""The battles, as usual, have been played out on women's bodies, extruding Botox at one end and burkas at the other''- Arundhati Roy (Capitalism: A Ghost Story)
തുടക്കവും ഒടുക്കവും നിശ്ചയമില്ലാത്ത ഒന്നിനെക്കുറിച്ചുള്ള എഴുത്താണിത്. കാലങ്ങളായി തുടരുന്നത്. വായിച്ചും എഴുതിയും സിനിമയെടുത്തും പ്രസംഗിച്ചും കൂട്ടായും ഒറ്റയായും നടത്തിയ ശ്രമങ്ങൾക്കൊടുവിൽ തിരുത്തലുകൾ അപ്രാപ്യമാകുന്ന കാലത്തേക്കാണോ നടന്നടുക്കുന്നത് എന്ന തോന്നൽ വരും. വടവൃക്ഷം പോലെ വേരുകളോടുന്ന, വഴിയോ ആഴമോ തിരിച്ചറിയാത്തത്ര സൂക്ഷ്മതയിൽ ജീവിതമാകെയാണ് ആൺബോധത്തിന്റെ പടർച്ച.
വിദ്യാഭ്യാസത്തിനോ കർമ്മരംഗത്തെ മികവിനോ പൊതു സ്വീകാര്യതയ്‌ക്കോ ഒരാളുടെ ഉള്ളിലുള്ള ആൺ ബോധത്തെ മറയ്ക്കാനാവില്ലെന്ന ആദ്യ ബോധ്യപ്പെടലായിരുന്നു അത്
""തീപ്പൊരിയായിരുന്നു, ഇപ്പോ ദാ കണ്ടില്ലേ കുട്ടിയെ എടുത്ത് നടക്കുന്നു'', തന്റെ മുൻ സഹപ്രവർത്തകയെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിശേഷിപ്പിച്ച വാചകങ്ങളാണ്. വർഷങ്ങൾക്ക് മുൻപ് കേട്ട ഈ വാചകം ഞാനിപ്പോൾ ഓർത്തെടുത്തത് എന്തിനാണ്? പ്രായക്കുറവ് കൊണ്ടും തുടക്കക്കാരിയുടെ പേടി കൊണ്ടും അടക്കിയ മറുപടിയുടെ തിരിച്ചറിവ് കൊണ്ടാവാം. വിദ്യാഭ്യാസത്തിനോ കർമ്മരംഗത്തെ മികവിനോ പൊതു സ്വീകാര്യതയ്‌ക്കോ ഒരാളുടെ ഉള്ളിലുള്ള ആൺ ബോധത്തെ മറയ്ക്കാനാവില്ലെന്ന ആദ്യ ബോധ്യപ്പെടലായിരുന്നു അത്.
ആൺകുട്ടികളെ ജനിപ്പിക്കാനായി പ്രസവിച്ച് മടുത്ത സ്ത്രീകളുള്ള കൂട്ടുകുടുംബത്തിലായിരുന്നു ജനനം. ""പൊരിച്ച മീൻ'' ബാല്യം തന്നെയായിരുന്നു എന്റേതും. ചിലപ്പോൾ പങ്കുവെക്കലിന്റെ വലുപ്പചെറുപ്പത്തേക്കാൾ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്ന്. നിനക്കൊരു ആൺകുഞ്ഞായി ജനിച്ചു കൂടായിരുന്നോ എന്ന ചോദ്യം കേട്ട് അമ്പരന്ന് നിന്നിട്ടുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ആൺകുട്ടികളെ അസൂയയോടെ നോക്കിയിട്ടുണ്ട്. ജനനം മുതൽ ഒരു പെൺകുട്ടിയെ കുടുംബത്തിന് ബാധ്യതയാക്കി മാറ്റാൻ ശേഷിയുള്ളതാണ് ആൺബോധം. അതിന്റെ ആദ്യ സ്വരം നമ്മളറിയുന്നത് മിക്കപ്പോഴും അമ്മമാരിലൂടെയെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന സത്യം.
തിരുത്തലുകൾ അസാധ്യമെന്നും വിധേയപ്പെടുകയാണ് മുന്നോട്ടുള്ള വഴിയെന്ന് ഓരോ സ്ത്രീയും തീരുമാനിക്കുന്ന നിമിഷമുണ്ടല്ലോ, എതിർപ്പറിയിക്കാത്ത ആ കീഴടങ്ങലാണ് നമ്മളെ പിന്നോട്ട് നടത്തുന്നത്
വ്യവസ്ഥാപിത ആൺബോധമാണല്ലോ പാട്രിയാർക്കി. അതിന്റെ എല്ലാ ദുരിതങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങി, ജീവിതം മുഴുവൻ ആൺബോധത്തിന്റെ വക്താക്കളായി അമ്മമാർ നിലകൊള്ളുന്നത് കാണാം. തിരുത്തലുകൾ അസാധ്യമെന്നും വിധേയപ്പെടുകയാണ് മുന്നോട്ടുള്ള വഴിയെന്ന് ഓരോ സ്ത്രീയും തീരുമാനിക്കുന്ന നിമിഷമുണ്ടല്ലോ, എതിർപ്പറിയിക്കാത്ത ആ കീഴടങ്ങലാണ് നമ്മളെ പിന്നോട്ട് നടത്തുന്നത്. തിരുത്തലുകളെ അസാധ്യമാക്കുന്ന ലോകത്തെ ശരിവെക്കുകയാണ് ഓരോ സന്തുഷ്ട കുടുംബവും. കുടുംബം അതിന്റെ തുടർച്ച നേടുന്നത് ആൺകുഞ്ഞിലൂടെയാണെന്നത് ആരുടെ ബോധ്യമാണ്? കുടുംബത്തിന്റെ തുടർച്ച എന്നത് ആൺബോധത്തിന്റെ തുടർച്ചയാണോ? കുടുംബം നിലനിർത്തേണ്ടത് ആൺബോധം സംരക്ഷിച്ച് കൊണ്ട് മാത്രമാണോ?
തൊഴിലെടുക്കുന്ന, വിദ്യാഭ്യാസമുള്ള അമ്മമാരിലും, പുതുതലമുറ അമ്മമാരിലും ആൺബോധം അത്രമേൽ ശക്തമാക്കിയതിന് പിന്നിലെ തിരുത്തലുകൾ ഇല്ലാതാക്കിയതാരാണ്? മറുപടി ഒന്നേയുള്ളൂ. ലിംഗസമത്വം എല്ലാവർക്കും വേണ്ടിയാണ്. പ്രശസ്ത ഫെമിനിസ്റ്റ് ബെൽ ഹൂക്ക്‌സ് പറയുന്നു
""Until we can collectively acknowledge the damage patriarchy causes and the suffering it creates, we cannot address male pain. We cannot demand for men the right to be whole, to be givers and sustainers of life...they are imprisoned by a system that undermines their mental health''.
സൃഷ്ടിപരമായി ഉയർന്ന സ്ത്രീകൾക്കുമേലുള്ള ആധിപത്യം നിലനിർത്തുക എന്നതിൽ കവിഞ്ഞൊന്നും പുരുഷന് ചെയ്യാനില്ലെന്ന് വരുന്നത് കൊണ്ടാണിത്. അധികാരം, സംരക്ഷണ കോട്ട തീർത്തോ ഭീഷണിപ്പെടുത്തിയോ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണ് പാട്രിയാർക്കിയുടെ ആണിക്കല്ല്.
സ്വതന്ത്രരായ സ്ത്രീകളെ ഫെമിനിച്ചികളെന്നും അഴിഞ്ഞാട്ടക്കാരുമെന്ന് കൂകി വിളിച്ച് തോൽപിക്കാൻ നോക്കും. മൂത്രപ്പുരകളിൽ എഴുതിവന്ന അശ്ലീലം പെൺകുട്ടികളുടെ ഫേസ്ബുക്ക് ചുവരിൽ എഴുതിപിടിപ്പിച്ച് ആനന്ദിക്കും
സ്വന്തം കുടുംബത്തിൽ ആധിപത്യ മനോഭാവമില്ലെങ്കിൽ അത് പാട്രിയാർക്കിയെ നീതീകരിക്കാനോ ശരിവെക്കുന്നതിനോ മതിയായ കാരണമാകില്ല. കാരണം, വർഷങ്ങളായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ ഫലമാണ് ആ മാറ്റം. മാത്രമല്ല, സാമ്പത്തികവും ജാതീയവുമായ വേർതിരിവുകളിൽ ആൺബോധം ഏറ്റകുറച്ചിലുകളോടെയാണ് പ്രവർത്തിക്കുക. ആധിപത്യത്തിനൊപ്പം ചൂഷണവും ചേരുന്ന ദുരന്തത്തിനാണ് ദരിദ്ര കുടുംബങ്ങൾ ഇരയാകുന്നത് .
പുരുഷാധിപത്യ തണലിലെ നിശബ്ദ സഹനങ്ങളെ ‘നിലവിളക്കു’കളായി ആഘോഷിക്കും. ശബ്ദമുയർത്തി തിരുത്താൻ ശ്രമിക്കുന്നവരെ കൂട്ടം ചേർന്ന് ആക്രമിക്കും. സ്വതന്ത്രരായ സ്ത്രീകളെ ഫെമിനിച്ചികളെന്നും അഴിഞ്ഞാട്ടക്കാരുമെന്ന് കൂകി വിളിച്ച് തോൽപിക്കാൻ നോക്കും. മൂത്രപ്പുരകളിൽ എഴുതിവന്ന അശ്ലീലം പെൺകുട്ടികളുടെ ഫേസ്ബുക്ക് ചുവരിൽ എഴുതിപിടിപ്പിച്ച് ആനന്ദിക്കും.
അതിക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെടുന്ന പെൺകുട്ടികൾക്ക് പോലും തെളിവില്ലെങ്കിൽ നീതി നിരാകരിക്കുന്ന സമൂഹമാണിത്. വാളയാറിൽ മരിച്ച പതിമൂന്നും ഒൻപതും വയസുള്ള കുഞ്ഞുങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പീഡനത്തിന് നിന്നു കൊടുത്തുവെന്ന് വിധിയെഴുതിയ ഉദ്യോഗസ്ഥരുള്ള നാട്. ബാലവേശ്യ പ്രയോഗമുണ്ടാക്കിയ മുറിവ് എന്നാണ് തിരുത്താനാവുക. നിർഭയമാർക്ക് വേണ്ടി ശബ്ദമുയർത്തുമ്പോഴും ആൺ സുഹൃത്തിനൊപ്പം രാത്രി കറങ്ങി നടന്നിട്ടല്ലേയെന്ന് ന്യായീകരിച്ചവരെ കണ്ടു. ആൺ- പെൺ വ്യത്യാസമില്ലാതെ ആർത്തവം അശുദ്ധിയെന്ന് കൊണ്ടാടി.
ചാക്രിക സ്വഭാവത്താൽ ആൺബോധം ലിംഗപരമായ പരിമിതികൾ മറികടന്ന് അത്രമേൽ സ്വാഭാവികവും സാധാരണവുമാകുന്നത് ഭയപ്പെടുത്തുന്നതാണ്. ഫാസിസമെന്ന ഭീഷണിയെ നേരിടുന്നതിൽ ലിംഗസമത്വത്തിന് മുഖ്യ പങ്കുണ്ടെന്ന് അരുന്ധതി റോയ് ആസാദിയിൽ പറയുന്നുണ്ട്. ഹിന്ദുദേശീയതയെന്ന സർവ്വസമ്മത ഫാസിസത്തിൽ ജാതികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നടക്കുന്ന വ്യാജ ചരിത്ര നിർമിതിയിലേക്കാണ് രാജ്യം കാലൂന്നുന്നതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ആ ആശങ്കയോടെ തന്നെ പറയട്ടെ, അതിന് കുടപിടിക്കലാകരുത് ആൺബോധം ▮