സ്ത്രീകൾ ഇന്ന് കേവലം കാഴ്ചക്കാരല്ല, രാഷ്ട്രീയ പാർട്ടികളുടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്ന യഥാർത്ഥ നിർണ്ണായക ശക്തികളാണെന്നു രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ ഒരു ട്രംപ് കാർഡ് ആയിരുന്നു വനിതാ സംവരണം. 2023- ൽ മോദി സർക്കാർ പാസ്സാക്കിയ ബില്ലിൽ വീണ്ടും ഭേദഗതിയുമായ് 30 മാസം കഴിയുമ്പോൾ അതേ സർക്കാർ രംഗത്തു വന്നിരിക്കുകയാണ്.
സെൻസസ്, മണ്ഡല പുനർനിർണയം എന്നീ പേരിൽ പാസ്സാക്കി നടപ്പിലാക്കാൻ മുടക്കുന്യായം പറഞ്ഞ ഭരണകൂടം ഭേദഗതിക്കായി സ്പെഷ്യൽ സഭ വിളിച്ചു ചേർത്തിരിക്കുന്നു. അതിനായി തെരഞ്ഞെടുത്ത സമയം അസം, തമിഴ്നാട്, വെസ്റ്റ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 29നു ശേഷം സർവകക്ഷി യോഗം വിളിച്ചുചേർക്കാനും ചർച്ച ചെയ്യാനും പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ തികച്ചും ഏകപക്ഷീയമായി നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുപ്പുകാലം തന്നെ, വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ച്, ഭേദഗതി ചർച്ചയ്ക്കു വെക്കുന്നു.

സെൻസസ്, തുടർന്ന് ഡീലിമിറ്റേഷൻ എന്നിവയൊന്നും നടത്താത്തതിനാൽ ഒരിക്കൽ പ്രായോഗികതയുടെ പേരിൽ മാറ്റി വെച്ച വനിതാ സംവരണം വീണ്ടും കൊണ്ടുവരുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച്, അധികാരം കുറുക്കുവഴിയിൽ ഉറപ്പിക്കാനുള്ള തന്ത്രമായി വേണം കരുതാൻ. ജനസംഖ്യാ നിയന്ത്രണത്തിൽ മികവ് കാണിച്ച, സാമ്പത്തികമായി രാജ്യത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിച്ച് മണ്ഡല പുനഃനിർണയവും വനിതാ സംവരണവും നടപ്പിലാക്കുന്നതാണ് അർദ്ധ-ഫെഡറൽ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിക്കു നല്ലത്. അതുവരെ വനിതാ സംവരണത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടികൾ സ്ഥാനാർഥി നിർണയത്തിൽ തുല്യ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുകയാണ് വേണ്ടത്.
ജനാധിപത്യത്തിൽ ജനപ്രതിനിധി സഭകൾക്ക് യഥാർത്ഥ പ്രാതിനിധ്യ സ്വഭാവം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയനിർമ്മാണ സഭകളിലെ വനിതാ പ്രാതിനിധ്യം നാമമാത്രവും, വനിതാ സംവരണം എന്നത് കേവലം ഒരു രാഷ്ട്രീയ ആയുധവുമാണ് എന്നതാണ് വസ്തുത. 1952 ലെ ആദ്യ ലോക്സഭ തിരെഞ്ഞെടുപ്പ് മുതൽ 2024 ലെ പതിനെട്ടാമത്തെ തിരെഞ്ഞെടുപ്പ് വരെയുള്ളവ വിലയിരുത്തുമ്പോൾ മനസിലാവുന്നത് നിയമ നിർമാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം കുറയുകയും, തിരെഞ്ഞുടുപ്പുകളിലെ സ്ത്രീ പങ്കാളിത്തം കൂടിവരുന്നതുമാണ്. ഇന്ത്യയിലെ തിരെഞ്ഞുടുപ്പുകളെ കുറിച്ചു ആഴത്തിൽ പഠിക്കുകയും, തിരെഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുവാൻ നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തിറക്കിയ 2026 ലെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം ആകെയുള്ള 4,666 എംപി /എം എൽ എ മാരിൽ (543 എം പി ,4123 എം എൽ എ മാർ ) കേവലം 464 വനിതാ ജനപ്രതിനിധികൾ ആണുള്ളത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ജനസംഖ്യയുടെ 49 ശതമാനം സ്ത്രീകൾ ഉള്ള ഇന്ത്യയിൽ കേവലം 10 ശതമാനം മാത്രമാണ് നിയമനിർമാണ സഭകളിൽ വനിതാ പ്രാതിനിധ്യം. അതെ സമയം ത്രിതല പഞ്ചായത്തു, മുനിസിപ്പാലിറ്റികളിൽ 33 ശതമാനം സ്ത്രീ സംവരണം ഉള്ളത് കൊണ്ട് തന്നെ 14 .5 ലക്ഷം (46 %) വനിതകൾ ഇന്ത്യയിൽ പ്രാദേശിക തലത്തിൽ ഭരണപ്രക്രിയയിൽ നിർണായകമായ പങ്കു വഹിക്കുന്നു. സ്ത്രീ പ്രതിനിധ്യം ഉറപ്പുവരുത്താൻ സംവരണം അനിവാര്യമാണ് എന്ന് ഇത് തെളിയിക്കുന്നു. 2023 ൽ ചരിത്രപരം എന്ന് പറഞ്ഞു ഭരണപ്രതിപക്ഷങ്ങൾ ഐക്യകണ്ഡേന പാസാക്കിയ നാരിശക്തി വന്ദൻ അധിനിയം വീണ്ടും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഏപ്രിൽ 16 മുതൽ സ്പെഷ്യൽ പാർലമെൻറ് സെഷൻ വിളിച്ചു ചേർത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സ്ത്രീ പങ്കാളിത്തവും, സ്ത്രീ പ്രാതിനിധ്യവും തമ്മിലുള്ള വിടവും രാഷ്ട്രീയ പാർട്ടികളുടെ ആത്മാർത്ഥത ഇല്ലായ്മയും പരിശോധിക്കുകയാണ്.
വർധിക്കുന്ന സ്ത്രീ പങ്കാളിത്തം
മാറ്റമില്ലാത്ത പ്രാതിനിധ്യം
2024-ലെ വോട്ടർ പട്ടിക പ്രകാരം ആകെയുള്ള വോട്ടർമാരുടെ 48 .6 ശതമാനവും സ്ത്രീകളാണ്. 2024 ലെ പൊതു തിരെഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു പൊതു തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ വോട്ട് ചെയ്യുന്ന ട്രെൻഡ് കാണുവാൻ സാധിക്കും. 1952 ൽ 37 ശതമാനം വനിതകൾ ആണ് വോട്ട് ചെയ്തത് എങ്കിൽ 2024 ൽ ഇത് 65.8% ആണ്. (പുരുഷ വോട്ടിംഗ് 65.6%). ഈ മാറ്റം ക്രമേണ ഉണ്ടായതാണ്. പുരുഷ മേധാവിത്ത സമൂഹത്തിൽ വിശിഷ്യാ ഉത്തരേന്ധ്യയിൽ മത ഭേദമന്യേ സ്ത്രീകൾ മുഖം മറക്കുന്നത് ഒരു ആചാരം ആവുകയും , വോട്ട് ചെയ്യാൻ പോകുമ്പോൾ മുഖം മറ നീക്കുന്നത് പാരമ്പര്യ നിഷേധവുമായി കണ്ട കാലം ഉണ്ടായിരുന്നു. അങ്ങനെ പലകാരണങ്ങൾ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തെ സ്വാധീനിച്ചിട്ടുണ്ട്. കാലം മാറി, തിരഞ്ഞെടുപ്പുകളിൽ എടുത്ത് പറയത്തക്ക വനിതാ പങ്കാളിത്തം പ്രചാരണത്തിലും, വോട്ട് രേഖപ്പെടുത്തലിലും ഉണ്ടാകുമ്പോൾ തന്നെ സ്ത്രീ പ്രാതിനിധ്യം ഒരു ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

വോട്ടെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുമ്പോളും പ്രാതിനിധ്യം വർധിക്കുന്നില്ല, ഒരു പരിധിക്കപ്പുറം ഉയരുന്നുമില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നാം ലോക്സഭയിൽ 22 വനിതാ അംഗങ്ങൾ ആണുണ്ടായത്. നിലവിലെ ലോക് സഭയിൽ 75 വനിതാ അംഗങ്ങൾ ആണുള്ളത്. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിച്ചത് വെച്ച് നോക്കുമ്പോൾ ഇതും വളരെ കുറവാണ്. വനിതാ സംവരണ ബില്ല് 2023 ൽ നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിക്കുമ്പോൾ 2024 ലെ പൊതു തിരെഞ്ഞെടുപ്പ് മുതൽ ഇത് നടപ്പിലാക്കണം എന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു എങ്കിലും, സെൻസസും,മണ്ഡല പുനർനിർണയവും പറഞ്ഞു ആ ആവശ്യത്തെ സർക്കാർ തള്ളിക്കളയുകയുണ്ടായി. ഐക്യകണ്ഡേന ഒടുവിൽ ബില്ല് പാസായി. മുഖ്യധാരാ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് സെൻസസ് ഇല്ലാതെ തന്നെ സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകി മാതൃകയാവാൻ അവസരം ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്തിയില്ല എന്നു അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024 ലെ പൊതു തിരെഞ്ഞെടുപ്പിൽ ബി ജെ പി 16 ശതമാനവും, കോൺഗ്രെസ്, സിപിഎം എന്നി പാർട്ടികളിൽ നിന്ന് 13 ശതമാനം വീതവുമാണ് വനിതാ സ്ഥാനാർത്ഥികൾ ആയുണ്ടായത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിയമത്തിന്റെ പിന്തുണ ഇല്ലാതെ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകാനുള്ള സാധ്യത പാർട്ടികൾ ഉപയോഗിച്ചില്ല എന്നത് സംവരണം എന്നത് ഒരു അനിവാര്യതയായി മാറ്റുന്നു.
Reference
https://adrindia.org/content/Womens-Political-Participation-and-Representation-in-India-2026

