Deconstructing the Macho
ആൺബോധം ഭരിക്കുന്ന ലോകങ്ങൾ, ആ ലോകങ്ങളെ സ്വന്തം ബോധ്യങ്ങളാൽ പൊരുതിത്തോൽപ്പിച്ച ജീവിതങ്ങൾ...
നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് തികച്ചും വിക്ഷുബ്ദമായ വെളിപ്പെടുത്തലുകളും തീക്ഷ്ണമായ ആർഗ്യുമെന്റുകളും നിറഞ്ഞ ഒരു സംവാദമൊരുക്കുന്നു ട്രൂ കോപ്പി വെബ്‌സീൻ ഒമ്പതാം പാക്കറ്റ്. വ്യക്തിയിലും സാമൂഹിക സ്ഥാപനങ്ങളിലും അനിവാര്യമായും ഉണ്ടാകേണ്ട തുല്യതയുടെയും ജനാധിപത്യത്തിന്റെയും അവകാശബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും രാഷ്ട്രീയ സന്ദർഭങ്ങളെ രേഖപ്പെടുത്തുന്ന, അവയെ റദ്ദാക്കിക്കളയുന്ന മനുഷ്യവിരുദ്ധതകളെ വിചാരണ ചെയ്യുന്ന എഴുത്തുകളും ആത്മപ്രകാശനങ്ങളുമടങ്ങിയ വേറിട്ട പാക്കറ്റ്.
തുറന്നുപറച്ചിലുകൾ
യമ:""വെള്ളത്തിൽ കിടന്ന നേരം എനിക്കെന്റെ ഉള്ളിലെ ഭാരങ്ങളെല്ലാം പുറത്തേക്കൊഴുകുന്നതായി തോന്നി. ഞാൻ വെറുതെ വിരലുകൾ കൊണ്ടെന്റെ തുടകൾക്കിടയിൽ തൊട്ടു നോക്കി. വഴുവഴുത്ത ദ്രാവകം സൗപർണ്ണികയിലേക്കു കലരുന്നു. എനിക്ക് ചുറ്റും വെള്ളത്തിൽ മുങ്ങിക്കിടന്ന പുരുഷന്മാരെ നോക്കി ഞാൻ പുഞ്ചിരിച്ചു. ഭക്തിയിൽ മുങ്ങി നിന്ന അവരാരും എന്നെക്കണ്ടില്ല.
"ഞാനാണ് ദേവി.' എന്ന് പറഞ്ഞതവർ കേട്ടില്ല.''
ആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല "പ്രപഞ്ച നിയമ'ങ്ങളെയും ലംഘിച്ച് ഒരു പെണ്ണ് നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ
പുഷ്പവതി:""മലയാളികളെല്ലാം ഏറ്റെടുത്തൊരു ഗാനമായിരുന്നു 'ചെമ്പാവ് പുന്നെല്ലിൻ' എന്ന ഗാനം. എന്നിട്ടും സ്റ്റേറ്റിന്റെ സ്പെഷ്യൽ മെൻഷൻ ലഭിച്ചില്ല. അതിനുശേഷം അതെ ജോണറിലുള്ള പല ഗാനങ്ങൾക്കും സ്റ്റേറ്റിന്റെ അംഗീകാരങ്ങൾ കിട്ടി. മലയാളികൾക്കെല്ലാം എന്റെ ഈ പാട്ട് അറിയാം, എന്നാൽ അത് പാടിയ എന്നെ അറിയില്ല. കാരണം visual മീഡിയയുടെ സൗന്ദര്യ സങ്കൽപത്തിന് പുറത്താണ് ഞാനുള്ളത്. കോർപ്പറേറ്റ് മൂലധന ശക്തികളെല്ലാം ഉപരി വർഗ്ഗത്തിന്റെയാകുമ്പോൾ സാമൂഹികമായി താഴെത്തട്ടിലുള്ള എനിക്ക് സ്പേസ് തരാൻ അവർ മടിക്കുന്നു.''
റ്റിസി മറിയം തോമസ്: "" "അമ്മേടെയീ ലിംഗമെഴുത്തൊന്നു നിർത്താവോ ...കണ്ടു കണ്ടു മടുത്തു.' ആൺബോധത്തെക്കുറിച്ചെഴുതാൻ ലഭിച്ച ഡെഡ്‌ലൈനിനുമുന്നിൽ ഉറക്കം തൂങ്ങിയ കണ്ണുകഴുകി തുറന്നിരിക്കുമ്പോൾ, ഉറങ്ങാൻ പോകും മുന്നേ കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക് എത്തിനോക്കി വായിച്ച പതിനൊന്നു വയസ്സുകാരന്റെ പ്രതികരണമാണിത്. രണ്ടു മൂന്നു ദിവസമായി മക്കൾ ഉറങ്ങിക്കഴിഞ്ഞും എഴുത്താണ്. ജൻഡർ സംബന്ധമായ എഴുത്തുകളാണ് ഒട്ടുമിക്കതും എന്റേത്. അനിയത്തിയാണ് "ലിംഗം സ്പെഷ്യലിസ്റ്റ്' എന്ന സ്റ്റാറ്റസ് എനിക്ക് കുടുംബത്തിനുള്ളിൽ ചാർത്തി തുടങ്ങിയത്. ഇതുകേട്ട മൂത്ത മകൻ, എന്തുവാമ്മേ ഈ ലിംഗമെന്നു നേരിട്ട് ചോദിച്ചു. അത് പിന്നെ മോനേ, ഇതൊന്നു എഴുതി തീരട്ടെ, വിശദമായി പറഞ്ഞു തരാമെന്നു പറഞ്ഞു അവനെ ഒഴിവാക്കി.''
സ്മിത നെരവത്ത്: ""ഒരു പതിനാറുകാരന്റെ വളർച്ചയെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒരമ്മയാണ് ഞാൻ.അവൻ കുഞ്ഞായിരിക്കുമ്പോഴെ 'ആണ്' ആക്കാനുള്ള പരിശീലനക്കളരി വീട്ടിൽ ഒരുക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിട്ടും ഭാഗികമായി പരാജയപ്പെട്ടു പോയ ഒരമ്മ.''
അലീന:""അഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗീകാതിക്രമം നേരിടുന്നത്. അന്ന് പതിമൂന്ന് വയസ്സുണ്ടായിരുന്ന ഒരു കസിനാണ് ആ കൃത്യം ചെയ്തത്. കുഞ്ഞനിയത്തിയെ ഗ്രൂം ചെയ്യാനും നടന്നത് ആരോടും പറയാതെ മറച്ചു വെക്കാൻ പഠിപ്പിക്കാനും അന്ന് ആ കുറ്റവാളിക്ക് കഴിഞ്ഞു.''
ഹെറീന ആലിസ് ഫെർണാണ്ടസ്:""ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌കൂളിൽ പോയി വരുന്ന വഴി ബസിൽ വെച്ച് അപ്പൂപ്പന്റെ പ്രായമുളള ഒരാൾ മോശമായി പെരുമാറുന്നത്. കൊല്ലങ്ങളോളം മനസ്സിൽ ഭയമായി കൊണ്ടുനടന്ന അനുഭവമാണത്. എന്റെ എന്തോ തെറ്റ് ആണെന്ന ബോധമായിരുന്നു അന്നൊക്കെ മനസ്സിൽ. വളർന്നുവരുന്ന മുലകൾ അമർത്തി ബാത്ത്റൂമിൽ നിന്ന് കരഞ്ഞ അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോഴെനിക്ക് ഇന്നും ചങ്ക് പിടയ്ക്കും.''
ജോയ്‌സി ജോയ്:""ഞങ്ങൾക്ക് ആദ്യത്തെ പെൺകുഞ്ഞുണ്ടായപ്പോൾ എന്റെ അമ്മച്ചി ചെവിയിൽ വന്ന് ആദ്യം പറഞ്ഞത് വിഷമിക്കേണ്ട എന്നാണ്. എന്താണ് പുള്ളിക്കാരി ഉദ്ദേശിച്ചതെന്നു മനസിലായത് ഇനീം പ്രസവിക്കാലോ, അത് ആൺകുട്ടി തന്നെയാവും എന്നു പറഞ്ഞപ്പോഴാണ്.''
ഫെബിൻ കെ.എം.:"" "പൊരിച്ച മീൻ' ബാല്യം തന്നെയായിരുന്നു എന്റേതും. ചിലപ്പോൾ പങ്കുവെക്കലിന്റെ വലുപ്പചെറുപ്പത്തേക്കാൾ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്ന്. നിനക്കൊരു ആൺകുഞ്ഞായി ജനിച്ചു കൂടായിരുന്നോ എന്ന ചോദ്യം കേട്ട് അമ്പരന്ന് നിന്നിട്ടുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ആൺകുട്ടികളെ അസൂയയോടെ നോക്കിയിട്ടുണ്ട്. ജനനം മുതൽ ഒരു പെൺകുട്ടിയെ കുടുംബത്തിന് ബാധ്യതയാക്കി മാറ്റാൻ ശേഷിയുള്ളതാണ് ആൺബോധം. അതിന്റെ ആദ്യ സ്വരം നമ്മളറിയുന്നത് മിക്കപ്പോഴും അമ്മമാരിലൂടെയെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന സത്യം.''
പി. പ്രേമചന്ദ്രൻ:""അക്കാലത്തെ ഞങ്ങളുടെ സ്‌കൂൾ നാടകങ്ങളിൽ പോലും പെൺവേഷം കെട്ടിയിരുന്നത് ആൺകുട്ടികളാണ്. കലാപരിപാടികളിൽ, പഠനത്തിൽ മുന്നോക്കം നിന്ന പെൺകുട്ടികൾ ഓർമ്മയിലെ ഇല്ല. അതേസമയം കളികളിൽ, കലോത്സവങ്ങളിൽ, പഠനത്തിൽ മുന്നിൽ നിന്ന എത്രയോ ആൺകുട്ടികളെ ഇപ്പോഴും ഓർക്കുന്നു. സ്‌കൂൾ നിരന്തരം പെൺകുട്ടികളെ പഠിപ്പിച്ചിരുന്നത് അടക്കവും ഒതുക്കവും വിധേയത്വവും ആയിരുന്നു.''
ജി.ആർ. ഇന്ദുഗോപൻ:"" സ്ത്രീയെ ഭയപ്പെടുക എന്ന നിലയിൽ നിന്ന് പുതിയ തലമുറ ഒരുപാട് മുന്നോട്ടുപോയെന്ന് ഞാൻ കരുതി. എങ്കിലും അടുത്ത നാളിലെ ഒരു സംഭവം ആശങ്കപ്പെടുത്തി. സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുത്ത ഒരു ലേഡിയോട്, യാത്രാമധ്യേ, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി, മാറത്ത് പിടിച്ചോട്ടെ എന്ന് ചോദ്യം ചോദിച്ചതാണ് അത്.''