ഒരിക്കലും, ഓഫറുകളുടെയോ സ്‌ക്രിപ്റ്റുകളുടെയോ ക്ഷാമം കൊണ്ടായിരുന്നില്ല അത്; ഒരിക്കലും, സുഹൃത്തുക്കളുടെയോ പിന്തുണയ്ക്കുന്നവരുടെയോ അഭാവം കൊണ്ടും ആയിരുന്നില്ല. തന്നിൽ തന്നെ പതിയിരിക്കുന്ന, തനിക്കുതന്നെ അപരിചിതമായ ഒരു ഭയത്തെ ഭാവനക്ക് സദാ കൈകാര്യം ചെയ്യേണ്ടിയിരുന്നു. തനിക്കുതന്നെ വിശദീകരിക്കാൻ കഴിയാത്ത ആ ഭയമാണ് മലയാളം സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് അവരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. 2002ൽ ‘നമ്മൾ' എന്ന സിനിമയിൽ പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കുമുന്നിലെത്തിയ മിടുക്കിയായ ഈ നടി ഇൻഡസ്ട്രിയിൽ തന്റേതായ ഇടം നേടിയെടുത്തു. എന്നാൽ 2017-നുശേഷം, അവൾ വിട്ടുനിൽക്കുകയായിരുന്നു, മലയാളം സിനിമയുടെ ഭാഗമായി തുടരണം എന്ന നിരവധി സഹപ്രവർത്തകരുടെ സ്‌നേഹപൂർവമായ നിർബന്ധങ്ങളുണ്ടായിട്ടും.
ഭാവന ഒരു അഭിമുഖത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്; തുടക്കത്തിൽ സിനിമയിലുള്ളവർ ഒറ്റക്കെട്ടായി തനിക്കുപിന്നിൽ അണിനിരന്നിരുന്നുവെന്നും എന്നാൽ, പിന്നീട് പതുക്കെപ്പതുക്കെ, ആക്രമണം തുടങ്ങിയെന്നും. അപവാദം പറച്ചിലുകൾ, ചിലപ്പോൾ നേരിട്ടും ചിലപ്പോൾ പരോക്ഷമായും ഉണ്ടായി. സഹപ്രവർത്തകരിൽനിന്നുതന്നെയുണ്ടായ ആ അനുഭവത്തിന്റെ ആദ്യ ഞെട്ടൽ മാറിയപ്പോൾ അവൾ ഒരു കാര്യം തിരിച്ചറിഞ്ഞു. അവരെല്ലാവരും പരസ്യമായി ‘നടിക്കൊപ്പം ഞാനുമുണ്ട്' എന്ന് വിളിച്ചുപറയുന്നുണ്ടെങ്കിലും, അവരിൽ എല്ലാവരും തന്നെ പിന്തുണക്കാനായി ഉണ്ടാകില്ല, അവരിൽ എല്ലാവരും തനിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരുമല്ല. എന്നാൽ, ആ തിരിച്ചറിവിനുപോലും ഒരു മലയാളം സ്‌ക്രിപ്റ്റിന് ‘യെസ്' എന്നു പറയാൻ അവളെ പ്രേരിപ്പിച്ചില്ല, ബംഗളൂരുവിൽ താൻ കെട്ടിപ്പടുത്ത സമാധാനപൂർണമായ ജീവിതത്തിന് അത് വിഘാതമാകുമെന്ന് അവൾക്ക് തോന്നിയിരിക്കണം.
ഒരു വശത്ത്, കോടതിയിൽ പുതിയതരം യുദ്ധമുറകൾ അരങ്ങേറുമ്പോൾ, മറുവശത്ത്, നീതി അട്ടിമറിക്കാൻ ഗൗരവകരവും നിരന്തരവുമായ നീക്കം നടക്കുന്നുവെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായി. അതോടെ, ഭാവനക്കുള്ള പിന്തുണ വിപുലവും ശക്തവുമായി.
സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തുവന്നതോടെ 2021 ഡിസംബറിൽ ചിത്രം അപ്പാടെ മാറി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളുടെ തലക്കെട്ടുകളായി, അത് പുതിയ പോരാട്ടമുഖം സൃഷ്ടിച്ചു. ഒരു വശത്ത്, കോടതിയിൽ പുതിയതരം യുദ്ധമുറകൾ അരങ്ങേറുമ്പോൾ, മറുവശത്ത്, നീതി അട്ടിമറിക്കാൻ ഗൗരവകരവും നിരന്തരവുമായ നീക്കം നടക്കുന്നുവെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായി. അതോടെ, ഭാവനക്കുള്ള പിന്തുണ വിപുലവും ശക്തവുമായി, മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് അത് അവർക്ക് പ്രേരണയാകുകയും ചെയ്തു.
കേരളത്തിലെ ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചുവരാനുള്ള ഭാവനയുടെ തീരുമാനം, ഇക്കാര്യത്തിൽ കേരളീയ സമൂഹത്തിലെ നിരവധി പേർ എടുത്ത ശരിയായ നിലപാടിന്റെ കൂടി പ്രതിഫലനമാണ്. അതിജീവിതയായ ഒരു വ്യക്തിക്കൊപ്പം, സന്ദേഹങ്ങളൊന്നുമില്ലാതെ നിലകൊള്ളാനും അനിവാര്യമായ സന്ദർഭങ്ങളിൽ, കോടതിയുടെ ഏറ്റവും ഉയർന്ന സംവിധാനങ്ങളെപ്പോലും ചോദ്യം ചെയ്യാനും പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം തയാറായി. അതേസമയം, ഇതേ സമൂഹത്തിലെ ഒരു വിഭാഗം, അവളുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി എന്നതിൽ നമുക്ക് ലജ്ജിക്കാം. ഈയിടെ, ഒരു പരിപാടിക്കിടെ, അവൾ ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ട വിലകുറഞ്ഞ വിവാദത്തിൽ നിരവധി പേർ പങ്കാളികളായി. പുരുഷന്മാർ അകന്നുനിൽക്കണം എന്നും അല്ലെങ്കിൽ ഇനിയും കൂടുതൽ ലൈംഗികാരോപണങ്ങളുണ്ടായേക്കാം എന്നും ആളുകൾ പറഞ്ഞത് ഞാനോർക്കുന്നു. അവൾക്കെതിരെ എല്ലാ വശത്തുനിന്നും ഒരിക്കൽ കൂടി അശ്ലീലമായ തരത്തിൽ വൻതോതിൽ ഓൺലൈൻ അധിക്ഷേപങ്ങളുണ്ടായി. തനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് ഒരു ഇന്റർവ്യൂവിലൂടെ വിശദീകരിക്കാൻ അവൾ നിർബന്ധിക്കപ്പെട്ടു എന്നു കരുതുക. എന്തുകൊണ്ടാണ്, സ്ത്രീകൾ ഇത്തരം അധിക്ഷേപങ്ങൾക്ക് വിധേയയാകേണ്ടിവരുന്നത്; പ്രത്യേകിച്ച്, ദുരനുഭവങ്ങൾ തുറന്നുപറയുന്ന സ്ത്രീകൾ?
മലയാള സിനിമയുടെ കാലുഷ്യങ്ങളിലേക്കുള്ള ഈ തിരിച്ചുവരവ് സാധ്യമാക്കിയതും വിധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ സ്വന്തമായ ഒരിടം സ്ഥാപിച്ചെടുക്കാനായതും, അവളുടെ അസാമാന്യ ധൈര്യം മൂലമാണ്.
തിരിച്ചുവരാൻ ഒരു തീരുമാനമെടുത്താൽ അത് തെറ്റാകുമോ? മലയാളികൾ എല്ലാ കാലത്തേക്കും വേട്ടയാടുകയും വിധിക്കുകയും ചെയ്തുകൊണ്ടിരിക്കുമോ? ഈ ചോദ്യങ്ങൾ, തന്റെ മുന്നിൽ വന്ന ഒരു പ്രൊജക്റ്റിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഭാവനയെ പ്രേരിപ്പിച്ചു. എങ്കിലും, പിന്നീട് അവൾ തന്റേതായ ബോധ്യങ്ങളിലെത്തി, അങ്ങനെ ഈ പ്രൊജക്റ്റ് നിരസിച്ചില്ല.
മലയാള സിനിമയുടെ കാലുഷ്യങ്ങളിലേക്കുള്ള ഈ തിരിച്ചുവരവ് സാധ്യമാക്കിയതും വിധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ സ്വന്തമായ ഒരിടം സ്ഥാപിച്ചെടുക്കാനായതും, അവളുടെ അസാമാന്യ ധൈര്യം മൂലമാണ്. ഇപ്പോൾ, അവൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ, പിന്നെ നമ്മുടെ ഊഴമാണ്. അവൾക്കുവേണ്ടി ശബ്ദമുയർത്തിക്കൊണ്ടിരിക്കുക, അവൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുക. അവൾക്കുവേണ്ടി മാത്രമല്ല, ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുവേണ്ടിയും. ▮