വാദി, പ്രതി, ജഡ്ജി, ഡോക്ടർ, ഓട്ടോ ഡ്രൈവർ ഈ മരണങ്ങൾക്കു പുറകിൽ ആരാണ്?

സൂര്യനെല്ലി മുതൽ വാളയാർ വരെയുള്ള ലൈംഗികാക്രമണക്കേസുകളിൽ പ്രതികളും വാദികളും ഇരകളും കേസിൽ വിധി പറഞ്ഞ ജഡ്ജിയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും അടക്കമുള്ളവർ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നു. കേസിലെ നിർണായക കണ്ണികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലൈംഗിക കച്ചവടം മാത്രമല്ലെന്നും അതിലും വലിയ കച്ചവടമാണെന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാൻ നടത്തുന്ന അഴിമതിയാണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു

ഗീത

സ്ത്രീപീഡന പരമ്പരകളിലെ മരണങ്ങളെ എങ്ങനെയാണ് പ്രശ്‌നവൽക്കരിക്കുന്നത് എന്ന ആലോചനയാണ് നടത്തുന്നത്. വാസ്തവത്തിൽ എന്തിനാണ് വീണ്ടും ഇങ്ങനെ സ്ത്രീപീഡന പരമ്പരകളെക്കുറിച്ച് സംസാരിക്കുന്നത് എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ട്. അത്, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതമുള്ള ഒരു കുറ്റകൃത്യമാണ്. ഒരു തലമുറയെ മാത്രമല്ല, അനന്തര തലമുറകളെ മുഴുവൻ വൃത്തികേടുകളിലേക്ക്, കുറ്റകൃത്യങ്ങളിലേക്ക്, അഴിമതികളിലേക്ക്, കളവുകളിലേക്ക് നയിക്കുന്ന വയലൻസാണത്. അതൂകൊണ്ടാണ് അതിനെക്കുറിച്ച് സംസാരിക്കുന്നത്. ലൈംഗികതയെക്കുറിച്ചോ സദാചാരത്തെക്കുറിച്ചോ ഉള്ള ഉൽക്കണ്ഠ കൊണ്ടല്ല വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത്.

ജനാധിപത്യ കോടതിയിൽ സംഭവിക്കുന്നത്

ഒരു നാട് എന്നാൽ, അതിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകളല്ല എന്ന് നാം പൊതുവായി അംഗീകരിച്ചുകഴിഞ്ഞു. അവിടെയുള്ള ജനങ്ങളെയാണ്, ജനജീവിതത്തെയാണ് നമ്മൾ നാട് എന്നു പറയുന്നത്. അതുപോലെത്തന്നെ ആ നാടിന്റെ നീതിന്യായ വ്യവസ്ഥ എന്നാൽ എഴുതിവെച്ചിട്ടുള്ള കുറെ നിയമങ്ങളല്ല, ആ പ്രദേശത്ത് ജീവിക്കുന്ന മനുഷ്യൻ അനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവുമാണ്. അതുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്.

ആദ്യമായി പുരുഷവിചാരം നടന്നിട്ടുള്ള ഒരു കുറ്റകൃത്യമാണ് താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം. താത്രിക്കുട്ടി ഭ്രഷ്ടായപോലെ തന്നെ 66 കേമന്മാരായ പുരുഷന്മാർ ഭ്രഷ്ടാക്കപ്പെട്ട വിചാരണ കൂടിയാണത്. ആലോചിച്ചുനോക്കൂ, അതൊരു സാമുദായിക കോടതിയിലാണ് നടന്നത്. ബ്രാഹ്മണിക്കൽ പാട്രിയാർക്കി നിർമിച്ചെടുത്ത, അതിന്റെ നിയമങ്ങൾ പാലിക്കുന്ന ഒരു സാമുദായിക കോടതിയാണ് ഒരു സ്ത്രീയോടൊപ്പം, പ്രബലരായ 64 പുരുഷന്മാരെ റദ്ദാക്കിക്കളഞ്ഞത്. പക്ഷെ, നമ്മുടെ ആധുനിക സമൂഹത്തിലെ മതേതത- ജനാധിപത്യ കോടതിയിൽ ഒരു സ്ത്രീപീഡനത്തിന്റെ പരാതിയിൽ ആത്യന്തികമായി സംഭവിക്കുന്നതെന്താണ്? ആ പെൺകുട്ടിയും കുടുംബാംഗങ്ങളും മോശക്കാരായി ചിത്രീകരിക്കപ്പെടുക, അവർക്ക് സമൂഹത്തിൽ പേരും വിലാസവും ഇല്ലാതാകുക എന്നുള്ളതാണ്.

സൂര്യനെല്ലി: ​പ്രതി രാജുവിന്റെ മരണം

പ്രതികൾ എവിടെയും പ്രബലന്മാരാണ്. അതുകൊണ്ട്, ആ പ്രബലന്മാർക്കുവേണ്ടി നിലകൊള്ളുന്ന നിയമങ്ങളുമാണ്. ഇവിടെ ഭ്രഷ്ടാക്കപ്പെടുന്നത് പെൺകുട്ടികളോ സ്ത്രീകളോ ആണ് എന്നതാണ് വൈചിത്ര്യം. ബ്രാഹ്മണിക്കൽ മെയിലാവട്ടെ, ആൽഫ മെയിലാവട്ടെ, ബീറ്റ മെയിലാവട്ടെ, ഏതു മെയിലും സ്വന്തം പാട്രിയാർക്കിയുടെ അടിസ്ഥാനത്തിൽ, സ്വന്തം വിഭാഗത്തിൽ പെട്ട, അല്ലെങ്കിൽ മറ്റു വിഭാഗത്തിൽ പെട്ട സ്ത്രീകളോടുചെയ്യുന്ന അത്യാചാരങ്ങളുടെ ഫലം ഒന്നുതന്നെയായിരിക്കുന്നു എന്നതാണ് നമ്മുടെ കോടതികളിലും പൊലീസ് സ്‌റ്റേഷനുകളിലും എത്തിയിട്ടുള്ള പരാതികളുടെ ചരിത്രം വ്യക്തമാക്കുന്നത്. അതോടൊപ്പം, അതുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള ദുർമരണങ്ങളെക്കുറിച്ചു കൂടി ആലോചിക്കാം എന്ന് എനിക്കുതോന്നുന്നു.

ആദ്യത്തെ, ഒരു ലാൻഡ്മാർക്ക് കേസായി പറയാവുന്നത് സൂര്യനെല്ലി കേസ് തന്നെയാണ്. 1996 ജനുവരി 16 മുതൽ ഫെബ്രുവരി 26 വരെ 41 ദിവസം 43 പേർ തന്നെ പീഡിപ്പിച്ചത് ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയാണ് സൂര്യനെല്ലിയിലെ പെൺകുട്ടി.

പെൺകുട്ടി എന്നത് നാം ഇപ്പോൾ കൗതുകത്തിന്റെ പേരിൽ മാത്രം പറയുന്ന വാക്കാണ്, അവർ ഇപ്പോൾ മധ്യവയസ്സ് കഴിഞ്ഞ സ്ത്രീയാണ്, 25 വർഷം മുമ്പ് നടന്ന ഒരു അത്യാചാരത്തിന് നീതി കാത്തിരിക്കുന്ന, മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീ.

ആ പെൺകുട്ടിയുടെ കേസിൽ നീതി ലഭിച്ചില്ല എന്നതിലപ്പുറത്തേക്ക്, ആ കേസിൽ സംഭവിച്ച ഒരു മരണം സൂചിപ്പിക്കട്ടെ. അവൾ പെട്ടുപോയത് പ്രണയത്തിലായിരുന്നു. പതിനഞ്ചോ പതിനാറോ വയസ്സിൽ തോന്നുന്ന ഒരു ഇൻഫാക്‌ച്വേഷൻ പ്രണയമാണെന്ന് അവൾ തെറ്റിധരിക്കുകയും അയാൾ അത് നന്നായി മുതലെടുക്കുകയും അവളെ വീട്ടിൽനിന്ന് അകറ്റുകയും കൊണ്ടുപോയി വിൽക്കുകയും ചെയ്ത സംഭവം. ബസ് കണ്ടക്ടറായിരുന്നു അയാൾ; രാജു.

2005ൽ ഹൈകോടതി വിധി വന്നപ്പോൾ കൂട്ടുകാർക്കൊപ്പം ആഘോഷിച്ച വ്യക്തി കൂടിയാണ് അയാൾ. അയാളാണ് കുട്ടിയെ ഉഷ എന്ന ഏജന്റിന് കൈമാറുന്നത്, ഉഷയാണ് കുട്ടിയെ ധർമരാജനിലേക്ക് എത്തിക്കുന്നത്, അവിടെനിന്നാണ് ആ പെൺകുട്ടി 41 ദിവസം പലരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. അതാണ് സൂര്യനെല്ലി കേസ്.

സൂര്യനെല്ലി കേസിൽ പ്രതി ആയിരുന്ന ധർമ്മരാജൻ
സൂര്യനെല്ലി കേസിൽ പ്രതി ആയിരുന്ന ധർമ്മരാജൻ

ആ പെൺകുട്ടിയാമായി ആദ്യമായി ബന്ധപ്പെടുന്നയാൾ, അവൾ കാമുകനെന്ന് തെറ്റിധരിച്ച രാജുവാണ്. അവസാനമായി അവൾ അയാളെ കാണുന്നത് കോടതിമുറിയിൽ വെച്ചാണ്. അതിന് തൊട്ടുമുമ്പ് അയാളെ കാണുന്നത്, തന്നെ കല്യാണം കഴിക്കാൻ വേണ്ടി കോതമംഗലത്തേക്ക് കൊണ്ടുപോകുമ്പോൾ അടിമാലിയിൽനിന്ന് ബസ് കയറി രണ്ട് ടിക്കറ്റ് എടുത്തുകൊടുത്തപ്പോഴാണ്. ഒരു ടിക്കറ്റ് അവളുടെ കൈയിൽ കൊടുത്തു, കോതമംഗലത്തെത്തി തിരിഞ്ഞുനോക്കിയപ്പോൾ അയാളില്ല.

കോടതിയിൽ വെച്ച് പെൺകുട്ടി പറയുന്നുണ്ട്, എനിക്ക് വെറുപ്പാണ് എന്ന്. എത്രമാത്രം അഗാധമായി അവൾ അയാളെ സ്‌നേഹിച്ചുവോ, അത്രമാത്രം താൻ അയാളെ വെറുക്കുന്നു എന്ന സംഗതി അവൾ പറയുന്നുണ്ട്. 2005ലെ ഹൈകോടതി വിധി വന്നശേഷം, വീണ്ടും അതിന്റെ അന്വേഷണം മുന്നോട്ടുപോകുന്ന സന്ദർഭത്തിൽ, കേസിലെ നിർണായക കണ്ണിയായ രാജു മരിക്കുന്നതാണ് നാം കാണുന്നത്. അത് എങ്ങനെ സംഭവിച്ചു?

രാജു വിളിച്ച പേരാണ് ഉഷ പെൺകുട്ടിയെ വിളിക്കുന്നത്. ‘ഫീൽഡി'ലെ ഒരു പേര്. അവളുടെ സ്വന്തം പേരിലല്ല അവൾ അറിയപ്പെട്ടത്. അത്രമാത്രം റാക്കറ്റിന് വേണ്ടപ്പെട്ടവനായിരുന്ന ഒരാളാണ് രാജു എന്നർഥം. അവൾ പറയുന്നത്, അയാളോട് പാവം തോന്നി എന്നാണ്. വീട്ടിലെ വിഷമങ്ങളും അച്ഛനമ്മമാരെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ ഇയാൾ തന്നോട് സംസാരിച്ചപ്പോൾ പാവം തോന്നി ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ തന്നെ കൈയിൽ വരുന്ന കാശൊക്കെ അയാളെ സഹായിക്കാൻ അവൾ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയുള്ള പെൺകുട്ടിയെയാണ് അയാൾ കൊണ്ടുപോയി വിൽക്കുന്നത്. ആ ആൾ പിന്നീട് ഇല്ലാതാകുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വിതുര: ഇടനിലക്കാരി, നടനെതിരെ വിധി പറഞ്ഞ ജഡ്ജി എന്നിവരുടെ മരണം

1995ലാണ് വിതുരയിലെ പരാതി വരുന്നത്. 1995 ഒക്‌ടോബർ 29നാണ് വിതുരയിലെ രക്ഷിതാക്കൾ അയൽപക്കക്കാരിയായ ഒരമ്മക്കും മകൾക്കുമെതിരെ കേസ് കൊടുക്കുന്നത്, തന്റെ മകളെ കട്ടുകൊണ്ടുപോയി എന്നു പറഞ്ഞ്. 1996 ജൂലൈ 16നാണ് അവളെ അവർക്ക് തിരിച്ചുകിട്ടുന്നത്, ഒരു പൊലീസ് റെയ്ഡിനെതുടർന്ന്. അതിൽ പ്രധാനിയായ ഇടനിലക്കാരിയായി അജിത ബീഗം എന്ന ഒരു സ്ത്രീയുണ്ട്. കഷ്ടപ്പെടേണ്ട, ജോലി ശരിയാക്കാം എന്നു പറഞ്ഞിട്ടാണ് അവളെ മയക്കിക്കിടത്തി വലിച്ചുകൊണ്ടുപോകുന്നത്. അവർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചുപോകുന്നു.

വിതുര കേസിലെ സ്‌പെഷൽ കോടതിയിൽ, ഒരു നടനുമായി ബന്ധപ്പെട്ട കേസിലെ സ്‌പെഷൽ അഭിഭാഷകൻ (ആ അഭിഭാഷകനെ പിന്നീട് നമ്മൾ കാണുന്നത് അഭയ കേസിലെ പ്രതികൾക്കുവേണ്ടിയാണ്) പിന്നീട് കൊലക്കേസ് പ്രതിയാകുകയും ചെയ്യുന്നുണ്ട്. ആ കേസിൽ കോട്ടയം സ്‌പെഷൽ കോടതി ജഡ്​ജി കെ.കെ. ബാബുരാജിന്റെ വിധി വളരെ പ്രത്യേകതകളുള്ളതായിരുന്നു. പെൺകുട്ടിക്ക് സമ്മതമില്ലായിരുന്നു എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു വിധി; അതുകൊണ്ട് അത് ബലാൽസംഗമല്ല. അങ്ങനെ ആ സിനിമാനടനും ഒപ്പമുണ്ടായിരുന്ന ഏജന്റും രക്ഷപ്പെട്ടു. ആ വിധി പ്രസ്താവിച്ച ജഡ്ജി, അതിനുശേഷം വലിയ സംഘർഷത്തിലായിരുന്നു എന്നും വിധി എഴുതിയ ശേഷം പേന കുത്തിപ്പൊട്ടിച്ചുകളഞ്ഞു എന്നും കേട്ടുകേൾവിയുണ്ട്. അദ്ദേഹത്തെ 2011 ജൂലൈ ഒന്നാം തീയതി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുന്നു.

കിളിരൂർ/കവിയൂർ: ഓട്ടോ ഡ്രൈവർ, ഡോക്ടർ, സുഹൃത്ത് എന്നിവരുടെ മരണം

സൂര്യനെല്ലിയിലാണെങ്കിലും വിതുരയിലാണെങ്കിലും നമ്മൾ കാണുന്നത്, പ്രധാന ഇരകൾ, വാദികൾ ജീവിച്ചിരിക്കുന്നു എന്നതാണ്, ഐസ്‌ക്രീം പാർലർ കേസിലുൾപ്പെടെ. ഐസ്‌ക്രീം പാലർലർ സംഭവവുമായി ബന്ധപ്പെട്ടും രണ്ട് പെൺകുട്ടികൾ കോഴിക്കോട് റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യ ചെയ്തു, അവർ ലെസ്ബിയൻസായിരുന്നു എന്നൊക്കെയുള്ള കഥകളും പുറത്തുവന്നിട്ടുണ്ട്. അവരുടെ മരണം ദൂരൂഹമായി തന്നെ ഇന്നും അവശേഷിക്കുന്നുണ്ട്. വേണ്ട രീതിയിൽ അന്വേഷണം നടക്കാതെ, വേണ്ട രീതിയിൽ കണ്ടെത്തപ്പെടാതെ... ലെസ്ബിയൻസ് ആയിരുന്നതുകൊണ്ടാണോ ആത്മഹത്യ ചെയ്തത് തുടങ്ങിയ ഒരുപാട് സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ട്. ആ കേസിന്റെ കുറച്ചുമുമ്പ് നടന്ന സംഭവമാണിത്.

പരാതിക്കാരികൾ ജീവിച്ചിരിക്കുന്ന സംഭവങ്ങളിൽ, എപ്പോൾ വേണമെങ്കിലും കേസ് വരാം, അവർ മാധ്യമങ്ങൾക്കുമുമ്പാകെ വന്ന് അതിൽ പെട്ടിട്ടുള്ള ഭരണാധികാരികളുടെയോ പ്രതിപക്ഷനേതാക്കളുടെയൊക്കെയോ പേര് വിളിച്ചുപറയാം. അങ്ങനെയൊക്കെയുള്ള അപകടങ്ങൾ ഈ കേമന്മാരായ പ്രതികൾ നേരിട്ടുകൊണ്ടിരുന്നു.

2004, വളരെ സവിശേഷമായ രീതിയിൽ, സ്ത്രീപീഡനക്കേസുകളുടെ പരമ്പരയിലെ ഒരു ഘട്ടമാണ്. വാദികളും ഇരകളുമായ പെൺകുട്ടികളെ തന്നെ തീർത്തുകളഞ്ഞുകൊണ്ടുള്ള ഒരു ഘട്ടമാണത്. കവിയൂർ, കിളിരൂർ കേസ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്.

കവിയൂർ കേസിൽ അനഘയുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. അതിൽ, ചെറിയ കുട്ടികളുടെ കഴുത്തിൽ അമർത്തിയ പാടുകളുണ്ടായിരുന്നു തുടങ്ങി പലതരത്തിലുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പോലും അതിനെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്, ഓടിളക്കി ഇറങ്ങിയ അടയാളങ്ങളുണ്ട് എന്നിങ്ങനെ. കവിയൂരിൽ നാരായണൻ നമ്പൂതിരി താമസിച്ചിരുന്ന വീട് ഇപ്പോഴും സീൽ ചെയ്ത അവസ്ഥയിലാണ്. പലതവണ നാരായണൻ നമ്പൂതിരിയുടെ സഹോദരനോട് പ്രോപ്പർട്ടി ഏറ്റുവാങ്ങാൻ ചെല്ലാൻ പറഞ്ഞെങ്കിലും പൊലീസ് അത് വിട്ടുകൊടുക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല എന്നത് യാഥാർഥ്യമായി അവിശേഷിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് നടന്ന, വ്യക്തമാകാത്ത ഒരു മരണം, ഒരു ഓട്ടോറിക്ഷ ഡ്രൈവറുടേതാണ്. അഞ്ച് ഓട്ടോറിക്ഷക്കാർക്കെതിരെ ഒരു വാർത്ത പ്രചരിച്ചിരുന്നു, ഇവർ കളിയാക്കിയതുകൊണ്ടാണ് കുടുംബം ആത്മഹത്യ ചെയ്തത് എന്ന്. അഞ്ച് ഓട്ടോറിക്ഷക്കാരോടും പൊലീസ് വിവരം അന്വേഷിച്ചിരുന്നു. അതേദിവസം തന്നെ ഒരു ഓട്ടോറിക്ഷക്കാരൻ മരിച്ചുപോകുന്നു. അവരെ നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട്.

ഈ സംഭവം ദൂരൂഹമാകുന്നത് ഇങ്ങനെയാണ്: 2004 ആഗസ്റ്റ് 13നാണ് ശാരി ആശുപത്രിയിൽ അഡ്മിറ്റായത്, 15ന് ശാരി മകളെ പ്രസവിച്ചു, അതിനിടിയിൽ ഒരു പെൺകുട്ടിയോടൊത്ത് ലത നായർ ഒരു ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ കാണാൻ വന്നിറങ്ങി, ലത നായർ ശാരിയെ കണ്ടുപോയി. ശാരിയുടെ അച്ഛൻ, ഓട്ടോറിക്ഷയിലിരിക്കുന്ന, പട്ടുപാവാടയും ബ്ലൗസും ഇട്ട പെൺകുട്ടിയെ കാണുന്നു, അയാൾ വിചാരിക്കുന്നു അത് ലതാ നായരുടെ മകളായിരിക്കും എന്ന്. ആ കുട്ടി എന്താണ് ഇറങ്ങിവരാതിരുന്നത് എന്നും അവർ സംശയിക്കുന്നുണ്ട്. കാരണം, വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ലത നായർ ശാരിയെ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയിരുന്നത്.

പിന്നീട് അനഘയുടെ കുടുംബം ആത്മഹത്യ ചെയ്യുകയും അവരുടെ ഫോട്ടോ പത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതിനെതുടർന്നാണ് അനഘയായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത് എന്ന് അവർ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഓട്ടോറിക്ഷാ സഞ്ചാരത്തെക്കുറിച്ചുള്ള ഒരു റഫറൻസ് കൂടി അതിൽ വന്നിട്ടുണ്ട്. അത് നമുക്ക് അറിയില്ല, ഇത് എങ്ങനെയാണ് സംഭവവുമായി ബന്ധപ്പെടുന്നത് എന്ന്. ആ നിലക്ക് അന്വേഷിക്കാനും കണ്ടെത്താനും ഒക്കെ ബാധ്യതപ്പെട്ടിട്ടുള്ള സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ എന്താണ് ഇക്കാര്യത്തിൽ നടത്തിയ അന്വേഷണം എന്നതിനെക്കുറിച്ചും അറിയില്ല. കാരണം, പുനരന്വേഷണം കുറുച്ചുകൂടി ദുർബലപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.

നോർമൽ ഡെലിവറിയായിരുന്നു ശാരിയുടേത്, അതിനുശേഷം മൂന്നാമത്തെ ദിവസം മുതൽ ഇവൾ ഛർദ്ദിച്ചുതുടങ്ങുകയാണ്. അവൾക്ക് മഞ്ഞപ്പിത്തമുണ്ടാകുന്നു, ശരീരത്തിന്റെ പുറംഭാഗത്ത് പുണ്ണുണ്ടാകുന്നു, മുടി മുറിച്ചുകളയുന്നു. അങ്ങനെ പലതരം അസുഖങ്ങൾ. അവൾ പച്ചവെള്ളം ഛർദ്ദിച്ചുകൊണ്ടേയിരുന്നു, എന്നെയൊന്ന് കൊന്നുതരൂ എന്നവൾ പറഞ്ഞുകൊണ്ടിരുന്നു എന്ന് അമ്മ പറയുന്നുണ്ട്. ആ പെൺകുട്ടി വളരെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു. മൂന്നുമാസം ആശുപത്രിയിൽ കിടന്നശേഷം, സുഖപ്രസവത്തിനുശേഷമാണ്, ആ പെൺകുട്ടി മരിച്ചത്. ആ മരണത്തെതുടർന്ന് അവളുടെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിനുപുറത്തുള്ള ആരെങ്കിലും ചെയ്യണമെന്ന് അവളുടെ അച്ഛൻ മെഡിക്കൽ കോളജ് സൂപ്രണ്ടിനും അന്നത്തെ മുഖ്യമന്ത്രിക്കും അപേക്ഷിച്ചതായി കാണുന്നു.

അന്ന് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്ന ഡോ. അശോകനാണ് അനഘയുടെയും കുടുംബത്തിന്റെയും പോസ്റ്റുമോർട്ടം ചെയ്യുന്നത്, അശോകനും സുഹൃത്തായിരുന്ന ദേവദാസും (ചെന്നിത്തല ആശ്രമത്തിൽ ലത നായരെ ഒളിപ്പിച്ചു എന്ന ആരോപണം നേരിട്ടയാൾ കൂടിയാണ് ദേവദാസ്) പോസ്റ്റുമോർട്ടം ചെയ്ത ശരീരങ്ങളോടൊപ്പം പയ്യാമ്പലത്തിലേക്ക് ആംബുലൻസിൽ പോകുന്നു, ആ ശരീരം അവിടെ ദഹിപ്പിക്കുന്നു.

പോസ്റ്റുമോർട്ടം ചെയ്ത ശരീരത്തോടൊപ്പം ഡോക്ടർമാരോ സൂപ്രണ്ടുമാരോ യാത്ര ചെയ്യാറുണ്ടോ എന്ന കാര്യം നമുക്കറിയില്ല. അതിന്റെ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. പക്ഷെ, അതിന്റെ വൈചിത്ര്യം എന്താണെന്നുവച്ചാൽ, പിന്നീട്, ദേവദാസ് കോട്ടയം ജില്ല ആശുപത്രിയിൽ വച്ച് മരിച്ചുപോകുന്നു, ഡോ. അശോകനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ഹൃദയാഘാതം കൊണ്ട് മരിച്ചു, ദേവദാസ് പ്രമേഹം കൊണ്ട് മരിച്ചു, മറ്റേയാൾ ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള കാര്യങ്ങൾ പീന്നിട് ഉണ്ട്.

കണ്ണൂർ കോട്ട: പെൺകുട്ടി കടലിൽ ചാടി മരിക്കുന്നു

ശാരിയുടെ സംഭവം പുറത്തുവന്നതിനെതുടർന്നാണ് കവിയൂർ കേസ് പുറത്തുവരുന്നത്, അതുമുതൽക്കേ, ശാരി മരണത്തോട് മല്ലടിക്കുന്നതായാണ് പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അന്നത്തെ ഒരു വാർത്ത ഒന്നോർമിപ്പിക്കാൻ ഒന്നു വായിക്കാം. 28.11.2004ലെ വാർത്തയാണ്: ‘നമ്പൂതിരി കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ണൂരിലെത്തിക്കാനായി കോട്ടയം മെഡിക്കൽ കോളജ് കുടുംബക്ഷേമ വിഭാഗത്തിലെ ആംബുലൻസ് വിട്ടുകൊടുക്കാൻ സൂപ്രണ്ട് പി. അശോകൻ അമിതാവേശം കാട്ടിയത് സംശയത്തിന് ഇട നൽകിയിരുന്നു, അശോകനും തിരുവാർപ്പ് കേസിൽ അറസ്റ്റിലായ ദേവദാസും തമ്മിലുള്ള സൗഹൃദബന്ധവും ലത നായരും ദേവദാസും തമ്മിലുള്ള ബന്ധവും മൃതദേഹങ്ങൾക്കൊപ്പം ദേവദാസ് ആംബുലൻസിൽ പോയതും ഉൾപ്പെടെ അന്വേഷണവിധേയമാക്കണം, മെഡിക്കൽ സൂപ്രണ്ട് അശോകൻ അമ്പലപ്പുഴ ചക്കളത്തിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ മുഖ്യ ഭാരവാഹിയാണെന്നതും ലത നായർ ഈ ക്ഷേത്രത്തിൽ ഒളിവിൽ കഴിഞ്ഞുവെന്ന വാർത്തകളും ഇത്തരമൊരു അന്വേഷണം അനിവാര്യമാക്കുകയാണ്. ദേശാഭിമാനിയിലാണ് ഈ വാർത്ത വന്നത്. ലത നായർ ചക്കളത്തിക്കാവിൽ ഒളിച്ചിരുന്ന വാർത്ത എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു.

ഇതിലൊരു വിചിത്രമായ സംഗതി, ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേർ മരിച്ചുവെന്നതാണ്. കേസുമായി ബന്ധപ്പെട്ട്, മരിച്ച നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ഞങ്ങൾ കാണാൻ പോയപ്പോൾ, ‘കാര്യങ്ങൾ തുറന്നുപറയാൻ ഞങ്ങൾക്കുപേടിയാണ്' എന്നാണ് പറഞ്ഞത്. ‘തീർച്ചയായിട്ടും എന്റെ സഹോദരൻ ആത്മഹത്യ ചെയ്യില്ല' എന്നും അദ്ദേഹം പറഞ്ഞു. അമ്മ സാവിത്രി അന്തർജനം പറഞ്ഞത്, ‘എന്റെ മകൻ ആത്മഹത്യ ചെയ്യില്ല. കാരണം, അത്രയും മനസ്സുറപ്പുള്ളവരാണ്. അവർ ആത്മഹത്യ ചെയ്തതലല്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. പിന്നെയെന്തു സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല, ഞങ്ങളുടെ സംശയങ്ങൾ പറയാൻ ഞങ്ങൾക്കുപേടിയാണ്' എന്നാണ്.

പിന്നെ, അവർ പറയുന്നത്, കണ്ണൂരിലെ കോട്ടയിൽ ഒരു പെൺകുട്ടിയെ രണ്ടുപേർ പീഡിപ്പിച്ച വാർത്ത വരികയും, അതേക്കുറിച്ച് ആളുകൾ സംസാരിച്ചുതുടങ്ങുകയും ചെയ്തപ്പോൾ ആ പെൺകുട്ടി കടലിൽ ചാടി ആത്മഹത്യ ചെയ്തതായി കാണപ്പെട്ടുവെന്നും അതുകൊണ്ട് ഞങ്ങൾക്ക് ജീവനിൽ ഭയമുണ്ട് എന്നുമാണ്.

അത്തരത്തിൽ, വളരെയധികം ദുരൂഹതകൾ നടന്നിട്ടുള്ള, വളരെയധികം ദുർമരണങ്ങൾ നടന്നിട്ടുള്ള കേസാണ് കവിയൂർ, കിളിരൂർ കേസുകൾ. അതൊരു ടെസ്റ്റ് ഡോസ് കൂടിയാണ്, കാരണം, ഇരകൾ കൊല്ലപ്പെട്ടുകഴിഞ്ഞാൽ കേസ് പൊന്തിവരാൻ യാതൊരു സാധ്യതയുമില്ല എന്നതിന്റെ ടെസ്റ്റുഡോസ്. അല്ലെങ്കിൽ വിധി തന്നെ പ്രവർത്തിക്കണം, ഈശ്വരന്മാർ തന്നെ നേരിട്ടുവന്ന് കാര്യങ്ങളിൽ ഇടപെടണം, എങ്കിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ.

കൊട്ടിയം കേസ്: പെൺകുട്ടി കൊല്ലപ്പെടുന്നു, പ്രതി താനെന്ന് സഹോദരൻ

ഇര തന്നെ ഇല്ലാതായ മറ്റൊരു കേസാണ് 2005 ലെ കൊട്ടിയം കേസ്. 14 വയസ്സായ പെൺകുട്ടിയെ കൊന്നത് സഹോദരനാണ് എന്നുപറഞ്ഞ് മൈനറായ സഹോദരൻ തന്നെ കുറ്റമേറ്റെടുത്തു. പിന്നീട്, ആ സഹോദരനെ വേറൊരാൾ ഏറ്റെടുത്തു. ഇപ്പോൾ ആ സഹോദരൻ എവിടെയാണ് എന്ന് അറിയില്ല.

2008ൽ പുറത്തുവന്ന അമ്പലപ്പുഴ കേസ്- പ്ലസ് ടുവിന് പഠിക്കുന്ന രണ്ടു കുട്ടികൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയാണ്. വാസ്തവത്തിൽ പകൽ വെളിച്ചത്തിലാണ് ഇൻക്വസ്റ്റ് നടത്തേണ്ടത്. രാത്രി പതിനൊന്നിനും പന്ത്രണ്ടുമണിക്കുമിടയിൽ വളരെ തിടുക്കപ്പെട്ട്, വേണ്ടത്ര വെളിച്ചമില്ലാതെ ഇൻക്വസ്റ്റ് നടത്തി. കുട്ടികളുടെ കൈകളുടെ ഞരമ്പുകൾ മുറിഞ്ഞിരുന്നതായി ആളുകൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ, ചോരയോ ബ്ലെയ്‌ഡോ പരിസരപ്രദേശത്തുണ്ടായിരുന്നില്ല. കുട്ടികൾ എഴുതിയ കത്തിൽ, അവർ ആരെയോ ഭയപ്പെടുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ 2007ലെ ഡയറി കണ്ടുകിട്ടിയെങ്കിലും മരിച്ച വർഷത്തെ, 2008ലെ ഡയറി കണ്ടു കിട്ടിയില്ല. ആ സമയത്ത് ചാർജിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.

വിതുര കേസിൽ ലക്ഷ്മിക്കുട്ടി എന്ന ഉദ്യോഗസ്ഥയാണ് റെയ്ഡ് നടത്തി ഇവരെ പിടിക്കുന്നത്. കേസ് പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് ലക്ഷ്മിക്കുട്ടിയാണ്, അവരോടൊപ്പം, ഋഷിരാജ് സിങ്ങും. ലക്ഷ്മിക്കുട്ടിയെ വേറെ കാരണം പറഞ്ഞ് കേസിന്റെ ചാർജിൽനിന്ന് മാറ്റുകയും പിന്നീട് സസ്‌പെന്റും ചെയ്തു. ഇവരെ തന്നെ ഈ കേസിനുവേണം എന്നു പറഞ്ഞ് വിതുര പെൺകുട്ടിയുടെ രക്ഷിതാക്കൾ കേസും കൊടുത്തിരുന്നു. മട്ടാഞ്ചേരി കേസും ഇതുപോലെയാണ്, കേസ് ഉടൻ കണ്ടെത്തുമെന്ന് പറഞ്ഞപ്പോൾ ആ ഓഫീസറെത്തന്നെ അവിടെനിന്ന് മാറ്റി. ഒരു കേസിന്റെ തുമ്പ് പിടിക്കാൻ വരുന്ന സമയത്ത്, ആ അന്വേഷണസംഘത്തെ മാറ്റുന്ന പ്രവണതയും ഇതോടൊപ്പം കണ്ടുവരുന്നുണ്ട്.

പറവൂർ കേസ്: പ്രതിയായ ഡോക്ടറുടെ ആത്മഹത്യ

2011ലെ പറവൂർ പീഡനകേസിൽ 82ാം പ്രതി ഒരു ഡോക്ടറാണ്. ബഹ്‌റൈനിൽ പാലത്തിനടിയിൽ കടലിൽ കണ്ട അജ്ഞാത മൃതദേഹം ഈ ഡോക്ടറുടേതാണ് എന്ന് പിന്നീട് തിരിച്ചറിയുന്നു. പെൺകുട്ടിയെ മൈസൂരിൽ വച്ചാണ് പീഡിപ്പിച്ചത് എന്നു പറയുന്നു, നൂറോളം പ്രതികൾ അതിലുണ്ട്, അച്ഛൻ തന്നെ കൊണ്ടുനടന്ന് വിറ്റതാണെന്നും പറയപ്പെടുന്നു.

വാളയാർ കേസ്: മൂന്നാം പ്രതി പ്രദീപ്കുമാറിന്റെ മരണം

2016ൽ നടന്ന വാളയാർ കേസിൽ ഒമ്പതിനും പതിമൂന്നിനും ഇടക്ക് പ്രായമുള്ള രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നു. അഞ്ച് പ്രതികളിൽ മൂന്നാം പ്രതി പ്രദീപ്കുമാർ, ദുരൂഹ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുന്നു. ഇയാൾ ആലപ്പുഴക്കാരനാണ്. പെൺകുട്ടികളുടെ തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഈ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു എന്നും പറയുന്നു.

ആലപ്പുഴ നിന്ന് ഇയാൾ അട്ടപ്പള്ളം പോലുള്ള ഒരു അതിർത്തിഗ്രാമത്തിൽ വന്ന് വീട് വാടകക്കെടുത്ത് എന്തിനാണ് താമസിക്കുന്നത് എന്ന കാര്യം പൊലീസ് അന്വേഷിച്ചുവോ എന്നൊന്നും അറിയില്ല. പ്രതികൾ അഞ്ചുപേരല്ല, അതിലധികം ആളുകളുണ്ട് എന്നതും അവർ ഇവരേക്കാളും പ്രബലരായവരാണ് എന്നും അവിടെ പൊതുജനസംസാരം വികസിച്ചുവന്നപ്പോഴാണ് ഈ പ്രതി ആത്മഹത്യ ചെയ്തതായി കാണപ്പെടുന്നത്. കേസിന് കാശില്ലാത്തതുകൊണ്ടാണ് എന്നത് കുട്ടികളോട് പറയാവുന്ന കഥയാണ്. കാരണം, കേസ് തന്നെ തള്ളിപ്പോയ അവസ്ഥയിലാണ്. പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണിത് സംഭവിക്കുന്നത്.

പ്രബലരുടെ കൂട്ടുകച്ചവടം

എങ്ങനെയാണ് സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട പ്രതികളും വാദികളും ഇല്ലാതാകുന്നത് എന്നത് സവിശേഷമായ ശ്രദ്ധയും അന്വേഷണവും വേണ്ട മേഖലയാണ്. പ്രതികൾ ആരൊക്കെ, അവർക്ക് എന്തൊക്കെ ശിക്ഷ കിട്ടി എന്നതുപോലെ തന്നെ പ്രധാനമാണ് അന്തസ്സോടെ, ആക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശം. ജീവിച്ചിരിക്കാനുള്ള മൗലികാവശകാശത്തിനുമേൽ എങ്ങനെയാണ് കൈവെക്കുന്നത് എന്നത്.

വാളയാർ കേസിൽ പ്രതി ആയിരിക്കെ ആത്മഹത്യ ചെയ്ത പ്രദീപ് കുമാർ
വാളയാർ കേസിൽ പ്രതി ആയിരിക്കെ ആത്മഹത്യ ചെയ്ത പ്രദീപ് കുമാർ

അപ്പോഴാണ് നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്, ഇത് ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല, ഇവിടെ ഒരു റോ മെറ്റീരിയലാണ് പെൺകുട്ടിയുടെ ശരീരം. വലിയ അഴിമതികൾക്കും വലിയ കച്ചവടങ്ങൾക്കുമുള്ള ചെറിയ മൂലധനം മാത്രമാണത്. ആ മൂലധനത്തിന്റെ മേൽ കൈവെക്കുകയും അത് പുറത്തുവരും എന്ന് തോന്നുകയും ചെയ്യുമ്പോൾ ആ ശരീരത്തിന്റെ ഉടമകളെയോ അതുമായി ബന്ധപ്പെട്ടവരെയോ, പ്രതിസ്ഥാനത്തുനിൽക്കുന്ന ഏജന്റുമാരെയോ ഒക്കെത്തന്നെ ഇല്ലാതാക്കുന്ന തരത്തിൽ ഈ വയലൻസിന്റെ സ്വഭാവം പത്തുപതിനാറ് കൊല്ലമായി മാറിപ്പോയിരിക്കുന്നു, അത് വർധിച്ചുവരികയുമാണ്.

കാരണം, ഇതിലുൾപ്പെട്ടിട്ടുള്ള പെൺകുട്ടികൾ മാത്രമല്ല, ഇതിന് വളംവെച്ച പുരുഷന്മാരും പ്രതികളായവരും ഏജന്റുമാരും ഇതറിയുന്ന ആൾക്കാരും- അവരുടെയൊക്കെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം നിലനിൽക്കുന്നു. അപ്പോഴാണ് ഇത് ലൈംഗിക കച്ചവടം മാത്രമല്ല, അതിലും വലിയ കച്ചവടങ്ങളുടെ പാശ്ചാത്തലം മാത്രമാണ് എന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാൻ, അതിലും വലിയ കച്ചവടത്തെ നിലനിർത്താൻ നടത്തുന്ന അഴിമതി ആണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് എന്നും നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും മുന്നണികളിലും പെട്ട പ്രബലർ നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇത്തരം ലൈംഗിക അതിക്രമ റാക്കറ്റുകൾ എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.


Summary: സൂര്യനെല്ലി മുതൽ വാളയാർ വരെയുള്ള ലൈംഗികാക്രമണക്കേസുകളിൽ പ്രതികളും വാദികളും ഇരകളും കേസിൽ വിധി പറഞ്ഞ ജഡ്ജിയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും അടക്കമുള്ളവർ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നു. കേസിലെ നിർണായക കണ്ണികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലൈംഗിക കച്ചവടം മാത്രമല്ലെന്നും അതിലും വലിയ കച്ചവടമാണെന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാൻ നടത്തുന്ന അഴിമതിയാണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments