വ്യവസ്ഥാപിത രീതികളോട് മല്ലടിച്ച് സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം വഴങ്ങി ജീവിതം നയിക്കുന്ന ഒരാളായാവും രഹ്ന ഫാത്തിമ എന്ന യുവതിയെപ്പറ്റി പലരും ആലോചിക്കുക. അങ്ങനെ ഒരാളായി രഹ്നയെ കരുതുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനല്ല ഇവിടെ ശ്രമിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ. മറിച്ച്, വ്യവസ്ഥിതിക്കെതിരെ പൊരുതി, പുത്തൻ ആവശ്യങ്ങൾ ഉന്നയിച്ച്, പുതിയതരം ജീവിതം വിഭാവനം ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവൾ എന്ന രീതിയിൽ രഹ്നയെയും അവരുടെ ഇടപെടലുകളെയും കാണാനുള്ള നമ്മുടെ - പ്രത്യേകിച്ച് പുരോഗമന ചിന്താഗതിക്കാരുടെ - പ്രവണത, ‘എന്താണ് പുരോഗമന രാഷ്ട്രീയം' എന്നതിനെപ്പറ്റി ഇന്ന് പരക്കെ അംഗീകാരം നേടിയിട്ടുള്ള ചില കാതലായ ആശയങ്ങളെ വെളിപ്പെടുത്തുന്നുണ്ട് എന്ന് പറയാനാണ് ഈ ലേഖനത്തിലെ ആദ്യത്തെ ശ്രമം.
പുതിയ ഒരു ജീവിതം, പുത്തൻ കർതൃത്വങ്ങൾ, പുതിയ ലോകങ്ങൾ, പുതിയ ഇടങ്ങൾ, കൂടുതൽ സ്വാതന്ത്ര്യങ്ങൾ എന്നിവ വിഭാവനം ചെയ്യുന്നതും അവക്കുവേണ്ടി പൊരുതുന്നതുമാവണം പുരോഗമന രാഷ്ട്രീയം എന്ന പ്രബലമായ ഒരാശയം ഇന്ന് പുരോഗമന ചിന്താഗതിയെ പിടികൂടിയിരിക്കുന്നു എന്നും ആ ചിന്താഗതിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഈ ലേഖനം വാദിക്കുന്നു. കൂടാതെ, ‘പുതിയ ഇടങ്ങൾ', ‘കൂടുതൽ സ്വാതന്ത്രം', ‘പുതു കർതൃത്വങ്ങൾ' എന്നിവയുടെ ഭാഷയിലും രൂപത്തിലുമല്ലാതെ രഹ്നയുടേതുൾപ്പടെ പുതുതലമുറയുടെ രാഷ്ട്രീയ ഇടപെടലുകളെ മനസിലാക്കാൻ സാധിക്കും എന്നും, അങ്ങനെ ചിന്തിക്കുന്നതിലൂടെ വ്യവസ്ഥിതിയെയും പുരോഗമന രാഷ്ട്രീയത്തെയും പറ്റി ഒരു വീണ്ടുവിചാരം സാധ്യമാകുമെന്നും ഈ ലേഖനം വാദിക്കുന്നു. പുരോഗമന രാഷ്ട്രീയത്തിന് വ്യവസ്ഥിതി എന്ന ആശയത്തോട് എന്ത് സമീപനമാവണം ഉണ്ടാകേണ്ടത് എന്നതിനെപ്പറ്റി ഒരു പുനർവിചിന്തനം ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
സ്വന്തം ജീവിതത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പറ്റി സംസാരിക്കുന്ന രണ്ട് വിഡിയോകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് രഹ്നാ ഫാത്തിമ അവരുടെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടതാണ് ഈ ലേഖനത്തിന് പ്രചോദനം. ഇവയിൽ രഹ്ന പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കേണ്ടവയാണ്.
ചെറുപ്പം മുതൽ കുടുംബം, മതം, ഗോത്രം, ആൺകോയ്മ, സ്ത്രീവിരുദ്ധമായ പൊതുമണ്ഡലം, ജോലിസ്ഥാപനം, യൂട്യൂബ്, ഫേസ്ബുക്, ഇങ്ങനെ വ്യവസ്ഥാപിത സമൂഹത്തിന്റെ പ്രതീകങ്ങളായ എല്ലാ പ്രസ്ഥാനങ്ങളുടെയും സാധ്യതകളും പരിമിതികളും ഉപയോഗിക്കാനും അവയുമായി പൊരുത്തപ്പെട്ടും അനുനയനത്തിലും ജീവിക്കാനുമാണ് രഹ്നയുടെ എപ്പോഴത്തെയും ശ്രമം. അല്ലാതെ, ‘നിലവിലുള്ള വ്യവസ്ഥിതി തച്ചുടച്ച് എന്റേതായ ഒരിടം നിർമിച്ചാലാണ് എനിക്ക് സ്വതന്ത്രമായി ജീവിക്കാനാവുക' എന്ന റിബൽ മനോഭാവമല്ല രഹ്നക്കുള്ളത് എന്ന് വളരെ വ്യക്തമായി കാണാൻ കഴിയും.
അതിനർഥം അവർക്ക് സമൂഹവും വ്യവസ്ഥിതിയുമായി യാതൊരു കലഹങ്ങളും ഇല്ല എന്നല്ല; തീർച്ചയായും അല്ല - അങ്ങനെയായിരുന്നെങ്കിൽ അവരെപ്പറ്റി നമ്മൾ ചർച്ച ചെയ്യില്ലായിരുന്നു; അവരുടെ ചെയ്തികൾ ഇടപെടലുകൾ ആവില്ലായിരുന്നു. പക്ഷേ, കൃത്യമായി എന്താണ് രഹ്നയുടെ കലഹങ്ങളുടെ കാതൽ എന്നതിനെപ്പറ്റി ഒരു തെറ്റിദ്ധാരണയാണ് പൊതുവെ ഉള്ളത്. ഈ തെറ്റിദ്ധാരണ എന്താണെന്ന് താഴെ പറയാം. അതിനു മുൻപ്, രഹ്ന അവരുടെ ജീവിതത്തെപ്പറ്റിയ പറയുന്ന കാര്യങ്ങളെ ആസ്പദമാക്കി അവരെ ഒന്ന് മനസിലാക്കാൻ ശ്രമിക്കാം.
ഒന്നാമതായി, നിലവിലുള്ള നമ്മുടെ വ്യവസ്ഥിതി നമുക്ക് പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യങ്ങൾ നമുക്ക് അനുഭവിക്കാൻ തന്നെയുള്ളതാണെന്നും അവ അനുഭവിക്കുന്നത് വഴിയാണ് വ്യവസ്ഥിതിയും അത് ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യങ്ങളും അർഥവത്താകുന്നതെന്നും രഹ്ന തിരിച്ചറിയുന്നു. പൂർണസ്വതന്ത്രയായി കുശാലായി ജീവിക്കാൻ നമ്മുടെ വ്യവസ്ഥിതി നമുക്ക് പണ്ടേ ഉറപ്പ് നൽകിയിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ തന്നെ ധാരാളം മതിയെന്നും, അല്ലാതെ പുതിയ സ്വാതന്ത്രങ്ങൾ നേടിയെടുക്കുകയോ പുതിയ ഇടങ്ങൾ നിർമിക്കുകയോ ചെയ്യേണ്ടതില്ലെന്നും രഹ്ന മനസ്സിലാക്കുന്നുണ്ട്.
അതേസമയം, ആധുനിക വ്യവസ്ഥിതി നമുക്ക് നൽകിയിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ മുഖവിലക്കെടുത്ത് അനുഭവിക്കുക എന്നത് ഭൂരിപക്ഷവും തെരഞ്ഞെടുക്കാത്ത ഒരു പാതയാണ് എന്നും അതിനാൽതന്നെ ഏറെ നിശ്ചയദാർഢ്യവും മനക്കരുത്തും ആവശ്യപ്പെടുന്ന ഒരു കാര്യമാണെന്നും, അതുകൊണ്ട് എതിർപ്പും ഏകാന്തതയും അന്യവൽക്കരണവും ഈ ജീവിതത്തിൽ കാത്തിരിക്കുന്നുണ്ടെന്നും രഹ്നക്ക് നന്നായി അറിയാം.
എങ്കിലും നിലവിലുള്ള വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര ജീവിതത്തോടുള്ള കഠിനമായ ആസക്തിക്ക് മുന്നിൽ, മറ്റൊരു പരിഗണനകൾക്കും പ്രസക്തിയില്ലാതാകുന്നു രെഹ്നയെ സംബന്ധിച്ചിടത്തോളം. ഇങ്ങനെ നോക്കിയാൽ വ്യവസ്ഥിതിയെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഒരാളായല്ല, മറിച്ച് വ്യവസ്ഥിതിയെയും അത് നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെയും അർത്ഥവത്താക്കുന്ന രീതിയിൽ, അവയെ മുഖവിലക്കെടുത്ത് യാഥാർഥ്യമാക്കിക്കൊണ്ട് ജീവിക്കുന്ന ഒരാൾ എന്ന നിലയിലാണ് രഹ്നയെ നമുക്ക് കാണാനാവുക.
നമുക്ക് നൽകിയിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ നമ്മൾ അനുഭവിക്കുന്നില്ലെങ്കിൽ നമ്മളെ ആധുനിക സമൂഹമായി ബന്ധിപ്പിച്ചിരിക്കുന്ന വ്യവസ്ഥിതി വെറും അർഥശൂന്യമായ പാഴ് വാഗ്ദാനങ്ങൾ മാത്രമാകുമെന്ന് രഹ്ന മനസിലാക്കുന്നു. പല കാരണങ്ങൾ കൊണ്ടും നമ്മൾ അനുഭവിക്കാൻ വിസമ്മതിക്കുന്ന നമുക്ക് നൽകപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ പലതും നമുക്ക് വേണ്ടി അനുഭവിച്ച്, ആധുനിക വ്യവസ്ഥിതിയുടെ അഭിസംബോധനക്ക് ഒരു മേൽവിലാസക്കാരിയായി രെഹ്ന നിലനിൽക്കുന്നു, അതിലൂടെ, ആധുനിക വ്യവസ്ഥിതി ഉപരിപ്ലവമായ ഒരു ഘടനയായി ചുരുങ്ങാതെ നിലനിൽക്കുന്നു.
ഈ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ രഹ്ന നടത്തുന്ന കലാപങ്ങളെ എങ്ങനെയാണ് മനസിലാക്കേണ്ടത്? നൽകപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യങ്ങൾ മുഖവിലക്കെടുക്കാമോ ഇല്ലയോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടവയാണ് പൊതുമണ്ഡലത്തിൽ രഹ്ന നടത്തിയിട്ടുള്ള വിവാദമായ എല്ലാ ഇടപെടലുകളും; അല്ലാതെ, പുതിയ സ്വാതന്ത്ര്യങ്ങളുംഅവകാശങ്ങളും ഇടങ്ങളും ആവശ്യപ്പെടുന്നതിന്റെ ഭാഷ അവയ്ക്കില്ല; അങ്ങനെ ഒരു പുതിയ മുദ്രാവാക്യവും രഹ്ന മുന്നോട്ട് വെച്ചിട്ടില്ല.
ഉറപ്പുനൽകപ്പെട്ടിരുക്കുന്ന സ്വാതന്ത്ര്യങ്ങൾ ഭൂരിപക്ഷവും അനുഭവിക്കാൻ ശ്രമിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് രഹ്നയുടെ സ്വാഭാവികമായ പല പെരുമാറ്റങ്ങളും ഇടപാടുകളും ഇടപെടലുകളായി തന്നെ മാറുന്നത്. ഉദാഹരണങ്ങൾ നോക്കിയാൽ, രഹ്ന ശബരിമലക്ക് പോയത് സ്ത്രീകൾക്കും അഹിന്ദുക്കൾക്കും പ്രവേശിക്കുന്നതിൽ നിയമപരമായി യാതൊരു തടസവുമില്ലാത്ത സാഹചര്യങ്ങളിലാണ്; വിവാഹം കഴിക്കാതെ സ്വന്തം ഇഷ്ടപ്രകാരം അന്യമതസ്ഥനൊപ്പം ജീവിക്കുന്നത് അതിനുള്ള എല്ലാ പൗരസ്വാതന്ത്ര്യങ്ങളും പണ്ടേ ഉള്ള ദേശത്താണ്; ‘നിങ്ങളുടെ മനസ്സിൽ ഉള്ളത് എന്തായാലും പറയൂ' എന്ന ഫേസ്ബുക്കിന്റെ ആഹ്വാനത്തിൽ അടങ്ങിയിരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വാഗ്ദാനം മുഖവിലക്കെടുത്താണ് രഹ്ന അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ചെയ്യുന്നതെല്ലാം... ഈ അവകാശങ്ങളൊന്നും രഹ്ന ചോദിച്ച് വാങ്ങിയവയല്ല; പക്ഷേ, നൽകപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക് അനുഭവിക്കാൻ ആളുണ്ട് - അതൊരു ചെറിയ ന്യൂനപക്ഷം ആണെങ്കിൽ പോലും - എന്ന നിലപാടാണ് അവരുടേത്. അതുതന്നെയാണ് അവരുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്.
എന്നിട്ടും, വ്യവസ്ഥിതിയോട് പോരാടുന്ന ഒരാളായി നമ്മുടെ നോട്ടത്തിൽ രഹ്നക്ക് രൂപമാറ്റം സംഭവിക്കുന്നു. അതിനുള്ള ഒരു കാരണം ഊഹിക്കാവുന്നതാണ്. നമുക്കെല്ലാം ഉണ്ടെന്ന് കണ്ണുമടച്ച് കരുതേണ്ട സ്വാതന്ത്ര്യങ്ങൾ ഒന്നും അനുഭവിക്കാൻ വ്യവസ്ഥിതിയുടെ ഇന്നത്തെ വക്താക്കൾ അനുവദിക്കില്ല എന്നാവുമ്പോൾ രഹ്ന ഫാത്തിമക്ക് അവരുടെ പൗരാവകാശങ്ങൾക്കായി പരസ്യമായി പോരാടേണ്ടിവരുന്നു എന്നതാണ് അവർക്ക് ഒരു റിബൽ പരിവേഷം കിട്ടുന്നത് എന്ന് പറയാം.
എന്നാൽ ഇത് മാത്രമല്ല നമ്മുടെ മനസ്സിൽ രഹ്നയുടെ ഈ രൂപമാറ്റത്തിന് കാരണം എന്ന് പറയേണ്ടി വരും. ‘പുരോഗമന രാഷ്ട്രീയം എന്നാൽ എന്ത്' എന്നതിനെപ്പറ്റി ഇന്ന് പരക്കെ സ്വീകാര്യത ലഭിച്ചിരിക്കുന്ന ചില ആശയങ്ങളുമായി അതിന് ബന്ധമുണ്ട്. അതെന്താണെന്ന് പറയാം. നിലവിൽ നാം വിഭാവനം ചെയ്തിട്ടുള്ള വ്യവസ്ഥിതിയുടെ പരിമിതികൾ തിരിച്ചറിയുന്നതിൽ നിന്ന് തുടങ്ങി ആ വ്യവസ്ഥിതിയ്ക്കെതിരെ നിന്നുകൊണ്ട് പുതിയ അവകാശങ്ങളും പുതിയ ഇടങ്ങളും പുതിയ ജീവിതങ്ങളും പുത്തൻ കർതൃത്വങ്ങളും വിഭാവനം ചെയ്യലാണ് പുരോഗമന രാഷ്ട്രീയം, അല്ലെങ്കിൽ ‘യഥാർഥ രാഷ്ട്രീയ ജീവിതം', എന്ന ഒരു പ്രബലമായ ആശയം ഇന്ന് പുരോഗമന ചിന്താഗതിയെ പിടികൂടിയിട്ടുണ്ട്.
ഇക്കാരണത്താൽ, സ്വതന്ത്ര ജീവിതത്തിനു വേണ്ടി നിലകൊള്ളുന്ന, പോരാടുന്ന, ഏതൊരുവളെയും വ്യവസ്ഥിതിക്കെതിരായി നിലകൊള്ളുന്നവരായും പുതിയ എന്തിനൊക്കെയോ വേണ്ടി വാദിക്കുന്നവരും ആയി കാണാനുള്ള ഒരു പ്രവണത ശക്തമാണ്. പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇത്തരം ആശയങ്ങൾക്ക് വ്യാപകമായ സ്വീകാര്യത ഉണ്ടാക്കുന്നതിൽ അക്കാദമിക് പഠനങ്ങൾക്ക് വലിയ പങ്കുണ്ട് എന്നതാണ് രസകരവും സങ്കടകരവുമായ വസ്തുത. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും രഹ്ന ഫാത്തിമയെപ്പോലുള്ള പുതുതലമുറ നടത്തുന്ന ഇടപെടലുകളെപ്പറ്റി നടക്കുന്ന സാമൂഹ്യശാസ്ത്രപഠനങ്ങളിൽ ഇത് കൃത്യമായി കാണാൻ സാധിക്കും.
ചുംബനസമരത്തെപ്പറ്റി അടുത്തിടെ അച്ചടിച്ച് വന്ന ഗവേഷണലേഖനങ്ങൾ ഇതിന് ഉത്തമോദാഹരങ്ങളാണ്. അവയിൽ ചിലത് പരിശോധിച്ച് നോക്കുന്നത് അർഥവത്തായിരിക്കും. രെഹ്ന ഫാത്തിമ ഉൾപ്പടെയുള്ള ഏതാനും ചെറുപ്പക്കാർ കേരളത്തിൽ ഈ സമരത്തിന്റെ തിരിച്ചറിയപ്പെടുന്ന മുഖങ്ങളായിരുന്നല്ലോ.
കേരളത്തിൽ താരപരിവേഷമുള്ള രണ്ട് അക്കാദമിക്കുകൾ ചുംബനസമരത്തെപ്പറ്റി ദേശീയ-അന്തർദേശീയ ജേർണലുകളിൽ എഴുതിയ ലേഖനങ്ങളുടെ വിശകലനത്തിലൂടെ, പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇന്ന് നിലനിൽക്കുന്ന നേരത്തെ സൂചിപ്പിച്ച പ്രശ്‌നം പിടിച്ച ചില ആശയങ്ങൾ അക്കാദമിക വ്യവഹാരത്തിലൂടെ സ്വീകാര്യത നേടുന്നു എന്ന് നോക്കാം. മീന ടി. പിള്ള 2014-ൽ ഈ.പി.ഡബ്‌ള്യുവിൽ എഴുതിയ Disciplining the Intimate: The Kerala Model എന്ന പഠനവും, ടി.ടി. ശ്രീകുമാർ ഈ വർഷം ഇന്റർനാഷണൽ ആൻഡ് ഇന്റർകൾച്ചറൽ കമ്മ്യൂണിക്കേഷൻ ജേർണലിൽ പ്രസിധീകരിച്ച Urban upheavals as practices of new sexual ethics: Kiss of Love Movement In India എന്ന പഠനവുമാണ് വളരെ ചുരുക്കത്തിൽ ഇവിടെ പരിശോധനക്ക് എടുക്കുന്നത്.
ആദ്യമേ തന്നെ പറയട്ടെ, ചുംബനസമരത്തോട് രാഷ്ട്രീയ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുതിയിട്ടുള്ളവയാണ് ഈ രണ്ടു ലേഖനങ്ങളും. അതുകൊണ്ടുതന്നെ സമരത്തെ എതിർക്കുന്ന സമീപനം സ്വീകരിച്ചു എന്നോ മോശമായി ചിത്രീകരിച്ചെന്നോ അല്ല ഈ പഠനങ്ങളുടെ പ്രശ്‌നമായി ഇവിടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, ‘പുതുതായി ഒരു ആവശ്യവും ഞങ്ങൾക്ക് മുന്നോട്ട് വെക്കാനില്ല' എന്ന രാഷ്ട്രീയവികാരത്തിന്റെ പ്രകടനമായിരുന്ന കിസ്സ് ഓഫ് ലവ് സമരത്തെ പുതിയ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടി, പുതിയ ഇടങ്ങൾ വിഭാവനം ചെയ്യാൻ ശ്രമിച്ച ഒരു സമരമായി ഈ പഠനങ്ങൾ വ്യാഖ്യാനിക്കുന്നു എന്നതാണ് ഇവിടെ പ്രശ്‌നമായി ഉന്നയിക്കുന്നത്.
ഇത്തരം വ്യാഖ്യാനത്തിന്റെ പ്രശ്‌നമെന്താണെന്ന് വഴിയേ പറയാം. അതിന് മുൻപ്, പുതുതായി ഒന്നും ആവശ്യപ്പെടാത്ത സമരം എന്ന രീതിയിൽ ചുംബനസമരത്തെ എങ്ങനെ, എന്തിന് കാണണം എന്ന് പറയാം. അതിനായി, 2014-ൽ നടന്ന സമരത്തെപ്പറ്റിയും അതിലേക്ക് നയിച്ച് സാഹചര്യങ്ങളെപ്പറ്റിയും ഒന്നുകൂടി ഓർത്തെടുക്കേണ്ടതുണ്ട്.
കോഴിക്കോട് നഗരത്തിൽ മുസ്‌ലിം ചെറുപ്പക്കാർ ആരംഭിച്ച ഒരു റസ്റ്റോറന്റിന്റെ പരിസരങ്ങളിൽ അനാശാസ്യപ്രവർത്തനം നടക്കുന്നു എന്ന കുപ്രചാരണം നടത്തുന്നതിനായി രണ്ട് ചെറുപ്പക്കാർ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഒരു ടി.വി. ചാനൽ പ്രക്ഷേപണം ചെയ്യുന്നു; അതിന് പിന്നാലെ ഒരുകൂട്ടം സദാചാര ഗുണ്ടകൾ റസ്റ്റോറന്റ് ആക്രമിക്കുന്നു; ഈ സംഭവങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൊതുസ്ഥലങ്ങളിൽ ചുംബിച്ചുകൊണ്ട് പ്രതീകാത്മകമായി സമരം നടത്താമെന്ന ആഹ്വാനമുണ്ടാവുകയും സോഷ്യൽ മീഡിയ വഴി സമരം സംഘടിപ്പിക്കുകയും, പല ഭാഗത്തുനിന്നുമുള്ള എതിർപ്പുകൾക്കിടയിലും കേരളത്തിൽ അങ്ങോളമിങ്ങോളം സമരം അരങ്ങേറുകയും ചെയ്യുന്നു... ഇതായിരുന്നല്ലോ നടന്ന സംഭവങ്ങളുടെ ചുരുക്കം.
ചുംബനസമരത്തിന്റെ പ്രതീകാത്മകത എന്തായിരുന്നു എന്ന് ലോജിക്കലായി ആലോചിച്ചാൽ പെട്ടന്ന് കൃത്യമായി മനസ്സിലാക്കാവുന്നതേയുള്ളൂ. പൊതുസ്ഥലങ്ങൾ എന്ന് എല്ലാവരും തിരിച്ചറിയുന്ന ഇടങ്ങളിലെത്തി പരസ്പരം ഇഷ്ടപ്പെടുന്നവർ ചുംബിക്കാൻ തീരുമാനിച്ചപ്പോൾ അത് ചെയ്യാനുള്ള അവകാശം പണ്ടേ നമുക്കുള്ളതാണെന്നതിൽ രണ്ടഭിപ്രായത്തിന് യാതൊരു സാധുതയുമില്ല എന്നതാണല്ലോ പറഞ്ഞുവെക്കുന്നത്.
ചിന്തിക്കാൻ കഴിവുള്ള ഏവനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാതെ അംഗീകരിക്കാൻ കഴിയുന്ന ഒരു ആശയമായതുകൊണ്ടാണല്ലോ ഈ സമരത്തിലേക്കുള്ള ആഹ്വാനം പെട്ടന്ന് ചെറുപ്പക്കാർക്കിടയിൽ പരന്നത് - ചില വിഡിയോകളും പാട്ടുകളും ഒക്കെ വൈറൽ ആകുന്നതുപോലെ. സമരത്തിന്റെ ഈ തലങ്ങൾ മനസിലാക്കാൻ അധികം ചിന്തിക്കേണ്ട കാര്യമേയില്ല, നേരെ ചിന്തിച്ചാൽ മാത്രം മതി.
ചുരുക്കത്തിൽ, ഭരണകൂടത്തിൽ ഉറപ്പ് ചെയ്തിരിക്കുന്ന പൗരാവകാശമല്ലാതെ മറ്റൊരു ആവശ്യവും ആഗ്രഹവും സമരം മുന്നോട്ടു വെക്കുന്നില്ല. ക്ലാസിക്കൽ ആധുനിക വ്യവസ്ഥിതി വാഗ്ദാനം ചെയ്യാത്ത ഒരു സ്വാതന്ത്ര്യവും ഒരു പുതിയ ഇടവും ഒരു പുതിയ അവകാശവും അത് ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത് ചുംബനസമരമായത് (ചുംബിക്കലും ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളിയും ഒരുമിച്ച് നടക്കില്ലല്ലോ). ഇക്കാരണങ്ങളാലാണ്, ആവശ്യങ്ങളൊന്നും ഇല്ലാതിരുന്ന സമരമായി കിസ്സ് ഓഫ് ലവ്-നെ കാണാൻ പറ്റേണ്ടത് - We Have No Demands എന്ന് പറഞ്ഞ് അമേരിക്കയിൽ Occupy Wall Street സമരം നടന്നത് പോലെ തന്നെ. (ഈ അവസരത്തിൽ ഓർക്കേണ്ട മറ്റൊന്ന്, Kiss of Love എന്നതിനെ മലയാളത്തിലേക്ക് തർജമ ചെയ്യുമ്പോഴാണ് ‘സമരം' അതിൽ കയറിക്കൂടുന്നത് എന്നതാണ്; ചുംബനസമരത്തെ തിരിച്ച് ഇംഗ്ലീഷിലാക്കിയാൽ Kissing Protest എന്നോ, Protest By Kissing മറ്റോ ആവും).
ഇനി ഈ സമരം അക്കാദമിക്കുകൾ നോക്കിക്കാണുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് മുകളിൽ പറഞ്ഞ രണ്ട് പഠനങ്ങൾ ആധാരമാക്കി പരിശോധിക്കാം. ഒന്നാമതായി, എന്തൊക്കെയോ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും പുതിയ ഇടങ്ങൾ നിർമിക്കുകയും ചെയ്യുന്ന സമരമായാണ് ഈ രണ്ട് പഠനങ്ങളും കിസ്സ് ഓഫ് ലവിനെ സമീപിക്കുന്നതും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും.
ഉദാഹരണത്തിന്, ലൈംഗികത, ഇന്ദ്രിയോദ്ദീപകമായ കാര്യങ്ങൾ, ‘അശ്ലീലത' എന്നിവയെ പൊതുമണ്ഡലത്തിൽ നിന്ന് തുടച്ചുനീക്കി ശുദ്ധീകരിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭമായാണ് മീന ടി. പിള്ളയുടെ പഠനം ചുംബനസമരത്തെ നോക്കിക്കാണുന്നതും അതിനോട് ഐക്യദാർഢ്യപ്പെടുന്നതും. അങ്ങനെ, കേരളത്തിന്റെ ‘മതേതര, ലിബറൽ പൊതുമണ്ഡലത്തെ അസ്ഥിരപ്പെടുത്തുന്ന' ഒന്നാണ് പിള്ളയെ സംബന്ധിച്ചിടത്തോളം ചുംബന സമരം (പുറം 11).
ചുംബനസമരത്തെ തെറ്റായി വ്യാഖ്യാനിച്ചാൽ മാത്രമേ ഈ രണ്ടു വാദങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, പിള്ളയുടെ ആദ്യത്തെ വാദമെടുക്കാം. സത്യത്തിൽ ചുംബനസമരത്തിന് എന്തെങ്കിലും ഒരു ആവശ്യം ഉന്നയിക്കാനുണ്ടെങ്കിൽ അത് പിള്ള പറയുന്ന വാദത്തിന് നേരെ വിപരീതമായ ഒന്നാണ്. പൊതുസ്ഥലത്ത് രണ്ടുപേർ പരസ്പര സമ്മതത്തോടെ, മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറാതെ, ചുംബിക്കുമ്പോൾ മറ്റുള്ളവരുടെ ലൈംഗികതക്കും ഇന്ദ്രിയങ്ങൾക്കും അവിടെ ഒരു പ്രസക്തിയുമില്ല എന്ന് തന്നെയായിരുന്നു ചുംബനസമരത്തിന്റെ ഊന്നൽ. ഇവിടെ അശ്ലീലത എന്ന പരിഗണനക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണല്ലോ സമരത്തിന്റെ പ്രഖ്യാപനം.
പിള്ള പറയുന്ന രീതിയിൽ ആയിരുന്നു ചുംബന സമരം വിഭാവനം ചെയ്തിരുന്നതെങ്കിൽ ‘പൊതുസ്ഥലത്ത് ചുംബിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്; ചുംബനം ലൈംഗികമാണ്; അതുകൊണ്ട് പൊതുസ്ഥലങ്ങൾ ലൈംഗികവൽക്കരിച്ചുകൊണ്ട് കൂടുതൽ ജനാധിപത്യവൽക്കരിക്കണം' എന്നോ മറ്റോ ആകണമായിരുന്നു അതിന്റെ മുദ്രാവാക്യം. അങ്ങനെയല്ല എന്ന് മാത്രമല്ല, ലൈംഗികത പൂർണമായും സ്വകാര്യമായ ഒന്നായി കരുതണം എന്നതാണ് ചുംബന സമരത്തിന്റെ പ്രധാന ഉള്ളടക്കം തന്നെ - അങ്ങനെ പറയുന്നതും, സ്വകാര്യ സ്ഥലത്തേ ചുംബിക്കാവൂ എന്ന് പറയുന്നതും തികച്ചും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് എന്ന് എല്ലാവർക്കും പറയാതെതന്നെ അറിയാമല്ലോ എന്ന നിലപാടിൽ നിന്നാണല്ലോ ചുംബനസമരം ഉണ്ടാകുന്നത് തന്നെ.
‘കൂടുതൽ ജനാധിപത്യവൽക്കരണം' ചുംബനസമരം ആവശ്യപ്പെട്ടിട്ടേ ഇല്ല, മറിച്ച് ലഭ്യമായ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ - അത് മറ്റാർക്കും വേണ്ട എന്നാണെങ്കിലും -- സംരക്ഷിച്ചാൽ തന്നെ ധാരാളമായി എന്നതായിരുന്നു അതിന്റെ നിലപാട്. പൗരസ്വാതന്ത്രങ്ങൾ പലതും വേണ്ട എന്ന് പലകാരണങ്ങളാൽ തീരുമാനിച്ചിരിക്കുന്ന ഭൂരിപക്ഷത്തിന്റെ പേരിൽ അവയെ അനാവശ്യ സ്വാതന്ത്രങ്ങളായി കണക്കാക്കി റദ്ദു ചെയ്യാൻ സമ്മതിക്കില്ല എന്നതായിരുന്നു സമരത്തിൽ പങ്കെടുത്തവരുടെ നിലപാട്.
ചുരുക്കിപ്പറഞ്ഞാൽ, പൊതുമണ്ഡലത്തിൽ മാന്യതക്ക് നിരക്കുന്ന രീതിയിൽ മറ്റുള്ളവർക്ക് ഒരു ഉപദ്രവവുമില്ലാതെ സ്വ-കാര്യമായി രണ്ടുപേർ ചെയ്യുന്ന കാര്യങ്ങളിലേക്ക് മറ്റുള്ളവർക്ക് ലൈംഗികത ആരോപിക്കാൻ യാതൊരു അവകാശവുമില്ല എന്ന് പറഞ്ഞ്, രണ്ടുപേർ പൊതുസ്ഥലത്ത് ചുംബിക്കുന്നതിനെ ഇന്ദ്രിയചോദനകൾ അടക്കിപ്പിടിച്ച് മറ്റുള്ളവരെ കാണാൻ പരിശീലിപ്പിക്കുന്ന ഒരു സമരത്തെയാണ്, പൊതുസ്ഥലത്തെ ലൈംഗികവൽക്കരിക്കാൻ വിപ്ലവകരമായി ശ്രമിച്ച സമരം എന്ന രീതിയിൽ പിള്ള വ്യാഖാനിച്ചെടുക്കുന്നതും അതിന്റെ പേരിൽ രാഷ്ട്രീയ ആവേശം കൊള്ളുന്നതും.
ചുംബനസമരത്തിൽ അരങ്ങേറിയ ചുംബനങ്ങൾ സ്വയം അഭിസംബോധനയുടെ രൂപത്തിലുള്ളതായിരുന്നു; രണ്ടുപേർ ചുംബിക്കുമ്പോൾ മൂന്നാമതൊരാളെ അത് അഭിസംബോധന ചെയ്യുന്നില്ല എന്നും അതുകൊണ്ട് ചുംബിക്കുന്നവരെ അവരുടെ സ്വകാര്യതയിലേക്ക് വിടുന്നതിലൂടെയാണ് പൊതുമണ്ഡലം അല്ലെങ്കിൽ പൊതു ഇടങ്ങൾ ഉണ്ടാകുന്നത് എന്നുമാണ് സമരം പറയാൻ ശ്രമിച്ചത്.
ഇക്കാര്യങ്ങൾ അവഗണിക്കുന്നതിന്റെ പ്രശ്‌നമാണ് പിള്ളയുടെ ലേഖനത്തിൽ പ്രധാനമായും ഉള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പൗരസ്വാതന്ത്രങ്ങൾ ഉറപ്പു നൽകിയിരിക്കുന്ന വ്യവസ്ഥയുടെ അഭിസംബോധന തിരിച്ചറിഞ്ഞുകൊണ്ട് ‘ഞങ്ങൾ ഇവിടെയുണ്ട്' എന്ന് അടിവരയിട്ടുറപ്പിക്കുന്ന, അതുവഴി വ്യവസ്ഥയിലെ ഉടമ്പടികൾക്ക് അർഥമുണ്ടാക്കുന്ന, ചെയ്തിയായിരുന്നു ചുംബിച്ചുകൊണ്ടുള്ള സമരം. ലൈംഗിക, ഇന്ദ്രിയ സ്വാതന്ത്ര്യങ്ങൾ പുതുതായോ പ്രത്യേകമായോ ആവശ്യപ്പെടുന്ന ഒന്നും തന്നെ ആ സമരത്തിലുണ്ടായിരുന്നില്ല.
പിള്ളയുടെ രണ്ടാമത്തെ വാദവും ടി.ടി. ശ്രീകുമാറിന്റെ പഠനത്തിൽ കിസ്സ് ഓഫ് ലവിനെപ്പറ്റി ഉയർത്തുന്ന പ്രധാന വാദവും തമ്മിൽ ബന്ധമുള്ളതിനാൽ അവയെ ഒരുമിച്ച് പരിഗണിക്കാം. മിഷേൽ ഫൂക്കോയുടെ heterotopia എന്ന ആശയം ഉപയോഗിച്ച്, പൂർണമായും പൊതുവും പൂർണമായും സ്വകാര്യവും അല്ലാത്ത, ഇഹലോകത്തിനും യുട്ടോപ്യക്കും ഇടയിലുള്ള ഒരു ഇടം - ഒരു heterotopia - ചുംബനസമരം വിഭാവനം ചെയ്യുന്നു എന്നാണ് ശ്രീകുമാറിന്റെ വാദം.
നമുക്ക് ചിരപരിചിതമായ ഇടങ്ങൾക്കു പുറത്തു നിൽക്കുന്ന ചില ഇടങ്ങൾ ഉണ്ടെന്നും അവയെ heterotopia എന്ന് വിളിക്കാമെന്നും പരിചിതഇടങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില പരിഗണനകളും ബന്ധങ്ങളും ആണ് അത്തരം ഇടങ്ങളെ നിർണയിക്കുന്നത് എന്നുമാണ് ഫൂക്കോയുടെ ആശയം. കപ്പൽ, ശ്മശാനം, ചുവന്ന തെരുവുകൾ, ജയിലുകൾ എന്നിങ്ങനെ പല ഉദാഹരണങ്ങളും ഫൂക്കോ നൽകുന്നു. പക്ഷേ, എന്തിനാണ് ഫൂക്കോയുടെ ഈ ആശയം ചുംബനസമരത്തെ മനസിലാക്കുന്നതിന് ശ്രീകുമാർ കടമെടുക്കുന്നത് എന്നതിന് ഉത്തരമേയില്ല.
കാരണം, നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്യാത്ത ഒരു ഇടവും വേണമെന്ന് ചുംബനസമരം ആവശ്യപ്പെടുന്നില്ല; ഒരു പുതിയ ഇടവും വിഭാവനം ചെയ്യാനോ നിർമിക്കാനോ അത് ശ്രമിച്ചിട്ടില്ല - മാത്രമല്ല, പൊതു ഇടവും അവിടെ നമുക്കുള്ള സ്വാതന്ത്ര്യങ്ങളും മുഖവിലക്കെടുക്കാവുന്നതാണെന്നും അവ നിഷേധിക്കുന്നവരുടെ ചിന്താഗതിയാണ് യുക്തിബോധത്തിനുള്ളിൽ നിന്ന് കൊണ്ട് മനസിലാക്കാൻ പറ്റാത്തത് എന്നും ആളുകൾ പെട്ടന്ന് മനസിലാക്കിയതിന്റെ ഫലമായിരുന്നു സമരം സാധ്യമാക്കിയത് തന്നെ.
അതുകൊണ്ട്, പിള്ള പറയുന്നത് പോലെ കേരളത്തിന്റെ മതേതര, ലിബറൽ പൊതുമണ്ഡലത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്ന ഒന്നായിരുന്നില്ല ചുംബന സമരം; മറിച്ച് പൊതുമണ്ഡലവും പൊതു ഇടവും അവയുടെ പൂർണസ്വാതന്ത്ര്യങ്ങളോടെ നമുക്ക് പണ്ടേ നല്കപ്പെട്ടിട്ടുള്ളതാണെന്നും, ആർക്കൊക്കെ വേണ്ടെന്ന് പറഞ്ഞാലും മുഖവിലക്കെടുക്കാവുന്ന പോലെ ആ ഇടവും സ്വാതന്ത്ര്യങ്ങളും അവിടെത്തന്നെയുണ്ടാവണമെന്നും ഊന്നിപ്പറയുന്ന ഒരു സമരമായി അതിനെ കാണുന്നതാണ് ഉചിതവും സത്യത്തിന് നിരക്കുന്നതും.
അതുപോലെ, പരമ്പരാഗതമായ പൊതു ഇടത്തിന് പകരമായി ഒരു പുതിയ ‘ടോപിയ'യും അത് വിഭാവനം ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ക്ലാസിക്കൽ പൊതുമണ്ഡലത്തിനുള്ള പരിമിതികളായിരുന്നില്ല ചുംബനസമരത്തിന്റെ പ്രശ്‌നം; മറിച്ച്, അത് പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യങ്ങൾ നാട്ടിലെ ഭൂരിപക്ഷത്തിനും വേണ്ട എന്ന പേരിൽ അതിന്റെ ഉടമ്പടികൾ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരായിരുന്നു സമരം.
ചുരുക്കത്തിൽ, പഠിക്കുന്ന പ്രതിഭാസങ്ങളോട് സത്യസന്ധതയും കൃത്യതയും പുലർത്തി നടത്തേണ്ട അക്കാദമിക പഠനങ്ങൾ രാഷ്ട്രീയ ഐക്യദാർഢ്യത്തിന്റെ പേരിൽ അവയെ തെറ്റായി പ്രതിനിധീകരിക്കുകയും, പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇന്ന് പരക്കെ സ്വീകാര്യത നേടിയിട്ടുള്ള ചില ആശയങ്ങൾ മറ്റുള്ളവരിലേക്കും സമൂഹത്തിൽ നടക്കുന്ന പ്രതിഭാസങ്ങളിലേക്കും ആരോപിക്കുകയും ചെയ്യുന്നതാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
പുതിയ ആവശ്യങ്ങൾ/അവകാശങ്ങൾ, കൂടുതൽ ജനാധിപത്യം, പുതിയ ഇടങ്ങളുടെ നിർമാണം/വിഭാവനം, പുതിയ സ്വാതന്ത്ര്യങ്ങൾ, എന്നീ ആശയങ്ങളിലൂന്നി പുരോഗമന രാഷ്ട്രീയം വിഭാവനം ചെയ്യുന്നതിന്റെയും നിലവിലുള്ള വ്യവസ്ഥയെ അവലോകനം ചെയ്യുന്നതിന്റെയും പ്രശ്‌നങ്ങൾ എന്താണ് സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.
മേല്പറഞ്ഞ ആശയങ്ങൾ തന്നെയാണ് വലതുപക്ഷ രാഷ്ട്രീയവും ഇന്ന് ലോകമെമ്പാടും അവരുടെ മുദ്രാവാക്യങ്ങൾ ആക്കിയിരിക്കുന്നത്. ഇന്ന് പൗരാവകാശങ്ങൾ വേണ്ടെന്നു വെക്കുന്നതും പൗരകടമകൾ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതും, എന്തിന്, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നിഷേധിധിക്കുന്നതു പോലും, കൂടുതൽ അവകാശങ്ങളുടെയും പുതിയ സ്വാതന്ത്ര്യത്തിന്റെയും ഭാഷയിലും രൂപത്തിലുമാണ്.
(രസകരമായ ചില ഉദാഹരണങ്ങൾ: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നുള്ള വിദഗ്ധരുടെ നിർദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അമേരിക്കയിലെ റിപ്പബ്ലിക്കൻ അനുഭാവിയായ ഒരു വെള്ളക്കാരി പറഞ്ഞത് ഇതായിരുന്നു: ‘ഞാൻ അടിവസ്ത്രം പോലും ധരിക്കാറില്ല; എന്റെ ശരീരഭാഗങ്ങൾക്ക് സ്വതന്ത്രമായി ഒന്ന് ശ്വാസം വിടണം'! വേറൊരുദാഹരണം: ആഗോളതാപനം ഒരു കെട്ടുകഥയാണെന്ന് വാദിച്ചുകൊണ്ട് ഒരു അമേരിക്കൻ രാഷ്ട്രീയക്കാരൻ ചാനൽ ചർച്ചയിൽ ശാസ്ത്രത്തിന്റെ വക്താക്കളോട് ചോദിച്ചത് ഇതാണ്: ‘കാർബൺ ഡയോക്സൈഡിനോട് നിങ്ങൾക്കെന്താണ് ഇത്ര വിരോധം? വംശീയ ഉന്മൂലനം നേരിട്ടേണ്ടി വന്ന ജൂതന്മാരെപ്പോലെയാണ് ഇന്ന് കാർബൺ. കാർബൺ ഡയോക്സൈഡിന് നിലനിൽക്കാൻ അവകാശമില്ലേ?')
വലതുപക്ഷം ചോദിക്കുന്ന പുതിയ സ്വാതന്ത്ര്യങ്ങളും ആവശ്യപ്പെടുന്ന പുതിയ ഇടങ്ങളും വേറേ, നമ്മൾ പുരോഗമന ചിന്താഗതിക്കാരുടെ ആവശ്യങ്ങളും വേറേ, അവ തമ്മിൽ വ്യത്യാസങ്ങളുണ്ട് എന്നൊക്കെ വേണമെങ്കിൽ വാദിക്കാം. പക്ഷേ, ആത്യന്തികമായി ഈ രണ്ട് രാഷ്ട്രീയത്തിന്റെയും ഭാഷ ഒന്നാണ് എന്ന് മനസിലാക്കുമ്പോഴാണ്, ഇന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ 'ആവശ്യങ്ങൾ' എന്താവണമെന്നത് പുനരാലോചിക്കേണ്ടി വരുന്നത്. We Have No Demands എന്ന Occupy Wall Street സമരകാലത്തെ ‘മുദ്രാവാക്യം' നമ്മൾ ആഘോഷിച്ചിട്ടുള്ളതാണ്, പക്ഷേ അതിന്റെ യഥാർഥ ഉള്ളടക്കം എന്താണെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
പുതിയ ആവശ്യങ്ങളും പുത്തൻ ഇടങ്ങളും പുതിയ കർതൃത്വങ്ങളും ആവശ്യപ്പെടുന്നത് ആഗോള മുതലാളിത്തത്തിനും ഉപഭോഗസംസ്‌കാരത്തിനും വളമാവുകയേ ഉള്ളൂ എന്നും, നൽകപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങളെ യാഥാർഥ്യമാക്കിയാൽ മാത്രം മതി, കൂടുതൽ ഒന്നും വേണ്ട, എന്നുമുള്ള തിരിച്ചറിവാണ് We Have No Demands എന്ന് പറയുന്നതിന്റെ ഒരു സുപ്രധാനമായ അർഥം.
പുതിയ സ്വാതന്ത്ര്യങ്ങൾ ആവശ്യപ്പെടാതിരിക്കുക എന്നതായിരിക്കാം ഇന്നത്തെ കാലത്തിന് യോജിച്ച അർഥവത്തായ ഒരേയൊരു രാഷ്ട്രീയം എന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഈ ‘മുദ്രാവാക്യം' ഉണ്ടായി വരുന്നത്. ഈ അർഥം ഉൾക്കൊണ്ടാൽ മാത്രമേ രെഹ്ന ഫാത്തിമയുടേത് ഉൾപ്പടെയുള്ള പുതു തലമുറയുടെ പല രാഷ്ട്രീയ ഇടപെടലുകളെയും, ചുംബനസമരത്തെയും, ‘ആവശ്യങ്ങൾ ഒന്നുമില്ലാത്ത', അതുകൊണ്ടുതന്നെ വളരെ ആശാസ്യവും കാലോചിതവുമായ, രാഷ്ട്രീയമായി മനസിലാക്കാൻ സാധിക്കൂ.
ഇന്ന് ജനകീയമായ ട്രോളുകളുടെ ഭാഷയിൽ പറഞ്ഞാൽ, ആധുനിക ക്ലാസിക്കൽ വ്യവസ്ഥിതി നമ്മളോട് ഇപ്പൊൾ ചോദിക്കുന്ന ചോദ്യം ഇതാണ്: ‘ഞാൻ നിക്കണോ അതോ പോണോ?' ഇതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഭാവിയെ നിർണയിക്കും. ഈ തിരിച്ചറിവിൽ നിന്ന് വേണം ഇന്ന് പുരോഗമന രാഷ്ട്രീയം തുടങ്ങാൻ. ഒരു വിശദീകരണം കൂടി നൽകിക്കൊണ്ട് നിർത്താം.
‘ഈ വ്യവസ്ഥിതി മാറണം' എന്ന് പൊതുവെ സമരമുഖങ്ങളിൽ പറയാറുണ്ട്, പണ്ടും ഇപ്പോഴും. അവിടെ ഉദ്ദേശിക്കുന്നത് വ്യവസ്ഥയില്ലായ്മയിൽ നിന്ന് ഒരു വ്യവസ്ഥ ഉണ്ടാകണം എന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ, അത്തരം മുദ്രാവാക്യങ്ങൾ ഒന്നും പാടില്ല എന്നോ, വ്യവസ്ഥയ്‌ക്കെതിരെ ഒന്നും പറയരുതെന്നോ അല്ല ഇവിടെ പറയാൻ ശ്രമിച്ചത്.
ഭരണഘടനയും ആധുനികതയും വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥയും നമ്മുടെ ഭരണകൂടം നടപ്പിലാക്കുന്ന വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിർണായകം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതോന്ന്, അതിനെ സമൂഹത്തിലെ പരമ്പരാഗത മാമൂലുകൾ റദ്ദാക്കുമ്പോൾ നിലവിൽ വരുന്ന വ്യവസ്ഥ, അല്ലെങ്കിൽ വ്യവസ്ഥയില്ലായ്മ, വേറൊന്ന് - ഇവയിൽ രണ്ടാമത്തേതിനെതിരെ രാഷ്ട്രീയ ആവേശത്തിൽ എടുക്കുന്ന നിലപാടുകളെ അല്ല ഇവിടെ വിമർശിക്കാൻ ശ്രമിച്ചത്.
മറിച്ച്, ഈ രാഷ്ട്രീയ വികാരത്തെ തെറ്റായി വ്യാഖ്യാനിച്ച് അതിൽ നിന്ന്, ‘പുതിയ ലോകനിർമാണം', ‘പുതിയ ഇടങ്ങളുടെ വിഭാവനം', ‘പുത്തൻ സ്വാതന്ത്ര്യങ്ങൾ ആവശ്യപ്പെടൽ', ‘പുതിയ കർതൃത്വങ്ങളെ നിർമിക്കൽ', തുടങ്ങിയവയുടെ ഭാഷയിൽ വികലമായ തത്വചിന്തകൾ വികസിപ്പിച്ചെടുക്കുന്ന അക്കാദമിക വ്യവഹാരത്തെയാണ് ഈ വിമർശനം ലക്ഷ്യമിട്ടത്. ഇത്തരം പുതിയലോക തത്വചിന്ത പുരോഗമന ചിന്താഗതിയെ പൊതുവെ സ്വാധീനിക്കാൻ ശക്തിയുള്ളതാണ് - പ്രത്യേകിച്ച് സർവകലാശാലകളിൽ നിന്ന് ശാസ്ത്രീയതയുടെ മേനിയുമായി വരുന്ന വ്യവഹാരങ്ങൾ എന്ന നിലയിൽ.