2012 ഡിസംബർ 16-ന് രാജ്യത്തുണ്ടായ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നമുക്കൊരിക്കലും മറക്കാൻ സാധിക്കുന്നതല്ല. ന്യൂഡൽഹി വസന്ത് വിഹാറിൽ രാത്രി ഒൻപതു മണിക്ക് താമസസ്ഥലത്തേക്ക് മടങ്ങാൻ ബസിൽ യാത്ര ചെയ്യുകയായിരുന്ന നിർഭയ എന്ന ഫിസിയോതെറാപ്പി വിദ്യാർഥിനിയെ ബസിലുണ്ടായിരുന്ന ആറു പേർ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ അവളുടെ ഗർഭ പാത്രത്തിനും വൻ കുടലിനും ഗുരുതരമായ പരിക്കേറ്റു. അവളുടെ സുഹൃത്തിനെയും അക്രമികൾ ക്രൂര മർദ്ദനത്തിനിരയാക്കി. ജീവച്ഛവമായ പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപൂരിലെ ഫ്ലൈ ഓവറിനു സമീപം ബസിൽ നിന്നും അക്രമികൾ പുറത്തേക്കെറിഞ്ഞു. അതിക്രൂരമായ ആക്രമണത്തിനിരയായ നിർഭയ, ഡിസംബർ 29, പുലർച്ചെ 2.15 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
രാജ്യത്തെ യുവത്വം നിർഭയയുടെ നീതിക്കു വേണ്ടി തെരുവിലിറങ്ങി. നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ അക്രമികളെ തൂക്കിലേറ്റുകയും ചെയ്തു. പക്ഷെ, രാജ്യത്തെ സ്ത്രീകൾക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടു. അത് കൊണ്ടാണ് പതിനാല് വർഷങ്ങൾക്കിപ്പുറം നിർഭയ കേസ് രാജ്യത്ത് വീണ്ടും ആവർത്തിക്കപ്പെട്ടത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗോൽപുരി പ്രദേശത്ത്, 30 വയസ്സുള്ള ഒരു ഫാക്ടറി തൊഴിലാളിയും മൂന്ന് മക്കളുടെ അമ്മയുമായ സ്ത്രീയെ മേയ് 11-ന് രാത്രി ഒരു സ്വകാര്യ സ്ലീപ്പർ ബസിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിർഭയ കേസിന് സമാനമായി പീഡനത്തിന് ശേഷം, യുവതിയെ ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ഇത്തരം ക്രിമിനലുകൾ രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലം കൂടി പല ക്രിമിനലുകൾക്കും ലഭ്യമാകുന്നുണ്ട്. ബ്രാഹ്മണിക്കൽ തിയോളജിയുടെ ക്രൂരമായ ഇടപെടലുകൾ പ്രതികളെ വിശുദ്ധരാക്കാൻ വേണ്ടി ശ്രമിക്കുന്നതും നമ്മൾ കണ്ടു. എട്ടു വയസ്സു മാത്രം പ്രായമുള്ള ആസിഫ എന്ന പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയപ്പോൾ പ്രതികൾക്ക് വേണ്ടി മന്ത്രിമാർ വരെയാണ് രംഗത്തിറങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. ഉന്നാവോയിൽ പെൺകുട്ടിയുടെ കുടുംബം നീതിക്ക് വേണ്ടി പോരാടിയപ്പോൾ അവളുടെ പിതാവിനെ ചതച്ചുകൊല്ലാൻ പ്രതികളെ പിന്തുണയ്ക്കുന്നവരെ പ്രേരിപ്പിച്ചത് അധികാര ബലത്തിന്റെയും സവർണ ബോധത്തിന്റെയും സ്വാധീനമാണ്.

“ബേഠി ബച്ചാവോ ബേഠി പഠാവോ” പദ്ധതി പ്രഖ്യാപനത്തിലെ പ്രൗഢി മാത്രമാണെന്ന് സമകാലിക ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) 2024- ലെ റിപ്പോർട്ട് ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അരക്ഷിതാവസ്ഥയെ ബോധ്യപ്പെടുത്തുന്നതാണ്. 2024-ൽ 1,87,702 ആക്രമണങ്ങളാണ് കുട്ടികൾക്കെതിരെ നടന്നത്. 2023-ൽ ഇത് 1,77,335 ആയിരുന്നു. 5.9% വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീകൾക്കെതിരെ 2,84,530 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 29,536 എണ്ണം ലൈംഗിക പീഡനക്കേസുകളാണ്.
സ്ത്രീ സംവരണത്തിന്റെ മറവിൽ ഡി ലിമിറ്റേഷൻ നടപ്പിലാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ‘നാരീ ശക്തി’ എന്നും പറഞ്ഞ് രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ചിരുന്നു. ആ മാപ്പ് മുതലക്കണ്ണീരായിരുന്നുവെന്ന് ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതില്ലെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നുമുള്ള പ്രസ്താവന ബീഹാർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുണ്ടായപ്പോൾ രാജ്യം പ്രതികരിക്കാതെ പോയത് എന്ത് കൊണ്ടാണ്? രാജ്യത്തിന്റെ പെൺ മക്കളെന്ന് കായിക മേഖലയിൽ തിളങ്ങിയ വിനേഷ് ഫോഗട്ടിനെയടക്കം പ്രശംസിക്കുകയും അതേ സമയം കായിക പരിശീലന ക്യാമ്പിൽ പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന ബ്രിജ് ഭൂഷൺ സിംഗിനെ പോലുള്ള ക്രിമിനലുകളെ അതേ വകുപ്പിന്റെ ഉന്നത പദവിയിൽ അവരോധിക്കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യാത്മകത നാം കാണാതെ പോകരുത്.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഭരണ സംവിധാനമാകെ പ്രവർത്തിക്കുന്ന രാജ്യതലസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഡൽഹി പോലീസിന്റെ കണക്കുകൾ പ്രകാരം 2026 ലെ ആദ്യ 27 ദിവസങ്ങളിൽ ഡൽഹിയിൽ 807 പേരെ കാണാതായതായാണ് റിപ്പോർട്ട്. ഈ കാലയളവിൽ പ്രതിദിനം ശരാശരി 27 പേരെ കാണാതായതായി ഡാറ്റ കാണിക്കുന്നു. ദിവസവും ഒമ്പത് പേരെ കണ്ടെത്താനായിട്ടുണ്ട്. കാണാതായ കേസുകളിൽ വലിയൊരു പങ്കും കുട്ടികളാണ്. കാണാതായ പ്രായപൂർത്തിയാകാത്ത 191 (ഇതിൽ 120 പേർ പെൺകുട്ടികൾ) പേരിൽ 48 കുട്ടികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. 137 കുട്ടികളെ ഇപ്പോഴും കാണാതായിട്ടുണ്ട്.

2024-ലെ NCRB കണക്കുകൾ പ്രകാരം, 19 മെട്രോ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ബലാത്സംഗ കേസുകളിലും ഡൽഹിയാണ് ഒന്നാമത്. മണിപ്പുരിൽ യുവതിയെ ജനമധ്യേ നഗ്നയാക്കി വലിച്ചിഴക്കുന്ന ഹൃദയഭേദകമായ കാഴ്ച്ചയ്ക്ക് ആധുനിക ഇന്ത്യ സാക്ഷ്യം സഹിക്കേണ്ടി വന്നു. സംസ്ഥാനത്ത് 2023 മെയ് 3-ന് ആരംഭിച്ച കലാപം മൂന്ന് വർഷങ്ങൾക്കിപ്പോഴും അണഞ്ഞിട്ടില്ല. രാജ്യത്തെ പൗരർക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുകയാണ്.
തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ല. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥയുടെ അനുഭവം ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ തൊഴിലനുഭവം ഊഹിക്കാവുന്നതേയുള്ളൂ. തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് 2013ൽ കേന്ദ്ര സർക്കാർ പോഷ് ആക്ട് (ലൈംഗിക പീഡന നിരോധന നിയമം) പാസ്സാക്കിയിരുന്നു. പക്ഷെ, ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നില്ല. രാഷ്ട്രീയമായ മേൽക്കൈ പ്രതികൾക്ക് ലഭ്യമാകുന്നതോടെ കേസ് രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുകയോ ഇരകളെ ഭീഷണിപ്പെടുത്തി കേസ് ഒത്തു തീർപ്പാക്കപ്പെടുകയോ ചെയ്യുന്നു.
ഹിന്ദു രാഷ്ട്രസങ്കൽപത്തിന്റെ അടിത്തറ പാകിയിരിക്കുന്നത് പുരുഷാധിപത്യത്തിന്റെ കീഴിലാണ്. മനുസ്മൃതിയാണ് അവിടെ വേദവാക്യം. മനുസ്മൃതിയുടെ ആന്തരിക ഘടന രൂപപ്പെടുത്തിയിരിക്കുന്നത് സ്ത്രീകളെ രണ്ടാം തരക്കാരാക്കിയാണ്. സവർണ പുരുഷ മേധാവിത്വം ഇന്ത്യയിലെ ഉയർന്ന തൊഴിൽ മേഖലകളിലെല്ലാം പ്രകടമാണ്.
വരേണ്യ വർഗത്തിന്റെ പ്രാതിനിധ്യത്തെ കുറിച്ച് റാം മനോഹർ ലോഹ്യ സംസാരിക്കുന്നുണ്ട്.
"ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നിൽ താഴെ മാത്രമാണ് സവർണർ എങ്കിലും വ്യാപാരത്തിലും സൈന്യത്തിലും സിവിൽ സർവീസിലും രാഷ്ട്രീയ പാർട്ടികളിലുമെല്ലാം അഞ്ചിൽ നാലുപേരും സവർണ വിഭാഗത്തിൽ നിന്നുള്ളവരാണ്." ഈ ആധിപത്യം സമൂഹത്തിൽ സൃഷ്ടിക്കുന്ന അസമത്വം ഭീകരമാണ്. ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് നിശബ്ദരാക്കുന്ന പ്രക്രിയയാണ് മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ചോദ്യം ചോദിക്കുന്ന യുവാക്കളെ പാറ്റയെന്ന് വിളിച്ച് അധിക്ഷേപിച്ചത് ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സൂര്യകാന്താണ്. അദ്ദേഹത്തിന്റെ പറയുന്നത്, “ജോലി കിട്ടാത്ത, അല്ലെങ്കിൽ പ്രൊഫഷണിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത ചില യുവാക്കൾ ഉണ്ട്. അവർ പിന്നീട് മീഡിയ, സോഷ്യൽ മീഡിയ, RTI പ്രവർത്തകർ, അല്ലെങ്കിൽ മറ്റ് ആക്ടിവിസ്റ്റുകൾ ആയി മാറുന്നു. അതിന് ശേഷം അവർ എല്ലാരെയും വിമർശിക്കുകയും (Attack) ചെയ്യുകയും ചെയ്യുന്നു.”
ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവനയോടുള്ള കടുത്ത അതൃപ്തിയാണ് ജെൻ-സിയെ ആക്ഷേപ ഹാസ്യ പാർട്ടിയായ കോക്രോച്ച് ജനതാ പാർട്ടിയെന്ന മൂവ്മെന്റിലേക്കെത്തിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഉത്തരവാദി ആരാണെന്ന് ചീഫ് ജസ്റ്റിസ് മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നു. മോദി സർക്കാരിന്റെ തൊഴിൽ ദാന പ്രഖ്യാപനം വെള്ളത്തിലെ എഴുത്തു പോലെയായിയിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരക്ഷിതമായ ജീവിത സാഹചര്യവും സമ്മാനിച്ച മോദി സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നുന്നവരെ പാറ്റയെന്ന് വിമർശിച്ച അദ്ദേഹത്തിന്റെ ദാസ്യപ്പണിയെ തിരിച്ചറിയാതെ പോകരുത്. നീതിയുക്തമായ രാഷ്ട്രീയ സാഹചര്യത്തെ കെട്ടിപ്പടുക്കുന്നതിൽ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് കാതലായ പങ്കുണ്ട്.
