ചില തൊഴിലുകൾ അങ്ങനെയാണ് - തൊഴിൽ സാഹചര്യങ്ങളെയോ ഇടപഴകേണ്ടി വരുന്നവരെയോ സന്ദർഭങ്ങളെയോ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരമില്ലാത്തവ. രാ പകൽ ഒരേ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതും, വിജനതയെയും ആൾക്കൂട്ടത്തെയും ഒരുപോലെ നേരിടേണ്ടതും, ഏതു നിമിഷവും അനിശ്ചിതത്വം നിലനിൽക്കുന്നതുമായ ജോലി സന്ദർഭങ്ങളുള്ള തൊഴിലുകൾ. സുരക്ഷിതമായ തൊഴിലിടങ്ങളിൽ ഏതൊരു വ്യക്തിയുടെയും- സ്ത്രീയാവട്ടെ പുരുഷനാവട്ടെ- അടിസ്ഥാന അവകാശമാണ്. എന്നാൽ സ്ത്രീയ്ക്കും പുരുഷനും ഇത്തരം ജോലികളിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ പലപ്പോഴും വ്യത്യസ്തമാണ്.
പ്രൊഫഷണൽ റിസ്ക്കു ഉള്ള അനേകം തൊഴിൽ രംഗങ്ങളിൽ ഒന്നാണ് ആരോഗ്യമേഖല. ജലദോഷപ്പനി മുതൽ മരണം സംഭവിക്കാവുന്ന അത്യാഹിതങ്ങൾ വരെ കൈകാര്യം ചെയ്യേണ്ടി വരുന്ന രംഗം. പ്രവചനാതീതവും അപൂർവ്വങ്ങളുമായ സങ്കീർണതകൾ വന്നുഭവിക്കാവുന്ന ചികിത്സാപ്രക്രിയകളുള്ള മേഖല. രോഗമുക്തി നേടുമ്പോൾ സ്നേഹവും ബഹുമാനവും, ചികിത്സാനുബന്ധ സങ്കീർണ്ണതകളുണ്ടാവുമ്പോൾ കയ്യേറ്റവും ജനകീയ വിചാരണയും നേരിടേണ്ടി വരുന്നവർ. ഇതിനൊക്കെ പുറമേ, ഏതു വ്യക്തിയെയും പരിശോധിക്കാനും, ചികിത്സിക്കാനും ബാധ്യതയുള്ള വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. അതിൽ കുറ്റവാളികളുണ്ടാകാം, മനോനില തെറ്റിയവരുണ്ടാകാം, അക്രമാസക്തരും ലഹരിയ്ക്കടിമപ്പെട്ടവരും സാമൂഹ്യവിരുദ്ധരും ഉണ്ടാകാം.
ഇതേ റിസ്ക് പോലീസ്, പട്ടാളം, സുരക്ഷാജീവനക്കാർ തുടങ്ങിയവർക്കുമില്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയേണ്ടിവരും. എന്നാൽ, അത്തരം ജോലികളുടെ ഉദ്ദേശ്യം തന്നെ ക്രമസമാധാനം നിലനിർത്തുക എന്നതും, അതിനായി പരിശീലനവും അത് നേരിടാൻ പ്രത്യേക അധികാരവും അവർക്ക് നൽകിയിട്ടുണ്ട് എന്നതുമാണ്. എന്നാൽ ആരോഗ്യപ്രവർത്തകർ ശാസ്ത്രീയ ചികിത്സ നൽകാൻ മാത്രം പരിശീലനം നേടിയവരാണ്. അവരുടെ പ്രൊഫഷൻ്റെ പ്രാഥമിക ലക്ഷ്യത്തിൽ എവിടെയും അക്രമസാഹചര്യങ്ങൾ നേരിടുക എന്നൊന്നില്ല. ആ ലക്ഷ്യത്തോടെ ആരും ഡോക്ടറോ നഴ്സോ ആകാൻ തുനിയാറുമില്ല.
ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ, വഴിയിലുണ്ടാകാറുള്ള 'ഷോ മാൻ' മാരെ അവഗണിക്കാൻ പഠിച്ചത് ക്രമേണയാണ്. ആശുപത്രിയിലെ മാനസിക രോഗവിഭാഗത്തിൽ നിന്ന്, 'എക്സിബിഷനിസം' പോലുള്ള മനോരോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവർ പലരും ഡിസ്ചാർജ് ആയാലും ആ പരിസരങ്ങളിൽ തന്നെ ദിവസങ്ങളോളം ഉണ്ടാവും.
ഒരു ഡോക്ടർ എന്ന നിലയിൽ, പഠനസമയത്തും തുടർന്നും പലവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. വിജനമായ ആശുപത്രി വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും രാത്രി കോൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഓരോ തിരിവിലും ഇരുട്ടടഞ്ഞ ഓരോ കോണിലും എത്തുമ്പോൾ ഹൃദയം പട പടാ മിടിക്കും. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ, വഴിയിലുണ്ടാകാറുള്ള 'ഷോ മാൻ' മാരെ അവഗണിക്കാൻ പഠിച്ചത് ക്രമേണയാണ്. ആശുപത്രിയിലെ മാനസിക രോഗവിഭാഗത്തിൽ നിന്ന്, 'എക്സിബിഷനിസം' പോലുള്ള മനോരോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവർ പലരും ഡിസ്ചാർജ് ആയാലും ആ പരിസരങ്ങളിൽ തന്നെ ദിവസങ്ങളോളം ഉണ്ടാവും. പഠനസമയത്ത് അത്യാഹിത വിഭാഗത്തിൽ ധാരാളം ആരോഗ്യ പ്രവർത്തകർ ഉണ്ടാവുമെങ്കിൽ, പഠനശേഷം ചെറിയ ആശുപത്രികളിൽ ജോലി ചെയ്യുമ്പോൾ പലയിടത്തും മൂന്നോ നാലോ സ്റ്റാഫ് മാത്രമായിരിക്കും അത്യാഹിത വിഭാഗത്തിൽ ഉണ്ടാവുക.
കോഴ്സ് കഴിഞ്ഞിറങ്ങിയ ഉടൻ ഒരു ചെറിയ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോഴാണ്, അത്യാഹിത വിഭാഗത്തിലേക്ക് ദേഹത്ത് മുറിവുകളുമായി ഒരാളെ, മദ്യലഹരിയിലായിരുന്ന പത്തിരുപതുപേർ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ രോഗി മരിച്ച് അൽപ സമയം കഴിഞ്ഞിരിക്കുന്നുവെന്ന് ബോധ്യമായിരുന്നു. മരിച്ചുവെന്നറിയിച്ചിട്ടും, വീണ്ടും വീണ്ടും പരിശോധിക്കൂ എന്ന് കൊണ്ടുവന്നവർ ആക്രോശിച്ചുകൊണ്ടേയിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇരുപതോളം പേരെ ഒരു സെക്യൂരിറ്റിക്കും, ഡ്യൂട്ടി നഴ്സിനും കൂടി നിയന്ത്രിക്കുക അസാധ്യമായിരുന്നു.
രോഗിയ്ക്ക് എന്ത് സംഭവിച്ചതാണെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ, ബോഡി കൊണ്ട് അടുത്ത ആശുപത്രിയിൽ പോകട്ടെ എന്നുപറഞ്ഞ് അവർ വീണ്ടും ബഹളം തുടങ്ങി. 'ബ്രോട്ട് ഡെഡ് ' കേസുകളിൽ പോലീസ് വരാതെ ബോഡി വിട്ടു നൽകാനാവില്ല. പോലീസ് എത്തുന്നതുവരെ, കലുഷിതമായ അത്യാഹിത വിഭാഗത്തിലുണ്ടായ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടാക്കിയ ഭീതി പിന്നീട് ഒരു മാസത്തോളം അത്യാഹിത വിഭാഗം ഡ്യൂട്ടി എടുക്കുമ്പോൾ വലിയ മാനസിക സംഘർഷവും ആശങ്കയും സൃഷ്ടിച്ചിരുന്നു. ഒരുമിച്ച് മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴുണ്ടായ വഴക്കിൽ മൽപ്പിടിത്തം ഉണ്ടാവുകയും, അതിലൊരാൾ തൂങ്ങി മരിക്കുകയുമായിരുന്നുവെന്ന് അടുത്ത ദിവസത്തെ പത്രത്തിൽ നിന്ന് വായിച്ചറിഞ്ഞു.
മെഡിക്കോ- ലീഗൽ കേസുകൾ ചിലത് പോലീസിൽ റിപ്പോർട്ട് ചെയ്യുമ്പോൾ, 'നിന്നെ പിന്നെ പുറത്തുനിന്ന് കണ്ടോളാമെടീ, നീയല്ലേ പോലീസിൽ പറഞ്ഞത്' എന്ന ഭീഷണികളും കേൾക്കേണ്ടി വന്നിട്ടുണ്ട്.
മെഡിക്കോ- ലീഗൽ കേസുകൾ ചിലത് പോലീസിൽ റിപ്പോർട്ട് ചെയ്യുമ്പോൾ, 'നിന്നെ പിന്നെ പുറത്തുനിന്ന് കണ്ടോളാമെടീ, നീയല്ലേ പോലീസിൽ പറഞ്ഞത്' എന്ന ഭീഷണികളും കേൾക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് കുറെ ദിവസങ്ങൾ ഭീതിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയിരുന്നത്. ചില അവസരങ്ങളിലെങ്കിലും, ഒരു പുരുഷ ഡോക്ടറാണ് പകരമെങ്കിൽ കയ്യേറ്റം ചെയ്യപ്പെട്ടേനെ എന്നും തോന്നിയിട്ടുണ്ട്. സ്ത്രീയായതുകൊണ്ടുമാത്രം 'കൈ വെയ്ക്കാൻ' ഭയക്കുന്ന ആളുകളുമുണ്ട്.
രാത്രി ഡ്യൂട്ടിയിൽ വനിതാ ഡോക്ടർമാരിൽ പലർക്കും 'സ്വകാര്യഭാഗത്ത് ചൊറിച്ചിൽ' എന്ന പരാതിയുമായി സ്ഥിരമായി എത്തുന്ന പുരുഷൻമാരേയും നേരിടേണ്ടിവരാറുണ്ട്. മാനസികരോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ, അകമാസക്തരാകുന്ന രോഗികളെ നിയന്ത്രിക്കുക പലപ്പോഴും എളുപ്പമല്ല. പരിചരണം നൽകുന്നവർ ആക്രമിക്കപ്പെടുന്നതും, ഫ്രാക്ചർ അടക്കമുള്ള ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും ഈയടുത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
സുരക്ഷ ഉറപ്പാക്കാൻ ഒരു പരിധി വരെ പല നടപടികളും ആശുപത്രികളിൽ സ്വീകരിക്കാൻ സാധിക്കും. അടച്ചുറപ്പുള്ളതും പ്രാഥമിക സൗകര്യങ്ങൾ ഉള്ളതുമായ സുരക്ഷിതമായ ഡ്യൂട്ടി മുറികൾ, സാമൂഹ്യവിരുദ്ധർ തമ്പടിക്കാതിരിക്കാൻ ആശുപത്രി പരിസരങ്ങളിൽ നൈറ്റ് പട്രോളിങ്, സേഫ്റ്റി ഓഡിറ്റ്, കോഡ് ഗ്രേ, സേഫ്റ്റി അലാറം, എയ്ഡ് പോസ്റ് സംവിധാനം തുടങ്ങിയവ എല്ലാ ആശുപത്രികളിലും നടപ്പാക്കേണ്ടതുണ്ട്. ഒരു വർഷം മുമ്പുണ്ടായ വനിതാ ഡോക്ടറുടെ മരണത്തിനു ശേഷം ഇതിൽ പുരോഗതി വന്നിട്ടുണ്ട്. എങ്കിലും മതിയായ പരിശീലനം സുരക്ഷാ ജീവനക്കാർക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്രമാസക്തരാവുന്നവരെ താത്കാലികമായി വരുതിയിൽ കൊണ്ടുവരാൻ, 'ടേസർ ഗൺ' പോലെയുള്ള ഉപകരണങ്ങൾ സുരക്ഷാ ജീവനക്കാരും പോലീസും ഉപയോഗിക്കുന്നതിൻ്റെ സാധ്യതയും പരിശോധിക്കാവുന്നതാണ്.
ആരോഗ്യമേഖലക്കുപുറമേ, പല അസംഘടിത തൊഴിൽ മേഖലകളിലും ഇതുപോലെ റിസ്ക് നേരിടേണ്ടിവരുന്നവരുണ്ട്. അവ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകാറുമുണ്ട്. അതും ചർച്ച ചെയ്യപ്പെടേണ്ടതും പഠനവിധേയമാക്കേണ്ടതും അഡ്രസ്സ് ചെയ്യപ്പെടേണ്ടവയുമാണ്.
അതെ, സുരക്ഷിതമായ തൊഴിലിടങ്ങൾ എന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന അവകാശം തന്നെയാണ്.