സിനിമാരംഗത്തേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ നമ്മുടെ പെൺകുട്ടികൾക്ക് പ്രത്യാശയായി മാറുകയാണ് ഭാവന. സാമൂഹികവും മാനസികവുമായ ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഈ പെൺകുട്ടി മുന്നോട്ടുവന്നിരിക്കുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ഇതിലേക്കുള്ള യാത്ര എന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, എക്കാലത്തും ആക്രമിക്കപ്പെടാനും ഒതുക്കപ്പെടാനും വിധിക്കപ്പെട്ടവളല്ല സ്ത്രീ എന്ന പ്രഖ്യാപനം കൂടിയായാണ് ഈ ചുവടുവെപ്പിനെ ഞാൻ കാണുന്നത്.
തമസ്‌ക്കരിക്കപ്പെട്ട നൂറായിരം പെൺകുട്ടികളുടെ കഥ പോലെ ഇതും മണ്മറഞ്ഞു പോകാനനുവദിക്കാതെ ധീരമായി പോരാടി എന്നതുതന്നെയാണ് ഭാവനയുടെ വിജയം.
മലയാള സിനിമയുടെ ഭൗതിക സാഹചര്യങ്ങളെ അപ്പാടെ മാറ്റിമറിച്ച ഒന്നായിരുന്നു ഭാവനക്കുനേരെ നടന്ന ആക്രമണം. തമസ്‌ക്കരിക്കപ്പെട്ട നൂറായിരം പെൺകുട്ടികളുടെ കഥ പോലെ ഇതും മണ്മറഞ്ഞു പോകാനനുവദിക്കാതെ ധീരമായി പോരാടി എന്നതുതന്നെയാണ് ഭാവനയുടെ വിജയം. നൂറ്റാണ്ടുകൾ തുടർന്നുപോകുമായിരുന്ന പല ദുഷ് നാട്ടുനടപ്പുകളെയും നിവർന്നുനിന്ന് ചോദ്യം ചെയ്യാൻ അവർ തയ്യാറായി. ആ ശബ്ദത്തെ പലരും ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് അവർക്കെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ബോധപൂർവവും സംഘടിതവുമായി നടന്ന വിക്ടിം ഷെയിമിങ്.
നടിയുടെ നിയമപോരാട്ടത്തിലുടനീളം അചഞ്ചലമായ പിന്തുണ നൽകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എല്ലാവിധ സഹായസഹകരണങ്ങളും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗത്തുനിന്ന് നൽകിയിരുന്നു. വനിത കമീഷൻ ഈ കേസിൽ നടത്തിയ ഇടപെടലും എടുത്തുപറയേണ്ടതാണ്.
എം.സി. ജോസഫൈൻ വനിത കമീഷൻ അധ്യക്ഷയായിരിക്കെയാണ് സംഭവം നടന്നത്. മറിച്ചൊരു ചിന്തയില്ലാതെ സഖാവ് നടിക്കൊപ്പം നിലകൊണ്ടു. പി.സി. ജോർജ് അടക്കം നടത്തിയ വിക്ടിം ഷെയിമിങ്ങിനെതിരെ നടപടിയെടുത്തു.
പിന്നീട് അഡ്വ. പി. സതിദേവി അധ്യക്ഷയായപ്പോഴും ഈ നിലപാട് അതിശക്തമായി തുടർന്നു. സിനിമാ മേഖലയിൽ ഇന്റേണൽ കംപ്ലയിൻറ് കമ്മിറ്റി പ്രാവർത്തികമാക്കുന്നതിൽ കമീഷൻ ശക്തമായി ഇടപെട്ടു. നടിക്ക് നീതി ലഭിക്കുന്നതുവരെ ഈ പിന്തുണ തുടരുമെന്നതിൽ സംശയമില്ല.
ഇത്തരത്തിൽ അതിക്രമം നേരിടേണ്ടി വന്ന സ്ത്രീകൾക്ക്, അവർ ഒളിച്ചിരിക്കേണ്ടവരല്ല എന്ന ബോധ്യം പകരാൻ ഭാവനക്ക് സാധിച്ചിട്ടുണ്ട്. ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയുള്ള ഈ തിരിച്ചുവരവ് മലയാളികൾ തീർച്ചയായും ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർ. കാരണം, ഇത് ഒരു സിനിമ എന്നതിലുപരി ഒരു അതിജീവനം കൂടിയാണ്. അഭിനയസപര്യയിൽ ഏറെ ദൂരം മുന്നോട്ട് പോകാൻ ഭാവനക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു, അഭിവാദ്യങ്ങൾ നേരുന്നു. ▮