കമേലിയാ എന്റഖാബി ഫര്‍ദ്

കമേലിയ; ഇറാനിലെ
‘രാജ്യദ്രോഹി’യായ മാധ്യമപ്രവർത്തക സംസാരിക്കുന്നു

ഇറാനിയന്‍ സ്ത്രീകളുടെ വേഷം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി 76 ദിവസം ഇറാന്‍ ഭരണകൂടം തടവറയിലിട്ട പത്രപ്രവര്‍ത്തകയാണ് കമേലിയാ എന്റഖാബി ഫര്‍ദ്. ദ ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ പേര്‍ഷ്യന്‍ വിഭാഗം എഡിറ്റര്‍ ഇന്‍ ചീഫും മധ്യേഷന്‍ രാഷ്ട്രീയ നിരീക്ഷകയുമായ കമേലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മുസാഫിര്‍ എഴുതുന്നു.

പേര്‍ഷ്യന്‍ കവി ഫിർദൗസിയുടെ ഷാനാമയിലെ മനോഹരമായ വരി പോലൊരു പേര്: കമേലിയാ എന്റഖാബി ഫര്‍ദ്.

പ്രശസ്തമായ ദ ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ പേര്‍ഷ്യന്‍ വിഭാഗം എഡിറ്റര്‍ ഇന്‍ ചീഫിന്റെ പേരാണിത്. പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തകയായി മാറുകയും മുഹമ്മദ് ഖത്താമിയുടെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി 76 ദിവസം തടവറയിലിടുകയും ചെയ്ത ഗ്രന്ഥകാരിയും മധ്യേഷ്യന്‍ രാഷ്ടീയ നിരീക്ഷകയും ആക്ടിവിസ്റ്റുമായ കമേലിയയുമായി സൗദിയിലെ ജിദ്ദയില്‍ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയ അനുഭവം കൂടിയായിരുന്നു.

‘റെഡ് സീ’ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദയിലെത്തിയതായിരുന്നു കമേലിയ. ഈ ബൈലൈന്‍, ഞങ്ങളുടെ മാതൃസ്ഥാപനമായ അറബ് ന്യൂസിലൂടെ സുപരിചിതമായിരുന്നു. അറബ് ന്യൂസുമായുള്ള അടുപ്പം പറഞ്ഞാണ് കമേലിയയുമായി അടുത്തതും ജിദ്ദ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് സംസാരിച്ചതും. ഇന്ത്യയെക്കുറിച്ച് ഏറെ അറിവുള്ള, ഇന്ത്യയെ സ്‌നേഹിക്കുന്ന ഇറാന്‍കാരിയാണ് കമേലിയ. സിറിയ, ഇറാഖ്, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയം ആധികാരികമായി കൈകാര്യം ചെയ്യുന്ന കമേലിയ, എ.പി, റോയിട്ടേഴ്‌സ്, ലെ മൊണ്ട, സി.എന്‍.എന്‍, അല്‍ജസീറ, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ അറബിയ്യ, അറബ് ന്യൂസ് എന്നീ മാധ്യമങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന പേരാണ്. ഇറാനിയന്‍- അമേരിക്കന്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ പാശ്ചാത്യലോകവും അവരെ ഏറെ ശ്രദ്ധിക്കുന്നു.

2001 മുതല്‍ അഫ്ഗാന്‍ രാഷ്ട്രീയം ഏറ്റവും ആധികാരികമായി വിലയിരുത്തുന്ന മാധ്യമപ്രവര്‍ത്തകയുമാണ് ഇവര്‍. കാബൂള്‍ മുതല്‍ കാണ്ഡഹാര്‍ വരെ സഞ്ചരിച്ച് താലിബാന്റെ നൃശംസതയോടും ഒപ്പം അവരുടെ സോവിയറ്റ് വിരോധത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ചും കമേലിയ എഴുതുകയും തല്‍സമയ ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 'സേവ് യുവേഴ്‌ സെല്‍ഫ് ബൈ ടെല്ലിംഗ് ദ ട്രൂത്ത് ' എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ ഇക്കാര്യം കമേലിയ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇറാന്റേയും അഫ്ഗാന്റേയും സ്വേച്ഛാവാഴ്ചകളെ തുലനം ചെയ്തുകൊണ്ടാണ് മതമൗലികതയുടെ പരോക്ഷമായ അപകടങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നത്.

കമേലിയാ എന്റഖാബി ഫര്‍ദ്

ഇപ്പോള്‍ അമ്പതാം വയസ്സിലെത്തിയ കമേലിയയുടെ ഓര്‍മകളില്‍ ജന്മദേശമായ ടെഹ്‌റാനിലെ ഇരുണ്ട തടവറയുടെ ഭയജനകമായ ചിത്രമുണ്ട്. അവര്‍ പറയുന്നു:

1999- ലെ വേനല്‍ക്കാലരാവ്. ഉറക്കം മുറിഞ്ഞ് ഞെട്ടിയുണരുമ്പോള്‍ മുനിഞ്ഞു പ്രകാശിക്കുന്ന ബള്‍ബിലേക്കു നോക്കി ഞാന്‍ സ്വയം ചോദിച്ചു- എന്തിനാണ് ഞാനീ ഏകാന്തതയുടെ ഇരുട്ട്മുറിയിലടയ്ക്കപ്പെട്ടിരിക്കുന്നത്?

അന്ന് എന്റെ പ്രായം 18. ഇറാനിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രറിപ്പോര്‍ട്ടര്‍. ഇറാന്റെ ഇന്റലിജന്‍സ് ചാരക്കണ്ണുകളുടെ വെട്ടത്ത് വരുന്ന എല്ലാ വിമത ശബ്ദങ്ങളുടേയും ഉടമകളെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്കുകള്‍. സ്വകാര്യ ഇടങ്ങളിലും പൊതുഇടങ്ങളിലും രഹസ്യപ്പോലീസ്. പിടിക്കപ്പെട്ടാല്‍ വിധിയെന്താകുമെന്ന് ഓരോരുത്തരും ഭീതിയോടെ ഓര്‍ത്ത് നടുങ്ങുന്ന കാലം. പിടിയിലകപ്പെടുന്നതിന് രണ്ടു വര്‍ഷം മുമ്പാണ് മുഹമ്മദ് ഖത്താമി ഭരണനേതൃത്വത്തിലെത്തുന്നത്. ശുദ്ധവായു ശ്വസിക്കാമെന്നും താരതമ്യേന ഭേദമായൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമാകുമെന്നുമുള്ള വിശ്വാസം തകിടം മറിയുകയായിരുന്നു. പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ ഇറാനില്‍ സംജാതമാകുമെന്ന പ്രതീക്ഷയോടെയാണ് തന്നെപ്പോലുള്ള ടീനേജുകാര്‍ 1997- കാലത്ത് കുറച്ചുകൂടി സ്വതന്ത്രമായ രീതിയില്‍ എഴുത്തും പ്രസംഗവുമായി ഇറാന്റെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യം കാട്ടിയത്. അക്കാലത്ത് ഏറെക്കുറെ ആധുനിക വീക്ഷണം പുലര്‍ത്തിപ്പോന്ന സാന്‍ (വനിത) എന്ന പാഴ്‌സി ഭാഷയിലുള്ള പത്രത്തില്‍ എന്റെ ലേഖനങ്ങള്‍ അച്ചടിച്ചുവന്നു. രണ്ടു വര്‍ഷമേ 'സാന്‍' നിലനിന്നുള്ളൂ. സാമൂഹികമായുള്ള ഇറാന്റെ ഇരുട്ടിലേക്കുള്ള ആപല്‍യാത്രയെക്കുറിച്ച് എന്റേതുള്‍പ്പെടെയുള്ള ലേഖനങ്ങള്‍ കൂടി കാരണമാകാം, 1999- ന്റെ വസന്തകാലത്ത് സാന്‍ പത്രം ഇറാന്‍ ഭരണകൂടം അടച്ചുപൂട്ടി. (ഇക്കാര്യം പറയവെ, കമേലിയയുടെ ഓര്‍മകളില്‍ നനവ്.)

കമേലിയാ എന്റഖാബി ഫര്‍ദിനൊപ്പം മുസാഫിര്‍

അക്കാലത്ത് ഞാനെഴുതിയ ചില ലേഖനങ്ങള്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയാണ് രഹസ്യപ്പോലീസ് എന്നെത്തേടിയെത്തിയതും ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കുറ്റം ചുമത്തി കൈകളില്‍ വിലങ്ങ് വെക്കുകയും ചെയ്തത്. കണ്ണുകള്‍ മൂടിക്കെട്ടിയാണ് എന്നെ ജയിലിലേക്ക് കൊണ്ടു പോയത്.

ഇറാനിയന്‍ സ്ത്രീകളുടെ വേഷം, അവരുടെ വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു എന്റെ കോളങ്ങളത്രയും. ഇതാകാം, ഭരണാധികാരികളെ ചൊടിപ്പിച്ചത്. (പിന്നേയും മൂന്നു വര്‍ഷത്തിനുശേഷമാണ് വസ്ത്രധാരണത്തിന്റെ പേരില്‍ മതകാര്യപോലീസിന്റെ പീഡനത്തെത്തുടര്‍ന്ന് ഇറാനിയന്‍ വനിത മഹ്‌സാ അമീനി എന്ന 22- കാരി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചത്).

76 ദിവസം ഞാന്‍ ഇറാന്റെ തടവറയില്‍ ഏകാന്തവാസം അനുഭവിച്ചു. ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥന്‍ മര്യാദക്കാരനായിരുന്നു. ഏറെക്കുറെ എനിക്ക് അദ്ദേഹത്തോട് വൈകാരികമായൊരു അടുപ്പവും തോന്നിയിരുന്നു. അതുകൊണ്ടുതന്നെ മറ്റു രാഷ്ട്രീയ തടവുകാരെപ്പോലെ വലിയ തോതിലുള്ള ശാരീരിക പീഡനങ്ങളൊന്നും അനുഭവിക്കേണ്ടിവന്നില്ല. അത്രയും ആശ്വാസം. പക്ഷേ മാനസിക സമ്മര്‍ദ്ദം ഏറെ വലുതായിരുന്നു. ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റാകണമെന്ന അതിയായ അഭിനിവേശത്തിന് ഖത്താമി ഭരണകൂടം എനിക്ക് സമ്മാനിച്ച പാരിതോഷികമായിരുന്നു ആ കൈവിലങ്ങുകള്‍. എന്നെപ്പോലെ നിരവധി പത്രപ്രവര്‍ത്തകരും വനിതാവിമോചന പ്രക്ഷോഭകരും ടെഹ്‌റാനിലേയും മറ്റു നഗരങ്ങളിലേയും ജയിലറകളില്‍ നിറഞ്ഞിരുന്നുവെന്ന വാര്‍ത്തകള്‍ വളരെ വൈകിയാണ് ഞാനറിയുന്നത്.

കല്യാണം കഴിച്ച് കുട്ടികളെ പ്രസവിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ശരാശരി സ്ത്രീത്വത്തിന്റെ സാമ്പ്രദായിക പരികല്‍പനകളെ മറികടക്കാന്‍ കൊതിച്ച ഞാന്‍ പക്ഷേ ആ കോളേജ് പ്രായത്തിലും ദൃഢനിശ്ചയമെടുത്തു. അടിച്ചമര്‍ത്തപ്പെടുന്ന ഇറാനിയന്‍ സ്ത്രീത്വത്തിനുവേണ്ടി ധീരമായി പോരാടുമെന്ന്. വരുംവരായ്കകളെക്കുറിച്ച് ആലോചിച്ചതേയില്ല. രണ്ടര മാസത്തെ ജയില്‍ജീവിതത്തിലെ ഏകാന്തതയുടെ തരിശില്‍ മുളപ്പിച്ചെടുത്ത ആത്മധൈര്യം ഏറെക്കുറെ എന്നെ ഒരു നിശ്ശബ്ദ പോരാളിയാക്കിയിരുന്നു. അപക്വമായ കോളേജ് കാലത്തില്‍ നിന്ന് പക്വവും പരുഷവുമായ ഇറാനിയന്‍ ഇരവുപകലുകളിലേക്കുള്ള പരിവര്‍ത്തനമായി മാറി എന്റെ ശിഷ്ടജീവിതം. മതമൗലികതയുടെ മുമ്പില്‍ മുട്ടുമടക്കില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു. പക്ഷേ ജയിലില്‍ നിന്ന് പുറത്ത് വന്നപ്പോഴും ചാരക്കണ്ണുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്നിരുന്നു. തിരിയാനും മറിയാനും വയ്യാത്ത അസ്വതന്ത്രമായ അവസ്ഥ.

ഇറാന്റെ അതിരുകള്‍ക്കകത്ത് നിന്നുകൊണ്ട് സ്വാതന്ത്ര്യത്തോടെ എഴുതാനും പ്രസംഗിക്കാനും സാധിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഞാന്‍ അമേരിക്കയിലേക്ക് പറന്നു. ഉപരിപഠനവും പത്രപ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടു പോകാമെന്ന് ചിന്തയോടെ ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങി. വൈകാതെ ന്യൂയോര്‍ക്ക് സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷനല്‍ പബ്ലിക് അഫയേഴ്‌സില്‍ ബിരുദവും നേടി. തുടര്‍ന്നാണ് എഴുത്തിന്റെ മേഖലയില്‍ കാലുറപ്പിച്ചത്. എഴുത്തായിരുന്നു എന്റെ ജീവിതം. എഴുത്താണ് എന്റെ ജീവിതം.

നന്മയുടെ പക്ഷം പിടിച്ചുള്ള എഴുത്തില്‍ നിന്ന് പിറകോട്ടില്ല. അമേരിക്കന്‍ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇറാന്‍ വിരുദ്ധ പ്രചാരണത്തില്‍ പങ്കാളിയാകുന്നുവെന്ന ആരോപണം എന്റെ പേരിലുണ്ട്. അത് കൊണ്ടു തന്നെ സ്വന്തം നാട്ടിലേക്ക് തിരികെപ്പോകുന്ന കാര്യം ചിന്തയില്‍ ഇപ്പോഴില്ല - കമേലിയ പറഞ്ഞുനിര്‍ത്തി.

Comments