‘2021-ൽ പൂർത്തിയായ എന്റെ സിനിമ കുറെ നാൾ പെട്ടിയിലായിരുന്നു, പദ്ധതി അട്ടിമറിക്കുന്നത് ഷാജി എൻ. കരുൺ’- മിനി ഐ.ജി

“സിനിമ ചെയ്യാൻ ആരംഭിച്ചപ്പോൾ ബില്ലുകളൊക്കെ നമ്മൾ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരാഴ്ചക്ക് ശേഷം ആ പോളിസി മാറുകയാണ് ചെയ്തത്. പിന്നീട് നമ്മൾ ബില്ലുകളൊന്നും കണ്ടിട്ടില്ല. ഇത്രയൊക്കെ ചെലവായെന്ന കണക്ക് മാത്രമാണ് അറിയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ മാർക്കറ്റിങ്ങിനുവേണ്ടി 25 ലക്ഷം രൂപ മാറ്റിവെച്ചുവെന്ന് പറയുന്നു. എന്നാൽ അതിനുവേണ്ടിയുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് മനസ്സിലാക്കിയത്.” - മിനി ഐ.ജി തൻെറ അനുഭവം പങ്കുവെക്കുന്നു…

കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി. എൻ. കരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ ചലച്ചിത്ര സംവിധായകർ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാർ ഫണ്ടിൽ വനിത സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയെ ഷാജി. എൻ. കരുൺ അട്ടിമറിക്കുകയാണെന്നാണ് പ്രധാന പരാതി. തന്റെ ഓഫീസിലെ സ്റ്റാഫിനെയടക്കം മാനസികമായി ടോർച്ചർ ചെയ്യുന്നുവെന്നും അവർ പറയുന്നു. സിനിമ റിലീസ് ചെയ്യാൻ വൈകിപ്പിക്കുക, മാനസികമായി ടോർച്ചർ ചെയ്യുക, സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, ഫ്യൂഡൽ മനോഭാവം തുടങ്ങിയ പരാതികളെല്ലാം അദ്ദേഹത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ട്. നിള എന്ന ചിത്രത്തിൻെറ സംവിധായകയായ ഇന്ദുലക്ഷ്മി, ഡിവോഴ്സ് സിനിമയുടെ സംവിധായിക മിനി ഐ.ജി തുടങ്ങിയവരാണ് ഷാജി. എൻ. കരുണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വനിതാ സംവിധായകർ ഉയർത്തിയ പ്രശ്നങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ ഷാജി. എൻ. കരുൺ പൂർണമായി തള്ളിക്കളഞ്ഞിരുന്നു. സിനിമയെടുക്കാൻ അറിയാത്തവരാണ് ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും താൻ ശരിതെറ്റുകൾ ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഷാജി. എൻ. കരുൺ മാധ്യമങ്ങൾക്ക് മുന്നിലുയർത്തിയ വാദഗതികളോട് ട്രൂ കോപ്പി തിങ്കിലൂടെ പ്രതികരിക്കുകയാണ് ‘ഡിവോഴ്സ്’ സിനിമയുടെ സംവിധായിക മിനി ഐ.ജി.

“നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പാസ് ഔട്ട് ആയ ഞാൻ കഴിഞ്ഞ 25 വർഷമായി തിയേറ്റർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന വ്യക്തിയാണ്. സംവിധായകരായ പി ബാലചന്ദ്രന്റെയും ലാൽ ജോസിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. 25 നാടകങ്ങളോളം സംവിധാനം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു സ്പാനിഷ് സിനിമയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. കൈരളി ചാനലിൽ പ്രോഗ്രാം ഡയറക്ടറായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഞാൻ കലാരംഗത്തുണ്ട്. ആ എനിക്ക് സംവിധാനം അറിയില്ലെന്ന് പറയുന്നത് ശരിയാണോ? സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ എന്നും പ്രതികരിക്കാറുള്ള കലാകാരിയാണ് ഞാൻ. ആളുകളെ ചവിട്ടിമെതിച്ച് സ്ഥാനമാനങ്ങൾ നേടുകയെന്നതല്ല ഒരു കലാകാരൻെറ/കലാകാരിയുടെ ഉത്തരവാദിത്വം. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ സമൂഹത്തിൽ നടക്കുന്ന തിന്മകളെ കലയിലൂടെ എതിർക്കാനാണ് ശ്രമിക്കാറുള്ളത്.

തൻെറ നേതൃത്വത്തിലുള്ള ഒരു പ്രോജക്ടിൽ എന്തെങ്കിലും പോരായ്മ വന്നാൽ, കലയോട് ആത്മാർഥതയുള്ള വ്യക്തിയാണെങ്കിൽ, അതിലുണ്ടാകുന്ന ഓരോ പാളിച്ചയും സ്വന്തം പാളിച്ചയായി ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് അവനവനോടല്ലാതെ സഹജീവികളോട് പ്രതിബദ്ധത എന്നൊന്ന് വേണം. അദ്ദേഹത്തിന്റെ സ്റ്റാഫ് തന്നെ വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ടോർച്ചർ ചെയ്യുന്നുവെന്ന് പറഞ്ഞ് പരാതി നൽകിയിട്ടുണ്ട്. ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെയാണ് ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. എന്നാൽ ഇതിന് പിന്നിൽ പല അജണ്ടകളുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അത് എന്താണെന്ന് ഇപ്പോഴും പൂർണമായി വ്യക്തമല്ല.

സംവിധായിക മിനി ഐ.ജി
സംവിധായിക മിനി ഐ.ജി

സിനിമ ചെയ്യാൻ ആരംഭിച്ചപ്പോൾ ബില്ലുകളൊക്കെ നമ്മൾ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരാഴ്ചക്ക് ശേഷം ആ പോളിസി മാറുകയാണ് ചെയ്തത്. പിന്നീട് നമ്മൾ ബില്ലുകളൊന്നും കണ്ടിട്ടില്ല. ഇത്രയൊക്കെ ചെലവായെന്ന കണക്ക് മാത്രമാണ് അറിയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ മാർക്കറ്റിങ്ങിനുവേണ്ടി 25 ലക്ഷം രൂപ മാറ്റിവെച്ചുവെന്ന് പറയുന്നു. എന്നാൽ അതിനുവേണ്ടിയുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് മനസ്സിലാക്കിയത്. കെ.എസ്.എഫ്.ഡി.സി സപ്പോർട്ട് ചെയ്ത 2 സിനിമക്കുൾപ്പെടെ പ്രൊമോഷനൊന്നും കൃത്യമായി ചെയ്തില്ല. വ്യക്തിപരമായ ശ്രമങ്ങൾക്കൊടുവിലാണ് ശ്രുതി ശരണ്യത്തിന്റെ സിനിമ അവർക്ക് ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചത്. എന്റെ സിനിമയോട് പലതരത്തിലുള്ള പ്രതികാര നടപടികൾ സ്വീകരിച്ചു. തുടക്കക്കാരിയ ഞങ്ങളൊക്കെ അധികാരം കയ്യിലുള്ള അവരുടെ മുന്നിൽ പവർലെസാണ്. നമുക്ക് ശബ്ദമുയർത്താൻ അവസരം ലഭിക്കാറില്ല. ഈ വിഷയം ഞാനാദ്യം ഉന്നയിച്ചപ്പോൾ സംസാരിക്കാൻ വേറെ ആരും ഉണ്ടായിരുന്നില്ല. കാരണം എല്ലാവർക്കും ഭയമായിരുന്നു. അധികാരത്തിലുള്ള ആളുകൾക്കെതിരെ സംസാരിച്ചാൽ നമുക്കിനി വേറെ സിനിമ ലഭിക്കുമോ എന്ന ഭയമാണ് എല്ലാവർക്കും. എന്നെ സംബന്ധിച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. എനിക്കറിയാവുന്ന വേറൊരു കല എന്റെ കയ്യിലുണ്ട്. എന്ന് കലാജീവിതം അവസാനിപ്പിക്കണമെന്ന് ഞാൻ സ്വയം തീരുമാനിക്കും. മാറ്റാരുമല്ല അത് തീരുമാനിക്കുന്നത്.” മിനി ട്രൂകോപ്പിയോട് പറഞ്ഞു.

“അനീതി നടന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ ആദ്യം പരാതി നൽകുകയാണ് ചെയ്തത്. ബന്ധപ്പെട്ടവർ നടപടിയെടുക്കുമെന്ന് കാത്തിരുന്നു. അദ്ദേഹം ഒരു ദിവസം പോലും ഞങ്ങളുടെ സിനിമയുടെ സെറ്റിൽ വന്നിട്ടില്ലായിരുന്നു. തിരക്കഥ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടലുകൾ നടത്തുക എന്നതാണ് ഒരു മെന്റർ എന്ന നിലയിൽ ചെയ്യേണ്ടിയിരുന്നത്. വലിയൊരു പദ്ധതി ഏറ്റെടുക്കുമ്പോൾ അത് നന്നായി ചെയ്യാനല്ലേ ശ്രമിക്കേണ്ടത്? എന്നാൽ ഇവിടെ അതായിരുന്നില്ല നടന്നത്. ജോലി ഉപേക്ഷിച്ച് സിനിമ ചെയ്യാൻ വന്നവരുണ്ട്. എന്നാൽ ഇതുവരെ അവരുടെ സിനിമ പുറത്തുവിട്ടിട്ടില്ല. ഒരു വ്യക്തിയുടെ ജീവിതത്തിൽ നഷ്ടമാകുന്ന വർഷങ്ങൾക്ക് ഇവർ ഉത്തരം പറയേണ്ടതുണ്ട്. ഒന്നരക്കോടിയുടെ പദ്ധതിയിൽ 40 ലക്ഷമാണ് പ്രൊമോഷനുവേണ്ടി മാറ്റിവെക്കുന്നത്. എന്നിട്ട് യാതൊരു പ്രൊമോഷൻ പരിപാടികളും നടക്കുന്നില്ല. യാതൊരു ചെലവുമില്ലാത്ത മന്ത്രിയുടെ ബൈറ്റാണ് അവർ പ്രൊമോഷനായി ചെയ്യുന്നത്. സർക്കാർ തിയേറ്ററുകളിൽ തന്നെയാണ് ട്രെയിലർ പ്രദർശിപ്പിക്കുന്നത്. ഈ പണം കൊണ്ട് ഇവർ എന്ത് ചെയ്യുന്നുവെന്ന കാര്യത്തിൽ കൃത്യമായ ഓഡിറ്റ് നടക്കുന്നില്ല. നമ്മൾ ഒരു പരാതി നൽകിയാൽ പോലും സ്ഥാപനത്തിന് അകത്തുള്ളവർ തന്നെയായിരിക്കും അന്വേഷിക്കുന്നത്. ഒരു ഫ്യൂഡൽ മനോഭാവം വെച്ചിട്ടാണ് അവിടെയുള്ള മിക്കവരും പെരുമാറുന്നത്. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല,” മിനി വ്യക്തമാക്കി.

സംവിധായകൻ ഷാജി എൻ. കരുൺ
സംവിധായകൻ ഷാജി എൻ. കരുൺ

“എന്റെ സിനിമയാണ് ആദ്യം ചെയ്തത്. പ്രീ-പ്രൊഡക്ഷന് ഒരാഴ്ച സമയമാണ് എനിക്ക് നൽകിയത്. എന്നാൽ കൊവിഡിന്റെ സമയത്ത് എനിക്കത് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് ഈ സിനിമ മുടങ്ങി പോകുമെന്ന് അവർ പറഞ്ഞു. അത് നമ്മുടെ വലിയ സ്വപ്നമാണല്ലോ. വേറെ നിർമാതാക്കളെ കണ്ടെത്തുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്ത്രീകളെ സഹായിക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്നത്. അത് മുടങ്ങിപ്പോവുക എന്നുപറയുന്നത് നമുക്ക് ചിന്തിക്കാൻ കഴിയില്ല. ഇതൊക്കെ മനപൂർവമാണെന്നാണ് ഞാൻ ഇപ്പോൾ മനസിലാക്കുന്നത്. പലതരത്തിലുള്ള സമ്മർദ്ദങ്ങൾ എനിക്കുണ്ടായി. ഭൂരിഭാഗം സീനുകളും ചിത്രാഞ്ജലിയിൽ തന്നെ ഷൂട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. ഇതൊക്കെ നമ്മുടെ പ്രൊഡക്ടിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അദ്ദേഹം നേതൃസ്ഥാനത്തിരിക്കാൻ യോഗ്യനല്ല. 2021-ൽ പൂർത്തിയാക്കിയ എന്റെ സിനിമ എന്നാണ് പുറത്തിറക്കുന്നത്? ആ സമയത്ത് അതേ വിഷയം പ്രതിപാദിക്കുന്ന ‘വാശി’യടക്കമുള്ള സിനിമകളിറങ്ങി. അപ്പോഴും എന്റെ സിനിമ പെട്ടിയിലാണ്,” മിനി കൂട്ടിച്ചേർത്തു.

“ചിത്രാഞ്ജലിയുടെ നവീകരണത്തിനായി എത്രയോ കോടികളാണ് മുടക്കിയിരിക്കുന്നത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും ഒന്ന് അന്വേഷിച്ച് നോക്കൂ. പണം നൽകേണ്ടത് നിങ്ങൾക്കായിരുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതല്ലല്ലോ സാർ സർക്കാറിന്റെ പദ്ധതിയെന്ന് ഞാൻ തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു. അങ്ങനെ സാങ്കേതികത്വത്തിൽ ഉടക്കിയിടാമെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. സർക്കാർ സിനിമ നിർമിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

മിനി ഐ.ജി സംവിധാനം ചെയ്ത സിനിമയാണ് ഡിവോഴ്സ്
മിനി ഐ.ജി സംവിധാനം ചെയ്ത സിനിമയാണ് ഡിവോഴ്സ്

ഷാജി എൻ. കരുണിനെതിരെ കഴമ്പില്ലാത്ത ആരോപണങ്ങളാണോ മുഖ്യമന്ത്രിയുടെയും മറ്റ് അധികൃതരുടെയും മുന്നിലുള്ളത്? നിങ്ങൾ പോയി ആത്മഹത്യ ചെയ്ത് കാണിക്കൂവെന്നാണ് ഇന്ദുലക്ഷ്മിയോട് പറഞ്ഞത്. ഞങ്ങളുടെ മണിക്കൂറുകൾക്ക് വിലയുണ്ടെന്നാണ് എന്നോട് പറഞ്ഞത്. അതെന്താ ഞങ്ങളൊക്കെ വിലയില്ലാത്ത വ്യക്തികളാണോ? സ്വന്തം സിനിമകളിലൂടെ നന്മയെക്കുറിച്ച് സംസാരിച്ചതിനുശേഷം വ്യക്തിജീവിതത്തിൽ മറ്റൊരു തരത്തിൽ പെരുമാറുന്നത് എന്തൊരു വൈരുധ്യമാണ്? കലയിലൂടെ സ്നേഹത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചുമൊക്കെ പറയുക, എന്നിട്ട് തന്റെ പദവിയും അധികാരവുമപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്,” മിനി പറയുന്നു.

സിനിമാ കോൺക്ലവേിൽ ആരോപണവിധേയർ പങ്കെടുക്കുന്നുവെന്ന് കേൾക്കുന്നത് തന്നെ നിരാശജനകമാണ്. നമ്മൾക്ക് ഒറ്റയ്ക്ക് ഇവരെ എതിർക്കാനോ നേരിടാനോ കഴിയില്ല. കളക്ടീവായിട്ട് എങ്ങനെ നേരിടാമെന്നാണ് ശ്രമിക്കേണ്ടത്. ഞാൻ ഒരു സംഘടനയിലും അംഗമല്ല. പക്ഷെ എനിക്ക് എന്താ ചെയ്യാൻ പറ്റുന്നതെന്ന് ചിന്തിക്കുന്നുണ്ട്.

സംവിധായിക ഇന്ദു ലക്ഷ്മി
സംവിധായിക ഇന്ദു ലക്ഷ്മി

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയത് വഴി നീതി കിട്ടാനും വൈകിയെന്ന് പറയേണ്ടി വരും. എനിക്കുറപ്പുണ്ട് സിനിമയിൽ ഉണ്ടെന്ന് പറയുന്ന പവർഹൗസ് ഈ വിഷയത്തെ ലളിതമാക്കാനായി ശ്രമിക്കും. ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്ന് അവർ പറയും. പണവും അധികാരവും ഉപയോഗിച്ചുള്ള പലതരത്തിലുള്ള കളികൾ ഇനി നടക്കും. ഈ അധികാരഘടനയിൽ മുതലാളിത്തത്തിന്റെ വലിയ ഇടപെടലുകൾ നടക്കുന്നുണ്ട്. വലിയതോതിൽ ധനവിനിയോഗം നടക്കുന്ന ഇടമല്ലേ ചലച്ചിത്രമേഖല? അവിടെ പലതരത്തിലുള്ള ചൂഷണം നടക്കുന്നുണ്ട്. ആ ചൂഷണത്തെ അഡ്രസ്സ് ചെയ്യാൻ ഇപ്പോഴെങ്കിലും അവസരം ലഭിച്ചതിൽ സന്തോഷം മാത്രമേയുള്ളൂ,” മിനി കൂട്ടിച്ചേർത്തു.

Comments