുറയിലെ പെൺകുട്ടികൾ അത് തലങ്ങും വിലങ്ങും തകർത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പഴയ തലമുറയിൽ നിന്ന് ഉൾക്കൊണ്ട ഫെമിനിസ്റ്റ് അവബോധം മാത്രമല്ല, നിയന്ത്രിതമെങ്കിലും സ്ത്രീകൾക്ക് ഏറെക്കുറെ ലഭ്യമായിക്കൊണ്ടിരിക്കുന്ന സൈബറിടങ്ങൾ, വ്യാപാര താല്പര്യങ്ങൾ കൊണ്ടുവരുന്ന ഫാഷനുകൾ, നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വികസിച്ചു കൊണ്ടിരിക്കുന്ന സ്ത്രീസ്വത്വ ബോധം, ലൈംഗികതയിലെ ഉണർവ്​, ക്വിയർ പ്രസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഇതിൽ പ്രവർത്തിക്കുന്നുണ്ടാവും. സ്ത്രീയുടെ ശരീരത്തേയും വസ്ത്രധാരണത്തേയും, പുരുഷാധിപത്യമൂല്യങ്ങൾ വച്ചു കൊണ്ട് എത്രമേൽ ഇനിയും നിയന്ത്രിക്കാനാവുമെന്നത് വരും കാലങ്ങളിൽ നിരീക്ഷിച്ചറിയേണ്ട കാര്യമാണ്.

രഹ്ന ഫാത്തിമ
രഹ്ന ഫാത്തിമ

സ്ത്രീകൾക്കുമേലുള്ള അധികാര പ്രയോഗങ്ങൾ സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റു വടംവലികളുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. സിനിമകളിലും മറ്റു കച്ചവട മേഖലകളിലും സ്ത്രീശരീരം പരമാവധി ഉപയോഗപ്പെടുത്തുന്നത് കാണാമെങ്കിലും, സ്ത്രീകൾ അവരുടെ ആത്മപ്രകാശനത്തിന്റെ ഭാഗമായി, സ്വതന്ത്രമായി അത് തുറന്നുകാട്ടുന്നതിനെതിരെ ഇപ്പോഴും സമൂഹത്തിൽ അസഹിഷ്ണുത കാണുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റ്, തന്റെ മാറിടം സ്വന്തം കുട്ടിക്ക് ചിത്രമെഴുതാനായി തുറന്നു കൊടുക്കുകയും അവരത് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സ്ത്രീശരീരത്തിന്റെ ഉടമസ്ഥത ആർക്കാണ് എന്നത് അതിനാൽ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കേണ്ടി വരുന്നു.

സ്​ത്രീശരീരത്തിന്റെ വസ്​തുവൽക്കരണം

സ്ത്രീശരീരത്തെയും കാമനകളേയും ലൈംഗികതയേയും കയ്യടക്കി കൊണ്ടാണ് പുരുഷാധികാരം അവരുടെ മേലേക്ക് പടർന്നുകയറുന്നതെന്ന തിരിച്ചറിവ് ഫെമിനിസത്തിന്റെ ആദ്യപാഠങ്ങളിൽ ഒന്നാണ്. സ്ത്രീകളുടെ ശരീരം മറ്റുള്ളവർക്കായി ഒരുക്കിയെടുക്കേണ്ടതാണെന്ന അറിവ്, അത്തരം ബാധ്യതകളിൽ നിന്ന് കുതറി മാറാൻ ആദ്യകാല ഫെമിനിസ്റ്റുകളെ പ്രേരിപ്പിച്ചതിൽ അതിശയിക്കാനില്ല.

സ്ത്രീകളുടെ ബൗദ്ധികമായ ഉണർവിനെ ഉയർത്തിപ്പിടിച്ച്​ ശരീരത്തിന്റെ തടവിൽ നിന്ന് മോചിക്കാനുള്ള ശ്രമങ്ങളാണ് മേരി വൂൾസ്റ്റൻ ക്രാഫ്റ്റിനെ പോലെയുള്ളവരിൽ നിന്നൊക്കെ ഉണ്ടായത്. പുരുഷന്മാർക്കുമുന്നിൽ ആകർഷണീയത ഉണ്ടാക്കാനായി പാദങ്ങളും മുലകളും അരക്കെട്ടും ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്ത് കൃ​ത്രിമ സൗന്ദര്യം ഉണ്ടാക്കാൻ സ്ത്രീകൾക്ക് പണിപ്പെടേണ്ടിയിരുന്നു. മനസും ബുദ്ധിയും ഇതിൽനിന്ന് വേറിട്ട് സാർവത്രികമായ ഗുണവിശേഷങ്ങളുള്ളതായി സങ്കല്പിക്കുകയും സ്ത്രീകർതൃത്വത്തിന്റെ സ്രോതസ്സായി അതുറപ്പിച്ചെടുക്കുകയും ചെയ്യേണ്ടത് സ്ത്രീ വിമോചകരുടെ ആവശ്യവുമായി. ഇത്, ഒരു കാലത്ത് നിലനിന്ന ശരീരം/മനസ്സ് ദ്വന്ദ്വ സങ്കൽപ്പത്തിന്റെ കാഴ്ചപ്പാടിലായിരുന്നു എന്നും കാണാൻ കഴിയും.

സ്ത്രീകളുടെ അസ്തിത്വം എല്ലായ്​പ്പോഴും അവരുടെ ശരീരവുമായി ചേർത്തു കാണുന്ന സംസ്‌കാരമാണ് നമ്മൾ വളർത്തിയെടുത്തിട്ടുള്ളത്. എപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിന് വിധേയപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തിൽ ജീവിക്കാൻ അവൾ ശീലിച്ചു പോരുന്നു.

എഴുപതുകളിലും എൺപതുകളിലും ഈ ആശയങ്ങളാണ് മുഖ്യമായും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ നയിച്ചിരുന്നത്. കമ്പോളാവശ്യങ്ങൾക്കായി സ്ത്രീശരീരങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും സൗന്ദര്യമത്സരങ്ങൾക്കെതിരെയും ഫെമിനിസ്റ്റുകൾ രംഗത്തുവന്നിരുന്നു. ശരീരത്തിന്റെ വിലാസങ്ങൾ ഒതുക്കി വക്കുകയും, കഴിയുന്നത്ര ബൗദ്ധികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക എന്നതിനായിരുന്നു പ്രാധാന്യം. സാരി മൂടി പുതക്കുക, ആഭരണങ്ങൾ ഒഴിവാക്കുക, നിറം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നതൊക്കെ കേരളത്തിലെ സ്ത്രീനേതാക്കൾ ചെയ്തിരുന്നതായി കാണാം. ഇന്ത്യയിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും കേരളത്തിൽ നവോത്ഥാനവും തൊഴിലാളി പ്രസ്ഥാനവും ഒക്കെയായി ബന്ധപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളെ, അവയിലെ ആദർശാത്മകതയും സ്വാധീനിച്ചിട്ടുണ്ട്. പുരുഷലോകം കയ്യടക്കിയിരുന്ന ബൗദ്ധിക ഇടങ്ങളിൽ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് ശരീരത്തിന്റെ ബാദ്ധ്യത ഒഴിവാക്കാനാണ് സ്ത്രീകൾ പരിശ്രമിച്ചത്. കേരളത്തിൽ വ്യാപകമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ നല്ലൊരു മാദ്ധ്യസ്ഥം വഹിച്ചിട്ടുണ്ട്. ഇപ്പോഴും സ്ത്രീകളെ, സ്ത്രീശരീരങ്ങളെ അച്ചടക്കത്തോടെ പരുവപ്പെടുത്തിയെടുക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പങ്ക് വഹിക്കുന്നു. ബൗദ്ധിക വ്യവഹാരത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണെങ്കിലും, സ്വതന്ത്രമായ അന്വേഷണത്തിനോ വ്യക്തിപരമായ പരിണതിക്കോ ഉതകുന്നതിനു പകരം ജാതിയിലും ലിംഗത്വത്തിലുമുള്ള അസമത്വവും വിവേചനവും നില നിർത്തുന്നതിനുള്ള സ്ഥാപനങ്ങളായി അവ മാറുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലേക്ക് സ്ത്രീകൾ കടന്നുവന്ന സമയത്തുണ്ടായിരുന്ന വിമോചക ദൗത്യം ഇല്ലെന്നുമാത്രമല്ല, കേവലം ജീവിതോപാധിക്കു പോലും അതിപ്പോൾ സ്ത്രീകൾക്ക് അധികം ഉപകരിക്കുന്നില്ല.

സ്ത്രീകളുടെ അസ്തിത്വം എല്ലായ്​പ്പോഴും അവരുടെ ശരീരവുമായി ചേർത്തു കാണുന്ന സംസ്‌കാരമാണ് നമ്മൾ വളർത്തിയെടുത്തിട്ടുള്ളത്. എപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിന് വിധേയപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തിൽ ജീവിക്കാൻ അവൾ ശീലിച്ചു പോരുന്നു. അതിനാൽ, പുറമേ നിന്നുള്ള നോട്ടം വീഴുമ്പോഴും അതില്ലാത്തപ്പോഴും സ്വയം ശരീരം മാത്രമായി ചുരുങ്ങിപ്പോകുന്നോ എന്ന ചോദ്യമുണ്ടായി. ശരീരത്തിന്റെ ‘വസ്തുവൽക്കരണം' (Objectification) എന്ന് ഫെമിനിസ്റ്റുകൾ അത് വ്യാഖ്യാനി ച്ചിട്ടുണ്ട്. സ്വത്വത്തിൽ നിന്ന് വേറിട്ടു പോകുന്നതിനാൽ ഈ അവസ്ഥ മാർക്​സിസ്റ്റ് കാഴ്ചപ്പാടിൽ ‘അന്യവൽക്കരണം' (Alienation) എന്ന തരത്തിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മിഷായേൽ ഫൂക്കോ, ‘ഡിസിപ്ലിൻ ആൻഡ് പണിഷ്' (Discipline and Punish) എന്ന കൃതിയിലൂടെ രൂപപ്പെടുത്തിയ ‘ഗെയ്സ്' (gaze) എന്ന സങ്കല്പനം, ലിംഗത്വ സമത്വത്തെ കാണുന്നില്ല എന്നു വിമർശിച്ചുകൊണ്ടുതന്നെ, ഫെമിനിസ്റ്റുകൾ വിശകലനത്തിന്​ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

സ്ത്രീയുടെ ശരീര വർണനകളും അതിലേക്കുവീഴുന്ന പുരുഷ നോട്ടവും സാഹിത്യത്തിലും സിനിമയിലും മറ്റു കലകളിലും വിന്യസിക്കപ്പെട്ടിരിക്കുന്നത് സ്ത്രീവിമോചകരുടെ ശ്രദ്ധക്കും വിമർശനത്തിനും വിധേയമായി. പുരുഷന്റെ ഇഷ്ടത്തിനും അഭിലാഷങ്ങൾക്കും അനുസരിച്ചാണ് സ്ത്രീയുടെ നഗ്‌നതയും അലങ്കാരവും എപ്പോൾ, എങ്ങനെ, എവിടെയെല്ലാം എന്നത് നിർണയിക്കപ്പെടുന്നത് എന്നതാണ് പ്രധാന വിമർശം. അത് ലൈംഗികതയുമായും, എല്ലായ്​പ്പോഴും അതിന്റെ കർത്താവായി ചമയുന്ന പുരുഷന് ലഭിക്കുന്ന ആധിപത്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം നഗ്‌നത, സൗന്ദര്യാത്മകതയിൽ നിന്ന് അശ്ലീലമായി മാറുന്നത് ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിലാണെന്നും കാണാം.

ആണധികാര വ്യവസ്ഥ സ്ഥാപിക്കപ്പെടുമ്പോഴേക്കും സ്ത്രീയുടെ ശരീരഭംഗി ആസ്വദിക്കുക മാത്രമല്ല, അതുവഴി അവരെ വിധേയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന് ഫെമിനിസ്റ്റ് വിമർശകർ കാണുന്നു

മറയ്​ക്കുന്ന ശരീരവും തുറക്കുന്ന ശരീരവും

സ്ത്രീ പുരുഷ ശരീരങ്ങളെ അവയുടെ ധർമത്തിന്റെ തലങ്ങളിൽ മാത്രം കാണുകയും വ്യക്തികൾ രൂപപ്പെടാതെയുമിരിക്കുന്ന കാലത്തെ സ്ത്രീപ്രതിനിധാനങ്ങളെ ആധുനിക കാലത്തേതു പോലെ കാണാൻ കഴിയില്ല. കാളിദാസന്റെ കൃതികളിലും ഗീതഗോവിന്ദത്തിലുമൊക്കെയുള്ള സ്ത്രീകളുടെ ശരീരവർണനകൾ, അവരുടെ കാമനകളെ കൂടി ഉൾക്കൊള്ളുന്നതിനാലാവാം, അശ്ലീലമായി അനുഭവിക്കാൻ കഴിയാത്തത്. അവയിലൊക്കെ കാമിനിമാരുടെ മുലക്കച്ച അഴിഞ്ഞു പോകുന്നതും മിഴികൾ കാതരമാവുന്നതും ഇഷ്ടപുരുഷനോടുള്ള പ്രണയത്താലാണ്. അതോടു ചേർന്നാണ് മിക്കപ്പോഴും ശരീരവർണനകളുള്ളത്. ഖജുരാഹോയിലെയും മറ്റും ക്ഷേത്ര ശില്പങ്ങളിലും നഗ്‌നത അശ്ലീലമാവുന്നില്ല. അതേസമയം, പിതൃമേധാവിത്വ വ്യവസ്ഥയുമായി ചേർത്തുവച്ചുള്ള വായനകളും ഇവയെ പറ്റി എല്ലാം ഉണ്ടായിട്ടുമുണ്ട്. പുരുഷന്മാരെ അപമാനിക്കാനായി അവരുടെ ‘സ്വത്ത്​’ എന്നു കരുതുന്ന പാഞ്ചാലിയുടെ വസ്ത്രാക്ഷേപം മഹാഭാരതത്തിലും കാണുന്നുണ്ടല്ലോ .

ലുസിഫർ സിനിമയിലെ ഐറ്റം ഡാൻസിൽ നിന്നും
ലുസിഫർ സിനിമയിലെ ഐറ്റം ഡാൻസിൽ നിന്നും

ആണധികാര വ്യവസ്ഥ സ്ഥാപിക്കപ്പെടുമ്പോഴേക്കും സ്ത്രീയുടെ ശരീരഭംഗി ആസ്വദിക്കുക മാത്രമല്ല, അതുവഴി അവരെ വിധേയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന് ഫെമിനിസ്റ്റ് വിമർശകർ കാണുന്നു. സ്വേച്ഛാ പ്രകാരമുള്ള തെരഞ്ഞെടുപ്പോ, മറ്റു സാമൂഹ്യമായ അധികാരങ്ങളോ ഇല്ലാതിരിക്കുന്നിടത്ത് സ്ത്രീ ഒരു ലൈംഗിക ഉപഭോഗ വസ്തു മാത്രമായി തരംതാഴുന്നു. പോർണോഗ്രാഫി, ഈ സന്ദർഭത്തിൽ കടുത്ത എതിർപ്പുകൾക്ക് വിധേയമായി. സ്ത്രീകളുടേയും കുട്ടികളുടെയും താൽപര്യത്തിന് വിരുദ്ധമായി ബലം പ്രയോഗിച്ചോ അധികാരം കൊണ്ടോ, അതല്ലെങ്കിൽ ദാരിദ്ര്യം മുതലെടുത്തോ ഒക്കെയാണ് അവരെ പോർണോഗ്രാഫി ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത് എന്നത് ഉയർന്നു വന്ന വിമർശമാണ്. ആക്രമിക്കുകയും വേദനിപ്പിക്കുകയും കീഴ്പ്പെടുത്തുകയുമൊക്കെയാണ് ഇവയിൽ ചിത്രീകരിക്കുന്നത്. ഇതെല്ലാം ആസ്വദിക്കുന്നത് പുരുഷന്മാർ മാത്രമാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇവ മാത്രമാണ് ലൈംഗികതയെ കുറിച്ച് പഠിക്കാൻ ചെറുപ്പക്കാർക്ക് ലഭ്യമാകുന്നത് എന്നതാണ് മറ്റൊരു പ്രശ്‌നം. അവർ ഈ പീഡനങ്ങൾ യാഥാർത്ഥ ജീവിതത്തിലും പിന്തുടരുന്നു. മറിച്ച്, സ്ത്രീകളെ ഭോഗവസ്തുക്കളായി കാണുകയും അവർ കീഴ്‌പെടുത്താനുള്ളവരാണെന്ന ബോധം നിലനിൽക്കുകയും ചെയ്യുന്ന സമൂഹത്തിൽ അത് പോർണോഗ്രഫിയിലും പ്രതിഫലിക്കുകയാണെന്ന് കണ്ടവരുമുണ്ട്.

മണിപ്രവാള കൃതികളിലെ സ്ത്രീശരീര വർണനകൾ സ്ത്രീകളുടെ നോട്ടത്തിൽ വിമർശന വിധേയമാക്കാവുന്നതാണ്. നവോത്ഥാന കാലത്ത് രൂപപ്പെട്ട സ്ത്രീ കർതൃത്വങ്ങൾ ശരീരബദ്ധമായ ബോധത്തിനു മേലെ അറിവ് നേടിയും പൊതു മണ്ഡലത്തിലേക്കിറങ്ങിയും താൻബോധം നേടുന്നതിലെ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും അക്കാലത്തെ സാഹിത്യവും ചരിത്രരേഖകളും വെളിപ്പെടുത്തുന്നു. ജെ. ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന പുസ്തകം ഈ അവസ്ഥ മനസ്സിലാക്കാൻ ഉപകരിക്കും. ശരീരം മറയ്ക്കുന്നതാണോ തുറന്നിടുന്നതാണോ കർതൃത്വത്തിന് യോജിച്ചതാവുക എന്നതിൽ സ്ത്രീകൾ പലയിടത്തും സന്ദേഹിക്കേണ്ടി വരുന്നുണ്ട്. മാറു മറയ്ക്കുന്നത് വ്യഭിചാരിണികളാണ് എന്ന സങ്കൽപ്പവും അന്ന് നിലനിന്നു. പരിഷ്‌കരണ കർത്താക്കളായ പുരുഷന്മാരുടെയും വിദേശീയ മിഷനറിമാരുടെയും ബ്രിട്ടീഷുകാരുടെയും പ്രേരണ പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ മാറ്റമുണ്ടാക്കുന്നതിനെ സ്വാധീനിക്കുന്നതായി കാണാം. സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും വളരെ ബുദ്ധിമുട്ടിയാണ് സ്ത്രീകൾ ധരിച്ചതെന്നതിന് രേഖകളുണ്ട്. അണിഞ്ഞൊരുങ്ങലിനേക്കാൾ, പഠിപ്പിനും അറിവിനും പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇന്ദുലേഖയെ പോലെ ആദ്യകാല നായികമാർ പ്രത്യക്ഷപ്പെടുന്നത്. മോഹിനിയാട്ടത്തിനും മറ്റും നേരത്തേ ഉണ്ടായിരുന്ന ഔന്നത്യം അക്കാലത്ത് നഷ്ടപ്പെടുകയും ചെയ്തു.

സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാൻ ക്യാമറകൾ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാർ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങൾ മുഴുവൻ മറച്ചു വരുമ്പോൾ, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദർശിപ്പിക്കപ്പെടുന്നതായി കാണാം

നായികാശരീരങ്ങൾ

സ്ത്രീകളെ നല്ലതെന്നും ചീത്തയെന്നും വിഭജിച്ചുറപ്പിക്കുന്നതിൽ ആധുനികതയാണ് കൂടുതൽ പങ്ക് വഹിച്ചത്. കുടുംബിനികളും പതിതകളുമായി സ്ത്രീകൾ വേർതിരിക്കപ്പെടുന്നു. പതിതകൾ നിഷ്‌കാസിതരും തമസ്‌കരിക്കപ്പെട്ടവരും ഭാവിയിൽ മാന്യപദവി സ്വപ്നം കണ്ട്, സ്വന്തം അവസ്ഥ മറച്ചുവച്ച് ജീവിക്കേണ്ടവരുമായി. എല്ലാവരും കുടുംബിനികളായി മാറുന്ന ഒരു നല്ല നാളെ വിഭാവനം ചെയ്യപ്പെട്ടു. എന്നാൽ, ശരീരം/മനസ്​ ദ്വന്ദ്വസങ്കല്പത്തിൽ അകപ്പെട്ടതു പോലെ സ്ത്രീവിമോചനവാദികൾ ഇവിടെയും നല്ല/ചീത്ത എന്ന ദ്വന്ദ്വവൽക്കരണത്തിൽ പെട്ടുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകളെ ഇരട്ടത്താപ്പിലൂടെ രണ്ട് തരമായി കാണുന്നതു പോലെ വിനോദ സേവികമാരേയും രണ്ടുതരത്തിൽ തിരിക്കുന്നതായി കാണാം. ഒരു കൂട്ടർ താരപദവി കൊണ്ട് തിളങ്ങുന്നവരും, മറ്റുള്ളവർ എപ്പോഴും മുഖം മറയ്ക്കപ്പെടുന്നവരും. പക്ഷെ, ഏതവസ്ഥ പേറിയാലും, സ്വന്തം ‘പിഴവ്' മൂലമോ പുറമേയുള്ള കാരണങ്ങളാലോ ഏതു സ്ത്രീയും പതിതയായി പരിണമിക്കാം. സ്ത്രീയുടെ ‘അപകടകരമായ ലോലത' ശരീരത്തിലെന്ന പോലെ അവസ്ഥയിലുമുണ്ട്. കുടുംബത്തിനുപുറത്തേക്ക് ആശങ്കയോടെ മാത്രമേ അവർക്ക് കടക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

Photo : unsplash
Photo : unsplash

നാടകത്തിൽ മാത്രമല്ല, സിനിമയിലും അഭിനയിക്കാൻ വരുന്ന സ്ത്രീകൾ ഇന്നത്തെ പോലെ ആത്മാഭിമാനത്തോടെ പ്രൊഫഷണലുകളായി കടന്നു വരുന്നത് തുടക്കത്തിൽ വിരളമായിരുന്നു. നൃത്തത്തിൽ നൈപുണ്യമുള്ളതു കൊണ്ടോ, ദാരിദ്ര്യം കൊണ്ടോ ഒക്കെയാണ് ആദ്യകാലത്ത് സ്ത്രീകൾ സിനിമയിലേക്ക് വന്നിരുന്നത്. താരമൂല്യം എല്ലാവർക്കും ഒരേ പോലെ ലഭിക്കുകയില്ല. കുടുംബ മഹിമയോ ബന്ധുബലമോ പ്രശസ്തിയോ ഒക്കെ ചിലർക്ക് ലഭ്യമാകും. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട നർത്തകിമാരായിരുന്ന ലളിത, പത്മിനി, രാഗിണിമാർക്ക് സിനിമയിലും സമൂഹത്തിലും നല്ല പദവി ലഭിച്ചിട്ടുണ്ട്. അതേപോലെ, അത് ലഭിച്ചിട്ടുള്ളവരും ജീവിതം തന്നെ ദുരന്തമായി തീർന്നവരും സിനിമാ ലോകത്തുണ്ടായി. സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാൻ ക്യാമറകൾ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാർ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങൾ മുഴുവൻ മറച്ചു വരുമ്പോൾ, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദർശിപ്പിക്കപ്പെടുന്നതായി കാണാം. എന്നാൽ, ജീവിതത്തിൽ അങ്ങനെയായിരുന്നില്ല താനും. കോളേജുകളിൽ സാരിയൊക്കെ നിർബ്ബന്ധമായിരുന്ന അക്കാലത്ത് വെള്ളിത്തിരയിലെ ‘കോളേജ് കുമാരിമാർ' പ്രത്യക്ഷപ്പെട്ടിരുന്നത് തുട പ്രദർശിപ്പിക്കുന്ന ഷോർട്സോ​ മിനി സ്‌കർട്ടോ ധരിച്ചാണ്. എന്നാൽ, നിത്യജീവിതത്തിൽ പുരുഷന്മാർ വീട്ടിലൊക്കെ അർദ്ധനഗ്‌നരായിരിക്കും. സ്ത്രീകൾ, ഉറങ്ങുമ്പോൾ പോലും സാരിയും മറ്റും ധരിച്ചു പോന്നു. വീട്ടിലും നാട്ടിലും മൂടി കെട്ടിയ സ്ത്രീകളെ കണ്ട് മനം മടുക്കുന്ന പുരുഷന്മാർക്ക് വെള്ളിത്തിരയിലെ സ്ത്രീശരീരം കുളിർമ പകരുന്നുണ്ടാകണം. എന്നാൽ, ഇതിനുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളുടെ അവസ്ഥയോ? കുടുംബിനിക്ക് കിട്ടുന്ന പദവിയിലേക്കെത്താൻ അവർക്കും വിവാഹം ചെയ്യണം. അതിലെത്തിയാൽ പിന്നെ അഭിനയം വേണ്ടെന്ന് വക്കുന്നത് അതിലെ മൂല്യവ്യത്യാസം കൊണ്ടായിരിക്കുമല്ലോ.

നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകൾ, ഐറ്റം ഡാൻസുകാർ, ചാൻസ് ചോദിച്ചെത്തുന്ന സ്ത്രീകൾ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നിൽ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സിനിമാരംഗത്ത് താരമൂല്യമുള്ളവർ പോലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നതിനാലും, മാനസിക സമ്മർദ്ദം കൊണ്ടും, ചൂഷണവും സാമൂഹ്യാപവാദവും നേരിടാനാകാതെയും തകർന്നുപോയതായി കാണാം. വിജയശ്രീ എന്ന മികച്ച നടിയുടെ ആത്മഹത്യ ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകൾ, ഐറ്റം ഡാൻസുകാർ, ചാൻസ് ചോദിച്ചെത്തുന്ന സ്ത്രീകൾ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നിൽ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്. എൺപതുകളിലേക്ക് കടന്നപ്പോൾ ശോഭ നായികയായ സിനിമകളിലൊക്കെ പുതിയ വേഷങ്ങൾ അവതരിപ്പിക്കപ്പെട്ടു. യഥാർത്ഥത്തിൽ കാമ്പസുകളിൽ കാണുന്നതുപോലെ കോട്ടൺ സാരിയുടുത്ത്, മുടി ഒതുക്കി കെട്ടി വച്ച ശാലീന രൂപം. യാഥാർഥ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഇത് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യതയുണ്ടാക്കി. എന്നാൽ, ഈ ഇമേജിനപ്പുറം ശോഭയുടെ ജീവിതവും ദുരന്തമായി തീർന്നു.

ശോഭ / Photo : Wikimedia Commons
ശോഭ / Photo : Wikimedia Commons

ഇന്നിപ്പോൾ അവസ്ഥ കുറെയൊക്കെ മാറി മറിഞ്ഞതായി കാണാം. പെൺ കുട്ടികളും യുവതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം മറികടന്ന് അവർക്ക് പറ്റുന്ന സ്ഥലങ്ങളിൽ, സൈബറിടങ്ങളിൽ എങ്കിലും ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നു. കുറച്ചു നാൾ മുമ്പ് മഞ്ജു വാര്യർ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് വിവാദമായതിനെ തുടർന്ന് ധാരാളം സ്ത്രീകൾ അവരുടെ അനുഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയുണ്ടായി. ഇറക്കം കുറഞ്ഞ പാവാട ധരിക്കുക എന്നത് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നു എന്നും അതിന് വീട്ടിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു എന്നും പലരും എഴുതിയതിൽ നിന്ന് മനസ്സിലായി. ഇപ്പോൾ ധാരാളം പേരും വിലക്കുകൾ മറികടന്ന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. സിനിമയിൽ അഭിനയിക്കാനെത്തുന്ന സ്ത്രീകളും, മുന്നേ പോലെയല്ല. അത് ഒരു പ്രൊഫഷനായി കണ്ടുതുടങ്ങിയിരിക്കുന്നു. സിനിമയിൽ താരങ്ങളായ സ്ത്രീകളെ മറ്റു സ്ത്രീകൾ റോൾ മോഡലുകളാക്കുന്നു എന്നതും ശ്രദ്ധേയമാണ്. നല്ല സ്ത്രീ, ചീത്ത സ്ത്രീ വരമ്പ് സ്ത്രീകൾ സ്വാഭാവികമെന്നോണം മായ്ച്ചു തുടങ്ങിയിരിക്കുന്നു. സെലിബ്രിറ്റികൾ വിവാഹമോചിതരാകുമ്പോഴും അവർക്ക് മുമ്പത്തെ പോലെ ചീത്തപ്പേരുണ്ടാകുന്നില്ല. അത്തരം നിയന്ത്രണങ്ങൾ പണ്ടേ പോലെ ഫലിക്കുന്നില്ല. മറ്റു സ്ത്രീകളും അവരിൽ നിന്ന് ഊർജ്ജവും ധൈര്യവും ഉൾക്കൊള്ളുന്നു. ബ്ലോഗുകളും ലഘു വീഡിയോ ടോക്കുകളും ചമയ്ക്കാൻ, മറ്റുള്ളവരുടെ അനുവാദമോ സഹായമോ ഇല്ലാതെ ചില സ്ത്രീകൾക്കെങ്കിലും കഴിയുന്നുണ്ട്.

മഞ്ജു വാര്യർ / Photo : Manju Warrier, fb page
മഞ്ജു വാര്യർ / Photo : Manju Warrier, fb page

സിനിമകളിലും ഇപ്പോൾ നായികയായും ‘അഴിഞ്ഞാട്ടക്കാരി'യായും അവതരിപ്പിക്കപ്പെടുന്നവർക്കിടയിലെ അന്തരം കുറഞ്ഞു വരുന്നു. മേനി പ്രദർശിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. സ്മിത (സിൽക്ക്) യിൽ നിന്ന്​ഡേർട്ടി പിക്ച്ചറിലെ വിദ്യാ ബാലനിലെത്തുമ്പോഴേക്ക് ഈ അന്തരം കുറഞ്ഞു വരുന്നതായി കാണാം. നല്ല സ്ത്രീ, ചീത്ത സ്ത്രീ പിളർപ്പ് പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയായിരിക്കുമ്പോഴും, രണ്ടു കൂട്ടരുമില്ലാതെ പുരുഷന്മാർക്ക് മതിവരില്ല. ലൈംഗികമായ ഉണർവ്വിന് ഉത്തേജിതയായതോ, അങ്ങനെ അഭിനയിക്കുന്നതോ ആയ സ്ത്രീയെയാണ് പുരുഷന് ആവശ്യം. കുടുംബത്തിലെ സ്ത്രീയെ അങ്ങനെ കാണാൻ അവർ ഇഷ്ടപ്പെടുന്നുമില്ല. അപൂർവ്വം ചിലർ കിടപ്പറയിൽ മാത്രം അതിഷ്ടപ്പെടുന്നു. ഭാര്യ, ഭരിക്കപ്പെടേണ്ടവളും, കൂടെ ജീവിക്കേണ്ടവളുമായതു കൊണ്ട്, താൻ നാഥനായ കുടുംബത്തിലെ ഭരണനിർവ്വഹണത്തിന് അച്ചടക്കം ആവശ്യമായി വരും. പുരുഷന് ലൈംഗികോർജ്ജം നൽകാൻ കാഴ്ചയിലെങ്കിലും പബ്ലിക് സ്ത്രീകൾ തന്നെ വേണം. ഈ സ്ത്രീകളെ പുറമേ തള്ളിപ്പറയുകയും, ഉള്ളിൽ ആരാധിക്കുകയുമാണ് പുരുഷന്മാർ ചെയ്യുന്നത്. അകലെ നിന്നുള്ള ആരാധന, ഈ സ്ത്രീകളുടെ ജീവിതത്തിന് അധികം ഗുണം ചെയ്യുന്നുമില്ല. സ്മിതയുടെ ആരാധകരായി ലക്ഷക്കണക്കിന് പുരുഷന്മാരുണ്ടായിട്ടും അവർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സണ്ണി ലിയോണിനെ പോലെ, സ്വന്തം സ്ഥാനവും കർത്തൃത്വവും ഉറപ്പിച്ചെടുക്കുന്ന തരത്തിലേക്ക് മാറുമ്പോൾ ഒരു പക്ഷെ, ആരാധകരുടെ വേലിയേറ്റം, സ്ത്രീകൾക്ക് കരിയർ വളർച്ചക്കെങ്കിലും ഉപകരിച്ചേക്കും.

ഭാര്യയായോ, അഭിസാരികയായോ, ചാരസുന്ദരിയായോ, ഹണി ട്രാപ്പിൽ പുരുഷനു വേണ്ടി ശത്രുവിനെ കുടുക്കുന്നവളായോ ജീവിക്കുന്ന സ്ത്രീകളെല്ലാം അതിജീവനത്തിനുവേണ്ടി വേഷം കെട്ടുകയാണ്. വിവിധ തരത്തിലാണെന്ന് മാത്രം.

സ്ത്രീകളുടെ ലൈംഗിക കർതൃത്വം; ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിൽ

കുടുംബത്തിൽ കഴിയുന്ന സ്ത്രീകളെല്ലാം സ്വസ്ഥതയോടെ കഴിയുന്നു എന്നും പൊതുവിടത്തിലെ സ്ത്രീ എപ്പോഴും വിഷമിച്ചു കഴിയുന്നു എന്നും ഇതുവരെ പറഞ്ഞതിന് അർത്ഥമില്ല. സ്ത്രീകൾ എപ്പോഴും ലൈംഗികത അടക്കി വച്ചവരായി തുടരുന്നു എന്നും കരുതേണ്ടതില്ല. അവരവർക്ക് ലഭ്യമായ ഇടങ്ങളിൽ വച്ച് മെച്ചപ്പെട്ട റോളുകൾ ഏറ്റെടുക്കുകയും, കർത്തൃത്വം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയും അതിനായി വില പേശൽ നടത്തുകയുമാണ് സ്ത്രീകൾ ചെയ്യുന്നത്. സ്ത്രീകളെ രണ്ട് തരത്തിൽ വിഭജിച്ചു നിർത്തുന്നതാണ് അവരുടെ കർതൃത്വത്തിന് ഏറ്റവും വലിയ വിലങ്ങ് തടിയായിട്ടുള്ളത്. സാമൂഹ്യമായി പിന്തള്ളപ്പെട്ടിരിക്കുന്നതിനാൽ, നേരെ നിന്ന് അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിയില്ല. അപ്പോൾ പല വിധ തന്ത്രങ്ങൾ മെനഞ്ഞെടുക്കുകയായിരിക്കും എളുപ്പം. സമ്പത്തും അധികാരവും കയ്യടക്കിയിരിക്കുന്ന പുരുഷനോട് ചേർന്ന് നിൽക്കുക എന്നത് അവരുടെ അതിജീവനതന്ത്രമാണ്. ടി.ഡി. രാമകൃഷ്ണന്റെ നോവലിലെ ആണ്ടാൾ ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രം യുദ്ധത്തിൽ ജയിച്ചെത്തുന്ന അധിപന്മാരെ ധാർമികതയുടെ ബാദ്ധ്യതയൊന്നുമില്ലാതെ, പെട്ടെന്ന് മാറി മാറി സ്വീകരിക്കുകയും, അവർക്ക് ആനന്ദവും അറിവും പകർന്നു നൽകുകയും ചെയ്യുന്നു. ഭാര്യയായോ, അഭിസാരികയായോ, ചാരസുന്ദരിയായോ, ഹണി ട്രാപ്പിൽ പുരുഷനു വേണ്ടി ശത്രുവിനെ കുടുക്കുന്നവളായോ ജീവിക്കുന്ന സ്ത്രീകളെല്ലാം അതിജീവനത്തിനുവേണ്ടി വേഷം കെട്ടുകയാണ്. വിവിധ തരത്തിലാണെന്ന് മാത്രം. സൂക്ഷ്മമായി ജീവിതം പരിശോധിച്ചാൽ അടിച്ചേൽപ്പിച്ചിരിക്കുന്ന, സദാചാരത്തിന്റെ നൂലിഴ നേരിയ ചലനത്തിൽ പൊട്ടിപ്പോകാവുന്നത്ര ദുർബലമാണ്. ബലപ്രയോഗത്തിലൂടെയും ആഖ്യാനങ്ങളിലൂടെയും നെയ്തു വച്ചിരിക്കുന്ന മുഖപടം മാത്രമാണത്.

സിൽക്ക് സ്മിത, വിദ്യ ബാലൻ
സിൽക്ക് സ്മിത, വിദ്യ ബാലൻ

സ്ത്രീകൾ ഉണർന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ യാഥാർഥ്യങ്ങൾ കൂടുതൽ വെളിപ്പെട്ടു. അത് തുടർന്നു കൊണ്ടുമിരിക്കുന്നു. കാമവും, കാമനകളും കർത്തൃത്വവും തുടിക്കുന്ന ഉടലുകൾ തന്നെയാണ് സ്ത്രീകളും പേറുന്നത്. പുരുഷ കാമനകൾക്കായി സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയും, കാബറെ, പോർണോഗ്രാഫി, ലൈംഗിക തൊഴിൽ എന്നിവയെല്ലാം എതിർക്കുകയും ചെയ്തുകൊണ്ടാണ് ഫെമിനിസം, പ്രത്യേകിച്ചും ഫെമിനിസത്തിന്റെ രണ്ടാം തരംഗം കർമനിരതമായത്. പാട്രിയാർക്കിയുടെ സമൂല പരിവർത്തനം അവർ വിഭാവനം ചെയ്തു. എന്നാൽ, സമാന്തരമായി തന്നെ ശരീരത്തേയും ലൈംഗികതയേയും ആഘോഷമാക്കി ഉയർത്തിക്കൊണ്ട്​സ്ത്രീകർത്തൃത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു.
ഗര്ഭനിയന്ത്രണം സാദ്ധ്യമാക്കുക സ്ത്രീകൾക്ക് സ്വന്തം ശരീരത്തിനുമേലുള്ള നിയന്ത്രണമാണ് എന്ന് ഒരു വിഭാഗം സ്ത്രീകൾ നേരത്തേ തിരിച്ചറിഞ്ഞു.

അമേരിക്കയിൽ ഇത് 1916 ൽ തുടങ്ങി വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മാർഗരറ്റ് സാംഗറുടെ പ്രവർത്തനങ്ങളൊക്കെ സ്ത്രീകൾ അവരുടെ ലൈംഗിക കര്തൃത്വം സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി കാണാം. അവർ അതിനായി അറസ്റ്റ് വരിക്കുകയും പലായനം നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ രതി, രതിമൂർച്ഛ, സ്വയംഭോഗം എന്നിവയൊക്കെ ബെറ്റി ഡോഡ്‌സനെ പോലെയുള്ള സ്ത്രീകൾ വിവരിക്കുകയും കലയുടെ ഭാഗമാക്കുകയും ചെയ്തു. ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും അതുവരെയുണ്ടായിരുന്ന ധാരണകൾ മറ്റുകയുണ്ടായി. സ്ത്രീകളുടെ ലൈംഗിക കർതൃത്വം തിരിച്ചു പിടിക്കേണ്ടതാണെന്ന ബോധത്തോടെയുള്ള ഫെമിനിസ്റ്റ് ഇടപെടലുകൾ ശക്തി പ്രാപിക്കാൻ തുടങ്ങിയത് തൊണ്ണൂറുകൾക്കുശേഷമാണ്. ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിൽ വ്യത്യസ്തങ്ങളായ സ്ത്രീ അനുഭവങ്ങളെ അറിയുകയും അംഗീകരിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ഇതിനായി കൂടുതൽ ഇടങ്ങളുണ്ടായി.

997ലെ സെക്‌സ് വർക്കർമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ നിന്ന്. / Photo: Screen grab from 'Negotiating sex workers' right' video
997ലെ സെക്‌സ് വർക്കർമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ നിന്ന്. / Photo: Screen grab from 'Negotiating sex workers' right' video

ലിംഗപദവിയുടെ സ്വയം തെരഞ്ഞെടുക്കൽ, ലൈംഗിക ചായ്​വ്​, ഇഷ്ടങ്ങൾ എന്നിവ കർതൃത്വത്തിന്റെ കാതലായി മനസ്സിലാക്കുന്നതിന് ലൈംഗികതയെക്കുറിച്ചുള്ള പുതിയ വ്യവഹാരങ്ങളും വ്യത്യസ്ത ലൈംഗികവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും സഹായിച്ചു. പല സാഹചര്യത്തിലുമുള്ള സ്ത്രീകൾ അവരുടെ ശബ്ദം ഉയർത്തുകയും മറ്റുള്ളവർ അത് കേൾക്കുകയും ചെയ്യുമ്പോൾ കർതൃത്വങ്ങൾ ആവിഷ്‌കരിക്കപ്പെടുകയാണ്. പാശ്ചാത്യ ഫെമിനിസ്റ്റുകളിൽ ഗെയിൽ റൂബിൻ, (Gayle Rubin) ലൈംഗികതയെ നല്ലതും ചീത്തയുമായി തിരിച്ചിരിക്കുന്നതിലെ സാമ്പത്തിക രാഷ്ട്രീയമാനങ്ങൾ തിരിച്ചറിയുകയുണ്ടായി. 1984 ൽ പ്രസിദ്ധീകൃതമായ ‘തിങ്കിങ് സെക്‌സ്' (Thinking sex), ലൈംഗികതയിലെ വ്യത്യസ്തതകളെ പുറത്തെടുക്കുകയും ക്വിയർ രാഷ്ട്രീയത്തെ ഫെമിനിസത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. പോർണോഗ്രാഫിക്കെതിരായി ഒരു വിഭാഗം ഫെമിനിസ്റ്റുകൾ എഴുപതുകളിലും എൺപതുകളിലും ഉയർത്തിക്കൊണ്ടുവന്നഎതിർപ്പുകളോടുള്ള പ്രതികരണത്തിലൂടെ സെക്‌സ് പോസിറ്റീവായ ഫെമിനിസ്റ്റുകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സദാചാര പരിഭ്രാന്തിയിലും ദ്വന്ദ്വ കല്പനകളിലും ഫെമിനിസ്റ്റുകളും പെട്ടു പോയിട്ടുണ്ട്.

പോണോഗ്രഫി, അക്രമത്തിന് തത്തുല്യമാണെന്നും അത് കാണുന്നവരെല്ലാം സ്ത്രീകൾക്കുനേരെ അക്രമികളാകുകയും ചെയ്യുമെന്നതിന് വസ്തുതാപരമായ പഠനങ്ങളില്ല.

ലൈംഗികതയെ ആകപ്പാടെ എതിർക്കുന്നത് പുരുഷമേധാവിത്വത്തിനെതിരായ സമരമായി തുലനപ്പെടുത്തുന്നത് ഫെമിനിസ്റ്റുകളും പരുഷമേധാവിത്വത്തിന്റെ തന്നെ അജണ്ടയായ സദാചാരക്കെണിയിൽ അകപ്പെടുന്നതുകൊണ്ടാണ്. പോർണോഗ്രാഫിയെ മാത്രം മൊത്തമായി ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും, സ്ത്രീകളെ അടിച്ചമർത്തുന്ന കുടുംബം, മതം, ഭരണകൂടം, വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയിലെല്ലാമുള്ള സ്ത്രീവിരുദ്ധതക്കെതിരെ മാത്രം നിലപാടെടുക്കുകയും ചെയ്യുന്നതിൽ സൂക്ഷ്മമായ ലൈംഗിക സദാചാരഭയം പ്രവർത്തിക്കുന്നതു കാണാമെന്ന് റൂബിൻ പറയുന്നു. പോണോഗ്രഫി, അക്രമത്തിന് തത്തുല്യമാണെന്നും അത് കാണുന്നവരെല്ലാം സ്ത്രീകൾക്കുനേരെ അക്രമികളാകുകയും ചെയ്യുമെന്നതിന് വസ്തുതാപരമായ പഠനങ്ങളില്ല. ലൈംഗികത രൂപപ്പെടുന്നതിന്റെ ഭാഗമായ ഫാന്റസി, സ്വകാര്യമായി അനുഭവിക്കാവുന്ന രതി, ഇണകളെ ലഭിക്കാത്തവർക്കുള്ള ഉപാധി, പകർച്ചവ്യാധികളെ ഭയപ്പെടാതെയുള്ള അനുഭൂതി, സ്വയംഭോഗത്തിനുള്ള രസക്കൂട്ട്, രതിയുടെ മുന്നോടിയായ ഉത്തേജനോപാധി, ഇങ്ങനെ ഒട്ടേറെ വശങ്ങൾ പോർണോഗ്രഫിക്കുണ്ട്. ദാമ്പത്യത്തിനു പുറത്തുള്ള ലൈംഗികതയോടുള്ള ഭയമാണ് വ്യത്യസ്ത ലൈംഗികതാല്പര്യങ്ങളെ അന്ധമായി എതിർക്കാൻ ഒരു വിഭാഗം ഫെമിനിസ്റ്റുകളേയും പ്രേരിപ്പിച്ചത്.

@keralaqueerpride
@keralaqueerpride

തൊണ്ണൂറുകൾക്കുശേഷം ശക്തിപ്രാപിച്ച ട്രാൻസ്, ഗേ, ലെസ്ബിയൻ, ക്വിയർ പ്രസ്ഥാനങ്ങൾ ഫെമിനിസത്തിന് അവഗണിക്കാൻ കഴിയാതെ വന്നു. ആണ്മ എല്ലാ ആണുങ്ങളിലും ഒരു പോലെയല്ല എന്നുള്ളതും ലൈംഗിക താൽപ്പര്യങ്ങൾക്ക് ഒടുങ്ങാത്ത വ്യത്യസ്തതകളുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ പ്രസ്ഥാനങ്ങളിലൂടെ വ്യാപകമായി. ഒരു ജീവിതപങ്കാളിയെ കണ്ടെത്താനും ഒരുമിച്ച് ജീവിക്കാനുമുള്ള സാഹചര്യം സ്വവർഗാനുരാഗികൾക്ക് സമൂഹം നൽകുന്നില്ല. നിലവിലുള്ള ലൈംഗികക്രമം ഉടച്ചു കളഞ്ഞുകൊണ്ട് മാത്രമേ അവർക്ക് കർതൃത്വം ഉറപ്പിക്കാൻ കഴിയൂ. സ്ത്രീപുരുഷപ്രണയത്തിന്റെ അതിപ്രസരം കൊണ്ട് നമ്മുടെ പൂർവ്വകാല കലാ സാഹിത്യ സിനിമ പരിസരങ്ങൾ മലീമസമായിരിക്കുന്നു എന്നത് ഇതരവിഭാഗങ്ങളുടെ പ്രണയലാവണ്യം നുകരാൻ കഴിയുമ്പോഴാണ് തിരിച്ചറിയുന്നത്. ട്രാൻസ് ജെന്റർ, ക്വിയർ മനുഷ്യരുടെ ചുവടുവയ്പുകളും ചലനവിന്യാസങ്ങളും എല്ലാം തമസ്‌കരിക്കപ്പെട്ടിരുന്നു എന്നത് എത്ര വലിയ സൗന്ദര്യനഷ്ടമാണ്? പുറംലോകത്ത് അംഗീകാരമില്ലാത്തിടത്തോളം അതൊക്കെ മോശം പോർണോഗ്രഫിയായി എണ്ണിയിരുന്നിരിക്കാം.

കുടുംബിനികളും വിനോദിനികളും

വിനോദ വ്യവസായത്തിൽ പണിയെടുക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴും അവർ വസ്തുവൽക്കരണത്തിനും ചൂഷണത്തിനും ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന കാഴ്ചയാണ് അവരെ അസ്വസ്ഥപ്പെടുത്തിയത്. ബാറുകളിൽ നൃത്തം ചെയ്യുന്നവർ, അമ്പലത്തിലെ ദേവദാസികൾ, വീടുകളിൽ ഉന്നതർക്ക് ലൈംഗികസേവനം ചെയ്യുന്നവർ, സെക്‌സ് ഷോയിലും മസാജ് സെന്ററിലും പണിയെടുക്കുന്നവർ, ബ്രോതലുകളിൽ ജോലി ചെയ്യുന്നവർ, തെരുവിൽ നിന്ന് കസ്റ്റമർമാരെ കണ്ടെത്തേണ്ടവർ, ഫോണും നെറ്റും ഉപയോഗിച്ച് കച്ചവടം നടത്തുന്നവർ, ഹോട്ടലിലെ കാബറെ ആർട്ടിസ്റ്റുകൾ തുടങ്ങി ആയിരക്കണക്കിന് സ്ത്രീകളാണ് വിനോദവ്യവസായത്തിലുള്ളത്. ശരീരത്തിന്റെ ദൃശ്യതയും ചലനങ്ങളും കരവിരുതും സ്പർശവും ഉപയോഗിച്ച് സേവനം നടത്തുന്നത്. മറ്റു സ്ത്രീകളോട് ഒപ്പമോ അതിലേറെയോ ഈ സ്ത്രീകളും അന്യവൽക്കരണവും അപമാനവീകരണവും ചൂഷണവും നേരിടുന്നുണ്ട്. തൊഴിലിൽ മറ്റുള്ളവരെ പോലെ തന്നെ പൂർണമായ സ്വതന്ത്രേച്ഛയോടെ ഒരു തെരഞ്ഞെടുപ്പ് ഇവർക്കും സാദ്ധ്യമല്ല. ഒരു കാലത്ത് കുടുംബിനികൾക്കെന്ന പോലെ തന്നെ ഇതിൽ പല തൊഴിലുകൾക്കും മാന്യതയുണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ. കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും ഭാഗമായി കടന്നുവന്ന വിക്ടോറിയൻ സദാചാര മൂല്യങ്ങൾ സ്ത്രീകളെ നല്ലവരും പിഴച്ചവരുമായി തരം തിരിച്ചു കണ്ടതിലൂടെയാണ് കുടുംബത്തിന് പുറത്ത് ലൈംഗിക സേവയോ വിനോദ സേവയോ ചെയ്യുന്ന സ്ത്രീകൾ അധോലോകത്തിലേക്ക് തള്ളിമാറ്റപ്പെടുന്നത്. സമുദായത്തിന്റെ സദാചാരഭ്രംശത്തിന്റെ ഉത്തരവാദിത്വം തന്ത്രപൂർവം ഈ സ്ത്രീകളുടെ തലയിൽ കെട്ടിവക്കാൻ പുരുഷമേധാവിത്വത്തിനു കഴിഞ്ഞു. കുടുംബിനികൾ, അവർക്കുണ്ടെന്ന് ധരിക്കുന്ന മാന്യത, അത് നഷ്ടപ്പെട്ട സ്ത്രീകളുടെ ചെലവിലാണ് ഉണ്ടാകുന്നത്. കുടുംബത്തിൽ നടത്തുന്ന സേവനങ്ങളും, കാല്പനികമായ ഒരു മാന്യതാപ്രതീതി ഉളവാക്കുന്നു എന്നതൊഴിച്ചാൽ ചൂഷണത്തിലും അന്യവൽക്കരണതത്തിലുമാണ് ഊന്നിയിട്ടുള്ളത്. ചതുപ്പുനിലത്തിലൂടെ നടക്കുമ്പോഴെന്ന പോലെ ഏതു സമയവും ചെളിയിൽ ആണ്ടു പോകാം.

50 രൂപക്ക് തെരുവിൽ ശരീരം വിൽക്കുന്ന ലൈംഗിക സേവികയും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങി ശരീരം കൊണ്ട് ദൃശ്യവിരുന്നൊരുക്കുന്ന താരങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമാണ്.

വിനോദ വ്യവസായത്തിൽ പണിയെടുക്കുന്ന സ്ത്രീകളെല്ലാം എപ്പോഴും ഇരകളായി തുടരുന്നവരും ചൂഷണത്തിലൂടെ മാത്രം അവിടേക്കെത്തിയവരുമാണോ? കുടുംബങ്ങളിൽ ജനിച്ച് അവിടെ നിന്നുതന്നെ വിൽക്കപ്പെടുന്നവർ, പാരമ്പര്യമായി തന്നെ ഈ തൊഴിലിൽ ഏർപ്പെട്ടവർ, വിവാഹശേഷം ഭർത്താവിന്റെ പ്രേരണയാലോ പുറന്തളളലാലോ എത്തപ്പെട്ടവർ, എല്ലാം അവരിലുണ്ട്. മറ്റുള്ളവരുടെ ചതിയാൽ ആനയിക്കപ്പെട്ടവരുമുണ്ട്. രതിയുടെ പരിസരങ്ങൾ ആസ്വദിക്കാൻ താൽപ്പര്യത്തോടെ എത്തുന്നവരും, കലയോടു താല്പര്യമുള്ളവരും കൂടുതൽ പണം കാംക്ഷിച്ചെത്തുന്നവരും സാഹസങ്ങൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. ചതിക്കും വഞ്ചനക്കും ഇരയാക്കപ്പെട്ടവരും എല്ലാ കാലവും ഇരകളായി തുടരുന്നില്ല. ജീവിതകാലം മുഴുവൻ തടവിൽ കഴിയേണ്ട അവസ്ഥയുള്ളവർ വളരെ കുറവായിരിക്കും. കൂടുതൽ പേരും അവർക്ക് ലഭ്യമായേക്കാവുന്ന മറ്റു തൊഴിൽ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി തൽക്കാലത്തേക്കെങ്കിലും ഇത് തെരഞ്ഞെടുക്കുന്നവരാണ്. വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടെങ്കിലും മുഴുവൻ സമയവും അവർ കരഞ്ഞുകൊണ്ടിരിക്കുകയല്ല. അതിജീവിക്കുകയും ആ പ്രക്രിയയിൽ പല വിധ നൈപുണ്യങ്ങൾ ആർജ്ജിക്കുകയുമാണ്. മനുഷ്യരെ കൂടുതൽ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും അവർക്ക് എളുപ്പം സാധിക്കും.
ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തുകയും സ്‌കൂളിലും കോളേജിലും പോയി അധികം പഠിക്കാൻ സാധിക്കാത്തവരുമായ നടിമാർ, മറ്റു യുവതികളേക്കാൾ നന്നായി സംസാരിക്കുകയും പ്രതിസന്ധികളെ നേരിടുകയും ചെയ്യുന്നത് ഇപ്പോൾ കണ്ടുവരുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ കർതൃത്വം പ്രകടമാകുന്നതോടെയാണ് ഈ മാറ്റങ്ങളും ദൃശ്യമാകുന്നത്.

50 രൂപക്ക് തെരുവിൽ ശരീരം വിൽക്കുന്ന ലൈംഗിക സേവികയും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങി ശരീരം കൊണ്ട് ദൃശ്യവിരുന്നൊരുക്കുന്ന താരങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമാണ്. അവരുടെ ഇടയിൽ പല അടരുകളിലായി വിന്യസിക്കപ്പെട്ട അനേകരുണ്ട്. ആന്ധ്രയിൽ റെക്കോർഡ് ഡാൻസ് ഒരു പുരുഷ വിനോദമാണ്. സാധാരണക്കാരുടെ കാബറെ എന്ന് വേണമെങ്കിൽ പറയാം. സ്ത്രീകൾ നൃത്തം ചെയ്യുമ്പോൾ, കാമാർത്തി കൊണ്ട് സ്റ്റേജിലേക്ക് കടക്കാൻ ശ്രമിക്കുന്ന കാണികളായ പുരുഷന്മാരെ നടത്തിപ്പുകാർ ചൂരൽ വടി വീശി തല്ലി ഓടിക്കുന്നതുകാണാം. ഇതും നിയമവിരുദ്ധമാണ്. പൊലീസ് വന്നാൽ നിർത്തിപ്പോകുകയോ പണം കൊടുക്കുകയോ വേണ്ടി വരും. ജീവിതത്തിന്റെ അവസ്ഥയിലും പദവിയിലും ഇവരെല്ലാം എത്ര വ്യത്യസ്തരാണ്? വസ്തുവൽക്കരണത്തിന്റെ പേരിൽ ഏതൊക്കെ തൊഴിലുകൾ എതിർക്കപ്പെടാൻ കഴിയും? വാണിജ്യമെന്ന പേരിൽ ഉന്നതരെ എതിർക്കാൻ കഴിയുമോ? വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും പിടിയിലമരാത്ത ഏത് തൊഴിൽ മേഖലയാണ് ഇന്നുള്ളത്? അപ്പോൾ പിന്നെ ഇതിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി കളങ്കമുണ്ടാകുന്നതെങ്ങനെ? താഴേത്തട്ടിൽ വരുന്ന നർത്തകിമാരും ലൈംഗിക സേവികമാരുമാണെങ്കിലോ? അവരുടെ അന്നം മുട്ടിക്കുക എന്നതാണ് ഇതെല്ലം ഉന്മൂലനം ചെയ്യണം എന്ന് വാദിക്കുന്നവരുടെ പ്രവർത്തനഫലമായുണ്ടാകുന്നത്.

Photo : maxpixel.net
Photo : maxpixel.net

തിരസ്‌കൃതരായവരും അപമാനിക്കപ്പെട്ടവരും തന്നെ അവരുടെ കാര്യങ്ങൾ സംസാരിക്കട്ടെ. അതിനുള്ള ഇടങ്ങൾ ഒരുക്കി കൊടുക്കുകയാണ് മറ്റുള്ളവർക്ക് ചെയ്യാവുന്നത്. ഇന്ത്യയിൽ താഴേ വിഭാഗത്തിൽ പെടുന്ന ലൈംഗിക തൊഴിലാളികളാണ് ആദ്യം സംഘടിതരായത്. അവർ അവരുടെ ജീവിതവും അതിജീവനവും അവകാശവും സംസാരിക്കുക വഴി കർതൃത്വം നിർമിക്കപ്പെടുകയാണ്. എല്ലാവർക്കും അപമാനഭയം അതിജീവിച്ച് പുറമേ വരാൻ കഴിയുന്നില്ലെങ്കിലും, പുറത്തു വരുന്നവർ വഴി ‘തൊഴിലാളികൾ ' എന്ന ഐഡന്റിറ്റി സ്ഥാപിച്ചെടുത്തു. ഇതേ തൊഴിലിൽ തുടരുകയാണെങ്കിലും മറ്റു തൊഴിലുകൾ സ്വീകരിക്കുകയാണെങ്കിലും ജീവിക്കാനാവശ്യമായ സുരക്ഷിതമായ ചുറ്റുപാടാണ് എല്ലാവരും കാംക്ഷിക്കുന്നത്. ബാറുകളിലേയും ഹോട്ടലുകളിലേയും നൃത്തങ്ങളും ആനന്ദോപാധികളും അധോലോകത്തിലെന്നതു പോലെയാണ് നിലകൊള്ളുന്നത്. ലൈംഗിക തൊഴിലിലെന്ന പോലെ ഇവിടെയും സ്ത്രീകൾ ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കപ്പെടുന്നത് ഈ അധോലോക സ്വഭാവം നില നിർത്തുന്നത് കൊണ്ടാണ്. ലൈംഗികാനന്ദം, വർജ്ജിക്കേണ്ടതാണെന്നും, നിന്ദ്യവുമാണെന്ന പൊതുബോധമാണ് ഇത് നിലനിർത്തുന്നത്. ഇവയെ നീതിയുടെ വെളിച്ചത്തു കൊണ്ടു വരാനല്ല, ഇല്ലാതാക്കുകയും പിന്നീട് രഹസ്യമായി ഉപയോഗിക്കാൻ പാകത്തിൽ, ഇരുട്ടിൽ നിർത്തുകയുമാണ് സംസ്‌കാരമായി കരുതുന്നത്.

ഹോട്ടലുകളിൽ ഒരു കാലത്തുണ്ടായിരുന്ന കാബറെ നൃത്തങ്ങൾ സമരം ചെയ്ത് ഇല്ലാതാക്കിയ ചരിത്രം കേരളത്തിനുണ്ട്. പ്രകടമായ ആനന്ദം അനുവദിക്കാത്തിടത്ത് ക്രൂരതയും ചൂഷണവും നിലകൊള്ളും. അടുത്തിടെ സ്ത്രീകൾക്ക് ബാറുകളിൽ ജോലി ചെയ്യാൻ തന്നെ അനുവാദമില്ലെന്നും കണ്ടു. തൊഴിൽ മേഖലകളിൽ നിന്നെല്ലാം സ്ത്രീകൾ പുറത്താകുമ്പോൾ, അവർ സുരക്ഷിതരാവുകയല്ല. കൂടുതൽ അരക്ഷിതരാവുകയാണ്. രക്ഷിക്കാനെന്ന പേരിൽ വാസ്തവത്തിൽ അവർ ശിക്ഷിക്കപ്പെടുകയാണ്. മുംബൈയിലെ ബാറുകളിൽ ഡാൻസ് നിർത്തലാക്കിയപ്പോൾ, തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകൾ സംഘടിക്കുകയും അവകാശങ്ങൾക്കായി പൊരുതുകയും ചെയ്തു. ലൈംഗികത്തൊഴിലാളി സംഘടനകൾ അവർക്ക് ഐക്യദാർഢ്യം നൽകുകയും വിശാലമായ ഒരു ശ്രുംഖലയിലേക്ക് കണ്ണി ചേർക്കപ്പെടുകയും ആണുണ്ടായത്.

ഡബ്ല്യു.സി.സി അംഗങ്ങൾ /  Photo : Women in Cinema Collective, fb page
ഡബ്ല്യു.സി.സി അംഗങ്ങൾ / Photo : Women in Cinema Collective, fb page

വളരെ വലിയ മൂലധനത്തിന്റെ ഒഴുക്കുള്ളതുകൊണ്ടാവണം വലിയ വ്യവസായമായിട്ടും സിനിമയിലെ സ്ത്രീകൾക്ക്, തങ്ങൾ അനുഭവിക്കുന്ന അനീതിക്കെതിരെ സംഘടിക്കാൻ കഴിയാതിരുന്നത്. പൊതുവേ, സ്ത്രീകളുടേതല്ലെന്ന് പൊതു സമൂഹം കരുതുന്ന മേഖലയായതു കൊണ്ടു കൂടിയാണത്. കേരളത്തിൽ ഡബ്ല്യു.സി.സി രൂപപ്പെട്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ സമാനമായവ കാണുന്നില്ല. സിനിമയിലേക്ക് നടിമാരായി കടന്നുവരുന്നവർ മോഡലിംഗ്, സൗന്ദര്യ മത്സരം എന്നതിൽ നിന്നൊക്കെയാകാറുണ്ട്. ഇത്തരം സംരംഭങ്ങളെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം എതിർത്തിട്ടുണ്ട്. ലൈംഗികത്തൊഴിലാളികളുടെ സ്വതന്ത്ര സംഘടനകളേയും അവർ എതിർത്തിരുന്നു. സ്ത്രീകൾ ഇതിലെല്ലാം വസ്തുവൽക്കരിക്കപ്പെടുന്നു എന്നതിന്റെ പേരിലാണത്. വസ്തുവൽക്കരണത്തെ കുറിച്ച് പുനർവായനകൾ നടന്നിട്ടുണ്ട്.
വസ്തുവൽക്കരണത്തിന് വിധേയരാകുന്നവർ എപ്പോഴും ആ നിലയിൽ തുടരുന്നില്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പുരുഷന്മാരും ക്വിയർ മനുഷ്യരും ഒന്നും തന്നെ ഇതിൽ നിന്ന് മോചിതരല്ല. എല്ലാ ജോലികളിലും ഇതിന്റെ അംശങ്ങളുണ്ട്. എന്നാൽ, മനുഷ്യർക്ക് അസ്തിത്വപരമായി തന്നെ വസ്തുവൽക്കരിക്കപ്പെട്ടുകൊണ്ട് സദാ തുടരാനാവില്ല. ഇങ്ങനെ പലവിധ ആഖ്യാനങ്ങളുമുണ്ട്. അങ്ങനെയിരിക്കേ, ശാരീരിക വിനോദത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ മാത്രമായി ഇത് കാണുന്നതിൽ സദാചാരത്തിന്റെ ഒരു കാണാവള്ളിക്കുരുക്കുണ്ടോ എന്ന് നോക്കേണ്ടതുണ്ട്.

സാറാ ജോസഫ്, ആർ.രാജശ്രീ
സാറാ ജോസഫ്, ആർ.രാജശ്രീ

രതിവിനോദത്തെ ഉപജീവിച്ചു കഴിയുന്ന സ്ത്രീകൾക്ക്, മറ്റു സ്ത്രീകൾക്ക് ലഭിക്കാത്ത സ്വാതന്ത്ര്യം പല മേഖലയിലും കണ്ടിട്ടുണ്ട്. പൊട്ടിച്ചിരിക്കാനും പുരുഷന്മാരെ വരുതിക്ക് നിർത്താനും ചിലപ്പോഴെങ്കിലും അവർക്കുകഴിയും. എല്ലാ മനുഷ്യരും അവരുടെ സ്ഥലങ്ങളിൽ നിന്നുകൊണ്ട് ആനന്ദം തേടുന്നവരാണ്. ഈ സ്ത്രീകൾ സമ്മേളിക്കുമ്പോൾ പല വിധ ലീലകളും തമാശകളും പങ്കുവക്കുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. അധികാരികളായി ചമയുന്ന പല പുരുഷന്മാരെയും ചിലർ ആജ്ഞാനുവർത്തികളാക്കി കണ്ടിട്ടുണ്ട്. വ്യത്യസ്തരായ പുരുഷന്മാരുടെ രതിലീലകൾ അവർ നിരീക്ഷണവിധേയമാക്കുന്നു. യൂറോപ്പിൽ സെക്‌സ് പ്രദർശനത്തിന് സ്വയം വിധേയയായി തൊഴിലെടുത്തിരുന്ന ഒരു സ്ത്രീ തന്റെ നഗ്‌നശരീരം കണ്ണാടിക്കൂടിനുവെളിയിൽ വരിവരിയായി നിൽക്കുന്ന പുരുഷന്മാരിലുണ്ടാക്കുന്ന പ്രതികരണങ്ങൾ പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തത് വായിച്ചതോർക്കുന്നു. കൊൽക്കത്തയിലെ മാല സിങ് എന്ന ലൈംഗിക തൊഴിലാളി സ്ത്രീ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് വളരെ ശക്തരായ സ്ത്രീകളിൽ ഒരാളാണ്. അവരുടെ നോട്ടത്തിനുമുന്നിൽ പതറാതെ ഒരു പുരുഷനും കടന്നുപോകാനാവില്ല. എപ്പോഴും എരിയുന്ന സിഗററ്റ് ചുണ്ടിൽ കരുതുന്ന മാല, പുരുഷന്റെ സിഗററ്റു പൊള്ളലേൽക്കുന്ന വേശ്യാപ്രതിച്ഛായ തകർത്തെറിയും.

ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ കയറിയാലും പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങൾ മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതേസമയം തിരിച്ച് അവരെ നോക്കുകയാണെങ്കിൽ, അവർ അസ്വസ്ഥരാകും.

സംസാരിച്ചു തുടങ്ങുന്നതോടെ, പൊതുവേദികളിൽ സ്ഥാനം ഉറപ്പിക്കുന്നതോടെ, സ്ത്രീകൾക്ക് കർതൃത്വം ഉണ്ടാകുന്നു. അത് വീട്ടമ്മയായാലും വിനോദിനി ആയാലും. ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ കയറിയാലും പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങൾ മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതേസമയം തിരിച്ച് അവരെ നോക്കുകയാണെങ്കിൽ, അവർ അസ്വസ്ഥരാകും. സ്വന്തം ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്നിടത്ത്, ശരീരം നഗ്‌നമോ അലംകൃതമോ ആകട്ടെ അത് സ്ത്രീക്ക് ബാദ്ധ്യതയല്ല. സ്ത്രീകൾ അവരുടെ കർതൃത്വങ്ങൾ രചിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തിൽ പെണ്ണെഴുത്തും സ്ത്രീപക്ഷ നാടകങ്ങളും കഴിഞ്ഞ ദശകങ്ങളിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. സാറാ ജോസഫ് മുതൽ ആർ. രാജശ്രീ വരെയുള്ള സ്ത്രീ എഴുത്തുകാർ സ്ത്രീകളുടെ കാമനകളും ശരീരത്തിന്റെ ഉണർവ്വുകളും മനോഹരമായി ആഖ്യാനം ചെയ്തിട്ടുണ്ട്. സൈബർ സ്ഥലങ്ങളിൽ യുവതികളായ കവിതാകാരികൾ നാനാതരത്തിൽ ഉടലുകൾ രചിക്കുന്നു. സ്ത്രീയുടെ രതികർതൃത്വത്തിലൂടെ മാത്രമേ ആൺകോയ്മയുടെ അയഥാർത്ഥമായ സ്ത്രീലൈംഗിക ബിംബങ്ങളെ ഉടച്ചു വാർക്കാൻ കഴിയൂ. സ്ത്രീകൾ എന്തിന് സ്വന്തം ശരീരത്തെ ലജ്ജയോടെ നോക്കാതിരിക്കണം? അനന്തമായ സാദ്ധ്യതകളിലേക്ക് തുറക്കാൻ പാകത്തിൽ ഉയിര് കൊണ്ട് അതിരിട്ട ഉടലുകളാണ് നമ്മളെല്ലാം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments