ഭാവനയെക്കുറിച്ച് എഴുതാനിരുന്നപ്പോൾ, നാദിയ മുറാദിന്റെ The Last Girl
എന്ന പുസ്തകം കൈയിലുണ്ടായിരുന്നു എന്നത് തികച്ചും യാദൃച്ഛികമായിരിക്കാം. ഒരു നീണ്ട യാത്ര കഴിഞ്ഞ് വീടെത്തിയതേയുണ്ടായിരുന്നുള്ളൂ. എയർപോർട്ടിൽ, ഫ്ലൈറ്റിൽ, ഹോട്ടൽ മുറികളിൽ - കാത്തിരിക്കേണ്ട ഇടങ്ങളിലെല്ലാം വായിക്കാൻ കരുതിയിരുന്ന ബുക്കാണിത്. തകർന്നുതരിപ്പണമാകുമായിരുന്ന ഒരു സ്ത്രീ എങ്ങനെയാണ് ഉള്ളിലെ പ്രകാശം അണയാതെ പിടിച്ചുനിന്നത് എന്ന് ഹൃദയമിടിപ്പോടെയാണ് വായിച്ചുതീർത്തത്.
ഏറ്റവും നീചമായ രീതിയിൽ സ്ത്രീയുടെ ശരീരത്തെ ആക്രമിച്ചാൽ അവൾ നിശ്ശബ്ദയാകും എന്നത് കാലാകാലങ്ങളായി പുരുഷബോദ്ധ്യങ്ങളിലുണ്ട്.
മഹാഭാരതകാലം തൊട്ട് ഇതുതന്നെ കഥ. അഞ്ചു പുരുഷന്മാർ സംരക്ഷിക്കാനുണ്ടായിട്ടും അപമാനിക്കപ്പെട്ടവളാണ് ദ്രൗപദി.
യുദ്ധങ്ങളിൽ പട്ടാളക്കാർ സ്ത്രീകളെയും കൊച്ചുകുട്ടികളെയും ഉപദ്രവിക്കുന്നതുവഴി എന്ത് മനഃസുഖമാണ് ഇവർക്ക് കിട്ടുന്നതെന്ന് ഇന്നേവരെ മനസ്സിലായിട്ടില്ല. 2011- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട റ്റുവാക്കൊ കാർമെൻ (Tawakkol Karman) സമ്മാനം സ്വീകരിച്ച് പറഞ്ഞ വാക്കുകളാണ് ഓർമ വരുന്നത്: ‘Injustice against one person is injustice against all mankind.'
2017 ഫെബ്രുവരി 18 ന് വന്ന പത്രവാർത്ത വായിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഇന്നും നല്ല ഓർമയുണ്ട്, രോഷം! അടക്കാനാവാത്ത രോഷം.
ഈ വാർത്ത വായിച്ചപ്പോൾ മാത്രമല്ല, സ്ത്രീയുടെ നേരെയുള്ള ഏത് ആക്രമണത്തിന്റെ വാർത്ത വായിച്ചാലും ഉള്ളിലൊരു പ്രതിഷേധക്കടൽ അതിശക്തമായി ഇരമ്പാറുണ്ട്.
വിക്റ്റിം ഷേമിംഗും, ആക്ഷേപങ്ങളും, കുറ്റപ്പെടുത്തലുകളും ഭാവനയെ തളർത്തരുതേ എന്നൊരു നിശ്ശബ്ദ പ്രാർത്ഥന മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു.
പിന്നീട് നടക്കാൻ സാദ്ധ്യതയുള്ള വിക്റ്റിം ഷേമിംഗും, ആക്ഷേപങ്ങളും, കുറ്റപ്പെടുത്തലുകളും ഭാവനയെ തളർത്തരുതേ എന്നൊരു നിശ്ശബ്ദ പ്രാർത്ഥന മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. അവർക്കുചുറ്റും കോട്ട പോലെ നിന്നിരുന്ന കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുക്കളെകുറിച്ചും വായിച്ചപ്പോൾ ആശ്വാസം തോന്നിയിരുന്നു.
ഭാവന നടത്തിയ ഈ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് നന്നായി അറിയാം. പക്ഷെ അവർ കാണിച്ച ധൈര്യം എത്ര പെൺകുട്ടികളിലേയ്ക്ക് പടർന്നിട്ടുണ്ടാവണം. ഞാൻ ഇരയല്ല, അതിജീവിതയാണ് എന്ന് ആ പെൺകുട്ടി പ്രഖ്യാപിച്ചപ്പോൾ എത്രപേർക്കാണ് അത് പ്രത്യാശ കൊടുത്തത്.
അതിനുശേഷം 2023 ഫെബ്രുവരിയിലെത്തുമ്പോൾ, ‘We messed with the wrong kind of girl ' എന്ന് ആക്രമിച്ചവർക്കും ആക്രമിക്കാൻ പ്രേരണ കൊടുത്തവർക്കും തോന്നുന്നതുപോലെയാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
അക്കാ മഹാദേവിയുടെ കവിതയിലെ ചില വരികളാണ് ഓർമ വരുന്നത്.
അത് ഞാൻ ചെറുതായി ഒന്ന് മാറ്റുന്നു:
അപഹരിക്കുവാനാകും നിനക്കെന്റെ ധനം. ഉരിഞ്ഞെടുക്കുവാനാകും എന്റെ ചമയങ്ങളും. എങ്കിലും ഭോഷാ, ഒന്ന് തൊടാൻ പറ്റുമോ എന്റെ ഹൃദയതേജസ്സിനെ. കെടുത്തിക്കളയാൻ പറ്റുമോ എന്റെ ആത്മധൈര്യത്തെ?
ഭാവന തലയുയർത്തിതന്നെ നിൽക്കണം.
കുനിയേണ്ടത് തെറ്റ് ചെയ്തവരുടെ ശിരസ്സാണ്.
അതെ, ആത്മവിശ്വാസവും ആത്മധൈര്യവും ഭാവനയ്ക്ക് വസ്ത്രമാകട്ടെ. കവചം പോലെ പൊതിയട്ടെ. ഭാവിയെനോക്കി ഒരു ഭയവുമില്ലാതെ അവർക്ക് പൊട്ടിചിരിക്കാൻ സാധിക്കട്ടെ. ഉള്ളിലെ വെളിച്ചം- ആർക്കും കെടുത്താൻ സാധിക്കാത്ത ആ വെളിച്ചം -കൂടുതൽ ജ്വലിക്കട്ടെ.
ഭാവന തലയുയർത്തിതന്നെ നിൽക്കണം.
കുനിയേണ്ടത് തെറ്റ് ചെയ്തവരുടെ ശിരസ്സാണ്.
പുതിയ സിനിമ തീർച്ചയായും കാണും എന്ന് ഉറപ്പോടെ പറയുന്നത് ഒരു നിലപാടുകൂടിയാണ്.
ഭാവനയ്ക്ക് എല്ലാ നന്മകളും, ആശംസകളും നേരുന്നു. ▮
(അക്ക മഹാദേവിയുടെ കവിതയുടെ പരിഭാഷ: ആദ്യ ആറു വരികൾ ‘ഇന്ത്യൻ റെയിൻബോ’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. സോണിയ ചെറിയാന്റേത്).