വനിത ബിൽ: ഇനിയുമെത്ര വനവാസക്കാലം?

ലതിക സുഭാഷിന്റെ തലമുണ്ഡനവും രാജിയും അവരുടെ വ്യക്തിപരമായ അധികാരമോഹത്തിന്റെ ആവിഷ്‌കാരമായി വിമർശിച്ചവരുണ്ട്. എന്തുതന്നെയായാലും കക്ഷിരാഷ്ട്രീയത്തിലെ, പാർലമെന്ററി പൊളിറ്റിക്‌സിലെ പെൺപങ്കാളിത്തത്തെക്കുറിച്ച് പൊതുമണ്ഡലത്തിൽ ഒരു ചർച്ച ഉയർന്നുവരാൻ ഇത് കാരണമായിട്ടുണ്ട്.

2010 മാർച്ചിലൊരു ദിനത്തിൽ ദിനപത്രങ്ങളുടെയെല്ലാം മുൻപേജിൽ ഇടം പിടിച്ച ഒരു പടമുണ്ടായിരുന്നു. കക്ഷിഭേദമെന്യേ സ്ത്രീകളെല്ലാം ചേർന്ന് ആഘോഷിക്കുന്ന ഒരു പടം. രാജ്യസഭ വനിതാബിൽ പാസ്സാക്കിയതിന്റെ ആനന്ദപ്രകടനമായിരുന്നു അത്. അതു കഴിഞ്ഞെത്ര വെള്ളമൊഴുകി ഗംഗയിലും പെരിയാറിലും? 2021 മാർച്ച് 15ന് മലയാളപത്രങ്ങളുടെ ആദ്യപേജിൽ നിയമസഭാതിരഞ്ഞെടുപ്പിൽ സ്ത്രീപ്രാതിനിധ്യം കുറഞ്ഞതിന്റെ പേരിൽ മഹിളാകോൺഗ്രസ്​ അധ്യക്ഷ തല മുണ്ഡനം ചെയ്യുന്ന ചിത്രമാണ് വന്നിരിക്കുന്നത്.

ആ ബില്ലിനെന്തു സംഭവിച്ചു? കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് 1996 സപ്റ്റംബർ 12നാണ് ആ ബിൽ ആദ്യമായി പാർലമെന്റിലവതരിപ്പിക്കപ്പെട്ടത്. പതിനാലു കൊല്ലം കഴിഞ്ഞ് ബില്ലിന് രാജ്യസഭയുടെ അംഗീകാരം കിട്ടി. ഇപ്പോഴിതാ 11 കൊല്ലം കഴിഞ്ഞിരിക്കുന്നു. എത്ര ഭരണകൂടങ്ങൾ വന്നു പോയി? എത്രയെത്ര തവണ പാർലിമെന്റ് സെഷനുകൾ നടന്നു? പക്ഷെ ഈ ബില്ലിനെക്കുറിച്ച് ആരും അറിഞ്ഞ മട്ടില്ല. രാജ്യത്തെ പ്രമുഖ കക്ഷികളെല്ലാം അംഗീകരിച്ചിട്ടും വനിതാബിൽ പാസ്സാകാതെ പോകുന്നതെന്തുകൊണ്ടാണ്?

ലതിക സുഭാഷിന്റെ തലമുണ്ഡനവും രാജിയും അവരുടെ വ്യക്തിപരമായ അധികാരമോഹത്തിന്റെ ആവിഷ്‌കാരമായി വിമർശിച്ചവരുണ്ട്. എന്തുതന്നെയായാലും കക്ഷിരാഷ്ട്രീയത്തിലെ, പാർലമെന്ററി പൊളിറ്റിക്‌സിലെ പെൺപങ്കാളിത്തത്തെക്കുറിച്ച് പൊതുമണ്ഡലത്തിൽ ഒരു ചർച്ച ഉയർന്നുവരാൻ ഇത് കാരണമായിട്ടുണ്ട്.

സ്ഥാനാർത്ഥിപ്പട്ടികയുടെ അന്തിമരൂപം പുറത്തുവന്നിട്ടില്ലെങ്കിലും ഓരോ പാർട്ടിയും വിരലിലെണ്ണാവുന്നത്ര സീറ്റുകളേ വനിതകൾക്കായി നീക്കിവെച്ചിട്ടുള്ളൂ എന്ന് കാണാം. ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സി.പി.എം 83 സീറ്റുകൾ പ്രഖ്യാപിച്ചപ്പോൾ 12 വനിതകൾക്ക് സീറ്റ് നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗ് കാൽനൂറ്റാണ്ടിനിപ്പുറം വിജയസാധ്യതയുള്ള ഒരു സീറ്റിൽ സ്ത്രീയെ- അഡ്വക്കറ്റ് നൂർബിന റഷീദിനെ- നിർത്തിയിരിക്കുന്നു. വളരെക്കാലമായി ബി.ജെ.പിയുടെ കേരളത്തിലെ പ്രമുഖനേതാവായ ശോഭാ സുരേന്ദ്രന് ആദ്യം സീറ്റ് നിഷേധിച്ചു, പാർട്ടി അധ്യക്ഷനായ സുരേന്ദ്രൻ രണ്ടുസീറ്റുകളിൽ മത്സരിക്കുന്നു. പ്രതിഷേധത്തിനൊടുവിലാണ്​ ശോഭ സുരേന്ദ്രന്​ കഴക്കൂട്ടം ലഭിച്ചത്​.

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 943/1000 ആയിരിക്കുമ്പോൾ കേരളത്തിലത് 1084/1000 ആണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിലെ സ്ത്രീകൾ മുന്നിട്ടുനിൽക്കുമ്പോൾ തൊഴിലിലും രാഷ്ട്രീയത്തിലും ഉള്ള പങ്കാളിത്തത്തിൽ അവർ പുറകിലാണ്.

"ദേശീയബോധവും സാമൂഹ്യബോധവുമുള്ള, ഉന്നതമൂല്യം വെച്ചുപുലർത്തിയ ഒരു തലമുറയാണ് ആദ്യകാലകേരളത്തെ സുസ്സജ്ജമാക്കിയത്... വിഭിന്ന രാഷ്ട്രീയപ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുമ്പോഴും അവർ ഉയർന്ന മൂല്യബോധമുള്ളവരും കേരളത്തിന്റെ പൊതുബോധത്തെ ഉൾക്കൊണ്ടവരുമായിരുന്നു... എല്ലാ രംഗത്തും നമ്മൾ വലിയ ഉയരം തന്നെ കൈവരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമസ്തമേഖലകളിലും അസൂയാവഹമായ നേട്ടം തന്നെ നമ്മൾ നേടിയിട്ടുണ്ട്.' (എൻ.ഇ സുധീർ, ട്രൂകോപ്പി, 14 മാർച്ച് 2021)
സുധീറിന്റെ ഈ അഭിപ്രായത്തിലെ രണ്ടു പ്രയോഗങ്ങളെ ഞാൻ പ്രശ്‌നവത്കരിക്കുന്നു. "കേരളത്തിന്റെ പൊതുബോധം', "സമസ്തമേഖല'. സമൂഹത്തിലെ അൻപതുശതമാനത്തിലധികം വരുന്ന സ്ത്രീ സമൂഹം പുറത്തുനിൽക്കുമ്പോൾ അത് കേരളത്തിന്റെ പൊതുബോധമോ സമസ്തമേഖലയോ ആകുന്നില്ല എന്നാണ് ഞാൻ പറയാനാഗ്രഹിക്കുന്നത്. 1987ലും 1991ലും എട്ടുപേരും 1996ൽ 12 പേരും 2001 ആറും 2006ലും 2011ലും ഏഴും 2016ൽ എട്ടും വനിതാ സാമാജികർ മാത്രമാണ് കേരളത്തിലുണ്ടായത്.

ഇതാണ് ഏതാണ്ട് കാൽനൂറ്റാണ്ടായിട്ടുള്ള കേരള നിയമസഭയുടെ ചിത്രം. ശരാശരി ആറു ശതമാനം മാത്രമാണ് വനിതാസാമാജികരുടെ എണ്ണം. പാർലമെന്റിലെ കാര്യം ഇതിലും കഷ്ടമാണ്. ഓരോ തവണ വനിതാബിൽ ചർച്ചയ്ക്ക് വരുമ്പോഴും പാർലമെന്റിൽ വലിയ ബഹളമാണ്. ബില്ലിനെതിരായ അലർച്ച, ബില്ല് കീറിയിടൽ, ഇറങ്ങിപ്പോക്ക് തുടങ്ങി പലവിധ പ്രതിഷേധങ്ങളാണ്. ഒരുപാടുകാലം രാജ്യം ഭരിച്ചിരുന്ന, ഇപ്പോഴത്തെ പ്രമുഖ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്സ്, ഇടതുപാർട്ടികൾ, ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബി.ജെ.പി തുടങ്ങിയ പാർട്ടികളെല്ലാം ബില്ലിനെ പിന്തുണച്ചിരുന്നു. ചില പ്രാദേശികപാർട്ടികളുടെ എതിർപ്പുകൊണ്ടായിരുന്നു ബിൽ പാസ്സാകാതെ ഇരുന്നത്. ബില്ലിനെതിരായി അവർ നിരത്തുന്ന വാദങ്ങൾ ഇവയാണ്. വനിതാസംവരണം വന്നാൽ സവർണരായ സ്ത്രീകൾ മാത്രമേ പാർലമെന്റിലെത്തുകയുള്ളൂ എന്നതാണ് ഒരു കാരണം. പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ അവഗണിക്കപ്പെടും. അത് തീർച്ചയായും അഭിസംബോധന ചെയ്യപ്പെടേണ്ട ആശങ്ക തന്നെയാണ്. അത്തരം ന്യൂനതകൾ പരിഹരിച്ച്​ ബില്ല് പാസാക്കുകയല്ലേ വേണ്ടത്? പക്ഷെ അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യിട്ട പുരുഷന്മാർ അറിഞ്ഞുകൊണ്ട് ആ മധുരം വേണ്ടെന്നു വെയ്ക്കുമോ? നിയമമില്ലെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് ജയസാധ്യതയുള്ള മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകളെ നിറുത്താമല്ലൊ. അതിന് ഇപ്പോഴുള്ള എത്ര കക്ഷികൾ തയ്യാറാവും?

2010ൽ വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത് അറിയിച്ചുകൊണ്ട് വോട്ടിങ് നില വ്യക്തമാക്കിക്കൊണ്ടുള്ള ചാർട്ട് സഭയിൽ പ്രദർശിപ്പിച്ചപ്പോൾ.
2010ൽ വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത് അറിയിച്ചുകൊണ്ട് വോട്ടിങ് നില വ്യക്തമാക്കിക്കൊണ്ടുള്ള ചാർട്ട് സഭയിൽ പ്രദർശിപ്പിച്ചപ്പോൾ.

തദ്ദേശഭരണകൂടങ്ങളിലെ സ്ത്രീസംവരണം ഇന്ത്യയിലെ മറ്റിടങ്ങളിൽ 33% ആയിരിക്കുമ്പോൾ കേരളത്തിൽ 50% ആണ്. അതിൽ തീർച്ചയായും കേരളത്തിനഭിമാനിക്കാം. കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി ഭരണരംഗത്ത് വനിതകളുടെ പങ്കാളിത്തവും ദൃശ്യതയും വർധിക്കാൻ ഇത് കാരണമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിക്കുന്ന നാൽപ്പതു ശതമാനത്തോളം ഫണ്ട് എങ്ങനെയൊക്കെ ചിലവഴിക്കണം, വനിതാഘടകപദ്ധതികൾ ഭാവനാപൂർണമായി എങ്ങിനെ ആവിഷ്‌ക്കരിക്കണം, പുനരുൽപ്പാദനറോളിൽ നിന്ന് എങ്ങനെ പെണ്ണിനെ ഉത്പാദനറോളിലേക്ക്, വരുമാനദായകങ്ങളായ തൊഴിലുകളിലേക്ക്, സാമൂഹ്യപരമായ കർമ്മമേഖലയിലേക്ക് നയിക്കാം തുടങ്ങിയവയൊക്കെ നിർണ്ണയിക്കാൻ പ്രാദേശികഭരണത്തിലെ പങ്കാളിത്തം സ്ത്രീയെ സഹായിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശഭരണകൂടങ്ങൾ ഉത്പാദനം, സേവനം, പശ്ചാത്തലം തുടങ്ങിയ ഓരോരോ മേഖലകളിലും എത്രയെത്ര ശതമാനം ചിലവഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സംസ്ഥാനസർക്കാറാണ്. അത്തരം നയരൂപീകരണ സമിതികളിൽ, നിയമനിർമ്മാണ സഭകളിൽ, അന്വേഷണ കമ്മീഷനുകളിൽ, ഭരണകക്ഷികൾ പങ്കുവെയ്ക്കുന്ന കോർപ്പറേഷൻ അധിപർ, സ്ഥാപനമേധാവി എന്നീ പദവികളിൽ എല്ലാം സ്ത്രീകൾ വേണ്ടേ?
സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഈ എഴുപത്തിഅഞ്ചുകൊല്ലങ്ങളിലായി കേരളത്തിൽ നിന്നുള്ള സ്ത്രീപ്രാതിനിധ്യത്തിന്റെ ദയനീയാവസ്ഥ ഒന്നു നോക്കൂ. മുഖ്യമന്ത്രി -0, ഉപമുഖ്യമന്ത്രി-0, സ്പീക്കർ-0, ഡെപ്യൂട്ടിസ്പീക്കർ-3, മന്ത്രിമാർ-8, രാജ്യസഭാംഗങ്ങൾ-4, ലോകസഭാംഗങ്ങൾ- 9

ഇപ്പോൾ കേരളത്തിൽ നിന്ന്​ ഒരു വനിത മാത്രമേയുള്ളൂ പാർലമെന്റിൽ.പെണ്ണിനെ വെറും പരസ്യ/ഭോഗവസ്തുവായി കാണുക, ആസ്തിയിലും സമ്പത്തിലുമുള്ള അസമത്വം, പെൺഭ്രൂണഹത്യ, കൗമാരപ്രായക്കാരുടെ പോഷകാഹാരക്കുറവ്, നിരക്ഷരത, ബാലവിവാഹം, ലൈംഗികചൂഷണം, ബാലവേല, ചെറുപ്രായത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന മാതൃത്വം, ഗാർഹികപീഡനം, സ്ത്രീധനമരണങ്ങൾ, അരക്ഷിതമായ പൊതുഇടങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയവയൊക്കെ ഗൗരവമായ ഒരു വിഷയമായി അവതരിപ്പിക്കാൻ, പരിഹാരം കണ്ടെത്താൻ, അനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കാൻ നിയമനിർമാണ സഭകളിൽ സ്ത്രീകൾ വേണ്ടേ?

ഇക്കാലമത്രയും പുരുഷൻ നിശ്ചയിച്ച കളികൾ, കളിനിയമങ്ങൾ, അവർ സ്വന്തം കണക്കുകളനുസരിച്ച് പടുത്ത മൈതാനങ്ങൾ എല്ലാം നമ്മൾ കണ്ടു. ശരിയാണ്, ഭൗതികവികസനമുണ്ടായി, ജീവിതസൗകര്യങ്ങൾ വർധിച്ചു. മണ്ഡലത്തിലുണ്ടായ റോഡുകളുടെ, കെട്ടിടങ്ങളുടെ ഒക്കെ കണക്കു പറഞ്ഞാണ് സ്ഥാനാർഥികൾ വോട്ടു തേടുന്നതുതന്നെ. എന്നാൽ കാലിനടിയിലെ മണ്ണൊഴുകിപ്പോകുന്നത് നാമറിഞ്ഞില്ല. മലകൾ വെട്ടിനിരത്തപ്പെടുന്നതും, മരങ്ങൾ കടപുഴകുന്നതും, പുഴയും കടലും മലിനപ്പെടുന്നതും വായുവിൽ കാർബൺ കൂടുന്നതും നാമറിഞ്ഞില്ല. കാലാവസ്ഥാവ്യതിയാനം പ്രളയത്തിലൂടെ, പകർച്ചവ്യാധികളിലൂടെ, വരൾച്ചയിലൂടെ, കാട്ടുതീയിലൂടെ, കൊടുങ്കാറ്റിലൂടെ അതിന്റെ വിശ്വരൂപം കാണിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഭൗതികവികസനം എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽക്കാണുന്ന പൗരുഷത്തിന്റെ മാച്ചോ രാഷ്ട്രീയത്തിൽനിന്ന് ഒന്ന് മാറിച്ചിന്തിക്കാൻ സമയമായി. കരുത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് കരുണയുടെ രാഷ്ട്രീയത്തിലേക്ക്, പ്രകൃതിയെ ചൂഷണം ചെയ്യുന്ന വികസനത്തിൽ നിന്ന് പ്രകൃതിസംരക്ഷണത്തിന്റെ കരുതലിലേക്ക് നാം സഞ്ചരിക്കേണ്ടിയിരിക്കുന്നു . അതിന് പുതിയ മൈതാനങ്ങൾ,പുതിയ നിയമങ്ങൾ, പെൺകളിക്കാർ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇനിയുമെത്ര വനവാസക്കാലം വേണ്ടിവരും ആ വനിതാബില്ലൊന്ന് പാസാവാൻ?



Summary: ലതിക സുഭാഷിന്റെ തലമുണ്ഡനവും രാജിയും അവരുടെ വ്യക്തിപരമായ അധികാരമോഹത്തിന്റെ ആവിഷ്‌കാരമായി വിമർശിച്ചവരുണ്ട്. എന്തുതന്നെയായാലും കക്ഷിരാഷ്ട്രീയത്തിലെ, പാർലമെന്ററി പൊളിറ്റിക്‌സിലെ പെൺപങ്കാളിത്തത്തെക്കുറിച്ച് പൊതുമണ്ഡലത്തിൽ ഒരു ചർച്ച ഉയർന്നുവരാൻ ഇത് കാരണമായിട്ടുണ്ട്.


Comments