മഹാമാരിയുടെ തുടക്കത്തിൽ, സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട്, ഒറ്റക്കൊറ്റക്കായി വീടുകൾക്കുള്ളിൽ തുരുത്തിലകപ്പെട്ട പോലെ ജീവിക്കുമ്പോൾ ഞങ്ങൾ ചില പെൺസുഹൃത്തുക്കൾ ആഴ്ചയിൽ ഒരുദിവസം ഒത്തുകൂടുന്ന പതിവുണ്ടായിരുന്നു. മിക്കവാറും ശനിയാഴ്ചയോ ഞായറാഴ്ചയോ രാത്രി ഒമ്പതരക്കാണ് ഞങ്ങൾ ഗൂഗിൾ മീറ്റിൽ കണ്ടുമുട്ടിയിരുന്നത്.
ഈ കണ്ടുമുട്ടലിന്റെ ഒരു പ്രത്യേകത, ഞങ്ങൾ എല്ലാവരും കവിതകൾ എഴുതുന്ന, കവിതകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് എന്നതായിരുന്നു. ഞങ്ങളിൽ പലരും നേരിട്ട് കണ്ടിട്ടില്ല. രണ്ടുപേർ വിദേശത്തായതിനാൽ അടുത്ത കാലത്തൊന്നും അവരെ കാണാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നില്ല. ആ മീറ്റിങ്ങുകളിലൂടെയാണ് ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞത്.
എന്റെ എഴുത്തുകളെല്ലാം ഏതെങ്കിലും പ്രതലത്തിൽ വീണ ജലം പോലെ ഏതു ആകൃതിയും കൈവരിക്കാറുണ്ട്. ചിലപ്പോൾ എഴുത്തൊരു കത്താവാം, സെൽഫ്-ടോക്ക് ആവാം, കവിതയാവാം, കഥയാവാം, കവിതക്കും കഥക്കുമിടയിൽ വാക്കുകൾ കൊണ്ട് കോർത്ത ചിന്താശകലങ്ങളാകാം. ഒന്നിനും കൃത്യമായ ചട്ടക്കൂടില്ലാത്ത, എന്റെ തോന്നലുലാണ് എന്റെ എഴുത്തുകൾ. അതുകൊണ്ടു തന്നെ ഒരു കവി എന്ന സ്ഥാനപ്പേര് ഞാൻ എനിക്ക് കൊടുത്തിട്ടില്ല.
അതെ, എന്റെ തോന്നലുകൾ എക്സ്പ്രസ് ചെയ്യുന്നത് എന്റെ എഴുത്തിലൂടെയാണ്.
എന്തായാലും ഞങ്ങളുടെ കൂടിച്ചേരലിൽ ഞാനൊരു ‘ത്രിൽ' അനുഭവിച്ചിരുന്നു. ഈ ഭൂമിലോകത്ത് ഞങ്ങൾക്കായി ഒരിടമില്ലാത്ത കാലത്ത്, ഞങ്ങൾ കുറച്ചു പേർ ഗൂഗിളിലൂടെ ഒരു സ്വകാര്യ സ്‌പേസ് ഉണ്ടാക്കിയെടുക്കുന്നു, ഈ ഭൂമിലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കണ്ടുമുട്ടുന്ന ഒരു ഒളിസങ്കേതം പോലെയാവുന്നു ആ സ്‌പേസ്. ഒരു പാതിലോകത്ത് സൂര്യനസ്തമിച്ചിട്ടുണ്ടാവില്ല, മറുപാതി ലോകത്ത്മനുഷ്യന്മാർ നിദ്രയിലാകും. അപ്പോഴാണ് ഞങ്ങൾ കുറച്ചുപേർ, ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ, പകൽ മുഴുവൻ വീട്ടിനുള്ളിൽ പരതിയാലും കിട്ടാത്ത നെറ്റ്വർക്ക് അന്വേഷിച്ച്, സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ ഒരിടം തേടി അലയുന്നത്. അത് കിട്ടുമ്പോൾ ലിങ്കിനായുള്ള കാത്തിരുപ്പ്. ലഘുലേഖകൾക്കു പകരം കവിതകൾ കൈമാറി. വായിച്ച കാര്യങ്ങൾ, കേട്ട കാര്യങ്ങൾ, ചെയ്ത കാര്യങ്ങൾ, മൊത്തത്തിലുള്ള അസഹിഷ്ണുതകൾ, ഒന്നിനും തീരുമാനമെടുക്കാനാവാതെയുള്ള അസന്ദിഗ്ധാവസ്ഥ എല്ലാ ഞങ്ങളുടെ ചർച്ചാവിഷയങ്ങളായി. അങ്ങനെയൊരിക്കൽ ഞങ്ങൾ ഞങ്ങളുടെ കവിതാലോകത്തിലേക്കുള്ള വരവിനെപ്പറ്റി സംസാരിച്ചു തുടങ്ങി. അത് എന്റെ മനസ്സിൽ വല്ലാത്തൊരു ഉലച്ചിൽ സൃഷ്ടിച്ചു.
എന്തുകൊണ്ട് പെൺകവികൾക്ക് ഒരിടം വേണം എന്ന ആവശ്യം ഞാൻ മനസ്സിലാക്കി. ഫേസ്ബുക്കിൽ കേരള പെൺകവികളുടെ ഫോറം ‘പോയട്രിയ’ എന്ന വേദി തുടങ്ങുന്നത് ‘വിവേചനങ്ങൾക്കെതിരായ നിലപാടുകൾ അവതരിപ്പിക്കാൻ കേരളത്തിലെ പെൺകവികൾ രൂപീകരിച്ച ഇടം' ആയിട്ടാണ്.
‘കേരളപ്പെൺകവികൾ’ എന്ന മലയാളത്തിലെ സ്ത്രീകവികളുടെ ഇടം രൂപമെടുത്തിട്ടുള്ളത്, നമ്മുടെ സാമൂഹിക - സാംസ്‌ക്കാരിക മേഖലകളെ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നുമാണ്. നടപ്പിലിരിക്കുന്ന ആണധികാരത്തിന്റെ സങ്കുചിത രീതികൾക്ക് ബദലായി ജൈവികമായ ചിന്തയും പുരോഗമനോന്മുഖമായ സർഗാത്മകതയും മുന്നോട്ടുവെച്ച്കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യരോടൊപ്പം നിൽക്കുന്ന കവിതയുടെ രാഷ്ട്രീയമാണ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. അത് മർദ്ദിതരോടും അരികുവൽക്കരിക്കപ്പെട്ട എഴുത്തനുഭവങ്ങളോടും ചേർന്നുനിൽക്കുന്നതാണ്.
കവിതയും ജീവിതവും അത്രമേൽ ഇഴചേർന്നിരിക്കുന്നു എന്ന ചിന്തയിൽ നിന്നും കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയുമുള്ള സംവാദങ്ങളുടെ ഭാഗമായി ഒരു കാവ്യ ചർച്ചാവേദിയ്ക്ക് തുടക്കമിടുകയാണ് ഈ മുഖപുസ്തകത്താളിലൂടെ. മലയാള ഭാഷയേയും സാഹിത്യത്തേയും ശക്തിപ്പെടുത്തുന്നതിൽ എഴുത്തുകാരികളുടെ പങ്കിനെ കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ് ഇവിടത്തെ എഴുത്തുകൾ.
കേരള പെൺകവികൂട്ടം എന്നൊരു ആശയവുമായി സ്റ്റാലിന എന്ന കവി എന്നെ സമീപിച്ചപ്പോൾ ഞാൻ, എന്തിന് പെൺകവികൾക്കായി ഒരു കൂട്ടം സ്‌പെഷ്യലായി വേണം എന്ന് ചിന്തിച്ചതാണ്. സ്റ്റാലിന ആ സംശയത്തിന് മറുപടി നല്കിയതുമാണ്. എന്തായാലും അന്നെന്റെ സംശയം ഞാൻ ‘കവി' എന്ന ഫ്രെമിലാണോ ഫിറ്റ് ആയിട്ടിരിക്കുന്നതെന്നുള്ളതായിരുന്നു. എന്റെ എഴുത്ത് കൃത്യമായി ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങണമെന്നൊരു വാശി ‘പോയട്രിയ’ക്ക് ഇല്ലാത്തതിനാൽ ഞാൻ അവരോടൊപ്പം ചേർന്നു. അതിനുശേഷവും പലപ്രാവശ്യം എന്തുകൊണ്ടാണ് പെൺകവികൾക്കായി മാത്രം ഒരു ഗ്രൂപ്പ് എന്ന ചോദ്യം പല തവണയും ഞങ്ങൾക്കു കേൾക്കേണ്ടിവന്നിട്ടുണ്ട്. കൊറോണക്കാലത്തെ ആ ഗൂഗിൾ മീറ്റ് ദിനങ്ങളിൽ ഞങ്ങളിൽ പലരുടെയും കാവ്യജീവിതത്തിലേക്കുള്ള യാത്ര എത്ര ദുഷ്‌കരമാണ് എന്ന് മനസ്സിലായപ്പോൾ, സ്ത്രീകൾക്കായി ഇത്തരം ഒരു ഗ്രൂപ്പ് നിലനിൽക്കേണ്ട ആവശ്യകത കൂടുതൽ വ്യക്തമായി.
ഇന്നും പുരുഷമേധാവിത്വത്തിൽ നിന്ന് നമ്മൾ സ്വതന്ത്രരായിട്ടില്ല. ഇന്നും ജാതിവ്യവസ്ഥയിലും ലൈംഗികാടിസ്ഥാനത്തിലുള്ള വേർതിരിവുകളും നമ്മൾ സ്പഷ്ടമായി അനുഭവിക്കുന്നുണ്ട്. സാഹിത്യ രംഗത്ത് മാത്രമല്ല, ഏതൊരു പ്രവൃത്തി മണ്ഡലത്തിലും ആൺ- പെൺ വേർതിരിവുണ്ട്. കൂടുതൽ കൂടുതൽ സ്ത്രീകൾ പൊതുവിടങ്ങളിലേക്കിറങ്ങുന്നത്, രാഷ്ട്രീയ നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്നത് പുരുഷന്മാരെ പ്രകോപനം കൊള്ളിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പുരുഷന്മാർ സമതല തെറ്റിയ പോലെ പൊതുസദസ്സുകളിൽ മൈക്കിലൂടെ എന്തൊക്കെയോ അധിക്ഷേപങ്ങൾ പെൺകവികൾക്കെതിരെ പുലമ്പുമ്പോൾ അവരെത്രമാത്രം സ്ത്രീകളുടെ കാവ്യജീവിതത്തിലെ മുന്നേറ്റം കണ്ട്അലോസരപ്പെട്ടിട്ടുണ്ട് എന്ന് നമ്മൾ തിരിച്ചറിയണം. എന്ത് ദയനീയമാണ് അവരുടെ മാനസിക സ്ഥിതി? എത്ര അപലപനീയമാണ് അവരുടെ ചിന്താരീതികൾ? എത്രമാത്രം ബലഹീനമാണ് അവരുടെ വാദങ്ങൾ? എഴുത്തുകാരികളെ അവർ പേടിക്കുന്നു എന്നുതന്നെ പറയാം.
പുരുഷമേധാവിത്വത്തിന്റെ കുടക്കീഴിൽ സമകാലിക മലയാളി പുരുഷകവികളിൽ ഒട്ടു മുക്കാൽ പേരും ചില ഉദ്യാനപാലകരെ പോലെയാണ്. പ്രത്യേകിച്ചും സ്ത്രീ കവികളുടെ കാര്യത്തിൽ. ഏതൊക്കെയോ നിയമസംഹിതകൾ കൊണ്ട് അവർ സ്ത്രീകൾക്ക് ചുറ്റും ഒരു വേലിപ്പടർപ്പുണ്ടാക്കിയിട്ടുണ്ട്. അതിനുള്ളിൽ വളരുന്ന കവിതകളെ മാത്രമേ അവർക്ക് കവിതകളായി അംഗീകരിക്കാനാവു. അവർ നിർദേശിക്കുന്ന വിഷയങ്ങളിൽ, അവർ പറയുന്ന വൃത്തത്തിൽ, അലങ്കാരത്തിൽ, ഭാഷയിൽ മൊട്ടിട്ട കവിതകൾ. ആ നിയമാവലിക്കു പുറത്തുള്ള കവിതകളെയും കവികളെയും അവർ മൂടോടെ വെട്ടി നശിപ്പിക്കും. കത്തിച്ചു കളയും എന്ന ഭീഷണി പറയാതെ അവർ പറയും. അതാണ് അവരുടെ മനോഭാവം. അനുസരിക്കുന്നവരെ അവർ വാനോളം പുകഴ്ത്തും. കൂട്ടത്തിൽ കവി ഒരു കുലസ്ത്രീ കൂടി ആയാൽ വേണമെങ്കിൽ അവരൊരു കാവ്യം തന്നെ രചിക്കാൻ തയ്യാറാവും.
അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ജീവിതസാഹചര്യങ്ങളുടെ കനലിലൂടെ ചവുട്ടി നടന്ന്, ഉള്ളിൽ അടക്കിപ്പിടിച്ച വിക്ഷോഭങ്ങളും വികാരങ്ങളും കവിതകളായി ഏതെങ്കിലും സ്ത്രീകവികളിൽ നിന്ന് ബഹിർഗമിച്ചാൽ ചില പുരുഷകവികൾക്ക് പരിഭ്രാന്തിയുണ്ടാകും. അവരുടെ തട്ടകത്തിൽ എവിടൊക്കെയോ വിള്ളലുകൾ ഉണ്ടാകുന്ന പോലെ, അവർ അസ്വസ്ഥരാകുന്നു.
മലയാള കവിതയുടെ സമകാലിക ചരിത്രമെഴുതുന്ന മഹാന്മാർ ബാലാമണിയമ്മയെയും, സുഗതകുമാരിയെയും മാത്രം ഉൾക്കൊള്ളാനുള്ള വ്യഗ്രത കാട്ടുന്നു. കൂടിപ്പോയാൽ വിജയലക്ഷ്മിയിലും അനിത തമ്പിയിലും തട്ടി നിൽക്കുകയാണ്. ഇനി അഥവാ രണ്ടോ മൂന്നോ പുതു സ്ത്രീകവികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർ ‘മുതലായവർ' ആയിരിക്കും.
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങൾക്ക് പുതിയ കവികളെ അപ്പാടെ ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. എങ്കിലും പുതുകവികൾ എപ്പോഴും അവരുടെ നിരീക്ഷണത്തിലാവും. പക്ഷെ, അവരുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ അവർക്കൊരു വിമ്മിഷ്ടമുണ്ട്, ഒരു റിസ്‌ക് എടുക്കുന്നതിനുള്ള വിമുഖത. അതേസമയം, എഴുതിപ്പയറ്റിയ (established) കവികൾ എന്ത് തോന്ന്യാസം എഴുതിയാലും അവർ പ്രസിദ്ധീകരിക്കുന്നു. ഓണപ്പതിപ്പുകളിൽ പലപ്പോഴും വരുന്ന ഈ പ്രമുഖരുടെ പല കവിതകളും അത്രയ്ക്ക് മേന്മയുള്ളതൊന്നുമല്ല. പക്ഷെ അവരിൽ നിന്ന് കവിതകൾ ശേഖരിക്കാൻ പ്രമുഖ പ്രസിദ്ധീകരണങ്ങൾ മത്സരിക്കുകയാണ്.
പുതുകവികൾ അവരുടെ കവിതകൾ അത്തരം വൻകിട സ്ഥാപനങ്ങളുടെ പത്രാധിപർമാർക്ക് അയച്ചു കൊടുത്താൽ വായിച്ചു നോക്കാൻ പോലും അവർ മെനക്കെടാറില്ല. പേര് നോക്കി, ജൻഡർ നോക്കി, ജാതി നോക്കി കവിതകൾ പ്രസിദ്ധീകരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുകവികൾക്ക് ആശ്വാസമാകുന്നത് സോഷ്യൽ മീഡിയ ആണ്. ഒന്നുമില്ലെങ്കിലും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലോ, ബ്ലോഗിലോ കവിത പബ്ലിഷ് ചെയ്യാനവർക്ക് അവസരം കിട്ടുന്നു. അത് വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ അത് ഷെയർ ചെയ്യുന്നു. ലൈക് അടിക്കുന്നു. അതുതന്നെ കവിത എഴുതുന്ന പെൺകവികൾക്ക് ഒരു പ്രചോദനമാണ്. കഴിഞ്ഞ ഒരു പത്തു വർഷത്തെ കണക്കെടുത്താൽ, മലയാളത്തിൽ കവിത എഴുതുന്ന ധാരാളം സ്ത്രീകളെ കാണാം. അവരിൽ പലരും സമാഹാരങ്ങൾ തന്നെ ഇറക്കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ ‘പോയട്രിയ’യിലൂടെ ഞാൻ തന്നെ പരിചയപ്പെട്ട എത്രയെത്രയോ കവികൾ, അവരുടെ എത്രയെത്ര കവിതകൾ!
മലയാളത്തിലെ പ്രമുഖ സാഹിത്യ റിവ്യൂ മാഗസിനായ ഭാഷാപോഷിണിയുടെ എഡിറ്റർ ഒരു യൂണിവേഴ്‌സിറ്റിയിലെ സെമിനാറിൽ സ്വന്തം പേപ്പർ അവതരിച്ചപ്പോൾ, താൻ തിരസ്‌കരിച്ച കവിതകളുടെ രചയിതാക്കളെ പേരു ചൊല്ലി അപമാനിച്ചിട്ടും അത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന പൊതുജനമാണ് നമുക്കുള്ളത്.
അക്കൂട്ടത്തിലെ ഏതെങ്കിലും ഒരു കവി സോഷ്യൽ മീഡിയയിൽ എഴുത്തിലൂടെ ശ്രദ്ധേയയായാൽ ഈ പ്രമുഖ പ്രസിദ്ധീകരണങ്ങൾ അവരുടെ കവിതകൾക്കായി വാതിൽ തുറക്കും. ആ വാതിൽപ്പടി ചില വീടുകളുടെ പടിപ്പുര വാതിൽ പോലെയാണ്, എല്ലാവർക്കും പ്രവേശനമില്ല, തെരഞ്ഞെടുക്കപ്പെട്ട, ചുരുക്കം ചില സ്ത്രീകവികൾക്ക് മാത്രം തുറക്കപ്പെടുന്നു വാതിലുകൾ. അല്ലെങ്കിൽ മലയാള കവിതയുടെ സമകാലിക ചരിത്രമെഴുതുന്ന മഹാന്മാർ ബാലാമണിയമ്മയെയും, സുഗതകുമാരിയെയും മാത്രം ഉൾക്കൊള്ളാനുള്ള വ്യഗ്രത കാട്ടുന്നു. കൂടിപ്പോയാൽ വിജയലക്ഷ്മിയിലും അനിത തമ്പിയിലും തട്ടി നിൽക്കുകയാണ്. ഇനി അഥവാ രണ്ടോ മൂന്നോ പുതു സ്ത്രീകവികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർ ‘മുതലായവർ' ആയിരിക്കും.
കവിതയെഴുത്തിലുള്ള ഈ ജാതി- വർഗ- വർണ വിവേചനങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ‘പോയട്രിയ’ പോലുള്ള ഒരു വേദിയുടെ ആവശ്യകത ഉണ്ട്. സമൂഹത്തിൽ നിന്ന് പല കാരണങ്ങൾ കൊണ്ടും പിന്തള്ളപ്പെട്ടു, അവരുടെ എഴുത്തിനെ പുച്ഛിച്ചു തള്ളുന്ന പുരുഷസമൂഹത്തിനെതിരെ പൊരുതാൻ ‘പോയട്രിയ’ എന്നൊരു സോഷ്യൽ മീഡിയ പ്ലാറ്റുഫോം അത്യന്താപേഷിതമാവുന്നു. മാധ്യമ പ്രമുഖർ പുച്ഛിച്ചുതള്ളുന്ന ഓരോ കവികൾക്കും ആത്മധൈര്യം പകർന്ന്, അവരെ കൈപിടിച്ച്, മുന്നോട്ടു നയിച്ച്, അവരുടെ ഉള്ളിൽ പൂട്ടിക്കെട്ടിയ സർഗാത്മക ശക്തിയെ തിരിച്ചറിഞ്ഞ്, അവർക്കു വേദിയൊരുക്കുന്ന ഒരു കൂട്ടം പെൺകവികളുടെ വേദിയാണ് ‘പോയട്രിയ’ ഇന്ന്.
കവിതയെഴുത്ത് ആരുടേയും സ്വകാര്യ സ്വത്തല്ല. കുട്ടിക്കാലത്ത് പുസ്തകവായന കാരണം, കുത്തികുറിക്കൽ കാരണം മാനസികവും ശാരീരികവുമായ പീഢനങ്ങൾ അനുഭവിച്ച സ്ത്രീകളുണ്ട്. ദൃശ്യകവിതയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത ഡോണ മയൂര സ്വന്തം അനുഭവങ്ങൾ വെബ്സീനിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിനായി മാത്രം എന്നന്നേക്കുമായി എഴുത്ത് വേണ്ടെന്നുവച്ചവരുണ്ട്. അവരിൽ പലരും വർഷങ്ങൾക്കുശേഷം പുതുകവിതകളുമായി മുന്നോട്ടുവരുന്നത് നമ്മൾ തിരിച്ചറിയാതെ പോവരുത്. അവരിൽ അരികുവൽക്കരിക്കപ്പെട്ടവരുണ്ടാകും, ദലിത് കവികളുണ്ടാവും, ഗോത്രഭാഷയിൽ എഴുതുന്നവരുണ്ടാകും, കവിതയെഴുത്തിനെ പുതിയ മാനങ്ങളിലേക്ക് കൊണ്ടുപോയവരുണ്ടാകും.
ജീവിതസാഹചര്യങ്ങളും, അവരനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും അവരുടെ ഭാഷയെയും പ്രമേയങ്ങളെയും വേറിട്ടുകാണിക്കുന്നു. അവരുടെ എഴുത്തിൽ ഭാവനകളെക്കാൾ ഒരു പക്ഷെ തീവ്രമായ അനുഭവ സമ്പത്താവും വായനക്കാർക്ക് കാണാനാവുക. പരിമിതികളിലൊതുക്കി ആർക്കും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടഞ്ഞുനിർത്താനാവില്ല.
ഉടലിന്റെ ഭാഷ ആയിരിക്കില്ല, അവ ഉള്ളിന്റെ ഭാഷയാവും.
സ്ത്രീകവികളുടെ എഴുത്ത് വേറിട്ടൊരു സംഭവമാണ്. കവിസദസ്സുകളിൽ കവിത ഉറക്കെ മുഴക്കി, കേരളത്തിനകത്തും പുറത്തും ആഘോഷമാക്കി നടക്കാൻ പുരുഷന്മാരെ പോലെ സ്ത്രീകവികൾക്ക് സമയമുണ്ടാവില്ല. കുടുംബവ്യവസ്ഥിതിയിൽ ഇന്നും ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്ത്രീകളുടെ ചുമലിലാണ്. ആ ഭാരം ചുമന്ന് അവൾ കവിത രചിക്കുമ്പോൾ ആ കവിതയ്ക്ക് ഉപ്പു പോരാ, കയ്പാണ്, പുളി ചേർക്കൂ അല്പം എന്നൊക്കെ പറഞ്ഞ് കവിത എഴുത്തിനെ ആക്ഷേപിക്കുന്ന പല ചർച്ചകളും ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുള്ള പല വേദികളിലും ഉണ്ടായിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ സാഹിത്യ റിവ്യൂ മാഗസിനായ ഭാഷാപോഷിണിയുടെ എഡിറ്റർ ഒരു യൂണിവേഴ്‌സിറ്റിയിലെ സെമിനാറിൽ സ്വന്തം പേപ്പർ അവതരിച്ചപ്പോൾ, താൻ തിരസ്‌കരിച്ച കവിതകളുടെ രചയിതാക്കളെ പേരു ചൊല്ലി അപമാനിച്ചിട്ടും അത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന പൊതുജനമാണ് നമുക്കുള്ളത്. ഇതിനു മുമ്പും ഒരു സ്ത്രീ കവിയുടെ പുസ്തകപ്രകാശനവേളയിൽ സ്ത്രീകവികൾ അവഹേളിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒതുക്കൽ പരിപാടികളിലൊന്നും കേരളത്തിലെ പെൺകവികളെ നിശ്ശബ്ദരാക്കാമെന്ന് ആരും വിചാരിക്കേണ്ട. അവൾ ഇനിയും എഴുതിക്കൊണ്ടേയിരിക്കും, കാരണം അതവളുടെ അവകാശമാണ്. അത് ഒരു പ്രവാഹമാണ്. തടയാനാവാത്ത പ്രവാഹം. അവളുടെ അനുഭവങ്ങളുടെ തീഷ്ണതയിൽ നിന്നുരുൾപൊട്ടിയ പ്രവാഹം.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.