ആക്രമിക്കപ്പെട്ട
ആ പെൺകുട്ടികൾക്കുവേണ്ടി
PINK SALUTE, സഖാവേ…

‘‘കോട്ടയം പ്രത്യേക കോടതിയിൽ ഒരു സിനിമാനടനെതിരായ ഹരജി പരിഗണിക്കുന്ന സന്ദർഭത്തിൽ, പബ്ലിക് പ്രോസിക്യൂട്ടർ നീതി നടപ്പാക്കില്ല എന്ന വിവരം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ മാറ്റാൻ കുട്ടിയോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ വി.എസ് എന്നോടും സുഹൃത്തിനോടും ആ കുട്ടിയോടും വിളിച്ചുപറയുന്നുണ്ട്. നിർഭാഗ്യവശാൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ പറ്റാത്ത സാഹചര്യം ആ പെൺകുട്ടിക്കുണ്ടായി’’- സ്ത്രീപീഡനക്കേസുകളിലെ വി.എസിന്റെ ഇടപെടലുകളെ മുൻനിർത്തി ഗീത എഴുതുന്നു.

ഗീത⠀

രണശേഷം നടക്കുന്ന വിലാപയാത്രകളും വലിയ തരത്തിൽ ജനക്കൂട്ടം മരിച്ച ആളെ യാത്രയാക്കുന്ന രീതിയും കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് പൊതുവ്യക്തിത്വമുള്ളവരും പൊതുകാര്യത്തിനിറങ്ങുന്നവരും രാഷ്ട്രീയക്കാരുമാണെങ്കിൽ അങ്ങനെയൊരു രീതി കാണാം. കേരളത്തിൽ മാത്രമല്ല, എം.ജി.ആർ മരിച്ചപ്പോൾ തമിഴ്നാട്ടിലും ഇങ്ങനെയുള്ള ആൾക്കൂട്ടത്തെ കാണാമായിരുന്നു. ഇ എം എസ് മരിക്കുമ്പോഴും നായനാർ മരിക്കുമ്പോഴും രണ്ടുവർഷം മുമ്പ് ഉമ്മൻചാണ്ടി മരിച്ചപ്പോഴും നമ്മൾ ഇത് കണ്ടതാണ്.

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ എനിക്ക് തോന്നിയത്, ഉമ്മൻചാണ്ടിയോട് കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം കുറ്റസമ്മതം നടത്തുകയായിരുന്നു എന്നാണ്. കാരണം അദ്ദേഹത്തെ ഇത്രവേഗം മരണത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള അപവാദപ്രചരണങ്ങളാണ് ഉണ്ടായിരുന്നത്. എതിർപാർട്ടികളും മാധ്യമങ്ങളും ജനങ്ങളും ചെയ്യാത്ത കുറ്റത്തിന് വലിയ തോതിൽ അദ്ദേഹത്തെ വിചാരണ നടത്തി, അദ്ദേഹം അത് ചെയ്തു എന്ന് സ്ഥാപിച്ചു. ക്രമേണ ആ അപവാദത്തിന് അർഹനായിരുന്നില്ല ഉമ്മൻചാണ്ടി എന്ന് കേരളത്തിന് ബോധ്യപ്പെട്ടു. പക്ഷെ അപവാദം നടത്തിയ സമയത്തെല്ലാം അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. എല്ലാം കേട്ട് പ്രതികാരബുദ്ധിയില്ലാതെ അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായി. ഈ അപവാദപ്രചരണങ്ങൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഉമ്മൻചാണ്ടി കുറച്ചു കൂടി കാലം ജീവിക്കുമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഈ അപവാദങ്ങൾ ആ കുടുംബത്തെയും ഉമ്മൻചാണ്ടി എന്ന വ്യക്തിയെയും വല്ലാതെ ഉലച്ചിട്ടുണ്ട്. അറിയാതെയാണെങ്കിലും ഈ അപവാദങ്ങളിൽ പങ്കെടുത്തുപോയി എന്ന കുറ്റബോധം കേരളീയ പൊതുമനസിനെ ബാധിച്ചു എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രയയപ്പ്.

കേരളത്തിലെ ആദർശാത്മക കമ്മ്യൂണിസത്തിന്റെ വക്താവ് എന്ന നിലയിൽ അവസാന ഘട്ടത്തിലെ കമ്മ്യൂണിസ്റ്റാണ് വി.എസ്.

അത്തരത്തിലല്ലെങ്കിൽ പോലും വി.എസിനെ യാത്രയാക്കുമ്പോഴും കുറ്റബോധത്തിന്റെ അംശമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഒമ്പത് വർഷക്കാലം അദ്ദേഹം സജീവമായിരുന്നില്ല. അദ്ദേഹത്തെ മുൻനിർത്തിയാണ് കേരളത്തിൽ ഇടതുപക്ഷം ആദ്യ ഘട്ടത്തിൽ വിജയിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആരും അദ്ദേഹത്തെ കണ്ടിട്ടുമില്ല. പൊതുവേദിയിലോ പൊതുസമൂഹത്തിലോ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. ആദ്യകാലത്ത് അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നവർ പോലും മറ്റ് പലതിന്റെയും ഉപഭോക്താക്കളായി മാറിയ സാഹചര്യത്തിൽ വി.എസിനെ പിന്തള്ളിയാണ് കേരളത്തിൽ ഓരോ കാര്യങ്ങളും സംഭവിച്ചത്. അത് അദ്ദേഹം ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിലും കേരളീയ പൊതുസമൂഹത്തിലും അദ്ദേഹം അത്രയും കാലം നടന്നുതീർത്ത വഴികളെയാകെയും റദ്ദു ചെയ്യുകയാണ് ചെയ്തത്.

വി എസിന്റെ മരണത്തിൽ ‘അവസാനത്തെ കമ്മ്യൂണിസ്റ്റ്’ എന്ന കമന്റുകളിൽ, അത് വലതുപക്ഷ ആഖ്യാനമാണെന്നും ലോകത്ത് എല്ലാ കാലത്തും കമ്മ്യൂണിസം ഉണ്ടാകുമെന്നും പറയുന്നുണ്ടെങ്കിലും, കേരളത്തിലെ ആദർശാത്മക കമ്മ്യൂണിസത്തിന്റെ വക്താവ് എന്ന നിലയിൽ അവസാന ഘട്ടത്തിലെ കമ്മ്യൂണിസ്റ്റാണ് വി.എസ്.

വി.എസിനെ യാത്രയാക്കുമ്പോഴും കുറ്റബോധത്തിന്റെ അംശമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വി.എസിനെ യാത്രയാക്കുമ്പോഴും കുറ്റബോധത്തിന്റെ അംശമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജനകീയനല്ലാത്ത കമ്യൂണിസ്റ്റ്,
ജനകീയനായ കമ്യൂണിസ്റ്റ്

എന്റെ വ്യക്തിപരമായ വിലയിരുത്തലിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിലേക്ക് നോക്കിയാൽ രണ്ടു ഘട്ടം കാണാം.

ശാഠ്യങ്ങളുള്ള അത്രയൊന്നും ജനകീയമല്ലാതിരുന്ന കമ്മ്യൂണിസ്റ്റ് ജീവിതമാണ് ഒന്നാമത്തേത്.
കുറേക്കൂടി വഴക്കമുള്ളതും ജനപ്രിയവും ജനകീയവുമായ കുറേയധികം പ്രശ്‌നങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് വന്നതുമായ മറ്റൊരു രാഷ്ട്രീയ ജീവിതമാണ് രണ്ടാമത്തേത്.

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട സമയത്തുണ്ടായിരുന്നവരിൽ ഒരാളായ കമ്മ്യൂണിസ്റ്റുകാരൻ എന്നതിൽ നിന്ന്, കേരളീയ സമൂഹത്തിൽ പുതിയ കാലഘട്ടത്തിലെ പുതിയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും സംവാദാത്മകമായി പ്രതികരിക്കാനും ശേഷിയും വഴക്കങ്ങളുമുള്ള രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടമാണ് നാം ഇന്നു കാണുന്ന വി.എസിനെ രൂപപ്പെടുത്തിയത്.

വർഗസമരത്തിൽ എത്തിക്കഴിഞ്ഞാൽ ഏത് പ്രശ്‌നവും പരിഹരിക്കാമെന്ന പൊതുബോധ്യം കമ്മ്യൂണിസത്തിലുണ്ട്. അത്തരത്തിലുള്ള പൊതുബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വി.എസിന്റെ ആദ്യകാല പൊതുജീവിതം.

വർഗസമരത്തിൽ എത്തിക്കഴിഞ്ഞാൽ ഏത് പ്രശ്‌നവും പരിഹരിക്കാമെന്ന പൊതുബോധ്യം കമ്മ്യൂണിസത്തിലുണ്ട്. അത്തരത്തിലുള്ള പൊതുബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വി.എസിന്റെ ആദ്യകാല പൊതുജീവിതം. അന്ന് വി. എസ് ഇത്രയൊന്നും ജനകീയനായിരുന്നില്ല. അദ്ദേഹം അന്ന് പാർട്ടി സെക്രട്ടറി ആയിരിക്കാം, മറ്റ് പല ഘട്ടങ്ങളിലൂടെ കടന്നുവന്നിരിക്കാം, പക്ഷെ 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ, ശാഠ്യക്കാരനായ കമ്മ്യൂണിസ്റ്റുകാരനെയല്ല നമ്മൾ കണ്ടത്. എന്തെങ്കിലും പ്രശ്‌നം പറഞ്ഞാൽ വർഗസമരത്തെ കുറിച്ച് ക്ലാസെടുക്കുന്ന കമ്മ്യൂണിസ്റ്റുകാരനെയല്ല നമ്മൾ കണ്ടത്. മറിച്ച് ഓരോ വിഭാഗത്തിന്റെയും പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിവന്ന് അത് പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്ന ഒരു വലിയ പൊതുപ്രവർത്തകനായി വി.എസിനെ നമ്മൾ അറിഞ്ഞു.

മുണ്ടിന്റെ കോന്തല പിടിച്ചോ മുണ്ട് മടക്കി കുത്തിയോ  മതികെട്ടാൻ മല പോലെയുള്ള പ്രദേശങ്ങളിലെ കാടും മലയും താണ്ടുന്ന വി എസിനെ നമ്മൾ കണ്ടു.
മുണ്ടിന്റെ കോന്തല പിടിച്ചോ മുണ്ട് മടക്കി കുത്തിയോ മതികെട്ടാൻ മല പോലെയുള്ള പ്രദേശങ്ങളിലെ കാടും മലയും താണ്ടുന്ന വി എസിനെ നമ്മൾ കണ്ടു.

വാർധക്യത്തിലേക്ക് കടന്നതോടെ വി.എസിന്റെ സെൻസിബിലിറ്റി നവയുവത്വത്തിലേക്ക് കടന്നതായി തോന്നും. മുണ്ടിന്റെ കോന്തല പിടിച്ചോ മുണ്ട് മടക്കി കുത്തിയോ മതികെട്ടാൻമല പോലെയുള്ള പ്രദേശങ്ങളിലെ കാടും മലയും താണ്ടുന്ന വി. എസിനെ നമ്മൾ കണ്ടു. കൂടംകുളം ആണവനിലയത്തിന്റെ സമരത്തിൽ അതിനോട് ഐക്യപ്പെടുന്ന വി.എസിനെ നമ്മൾ കണ്ടു. കൊക്കകോള സമരത്തിൽ ആദ്യമായി ഉണ്ടായ നിലപാട് മാറ്റി പാർട്ടിയെ തന്നെ മറ്റൊരു തലത്തിലേക്ക് നയിക്കുന്ന വി.എസിനെ നമ്മൾ കണ്ടു. മുഖ്യമന്ത്രിയായശേഷം മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വി.എസിനെ നമ്മൾ കണ്ടു. എൻഡോസൽഫാൻ ദുരിതബാധിതരോടൊപ്പം നിൽക്കുന്ന വി. എസിനെയും നമ്മൾ കണ്ടു.

സ്ത്രീപീഡന കേസിലെ പ്രതികളെ കൈയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് വി.എസ്. അദ്ദേഹത്തിനത് സാധ്യമായില്ല എന്നത് മറ്റൊരു ദുഃഖസത്യം. ആ ഘട്ടത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കാൻ പോലും പാർട്ടി തയ്യാറായിരുന്നില്ല.

ഈ ഉദാഹരണങ്ങളത്രയും നമ്മെ ഓർമിപ്പിക്കുന്നത് പരിസ്ഥിതി രാഷ്ട്രീയങ്ങളെന്നു വിളിക്കാവുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് അന്നുവരെ നമുക്ക് അന്യമായിരുന്നു എന്നതാണ്. പാരിസ്ഥിതിക വിഷയങ്ങളിൽ ഇത്രമാത്രം നേരിട്ടിടപെട്ട ഒരു പൊതുപ്രവർത്തകനോ രാഷ്ട്രീയ പ്രവർത്തകനോ പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ വേറെയില്ല. എന്തെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉന്നയിച്ചാൽ വികസനം എന്നുപറഞ്ഞ് വായടപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണ് കണ്ടിട്ടുള്ളത്. വികസനം പരിസ്ഥിതിയുമായി കൂടി ബന്ധപ്പെട്ടതാണ് എന്നതരത്തിൽ ഏറ്റവും പുതിയ പാരിസ്ഥിതിക ബോധ്യത്തെ ഉൾക്കൊണ്ട് ഏറ്റവും പുതിയ മനുഷ്യനായി പ്രകൃതിക്കും പ്രപഞ്ചത്തിനും വേണ്ടി നിലകൊള്ളുന്ന ആളായി വി.എസിനെ കാണാനായി.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ആദ്യം ഇറങ്ങിച്ചെന്ന രാഷ്ട്രീയ നേതാവ് വി.എസ് ആണെന്നു പറയാം. സി.പി.എം പോലെയുള്ള ഒരു പാർട്ടിയെ ആദിവാസികളുടെ ഭൂപ്രശ്‌നത്തിലേക്ക് നയിക്കാൻ ശ്രമിക്കുകയായിരുന്നു വി.എസ്. അതത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. അവർ അടിസ്ഥാന വർഗ മനുഷ്യരാണ് എന്നും ആ രീതിയിൽ അതൊരു തൊഴിലാളിവർഗ പ്രശ്‌നമാണ് എന്നും പുതിയ മട്ടിൽ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ഭാവുകത്വം വി. എസിൽ ഈ രണ്ടാം ഘട്ടത്തിൽ രൂപപ്പെട്ടുവന്നു.

കൂടംകുളം ആണവനിലയത്തിന്റെ സമരത്തിൽ അതിനോട് ഐക്യപ്പെടുന്ന വി എസിനെ നമ്മൾ കണ്ടു
കൂടംകുളം ആണവനിലയത്തിന്റെ സമരത്തിൽ അതിനോട് ഐക്യപ്പെടുന്ന വി എസിനെ നമ്മൾ കണ്ടു

വി.എസിന്റെ
‘വിതുര ഇടപെടൽ’

സ്ത്രീപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഭാഗം. എന്റെ നേരിട്ടുള്ള അനുഭവങ്ങളെല്ലാം സ്ത്രീപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. വിതുര കേസുമായി ബന്ധപ്പെട്ട അനുഭവം ഉദാഹരണം. കോട്ടയം പ്രത്യേക കോടതിയിൽ ഒരു സിനിമാനടനെതിരായ ഹരജി പരിഗണിക്കുന്ന സന്ദർഭത്തിൽ, പബ്ലിക് പ്രോസിക്യൂട്ടർ നീതി നടപ്പാക്കില്ല എന്ന വിവരം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ആ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ കുട്ടിയോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ വി.എസ് എന്നോടും എന്റെയൊരു സുഹൃത്തിനോടും ആ കുട്ടിയോടും വിളിച്ചുപറയുന്നുണ്ട്. നിർഭാഗ്യവശാൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ പറ്റാത്ത സാഹചര്യം ആ പെൺകുട്ടിക്കുണ്ടായി. ആ കേസ് ദുരന്തപൂർണമായി പരാജയപ്പെട്ടു. ആ കുട്ടിക്ക് സമ്മതമില്ലായിരുന്നു എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് വിധി വന്നത്. പിന്നീട് ഇതേ പബ്ലിക് പ്രോസിക്യൂട്ടർ കൊലപാതക കേസിൽ ആരോപണവിധേയനാവുക വരെയുണ്ടായി എന്നാണ് യാഥാർഥ്യം. പബ്ലിക് പ്രോസിക്യൂട്ടർ സർക്കാരിന്റെ ഭാഗം തന്നെയാകുമ്പോഴും അദ്ദേഹം ഈ കേസിന് ഗുണം ചെയ്യില്ല എന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹത്തെ മാറ്റാൻ വേണ്ടിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനുള്ള അപേക്ഷ പെട്ടെന്ന് ഒപ്പുവെച്ച് കൊണ്ടുവരാനാണ് അന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

പാരിസ്ഥിതിക വിഷയങ്ങളിൽ ഇത്രമാത്രം നേരിട്ടിടപെട്ട ഒരു പൊതുപ്രവർത്തകനോ രാഷ്ട്രീയ പ്രവർത്തകനോ പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ വേറെയില്ല.

മറ്റൊരു അനുഭവം കൊട്ടിയം കേസുമായി ബന്ധപ്പെട്ടാണ്. ആ കേസിലെ പെൺകുട്ടിയുടെ മൊഴി എന്റെ സുഹൃത്തായ ഗീത വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ആ വീഡിയോ നിയമസഭയിൽ വെച്ച് പ്രതിപക്ഷനേതാവായ വി. എസ് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്ക് കൈമാറുന്നുണ്ട്. ഒരു സ്ത്രീപീഡനകേസിലെ ഇരയ്ക്കുവേണ്ടി മറ്റൊരു പ്രതിപക്ഷ നേതാവും ഇന്നു വരെ ചെയ്യാത്ത കാര്യമാണത്. ആ കുട്ടി കൊല്ലപ്പെടുകയുണ്ടായി. സങ്കീർണമായ ആ പ്രശ്‌നത്തിൽ ഇടപെടുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവായിരുന്നു വി എസ്.

കവിയൂർ കിളിരൂർ കേസിൽ എത്രയോ ഡോക്യുമെന്റുകളും തെളിവുകളും വാർത്താസമ്മേളനം നടത്തിയും ദേശാഭിമാനിയിലൂടെയും മറ്റും അദ്ദഹം പുറത്തുവിട്ടു. ആ കേസിനെ ഉയർത്തിക്കൊണ്ടുവരികയും വി.ഐ. പി വിശേഷണം ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാവുകയും ചെയ്തു. അതെല്ലാം പൊതുസമൂഹത്തിന് പ്രതികളിലേക്കുള്ള സൂചന കൊടുക്കുന്ന തരത്തിലായിരുന്നു. എന്നാൽ നേരിട്ട് അദ്ദേഹം അത് പറയുകയും ചെയ്യുന്നില്ല. അത്തരത്തിൽ കിളിരൂരിലെ പെൺകുട്ടി വൈദ്യസഹായത്തോടുകൂടി കൊല്ലപ്പെട്ടതാണ് എന്ന് തെളിവ് നിരത്തി അദ്ദേഹം പത്രക്കുറിപ്പ് ഇറക്കി. ഒരു പ്രതിപക്ഷ നേതാവും ചെയ്യാത്ത കാര്യമായിരുന്നു അത്.

എൻഡോസൽഫാൻ ദുരിതബാധിതരോടൊപ്പം കൂട്ടഉപവാസത്തില്‍ പങ്കെടുക്കുന്ന വി എസ്
എൻഡോസൽഫാൻ ദുരിതബാധിതരോടൊപ്പം കൂട്ടഉപവാസത്തില്‍ പങ്കെടുക്കുന്ന വി എസ്

സ്ത്രീപീഡന കേസിലെ പ്രതികളെ കൈയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് വി.എസ്. അദ്ദേഹത്തിനത് സാധ്യമായില്ല എന്നത് മറ്റൊരു ദുഃഖസത്യം. ആ ഘട്ടത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കാൻ പോലും പാർട്ടി തയ്യാറായിരുന്നില്ല. ജനം ഇറങ്ങി ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയായ അദ്ദേഹത്തിൽനിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിക്കൊണ്ടുള്ള മന്ത്രിസഭാ രൂപീകരണമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനം അന്ന് ചെയ്തത്. അതുകൊണ്ട് ഒരു പ്രതിയെയും കൈയ്യാമം വെച്ച് തെരുവിലൂടെ നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.

മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളും പ്രവർത്തികളും പലതിലേക്കുമുള്ള സൂചനകൾ നൽകിയെങ്കിലും അത് പ്രാവർത്തികമാക്കുന്നതിൽ പല തടസ്സങ്ങളും നേരിട്ടതായി കാണാം. അത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള തടസ്സങ്ങളായിരുന്നില്ല; മറിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുള്ള തടസ്സങ്ങളായാണ് പുറമെ നിൽക്കുന്നവർക്ക് തോന്നുക. അപ്പോൾ അതിന്റെ ഉള്ളിൽ തന്നെ സമരം ചെയ്യുന്ന പോരാളിയായി വി. എസ് മാറിയിരുന്നു എന്ന് മനസിലാക്കാം. ഒരേ സമയം സമൂഹത്തിലെ അനീതികൾക്കെതിരെ പാർട്ടിയിൽ നിന്നുകൊണ്ട് സമരം ചെയ്യുമ്പോഴും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾക്കെതിരെയും സമരം ചെയ്യുക എന്ന ‘വിധി’ ഏറ്റെടുക്കേണ്ടിവന്ന നേതാവാണ് അദ്ദേഹം.

അങ്ങനെയൊരു നേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഉണ്ടാകുന്ന നിരാശകൾ ഉണ്ടായിട്ടുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് തന്നെ പറഞ്ഞ പ്രസിദ്ധമായ ഉപമകൾ എങ്ങനെയാണ് അദ്ദേഹത്തിന്റെ നാവും പ്രവർത്തിയും മുറിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്നതാണ്. ‘കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ തിരമാല ഉണ്ടാവില്ല’ എന്ന പ്രസ്താവന അദ്ദേഹത്തെ നിയന്ത്രിച്ചതിന്റെയും ചെറുതാക്കിയതിന്റെയും ഒതുക്കിയതിന്റെയും സൂചനകളായിരുന്നു. പൊതുസമൂഹം അന്നുതന്നെ അതിനെ വിലയിരുത്തിയിട്ടുമുണ്ട്. മനുഷ്യർക്ക് മനസിലാകുന്ന ഭാഷയായിരുന്നു അത്.

2012- ലെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമാണ് വി.എസിനെ അടയാളപ്പെടുത്തുന്ന മറ്റൊരു സന്ദർഭം. ടി.പി കൊല്ലപ്പെട്ടപ്പോൾ ‘കുലംകുത്തി’ എന്നാണ് വി. എസിന്റെ പ്രസ്ഥാനത്തിലെ തന്നെ നേതാവ് വിശേഷിപ്പിച്ചത്. എന്നാൽ ‘ധീരനായ കമ്മ്യൂണിസ്റ്റ്’ എന്ന് തിരുത്തിയാണ് വി.എസ്, കെ.കെ. രമയെ ചെന്നുകാണുന്നത്. അന്ന് രമയെ നേരിട്ടുചെന്ന് കാണാൻ ധൈര്യപ്പെട്ട ഒരാൾ വി.എസ് അച്യുതാനന്ദനാണ്.

ഐസ്‌ക്രീം പാർലർ കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളാണ് മറ്റൊന്ന്. അജിതയ്ക്കും ‘അന്വേഷി’ക്കുമെല്ലാം രക്ഷാകർത്താവാക്കി അദ്ദേഹത്തെ മാറ്റിയത് ഈ ഇടപെടലുകളാണ്. ഇത്തരത്തിൽ സ്ത്രീകളുടെ വിഷയത്തെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.

നവസാമൂഹിക പ്രസ്ഥാനങ്ങളിൽ വി.എസ് കണ്ണി ചേർന്നിരുന്നില്ല. പക്ഷെ ഈ നവസാമൂഹിക പ്രസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രാപ്തനായിരുന്നു.

നവീകരിക്കപ്പെട്ട വി.എസ്

വർഗസമരത്തിലൂടെ മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയാണ് പുതിയ ഒരു ഭാവുകത്വത്തിലേക്ക് വികസിക്കുന്നത് എന്ന് വി. എസിനെ മുൻനിർത്തി നമുക്ക് പഠിക്കാവുന്നതാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളിൽ അദ്ദേഹം കണ്ണി ചേർന്നിരുന്നില്ല. പക്ഷെ ഈ നവസാമൂഹിക പ്രസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രാപ്തനായിരുന്നു. ഒരു തരത്തിൽ നോക്കിയാൽ ആദ്യത്തെ അവർണ മുഖ്യമന്ത്രിയാണ് അദ്ദേഹം. വി. എസിന്റെ ദരിദ്രവും അവർണവുമായ പശ്ചാത്തലവും പുന്നപ്ര പോലെയുള്ള സ്ഥലത്ത് വളർന്നതും പി. കൃഷ്ണപിള്ളയുടെ ശിഷ്യനായതും എല്ലാം അദ്ദേഹത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. പുന്നപ്ര വയലാർ സമരം, അടിയന്തരാവസ്ഥ തുടങ്ങിയ പ്രധാനപ്പെട്ട സമരങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്. സ്വാഭാവികമായും ചില ക്ലീഷേ വാദങ്ങളിൽ ചെന്ന് വീണ് തറഞ്ഞുപോയേക്കാവുന്ന അവസ്ഥയുള്ള ആൾ തികച്ചും പുത്തനായിട്ടുള്ള, വളരെ ഉത്തരാധുനികം എന്ന് നമുക്ക് ഇന്ന് വിശേഷിപ്പാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലേക്ക് വികസിച്ചു. കെ.എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള നല്ല ഒരു ടീം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. വി. എസിന് ശേഷിയുണ്ടായിരുന്നില്ല എന്നോ വി. എസിനെ ആരെങ്കിലും ഉണ്ടാക്കിയെടുത്തു എന്നോ അല്ല, മറിച്ച് വി.എസിനെ നവീകരിക്കുന്നതിൽ ഈ ടീം വലിയ പങ്കുവഹിച്ചിട്ടുണ്ട്.


2017- ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ  "അവൾക്കൊപ്പം" എന്ന സമരവേദിയിലെത്തിയ വി.എസ്. അച്യുതാനന്ദൻ.

2017- ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ "അവൾക്കൊപ്പം" എന്ന സമരവേദിയിലെത്തിയ വി.എസ്. അച്യുതാനന്ദൻ.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഒന്നുരണ്ട് വേദികളിൽ വി.എസിനെ നമ്മൾ കണ്ടു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വേദിയിലും മലയാള ഭാഷക്കു വേണ്ടിയുള്ള സമരവേദികളിലും വി. എസ് സന്നിഹിതനായിരുന്നു. 2019 മുതൽ നമ്മൾ വി.എസിനെ കണ്ടിട്ടിട്ടില്ല. ഇപ്പോൾ ഏറ്റവും ഉചിതമായ രീതിയിൽ അദ്ദേഹത്തെ യാത്രയാക്കാൻ മനുഷ്യർ ഒത്തുകൂടി, അദ്ദേഹത്തെ യാത്രയാക്കി. ഇങ്ങനെ പ്രശ്‌നങ്ങളിൽ ഇടപെട്ട അവരോട് തൊട്ടു നിന്ന, അവരോട് ചേർന്നുനിന്ന, അവരെ അറിയുന്ന, അവർക്കറിയുന്ന ഒരു നേതാവ് ഇനി ഇല്ല എന്ന തിരിച്ചറിവ് ആ മനുഷ്യർക്കുണ്ടാകുന്നു. അങ്ങനെയുള്ള ഒരു നേതാവ് കാലക്രമേണ ചരിത്രത്തിന്റെ ഭാഗമാവുകയും പഠിക്കപ്പെടുകയും അതൊരു ഐക്കണായി മാറുകയും ചെയ്യും.

ബിഗ് സല്യൂട്ട് സഖാവേ...


Summary: Geetha writes based on Communist Leader VS Achuthanandan's interventions in cases of violence against women.


ഗീത⠀

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments