പതിനാറാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആരവങ്ങൾക്കിടയിലാണ് നാം. സ്ഥാനാർത്ഥി നിർണയം തന്നെയാണ് പ്രധാനം. ജാതി, മത പരിഗണനകൾ തന്നെയാണ് പ്രാതിനിധ്യത്തിൻ്റെ മുഖ്യ ഘടകമായി മുന്നണികളിൽ നിന്ന് ഉയർന്നുവരുന്നത്. ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന (52%) സ്ത്രീകളുടെ പ്രാതിനിധ്യം ഒരു രാഷ്ട്രീയ പാർട്ടിയുടേയും അജണ്ടയിൽ ഇന്നേ വരെ ഉയർന്നു വരാത്തത് എന്തുകൊണ്ടാണ്? അത്ര മാത്രം രാഷ്ട്രീയ പിന്നോക്കാവസ്ഥ അനുഭവിക്കുന്നുണ്ട് രാഷ്ട്രീയ പാർട്ടികൾ എന്നല്ലേ ഇതിനർത്ഥം.
1979-ൽ ഐക്യരാഷ്ട്ര സഭ അംഗീകരിക്കുകയും 1993-ൽ ഇന്ത്യ ഒപ്പുവെക്കുകയും ചെയ്ത CEDAW (Convention on the Elimination of all forms of Discrimination Against women) ഉടമ്പടിയുടെ 7ാം അനുച്ഛേദം, രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സ്ത്രീകൾക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാൻ അംഗരാജ്യങ്ങളെ ഉത്തരവാദപ്പെടുത്തുകയും തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും രാഷ്ട്രീയാധികാരത്തിലും സർക്കാർ പോളിസിനിർമ്മാണത്തിലും സ്ത്രീകൾക്ക് പുരുഷനോടൊപ്പം തുല്യാവകാശം ഉറപ്പുവരുത്താനും നിഷ്കർഷിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയാകട്ടെ ലിംഗസമത്വവും അവസരസമത്വവും ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. നിയമനിർമ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളും ജയപരാജയങ്ങളും അധികാരവും രാഷ്ട്രീയ പാർട്ടികളുടെ കൈകളിലായിരിക്കെ സ്ഥാനാർത്ഥി നിർണയത്തിലും അധികാരത്തിലും സ്ത്രീകൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകാതിരിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ പിന്നാക്കാവസ്ഥയാണ് കാണിക്കുന്നത്. ഭരണഘടന അനുസരിക്കാതിരിക്കുക എന്ന കുറ്റകൃത്യം കൂടിയാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യാൻ ജനങ്ങളുടെ ഇച്ഛാശക്തി വളരുക എന്നത് തന്നെയാണ് പ്രധാനം.
1957-ലെ കേരളത്തിലെ ആദ്യ നിയമസഭയിൽ 127 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവരിൽ 121 പേരും പുരുഷൻമാരായിരുന്നു. അതായത് സ്ത്രീകൾ 4.7 % മാത്രം. 2021-ലെ പതിനഞ്ചാം നിയമസഭയിൽ (നിലവിലുള്ള) 140 അംഗങ്ങളിൽ 128 ഉം പുരുഷൻമാരാണ്. അതായത് സ്ത്രീകൾ 8.5% മാത്രം. കാനത്തിൽ ജമീലയുടെ മരണത്തോടെ അത് 7.9% ആയി കുറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ ഏഴരപ്പതിറ്റാണ്ട് കൊണ്ട് സ്ത്രീപാതിനിധ്യം കേരളത്തിൽ ദേശീയ ശരാശരിയായ 9%-ത്തിൽ താഴെ മാത്രമേ എത്തിയിട്ടുള്ളൂ.
1951-ലെ സെൻസസ് പ്രകാരം 68,84,980 ആയിരുന്ന സ്ത്രീകളുടെ ജനസംഖ്യ 2025 ജൂലൈയിൽ Ministry of statistics and program implementation Report of the technical group on population projections തയ്യാറാക്കിയ കണക്കുകൾ പ്രകാരം (2011-നു ശേഷം സെൻസസ് നടന്നിട്ടില്ലാത്തതുകൊണ്ട്) 1,87,63,000 ആണ്. അതായത് സ്ത്രീകളുടെ എണ്ണം മൂന്ന് മടങ്ങിനടുത്ത് വർദ്ധിച്ചപ്പോൾ സ്ത്രീപ്രാതിനിധ്യം 6-ൽ നിന്ന് 12-ലേക്ക് കിതച്ച് എത്തിയിട്ടേയുള്ളൂ.

മറ്റ് സാമൂഹിക വികസന സൂചികകളിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളമെങ്കിലും താഴെ പറയുന്ന കണക്കുകൾ നിയമസഭയിലെ സ്ത്രീപ്രാതിനിധ്യത്തിൽ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങൾ കേരളത്തോളമോ കേരളത്തെക്കാൾ മുന്നിലോ ആണെന്ന് തെളിയിക്കുന്നു.
ഛത്തീസ്ഗഢ് - 21%
പശ്ചിമ ബംഗാൾ - 16%
ഝാർഖണ്ഡ്- 15%
ത്രിപുര- 15%
ഹരിയാന- 14%
ഉത്തരാഖണ്ഡ്- 13%
ഉത്തർപ്രദേശ്- 13%
ആന്ധ്രപ്രദേശ്- 13%
സിക്കിം- 13%
ബീഹാർ -12%
മധ്യപ്രദേശ്- 12%
പഞ്ചാബ് -11%
രാജസ്ഥാൻ -11%
കേരളം- 8%
ഗോവ- 8%
തെലങ്കാന- 8%
മഹാരാഷ്ട്ര- 8%
ഗുജറാത്ത്- 8%
മിസോറാം- 8%
ബാക്കി 10 സംസ്ഥാനങ്ങളിലെ നിയമസഭകളിൽ സ്ത്രീപ്രാതിനിധ്യം ഇതിലും താഴെയാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും MLA മാരുടെ എണ്ണത്തിൽ മാത്രമല്ല, മന്ത്രിമാരുടെ എണ്ണത്തിലും സ്ത്രീകൾ അതിന്യൂനപക്ഷം തന്നെയാണ്.
ഇതുവരെയുള്ള കേരള നിയമസഭകളിലെ വനിതാ പ്രാതിനിധ്യം;
വനിതാ എം.എൽ.എമാർ, വനിതാ മന്ത്രിമാർ എന്ന ക്രമത്തിൽ:

കേരളത്തിലെ15 നിയമസഭകളിൽ ഒറ്റ സ്ത്രീ പോലുമില്ലാത്ത 5 മന്ത്രിസഭകൾ ഉണ്ടായിരുന്നു എന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് ലജ്ജ തോന്നേണ്ടതാണ്.
സംസ്ഥാനത്തെ സംബന്ധിച്ച നയരൂപീകരണം (Policy making), നിയമനിർമ്മാണം (Legislative Functions), ഭരണനിർവ്വഹണം (Administration), സാമ്പത്തിക നിയന്ത്രണം (Financial control) തുടങ്ങിയവയുടെ ചുമതലകൾ മന്ത്രിസഭകൾക്കാണ്. സ്ത്രീപക്ഷമാണെന്ന് അവകാശപ്പെടുന്ന സർക്കാരുകൾ പലപ്പോഴും സ്ത്രീപക്ഷമാവാതിരിക്കുന്നത് എന്തു കൊണ്ടായിരിക്കുമെന്ന് ഈ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു.
നിയമനിർമ്മാണസഭകളിലും മന്ത്രിസഭകളിലും മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും തലപ്പത്തും തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളിലും സ്ത്രീകളും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളും നാമമാത്രമാവുകയോ കുറയുകയോ ചെയ്യുന്നത് സാമൂഹിക പുരോഗതിയുടെ പിന്നോക്കാവസ്ഥയെയാണ് കാണിക്കുന്നത്.
സ്വാതന്ത്ര്യത്തിൻ്റെ ഏഴരപ്പതിറ്റാണ്ടുകൾ, കേരള സംസ്ഥാനപ്പിറവിയുടെ 70 വർഷങ്ങൾ, 15 നിയമസഭകൾ... ചരിത്രപരമായ വീഴ്ചകൾ പരിഹരിക്കാൻ ഇതൊരു ചുരുങ്ങിയ കാലയളവല്ല. എന്നാൽ കേരളത്തിന് ഇതുവരെ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന ചരിത്രപരമായ തെറ്റ് തുടരുകയാണ്. കഴിവും കാര്യശേഷിയുമുള്ള നിരവധി സ്ത്രീകൾ ഇരുമുന്നണികളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. കേരളത്തിലെ ആണധികാര രാഷ്ട്രീയ പാർട്ടികൾക്ക് അതംഗീകരിക്കാൻ കഴിയാതിരിക്കുന്നതുകൊണ്ട് മാത്രമാണ് ഇതുവരെയും മുഖ്യമന്ത്രി സ്ഥാനത്ത് സ്ത്രീകൾ എത്താതിരിക്കുന്നത്.
കേരളത്തിലെ15 നിയമസഭകളിൽ ഒറ്റ സ്ത്രീ പോലുമില്ലാത്ത 5 മന്ത്രിസഭകൾ ഉണ്ടായിരുന്നു എന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് ലജ്ജ തോന്നേണ്ടതാണ്.
സി.പി.എമ്മിൻ്റെ വനിതാവിഭാഗമായ AlDWA-യുടെ സംസ്ഥാന സെക്രട്ടറിയും മുൻ ലോക്സഭാംഗവും രണ്ട് തവണ Women empowerment കമ്മറ്റി അംഗവുമായിരുന്ന സി.എസ്. സുജാത കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണ്ടേ എന്ന ചോദ്യത്തോട് പ്രതികരിച്ചത്, “ഒരു വനിതാ മുഖ്യമന്ത്രി വന്നാൽ എല്ലാ പ്രശ്നവും ഒറ്റയടിക്ക് തീരുമെന്ന് കരുതുന്നില്ല. വനിതകൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആയി. ഹിമാലയം കയറി, ബഹിരാകാശത്ത് പോയി, എന്നിട്ട് എല്ലാ പ്രശ്നവും തീർന്നോ’’ എന്നാണ്.
അധികാരസ്ഥാനത്ത് ഒരു സ്ത്രീ എത്തി എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തീർക്കാമെന്ന രീതിയിലല്ല അതിനെ സമീപിക്കേണ്ടത്. അത് സാമൂഹ്യനീതിയുടെയും അവസര സമത്വത്തിൻ്റെയും പ്രശ്നമാണ്. ഒരു മുഖ്യമന്ത്രിക്കൊപ്പം പകുതിയോളം അംഗങ്ങൾ സ്ത്രീകളാവുകയും ട്രാൻസ്ജൻഡർ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരംഗമെങ്കിലും ഉണ്ടാവുകയും തീരുമാനങ്ങളുടെ കർതൃത്വം പുരുഷാധികാരത്തിന് മാത്രമല്ലാതാവുകയും ചെയ്യുന്ന നിയമസഭയാണെങ്കിൽ ഒട്ടനവധി പ്രശ്നങ്ങൾ തീരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്നത്തെക്കാൾ എത്രയോ മെച്ചപ്പെട്ട ഒരാധുനിക ജനാധിപത്യ സമൂഹമായി കേരളത്തിന് മാറാൻ കഴിയുക അങ്ങനെ മാത്രമായിരിക്കും. 1998-ൽ മധ്യപ്രദേശ് നിയമസഭയിൽ ശബ്നം ബാനു എന്ന ട്രാൻസ്ജൻഡർ വ്യക്തി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളേക്കാൾ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളും നിയമസഭയിൽ ഉണ്ടാവേണ്ടത് ലിംഗനീതിയിലേക്കുള്ള ചുവടുവെപ്പാണ്.
ചരിത്രപരമായി നിലനിൽക്കുന്ന വിവേചനങ്ങൾ പരിഹരിക്കാനുള്ള ഒരുപാധിയാണ് ആ വിഭാഗങ്ങൾക്കുള്ള സംവരണം. രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വനിതാസംവരണത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. കോൺഗ്രസ് പ്രസിഡൻ്റ് ആയിരുന്ന പട്ടാഭി സീതാരാമയ്യ 1949-ൽ ഈ വിഷയം ഉന്നയിച്ചെങ്കിലും കഴിവുള്ള സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉള്ളതുകൊണ്ട് സ്ത്രീകൾക്ക് പുരുഷൻമാർക്കൊപ്പം അവസരം കിട്ടുകയും അതിലൂടെ തുല്യസ്ത്രീപ്രാതിനിധ്യം നേടാൻ കഴിയുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല അന്ന് അംഗീകരിക്കുമായിരുന്ന ചുരുങ്ങിയ പ്രാതിനിധ്യം മാറാതെ തുടരുകയും സ്ത്രീകൾ സംവരണ സീറ്റുകളിൽ മാത്രം ഒതുക്കപ്പെടുകയും ചെയ്യുമെന്ന വസ്തുത മുൻകൂട്ടിക്കാണാനും സരോജിനി നായിഡു അടക്കമുള്ള നേതാക്കൾക്ക് അന്ന് കഴിഞ്ഞതുകൊണ്ട് കൂടിയായിരിക്കാം, അവർ അതിനെ പിന്തുണയ്ക്കാതിരുന്നത്.

വനിതാ സംവരണ ബില്ല് 1996-ലാണ് പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിച്ചത്. മറ്റൊരു ബില്ലുകൾക്കുമില്ലാത്തത്ര എതിർപ്പുകളാണ് പാർലമെൻ്റിൽ വനിതാസംവരണ ബില്ല് നേരിട്ടത്. നീണ്ട 27 വർഷം വേണ്ടിവന്നു ആ ബില്ല് പാസ്സായിക്കിട്ടാൻ. 2023 സെപ്തംബറിൽ കേന്ദ്രം ഭരിക്കുന്ന BJP ഗവൺമെൻ്റ് പാർലമെൻ്റിൽ ബില്ല് പാസ്സാക്കുകയും അത് നിയമമാക്കുകയും ചെയ്തു. എന്നാൽ ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനർ നിർണയം എന്നീ രണ്ട് അനാവശ്യ ഉപാധികൾ വെച്ചു കൊണ്ട് നിയമം അടുത്ത കാലത്തൊന്നും നടപ്പിലാകില്ല എന്നവർ ഉറപ്പിക്കുകയും ചെയ്തു.
സെൻസസ് തന്നെ നടത്താതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഉപാധികൾ വെച്ച് നിയമം ഉണ്ടാക്കി സ്ത്രീകളെ പറ്റിക്കുന്നത്. ഉപാധികളില്ലാതെ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടവരാണ് കേരളത്തിലെ രണ്ട് മുന്നണികളിലെയും രാഷ്ട്രീയ പാർട്ടികൾ. ആത്മാർത്ഥമായിട്ടാണ് അവരത് ഉന്നയിച്ചതെങ്കിൽ നിയമമില്ലാതെ തന്നെ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ രണ്ട് മുന്നണികളും തയ്യാറാവേണ്ടതാണ്. ഒറ്റക്കെട്ടായി അത്തരമൊരു തീരുമാനമെടുക്കാൻ അവർ തയ്യാറാകാത്തത് അത്രമാത്രം ആണധികാര സ്ഥാപനങ്ങളാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എന്നതുകൊണ്ടാണ്.
നിയമം വന്നാലേ തങ്ങൾ സ്ത്രീകൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം നൽകൂ എന്ന് വാശിപിടിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് ഭരണഘടനാവകാശമായ അവസരസമത്വം അംഗീകരിപ്പിക്കാനുള്ള ബാധ്യത ജനാധിപത്യ വിശ്വാസികൾക്കുണ്ട്.
നിയമം വന്നാലേ തങ്ങൾ സ്ത്രീകൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം നൽകൂ എന്ന് വാശിപിടിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് ഭരണഘടനാവകാശമായ അവസരസമത്വം അംഗീകരിപ്പിക്കാനുള്ള ബാധ്യത ജനാധിപത്യ വിശ്വാസികൾക്കുണ്ട്. വോട്ടർമാരിൽ പകുതിയിലധികം വരുന്ന സ്ത്രീകൾ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ആവശ്യപ്പെടാൻ ഈ നൂറ്റാണ്ടിലെങ്കിലും തയ്യാറാവണം. സ്ത്രീകളുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനൊപ്പം ട്രാൻസ്ജൻഡർ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൻ്റെ പ്രശ്നവും ഉയർന്നുവരണം. മറ്റ് സാമൂഹ്യപിന്നാക്കാവസ്ഥകൾ പരിഗണിച്ചുകൊണ്ടുള്ള പ്രാതിനിധ്യത്തിൻ്റെ പ്രശ്നവും ഉന്നയിക്കപ്പെടണം. അത് പുരുഷേതര വിഭാഗങ്ങളുടെ പ്രാതിനിധ്യം ചർച്ച ചെയ്യുമ്പോൾ മാത്രമല്ല ഉന്നയിക്കപ്പെടേണ്ടത്. സാമൂഹികമായി പിന്നാക്കമാവുന്ന എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം ലഭ്യമാവുന്ന തരത്തിൽ അത് പരിഹരിക്കപ്പെടണം.
പൗരാവകാശങ്ങൾ പലതും സ്ത്രീകളടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ നേടിയിട്ടുള്ളത് സംഘടിതമായി ചോദിച്ചും നിയമങ്ങൾ ലംഘിച്ചും പോരാട്ടങ്ങൾ നടത്തിയിട്ടുമാണ്. സാർവത്രിക വോട്ടവകാശം നേടിയെടുത്തതിന് പിന്നിൽ നൂറ്റാണ്ടുകളുടെ പോരാട്ട ചരിത്രമുണ്ട്. സാർവത്രിക വോട്ടവകാശത്തിന് ബ്രിട്ടീഷിന്ത്യയിൽ നിരവധി സംഘടിത ശ്രമങ്ങൾ സ്ത്രീകളുടെ മുൻകയ്യിൽ നടന്നിട്ടുണ്ട്. വട്ടമേശ സമ്മേളനങ്ങളിലും സൈമൺ കമ്മീഷൻ മുമ്പാകെയും സാർവത്രിക വോട്ടവകാശം എന്ന ആവശ്യം സ്ത്രീകൾ ഉയർത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും സ്ത്രീകൾ പോരാടിത്തന്നെയാണ് നേടിയത്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ 5% സംവരണം സ്ത്രീകൾ ആവശ്യപ്പെട്ടതെങ്കിലും അത് പകുതിയാക്കിച്ചുരുക്കി 2.5-% അംഗീകരിക്കാമെന്ന ശുപാർശ അന്ന് സ്ത്രീകൾ അംഗീകരിക്കാതെ പ്രതിഷേധിക്കുകയാണ് ചെയ്തത്. 1946-ലെ ഇന്ത്യൻ ഭരണഘടനാനിർമ്മാണ സഭ സാർവ്വത്രിക വോട്ടവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ത്രീകളുടെ അവകാശവും അംഗീകരിച്ചു. 1951-ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽത്തന്നെ അത് നടപ്പിലായി. എങ്കിലും സ്ത്രീപ്രാതിനിധ്യം ഏഴ് പതിറ്റാണ്ടിനു ശേഷവും നാമമാത്രമായി തുടരുന്നത് വോട്ടവകാശ സമരത്തിൻ്റെ തുടർച്ച ഏറ്റെടുക്കാൻ സ്ത്രീകൾ തയ്യാറാവാത്തതുകൊണ്ടാണ്. പ്രാതിനിധ്യം രാഷ്ട്രീയ നേതൃത്വം കനിഞ്ഞ് നൽകേണ്ട ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണ്. അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തിയാണ് സ്ത്രീകൾക്ക് വേണ്ടത്.
