ഭാവന

സ്​ത്രീകൾ മുന്നോട്ടു വരികയാണ്​,​പൊതുസമൂഹമോ?

ഏതുതരം പ്രതിസന്ധിയുണ്ടായാലും അതിൽ തളർന്ന് വീണ്ടും വീട്ടിലേക്ക്, അവരവരുടെ ഇടങ്ങളിലേക്ക് ചുരുണ്ടുകൂടുന്ന പ്രവണതയാണ് പൊതുവെ സ്ത്രീകൾക്കുണ്ടായിരുന്നത്. പക്ഷേ ആ ധാരണകളെയെല്ലാം ഭാവന തിരുത്തിയെഴുതുകയാണ്.

ഭാവനയുടെ തിരിച്ചുവരവിനെ, ലോകത്തിനുതന്നെ മാതൃക എന്ന നിലയിൽ കാണാനാണ് എനിക്കിഷ്ടം. ഏതുതരം പ്രതിസന്ധിയുണ്ടായാലും അതിൽ തളർന്ന് വീണ്ടും വീട്ടിലേക്ക്, അവരവരുടെ ഇടങ്ങളിലേക്ക് ചുരുണ്ടുകൂടുന്ന പ്രവണതയാണ് പൊതുവെ സ്ത്രീകൾക്കുണ്ടായിരുന്നത്. പക്ഷേ ആ ധാരണകളെയെല്ലാം ഭാവന തിരുത്തിയെഴുതുകയാണ്.

അതിക്രമത്തിനുശേഷം ഭാവനയ്ക്കും നിരവധി പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പല ഇന്റർവ്യൂകളിലൂടെയും മറ്റും നമ്മൾ കേട്ടതും അറിഞ്ഞതുമാണ്. എന്നാൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, അതിജീവിച്ച്, അതിശക്തമായി തിരിച്ചുവരുന്ന ഭാവനയെ ഇരുകൈകളും നീട്ടി ഞാൻ സ്വാഗതം ചെയ്യുകയാണ്.

നാട്ടുമ്പുറത്തും നഗരങ്ങളിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭാവനയുടെ അതിജീവനം പ്രചോദനവും ഉത്സാഹവും ആയി മാറും

ഈ അതിജീവനം ഒരു സന്ദേശം

"അതിജീവിത' എന്നത് ചെറിയൊരു വാക്കല്ല. ഒരുപാട് സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ടാണ് അവർ മുന്നോട്ടു പോകുന്നത്. അതിക്രമത്തിനുശേഷം കേസിന്റെ ഭാഗമായും മറ്റും പല തിരിച്ചടികളുണ്ടായപ്പോഴും അതിലൊന്നും തളരാതെ സധൈര്യം അവർ മുന്നോട്ടുപോയി. നിരവധി പേർ ഭാവനയ്ക്ക് പ്രോത്സാഹനവും പിന്തുണയും നൽകി കൂടെ നിന്നിരുന്നു. പക്ഷേ അതിനെല്ലാം അപ്പുറം, അതിക്രമങ്ങൾക്കെതിരെ സ്വയം നമ്മൾ എങ്ങനെ പോരാടുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അവർ തന്റെ മാനസികാരോഗ്യത്തെ പിടിച്ചുനിർത്തി നീതിക്കുവേണ്ടിയുള്ള ഈ നീണ്ട പോരാട്ടത്തിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകിയിരിക്കുന്നത്​. ഇനിയും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന സത്രീകൾക്ക് അവർ നൽകിയ ഈ സന്ദേശത്തെ ഞാൻ അഭിനന്ദിക്കുകയാണ്. നാട്ടുമ്പുറത്തും നഗരങ്ങളിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭാവനയുടെ അതിജീവനം പ്രചോദനവും ഉത്സാഹവുമായി മാറുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിൽ ഭാവന
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിൽ ഭാവന

ഹേമ കമീഷൻ റിപ്പോർട്ട്​: നടപടി വേണം

ഭാവനയുടെ അതീജീവനത്തൊടൊപ്പം, സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിനെക്കുറിച്ച്​ സമഗ്രമായി പഠിക്കാനാണ് ഹേമ കമ്മീഷൻ നിയോഗിക്കപ്പെടുന്നത്. ജസ്റ്റിസ് ഹേമ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വളരെ പ്രാധാന്യത്തോടെ കണക്കാക്കേണ്ടതുണ്ട്. ലിംഗവിവേചനങ്ങളില്ലാതെ സിനിമാമേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഈ റിപ്പോർട്ടിന് വേണ്ടത്ര പ്രാധാന്യം നൽകി, പൂർണമായും ഉൾക്കൊണ്ടുതന്നെ മുന്നോട്ടുപോകാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. അതുപോലെ, സിനിമാസംഘടനകളും റിപ്പോർട്ടിലെ ആവശ്യങ്ങൾ നടപ്പിലാക്കാൻ മുൻകൈയ്യെടുക്കണം. ഇന്ന് സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന പുതിയ നടിമാരെല്ലാം നല്ല കഴിവും നിലപാടും ആർജ്ജവുമുള്ളവരുമാണ്. ഓരോ അഭിമുഖങ്ങളിലും അവർ വളരെ വ്യക്തയോടെയും കൃത്യതയോടെയുമാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്​. ഈ പുതിയ കലാകാരികളെയെല്ലാം സിനിമാമേഖലയിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയിലുള്ള സാഹര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കേണ്ടത് സർക്കാരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുമാണ്. ഹേമ കമീഷൻ റിപ്പോർട്ടിനെ സിനിമാ മേഖലയിലുള്ളവരെയും സംഘടനകളെയും ബോധ്യപ്പെടുത്തി എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.

ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയാക്കി ചുരുക്കാതെ, ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും കൃത്യമായ ഇടപെടൽ നടത്തി, സ്ത്രീകൾക്ക് സുരക്ഷാ കവചമുണ്ടാക്കികൊടുക്കുകയാണ് വേണ്ടത്.

ഒരു സ്ത്രീ പ്രയാസം അനുഭവിക്കുമ്പോൾ അവളെ ഒറ്റപ്പെടുത്തുക എന്ന രീതിക്കും മാറ്റം വരേണ്ടതുണ്ട്. അതീജീവിച്ചുവരുന്ന സ്ത്രീകൾക്ക് എല്ലാ തരം പ്രോത്സാഹനവും നൽകുകയും സംരക്ഷണ കവചം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യേണ്ടത് പൊതുസമൂഹമാണ്. സിനിമയിൽ മാത്രമല്ല, ഏതുമേഖലയിലായാലും പ്രയാസവും പ്രതിസന്ധിയും നേരിടുന്ന സ്ത്രീകൾക്കൊപ്പം നിൽക്കാൻ പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ഞങ്ങൾ കൂടെയുണ്ടെന്ന ബോധ്യപ്പെടുത്തലിലൂടെ സ്ത്രീകൾക്ക് ധൈര്യം നൽകാൻ പൊതുസമൂഹത്തിന് കഴിയണം. പൊതുസമൂഹത്തിന് ഈ വിഷയത്തിൽ വളരെയധികം ഉത്തരവാദിത്തങ്ങളുണ്ട്. പൊതുസമൂഹം ഇത്തരം തീരുമാനങ്ങൾ എടുത്തുകഴിഞ്ഞാൽ അധികാര സ്ഥാപനങ്ങളും സർക്കാരും കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണം. സ്ത്രീകൾ എല്ലാ മേഖലയിലേക്കും കടന്നുവരുന്നതിനെ തടയാൻ ഇനി ആർക്കും കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയാക്കി ചുരുക്കാതെ, ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും കൃത്യമായ ഇടപെടൽ നടത്തി, സ്ത്രീകൾക്ക് സുരക്ഷാ കവചമുണ്ടാക്കികൊടുക്കുകയാണ് വേണ്ടത്.

സ്​ത്രീപ്രാതിനിധ്യം ഉറപ്പാക്കണം

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന്റെ ഭാഗമായിട്ടാണ് സിനിമാമേഖലയിലെയും മറ്റും സ്ത്രീകൂട്ടായ്മകളെ അംഗീകരിക്കാൻ പലർക്കും ഇന്ന് സാധിക്കാത്തത്. പക്ഷേ ലോകം മാറിക്കഴിഞ്ഞു. ഏതെങ്കിലും ചില ആളുകൾ ഇത്തരം സ്ത്രീ കൂട്ടായ്മകൾക്കെതിരെയും പ്രശ്‌നങ്ങൾ തുറന്നുപറയുന്ന സ്​ത്രീകൾക്കുമെതിരെയും സംസാരിച്ചാൽ അവസാനിക്കുന്ന ലോകമല്ല ഇന്നുള്ളത്. യാഥാർത്ഥ്യത്തിലേക്ക് വരാൻ പുരുഷമാർക്കുള്ള വൈമനസ്യമാണ് ഡബ്ല്യു.സി.സി പോലുള്ള സംഘടനയുടെ ആവശ്യമില്ലെന്ന് പറയുന്നതിന് പിന്നിലുള്ളത്. ഈ വിഷയത്തിൽ നടൻ ഇന്ദ്രൻസ് നടത്തിയ അഭിപ്രായപ്രകടനം തിരുത്താൻ തയ്യാറായത് പോസീറ്റീവായ കാര്യമാണ്​. സ്ത്രീസംഘടനകൾക്കും സ്ത്രീകളുടെ അഭിപ്രായത്തിനും അത്രയും പ്രാധാന്യം നൽകി ലോകം മുന്നോട്ടു പോകുന്ന ഈ സമയത്ത് പുരുഷാധിപത്യത്തിന്റേതായ ഇത്തരം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിൽ നിന്ന്
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിൽ നിന്ന്

വനിതകൾക്ക് അനുകൂലമായ നിരവധി നിയമങ്ങൾ രാജ്യത്തുണ്ട്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ലഭിക്കേണ്ട സൗകര്യങ്ങളെയും സുരക്ഷിതത്വങ്ങളെയുംക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന സുപ്രീംകോടതിയുടെ കൃത്യമായ നിർദ്ദേശങ്ങളുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. എല്ലാ സംഘടനകളിലും സ്​ത്രീപ്രാതിനിധ്യമുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. പേരിനുവേണ്ടി പത്ത് ശതമാനവും മുപ്പത്തിമൂന്ന് ശതമാനവും സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുപകരം അവരുടെ അഭിപ്രായങ്ങൾക്ക് ഊന്നൽ നൽകുന്ന രീതിയിൽ അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി, എല്ലാ മേഖലകളും സംഘടനകളും മാറേണ്ടതുണ്ട്. ഓരോ വർഷവും എല്ലാ സംഘടനകളും രജിസ്‌ട്രേഷൻ പുതുക്കുന്ന സമയത്ത് അതിലെ സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി, സ്ത്രീകളുടെ നിലപാടുകൾക്കടക്കം ഊന്നൽ കൊടുത്ത്​ ശരിയായ ഓഡിറ്റിങ്ങ് നടത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകണം. ▮

Comments