Photo: Flickr

സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഇന്ത്യ, കേരളം

സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിലുള്ള രാജ്യമാണ്​ ഇന്ത്യ. സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളവും ഈ കണക്കുകളിൽ മുന്നിലുണ്ട്​.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം ആഗോളതലത്തിൽ തന്നെ വർധിച്ചുവരുന്നതായാണ് ഏതാനും വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലോകത്ത് ആകെയുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് (ഏകദേശം 743 ദശലക്ഷത്തിലേറെ) സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കാളിയിൽ നിന്നോ അല്ലാത്തവരിൽ നിന്നോ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. റേപ്പ് കേസുകൾ ഉൾപ്പെടാത്തതാണ് ഈ കണക്ക്. ഇന്ത്യയിൽ വിവാഹിതരായ സ്ത്രീകളിൽ 30 ശതമാനം പേർ പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ടിട്ടുള്ളവരാണെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ- 5 (National Family Health Survey- NFHS-5) ൽ കണ്ടെത്തിയത്. 2019- 2021 കാലയളവിലെ കണക്കാണിത്. 2015-2016 കാലഘട്ടത്തിലെ NFHS നാലാം സർവേയിൽ കണ്ടെത്തിയതിനേക്കാൾ കുറവാണിത്.

2018-ൽ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ തയ്യാറാക്കിയ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. സിറിയ, സൊമാലിയ, സൗദി അറേബ്യ, പാകിസ്ഥാൻ, കോംഗോ, യെമൻ, നൈജീരിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ.

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ശാരീരിക അക്രമങ്ങൾ മാത്രമല്ല, വിവാഹജീവിതത്തിൽ അരങ്ങേറുന്നത്. ലൈംഗികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങൾ/പീഡനങ്ങൾ വളരെയേറെയാണ്.

സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ശാരീരിക അക്രമങ്ങൾ മാത്രമല്ല, വിവാഹജീവിതത്തിൽ അരങ്ങേറുന്നത്. ലൈംഗികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങൾ/പീഡനങ്ങൾ വളരെയേറെയാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 2020-ൽ സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ 3,15,694 കേസുകളാണ് എടുത്തിട്ടുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസ്​- 39,601.
34,426 കേസുള്ള രാജസ്ഥാനും 34,170 കേസുള്ള പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കേരളത്തിൽ കഴിഞ്ഞവർഷം 8139 കേസുകളാണെടുത്തത്.
2019-ൽ ഇന്ത്യയിലാകെ 3,48,162 കേസുകളായിരുന്നു സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്. 2018-ൽ ആകെ 3,29,638 കേസുകളായിരുന്നു ഉണ്ടായിരുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ ‘വേൾഡ് വിമെൻ റിപ്പോർട്ടി’ലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് ഇന്ത്യയിലാണ് / Photo: Pixabay

2018, 2019 വർഷങ്ങളെ അപേക്ഷിച്ച് സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പലതും 2020-ൽ എണ്ണത്തിൽ കുറവാണെന്ന് NCRBയുടെ കണക്കിൽ കാണാം. എന്നാൽ 2021-ൽ സ്ത്രീധനപീഡനവും ലൈംഗികാക്രമണവും ഉൾപ്പെടെ സ്ത്രീകൾക്കെതിരായ പല കുറ്റകൃത്യങ്ങളും വർധിച്ചതയാണ് റിപ്പോർട്ട്.
2021 ജനുവരി മുതൽ ഒക്ടോബർ വരെ കേരളത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം എടുത്ത കേസുകളുടെ എണ്ണം 12,784 ആണ്. 10 മാസത്തെ മാത്രം കണക്കാണിത്. സ്ത്രീകൾ നൽകിയ പരാതികളിൽ ഏറ്റവും കൂടുതൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയെക്കുറിച്ചുള്ളതാണ്. 3803 പരാതികളാണ് ഭർത്താവിന്റെയും ബന്ധുകളുടെയും പീഡനം സംബന്ധിച്ച് 2021 ഒക്ടോബർ വരെ കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. 2020-ൽ 2736 കേസുകളായിരുന്നു ഉണ്ടായിരുന്നത്. റേപ്പ്​ചെയ്യപ്പെട്ടതായുള്ള 1845 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗികാക്രമണ കേസുകൾ 3359 ആണ്. 145 തട്ടിക്കൊണ്ടുപോകൽ കേസും ഇക്കാലയളവിലുണ്ടായിട്ടുണ്ട്.

വിവാഹമോചനം കുറഞ്ഞ രാജ്യം

ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ കുടുംബന്ധങ്ങളുടെ കെട്ടുറപ്പ്​ ഉയർത്തിക്കാട്ടാൻ പലരും വിവാഹമോചനത്തിന്റെ കണക്കുപയോഗിക്കുന്നതു കാണാം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പുകൊണ്ടൊന്നുമല്ല വിവാഹമോചനങ്ങളുടെ എണ്ണം കുറയുന്നതെന്ന് സമൂഹഘടനയെക്കുറിച്ചും കുടുംബങ്ങളിലെ ആണധികാര ബലപ്രയോഗങ്ങളെക്കുറിച്ചും അൽപമെങ്കിലും ധാരണയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയാണ് വിവാഹജീവിതത്തിൽ തുടരവെ ആത്മഹത്യ ചെയ്തവരുടെ എണ്ണം. വിവാഹജീവിതം അസഹനീയമായതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരേക്കാൽ സ്ത്രീകളാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ ‘വേൾഡ് വിമെൻ റിപ്പോർട്ടി’ലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് ഇന്ത്യയിലാണ്. 2020-ലെ കണക്കനുസരിച്ച് 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ വിവാഹമോചന നിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. ഇന്ത്യയിൽ വിവാഹിതരെല്ലാം സംതൃപ്തരാണ് എന്ന് ഈ കണക്കുകൾ അർഥമാക്കുന്നില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇത് വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തിനെതിരെയാണ്. സ്ത്രീധന പീഡനത്തെ തുടർന്നും നൂറുകണക്കിന് സ്ത്രീകൾക്ക് ജീവൻ നഷ്ടമാകുന്നു. വിവാഹമോചനം സംഭവിക്കുന്നില്ലെങ്കിലും, സ്ത്രീകൾ ഭർതൃവീടുകളിൽ എത്രത്തോളം അരക്ഷിതരാണെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകൾ.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2021 നവംബറിൽ പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോർട്ട് പ്രകാരം, വിവാഹജീവിതത്തിലെ അസ്വാരസ്യം കാരണം 2016-നും 2020-നും ഇടയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത് 37,591 പേരാണ്. അതായത് ഒരു ദിവസം ഇരുപതിലേറെ ആത്മഹത്യ. ഇത്രയും പേരിൽ 2688 പേർ മാത്രമാണ് പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയത്. ബാക്കിയെല്ലാവരും അസംതൃപ്തമായ വിവാഹജീവിതത്തിൽ നിന്നുള്ള മോചനം തേടിയാണ് ആത്മഹത്യ ചെയ്തത്. വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയാണ് വിവാഹജീവിതത്തിൽ തുടരവെ ആത്മഹത്യ ചെയ്തവരുടെ എണ്ണം. വിവാഹജീവിതം അസഹനീയമായതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരേക്കാൽ സ്ത്രീകളാണ്. 21570 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ, ഇതേ കാലയളവിൽ 16021 പുരുഷൻമാരാണ് വിവാഹജീവിതത്തിലെ അസംതൃപ്തി കാരണം ജീവനൊടുക്കിയത്.

സ്ത്രീധന പീഡനവും തുടർന്നുള്ള മരണങ്ങളും സംബന്ധിച്ച വാർത്തകൾ നിരന്തരം വരുന്നത് സ്ത്രീകളിൽ തിരിച്ചറിവുണ്ടാക്കുന്നുണ്ട് / Photo: Wikimedia Commons

പീഡനവും ആത്മഹത്യകളും (കൊലപാതകങ്ങളും) വർധിക്കുന്നു എന്നുപറയുന്നത് കണക്കുകളിൽ ശരിയായിരിക്കും. പക്ഷെ, യഥാർഥത്തിൽ സ്ത്രീധന പീഡനവും മരണവും കൂടുന്നു എന്ന് പറയുന്നതിനേക്കാൾ, പുറത്തുവരുന്ന കേസുകളുടെ എണ്ണം കൂടുന്നു എന്നാണ് പറയേണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവങ്ങൾ സഹിക്കേണ്ടതാണെന്നും ഭർത്താവും വീട്ടുകാരും എന്ത് ചെയ്താലും വിധിയാണെന്നുമുള്ള സ്ത്രീകളുടെ ധാരണയിൽ മാറ്റം വരുന്നതാണ് കൂടുതൽ സംഭവങ്ങൾ പുറംലോകം അറിയാൻ ഇടയാക്കുന്നത്. സ്ത്രീധന പീഡനവും തുടർന്നുള്ള മരണങ്ങളും സംബന്ധിച്ച വാർത്തകൾ നിരന്തരം വരുന്നത് സ്ത്രീകളിൽ തിരിച്ചറിവുണ്ടാക്കുന്നുണ്ട്. പീഡനങ്ങളും അവകാശലംഘനങ്ങളും അതിക്രമങ്ങളും തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പരാതിപ്പെടാനും തയ്യാറാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാനും തടയപ്പെടാനും ഇടയാക്കും. എന്നാൽ പരാതികളാകാത്ത സംഭവങ്ങളും ഏറെയുണ്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പലരെയും പരാതിപ്പെടുന്നതിൽ നിന്ന് തടയുന്നുണ്ട്, പ്രത്യേകിച്ച് വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മേഖലകളിൽ.

വനിതാ കമീഷന്റെ കണക്ക് ഇങ്ങനെ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഈ വർഷം മുൻവർഷത്തെക്കാൾ 46 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് ദേശീയ വനിതാ കമീഷൻ പറയുന്നത്. 2021 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പരിഗണിച്ചാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 2021 ജനുവരി മുതൽ ആഗസ്റ്റ് വരെ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 19,953 പരാതികളാണ് വനിതാ കമീഷന് ലഭിച്ചത്. 2020-ൽ ഇതേ കാലയളവിൽ 13,618 പരാതികളാണ് ലഭിച്ചത്. ഈ വർഷത്തെ ആകെ പരാതികളിൽ പകുതിയും ഉത്തർപ്രദേശിൽ നിന്നാണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.

രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടർത്തിയവ ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി.യുടെ ഉന്നത നേതാക്കൾ വരെ പ്രതികളായ ഒട്ടേറെ ലൈംഗികാക്രമണ കേസുകളും കൊലപാതക കേസുകളും മുൻവർഷങ്ങളിലും ഉത്തർപ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും കോളിളക്കമുണ്ടാക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. യോഗി ആദിത്യനാഥ് ഭരണകൂടത്തിനുകീഴിൽ സ്ത്രീകളും ദലിതരും കൂടുതൽ അരക്ഷിതരായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്.

സമ്പത്തിന്റെയും അധികാരത്തിന്റെയും ജാതിയുടെയും ഇടപെടലിനൊപ്പം രാഷ്ട്രീയ ഒത്താശ കൂടി ചേർന്നതാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളേറെയും. നിസഹായരായ ദരിദ്രരും ദലിതരും മുസ്​ലിംകളുമൊക്കെയാണ് ഇരയാക്കപ്പെടുന്നവരിലേറെയും.

അതേസമയം, ബോധവത്കരണ പ്രവർത്തനം ശക്തമാക്കിയതിനാൽ ജനങ്ങൾ അതിക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും കൂടുതൽ അറിവുള്ളവരായിത്തീരുന്നതാണ് പരാതികളുടെ എണ്ണം ഉയരാൻ കാരണമെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ പറയുന്നു. സ്ത്രീകളും പൊതുസമൂഹവും ബോധവത്കരിക്കപ്പെടുന്നത് തീർച്ചയായും പരാതിപ്പെടുന്നവരുടെ എണ്ണം ഉയരാൻ ഇടയാക്കും. ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിൽ ഇത് ശരിയാകാം. യുവതികളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി ആക്രമിച്ച്​ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നത് ബോധവത്കരണം കൂടിയതുകൊണ്ടാണെന്ന് പറയാനാകുമോ? സമ്പത്തിന്റെയും അധികാരത്തിന്റെയും ജാതിയുടെയും ഇടപെടലിനൊപ്പം രാഷ്ട്രീയ ഒത്താശ കൂടി ചേർന്നതാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളേറെയും. നിസഹായരായ ദരിദ്രരും ദലിതരും മുസ്​ലിംകളുമൊക്കെയാണ് ഇരയാക്കപ്പെടുന്നവരിലേറെയും.

2021 ജൂലൈയിൽ മാത്രം 3248 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. 2015-ന് ശേഷം ഒറ്റ മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന പരാതിക്കണക്കാണിത്. ഈ വർഷത്തെ 19,953 പരാതികളിൽ 7036 എണ്ണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതാണ്. ഗാർഹിക പീഡന പരാതികൾ 4289 എണ്ണമാണ്. സ്ത്രീധന പീഡനത്തിന്റെയും വിവാഹജീവിതത്തിലെ അതിക്രമങ്ങളുടെയും പേരിൽ ലഭിച്ചത് 2923 പരാതികളാണ്. സ്ത്രീകൾക്കെതിരായ വൈകാരിക ചൂഷണമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നത്. സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ പേരിൽ 1116 പരാതികളാണ് 2021 ആഗസ്റ്റ് വരെ വനിതാ കമീഷന് ലഭിച്ചത്. റേപ്പ്​/ റേപ്പിനുള്ള ശ്രമം എ ന്നിവ നടന്നതായുള്ള പരാതികൾ 1022 എണ്ണമാണ്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ 585 പരാതികളും ഇക്കാലയളവിൽ ലഭിച്ചു.

രേഖ ശർമ / Photo: Rekha Sharma, Facebook

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് ഉത്തർപ്രദേശിലാണ്, 10084. 2147 പരാതികളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഹരിയാന (995), മഹാരാഷ്ട്ര (947) എന്നീ സംസ്ഥാനങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

2020-ൽ ലഭിച്ച പരാതികളുടെ കണക്ക് ദേശീയ വനിതാ കമീഷൻ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. 23,722 പരാതികളാണ് കഴിഞ്ഞ വർഷം വനിതാ കമീഷന് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് നവംബറിലാണ്, 2884. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിനെതിരായ പരാതികളാണ് കമീഷന് ലഭിച്ചതിൽ ഏറ്റവും കൂടുതൽ. 7715 സ്ത്രീകളാണ് ഈ അവകാശം ലംഘിക്കപ്പെടുന്നതായി പരാതി നൽകിയത്. ഗാർഹിക പീഡന പരാതിയാണ് പിന്നീട് കൂടുതൽ. 6229 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്. ഇത് കഴിഞ്ഞ 12 വർഷങ്ങളിലെ ഏറ്റവും കൂടിയ കണക്കാണ്. 2014 മുതൽ ഗാർഹിക പീഡന പരാതികളുടെ എണ്ണം കുറഞ്ഞുവന്നിരുന്നു. എന്നാൽ 2018 മുതൽ വീണ്ടും ഉയരാൻ തുടങ്ങി.

സ്ത്രീധന പീഡന പരാതികളുടെ എണ്ണം 3788 ആണ്. സ്ത്രീധന മരണം സംബന്ധിച്ച് 330 പരാതികളുണ്ടായി. 1236 റേപ്പ്​ പരാതികളാണ് കമീഷന് കിട്ടിയത്. ലൈംഗികാതിക്രമത്തിന്റെ പേരിൽ 376 പരാതികളാണുണ്ടായത്. തൊഴിൽസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് 144 പേരാണ് പരാതി നൽകിയത്. സ്​ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ 704 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്.

മുന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം

ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും മുന്നിൽ. 2020-ൽ 1,12,292 കേസുകളാണ് ഈ ഗണത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് 2019-ലേക്കാൾ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ൽ രാജ്യത്താകെ 1,26,575 കേസുകളാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. എന്നാൽ 2018-ലേക്കാൾ കൂടുതലാണ് 2020-ലെ കേസുകളുടെ എണ്ണം. 2018-ൽ 1,04,165 സ്ത്രീകളാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും അതിക്രമത്തിനിരയായതായി പരാതിപ്പെട്ടത്.
ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തിന്റെ പേരിലുള്ള കേസുകളിൽ ഒന്നാം സ്ഥാനത്തുള്ളത് പശ്ചിമ ബംഗാളാണ്, 19,966 കേസുകൾ. 14,533 കേസുമായി ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 13,896 കേസുള്ള രാജസ്ഥാൻ മൂന്നാമതും 11,413 കേസുള്ള അസം നാലാമതുമാണ്. കേരളം 12-ാം സ്ഥാനത്താണ്. 2736 കേസുകളാണ് 2020-ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. തെലങ്കാന (7745), മഹാരാഷ്ട്ര (6749), ആന്ധ്രപ്രദേശ് (6579), മധ്യപ്രദേശ് (5540), ഹരിയാന (4122), ഒഡിഷ (3659), ഗുജറാത്ത് (3345) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. കർണാടകയിൽ 2092 കേസുകളാണുള്ളത്. തമിഴ്നാട്ടിൽ 702 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇല്ലാത്ത സമൂഹങ്ങളിൽ ഗാർഹിക പീഡനമോ ഭർത്താവിൽ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെടില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകളുടെ എണ്ണം കുറവ്. സിക്കിമിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. നാഗാലാൻഡിൽ രണ്ടും മിസോറമിലും മണിപ്പൂരിലും ഏഴ് കേസുകളുമാണുള്ളത്. ഗോവയിൽ എട്ട് പരാതികളാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും അതിക്രമത്തിന്റെ പേരിൽ നൽകപ്പെട്ടത്.

പരാതികളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങൾ സ്ത്രീസൗഹൃദമാണെന്ന് അർഥമില്ല. വിദ്യാഭ്യാസ നിലവാരവും അവബോധവും സാമൂഹികഘടനയുമെല്ലാം ഇതിൽ ഘടകങ്ങളാണ്. തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇല്ലാത്ത സമൂഹങ്ങളിൽ ഗാർഹിക പീഡനമോ ഭർത്താവിൽ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെടില്ല.

ആക്രമിക്കപ്പെടുന്ന ഐഡൻറിറ്റി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ആത്മാഭിമാനത്തിനെതിരായ അതിക്രമമാണ്. ഇത്തരം അതിക്രമങ്ങളുടെ പേരിൽ 86,745 കേസുകളാണ് രാജ്യത്ത് 2020-ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2019-ൽ 89,292 കേസുകളുണ്ടായിരുന്നു. 2018-ൽ ഇത് 90,039 ആയിരുന്നു. ഒഡീഷയിലാണ് ഇത്തരം കേസുകൾ കൂടുതൽ- 12,641. മഹാരാഷ്ട്ര (10,007), ഉത്തർപ്രദേശ് (9903), രാജസ്ഥാൻ (8690), മധ്യപ്രദേശ് (5431) എന്നിവയാണ് കൂടുതൽ കേസുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ 3971 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹിയിൽ 1841 കേസും ജമ്മു കശ്മീരിൽ 1766 കേസുകളുമാണുള്ളത്.

തനിക്ക് സംഭവിക്കുന്നത് അനീതിയാണെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇല്ലാത്ത സമൂഹങ്ങളിൽ ഗാർഹിക പീഡനമോ ഭർത്താവിൽ നിന്നുള്ള അതിക്രമങ്ങളോ ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെടില്ല. ഥപട് എന്ന സിനിമയിലെ രംഗം / Photo: IMDb

18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ 4137 ആണ്. 1264 കേസുകളുള്ള ഉത്തർപ്രദേശിലാണ് പെൺകുട്ടികൾക്കെതിരായ അതിക്രമം കൂടുതൽ. രാജസ്ഥാനിൽ 1018 കേസുകളാണുള്ളത്. കേരളത്തിൽ ചെറിയ പെൺകുട്ടികൾക്കെതിരായ 631 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തട്ടിക്കൊണ്ടുപോകൽ; കൊല്ലാനും വിവാഹത്തിനും

തട്ടിക്കൊണ്ടുപോകൽ കേസുകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മൂന്നാം സ്ഥാനത്ത്​. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി 63,693 കേസുകളാണ് 2020-ൽ ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് 2019-ലേതിനേക്കാൾ കുറവാണ്. 2019-ൽ 73,844 സ്ത്രീകളാണ് തട്ടിക്കൊണ്ടുപോകലിനിരയായത്. തട്ടിക്കൊണ്ടുപോകൽ തന്നെ വിവിധ തരത്തിലുണ്ട്. കൊലപ്പെടുത്താൻ തട്ടിക്കൊണ്ടുപോകുന്ന കേസുകളുണ്ട്. മോചനദ്രവ്യത്തിനും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നുണ്ട്. നിർബന്ധിത വിവാഹത്തിനുവേണ്ടി സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് ഉത്തർപ്രദേശിലാണ്- 9257 കേസുകൾ. 7805 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. ബിഹാർ (6747), അസം (5915), മഹാരാഷ്ട്ര (5332) ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ 152 കേസുകളാണുള്ളത്.
2020-ൽ രാജ്യത്താകെ 104 സ്ത്രീകളെയാണ് വധിക്കാൻ വേണ്ടി തട്ടിക്കൊണ്ടുപോയത്. ഇക്കാര്യത്തിലും ഉത്തർപ്രദേശ് തന്നെയാണ് മുന്നിൽ. ആകെ കേസുകളിൽ പകുതിയിലേറെയും ഉത്തർപ്രദേശിലാണ്. 58 സ്ത്രീകളെയാണ് ഉത്തർപ്രദേശിൽ വധിക്കാനായി തട്ടിക്കൊണ്ടുപോയത്. ജാർഖണ്ഡിലും ബിഹാറിലും ഇത്തരത്തിലുള്ള 11 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിന്​ തട്ടികൊണ്ടുപോകുന്ന സംഭവങ്ങളും കൂടുതൽ നടക്കുന്നത് ഉത്തർപ്രദേശിൽ തന്നെയാണ്. വിവാഹപ്രായമെത്താത്ത 2943 പെൺകുട്ടികളെയാണ് ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യയിലാകെ 25,098 സ്ത്രീകളെയാണ് നിർബന്ധിച്ച് വിവാഹം ചെയ്യിക്കുന്നതിനായി 2020-ൽ തട്ടിക്കൊണ്ടുപോയത്. ഉത്തർപ്രദേശിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ, 7830. ബിഹാറിൽ 5378 സ്ത്രീകളെയാണ് വിവാഹത്തിനായി തട്ടിക്കൊണ്ടുപോയത്. അസം (2384), പഞ്ചാബ് (1217), മധ്യപ്രദേശ് (1043) എന്നീ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ. കേരളത്തിൽ 48 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജമ്മു കശ്മീരിലാണ് ഏറ്റവുമധികം സ്ത്രീകളെ വിവാഹത്തിനായി കടത്തിക്കൊണ്ടുപോയത്. 456 കേസുകളാണ് ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

18 വയസ്സിന് മുകളിലുള്ള സ്ത്രീകളെ വിവാഹത്തിനായി തട്ടിക്കൊണ്ടുപോയ 13,862 സംഭവങ്ങളാണ് രാജ്യത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. 4887 സ്ത്രീകളെയാണ് ഉത്തർപ്രദേശിൽ നിർബന്ധിത വിവാഹത്തിന്​ കടത്തിക്കൊണ്ടുപോയത്. അസം (2638), ബിഹാർ (2620) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തിൽ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹത്തിനായി തട്ടിക്കൊണ്ടുപോയതായുള്ള 11,236 കേസുകളാണ് രാജ്യത്ത് 2020-ൽ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിന്​ തട്ടികൊണ്ടുപോകുന്ന സംഭവങ്ങളും കൂടുതൽ നടക്കുന്നത് ഉത്തർപ്രദേശിൽ തന്നെയാണ്. വിവാഹപ്രായമെത്താത്ത 2943 പെൺകുട്ടികളെയാണ് ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയത്. 2758 കേസുകളുള്ള ബിഹാർ തൊട്ടുപിന്നിലുണ്ട്. ഇത്തരത്തിലുള്ള 42 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ചണ്ഡീഗഡിൽ 19 ഉം ജമ്മു കശ്മീരിൽ 16 ഉം പെൺകുട്ടികളെ 2020-ൽ വിവാഹത്തിന് നിർബന്ധിക്കാൻ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന്​ 2480 കേസുകളാണ് 2020-ൽ ആകെയെടുത്തിട്ടുള്ളത്. 1055 കേസുകളുള്ള അസമാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. കേരളത്തിൽ അഞ്ച് കേസുകളാണുണ്ടായിരുന്നത്. വിദേശത്തുനിന്ന് പെൺകുട്ടികളെ ഇറക്കുമതി ചെയ്തതായുള്ള ഒരു കേസാണ് റിപ്പോർട്ട് ചെയ്തത്. ഇത് മഹാരാഷ്ട്രയിലാണ്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 943 മനുഷ്യക്കടത്ത് കേസുകളുമുണ്ടായി. മഹാരാഷ്ട്രയിലാണ് കൂടുതൽ, 242 കേസുകൾ. 100 കേസുകളുള്ള അസം ആണ് രണ്ടാമത്. 72 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട കേരളവും തെലങ്കാനയുമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽപന നടത്തിയതിന് 12 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് (4), ഗുജറാത്ത് (2), പശ്ചിമ ബംഗാൾ (2), ജാർഖണ്ഡ് (1), അസം (1), ബിഹാർ (1), ഹരിയാന (1) എന്നീ സംസ്ഥാനങ്ങളിലാണ് ഈ കേസുകൾ.

ലൈംഗികാക്രമണം

പിഞ്ചുകുഞ്ഞ് മുതൽ 90 വയസ്സുകാരി വരെ റേപ്പിനിരയാക്കപ്പെടുന്ന നാടാണ് ഇന്ത്യ. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ സെക്ഷൻ 376 പ്രകാരമാണ് റേപ്പിന്​കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരം ഇന്ത്യയിൽ 2020-ൽ 28,153 കേസുകളാണെടുത്തത്. 2019-ൽ 32,260 ആയിരുന്നു. ഇതിൽ 25,498 കേസുകൾ 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ റേപ്പ്​ ചെയ്യപ്പെട്ടതാണ്. 2655 കേസുകളിൽ ഇരകൾ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ്. 2018-ൽ 33,977 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

2005 മുതൽ 2020 വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റേപ്പ് കേസുകളുടെ ഗ്രാഫ് / NCRB

2020-ൽ ഏറ്റവും കൂടുതൽ റേപ്പ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്, 5337. തൊട്ടടുത്ത സ്ഥാനത്തുള്ള യു.പി.യിൽ 2796 കേസാണുള്ളത്. മധ്യപ്രദേശ് (2341), മഹാരാഷ്ട്ര (2065), അസം (1657), ഹരിയാന (1373), ചത്തീസ്ഗഡ് (1212), ഒഡീഷ (1211), പശ്ചിമ ബംഗാൾ (1128), ആന്ധ്രപ്രദേശ് (1095) എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലേറെ സ്ത്രീകൾ ഒരു വർഷം റേപ്പ്​ചെയ്യപ്പെടുന്നു. ഡൽഹിയിൽ 997 റേപ്പ്​ കേസുകളാണ് 2020-ൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 647 സ്ത്രീകൾ റേപ്പിനിരയായതായാണ് കണക്ക്.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ ഏറ്റവും കൂടുതൽ റേപ്പിനിരയായതും രാജസ്ഥാനിലാണ്, 1279 കുട്ടികൾ. ആന്ധ്രപ്രദേശിൽ 587 പെൺകുട്ടികളാണ് റേപ്പ്​ചെയ്യപ്പെട്ടത്. യു.പി.യിൽ 204 കുട്ടികളും ഹിമാചൽ പ്രദേശിൽ 196 കുട്ടികളും ജാർഖണ്ഡിൽ 116 കുട്ടികളും റേപ്പ്​ ചെയ്യപ്പെട്ടു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ റേപ്പ്​ ചെയ്യപ്പെട്ട കേസുകൾ 2020-ൽ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. അതേസമയം, 2018-ലും 2019-ലും കേരളത്തിൽ ഇത്തരത്തിലുള്ള ആയിരത്തിലേറെ കേസുകൾ ഉണ്ടായിരുന്നതായും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകളിലുണ്ട്.

സ്ത്രീയെ കൂട്ട റേപ്പിനിരയാക്കി കൊലപ്പെടുത്തിയ സംഭവങ്ങൾ 226 എണ്ണമാണ് 2020-ൽ രാജ്യത്തുണ്ടായത്​. 2019-ൽ 286 സ്ത്രീകളാണ് കൂട്ട റേപ്പിനിരയായി കൊല്ലപ്പെട്ടത്. 2018-ൽ 296 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 31 സ്ത്രീകൾ കൊല്ലപ്പെട്ട ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ മുന്നിൽ. മധ്യപ്രദേശ് (27), അസം (26), മഹാരാഷ്ട്ര (23), ഒഡീഷ (20), തെലങ്കാന (14) എന്നീ സംസ്ഥാനങ്ങളാണ് കണക്കിൽ തൊട്ടുപുറകിൽ. കേരളത്തിൽ ഇത്തരത്തിലുള്ള ഒരു കേസാണ് ഉണ്ടായത്. ഡൽഹിയിലും ഒരു കൊല റിപ്പോർട്ട് ചെയ്തു. 2019-ൽ കേരളത്തിൽ 14 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2018-ൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 2019-ൽ അഞ്ച് കേസുകളും 2018-ൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

കുട്ടികളോട് ക്രൂരത കേരളത്തിൽ

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിന് (Protection of Children from Sexual Offences- POCSO) കീഴിൽ 46,523 കേസുകളാണ് രാജ്യത്ത് കഴിഞ്ഞവർഷം മാത്രം രജിസ്റ്റർ ചെയ്തത്. പെൺകുട്ടികൾ ഇരകളായ കേസുകളുടെ മാത്രം കണക്കാണിത്. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായത് ഉത്തർപ്രദേശിലാണ്, 6722 പേർ. മഹാരാഷ്ട്ര (5630), മധ്യപ്രദേശ് (5603), തമിഴ്നാട് (3103), പശ്ചിമബംഗാൾ (2688) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽ 1130 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പെൺകുട്ടികളെ റേപ്പ്​ ചെയ്തതിന് 28058 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്​. 3262 കേസുള്ള മധ്യപ്രദേശാണ് മുന്നിൽ. മഹാരാഷ്ട്ര (2800), ഉത്തർപ്രദേശ് (2533), തമിഴ്നാട് (2227), ഗുജറാത്ത് (1881) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്ത്. കേരളത്തിൽ 1259 കേസാണുള്ളത്. ഇതിലും കേരളത്തിന് 11-ാം സ്ഥാനമാണ്.

കേരളത്തിൽ 1879 പോക്​സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 11-ാം സ്ഥാനമാണ് കേരളത്തിന് / Photo: Flickr

കുട്ടികളെ അശ്ലീല ചിത്ര നിർമാണത്തിന് (Child Pornography) ഉപയോഗിച്ചതായി 555 കേസുകളാണ് രാജ്യത്താകെ 2020-ലുള്ളത്. ബിഹാറാണ് ഇക്കാര്യത്തിൽ മുന്നിൽ. 106 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. 83 കേസുകളാണ് നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞവർഷം മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്.

സ്ത്രീധന മരണം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിരോധിക്കപ്പെട്ട ഇന്ത്യയിൽ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2020-ൽ 7045 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തത്. 2019-ൽ ഇത് 7162 ആയിരുന്നു. 2018-ൽ 7166 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ മരിച്ചത്.

സ്ത്രീധന മരണ കേസുകൾ കൂടുതൽ ഉത്തർപ്രദേശിലാണ്. 2302 സ്ത്രീകളാണ് സ്ത്രീധന പീഡനത്തെ തുടർന്ന് 2020-ൽ യു.പി.യിൽ മരിച്ചത്. 1047 മരണം റിപ്പോർട്ട് ചെയ്ത ബിഹാറാണ് രണ്ടാമത്. മധ്യപ്രദേശ് (627), പശ്ചിമ ബംഗാൾ (523), രാജസ്ഥാൻ (480) എന്നീ സംസ്ഥാനങ്ങളാണ് വരുന്ന സ്ഥാനങ്ങളിൽ. കേരളത്തിൽ 2020-ൽ ആറ് സ്ത്രീകൾക്കാണ് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത്. ഡൽഹിയിൽ 112 സ്ത്രീധന മരണമാണ് റിപ്പോർട്ട്​ ചെയ്തത്.

സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറഞ്ഞുപോയതിന്റെ പേരിൽ പീഡിപ്പിക്കുന്നതുമെല്ലാം സാധാരണ സംഭവങ്ങൾ മാത്രമായാണ് പലരും കരുതിപ്പോന്നത്. എന്നാൽ അതിൽ നിന്ന് മാറിചിന്തിക്കുന്ന തലമുറ വളർന്നുവരുന്നുണ്ട്

രാജ്യത്തെ ആകെ കണക്കിൽ സ്ത്രീധന മരണം മുൻവർഷങ്ങളേക്കാൾ കുറഞ്ഞതായാണ് കാണുന്നത്. എന്നാൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആത്മഹത്യയും കൊലപാതകവും വർധിച്ചുവരുന്നതായാണ് സമീപകാല വാർത്തകൾ വ്യക്തമാക്കുന്നത്. 2018, 2019 വർഷങ്ങളേക്കാൾ കുറവാണ് 2020-ൽ. എന്നാൽ 2021-ൽ കേസുകളുടെ എണ്ണം കൂടുതലായിരിക്കുമെന്ന് ഇതുവരെയുള്ള കണക്കുകളിൽ നിന്നു തന്നെ മനസ്സിലാക്കാം.
2021 ജനുവരി മുതൽ ആഗസ്റ്റ് വരെ കേരളത്തിൽ എട്ട് സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. 2019-ൽ ആകെ എട്ട് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 2018-ൽ 17 പേരാണ് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തത്. 2017-ൽ 12 ഉം 2016-ൽ 25 ഉം സ്ത്രീകൾക്കാണ് കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടത്.

വളരെ ശക്തമായ സ്​ത്രീധന നിരോധന നിയമമാണ് രാജ്യത്ത് നിലവിലുള്ളത്​. സ്ത്രീധനം വാങ്ങിയെന്ന പരാതി പോലീസിന്റെയോ നിയമത്തിന്റെയോ മുന്നിലെത്തിയാൽ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുന്ന ഭരണസംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ അവിടെവരെ എത്തുന്ന കേസുകൾ കുറയുന്നതാണ് കാരണം. അറിവില്ലായ്മയേക്കാൾ ദുരഭിമാനം കാരണം പരാതി നൽകാത്തവരായിരിക്കും കൂടുതൽ. സ്ത്രീധനം മകളുടെ ജീവിതം സുരക്ഷിതമാക്കാൻ അനിവാര്യമാണെന്ന മിഥ്യാഭിമാനം വെച്ചുപുലർത്തുന്നവരാണ് ഏറെയാളുകളും. അതുകൊണ്ടുതന്നെ സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറഞ്ഞുപോയതിന്റെ പേരിൽ പീഡിപ്പിക്കുന്നതുമെല്ലാം സാധാരണ സംഭവങ്ങൾ മാത്രമായാണ് പലരും കരുതിപ്പോന്നത്. എന്നാൽ അതിൽ നിന്ന് മാറിചിന്തിക്കുന്ന തലമുറ വളർന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീധന പീഡന കേസുകൾ ഭാവിയിൽ കുറയുക തന്നെ ചെയ്യും.

1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം 10,488 കേസുകളാണ് രാജ്യത്ത് 2020-ൽ രജിസ്റ്റർ ചെയ്തത്. സ്ത്രീധനത്തിനെതിരെ കൂടുതൽ പെൺകുട്ടികൾ ബോധവതികളാകുന്നതിന്റെ ഫലമായാണ് ഇത്തരം പരാതികളുടെ എണ്ണം കൂടുന്നത്.

സ്ത്രീധനം മകളുടെ ജീവിതം സുരക്ഷിതമാക്കാൻ അനിവാര്യമാണെന്ന മിഥ്യാഭിമാനം വെച്ചുപുലർത്തുന്നവരാണ് ഏറെയാളുകളും / Photo: Wikimedia Commons

വിവാഹസമയത്ത് പെൺവീട്ടുകാരിൽ നിന്ന് ആൺവീട്ടുകാർ സ്വീകരിക്കുന്നതെന്തും സ്ത്രീധനത്തിന്റെ പരിധിയിൽ വരും. വിവാഹ ചടങ്ങ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ള സ്വീകരിക്കുന്ന സമ്മാനങ്ങളെല്ലാം ഇതിൽപെടും. സ്ത്രീധനം ആവശ്യപ്പെട്ടതിന്​ തെളിവുകൾ നൽകിയാൽ കേസെടുക്കാനാകും. മൊബൈൽ സന്ദേശങ്ങളും, വാട്‌സ്​ആപ്പ്​ ചാറ്റുകളും, വോയ്‌സ് റെക്കോർഡുകളും ഉൾപ്പെടെ തെളിവായി സ്വീകരിക്കും. സ്ത്രീധനം കൊടുക്കുക, വാങ്ങുക, ആവശ്യപ്പെടുക എന്നിവയ്‌ക്കൊപ്പം തന്നെ വിവാഹത്തിനായി നൽകുന്ന പരസ്യങ്ങളിലൂടെ സ്ത്രീധന ആവശ്യം സൂചിപ്പിക്കുന്നതും പരാതിയായി പരിഗണിക്കും.

ആത്മഹത്യാ പ്രേരണ

സ്ത്രീകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് 5132 കേസുകളാണ് 2020-ൽ രജിസ്റ്റർ ചെയ്തത്. 2019-ൽ ഇത് 5088 ആയിരുന്നു. 2018-ൽ 5266 ആയിരുന്നു. ഏറ്റവും കൂടുതൽ ആത്മഹത്യാപ്രേരണ കേസുകൾ എടുത്തത് മഹാരാഷ്ട്രയിലാണ്, 844 കേസുകൾ. മധ്യപ്രദേശ് (744), പശ്ചിമബംഗാൾ (490), തെലങ്കാന (404), ആന്ധ്രപ്രദേശ് (392), ഉത്തർപ്രദേശ് (381) എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകളെ ആത്ഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. കേരളത്തിൽ 34 കേസുകളാണുള്ളത്.

ആസിഡ് ആക്രമണം

സ്ത്രീകൾക്കെതിരായ 109 ആസിഡ് ആക്രമണമാണ് 2020-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019-ൽ 156 ഉം 2018-ൽ 136 ഉം ആസിഡ് ആക്രമണമാണ് ഉണ്ടായത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ ആസിഡ് ആക്രമണമുണ്ടായത്. 29 സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന് ഇരകളായത്. 23 സ്ത്രീകൾ ആക്രമിക്കപ്പെട്ട ഉത്തർപ്രദേശാണ് രണ്ടാമത്. കർണാടകയിലും ഒഡീഷയിലും ആറ് വീതം സംഭവങ്ങളുണ്ടായി. കേരളത്തിൽ നാല് സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. 2019-ൽ കേരളത്തിൽ രണ്ട് ആസിഡ് ആക്രമണമായിരുന്നു സംഭവിച്ചത്. 2018-ലും നാല് ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സൈബർ കുറ്റകൃത്യങ്ങൾ

സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ 2399 കേസുകളാണ് 2020-ൽ രജിസ്റ്റർ ചെയ്തത്. സംസ്ഥാനങ്ങളിൽ ഒഡീഷയാണ് മുന്നിൽ. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ സംബന്ധിച്ച് 526 സ്ത്രീകളാണ് ഒഡീഷയിൽ പരാതി നൽകിയത്. അസം (402), ഉത്തർപ്രദേശ് (338), തമിഴ്നാട് (191), കർണാടക (156), മഹാരാഷ്ട്ര (132) കേരളം (121) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളത്.
ലൈംഗികചുവയുള്ള സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് 1720 കേസുകളാണെടുത്തത്. ഉത്തർപ്രേദശിലാണ് ഏറ്റവും കൂടുതൽ (325). കേരളത്തിൽ 115 കേസുകളാണെടുത്തത്.

സ്ത്രീകൾക്കെതിരായ മറ്റെല്ലാ അതിക്രമങ്ങളും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസുകൾ കുറവാണ്. അവിടെ സ്ത്രീകളാരും വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നില്ലെന്നല്ല, മറിച്ച് അക്രമങ്ങൾ തിരിച്ചറിയപ്പെടാതെ പോവുകയും അടിച്ചമർത്തപ്പെടുകയുമാണെന്ന് വേണം മനസ്സിലാക്കാൻ.

ഗാർഹിക പീഡനം, ലൈംഗികവൃത്തിക്കുള്ള ബലപ്രയോഗം

ഗാർഹിക പീഡനം തടയൽ നിയമപ്രകാരം 2020-ൽ രാജ്യത്താകെ 446 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 180 കേസുകളുള്ള മധ്യപ്രദേശും 165 കേസുകളുള്ള കേരളവുമാണ് പട്ടികയിൽ ഒന്നാമതുള്ളത്. ജാർഖണ്ഡ് (66), ചത്തീസ്ഗഡ് (23), മഹാരാഷ്ട്ര (3), ഹിമാചൽപ്രദേശ് (2), മണിപ്പൂർ (1), പശ്ചിമ ബംഗാൾ (1) എന്നിവയാണ് ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങൾ. സ്ത്രീകൾക്കെതിരായ മറ്റെല്ലാ അതിക്രമങ്ങളും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസുകൾ കുറവാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ സ്ത്രീകളാരും വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നില്ലെന്നല്ല, മറിച്ച് അക്രമങ്ങൾ തിരിച്ചറിയപ്പെടാതെ പോവുകയും അടിച്ചമർത്തപ്പെടുകയുമാണെന്ന് വേണം മനസ്സിലാക്കാൻ. അവകാശനിഷേധവും പീഡനവുമാണ് നടക്കുന്നതെന്ന തിരിച്ചറിവും സംരക്ഷണത്തിന് നിയമമുണ്ടെന്ന അറിവും ഇല്ലാത്തതും പരാതികൾ കുറയാൻ കാരണമാകുന്നു. അവബോധമുള്ള സമൂഹത്തിൽ മാത്രമെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ.
സ്ത്രീകൾ ലൈംഗികവൃത്തിക്ക്​ നിർബന്ധിക്കപ്പെട്ടതായുള്ള കേസുകൾ 195 എണ്ണമാണ് രാജ്യത്ത് 2020-ൽ ഉണ്ടായത്. കർണാടകയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (99), കേരളത്തിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്തത്. ലൈംഗികവൃത്തിക്ക് സ്ത്രീകളെ ചൂഷണം ചെയ്തതായുള്ള 36 പരാതികളാണുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments