ഇംഗ്ലീഷ് എപ്പോഴാണ് നരകത്തിൽ നിന്ന് കര കയറിയത്?

കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ മുസ്​ലിം യാഥാസ്ഥിക പണ്ഡിതന്മാർ നിലകൊണ്ടിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. അത് തീർത്തും മതപരമായ കാരണങ്ങൾ കൊണ്ടായിരുന്നുതാനും. അതിനെ വ്യാഖ്യാനിച്ചു കുഴങ്ങേണ്ട ഒരു കാര്യവുമില്ല. ഇന്നലെ ചെയ്ത അബദ്ധങ്ങൾ മായ്ച്ചും തിരുത്തിയുമാണ് കേരള മുസ്​ലിംകൾ ഇന്നത്തെ അവസ്ഥയിലെത്തിയത്. അത് സ്വാഭാവികവുമാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷ പാടില്ല, അത് ലിബറൽ ആശയങ്ങളുടെ വാഹനമാണ് എന്ന് ആർക്കും വാദമില്ല. പഴഞ്ചൻ വാദങ്ങളെ പ്രവർത്തനങ്ങൾ കൊണ്ട് അവർ മറികടന്നു എന്നർത്ഥം. ട്രൂ കോപ്പിയിൽ ഉമൈർ എ.​ ​ചെറുമുറ്റം എഴുതിയ ‘ഇംഗ്ലീഷ്​ ഭാഷാ പഠനത്തിന്​ മുസ്​ലിംകൾക്ക്​ വിലക്കുണ്ടായിരുന്നോ?’ എന്ന ലേഖനത്തിന്​ മറുപടി.

കാഫിർ മായൻ എന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഒരു നൂറ്റാണ്ടുമുമ്പ് തലശേരിയിൽ ജീവിച്ച, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച ഒരാളാണ് അദ്ദേഹം. കഴിഞ്ഞദിവസം അന്തരിച്ച തലശ്ശേരിയിലെ ‘ഇംഗ്ലീഷ്' മറിയുമ്മ ജനിച്ച മാളിയേക്കൽ കുടുംബാംഗം ആയിരുന്നു അദ്ദേഹം. അദ്ദേഹം ഒരു മതനിഷേധി ആയിരുന്നില്ല. എന്നിട്ടും ‘മത നിഷേധി' എന്ന് വിവക്ഷയുള്ള കാഫിർ എന്ന വിളിപ്പേര്​ അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയുണ്ട്.

മാളിയേക്കൽ തറവാട്ടിൽ മറിയുമ്മക്കും മുമ്പ്, ഉയർന്ന ആധുനിക വിദ്യാഭ്യാസം നേടിയ വനിതകളുണ്ടായിട്ടുണ്ട്. വടക്കേ മലബാറിൽനിന്ന് ബിരുദം നേടിയ ആദ്യ മുസ്​ലിം വനിത എന്നറിയപ്പെടുന്ന ആയിശ മായൻ, അവരിൽ ഒരാളാണ്. ആയിശ ‘കാഫർ' മായന്റെ മകളായിരുന്നു. തലശേരി സേക്രഡ്​ ഹാർട്ട്​സ്‌കൂളിലും സെൻറ്​ ആന്റണീസ് കോളേജിലുമാണ്​ ആയിഷ പഠിച്ചത്. അവരുടെ മൂത്ത സഹോദരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിച്ച ഡോക്ടറായിരുന്നു. തന്റെ പെൺമക്കൾക്ക് ‘ഇംഗ്ലീഷ്' വിദ്യാഭ്യാസം നൽകി എന്ന കുറ്റത്തിനാണ് മായനെ അന്നത്തെ യാഥാസ്ഥിതിക മതപൗരോഹിത്യം ‘കാഫിർ'എന്നു വിളിച്ച്​അപമാനിച്ചത്.

1917 ലാണ് ആയിഷ ജനിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മലബാർ മേഖലയിലെ മുസ്​ലിം വിദ്യാഭ്യാസ സ്‌പെഷ്യൽ ഓഫീസറായി അവർ നിയമിതയായി. പിന്നീട് ബ്രിട്ടീഷ് എഡ്യുക്കേഷൻ സർവീസിൽ ഡയറക്റ്റർ പദവിയിൽവരെ അവർ എത്തി. ഈ പദവികൾ മലബാറിലുടനീളം യാത്ര ചെയ്യാനും സാമൂഹിക, വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അവർക്ക് അവസരം നൽകി. മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നതിക്ക് അവർ ധീരമായി വാദിച്ചു. ചില വനിതാസംഘടനകൾക്ക് നേതൃത്വം നൽകി. ഹോസ്റ്റൽ സൗകര്യത്തോടെ ഗേൾസ് എലമന്ററി സ്‌കൂളുകൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. അതിനിടെ, 1944ൽ കൊളംബോ സ്വദേശിയും വ്യാപാരിയുമായ എം. എസ്. എം. റഊഫുമായി അവരുടെ വിവാഹം നടന്നു. വിവാഹത്തോടെ ഉദ്യോഗം ഒഴിവാക്കി അവർ കൊളംബോയിലേക്ക് പോയി. കൊളംബോയിൽ സ്ഥാപിതമായ ആദ്യ മുസ്​ലിം ലേഡീസ് കോളേജിന്റെ ആദ്യ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു.

പിന്നീട് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അവർ സജീവമായി. കോളജ് പ്രിൻസിപ്പൽ എന്ന നിലയിലുള്ള ദീർഘകാല സേവനം അവസാനിപ്പിച്ച് ജനവിധി തേടി. അങ്ങനെ കൊളംബോ മുൻസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി മേയറായി 1952 മുതൽ 1954 വരെ അവർ പ്രവർത്തിച്ചു. എലിസബത്ത് രാജ്ഞി ശ്രീലങ്ക സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ചത് കൊളംബോ നഗരത്തിന്റെ അന്നത്തെ ഡെപ്യൂട്ടി മേയറായിരുന്ന, ‘കാഫർ' മായന്റെ മകൾ ആയിഷ ആയിരുന്നു. ആ ‘കാഫർ' പാരമ്പര്യത്തിൽ പെട്ട ആളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മാളിയേക്കൽ മറിയുമ്മ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക വിദ്യാഭ്യാസത്തോട് മുസ്​ലിം യാഥാസ്ഥിതിക മതനേതൃത്വത്തിനുണ്ടായിരുന്ന എതിർപ്പിന്റെ രൂക്ഷതയാണ് ‘കാഫിർ' വിളിയിൽ മുഴങ്ങിക്കേൾക്കുന്നത്. ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനണ്ടാർന്ന് എന്ന നോവലിൽ കഥാപാത്രമായ കുഞ്ഞിപ്പാത്തുമ്മ ‘സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് എന്നെ പഠിപ്പിക്കാതിരിക്കുന്നത്' എന്ന് ഉമ്മയോട് ചോദിക്കുന്നത്തിനുള്ള മറുപടി, ‘നിന്നെ പഠിപ്പിച്ച്​ കാഫിറാക്കണോ' എന്നുവന്നത് കേവലം ഭാവനയല്ല; ചരിത്രത്തിന്റെ പിൻബലമുള്ളതാണ് എന്ന് മനസ്സിലാക്കാമല്ലോ.

ഒളിച്ചുകടത്തിയ ‘ലിബറലിസം'

കേരളത്തിലെ പഴയകാല പാരമ്പര്യ പണ്ഡിതന്മാർ ‘ഇംഗ്ലീഷ്' ഭാഷ നിഷിദ്ധമാണെന്ന് ഫത്​വ നൽകിയതിനെ, അത് ഭാഷാപഠനത്തിന്റെ മറവിൽ പാശ്ചാത്യ ലിബറൽ ആശയങ്ങൾ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെയുള്ള പ്രതിരോധമായിരുന്നു എന്ന ഒരു സിദ്ധാന്തം ഇപ്പോൾ പലരും അവതരിപ്പിച്ചുകാണുന്നു. ഇങ്ങനെ സിദ്ധാന്തം ചമയ്ക്കുന്നവർ ഇംഗ്ലീഷ് ഭാഷ, പാശ്ചാത്യ ലിബറൽ ആശയങ്ങളെ കൈവിട്ട് പൗരസ്ത്യ ആശയവാഹക ഭാഷയായി പരിവർത്തനം ചെയ്തത് എന്നാണെന്ന ചോദ്യം നേരിടേണ്ടതുണ്ട്. കാരണം, കേരളത്തിലെ പാരമ്പര്യവാദികൾ നടത്തുന്ന മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ ഇംഗ്ലീഷ് ഭാഷ പഠന വിഷയമാണ്. ജ്ഞാനോദയത്തിന്റെയും ആധുനിക ലിബറൽ ചിന്തകളുടെയും ആശയങ്ങൾ പണ്ടും ഇന്നും ലോകത്ത് പ്രചരിപ്പിക്കുന്ന പ്രധാന ഭാഷ ഇംഗ്ലീഷ് ആണെന്നത് അനിഷേധ്യമാണ്. എങ്കിൽ ലിബറലിസം ഇന്നത്തെ പാരമ്പര്യവാദത്തിന് സ്വീകാര്യമാണ് എന്നാണോ? അതോ ഇംഗ്ലീഷ്, ലിബറൽ മൂല്യങ്ങൾ ഒക്കെ കൈവിട്ടു എന്നോ?

ഇ. മൊയ്തു മൗലവി, കെ. എം. മൗലവി
ഇ. മൊയ്തു മൗലവി, കെ. എം. മൗലവി

പഴയകാലത്ത് ഇംഗ്ലീഷ് വിദ്യാഭാസം എന്ന വാക്കുകൊണ്ട് കേവലം ഇംഗ്ലീഷ് ഭാഷാപഠനം എന്ന അർഥം മാത്രമല്ല ഉദ്ദേശിക്കപ്പെട്ടത്. മോഡേൻ മെഡിസിന് ‘ഇംഗ്ലീഷ് മരുന്ന്' എന്നു പ്രയോഗിച്ചിരുന്ന പോലെ, ആധുനിക മൂല്യബോധം വളർത്തുന്ന വിദ്യാഭ്യാസത്തെയാണ് ‘ഇംഗ്ലീഷ് വിദ്യാഭ്യാസം' എന്ന് ഉദ്ദേശിച്ചത്. നേരിട്ട് ബ്രിട്ടീഷ് ഭരണമില്ലാത്ത സ്ഥലങ്ങളിലും ‘ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ' പുരോഹിതന്മാർ എതിർത്തിരുന്നു. ബ്രിട്ടീഷ് മലബാറിലെന്ന പോലെ തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള മുസ്​ലിം യാഥാസ്ഥിതിക പണ്ഡിതന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും എതിർത്തിരുന്നു. അവിടങ്ങളിൽ മലബാറിലുണ്ടായ പോലുള്ള രൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ സമരം നടന്നിട്ടില്ലല്ലോ. വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തനങ്ങളിലും ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും വേണ്ടി നിരന്തരം വാദിക്കുകയും പുരോഹിതന്മാരുടെ വാദങ്ങൾക്ക് മറുപടി നൽകുകയും ചെയതുകൊണ്ടിരുന്നതിൽനിന്ന്, തിരുവിതാംകൂറിൽ ആധുനിക വിദ്യാഭ്യാസത്തിന് എതിരെയുള്ള മത യാഥാസ്ഥിതികരുടെ ചെറുത്തുനിൽപ്പ് എത്ര ശക്തമായിരുന്നുവെന്ന്​ഊഹിക്കാം.

പാരമ്പര്യവാദികളുടെ ഭയം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിൽ പാരമ്പര്യരീതിയിലുള്ള മത പഠനം മാത്രമേ മുസ്​ലിംകൾക്കിടയിൽ നിലവിലുണ്ടായിരുന്നു. അറബി എഴുത്തും വായനയും അറബി മലയാളവും മതപരമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള വേണ്ടിയുള്ള പ്രാഥമിക കാര്യങ്ങളും മാത്രമാണ് അവിടങ്ങളിൽ പഠിപ്പിച്ചിരുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളോ ലൗകിക വിഷയങ്ങളോ അവിടങ്ങളിൽ പഠിപ്പിച്ചിരുന്നില്ല. ഇരുപതാം നൂറ്റാണ്ടോടെ ലോകത്ത് വ്യാപകമായ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രീയ പഠനരീതികളും പാരമ്പര്യവാദികളെ ഭയപ്പെടുത്തി. ആധുനികത മതത്തെ അപ്രസക്തമാക്കും എന്നവർ സ്വാഭാവികമായും ആശങ്കിച്ചു. ആ ഘട്ടത്തിലാണ് സെക്യുലർ വിദ്യാഭ്യാസത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ അവർ മുന്നോട്ടുവന്നത്. ഈ എതിർപ്പിനെ കത്തിച്ചുനിർത്താൻ ബ്രിട്ടീഷ് വിരോധത്തെ മറയാക്കുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് അനുകൂലികൾ ബ്രിട്ടീഷ് അനുകൂലികളോ?

കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരിൽ മഹാഭൂരിപക്ഷവും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്നവരും ബ്രിട്ടീഷ് വിരുദ്ധരും ആയിരുന്നു. എന്നാൽ, ‘ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് ഫത്​വ നൽകിയ പണ്ഡിതന്മാരിൽ ശക്തരായ ബ്രിട്ടീഷ് അനുകൂലികളും ഉണ്ടായിട്ടുണ്ട്. തട്ടാങ്കര കുട്ടി ആമു മുസ്​ല്യാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബ്രിട്ടീഷ് അനുകൂല പണ്ഡിതന്മാർ 1921 സെപ്തംബർ 22 ൽ പൊന്നാനിയിൽ പുറത്തിറക്കിയ, മഹഖുൽ ഖലാഫ അലാ ഇസ്മിൽ ഖിലാഫ (ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ യാഥാർത്ഥ്യം) എന്ന ലഘുലേഖ പ്രസിദ്ധമാണ്. നിസ്സഹകരണ പ്രസ്ഥാനത്തെ എതിർത്തുകൊണ്ടുള്ള പ്രസ്തുത പ്രമേയത്തിൽ, ഗവൺമെന്റിനെ അനുസരിക്കൽ മുസ്​ലിമിന്റെ കടമയാണെന്നാണ് ആഹ്വാനം ചെയ്തത്. ‘രണ്ടു നൂറ്റാണ്ടുകളായി ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഭരിച്ചിരുന്നെങ്കിലും മുസ്​ലിംകൾക്ക് ഒരു തരത്തിലുമുള്ള പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല; ഇസ്​ലാം സ്വീകരിക്കുന്നതിൽനിന്ന്​ ആരെയും തടഞ്ഞിട്ടുമില്ല' എന്നിങ്ങനെ പോകുന്നു പ്രമേയത്തിലെ ബ്രിട്ടീഷ് വാഴ്ത്തുകൾ. എന്നാൽ ആ പ്രമേയത്തിന് മറുപടി എഴുതിയതാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അനുകൂലിക്കുന്ന ഇ. മൊയ്തു മൗലവി, കെ. എം. മൗലവി എന്നിവരായിരുന്നു.

ഇംഗ്ലീഷ് ഒരു രാഷ്ട്രീയ പ്രശ്‌നമായിരുന്നോ?

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഒരു രാഷ്ട്രീയപ്രശ്‌നമായിട്ടല്ല, മതപരമായ പ്രശ്‌നമായാണ് പാരമ്പര്യവാദികളും പരിഷ്‌കരണവാദികളും തമ്മിലുള്ള തർക്കങ്ങളിൽ കണ്ടത്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷ ‘നരകത്തിലെ ഭാഷ' എന്ന പാരമ്പര്യവാദികളുടെ ആക്ഷേപ വാക്യത്തെ പരിഷ്‌കരണ വാദികൾ മതത്തിന്റെ ഭാഷയിൽ തന്നെ എതിരിട്ടത്. ഇംഗ്ലിഷ് പഠനത്തെ മാത്രമല്ല, അതോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തെയും പാരമ്പര്യവാദികൾ എതിർത്തിരുന്നു. മതത്തോടുള്ള അവഗണനയ്ക്ക് കാരണമാകും, ഭൗതിക ജീവിതത്തോട് ആസക്തി വർധിക്കാൻ കാരണമാകും തുടങ്ങിയ കാരണങ്ങളാണ് ഇംഗ്ലീഷ്- ആധുനിക വിദ്യാഭ്യാസത്തെ ഉപേക്ഷിക്കാൻ ഉന്നയിക്കപ്പെട്ട കാരണങ്ങൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനും സമാനമായ കാരണങ്ങൾ തന്നെയാണ് ഉന്നയിക്കപ്പെട്ടത്. സ്ത്രീ വിദ്യാഭ്യാസത്തെയും ഒരു ‘ലിബറൽ' ആശയമായി കണ്ടാണ് അവർ എതിർത്തത്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള പാരമ്പര്യ വാദികളുടെ മതവിധിക്ക് അധികമൊന്നും പഴക്കമില്ല.

1930 മാർച്ച് 16ന് മണ്ണാർക്കാട് വെച്ച് വെള്ളാനിക്കര മുഹമ്മദ് മുസ്​ല്യാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ നാലാം വാർഷിക മഹാ സമ്മേളനത്തിലാണ് ആ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. അതിങ്ങനെയാണ്; ‘‘സ്ത്രീകൾക്ക് കൈയെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്‌റൂഹ് ആണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണ് എന്ന് ഈ യോഗം തീരുമാനിക്കുന്നു. സി. കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ. പി. അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി''. (അൽ ബയാൻ അറബി മലയാള മാസിക 1930 മാർച്ച് പുസ്തകം 1 ലക്കം 4,5 പേജ് 28).

സ്ത്രീകൾക്ക് ഇംഗ്ലീഷ് മാത്രമല്ല, മലയാള അക്ഷരാഭ്യാസവും അനഭിലഷനീയമാണെന്നാണ് സംശയരഹിതമായി ഈ വിധിയിൽ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണം എന്താണെന്ന് പി. മമ്മദ് എന്നയാളുടെ ചോദ്യത്തിന് സമസ്തയുടെ പണ്ഡിതൻ തന്നെ മറുപടി പറയുന്നു: ‘‘ഇക്കാലത്തുള്ള സ്ത്രീഅക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ, ഷറഉ (മത നിയമം) അനുസരിച്ച തോതിലോ, കാര്യമായ ആവശ്യത്തിനാേ അല്ലാത്തതോടുകൂടി, അതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും പാപങ്ങൾക്കുള്ള ഉപകരണമാവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്നതായും അനുഭവപ്പെട്ടതായും വരുന്നതുകൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഉ അനുസരിച്ച വിധത്തിലും വിഷയത്തിലും ആയാൽ അത് അസലിൽ മക്ക്‌റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീകൾക്ക് അക്ഷരവിദ്യ തീർച്ചയായും ഹറാമാവാൻ മാത്രമേ വഴി കാണുന്നുള്ളൂ.'' (അൽബയാൻ പുസ്തകം 1 ലക്കം 3).

അതായത്, മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ അനഭിലഷണീയം എന്നേ വിധിക്കാൻ പറ്റുകയുള്ളുവെങ്കിലും ‘കണക്കില്ലാത്ത പാപങ്ങൾ സ്ത്രീകൾ ചെയ്തു കൂട്ടാൻ' അക്ഷരവിദ്യ കാരണമാകാം എന്നതുകൊണ്ട്, നിഷിദ്ധമാകാനേ വഴിയുള്ളൂ. ആധുനികതയെ എതിർക്കാനുള്ള വടിയായി ലെഫ്റ്റ് ‘ലിബറൽ വിരുദ്ധതയെ' പൊക്കിക്കൊണ്ടുവരുന്ന പ്രവണതയുടെ വേരുകൾ എവിടെ കിടക്കുന്നു എന്നുകൂടി ഈ പഴയ സംവാദങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്.

ആധുനികതയും മുസ്​ലിംകളും

ഇംഗ്ലീഷ് പഠനവുമായി ബന്ധപ്പെട്ട ചർച്ച സത്യത്തിൽ, ആധുനികതയെ തിരസ്‌കരിക്കണോ അതോ സ്വീകരിക്കണമോ എന്ന വിഷയത്തിൽ മുസ്​ലിംകൾക്കിടയിൽ നടന്ന സംവാദത്തിന്റെ തുടർച്ചയാണ്. മുസ്​ലിം സമൂഹങ്ങളിൽ മൂന്നു രീതിയിലാണ് ആധുനികതയെ സമീപിച്ചത്. ഒരു വിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാർ ആധുനികതയെ നിശിതമായി വിമർശിക്കുകയും ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗം ആധുനികതയെ, നിരാക്ഷേപം സ്വീകരിക്കാൻ തയ്യാറായി. മൂന്നാമത് ഒരു വിഭാഗം മധ്യമനില സ്വീകരിച്ചു. അവർ ആധുനികതയുടെ പാശ്ചാത്യ യുക്തികളെ സൈദ്ധാന്തികമായി എതിർത്തുകൊണ്ടുതന്നെ സാംശീകരിച്ചു.

ത്യാജ്യ ഗ്രാഹ്യ വിവേചനത്തോടെ ആധുനികതയെ സ്വീകരിച്ചവരാണ് കേരളത്തിലെ മുസ്​ലിം പരിഷ്‌കരണ വാദികളിലെ മുഖ്യധാര. ചരിത്രത്തിലെ വൈപരീത്യം എന്നുപറയാം, നേരത്തെ ആധുനികതയോട് ക്രിയാത്മകമായി പ്രതികരിച്ചവരിൽ ഒരു വിഭാഗം പിൽക്കാലത്ത് നിഷേധാത്മക നിലപാടിലേക്ക് മാറി. ആധുനികയോടും ശാസ്ത്രീയയുക്തിയോടും വിമുഖമായ സലഫി ആശയങ്ങളോട് സന്ധി ചേർന്നതാണ് ആ പരിണാമത്തിന്റെ കാരണം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ കുറിച്ച് കേരളത്തിലെ പാരമ്പര്യ പണ്ഡിതന്മാരുടെ മതവിധി തന്നെയാണ് ചില സലഫി പണ്ഡിതന്മാരും നൽകിയത്.

അറബി മലയാളവും ഇംഗ്ലീഷും

ഇംഗ്ലീഷ് ഭാഷാവിരോധത്തെ കുറിച്ചുള്ള ചർച്ചയിലേക്ക് അറബി മലയാളത്തെ വലിച്ചിഴയ്‌ക്കേണ്ട യാതൊരു കാര്യവുമില്ല. അറബി മലയാളം കേരളത്തിലെ മാപ്പിളമാരുടെ പൊതുപൈതൃകമാണ്. അറബി മലയാളം ഒരു മതഭാഷ പോലുമായിരുന്നില്ലെന്നതാണ് സത്യം. ‘ലിബറൽ' ആശയങ്ങൾ എന്ന് വ്യവഹരിക്കാവുന്ന പലതും അറബി മലയാളത്തിൽ വിരചിതമായ കൃതികളിലുണ്ട്. അറബി മലയാള കൃതികളിൽ രാമായണവും പുരാണങ്ങളും കഥകളും നോവലുകളുണ്ട്. മാത്രമല്ല ഇംഗ്ലീഷ്, ആധുനിക വിദ്യാഭ്യാസത്തെ എതിർത്തവർക്ക് മറുപടി നൽകി കൊണ്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതും അറബി മലയാള ലിപിയിലുള്ള പ്രസിദ്ധീകരണങ്ങളിലായിരുന്നു എന്നതാണ് വാസ്തവം. ഇംഗ്ലീഷും മലയാളവും കേരളത്തിലെ മുസ്​ലിംകൾ സ്വായത്തമാക്കണം എന്ന് പരിഷ്‌കരണപക്ഷം ശക്തമായി വാദിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അറബി- മലയാളം ഉപേക്ഷിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നില്ല, എന്നുമാത്രമല്ല, അതിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ മുസ്​ലിം യാഥാസ്ഥിക പണ്ഡിതന്മാർ നിലകൊണ്ടിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. അത് തീർത്തും മതപരമായ കാരണങ്ങൾ കൊണ്ടായിരുന്നു താനും. അതിനെ വ്യാഖ്യാനിച്ചു കുഴങ്ങേണ്ട ഒരു കാര്യവുമില്ല. ഇന്നലെ ചെയ്ത അബദ്ധങ്ങൾ മായ്ച്ചും തിരുത്തിയുമാണ് കേരള മുസ്​ലിംകൾ ഇന്നത്തെ അവസ്ഥയിലെത്തിയത്. അത് സ്വാഭാവികവുമാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷ പാടില്ല, അത് ലിബറൽ ആശയങ്ങളുടെ വാഹനമാണ് എന്ന് ആർക്കും വാദമില്ല. പഴഞ്ചൻ വാദങ്ങളെ പ്രവർത്തനങ്ങൾ കൊണ്ട് അവർ മറികടന്നു എന്നർത്ഥം. അത് ആശാവഹവുമാണ്. എല്ലാ സമൂഹങ്ങളിലും ആധുനികത സ്വീകരിക്കപ്പെട്ടത് വിമർശനങ്ങളിലൂടെ തന്നെയാണ്. വിമർശിക്കുന്നവർ നാളെ അത് ആന്തരീകരിച്ച ചരിത്രമേ ലോകത്തുള്ളൂ. ഇന്നും നിലനിൽക്കുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളും നിലപാടുകളും കാലഹരണപ്പെടും. വിമർശനങ്ങൾ താളുകളിൽ വിശ്രമിക്കും. ചരിത്രം അതിന്റെ വഴിയ്ക്ക് മുന്നോട്ടു പോകും. ഭൂതരതി ആർക്കും ഒരു ഗുണവും ചെയ്യില്ല.


Summary: കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ മുസ്​ലിം യാഥാസ്ഥിക പണ്ഡിതന്മാർ നിലകൊണ്ടിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. അത് തീർത്തും മതപരമായ കാരണങ്ങൾ കൊണ്ടായിരുന്നുതാനും. അതിനെ വ്യാഖ്യാനിച്ചു കുഴങ്ങേണ്ട ഒരു കാര്യവുമില്ല. ഇന്നലെ ചെയ്ത അബദ്ധങ്ങൾ മായ്ച്ചും തിരുത്തിയുമാണ് കേരള മുസ്​ലിംകൾ ഇന്നത്തെ അവസ്ഥയിലെത്തിയത്. അത് സ്വാഭാവികവുമാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷ പാടില്ല, അത് ലിബറൽ ആശയങ്ങളുടെ വാഹനമാണ് എന്ന് ആർക്കും വാദമില്ല. പഴഞ്ചൻ വാദങ്ങളെ പ്രവർത്തനങ്ങൾ കൊണ്ട് അവർ മറികടന്നു എന്നർത്ഥം. ട്രൂ കോപ്പിയിൽ ഉമൈർ എ.​ ​ചെറുമുറ്റം എഴുതിയ ‘ഇംഗ്ലീഷ്​ ഭാഷാ പഠനത്തിന്​ മുസ്​ലിംകൾക്ക്​ വിലക്കുണ്ടായിരുന്നോ?’ എന്ന ലേഖനത്തിന്​ മറുപടി.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments