ആഗോളതലത്തിൽ, മിക്ക ലഹരിവസ്തുക്കളുടെയും ഉപയോഗത്തിൽ പുരുഷന്മാരാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത്. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻറ് ക്രൈം പുറത്തുവിട്ട World Drug Report 2026 റിപ്പോർട്ട് പറയുന്നത് 2024-ൽ ലോകമെമ്പാടും കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലും ലഹരിവസ്തു ഉപയോഗിച്ചവരിൽ നാലിൽ ഒന്ന് മാത്രമാണ് സ്ത്രീകൾ ഉള്ളത്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അന്തരം ഉപയോഗിക്കുന്ന ലഹരിവസ്തുവിന്റെ തരം, ജീവിക്കുന്ന പ്രദേശം എന്നിവയനുസരിച്ച് വ്യാപകമായി വ്യത്യാസപ്പെടുന്നു. ഇത്തരത്തിലുള്ള വ്യത്യാസത്തിൽ ഏറ്റവും മുന്നിലുള്ളത് ഏഷ്യയാണ്. ഇവിടെ കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിന്റെ 11 മടങ്ങാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഓഷ്യാനിയയിലുമാണ് ഈ അന്തരം ഏറ്റവും കുറവ്. അവിടെ കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിന്റെ 1.4 മടങ്ങ് മാത്രമാണ്. ഒപിയേറ്റുകൾ ഉപയോഗിക്കുന്നവരിലാണ് പുരുഷന്മാരുടെ അനുപാതം ഏറ്റവും കൂടുതലുള്ളത്. ഒപിയേറ്റുകൾ ഉപയോഗിക്കുന്നവരിൽ ആറിലൊന്ന് സ്ത്രീകളാണെന്നാണ് കണക്കുകൾ.
ലഹരി ഉപയോഗത്തിലേക്ക് സ്ത്രീകളും പുരുഷൻമാരും എത്തുന്ന വഴികൾ വ്യത്യസ്തമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ നേരത്തേ തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം ആരംഭിക്കാറുണ്ട്. അതേസമയം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ലഹരിവസ്തുക്കളോടുള്ള ആശ്രിതത്വത്തിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘ടെലിസ്കോപ്പിങ് ഇഫക്ട്’ (Telescoping Effect) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം ആരംഭിക്കുന്നതിനുള്ള പ്രേരണകളും വ്യത്യസ്തമായിരിക്കാം. പുരുഷന്മാരിൽ ഇത് പലപ്പോഴും സമപ്രായക്കാരുടെ സമ്മർദവും (Peer Pressure) പുതിയ അനുഭവങ്ങൾ തേടാനുള്ള പ്രവണതയുമായി (Sensation-seeking) ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, മാനസികാരോഗ്യ പ്രശ്നങ്ങളും ജീവിതത്തിലെ മറ്റ് പ്രതിസന്ധികളുമൊക്കെ കാരണം സ്ത്രീകൾ, സ്വയം ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് നയിക്കപ്പെടുന്നത് പ്രധാന കാരണങ്ങളായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നുണ്ട്.
അതുപോലെ, നെഗറ്റീവ് വികാരങ്ങളെ നേരിടുന്നതിനുള്ള ആന്തരിക പ്രതികരണത്തിന്റെ (Internalizing Behaviour) ഭാഗമായി സ്ത്രീകൾ ലഹരിവസ്തുക്കളുടെ ഉപയോഗം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും യു.എൻ റിപ്പോർട്ട് പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ പൊതുസ്ഥലങ്ങളിലും പാർട്ടികൾ നടക്കുന്ന ഇടങ്ങളിൽ നിന്നും മറ്റുമാണ് കൂടുതലായി ലഹരിവസ്തുക്കൾ കൈവശപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. അതേസമയം, സ്ത്രീകളുടെ കൈകളിൽ ലഹരി എത്തുന്നതും ഉപയോഗവും കൂടുതലായും വീടുകളിലോ മറ്റ് സ്വകാര്യ ഇടങ്ങളിലോ ആണ്.
മയക്കുമരുന്ന് ഉപയോഗം, ശരീരഭാരം ഉൾപ്പെടെയുള്ള ജൈവപരമായ വ്യത്യാസങ്ങൾക്കും നാഡീവ്യവസ്ഥയിലെയും ഹോർമോണുകളിലെയും വ്യത്യാസങ്ങൾക്കും കാരണമാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഒരേ അളവിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ സ്ത്രീകൾക്ക് അതിന്റെ ഫലങ്ങൾ കൂടുതൽ വേഗത്തിലും തീവ്രമായും അനുഭവപ്പെടാറുണ്ട്. എന്നാൽ പാർശ്വഫലങ്ങളും സ്ത്രീകളിൽ കൂടുതൽ ഗുരുതരമാവാറുണ്ട്. മയക്കുമരുന്ന് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങൾ, ഉപയോഗിക്കാനുള്ള തീവ്രമായ ആഗ്രഹം (craving), സഹിഷ്ണുത (tolerance), ഉപയോഗം നിർത്തുമ്പോഴുണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ (withdrawal), വീണ്ടും ഉപയോഗത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത (relapse) എന്നിവയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യാസങ്ങളുണ്ട്. മൊത്തത്തിൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വീണ്ടും തിരിച്ചുപോകാനുള്ള പ്രവണത കൂടുതലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പുരുഷൻമാരാണ് സ്ത്രീകളെ അപേക്ഷിച്ച്, ശരീരത്തിൽ സിറിഞ്ചിലൂടെ കുത്തിവെച്ച് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, കുത്തിവെപ്പിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നാലിലൊരാൾ മാത്രമാണ് സ്ത്രീകളുള്ളത് (23 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ).

മയക്കുമരുന്ന് ഉപയോഗത്തിൻെറ പ്രത്യാഘാതങ്ങൾ
മയക്കുമരുന്ന് ഉപയോഗത്തിൻെറ ആരോഗ്യപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യക്തിഗതമായി കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. ഉദാഹരണത്തിന്, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ എച്ച്ഐവി ബാധിതരായി ജീവിക്കുന്നവരുടെ അനുപാതം 20 ശതമാനം കൂടുതലാണെന്നും (63 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ) റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുത്തിവെപ്പിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. കുത്തിവെപ്പിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളിൽ പലരെയും തുടക്കത്തിൽ ഈ രീതിയിലേക്ക് നയിച്ചിട്ടുള്ളത് അവരുടെ പുരുഷ പങ്കാളികളായിരിക്കാം. കുത്തിവെപ്പിലൂടെ മയക്കുമരുന്ന് ഉപയോഗിക്കാൻ അവർ പുരുഷ പങ്കാളികളുടെ സഹായം തേടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തലായി വിശദമാക്കുന്നുണ്ട്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ നേരത്തേ തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം ആരംഭിക്കാറുണ്ട്. അതേസമയം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ലഹരിവസ്തുക്കളോടുള്ള ആശ്രിതത്വത്തിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘ടെലിസ്കോപ്പിങ് ഇഫക്ട്’ (Telescoping Effect) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
കുത്തിവെപ്പിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകൾ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കും ഗർഭസ്ഥശിശുവിനെ ബാധിക്കുന്ന ദോഷഫലങ്ങൾക്കും ഇരയാകാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം, സ്വന്തം പങ്കാളികളിൽനിന്നും ചുറ്റുമുള്ള മറ്റ് മയക്കുമരുന്ന് ഉപയോക്താക്കളിൽ നിന്നും സ്ത്രീകൾ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ശാരീരികവും ലൈംഗികവും മാനസികവുമായ അതിക്രമങ്ങൾ, ആക്രമണങ്ങൾ, പിന്തുടർന്ന് ശല്യം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം അനുഭവങ്ങൾ പലപ്പോഴും ട്രോമയിലേക്കും മാനസിക സമ്മർദരോഗത്തിനും (PTSD), ദീർഘകാലം നീണ്ടുനിൽക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട മരണങ്ങൾ പരിശോധിക്കുമ്പോൾ, അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടർന്നുള്ള മരണങ്ങളിൽ (fatal drug overdoses) പൊതുവെ പുരുഷന്മാരാണ് ഭൂരിഭാഗവും. എന്നാൽ, സ്ത്രീകളിൽ ഒന്നിലധികം തവണ മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്ന സംഭവങ്ങളുടെ നിരക്ക് കൂടുതലാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. മാരകവും മാരകമല്ലാത്തതുമായ അമിത ഉപയോഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും സ്ത്രീകളുടെ അനുപാതം ആഗോളതലത്തിൽ കൂടുതലാണ്.
ആഗോളതലത്തിൽ, 2024-ൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ശാരീരിക - മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ 23 പേരിൽ ഒരാൾക്ക് മാത്രമാണ് ചികിത്സ ലഭിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
മയക്കുമരുന്ന് ഉപയോഗം കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ കാലം നിലനിൽക്കാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ച് വിഷാദരോഗവും ഉത്കണ്ഠാ രോഗങ്ങളും സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളിൽ, നിലനിൽക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദരോഗം അല്ലെങ്കിൽ മാനസിക സമ്മർദരോഗം (PTSD), മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉണ്ടായിരുന്നതായിരിക്കും. അതേസമയം, പുരുഷന്മാരിൽ ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട രോഗനിർണയത്തിന് ശേഷമാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അതായത്, പുരുഷന്മാരിൽ ഇവ പലപ്പോഴും മയക്കുമരുന്ന് ഉപയോഗത്തിന്റെ അനന്തരഫലമായാണ് ഉണ്ടാകുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനുപുറമേ, മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സാമൂഹിക പ്രത്യാഘാതങ്ങളുടെ ഭാരവും കൂടുതലാണ്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സാമൂഹിക അപമാനവും സദാചാരപരമായ വിധിതീർപ്പുകളും സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരിൽ മാത്രമല്ല, സ്ത്രീകളിൽനിന്ന് പാട്രിയാർക്കൽ സമൂഹം പ്രതീക്ഷിക്കുന്ന പരമ്പരാഗത ചുമതലകൾ പാലിക്കുന്നില്ലെന്ന കാരണത്താലും അവർ അപമാനിക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുമ്പോഴാണ് ഇത്തരം ബഹുതലത്തിലുള്ള സാമൂഹിക അപമാനം കൂടി ഉണ്ടാകുന്നത്. സ്ത്രീകൾക്ക് കുട്ടികളുണ്ടെങ്കിൽ ഈ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക-സാമ്പത്തികമായ ദുർബലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ ഈ സാമൂഹിക അപമാനത്തിന്റെ തീവ്രത വർധിപ്പിക്കാം. ഇവയിൽ ഒന്നോ അതിലധികമോ ഘടകങ്ങൾ ഒരുമിച്ചുണ്ടാകുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധി കൂടുതൽ സങ്കീർണമാകുകയും ചെയ്യുന്നു.
നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭയം, സാമൂഹികമായ ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനാവശ്യമായ പിന്തുണയുടെ അഭാവം, കുട്ടികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് എന്നിവയും സ്ത്രീകളെ ചികിത്സയിൽനിന്ന് അകറ്റുന്നു എന്ന് യു.എൻ റിപ്പോർട്ട് പറയുന്നു.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾക്ക് ചികിത്സ തേടുന്ന സ്ത്രീകളിൽ, പുരുഷന്മാർക്ക് ലഭിക്കുന്നതിന് സമാനമായതോ ചില സന്ദർഭങ്ങളിൽ അതിനേക്കാൾ മികച്ചതോ ആയ ചികിത്സാഫലങ്ങൾ കാണപ്പെടുന്നു. എന്നാൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ചികിത്സ തേടാനുള്ള സാധ്യത കുറവാണ്. ആഗോളതലത്തിൽ, 2024-ൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ശാരീരിക - മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ 23 പേരിൽ ഒരാൾക്ക് മാത്രമാണ് ചികിത്സ ലഭിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരിൽ ഇത് ഒൻപത് പേരിൽ ഒരാളാണ്. സാമൂഹികമായ അപമാനവും വിവേചനവും സ്ത്രീകൾക്ക് ആവശ്യമായ സമയത്ത് ചികിത്സ തേടുന്നത് കൂടുതൽ പ്രയാസകരമാക്കിയേക്കാം. എന്നാൽ, ചികിത്സ തേടുന്നതിനും മറ്റ് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സ്ത്രീകൾ വിമുഖത കാണിക്കുന്നതിന് ഇതു മാത്രമല്ല കാരണം.

പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ, സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന ചികിത്സാസൗകര്യങ്ങളുടെ അഭാവവും ഇതിന് കാരണമാകുന്നു. ഒരേസമയം നിലനിൽക്കുന്ന മറ്റ് ശാരീരിക രോഗങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ആവശ്യമായ ചികിത്സ ലഭ്യമല്ലാത്തതും മറ്റൊരു പ്രധാന കാരണമാണ്. നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭയം, സാമൂഹികമായ ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനാവശ്യമായ പിന്തുണയുടെ അഭാവം, കുട്ടികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് എന്നിവയും സ്ത്രീകളെ ചികിത്സയിൽനിന്ന് അകറ്റുന്നു. ചികിത്സ തേടുന്ന കാലയളവിൽ സ്വന്തം കുട്ടികളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുമോ എന്ന ഭയവും സ്ത്രീകൾ നേരിടുന്ന പ്രധാന തടസ്സങ്ങളിലൊന്നാണെന്ന് യു.എൻ റിപ്പോർട്ട് പറയുന്നു.

