ഭാവന / Photo: Jijoy Radhay Vasavan

ഒട്ടും എളുപ്പമായിരുന്നില്ല
​ഞങ്ങളുടെ കൂടെനിൽപ്പ്​

എന്റെ പേര് ഭാവന എന്നാണെന്നും അതിജീവിത എന്ന വാക്കിനുപുറകിൽ ഒളിച്ചിരിക്കേണ്ട ആവശ്യമില്ലെന്നും ഏകദേശം ഒരു വർഷം മുമ്പ് അവൾ പ്രഖ്യാപിച്ചു. റോഡരികിലെ കൂറ്റൻ പോസ്റ്ററുകളിലേക്ക് അവളിതാ കയറിനിന്നുകഴിഞ്ഞു.

2017 ഫെബ്രുവരി 17.

ഞാൻ അന്ന് കാലടിക്കടുത്തുള്ള ഒരു നാടക റിഹേഴ്‌സൽ ക്യാമ്പിലായിരുന്നു.‘ദാരികന്റെ രക്തത്തിൽനിന്ന് ആയിരക്കണക്കിനു ദാരികന്മാർ കുമിള പൊട്ടി ഉയർന്നുവരുന്നത് കാണുന്നുണ്ട്. അതിനാൽ കലി അടക്കില്ല കാളി! കലി അടക്കാനാകില്ല കാളിയ്ക്ക്!'- അഭിനയിക്കേണ്ട കഥാപാത്രമായ കാളിയുടെ വചനങ്ങൾ മനസ്സിലിരുവിട്ട് ഭ്രമാത്മകമായ ചിന്തകളിലേക്ക് കൂപ്പുകുത്തിവീണ അതേ രാത്രിയിലാണ് ഭാവനയുടെ ജീവിതത്തെ മാറ്റിമറിച്ച ആ ദൗർഭാഗ്യകരമായ സംഭവമുണ്ടാവുന്നത്.

സിനിമാരംഗത്ത് അത്രയൊന്നും സജീവമല്ലാത്ത എനിക്ക് സുഹൃത്തുപോലുമല്ലാത്ത ഭാവനയുടെ അവസ്ഥ പിന്നീട് വേദനാജനകമായ സ്വന്തം അനുഭവമായി മാറി. വളരെ പെട്ടെന്നായിരുന്നു സിനിമാരംഗത്തെ സമാനമനസ്‌കരായ സ്ത്രീസുഹൃത്തുക്കൾ പരസ്പരം ഇതേക്കുറിച്ച് സംസാരിക്കാനാരംഭിച്ചത്. ഒന്നിച്ചുനിന്നേ പറ്റൂ, ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ എന്ന് തീരുമാനമെടുത്ത് ചെയ്തതല്ല. സ്വഭാവികമായി അങ്ങനെ ഉരുത്തിരിഞ്ഞുവന്നതാണ്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക്, പരസ്പരം കൂടിച്ചേരലിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം wcc അംഗങ്ങൾ

‘ഭാവന' എന്ന പേരുപോലും ഞങ്ങൾ പരസ്പരം ഉറക്കെ പറയാറില്ലായിരുന്നു, ഒരുതരം പേടിയായിരുന്നു ചുറ്റും. അവളുടെ അടുത്ത കൂട്ടുകാരിലൂടെ അവളുടെ അവസ്ഥ മനസ്സിലാക്കി. പിന്നെ ഏതൊക്കെയോ ഘട്ടത്തിൽ നേരിട്ട് സംസാരിക്കാനും ആരംഭിച്ചു. മുറിഞ്ഞും തുടർന്നും പോകുന്ന സംഭാഷണങ്ങൾ അവളുടെ മനസ്സിന്റെ ഉയർച്ചതാഴ്ചകളുടെ നേർച്ചിത്രമായിരുന്നു.
ഒട്ടേറെ അരക്ഷിതത്വങ്ങളിൽനിന്ന്, പരസ്പരം അസ്വസ്ഥതയോടെ മാറിനിന്ന സിനിമയിലെ കുറച്ചു സ്ത്രീകൾ ഒന്നിച്ചിരുന്ന് സംഭവത്തിന്റെെ പതിരും നെല്ലും വേർതിരിക്കാനാരംഭിച്ചു. കേസിൽ നേരിട്ട് കക്ഷിയല്ലെങ്കിലും ഞങ്ങൾ സംഭവം കഴിഞ്ഞ് മൂന്നുമാസമാകുമ്പോൾ മുഖ്യമന്ത്രിയെ കണ്ടു, ഇത്തരം അവസ്ഥ സിനിമയിലെ മറ്റൊരു സ്ത്രീക്കും വരാതിരിക്കാൻ നടപടിയെടുക്കാൻ അഭ്യർഥിച്ചു. ‘വിമൻ ഇൻ സിനിമാ കലക്ടീവ്’ എന്ന സംഘടനയുടെ പ്രഖ്യാപനം അങ്ങനെയാണുണ്ടായത്. അതിനെതുടർന്നാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇത്തരമൊരു പഠനപദ്ധതി ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരുന്നു. (ഇന്ന് നമുക്കറിയാം, ആ കമ്മിറ്റിയുടെ നിർദേശങ്ങളോ കണ്ടെത്തലോ റിപ്പോർട്ട് തന്നെയോ തമസ്സിലേക്ക് മറച്ചുകളഞ്ഞു.)

അതിജീവിത എന്ന വാക്കിനെ അക്ഷരാർഥത്തിൽ അവൾ അർഥപൂർണ മാക്കിയിരിക്കുകയാണ്. ഒരു ശക്തമായ പെൺമനസ്സിന്റെ മുന്നോട്ടുള്ള യാത്ര. എനിക്കിത് ‘അവൾക്കൊപ്പം' എന്ന ഹാഷ്​ടാഗിൽനിന്ന് അവൾ നടത്തിയ ഒരു ഹൈജമ്പാണ്.

സ്ത്രീസൗഹാർദപരമായ തൊഴിലിടത്തെക്കുറിച്ച് ആദ്യമായി സിനിമാരംഗത്ത് ഞങ്ങൾ സംസാരിച്ചുതുടങ്ങി. സപ്തംബറിൽ ‘അവൾക്കൊപ്പം' കാമ്പയിൻ മുന്നോട്ടുവച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത ആ കാമ്പയിനിൽ എൻ. ഡബ്ല്യു. എമ്മും (The Network of Women in Media) പെൺകൂട്ടായ്മയുമെല്ലാം പങ്കുചേർന്നു. 2017ലെ സംസ്ഥാന അവാർഡുദാന ചടങ്ങിന്റെ വേദിക്കുപുറത്ത്, അവൾക്കൊപ്പമുണ്ടെന്ന്​ ഉറപ്പുവരുത്താൻ കൂടിയവരിൽനിന്ന്​ ഒപ്പ് ശേഖരിച്ചു. അതേ വേദിയിൽ അവാർഡ് വാങ്ങി നടത്തിയ പ്രസംഗത്തിലും കലാപരിപാടിയിലും ഡബ്ല്യു.സി.സി അംഗങ്ങൾ ആവേശത്തോടെ അവൾക്കുവേണ്ടി സംസാരിച്ചു. സിനിമാരംഗത്തെ കലാകാരരുടെ സംഘടന എ.എം.എം.എയുടെ കുറ്റാരോപിതനോടുള്ള നയത്തോട് പ്രതികരിച്ച് ഭാവന അടക്കമുള്ള നാല് ഡബ്ല്യു.സി.സി അംഗങ്ങൾ​ രാജിവച്ചു. ആ സംഘടനയുമായി ഈ വിഷയത്തിലുള്ള സംവാദം മറ്റ് അംഗങ്ങൾ തുടർന്നുകൊണ്ടിരുന്നു. വീണ്ടും സംഘടനയുടെ ഈ വിഷയത്തിലുള്ള നിരുത്തരവാദിത്വപരമായ നിലപാടിനോടുള്ള അഭിപ്രായവ്യത്യാസത്തിൽ ഡബ്ല്യു.സി.സിയിലെ മറ്റൊരംഗം കൂടി എ.എം.എം.എയിൽനിന്ന് രാജിവച്ചു. ഇതേതുടർന്ന്​ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിനിമാവ്യവസായത്തിലെ സ്ത്രീകൾ നടീനടന്മാരുടെ സംഘടനയുടെ തീരുമാനത്തെ അപലപിച്ച് പ്രസ്താവനയിറക്കി. ഈ നടികളെ തിരിച്ചെടുക്കാൻ എ.എം.എം.എ തയാറായില്ല. അവർ, പൊതുമധ്യത്തിൽ ആവശ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്ന തീരുമാനമാണ് തുടർന്നുവന്നത്.

മലയാള സിനിമാരംഗവും പ്രൊഡക്ഷൻ യൂണിറ്റുകളും സ്ത്രീസൗഹാദർമാക്കുന്നതിനുള്ള പരിശ്രമത്തിന്റെ തുടർച്ചയായാണ് ഡബ്ല്യു. സി.സി ഹൈകോടതിയിൽ പബ്ലിക് ലിറ്റിഗേഷൻ കൊടുക്കുന്നത്. പിന്നീട് കേരള വനിത കമീഷനും അതിൽ കക്ഷി ചേർന്നു. കഴിഞ്ഞവർഷം പകുതിയോടെ മലയാള സിനിമാ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഐ.സി.സി നിലവിൽവന്നു. എല്ലാം തുടങ്ങിയത് അവളിൽനിന്നായിരുന്നു. അത് സിനിമാവ്യവസായത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായി. ആ അർഥത്തിൽ ഞങ്ങളെ ചേർത്തുനിർത്തിയത് ഭാവനയാണ്. അവളുടെ തീരുമാനങ്ങൾക്ക്, അവൾ പോരാടിക്കൊണ്ടിരിക്കുന്ന നിയമയുദ്ധത്തിനൊപ്പം നിൽക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം അപ്പോൾ. അവളുടെ മനസ്സ് വേദനിക്കുമ്പോൾ, സംഘർഷത്തിലേർപ്പെടുമ്പോൾ, നിർണായക തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടുമ്പോൾ, എന്തിനും ഇവിടെ ഞങ്ങളുണ്ട് എന്ന് നിശ്ശബ്ദമായും ചിലപ്പോൾ ഉറക്കെയും പറഞ്ഞുകൊണ്ടിരുന്നു.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിൽ നിന്ന്

ഈ കൂടെനിൽപ്പ് ഞങ്ങൾക്കും ഒട്ടും എളുപ്പമായിരുന്നില്ല. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നതറിഞ്ഞിട്ടും കൈകോർത്ത്​ ഉറച്ചുനിൽക്കാൻ ഞങ്ങൾ പാടുപെട്ടു. ഇന്നതിൽ സന്തോഷമേയുള്ളൂ. സാധാരണഗതിയിൽ ഇതിനുമുമ്പും ഇരകൾക്കൊപ്പം നിന്നപ്പോഴൊക്കെ, അതിജീവിതകളാകാൻ പ്രയാസപ്പെട്ട് ജീവിതം ദുസ്സഹമായി തന്നെ മുന്നോട്ടുപോകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ, ഭാവനയ്ക്ക്, കുറെ സ്ത്രീകൾക്ക് അതിജീവിക്കാനുള്ള ഊർജ്ജവും തുറന്നുപറയാനുള്ള ധൈര്യവും നൽകാനായി.

മലയാള സിനിമാലോകം ഇതുവരെ മുന്നോട്ടുവച്ച നായകകഥാപാത്രങ്ങളുടെ എൻട്രി സീനിനേക്കാൾ പതിന്മടങ്ങ് ശക്തിയും ഭംഗിയുമുള്ള ഒരു എൻട്രിയാണ്​ ഭാവനയുടേത്​.

എന്റെ പേര് ഭാവന എന്നാണെന്നും അതിജീവിത എന്ന വാക്കിനുപുറകിൽ ഒളിച്ചിരിക്കേണ്ട ആവശ്യമില്ലെന്നും ഏകദേശം ഒരു വർഷം മുമ്പ് അവൾ പ്രഖ്യാപിച്ചു. റോഡരികിലെ കൂറ്റൻ പോസ്റ്ററുകളിലേക്ക് അവളിതാ കയറിനിന്നുകഴിഞ്ഞു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്നത് എനിക്ക് മറ്റൊരു പുതിയ പടം മാത്രമല്ല. മറിച്ച്; അക്ഷരാർഥത്തിൽ പൊള്ളുന്ന ജീവിതക്കനലിലൂടെ സ്ലോമോഷനിൽ അവൾ നടന്നെത്തുന്ന എൻട്രിയാണ്. മലയാള സിനിമാലോകം ഇതുവരെ മുന്നോട്ടുവച്ച നായകകഥാപാത്രങ്ങളുടെ എൻട്രി സീനിനേക്കാൾ പതിന്മടങ്ങ് ശക്തിയും ഭംഗിയുമുള്ളതാണത്.

അതിജീവിത എന്ന വാക്കിനെ അക്ഷരാർഥത്തിൽ അവൾ അർഥപൂർണമാക്കിയിരിക്കുകയാണ്. ഒരു ശക്തമായ പെൺമനസ്സിന്റെ മുന്നോട്ടുള്ള യാത്ര. എനിക്കിത് ‘അവൾക്കൊപ്പം' എന്ന ഹാഷ്​ടാഗിൽനിന്ന് അവൾ നടത്തിയ ഒരു ഹൈജമ്പാണ്. ‘ഈ സിനിമാലോകത്ത് ഞാനുണ്ട്’ എന്നവൾ കേരള സമൂഹത്തോട് പറയുകയാണ്.

പ്രിയപ്പെട്ടവളെ, ഈ കാലത്ത് ജീവിക്കുന്നതിൽ ഇതിൽപരം എന്തു സന്തോഷമാണ് വേണ്ടത്? ▮


സജിത മഠത്തിൽ

നാടക- സിനിമാ നടി, നാടകപ്രവർത്തക, തിരക്കഥാകൃത്ത്, തിയറ്റർ ഗവേഷക. മലയാള നാടക സ്ത്രീചരിത്രം, അരങ്ങിന്റെ വകഭേദങ്ങൾ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments