വിവാഹജീവിതം അസഹ്യമാകുമ്പോൾ അതിൽനിന്ന് മോചനം തേടി ഇന്ത്യയിൽ ഇരുപതിലേറെ സ്ത്രീകളാണ് ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ 2021 നവംബറിൽ പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോർട്ടിലാണ് ഈ കണക്ക്.
വിവാഹജീവിതത്തിലെ അസ്വാരസ്യം കാരണം 2016-നും 2020-നും ഇടയിൽ ആത്മഹത്യ ചെയ്തത് 37,591 പേരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് ഒരു ദിവസം ഇരുപതിലേറെ ആത്മഹത്യ. ഇത്രയും പേരിൽ 2688 പേർ മാത്രമാണ് പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയത്. ബാക്കിയെല്ലാവരും വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തത്.
2019, 2018 വർഷങ്ങളെ അപേക്ഷിച്ച് 2020-ൽ കേസുകളുടെ എണ്ണം കുറവാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. എന്നാൽ 2021-ൽ ആദ്യ എട്ടുമാസങ്ങളിലെ കണക്ക് തന്നെ കഴിഞ്ഞ വർഷത്തെ മറികടക്കുന്നതാണെന്നാണ് ദേശീയ വനിതാ കമ്മീഷൻ കഴിഞ്ഞ നവംബറിൽ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പരിശോധിച്ച് വിലയിരുത്തുന്ന ലേഖനം ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 55ൽ വായിക്കാം, കേൾക്കാം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഈ വർഷം മുൻവർഷത്തെക്കാൾ 46 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് ദേശീയ വനിതാ കമീഷൻ പറയുന്നത്. 2021 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പരിഗണിച്ചാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 2021 ജനുവരി മുതൽ ആഗസ്റ്റ് വരെ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 19,953 പരാതികളാണ് വനിതാ കമീഷന് ലഭിച്ചത്. 2020-ൽ ഇതേ കാലയളവിൽ 13,618 പരാതികളാണ് ലഭിച്ചത്. ഈ വർഷത്തെ ആകെ പരാതികളിൽ പകുതിയും ഉത്തർപ്രദേശിൽ നിന്നാണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.
2021 ജൂലൈയിൽ മാത്രം 3248 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. 2015-ന് ശേഷം ഒറ്റ മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന പരാതിക്കണക്കാണിത്. ഈ വർഷത്തെ 19,953 പരാതികളിൽ 7036 എണ്ണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതാണ്. ഗാർഹിക പീഡന പരാതികൾ 4289 എണ്ണമാണ്. സ്ത്രീധന പീഡനത്തിന്റെയും വിവാഹജീവിതത്തിലെ അതിക്രമങ്ങളുടെയും പേരിൽ ലഭിച്ചത് 2923 പരാതികളാണ്. സ്ത്രീകൾക്കെതിരായ വൈകാരിക ചൂഷണമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നത്. സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ പേരിൽ 1116 പരാതികളാണ് 2021 ആഗസ്റ്റ് വരെ വനിതാ കമീഷന് ലഭിച്ചത്. റേപ്പ്/ റേപ്പിനുള്ള ശ്രമം എന്നിവ നടന്നതായുള്ള പരാതികൾ 1022 എണ്ണമാണ്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ 585 പരാതികളും ഇക്കാലയളവിൽ ലഭിച്ചു.
സ്ത്രീധന പീഡനവും ലൈംഗികാതിക്രമങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതകളുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ശാരീരിക അക്രമങ്ങൾ മാത്രമല്ല, വിവാഹജീവിതത്തിൽ അരങ്ങേറുന്നത്. ലൈംഗികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങൾ/പീഡനങ്ങൾ വളരെയേറെയാണ്.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 2020-ൽ സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ 3,15,694 കേസുകളാണ് എടുത്തിട്ടുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസ്- 39,601.
34,426 കേസുള്ള രാജസ്ഥാനും 34,170 കേസുള്ള പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കേരളത്തിൽ കഴിഞ്ഞവർഷം 8139 കേസുകളാണെടുത്തത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഇന്ത്യ, കേരളം
കെ.വി. ദിവ്യശ്രീ
ട്രൂകോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം.