നോളജ്‌ സിറ്റിയിലെ പെണ്ണില്ലാത്ത മതകവിയരങ്ങും കവിത ചോർന്ന ആൺകവികളും

കേരളത്തിൽ നൂറു കവികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കവിയരങ്ങ്. അതിൽ ഒറ്റ സ്ത്രീകവികളും ഇല്ലാതിരിക്കുന്നു. എന്തെങ്കിലും പ്രശ്‌നം തോന്നുന്നുണ്ടോ? പ്രശ്‌നം തോന്നുന്നില്ലെങ്കിൽ ഒരു പ്രശ്‌നവുമില്ല. പക്ഷേ പ്രശ്‌നം തോന്നുന്നുവെങ്കിൽ പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്.

നബിയോർമയിലൊരു കവിയരങ്ങ്. നൂറ് കവികൾ, നൂറ് കവിതകൾ, മീം 4.0 ഇതാണ് പരിപാടി. നടത്തുന്നത് കോഴിക്കോട് മർക്കസ് നോളേജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (WIRAS) ആണ്.

പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി മലയാളത്തിലാണ് കവിയരങ്ങ്. ഇത് നാലാമത് എഡിഷനാണ്. പ്രവാചകന്റെ ബാല്യം, യൗവനം, പലായനം, അധ്യാപനങ്ങൾ, സ്വഭാവ വൈശിഷ്ട്യങ്ങൾ, വ്യക്തിജീവിതം തുടങ്ങി പ്രവാചക ജീവിതത്തെ പൂർണ്ണമായി സ്പർശിക്കുന്ന നൂറു കവിതകളാണ് കവിയരങ്ങിൽ അവതരിപ്പിക്കുക എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്.

ഒന്നുകൂടി, ഇത്തവണത്തെ മീം കവിതാ പുരസ്‌കാരം കവിയും അധ്യാപകനും സർവ്വോപരി കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദനാണ്. കഴിഞ്ഞ തവണയിത് കവി കൽപ്പറ്റ നാരായണനായിരുന്നു.

ഏത് കാലത്താണ് എന്ന് ചോദിക്കാൻ തോന്നുന്നില്ലേ? ഏതാ രാജ്യം എന്നും? സംസ്ഥാനമാണ് അതിലും ഗംഭീരം. കേരളം. ആരാധനാലയങ്ങളിൽ പ്രവേശനമില്ലാത്ത സ്ത്രീകൾ എന്ന മത ശാസനങ്ങൾക്ക് എല്ലാ മതത്തിലും മത ശാസ്ത്രങ്ങളിലും മതഗ്രന്ഥങ്ങളിലും മത പൗരോഹിത്യത്തിലും നൂറായിരം ന്യായീകരണങ്ങൾ കാണും. അത് ശരിയോ തെറ്റോ എന്നതിൽ ചർച്ച തുടരട്ടെ. സ്ത്രീവിരുദ്ധതയ്ക്ക് മതഭേദമില്ല, മതങ്ങൾ തമ്മാമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ യോജിക്കുന്ന ഇടം സ്ത്രീയോടുള്ള സമീപനമാണ്.

ഇതതല്ല വിഷയം, മതമല്ല, കവിതയാണ്, കവിയാണ്, കവിയരങ്ങാണ്. കവിതയ്ക്ക് ലിംഗവും മതവുമുണ്ടോയെന്നും കവിയരങ്ങുകൾക്ക് ലിംഗവും മതവുമുണ്ടോയെന്നും കവികൾ ആലോചിക്കണം, തീരുമാനിക്കണം.

പ്രവാചകനെക്കുറിച്ച് കവിത ചൊല്ലുമ്പോൾ സമ്മിലൂനിയെന്ന് പ്രപാചകൻ പ്രണയിച്ച ഖദീജാ ബീവിയെക്കുറിച്ച് ഓർക്കാത്ത കവികൾ കവിതയ്ക്ക് പുറത്തേയ്ക്കു പോവാൻ സ്വയം തീരുമാനിക്കണം. തങ്ങൾ കവിത ചൊല്ലിയ വേദിയിൽ ഒറ്റപ്പെണ്ണിനേയും കണ്ടില്ലല്ലോയെന്ന് നെറ്റിചുളിയാത്ത, പ്രശ്‌നം തോന്നാത്ത, അവിടെ കവിത ചൊല്ലിയിറങ്ങിപ്പോന്ന മഹാരഥരായ മലയാള ആൺകവികൾ കവിതയെക്കുറിച്ചും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള ആത്മബോധത്തിന്റെ എഞ്ചുവടിപ്പുസ്തകം ആദ്യം മുതൽ ഒന്നു കൂടി വായിക്കണം. കാലത്തിന്റെ ആനുകൂല്യം ഒരു തുള്ളി പോലും അനുവദിച്ചു തരാൻ സാധ്യമല്ലാത്ത കാലമാണിത്. ആണുങ്ങളെഴുതുന്ന കവിതകൾ എല്ലാവർക്കും സ്വീകാര്യമാവുകയും പെണ്ണുങ്ങളുടെ കവിതകൾ ആൺ ബോധങ്ങൾക്ക് വായിക്കാൻ പോലുമറിയാതിരിക്കുകയും ചെയ്യുന്ന കാലത്തിന്റെ രാഷ്ട്രീയം, മതത്തിന്റെ ഫൈവ് സ്റ്റാർ വേദികളിൽ കയറി നിന്ന് അത്യന്താധുനിക മൈക്കിലൂടെ കവിത ചൊല്ലുന്നതു വഴി ചോർത്തിക്കളയരുത്. പുരുഷ കവികളേ, നൂറു കവികളെ വിളിച്ച് കവിയരങ്ങ് നടത്തുമ്പോൾ അതിലൊരു പെൺകവിപോലുമില്ലല്ലോയെന്ന ആശങ്കയെ കവിവർഗ്ഗ ബോധമെന്നും ലിംഗ ബോധമെന്നും നീതിബോധമെന്നും ഏറ്റവുമെളുപ്പത്തിൽ പരാവർത്തനം ചെയ്യാവുന്നതേയുള്ളൂ. പക്ഷേ പരാവർത്തനങ്ങളിലാണല്ലോ കവിതയെന്നും സ്വയം നഷ്ടപ്പെടുത്തിയിട്ടുള്ളത്.

Comments