കലുഷിതമാണ്​ കുടുംബങ്ങൾ, മരണമുഖത്ത്​ ഇനിയുമുണ്ട്​ സ്​ത്രീകൾ

കുടുംബ ഘടനയിലും, അധികാര ശ്രേണിയിലും, വരുമാന സമ്പാദനത്തിന്റെ തലങ്ങളിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് ​കേരളത്തിൽ. സ്വതന്ത്ര സ്വഭാവമുള്ള സൂക്ഷ്​മ സ്ഥാപനങ്ങളാണ് പുതിയ കാലത്തെ കേരളീയ കടുംബങ്ങളിലധികവും. അവയുടെ സാധ്യതകളും പരിമിതികളും യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണം.

"വിസ്മയയുടെ മരണവാർത്ത മാധ്യമങ്ങളിലുടെ അറിഞ്ഞയുടൻ ഞാനവളെ വിളിച്ചു; പേടിയോടെ. അപ്പോളവൾ പറഞ്ഞു: ഇല്ലമ്മേ ഞാനങ്ങനെ ആത്മഹത്യ ചെയ്യില്ല... എന്നിട്ടും എനിക്കവളെ നഷ്ടപ്പെട്ടു'; പത്തൊൻപതാമത്ത വയസ്സിൽ വിവാഹം നടത്തിയ, ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന പെൺകുട്ടിയുടെ അമ്മയുടെ ഹൃദയം കലങ്ങിയ വാക്കുകളാണിത്. ആ പെൺകുട്ടി അനുഭവിച്ചു വന്നിരുന്ന കൊടിയ പീഡനങ്ങളെ ഭീതിയോടെയും, നിസ്സഹായതയോടെയും നോക്കിനിൽക്കേണ്ടി വന്ന ഒരമ്മയുടെ വിലാപമാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളായി പ്രചരിക്കുന്നത്.

ഉന്നത ജോലിയും വിദ്യാഭ്യാസവുമുള്ള ഒരാൾക്കൊപ്പം, പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ പെൺകുട്ടിയെ, അയാളുടെ എല്ലാ നിബന്ധനകൾക്കും വഴങ്ങി വിവാഹം ചെയ്തു നൽകി, ഒടുവിലവളുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന മാതാപിതാക്കളുടെയും, സഹോദരന്റേയും വിലാപം വിസ്മയയുടെ വീട്ടിൽ മുഴങ്ങുകയാണ്.

മുഖ്യധാരാ - സാമൂഹിക മാധ്യമങ്ങളിലാകട്ടെ സ്ത്രീകൾക്കെതിരായ ഗാർഹിക പീഢനങ്ങളും സ്ത്രീധന സംബന്ധമായ ആക്രമണങ്ങളും ചൂടേറിയ ചർച്ചകൾക്ക് വിധേയമാവുകയും, രോഷം അണപൊട്ടിയൊഴുകുയും ചെയ്യുന്നു.
അല്ലെങ്കിലും നമ്മൾ ഇങ്ങനെയാണെന്നും... ദാരുണ ദുരന്തങ്ങൾ സംഭവിക്കും വരെ മൗനം പാലിക്കും. വൈകാരികമായ ചില ചർച്ചകൾക്കും പ്രതികരണങ്ങൾക്കുമപ്പുറം കൂടുതൽ ഉത്തരവാദിത്യമുള്ള സമീപനം കേരള സമൂഹം സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഉത്രയുടേയും, വിസ്മയയുടേയും, സുചിത്രയുടേതുമുൾപ്പെടെയുള്ള ദാരുണ മരണങ്ങൾ നമ്മൾ അറിഞ്ഞു; ചർച്ച ചെയ്യുന്നു. എന്നാൽ മരണമുഖത്ത് നിന്ന് എങ്ങനെയോ രക്ഷപ്പെടുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2020ൽ പുറത്തിറക്കിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കു പ്രകാരം 2019 ൽ മാത്രം 2970 കേസുകളാണ് സ്ത്രീകൾ ഭർത്താവിന്റേയും ബന്ധുക്കളുടേയും ക്രൂരതക്കിരയായതിന്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അതേ വർഷം സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ പേരിൽ 10,381 കേസുകളും കേരളത്തിൽ രജിസ്റ്റർ ചെയ്തു. ഗാർഹിക പീഡനങ്ങളെ തുടർന്ന് 457 കേസുകൾ കേരള വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് 17 പേർ 2018ൽ കൊല്ലപ്പെട്ടു. 2019 ൽ അത് ആറായി കുറഞ്ഞു. ഉയർന്ന വിദ്യാഭ്യാസവും, സാംസ്​കാരിക ബോധവും പ്രകടിപ്പിക്കുന്ന കേരളത്തിലാണ് പ്രതിവർഷം ഏറിയും കുറഞ്ഞും സ്ത്രീധന പീഡനമരണങ്ങൾ സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിസ്മയയുടെ മരണശേഷം രൂപീകരിക്കപ്പെട്ട കേരള പൊലീസ് ഹെൽപ് ഡെസ്ക്കിൽ ഒരു ദിവസം മാത്രം 108 പരാതികളെത്തി എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ കുടുംബ കോടതികളിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്ന വിവാഹമോചന കണക്കുകൾ അത്ര ചെറുതല്ല. 2020 ഒക്ടോബറിൽ തിരുവനന്തപുരത്തെ കുടുംബകോടതിയിൽ മാത്രം 3633 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ . 1,96,000 സ്ത്രീകൾ വിവാഹബന്ധം വേർപ്പെടുത്തി നമ്മുടെ സംസ്ഥാനത്ത് ജീവിക്കുന്നു. ദേശീയ തലത്തിലെ കണക്കിന്റെ 8.36 ശതമാനമാണിത്.

ഇവയെല്ലാം സൂചിപ്പിക്കുന്നത് വലിയൊരളവു വരെ നമ്മുടെ കുടുംബങ്ങൾ കലുഷിതമാണെന്നതാണ്. സ്ത്രീധനമുൾപ്പെടെ ബാഹ്യമായി ചർച്ച ചെയ്യപ്പെടുന്ന ചില കാരണങ്ങൾ മാത്രമായി ഈ കാലുഷ്യങ്ങളെ ചുരുക്കി കാണുന്നത് വസ്തുതാ വിരുദ്ധമാണ്. കുടുംബ ഘടനയിലും, അധികാര ശ്രേണിയിലും, വരുമാന സമ്പാദനത്തിന്റെ തലങ്ങളിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്​കേരളത്തിൽ. സ്വതന്ത്ര സ്വഭാവമുള്ള സൂക്ഷ്​മ സ്ഥാപനങ്ങളാണ് പുതിയ കാലത്തെ കേരളീയ കടുംബങ്ങളിലധികവും. അവയുടെ സാധ്യതകളും പരിമിതികളും യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണം. സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങൾ മാത്രമല്ല, ഗാർഹിക പീഡനങ്ങളുടേയും അക്രമങ്ങളുടേയും, ദാമ്പത്യ ദുരിതങ്ങളുടേയും കാരണങ്ങൾ. വൈകാരിക- മാനസിക സംഘർഷങ്ങളും പൊരുത്തക്കേടുകളുമെല്ലാം ഇവയിലെല്ലാം അന്തർലീനമായിട്ടുണ്ട്. ദുരന്തങ്ങൾ സംഭവിക്കുമ്പോഴുളള താൽക്കാലിക മുറവിളിക്കപ്പുറത്ത് ക്രിയാത്മക നടപടി സ്വീകരിക്കാൻ സർക്കാരും സമൂഹവും കുടുംബങ്ങളും തയ്യാറാവുകയാണ് വേണ്ടത്.

വിവാഹിതയോ അവിവാഹിതയോ ആയ സ്ത്രീയ്ക്ക് അവരെ ബാധിക്കുന്ന വിഷയങ്ങൾ (അവരുടെ അസ്​തിത്വം വെളിപ്പെടുത്താതെ പോലും ) ഉന്നയിക്കാനാകുന്ന പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനം സർക്കാർ തലത്തിൽ വ്യാപകമാക്കണം. അവർ നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്ത്​അവ പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ ഇവർ നൽകണം. ആദ്യപടിയായി പൊലീസിനെ സമീപിക്കലല്ല പരിഹാരം. പൊലീസിന്റെ നേതൃത്വത്തിലുമാകരുത് ഈ സംവിധാനം പ്രവർത്തിക്കണ്ടത്‌. ഒരു പക്ഷേ കൗൺസിലറെ സമീപിക്കുന്ന വ്യക്തിയുടെ ചില മാനസിക പ്രശ്ന​ങ്ങളാകാം പ്രശ്നങ്ങളുടെ കാതൽ. ആരോടും പറയാനാകാത്ത മാനസിക സംഘർഷങ്ങൾ പങ്കുവെയ്ക്കാൻ ഇത്തരം പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനം സ്ത്രീകൾക്ക് കരുത്തുപകരും. പ്രശ്നങ്ങളുടെ സ്വഭാവമനുസരിച്ച് പങ്കാളി, കുടുംബാംഗങ്ങൾ തുടങ്ങിയവരുമായുള്ള ചർച്ച മുതൽ പൊലീസ് നിയമ സഹായം വരെ ആവശ്യം വന്നാൽ ചെയ്തു നൽകാൻ ഈ സംവിധാനത്തിന് കഴിയണം. ബന്ധപ്പെട്ടന്നവരുടെ തിരിച്ചറിയൽ വിവരങ്ങളുടെ സ്വകാര്യത ഉറപ്പു വരുത്തുകയും വേണം.

കുടുംബ മാഹാത്മ്യവും, സാമൂഹിക പദവിയും വിളംബരം ചെയ്യുന്ന ആഢംബര വിവാഹ ചടങ്ങുകളിൽ നിന്ന് ജനപ്രതിനിധികളും, നേതാക്കളും, പൊതു സമൂഹവും വിട്ടു നിൽക്കുക തന്നെ വേണം. ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത ദുരാചാരമായി ഇവ പരിഗണിക്കപ്പെടണം. വിവാഹബന്ധത്തിന് പണക്കൊഴുപ്പിന്റെ വേരുകൾ സമ്മാനിക്കുന്ന ഇത്തരം ചടങ്ങുകളും, ആഡംബരങ്ങളും തുടർന്ന് സംഭവിക്കുന്ന ഗാർഹിക അലോസരങ്ങൾക്ക് കാരണമാകാറുണ്ട്.

വിവാഹിതയായ പെൺകുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കുന്നതിനുള്ള അന്തരീക്ഷം / സംവിധാനം സ്വന്തം കുടുംബത്തിൽ നിലനിർത്തണം. വിവാഹത്തോടെ അവൾ സുരക്ഷിതയായി എന്ന സങ്കൽപ്പം മാറണം. എല്ലാത്തിനോടും പൊരുത്തപ്പെടണമെന്നും, എന്തും സഹിക്കണമെന്നുമുള്ള പരമ്പരാഗത ഉപദേശത്തിനു പകരം, അവയുടെ പരിധിയാകണം പറഞ്ഞു കൊടുക്കേണ്ടത്. കുടുംബസ്വത്തിന്റേയും , മാതാപിതാക്കളുടെ സമ്പാദ്യത്തിന്റേയും മുഴുവൻ പങ്കും, വിവാഹത്തോടനുബന്ധിച്ചുതന്നെ പെൺകുട്ടിക്ക് സമ്മാനിക്കുന്ന രീതി മാറണം. അങ്ങനെ പങ്കുവെയ്ക്കുവാൻ ശേഷിയുള്ളവർ പോലും, അവരുടെ വിവാഹ ജീവിതം സന്തുലിതാവസ്ഥയിലെത്തി, കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് ദമ്പതിമാർ പ്രവേശിക്കുന്ന ഘട്ടം വരെ പെൺകുട്ടികൾക്ക് അവകാശപ്പെട്ട സ്വത്തുവിഹിതം കൈമാറരുത്. അത് പെൺകുട്ടികൾക്ക് നൽകാനിടയുള്ള സുരക്ഷിതബോധം ചെറുതായിരിക്കില്ല.

സ്ത്രീധനമുൾപ്പെടെ പുറമേ വരുന്ന വിഷയങ്ങൾക്കപ്പുറമുള്ള മാനസിക പ്രശ്നങ്ങൾ ദമ്പതിമാർക്കിടയിലുണ്ടാവാം. ഉണ്ട്. നമ്മുടെ സംസ്ഥാനത്ത് കൗൺസിലിംഗ് സേവനങ്ങൾക്കായി സമീപിക്കുന്നവരുടെ കണക്ക് ഓരോ വർഷവും കൂടി വരികയാണ്‌. പ്രൊഫഷണൽ മനഃശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ വിവാഹപൂർവ കൗൺസിലിംഗ് സർക്കാർ നേതൃത്വത്തിൽ തന്നെ നിർബന്ധിതമാക്കുക എന്നത് അത്യാവശ്യമാണ്. കാരണം, തികച്ചും അപരിചിതവും സ്വതന്ത്രവുമായ സാഹചര്യങ്ങളാണ് ദമ്പതികൾ നേരിടുന്നത്. ഇതിനവരെ പ്രാപ്തരാക്കുവാനും, യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെ സമീപിക്കുവാൻ കരുത്ത് നൽകുന്നതിനും ഇത്തരം കൗൺസിലിംഗ് വഴി കഴിയും.മുൻപ് സൂചിപ്പിച്ച കണക്കനുസരിച്ച് വിവാഹബന്ധം വേർപിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ് കേരളത്തിൽ - ദാമ്പത്യ ബന്ധം വേർപിരിയുന്നത് ഒരു ദുരന്തമായി കാണുന്നതിന് പകരം അവർക്കാവശ്യമായ മാനസിക- സാമൂഹിക പിന്തുണ നൽകുകയാണ് നൽകേണ്ടത്. ഒത്തുചേർന്ന് പോകാൻ കഴിയില്ലെന്ന് പൂർണ ബോധ്യം വന്നാൽ സ്വതന്ത്രയാകാനുള്ള തീരുമാനമെടുക്കാൻ സ്ത്രീകൾക്ക് ധൈര്യമുണ്ടാകണം.

നമ്മൾ തിരിച്ചറിയാത്ത, കണ്ടിട്ടും കാണാത്ത വൈരുധ്യങ്ങളും, സംഘർഷങ്ങളും കേരളത്തിലെ കുടുംബങ്ങളിലുണ്ട്. അവയുടെ ദൗർഭാഗ്യകരവും ക്രൂരവുമായ പൊട്ടിത്തെറികളാണ് മരണവാർത്തകളായി നമ്മളിലെത്തുന്നത്. അവയൊഴിവാക്കുവാനുള്ള നിശ്ചയദാർഢ്യം പൊതുസമൂഹം പ്രകടമാക്കിയാൽ ഇനിയും നമുക്കൊരു പാട് ജീവനുകൾ രക്ഷിക്കാം, ഒരു പാടുപേരുടെ കണ്ണുനീരൊപ്പുകയും ചെയ്യാം.


Summary: കുടുംബ ഘടനയിലും, അധികാര ശ്രേണിയിലും, വരുമാന സമ്പാദനത്തിന്റെ തലങ്ങളിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് ​കേരളത്തിൽ. സ്വതന്ത്ര സ്വഭാവമുള്ള സൂക്ഷ്​മ സ്ഥാപനങ്ങളാണ് പുതിയ കാലത്തെ കേരളീയ കടുംബങ്ങളിലധികവും. അവയുടെ സാധ്യതകളും പരിമിതികളും യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണം.


Comments