ആർത്തവ പ്രവാസം

'പ്രവാസത്തിലെ അനേകം അനുഭവങ്ങളിൽ എപ്പോഴും തിളച്ച് നിൽക്കുന്നതാണ് അവളുടെ ആർത്തവ കാലം. അത് എന്നെ എത്ര വട്ടമാണ് ഓല മേഞ്ഞ വീടിന്റെ ചാണകം തേച്ച വടക്കെ വശത്തെ കോലായിലേക്ക് കൊണ്ടുപോയത്? എന്തൊ മഹാകുറ്റം ചെയ്ത പോലെ അമ്മ ഇപ്പോഴും അവിടെ ഇരിക്കുന്നതു പോലെ തോന്നുന്നു'-ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്ന തന്റെ കുടുംബത്തിലെ അചാരത്തെ പ്രവാസ ജീവിതം തിരുത്തിയതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ലേഖകൻ.

ർമ്മകൾ നാല് പതിറ്റാണ്ടിനപ്പുറത്തേക്ക് ഓടി പോവുകയാണ്. ഓലമേഞ്ഞ വീടിന്റെ ചാണകം തേച്ച വടക്കെവശത്തെ കോലായ. അമ്മ ഒരു അനാഥയെ പോലെ കോലായുടെ തിണ്ണയിൽ ഒതുങ്ങിയിരിക്കുന്നു. ഞാൻ പതിവ് പോലെ സ്‌കൂളിൽ നിന്ന് വന്ന് അമ്മയെ കെട്ടിപ്പിടിക്കാൻ ഓടിച്ചെന്നതായിരുന്നു. പെട്ടന്നാണ് അമ്മമ്മ, അമ്മക്ക് സുഖമില്ല അവളെ തൊടണ്ട എന്ന് പറഞ്ഞത്. എനിക്ക് കരച്ചിൽ വന്നു. അമ്മക്ക് എന്താണ് പറ്റിയത്? രാവിലെ സ്‌കൂളിൽ പോകുമ്പോൾ പുസ്തകവും കുടയും അമ്മയാണ് എടുത്ത് തന്നത്. ഇത്ര പെട്ടെന്ന് അമ്മക്ക് എന്താണ് പറ്റിയത്? ഞാൻ വീണ്ടും അമ്മയുടെ അരികിലേക്ക് ഓടിയപ്പോൾ അമ്മമ്മ വല്ലാതെ ദേഷ്യപ്പെട്ടു. അങ്ങനെ ഞാൻ അമ്മയെ നോക്കി കോലായിൽ ഇരിക്കുമ്പോഴാണ് അമ്മമ്മ പുഴുങ്ങിയ ചക്ക ഇലയിൽ വിളമ്പി അമ്മ ഇരിക്കുന്നതിന് കുറച്ച് ദൂരെ വെച്ച് കൊടുത്തത്. അമ്മമ്മ പോയതിന് ശേഷം അമ്മ അതെടുത്ത് കഴിച്ചു. കുറച്ച് കഴിഞ്ഞ് ചായയും നൽകി. ചായ കുടിച്ച ഗ്ലാസ് കഴുകി കമഴ്ത്തിയാണ് അമ്മ വെച്ചത്. അന്ന് രാത്രി അമ്മ കിടന്നതാകട്ടെ വെളിച്ചം കിട്ടാത്ത ചായപ്പിന്റെ അകത്തായിരുന്നു. തീരെ കുടുസായ അകമാണത്. ഒരു ആഴ്ചയോളം അമ്മ ഒറ്റക്ക് ആ മുറിയിലാണ് ഉറങ്ങിയത്. ഒരു ആഴ്ചക്ക് ശേഷം അമ്മ ധരിച്ച വസ്ത്രങ്ങളും കിടന്ന പായയും അമ്മ തന്നെ കഴുകി ഉണക്കാനിട്ടു. അന്ന് വൈകുന്നേരം അമ്മയാണ് എന്നെ കുളിപ്പിച്ചതും രാത്രി ഭക്ഷണം നൽകിയതും. എന്താണ് അമ്മക്ക് സംഭവിച്ചത് എന്ന് അപ്പോഴും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് എപ്പോഴോ ഞാൻ അറിഞ്ഞു. "ആർത്തവ കാലത്ത് സ്ത്രീകൾ അശുദ്ധയാകുന്നത് കാരണം തീണ്ടാപ്പാടകലെ നിൽക്കണമെന്നും ദൈവ രൂപങ്ങളെ ഒന്നും തൊടരുതെന്നും ക്ഷേത്രങ്ങളിൽ പോവരുതെന്നും'. സത്യത്തിൽ അന്നാണ് അമ്മമ്മയോടുള്ള കടുത്ത ദേഷ്യം അവസാനിച്ചത്.

അഞ്ച് പതിറ്റാണ്ടിനുള്ളിലേക്ക് ഓർമ്മകൾ ഓടി പോവുമ്പോൾ അമ്മമ്മ യാത്ര പറഞ്ഞിട്ട് പതിനഞ്ച് വർഷമാവുന്നു. ആ വീട്ടിൽ നിന്നും ഞാൻ പ്രവാസം തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടും. പ്രിയതമ പ്രവാസത്തിലേക്ക് എത്തിയിട്ട് ഒരു പതിറ്റാണ്ടും. പ്രവാസത്തിലെ അനേകം അനുഭവങ്ങളിൽ എപ്പോഴും തിളച്ച് നിൽക്കുന്നതാണ് അവളുടെ ആർത്തവ കാലം. അത് എന്നെ എത്ര വട്ടമാണ് ഓല മേഞ്ഞ വീടിന്റെ ചാണകം തേച്ച വടക്കെ വശത്തെ കോലായിലേക്ക് കൊണ്ടുപോയത്? എന്തൊ മഹാകുറ്റം ചെയ്ത പോലെ അമ്മ ഇപ്പോഴും അവിടെ ഇരിക്കുന്നതു പോലെ തോന്നുന്നു.

ഇവിടെ പ്രവാസത്തിന്റെ ഏകാന്ത ദ്വീപിൽ ഞങ്ങൾ രണ്ട് പേരും രാപ്പാർക്കുന്ന ഒറ്റ മുറിയിൽ ആർത്തവ രക്തം വാർന്നു തീർന്ന രാപ്പകലുകൾ! അപ്പോഴൊക്കെ അമ്മയുടെ ആ ഇരുത്തം എന്നെ പിടിച്ച് കുലുക്കും. തീണ്ടാരി, തൊട്ടുകൂടാത്ത അവസ്ഥ, ഭക്ഷണം കഴിക്കുന്ന പാത്രംപോലും അകലെ സൂക്ഷിക്കുന്ന രീതി..

ആർത്തവ രക്തം

കാലം മാറി, ജീവിതം അതിന്റെ പഴയ ശീലങ്ങളെ പാടെ മാറ്റി എഴുതിയപ്പോൾ ആർത്തവ കാലത്ത് ഒരു സ്ത്രീക്ക് വേണ്ട സാന്ത്വനത്തിന്റെ കൈത്താങ്ങ് എന്തായിരിക്കണം എന്ന് ഞാൻ അറിഞ്ഞു. സ്വഭാവികമായി ഒരു ആഴ്ച്ക്കാലം കൊണ്ട് ആർത്തവം അവസാനിച്ച് ഏതൊരു സത്രീയും പതിവ് ജീവിതത്തിലേക്ക് തിരിച്ച് വരുന്നു, പക്ഷെ മാനസികവും ശരീരികവുമായ സമ്മർദ്ദത്താലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാലും ആർത്തവ ചക്രം തെറ്റുന്ന സ്ത്രീകൾക്ക് രക്തപ്രവാഹത്തിന് സമയപരിധിയില്ല. അത് ആഴ്ചകളോളം നീണ്ടു പോകുന്നു. അപ്പോൾ അവർക്ക് ആവശ്യം അമ്മയുടെയോ, സഹോദരിയുടെയോ സാന്ത്വനമാണ്, പരിചരണമാണ്. ഒരു പുരുഷനോട് പങ്ക് വെയ്ക്കാൻ കഴിയാത്ത, അയാൾക്ക് പരിഹരിക്കാൻ കഴിയാത്ത, മാനസികവും ശാരീരികവുമായ അവസ്ഥയ്ക്കുള്ളിൽ സ്ത്രീ വിയർത്ത് നിൽക്കുന്ന സമയമാണ് ആർത്തവ കാലം. അപ്പോൾ അവർക്ക് വേണ്ടത് തന്റെ ശാരീരികാവസ്ഥ തിരിച്ചറിയുന്ന മറ്റൊരു സ്ത്രീയുടെ സാന്നിധ്യമാണ്. എന്നാൽ പ്രവാസ ജീവിതത്തിൽ ഒരൊറ്റ മുറിയിൽ ഭാര്യക്ക് കൂട്ടായി ഭർത്താവ് മാത്രം ഉണ്ടാവുന്ന അവസ്ഥ. ഇതിനെ നീട്ടി എഴുതുമ്പോഴാണ് അതിനെ ആർത്തവ പ്രവാസം എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്.

ആറ് വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തെ അനുഭവം. അന്ന് ഞങ്ങൾക്ക് താമസിക്കാൻ ഒറ്റമുറി ഫ്‌ളാറ്റ് ഉണ്ടായിരുന്നില്ല. അന്ന് ഞാൻ വലിയ ഫ്‌ളാറ്റ് സമുച്ചയത്തിലെ കാവൽക്കാരനായി ജോലി ചെയ്യുന്ന കാലമായിരുന്നു. ബെയ്‌സ്‌മെന്റിലെ മെക്കാനിക്കൽ റൂമിന്റെ ഒരു ഭാഗത്ത് മൂന്നടി വീതിയുള്ള ഇരുമ്പ് കട്ടിലിലാണ് ഞങ്ങൾ ജീവിതത്തെ ആറാൻ ഇട്ടത്. ഇത്തിരി വെളിച്ചം കടന്നു വരാൻ ഒരു ദ്വാരം പോലുമില്ലാത്ത മുറി. രാത്രി ഫ്‌ളാറ്റിലെ താമസക്കാർ മുഴുവൻ എത്തിക്കഴിഞ്ഞാലാണ് സി.സി. ക്യാമറയുടെ കണ്ണ് വെട്ടിച്ച് ടോയ്‌ലെറ്റിൽ പോകാൻ പോലും കഴിയുക.

ഈ ജീവിതത്തിനിടയിൽ ഒരു ദിവസം പതിവ് പോലെ അവൾ എഴുന്നേൽക്കാതെ കിടക്കുന്നത് കണ്ടാണ് ഞാൻ വിവരം അറിയുന്നത്. മൂന്നര മാസത്തിനു ശേഷമെത്തിയ ആർത്തവം. നല്ല വയറു വേദന. ഒരു ചേരട്ടയെപ്പോലെ അവൾ ചുരുണ്ടു കിടക്കുന്നു. ഇതിനു മുമ്പും ആർത്തവ കാലം പ്രവാസ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ അവൾ ക്ഷീണിതയായിരിരുന്നു. പകൽ സമയത്ത് അവൾക്ക് പുറത്തിറങ്ങാൻ കഴിയാറില്ല. മാനേജരുടെ കണ്ണിൽ പെട്ടാൽ താമസം മാത്രമല്ല ജോലിയും പോകും. ചിലപ്പോൾ ഞാൻ ജോലിക്കിടയിൽ മാനേജരുടെ കണ്ണ് വെട്ടിച്ച് മുറിയിലേക്ക് ഓടും. അകത്ത് അവൾ ചോരയിൽ മുങ്ങിക്കിടക്കുകയായിരിക്കും. വസ്ത്രവും ബെഡ് ഷീറ്റും ചോരയിൽ കുതിർന്നിരിക്കും. അത്രയധികം ചോര ആദ്യമായാണ് ഞാൻ കണ്ടത്. അവളെ താങ്ങിപ്പിടിച്ച് ചുമരോട് ചേർത്തിരുത്തി വെള്ളം കൊടുക്കും. വാടിയ വാഴയില പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീഴും. അവളുടെ വിളറിയ കണ്ണിൽ നിന്നും കണ്ണീരിന് പകരം ചോരയാണ് ഒഴുക്കിയെത്തുന്നത്. ഇടക്ക് അവൾ അമ്മെ എന്ന് വിളിക്കും. എങ്ങനെയൊക്കെയോ അന്ന് രാത്രി ഒൻപത് മണിക്ക് കാറിന്റെ പിൻ സീറ്റിൽ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ഞാൻ അവളെ ക്ലിനിക്കിൽ എത്തിച്ചു. കൊണ്ടുവന്നത് കാറിലാണ് എന്ന് അറിഞ്ഞ ഡോക്ടർ എന്നെ രൂക്ഷമായി നോക്കി. ആബുലൻസിൽ കൊണ്ടു വരാൻ പറ്റാത്ത കാരണം പറഞ്ഞപ്പോൾ പുറത്തേക്ക് ഒഴുകി പോയത് വെള്ളമല്ല രക്തമാണ് എന്നു ഡോക്ടർ പറഞ്ഞത് പരുക്കൻ ഭാഷയിലാണ്.

അന്നത്തെ സംഭവത്തിനു ശേഷം ഓരോ ആർത്തവ കാലവും എന്നെ ഭയത്തിലമർത്തിക്കിടത്തും. ആർത്തവം വരുന്നതിന് ഒന്നു രണ്ട് ദിവസങ്ങൾക്ക് മുമ്പ് അവളുടെ ശരീരപ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റം എന്നെ വല്ലാതെ വിയർപ്പിക്കും. അതിനൊരു ചെറിയ ആശ്വാസം വീണത് ഞങ്ങളുടെ താമസ സ്ഥലം മാറിയതിനു ശേഷമായിരുന്നു.

പ്രവാസത്തിന്റെ അവസ്ഥകൾ മാറി. താമസം ടെക്‌നിക്കൽ മുറിയിൽ നിന്നും സ്റ്റുഡിയോ ഫ്‌ളാറ്റിലേക്കായി. അല്പം ഭേദപ്പെട്ട ചികിത്സക്ക് സൗകര്യമായി. എന്നാലും നാലും അഞ്ചും മാസത്തിനു ശേഷം എത്തുന്ന ആർത്തവ കാലത്ത് സ്റ്റുഡിയോ ഫ്‌ളാറ്റും ചോരമണക്കാൻ തുടങ്ങി. അപ്പോഴൊക്കെ എന്റെ ഓർമ്മയിലേക്ക് അമ്മ ഓടി വരും. കാലദേശങ്ങൾക്കപ്പുറത്ത് ആ ഓർമ്മകൾ ഇപ്പോഴും നനഞ്ഞ് തന്നെ കിടക്കുകയാണ്. പാത്രത്തിൽ ഭക്ഷണം നിഷേധിച്ച്, ഇരുണ്ട മുറിയിൽ കിടത്തി, ഒരാളെയും തൊട്ടുകൂടാതെ ആർത്തവ ദിനങ്ങൾ അനുഭവിച്ച എന്റെ അമ്മ! ഇപ്പോഴിതാ ഭാര്യക്ക് മുമ്പിൽ അവളുടെ അമ്മയായി, സഹോദരിയായി ഞാൻ പരിചരണത്തിന് പാകപ്പെട്ടിരിക്കുന്നു. സ്റ്റുഡിയോ ഫ്‌ളാറ്റിൽ മാറിയതിനു ശേഷം കൂടിയും കുറഞ്ഞും മുപ്പത്തി നാല് ദിവസങ്ങൾ വരെ അവളിൽ നിന്നും ചോര വാർന്നു പോയ്‌ക്കൊണ്ടിരുന്നു. മരുന്നിനു പോലും ആ ചോര പ്രവാഹത്തെ തടഞ്ഞ് നിർത്താൻ കഴിഞ്ഞില്ല. ചിലപ്പോൾ കൂടിയും ചിലപ്പോൾ കുറഞ്ഞും അതൊരു ഭീഷണിയായി ഞങ്ങളെ പൊതിഞ്ഞു നിന്നു. ഓഫീസിൽ സഹപ്രവർത്തകരുടെ സഹായം കൊണ്ട് പരമാവധി അവധി എടുക്കാറുണ്ടവൾ. എന്നിട്ടും ചില ദിവസങ്ങളിലെ മണിക്കൂറുകളോളമുള്ള ഇരുത്തം അവളിലെ അവശേഷിക്കുന്ന ചോരയെ പോലും വാർത്തുകളയും. രാത്രികളിൽ ഉറങ്ങാതെ ഞാൻ അവളെ തൊട്ട് തന്നെയുണ്ടാവും. വെള്ളവും ജ്യൂസും നൽകിയും അഞ്ചും ആറും പ്രാവിശ്യം ഉടുപ്പ് മാറ്റിയും എത്രയെത്ര രാത്രികൾ ഞങ്ങൾ ചോരക്ക് നേർസാക്ഷിയായി നിന്നിട്ടുണ്ട്.

ലൈംഗിക തൊഴിലാളികളുടേയും, കുട്ടികളുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Amra Padatik എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ നടന്ന ആർത്തവ ശുചിത്വദിന ആഘോഷം / photo: wikimedia commons

രാവിലെ എഴുന്നേറ്റാൽ ഞാൻ അവളെ താങ്ങി പിടിച്ച് ബാത്ത് റൂമിലേക്ക് കൊണ്ടു പോകും. നടന്നു പോകുന്ന വഴികളിൽ നിറയെ കാലിലൂടെ ഒലിച്ചിറങ്ങുന്ന ചോരക്കറ ചില വിചിത്ര ചിത്രങ്ങൾ വരച്ചിടും. താങ്ങിത്താങ്ങി ബാത്ത് റൂമിൽ എത്തുന്നതിനിടയിൽ അവൾ ഉച്ചരിക്കുന്ന ഒരേ ഒരു വാക്ക് അമ്മേ എന്നു മാത്രമായിരിക്കും. ഞാൻ അവളുടെ രക്തത്തിൽ കുതിർന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റുമ്പോൾ നെറ്റിയിൽ ചുംബിച്ച് കൊണ്ട് പറയും, ഞാൻ ഇപ്പോൾ നിന്റെ ഭർത്താവല്ല. അമ്മയാണ്. അത് കേൾക്കേണ്ട താമസം അവൾ എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങും. ഒരേ സമയം അമ്മയായും സഹോദരിയായും മാറി ഞാൻ അവളിലെ വേദനയെ നക്കിയെടുത്തു. അവൾ അത് അനുഭവിച്ചു. ഞാൻ ആ സമയത്ത് ഓർത്തത് വർഷങ്ങൾക്ക് മുമ്പ് വടക്കേ കോലായിൽ ചടഞ്ഞിരുന്ന അമ്മയെ ആയിരുന്നു.

ഓർമ്മകളുടെ വേലിയേറ്റം തിളച്ചു പൊങ്ങുമ്പോഴും ഒരമ്മയെ പോലെ ഞാൻ അവളുടെ ശരീരം മുഴുവൻ വൃത്തിയാക്കുകയായിരുന്നു. വസ്ത്രം മാറുമ്പോൾ ചോരയിൽ കുതിർന്ന അടിവസ്ത്രവും മേൽവസ്ത്രവും സഞ്ചിയിൽ കെട്ടി കച്ചറത്തൊട്ടിയിൽ ഉപേക്ഷിക്കാൻ പലവട്ടം അവൾ പറഞ്ഞതാണ്. പക്ഷെ ഒരമ്മ മകളുടെ വസ്ത്രം കഴുകുന്നതു പോലെ ഞാൻ അവ ഓരോന്നും കഴുകിയെടുത്തു. വസ്ത്രത്തിലെ പാടുകൾ ഇരു കൈകൾ കൊണ്ടും ശക്തിയായി ഉരച്ച് ഇളക്കിക്കളഞ്ഞു. എന്നിട്ടും തുണി ഇട്ട വെള്ളത്തിന്റെ നിറം ചുവപ്പ് തന്നെ. പല വട്ടം കഴികിയിട്ടും അടി വസ്ത്രത്തിലെ ചോരയുടെ നിറം മാറുന്നില്ല. വെളുത്ത ബക്കറ്റിലെ ചോരവെള്ളത്തിൽ കൈ കുത്തുമ്പോൾ എന്നിൽ ഉണ്ടായിരുന്ന എല്ലാ അറപ്പും ആ വെള്ളം കഴുകിക്കളഞ്ഞു. ഞാൻ എന്നിൽ നിന്നും കുതറി മാറി മറ്റൊരാളായി മാറുകയായിരുന്നു. പ്രവാസത്തിന്റെ ഈ ഏകാന്ത ദ്വീപിലേക്ക് എനിക്ക് തണലായി വന്നവൾ. ആത്മഹത്യയിലേക്ക് എഴുന്നേറ്റ എന്നെ സ്വന്തം വസ്ത്രം കൊണ്ട് ബന്ധിച്ച് പരാജയപ്പെടുത്തിയവൾ. മക്കളെയും, അച്ഛനെയും അമ്മയേയും അവൾ മറക്കുന്നത് എത്ര വേദനയോടെയാണെന്ന് എനിക്ക് അറിയാം. അത്തരമൊരു വിഷാദ വലയത്തിൽ നിന്ന് എത്രയോ വട്ടം കഴുകിയിട്ടാണ് അവളുടെ മേക്‌സിയും അടിവസ്ത്രവും എനിക്ക് വെളുപ്പിച്ചെടുക്കാൻ കഴിഞ്ഞത്. ഒരു രാത്രി അവൾ എന്നോട്‌ചോദിച്ചു. "ആർത്തവ കാലത്ത് ക്ലോസറ്റിൽ ചെറിയ ചെറിയ ചോര പാട് കണ്ടാൽ മുഖം ചുളിക്കുന്ന നിങ്ങൾക്ക് എങ്ങനെ ചോരയിൽ പൊതിർന്ന എന്റെ വസ്ത്രങ്ങൾ അലക്കാൻ കഴിയുന്നത് '. ഞാൻ അതിന് ഒരൊറ്റ വാക്കിലാണ് ഉത്തരം നൽകിയത്. ആ സമയത്തൊന്നും ഞാൻ നിന്റെ ഭർത്താവായിരുന്നില്ല, അമ്മയായിരുന്നു.

അത് കേട്ട ഉടനെ അവൾ എന്നെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി. ആ തേങ്ങലുകൾക്ക് ഇടയിലൂടെ ആർത്തവ രക്തം ഒന്നുകൂടി ശക്തമായി പുറത്തേക്ക് ഒഴുകി. അപ്പോഴേക്കും അവളുടെ ആർത്തവ പ്രവാഹം മുപ്പത്തി രണ്ട് ദിവസങ്ങൾ പിന്നിട്ടിരുന്നു. ഒടുവിൽ ഓഫീസിൽ നിന്നും ലീവ് എടുത്ത് കോഴിക്കോട് ആശുപത്രിയിൽ എത്തി അവളെ അമ്മയുടെ കൈയിൽ ഏൽപ്പിച്ചപ്പോഴാണ് എന്നിലെ ആർത്തവ പ്രവാസം അതിന്റെ അനേകം ചാക്രികത പൂർത്തീകരിച്ചത്. നാട്ടിൽ എത്തിയ ശേഷം ഒരു ഒഴിവ് വേളയിൽ ഞാൻ ഈ സംഭവങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞു. കൂട്ടത്തിൽ ചാണകം മേഞ്ഞ വടക്കെ വശത്തെ കോലായിൽ അമ്മ ഇരുന്ന ആചാരത്തെ പ്രവാസത്തിൽ വെച്ച് ഞാൻ തിരുത്തിയതും.

Comments