അടുക്കള; കോവിഡ് മാറ്റിമറിക്കുന്ന ഒരിടം

കോവിഡുകാലത്ത് ചില എലീറ്റ് / പ്രിവിലെജ്ഡ് സ്‌പെയ്‌സുകൾ ഇടിഞ്ഞുവീഴുന്നതും മാർജിനൽ / അതേഡ് സ്‌പെയ്‌സുകൾ വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഹബ്ബുകളായി മാറുന്നതും നാം അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമായി മാറുകയാണ് നമ്മുടെ അടുക്കളകൾ. ഭാവിയിലെ ഭവന നിർമാണ സങ്കൽപ്പങ്ങളും രീതികളുമൊക്കെ അടുക്കളയെ പിന്നറ്റത്തുനിന്നു പൂമുഖത്തേയ്ക്ക് പറിച്ചു നട്ടേക്കാം

ലോകം മുഴുവൻ സമാനതകളില്ലാത്ത ദുരന്തങ്ങളുടെയും സങ്കടങ്ങളുടെയും തീ കോരിയിട്ട കോവിഡ്, അതിസങ്കീർണമായ അവസ്ഥാന്തരങ്ങളും വിടവുകളുമാണ് അനുനിമിഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ-സാമൂഹിക-സാംസ്‌കാരിക സാമ്പത്തിക മേഖലകൽക്കപ്പുറം ജീവിതത്തിന്റെ സർവ തലങ്ങളെയും കശക്കിമറിച്ചുകൊണ്ടുള്ള ഈ താണ്ഡവം ഏതൊക്കെ വിധത്തിലുള്ള മാറ്റങ്ങളാണ് വാസ്തവത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അവയുടെയൊക്കെ മാനങ്ങളും വ്യാപ്തിയും എത്രമാത്രമെന്നും തിട്ടപ്പെടുത്തുവാൻ സമയമായിട്ടില്ലെങ്കിലും, ഒന്നു തീർച്ചയാണ്. നമ്മുടെ മുൻഗണനകളെയും മൂല്യനിർണയങ്ങളെയുമൊക്കെ അത് നിർണായക രീതിയിൽ മാറ്റിമറിച്ചു. അനിവാര്യമാണെന്ന് കരുതിയിരുന്നതൊക്കെ അപ്രസക്തിയിലേക്ക് മറയുന്നതും തമസ്‌ക്കരിക്കപ്പെട്ടിരുന്ന പലതും പ്രസക്തിയിലേക്ക് കടന്നുവരുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അതോടൊപ്പം, ചില എലീറ്റ്/ പ്രിവിലെജ്ഡ് സ്‌പെയ്‌സുകൾ ഇടിഞ്ഞു വീഴുന്നതും മാർജിനൽ / അതേഡ് സ്‌പെയ്‌സുകൾ വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഹബ്ബുകളായി മാറുന്നതും നാം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഇങ്ങനെ കാതലായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഇടങ്ങളിൽ ഒന്നാണ് അടുക്കള.

തീ പുകഞ്ഞില്ല, പ​ക്ഷേ...

ഈ മഹാമാരിക്കാലത്ത് നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം അടുക്കളകളിലും തീ പുകയാതെ വന്നു എന്നതാണ് ഏറ്റവും പൊള്ളിക്കുന്ന യാഥാർഥ്യം. ലോക്ക്ഡൗണും രോഗബാധയും അനുബന്ധ പ്രതിസന്ധികളും വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേയ്ക്കും തള്ളിവിട്ടു. പക്ഷേ അടുക്കളയെന്ന ഗാർഹിക സംവിധാനം തികച്ചും മൗലികവും മാനവികവുമായ കാഴ്ചപ്പാടിലും നിലപാടിലും അധിഷ്ഠിതമായ വിശാലമായ ഒരു സാമൂഹിക സംവിധാനമായി പടർന്നു പന്തലിക്കുന്നതാണ് നാം ഈ ഘട്ടത്തിൽ കണ്ടത്.

സ്വന്തം അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യാൻ കെൽപില്ലാതിരുന്ന വലിയൊരു വിഭാഗത്തിന് കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും രൂപകങ്ങളായി മാറുകയായിരുന്നു ഈ സമൂഹ അടുക്കളകൾ. സ്വന്തം താൽപര്യങ്ങൾക്കും സാമ്പത്തിക സ്ഥിതിക്കുമനുസരിച്ച് അടുക്കളയെയും അതിനുള്ളിലെ പ്രക്രിയകളെയും വിഭവങ്ങളെയും വിഭാവനം ചെയ്യുകയും അനുഭവിക്കുകയും ചെയ്തിരുന്ന മധ്യവർഗ സമൂഹവും ക്വാറന്റൈൻ ദിനങ്ങളിൽ സമൂഹ അടുക്കളകളുടെ ഭക്ഷണക്രമത്തിലേക്ക് കടന്നുവന്നു.

വ്യക്തിജീവിതവും സാമൂഹിക ജീവിതവും തമ്മിലുള്ള സന്തുലനങ്ങളെ ആകെ പൊളിച്ചെഴുതിയ കോവിഡിനെ സാമൂഹിക അകലത്തിന്റെ യുക്തികൊണ്ടാണ് ലോകം നേരിടുന്നതെങ്കിലും ഇൻറിവിജ്വലിസത്തിന്റെ ആധുനിക യുക്തിയിലേയ്ക്കല്ല നാം തിരിച്ചുപോയത്. ഒറ്റപ്പെടലിന്റെ വേദനകളും അപരവൽകരണത്തിന്റെ തിക്താനുഭവങ്ങളും സമൂഹാധിഷ്ഠിതമായ ജീവിതവീക്ഷണത്തിലേയ്ക്ക് മനുഷ്യചിന്തയെ വീണ്ടും ചേർത്തുനിർത്തുന്ന ഈ പശ്ചാത്തലത്തിലാണ് കുടുംബ അടുക്കളകളെയും സാമൂഹിക അടുക്കളകളെയും നാം വായിച്ചെടുക്കേണ്ടത്. വരാനിരിക്കുന്ന കാലങ്ങളിൽ സാമൂഹിക അടുക്കളയുടെ പ്രസക്തി ദുർബലമായി പോയേക്കുമോ എന്നറിയില്ല. എങ്കിലും അവ നമ്മുടെ സാമൂഹ്യ ബോധത്തിൽ സൃഷ്ടിച്ച അനുരണനം കുറേ കാലം കൂടി തങ്ങിനില്ക്കും എന്നുറപ്പാണ്.

മാറ്റമില്ലാത്ത മുറി

കുടുംബ അടുക്കളയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും ഈ മഹാമാരി നിർണായകമായി സ്വാധീനിച്ചുകഴിഞ്ഞു. ലിംഗാധിഷ്ഠിതമായി മാത്രം വിഭാവനം ചെയ്യപ്പെടുകയും നിർമിക്കപ്പെടുകയും പ്രതിനിധാനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരിടമാണ് അടുക്കള. സാമൂഹിക- സാംസ്‌ക്കാരിക പരിണാമ ഘട്ടങ്ങളിലൊന്നും യാതൊരു പരിവർത്തനങ്ങൾക്കും വിധേയമാകാത്ത ഒരിടം. മനുഷ്യജീവൻ നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനമായ ഘടകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ ‘മുറി' നമ്മുടെ ഭവന സങ്കൽപങ്ങളുടെയും വാസ്തു-നിർമാണ രീതികളുടെയും വിചിന്തനങ്ങളിൽ എന്നും അപ്രധാനവും അപ്രസക്തവുമായിത്തന്നെയാണ് നിലനിന്നിരുന്നത്. വീടിന്റെ മറ്റിടങ്ങളൊക്കെതന്നെ കാലികമായി രൂപത്തിലും ഭാവത്തിലും സ്ഥാനത്തിലുമൊക്കെ പുനർനിർവ്വചിക്കപ്പെടുകയും പുനർനിർണയിക്കപ്പെടുകയും ചെയ്തപ്പോഴും യാതൊരു മാറ്റവുമില്ലാതെ ആണധികാരം ഏറ്റവും തീവ്രമായി അടിച്ചേൽപ്പിക്കപ്പെടുന്ന ലിംഗവൽക്കരിക്കപ്പെട്ട ഇടമായി (gendered space) അഴുക്കും മെഴുക്കും പുരണ്ട ഒരു ‘വേവുനില' (ടി.വി. കൊച്ചുബാവ, അടുക്കള) മായി അത് നിലകൊണ്ടു. സാറാ ജോസഫ്, ഓരോ എഴുത്തുകാരിയുടെ ഉള്ളിലും എന്ന കഥയിൽ പറയുന്നതുപോലെ, പുളിച്ച വാടയടിക്കുന്ന എച്ചിൽ കൂനകളെ പ്രസവിച്ചുകൊണ്ട് അഴുക്കുപാത്രങ്ങൾ വെല്ലുവിളിയോടെ ഉരുണ്ടുനടക്കുന്ന ഒരിടം.

കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച സമൂഹ അടുക്കളകളിലൊന്ന്‌
കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച സമൂഹ അടുക്കളകളിലൊന്ന്‌

മനുഷ്യന്റെ വ്യക്തി - സാമൂഹിക ജീവിതമാകെ വീടകങ്ങളിലേയ്ക്ക് പൂർണമായും ഒതുങ്ങി ഞെരുങ്ങിപ്പോയ ഈ കാലഘട്ടത്തിൽ കോവിഡ് സൃഷ്ടിക്കുന്ന എല്ലാ വിഹ്വലതകളുടെയും സംഘർഷങ്ങളുടെയും സമ്മർദം ആത്യന്തികമായി അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. ഭർത്താവിന്റെയും മക്കളുടെയും പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധികളും, പഠനഭാരവുമൊക്കെക്കൂടി കലുഷിതമാക്കിയ വീടിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും ഉണർന്ന് പ്രവർത്തിക്കേണ്ട ഒരിടമായിത്തീർന്നു അടുക്കള. ഉദ്യോഗസ്ഥരായ സ്ത്രീകൾക്കാകട്ടെ തൊഴിലിടത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങളും വീടിനുള്ളിലിരുന്ന് പുതിയ സങ്കേതങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ചെയ്യുന്നതോടൊപ്പം അടുക്കളയിൽ നേരവും മുറയും തെറ്റാതെ എല്ലാ പ്രക്രിയകളും അനുവർത്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ അതിദുഷ്‌ക്കരവും സാഹസികവുമായ ഈ കർമസാഹചര്യത്തെ വ്യത്യസ്തമാക്കുന്ന പോസിറ്റീവ് ആയ മറ്റൊരു തലംകൂടിയുണ്ട്.

ബ്ലൻഡഡ്​ കിച്ചൺ

പാട്രിയാർക്കിയുടെ നിർമിതികളിലൂടെ പൂർണമായും ലിംഗവൽക്കരിക്കപ്പെട്ട ഈ ഇടം അപരവൽക്കരണത്തിന്റെ അരികിടങ്ങളിൽനിന്ന് മുക്തമായി ഗാർഹിക ജീവിതത്തിന്റെ മുഖ്യ ഇടമായി പരിണമിക്കുന്ന അനന്യമായ ഒരു പ്രതിഭാസം കൂടി നാം ഈ കോവിഡ് കാലത്ത് കാണുന്നുണ്ട്. സ്ത്രീയുടെ വിയർപ്പും നിശ്വാസങ്ങളും കൊണ്ട് തിടം വച്ച അടുക്കളയുടെ ചുമരുകളിൽ ബൗദ്ധിക - സാംസ്‌ക്കാരിക ഭൂമികകളുടെ കൊളാഷുകൾ നിറയുകയാണ്.

പാർശ്വവൽകൃതമായ ഇടത്തിൽ നിന്ന് എത്ര പെട്ടെന്നാണ് നമ്മുടെ അടുക്കള ഒരു കണക്‌റ്റെഡ്, സ്മാർട്ട്, ലിവിങ് സ്‌പെയ്‌സായി ആയി മാറുന്നത്.

അടുക്കളയുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളിലും പ്രതിനിധാനങ്ങളിലും അടുക്കളയ്ക്കകത്തെ വ്യവഹാരങ്ങളിലും തികച്ചും ക്രിയാത്മകവും, ഭാവി ഉൻമുഖവുമായ ( futuristic) പരിണാമങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വയ്ക്കലും, വിളമ്പലും, കഴുകകലും മാത്രം നടക്കുന്ന ഒരു മാർജിനൽ സ്‌പേസിൽ നിന്ന് പുറംലോകവുമായി കണക്ടിവിറ്റിയും ആക്‌സെസിബിലിറ്റിയുമുള്ള ഒരു ഡിജിറ്റൽ ഇടവും ബൗദ്ധിക വ്യവഹാര കേന്ദ്രവുമായി അത് പരിണമിക്കുന്നു.

സാമ്പാർക്കഷണങ്ങളോടൊപ്പം ആശയങ്ങളും ചിന്തകളും ഒന്നിച്ചു വേവുന്ന ഈ പോസ്റ്റ് കോവിഡ് / പോസ്റ്റ് ജെന്റേഡ് കിച്ചണുകൾ ലിവിങ് റൂമിലേയ്ക്കും സ്റ്റഡി റൂമിലേയ്ക്കും സംക്രമിക്കുന്ന ബ്ലെന്റെഡ് കിച്ചണുകളായും കുടുംബ- സാംസ്‌കാരിക- ബൗദ്ധിക വിനിമയങ്ങളുടെ വേദികളായും മാറുന്നു. സാറാ ജോസഫിന്റെ കഥയിലെ മേബിളമ്മായി സങ്കൽപ്പിക്കുന്ന ‘ചിന്തകളിന്മേൽ വിഴുപ്പുതുണി വിരിക്കാത്ത, ആശയങ്ങൾക്ക് മീതെ ആട്ടുകല്ലെടുത്ത് വയ്ക്കാത്ത ഒരിട'മായി ഉയർന്നുവരുന്നു. ഭാവിയിലെ ഭവന നിർമാണ സങ്കൽപ്പങ്ങളും രീതികളുമൊക്കെ അടുക്കളയെ പിന്നറ്റത്തുനിന്നു പൂമുഖത്തേയ്ക്ക് പറിച്ചു നട്ടേയ്ക്കാം. അടുക്കളകളുടെ ഈ അസ്തിത്വ പരിണാമം ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് നൽകുന്നത് അതിഭീകരമായ ജോലിഭാരമാണെന്നത് യാഥാർത്ഥ്യമാണെങ്കിലും അത് അവർക്കു നൽകുന്ന ഊർജ്ജവും ആത്മവിശ്വാസവും വളരെ വലുതാണ്.

ആൺകുട്ടികൾ അടുക്കളയിലേക്ക്​

ഇതോടൊപ്പം, തികച്ചും ജെന്റേഡ് ആയ ഒരു സ്‌പെയ്‌സിൽനിന്ന് ഒരു ഇഗാലിറ്റേറിയൻ സ്‌പെയ്‌സിലേക്കുള്ള പരിണാമവും അടുക്കളയ്ക്കകത്ത് നടക്കുന്നുണ്ടെന്നത് മറ്റൊരു ആശാവഹമായ കാര്യമാണ്. ഊണ് റെഡിയായില്ലേ എന്ന് വായനാമുറിയിലിരുന്നു നീട്ടിവിളിക്കുന്ന ഭർത്താക്കന്മാരും ആൺമക്കളും, ഊണ് റെഡിയാക്കാനും പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും അടുക്കളയിൽ കയറുന്നതാണ് പുതിയ വീടകക്കാഴ്ചകൾ. പാട്രിയാർക്കൽ ബോധങ്ങളെയും മുൻവിധികളെയും മനഃപൂർവം ഉപേക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നില്ല, മറിച്ച് ലോക്ക്ഡൗണും ക്വാറന്റയിനും സൃഷ്ടിച്ച വിരസതയും മടുപ്പുമാണ് ഭക്ഷണ വൈവിധ്യ സങ്കരങ്ങളുടെ പരീക്ഷണങ്ങളിലേയ്ക്ക് അവരെ ആകർഷിച്ചതെങ്കിലും അത് അടുക്കളയെ ഒരു സ്ത്രീയിടത്തിൽ നിന്ന് വീടിന്റെ പൊതുഇടമെന്ന തലത്തിലേയ്ക്ക് ഉയർത്തുവാൻ കാരണമായി എന്നതാണ് പ്രധാനം. പുരുഷന്റെ ഇഷ്ടങ്ങൾക്കും രീതികൾക്കും ആജ്ഞകൾക്കുമനുസരിച്ച് സ്ത്രീ മാത്രം ഭക്ഷണമുൽപാദിപ്പിക്കുന്ന സ്ഥലം എന്നതിൽനിന്ന്, സ്വന്തം ഇഷ്ടമനുസരിച്ച് ഓരോരുത്തരും അല്ലെങ്കിൽ എല്ലാവരും സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്ന കൂടുതൽ ജനാധിപത്യപരമായ ഒരിടമായി അടുക്കള മാറി.

ഗൃഹനാഥന്മാരെക്കാൾ കൂടുതലായി പുതുതലമുറയിലെ ആൺകുട്ടികൾ അടുക്കളകളിലേയ്ക്ക് കയറിവന്നു. ഉപ്പും പഞ്ചസാരയും തമ്മിൽ തിരിച്ചറിയാൻ കഴിയാതിരുന്ന ഈ തലമുറ, പുത്തൻ രുചിക്കൂട്ടുകളുടെ തമ്പുരാക്കന്മാരായി വളർന്നു. അവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ പല പുതുവിഭവങ്ങളും കുടുംബാംഗങ്ങളുടെ രുചിമുകുളങ്ങൾക്ക് ആനന്ദം പകർന്നു. മറ്റൊരു പ്രധാന കാര്യം, കോവിഡ് കാലത്ത് അടുക്കളയിലെ സാമഗ്രികളും, ചേരുവകളും വിഭവങ്ങളും കൂടുതൽ ആരോഗ്യകരമായിത്തീർന്നു എന്നതാണ്.

പ്രതിരോധശക്തി കൂട്ടാൻ സഹായകമായ ഭക്ഷണ പാനീയങ്ങൾ പാകം ചെയ്യാൻ തുടങ്ങിയതോടെ അടുക്കളകൾ വിഷമുക്തമാകാൻ തുടങ്ങി. പുറത്തുനിന്ന്​വാങ്ങുന്ന ഭക്ഷണക്കൂട്ടുകളുടെയും, ജങ്ക് ഫുഡിന്റെയും, ‘റെഡി ടു കുക്ക്’ ഫുഡുകളുടെയും ലഭ്യത കുറഞ്ഞതോടെ, ലഭ്യമായ സാധനങ്ങൾകൊണ്ടുതന്നെ പുതിയ വിഭവങ്ങൾ പരീക്ഷിക്കുവാനും, ഭക്ഷണ സാധനങ്ങൾ പാഴാക്കാതിരിക്കുവാനും, പുതുരീതികളിൽ പുനരുപയോഗിക്കാനും പലരും ശീലിച്ചു. നാടൻ ഭക്ഷണരീതികളിലേക്കും പലരും ആകർഷിക്കപ്പെട്ടു. അതോടൊപ്പം അടുക്കളയോട് ബന്ധപ്പെട്ട സ്ത്രീയുടേതുമാത്രമെന്ന് സങ്കൽപ്പിക്കപ്പെട്ടിരുന്ന, വൃത്തിയാക്കൽ ജോലികളും ഏറ്റെടുക്കാൻ പല വീടുകളിലെയും പുരുഷന്മാർ സന്നദ്ധരായി എന്നത് വളരെ പ്രത്യാശാജനകമായ കാര്യമാണ്.

അടുക്കളയിലേക്ക്​ സർക്കാറും

ഇത്തരത്തിൽ അടുക്കളയുമായി ബന്ധപ്പെട്ട ആശാവഹമായ മാറ്റങ്ങളോടുള്ള ക്രിയാത്മകമായ പ്രതികരണവും കൂട്ടിച്ചേർക്കലുമായി കേരള സർക്കാർ ഇപ്രാവശ്യത്തെ ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന, സ്മാർട്ട് കിച്ചൻ പ്രൊജക്റ്റിനെയും കാണാനാകും. പലിശയുടെ മൂന്നിലൊന്ന് വീതം തദ്ദേശ ഭരണസ്ഥാപനവും, സർക്കാരും ഉപഭോക്താവും പങ്കിട്ട് ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന്​ സ്ത്രീകൾക്ക് വായ്പ ലഭ്യമാക്കുകയും അതുവഴി സ്ത്രീകളുടെ വീടിനകത്തെ ജോലിഭാരവും സംഘർഷങ്ങളും ലഘൂകരിക്കുകയും, അവർക്ക് കൂടുതൽ ക്രിയാത്മകമായ ഇടങ്ങളിൽ മികവോടെ ഇടപെടാൻ സമയവും അവസരവും ഒരുക്കിക്കൊടുക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ള സ്ത്രീകൾക്കും ഈ സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാകുന്നത്, മുന്നേ പ്രതിപാദിച്ച ആശാവഹമായ മാറ്റങ്ങൾക്കൊക്കെ കൂടുതൽ ഊർജ്ജം പകരും.

പ്രത്യാശയാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നത്. ഈ മാറ്റങ്ങൾ തുടരുക തന്നെ ചെയ്യും. വരും കാലങ്ങളിൽ കൂടുതൽ വിശാലമായ തലങ്ങളിലേയ്ക്ക് പടരുകയും ചെയ്യും. മഹാമാരി മറവിയിലേക്ക് മറയുന്ന ഒരു കാലത്തും അടുക്കള വീണ്ടും പഴയ അടുക്കളയാകില്ലെന്ന് തന്നെ പ്രത്യാശിക്കാം.


Summary: കോവിഡുകാലത്ത് ചില എലീറ്റ് / പ്രിവിലെജ്ഡ് സ്‌പെയ്‌സുകൾ ഇടിഞ്ഞുവീഴുന്നതും മാർജിനൽ / അതേഡ് സ്‌പെയ്‌സുകൾ വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഹബ്ബുകളായി മാറുന്നതും നാം അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമായി മാറുകയാണ് നമ്മുടെ അടുക്കളകൾ. ഭാവിയിലെ ഭവന നിർമാണ സങ്കൽപ്പങ്ങളും രീതികളുമൊക്കെ അടുക്കളയെ പിന്നറ്റത്തുനിന്നു പൂമുഖത്തേയ്ക്ക് പറിച്ചു നട്ടേക്കാം


ഡോ. മിലൻ ഫ്രാൻസ്​

കവി, ​പ്രഭാഷക, എഴുത്തുകാരി. ആലുവ സെൻറ്​ സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച് ഗൈഡ്​. നക്ഷത്രങ്ങളുണ്ടാകുന്നത്, മിലൻ ഫ്രാൻസിന്റെ പുതിയ കവിതകൾ, കാഴ്ചവട്ടം, The Legends of Khasak: A Postcolonial Study എന്നീ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments