പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് വേണ്ടിയുള്ള വിധി

The photographs produced along with the bail application by the accused would reveal that the defacto complainant herself is exposing to dresses which are having some sexual provocative one.

ലൈംഗിക ആക്രമണ പരാതിയിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ നടത്തിയ ഉത്തരവിലെ നിയമ ബോധമോ നീതി ബോധമോ ഇല്ലാത്ത വരികളാണിത്.

കുറ്റാരോപിതർക്കും കുറ്റവാളികൾക്കും ജാമ്യം അവകാശമാണ്. തർക്കമില്ല. പക്ഷേ നിയമത്തിന് നിരക്കാത്ത കോടതി വിധികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ജഡ്ജി എസ്.കൃഷ്ണകുമാർ നീതിന്യായ വ്യവസ്ഥയുടെ പ്രതിനിധിയാണോ അതോ അവളുടെ വേഷമാണെന്നെ പ്രകോപിപ്പിച്ചത് എന്ന് പറയുകയും പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന റേപ്പിസ്റ്റുകളുടേയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടേയും പ്രതിനിധിയാണോ?
നിയമത്തിലെ സെക്ഷൻ 354 A എന്താണ് എന്ന് ഉദ്ധരിച്ചതിന് ശേഷം ജഡ്ജ്മെന്റിലെ വരികൾ വായിച്ചാൽ ലൈംഗികമായി പ്രകോപിപ്പിക്കുന്ന വേഷം ധരിച്ച് തന്റെ മുന്നിൽ വന്നതിന് സിവിക് ചന്ദ്രൻ നൽകിയ പരാതിയാണ് കോടതി പരിഗണിച്ചത് എന്ന് തോന്നിപ്പോകും.

ലൈംഗികാക്രമണ കേസുകൾ പരിഗണിക്കുമ്പോഴും ജാമ്യ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും കീഴ്ക്കോടതികൾ അതിജീവിതരുടെ വികാരങ്ങളെ പരിഗണിക്കാതെയും ഉൾക്കൊള്ളാതെയും നടത്തുന്ന പരാമർശങ്ങൾക്കും ഉത്തരവുകകൾക്കും എതിരെ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്. അപർണ ഭട്ട് vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലാണ് സുപ്രീം കോടതി നിർണായകവും സുപ്രധാനവുമായ വിധിയിൽ ജഡ്ജിമാർക്കുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

നിയമ പഠനത്തിന്റെ കരിക്കുലം, ജന്റർ വിഷയങ്ങളിൽ ഉൾക്കൊള്ളേണ്ട സൂഷ്മ ബോധത്തെക്കുറിച്ചും പുതുതായി നിയമിക്കപ്പെടുന്ന ജഡ്ജിമാരുടെ ഇൻഡക്ഷൻ ട്രെയിനിങ്ങിൽ ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ചും സുപ്രീം കോടതി പറയുന്നുണ്ട്.
വിധിവാചകം ഇങ്ങനെ വായിക്കാം:
ജാമ്യ ഉത്തരവുകളിലും ജാമ്യ വ്യവസ്ഥകളിലും സ്ത്രീകളെക്കുറിച്ച് പാട്രിയാർക്കൽ ചിന്തകൾ പേറുന്നതും പറഞ്ഞ് പഴകിയതുമായ ഒന്നും പ്രതിഫലിക്കരുത്. എന്നു വെച്ചാൽ വസ്ത്രം, പെരുമാറ്റം, സദാചാരം തുടങ്ങിയ ഒന്നിനെക്കുറിച്ചും പരാമർശിക്കരുത്. CrPC യുടെ പരിധിയിലുള്ള പരാമർശങ്ങൾ മാത്രമേ ജഡ്ജിമാർ നടത്താവൂ.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വിധിയിലെ വിശേഷണ പ്രകാരം 74 വയസ്സും ഫിസിക്കലി സിസേബിൾഡും പരാതിക്കാരിക്കുമേൽ ബലം പ്രയോഗിക്കാൻ ശേഷിയില്ലാത്തയാളുമായ സിവിക് ചന്ദ്രനും ടിയാന്റെ വക്കീലന്മാരും ജഡ്ജിയും അടിയന്തിരമായി വായിക്കേണ്ട വിധിയാണ് അപർണ ഭട്ട് vs ദസ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് ഓൺ 18 മാർച്ച് 2021.

സിവിക് ചന്ദ്രൻ എന്ന പാഠഭേദം പത്രാധിപരും സാംസ്കാരിക പ്രവർത്തകനുമായ കവിയ്ക്കെതിരെ ഉയർന്ന ലൈംഗികാക്രമണ പരാതികളും തുടർന്നു നടന്ന ചർച്ചകളും കേരളത്തിലെ ഫെമിനിസ്റ്റ് ബോധത്തിന്റെ മുഖത്തു നോക്കി പരിഹസിക്കുന്നു എന്നു കൂടി പറയേണ്ടി വരുന്നുണ്ടിപ്പോൾ. ജെ. ദേവിക എന്ന അക്കാദമിക്കും ഫെമിനിസ്റ്റും എഴുത്തുകാരിയുമായ അധ്യാപിക പരാതിക്കാരിയായ അതി ജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ടത് നടുക്കത്തോടെയാണ് കാണുന്നത്. പരാതിയുടെ മെറിറ്റിനെ ചോദ്യം ചെയ്യാനും ആരോപിതന്റെ നിഷ്കളങ്കതയെ സ്ഥാപിച്ചെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും അവർക്കുണ്ടാവും. പക്ഷേ ഒരു ലൈംഗികാക്രമണ കേസിൽ പരാതിക്കാരിയുടെ ഐഡന്റിറ്റി പരസ്യമായി വെളിപ്പെടുത്താൻ അവരിലെ ഫെമിനിസ്റ്റിന് സാധിച്ചുവെന്നത് ഭീതിതമാണ്. പിന്നീടവരത് എടുത്തു മാറ്റിയെങ്കിലും ആ പ്രവർത്തിയിലേക്ക് നയിച്ച രാഷ്ട്രീയം ഭയപ്പെടുത്തുന്നു.

എന്റെ ശരീരവും വസ്ത്രവും എന്റെ ചോയ്സാണ് എന്ന വലിയ ഫെമിനിസ്റ്റ് രാഷ്ട്രീയ പാഠങ്ങൾക്ക് വ്യക്തിതാത്പര്യങ്ങളുടെ പേരിൽ പാഠഭേദങ്ങൾ ചമയ്ക്കപ്പെടുമ്പോൾ അതിനെ നിയമപരമായും സാമൂഹികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ട ബാധ്യത കേരളീയ പൊതു സമൂഹത്തിനുണ്ട്. വസ്ത്രം കൊണ്ട് നിർണയിക്കപ്പെടാതിരിക്കാനും ആക്രമിക്കപ്പെടാതിരിക്കാനും കൊല ചെയ്യപ്പെടാതിരിക്കാനും സ്ത്രീകൾക്ക് ഏത് തരം സമൂഹത്തിന്റെ പിന്തുണയാണ് ലഭിക്കുക എന്ന ചോദ്യം നിർണായകമാവുന്നുണ്ട് ഇപ്പോൾ. നിയമം സ്ത്രീയെ ഒറ്റുകൊടുക്കുമ്പോൾ ആദ്യ കയ്യടി വരുന്നത് സ്ത്രീകളിൽ നിന്നാവുമ്പോൾ പ്രത്യേകിച്ചും.

Comments